തമസ്സ്

on Sunday, December 20, 2009




പൂക്കള്‍ വിടരുന്നതും
കൊഴിയുന്നതുമറിയാതെ,
ഋതുക്കള്‍ മാറുന്നതറിയാതെ
രാവിന്റെ ശാന്തതയും
പകലിന്റെ സൗന്ദര്യവുമറിയാതെ
പ്രിയതമയുടെ കണ്ണുകളില്‍
വിരിയുന്ന പ്രണയത്തിന്‍
വര്‍ണ്ണങ്ങള്‍ കാണാതെ
ഈയുള്ളവനെപ്പോലും
ഒന്നു കാണാനാകാത്ത,
ജീവിതയാത്രയിലെ ഒഴുക്കിനെതിരെ
നീങ്ങാന്‍ പാടുപെടുന്ന
ഒരന്ധന്‍ ഈ ഞാന്‍...



ഈ അന്ധതയും ഇന്നു ഞാന്‍
ആസ്വദിക്കുകയാണ്
എനിക്കെന്തിനു വേണം കാഴ്ചകള്‍..?
തന്റെ മതത്തെ, ദൈവത്തെ
സം‌രക്ഷിക്കാന്‍ പരസ്പരം വെട്ടിക്കീറുന്ന
യുവത്വത്തെ കാണാനോ..?
അവരുടെ വാള്‍മുനയില്‍ നിന്നിറ്റുവീഴും
ചുടുരക്തമൊഴുകുന്ന ശവപ്പറമ്പ് കാണാനോ?
കാമഭ്രാന്തന്മാരാല്‍ പിച്ചിച്ചീന്തപ്പെട്ട്
തകര്‍ന്ന പെണ്‍‌കിടാവിനെ കാണാനോ?
അവരെ നീതിപീഠത്തിനു മുന്നില്‍
വീണ്ടും വാക്കുകള്‍ കൊണ്ട്
തുണിയുരിയിക്കുന്ന
നിയമത്തിന്റെ കറുപ്പില്‍ പൊതിഞ്ഞ
വൈറ്റ്ക്കോളര്‍ കാണാനോ..?

വേണ്ട എനിക്കീ കാഴ്ച വേണ്ട
ഈ പ്രകാശം വേണ്ട
ഈ ലോകത്തെ
ഒരു സൗന്ദര്യവും
കാണേണ്ട
തമസ്സ് തന്നെ സുഖപ്രദം..

സത്യവും മിഥ്യയും

on Monday, December 14, 2009

എന്റെ മനമാം നോട്ടുബുക്കിലെ
കുറേ താളുകള്‍ ഞാന്‍
അവള്‍ക്കായ് മാറ്റിവച്ചു
അവയിലാകെ
അവളുടെ സ്നേഹം നിറച്ചുവച്ചു.
എന്റെ ചിന്തയില്‍
പ്രണയത്തിന്റെ
ഒരു താജ്മഹലും
അവള്‍ക്കായി പണിതുവച്ചു.


സ്വപ്നത്തില്‍ കുറെ നിറമുള്ള
കനലുകള്‍ കൂട്ടിയിട്ടു
അവളെക്കുറിച്ചുള്ള ഓര്‍മ്മകളുടെ
കത്തുന്ന കനലുകള്‍

ഒരുപാട് മോഹങ്ങളും
പിന്നെ കുറേ സ്വപ്നങ്ങളും
നെഞ്ചോടേറ്റ് ഞാന്‍ മയങ്ങി
വിരഹത്തിന്റെ നൊമ്പരച്ചൂട്
പുതപ്പായി മൂടിപ്പുതച്ച്
സന്തോഷത്തോടെ
സമാധാനത്തോടെ
ഞാനുറങ്ങുകയായിരുന്നു.

ഒരിക്കലവള്‍
ആ സ്വപ്നത്തില്‍ നിന്നെന്നെ
വിളിച്ചുണര്‍ത്തി
എന്നോട് മെല്ലെപ്പറഞ്ഞു
എല്ലാം കിനാവായിരുന്നെന്ന്
വെറും പകല്‍ക്കിനാവ്
മാത്രമായിരുന്നെന്ന്!

സ്വപ്നത്തിനും ജീവിതത്തിനിമിടയില്‍
മുറിഞ്ഞു വേദനിച്ചത്
എന്റെ ഹൃദയമാണെന്നും
അതിലൂടെ ഒലിച്ചിറിങ്ങിയത്
എന്റെ ഹൃദയ രക്തമാണെന്നും
അവള്‍ക്കറിയില്ലെല്ലോ
അതോ, അറിവില്ലായ്മ നടിച്ചതോ...?

പ്രസ്വാപം

on Thursday, December 10, 2009

മക്കളെ, നിങ്ങളെ വേര്‍‌പെട്ടു പോന്നു ഞാന്‍
ഇക്കൊടും ചൂടിലലഞ്ഞിടുന്നു
'അചഛാ'യെന്നുച്ചത്തിലുള്ള നിന്‍
പൊന്‍‌വിളി കേള്‍ക്കുവാന്‍
കാലങ്ങളെത്ര ഞാന്‍ പിന്നിടേണം..?.

മക്കളേ നിങ്ങള്‍ക്ക് ലക്ഷങ്ങള്‍ നല്‍‌കുവാന്‍
വര്‍‌ഷങ്ങളെത്ര ഞാന്‍ പാടുപെട്ടീടണം
മോഹങ്ങളൊക്കെയും വിയര്‍‌പ്പാക്കി
നിങ്ങള്‍ക്ക് നല്ലോരു ഭാവി വന്നീടുവാന്‍.
കാണുമോ നിങ്ങള്‍ക്കാ സ്‌നേഹം
തിരിച്ചേകുവാനാകുമോ നാളെയെങ്കിലും

വ്യര്‍‌ത്ഥമോ, സത്യമോ, മിഥ്യയോ..?
ആരതറിയുന്നു കേവലം ശോഷിച്ച
ജീവന്റെ കോലമായ് ഞാന്‍ മടങ്ങീടവേ.
എങ്കിലും നിങ്ങളെ മാത്രമേ ചിന്തിപ്പൂ
നിങ്ങളാണെന്നുമെന്‍ ജീവന്റെ ജീവന്‍.

എന്തും വരട്ടെ, നിരാശയില്ലല്ലവും
ഇനിയെന്തീ പ്രവാസിക്കു നഷ്‌ടമാവാന്‍..?
നഷ്‌ടപ്പെടുന്നതെന്‍ യൗവ്വനമോ
നിങ്ങളൊടൊത്തെന്‍ ജീവിത കാലമോ.
നിങ്ങള്‍ക്ക് നല്‍‌കുന്നൊരീ നല്ലകാലം
ഞങ്ങള്‍ക്ക് നീയേകുമോ ശിഷ്‌ടകാലങ്ങളില്‍..?

പ്രതികര്‍മ്മം

on Thursday, December 3, 2009

കത്തിജ്ജ്വലിക്കട്ടെ സൂര്യന്‍, ചുട്ടുപൊള്ളും
വെയിലിലെന്‍ തൊലിയില്‍
കറുപ്പുനിറം പകര്‍‌ത്താന്‍ !.
ആഞ്ഞുവീശട്ടെ മണല്‍‌ക്കാറ്റെന്‍
കണ്ണുകളിലന്ധകാരം പരത്താന്‍ !
ഉരുകിയൊലിക്കട്ടെ വിയര്‍‌പ്പെന്‍
ശിരസ്സില്‍ നിന്നും
ഇറ്റിറ്റു വീണിതെല്ലാം നനയ്ക്കുവാന്‍ !
വീശിയടിക്കട്ടെ കൊടുങ്കാറ്റെന്‍
കൊച്ചു സ്വപ്നങ്ങളൊക്കെ തകര്‍ക്കുവാന്‍ !

ഞെട്ടറ്റ പോലെ ഞാന്‍ വീണതായ് തോന്നീടാം
പൊട്ടുകില്ലെല്ലുകള്‍, കാരാഗ്രഹങ്ങളില്‍
കൊണ്ടെന്റെ ജീവനെ തകര്‍ക്കുവാനും !
കേവലം നിഷ്‌ഫലമായുധം ഒക്കെയും !.

കാരണം കാണിച്ചു കേഴുവാനാളല്ല
കാലമേ നീ നിന്‍ വഴിപോകുക
ഈ മരുഭൂമിയില്‍ കാണാം നിനക്കെന്റെ
കാണാക്കരുത്തിന്റെ കാലടിപ്പാടുകള്‍.