ഒരു നടിയുടെ ജീവിത ചിത്രം..

on Saturday, June 30, 2007


"അയ്യര്‍ ദ ഗ്രേറ്റ്" എന്ന സൂപ്പര്‍ഹിറ്റ് ചിത്രം ഉള്‍പ്പെടെ പത്തോളം മലയാളം ചിത്രങ്ങളില്‍ അഭിനയിച്ച നിഷ എന്ന മലയാള നടി. അമ്മയുടെ മരണത്തെ തുടര്‍ന്ന് അനാഥയായ നിഷ ഇന്ന് ആരുടെയും ആശ്രയവും അവലമ്പവുമില്ലാതെ എയിഡ്‌സ് എന്ന മാരക രോഗത്തിനടിമയായി മരണം കാത്തു കിടക്കുകയാണ്.
ഗ്ലമറിന്റെ ലോകത്തും സമ്പന്നതയുടെ മടിത്തട്ടിലും കഴിയുന്ന പലരും ജീവിതം ആസ്വദിച്ചു തീര്‍ക്കുന്നതിനിടയില്‍ ഇത്തരം ഒരു ക്ലൈമാക്‌സ് വെറുതെയെങ്കിലും ഓര്‍ക്കുമോ..?
"മിമിക്‌സ് പരേഡ്" എന്ന ഹിറ്റ് ചിത്രമായിരുന്നു നിഷ അവസാനം അഭിനയിച്ച ചിത്രം...
ജീവിതത്തിന്റെ നല്ല സമയം ദൈവത്തിന്റെ അനുഗ്രഹമായ പണത്തിന്റെയും പ്രശസ്‌തിയുടെയും മടിത്തട്ടില്‍ മനം മറന്ന് കിടക്കുന്നവര്‍ക്ക് ഈ ചിത്രം ഒരു പാഠമായിരുന്നെങ്കില്‍....
(ചിത്രം :നാന സിനിമ വാരിക)

മനീഷയോട് സഹതാപമാവാം..എന്നാല്‍....

"മനീഷ, ദുര്‍‌വിധികളുടെ കൂട്ടുകാരി" എന്ന എന്റെ പോസ്‌റ്റിനേക്കുറിച്ചുള്ള അഭിപ്രായമറിയിച്ച കുറെ മാന്യ സുഹൃത്തുക്കള്‍ക്കുള്ള മറിപടി ആണിത്. കമന്റില്‍ ഇട്ടാല്‍ അവര്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലോ എന്നു കരുതി മാത്രം ഒരു പോസ്‌റ്റ് ആയി കൊടുക്കുന്നു..

ഒരു മലയാളി സഹോദരിയോടുള്ള സ്‌നേഹമോ സഹതാപമോ ആകാം അത്രയും ദേഷ്യം തോന്നാന്‍ കാരണം.

എന്നാല്‍ ആദ്യമേ പറയട്ടെ, മനീഷ എന്ന പെണ്‍കുട്ടി വെറും സാങ്കല്പ്പികം മാത്രമായിരുന്നു എന്നതാണ് സത്യം. അതുകൊണ്ട് മനീഷയോട് സഹതാപം ആകാം എന്നാല്‍ എന്നോട് വെറുപ്പു തോന്നരുതേ...

എന്റെ സ്‌നേഹിതന്‍ ആഞ്ചല്‍കാരന്‍ സൂചിപ്പിചതു പൊലെ നോക്കിനിന്നിട്ടു വന്നു എഴുതാന്‍ തക്കവണ്ണം മനസാക്ഷി ഇല്ലാത്തവനായി ഞാന്‍ അധപ്പതിക്കുകയില്ല എന്നാണ് എന്റെ വിശ്വാസം. എന്നാല്‍ നമ്മുക്കു ചുറ്റും ഒരുപാട് മനീഷമാരുണ്ട് ഇപ്പൊഴും.., എല്ലാം അറിയാമെങ്കിലും ഒന്നും ചെയ്യാന്‍ നമ്മുക്കു കഴിയാതത്ര, ഉയരത്തില്‍ പിടിപാടുള്ളവരുടെ ഇരകളാകുന്നവര്‍..
നമ്മള്‍ പലപ്പോഴും നിസ്സഹായരാവുന്ന അവസ്ഥ...

നാളെ ഏതെങ്കിലും ഒരു മനീഷയുടെ കഥ അറിയുമ്പോള്‍..അവരെയെങ്കിലും സഹായിക്കണം എന്ന തോന്നലുണ്ടാക്കാന്‍ ഇതു കാരണമായിട്ടുണ്ടെങ്കില്‍ എനിക്കു സന്തോഷമേയൂള്ളു.

തുടര്‍ന്നും വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ..

ഈ ശാപത്തിനു നേരേ മുഖം തിരിക്കൂ

on Tuesday, June 26, 2007

Photo Sharing and Video Hosting at Photobucketനാളെയുടെ ശക്തിയാകേണ്ട യുവാക്കള്‍ക്കിടയിലെ ഏറ്റവും രൂക്ഷമായ ഒരു ലഹരിയായി മയക്കുമരുന്നുകളുടെ ഉപയോഗം മാറിക്കഴിഞ്ഞിരിക്കുകയാണല്ലോ...ഇന്ത്യയിലെന്നല്ല മൂന്നാം ലോകരാജ്യങ്ങള്‍ മുതല്‍ വികസിതരാജ്യങ്ങളില്‍ വരെ ഏറ്റകുറച്ചിലുകളോടെയാണെങ്കിലും ഇത് സാരമായി ബാധിച്ചു കഴിഞ്ഞിരിക്കുന്നുമയക്കുമരുന്നിന്റെ ഉപയോഗത്തിനു അഞ്ചു പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും എണ്‍പതുകളോടെയാണ് ഇതു അപകടകരമായ രീതിയില്‍ രൂക്ഷമായി തുടങ്ങിയത്. ഇതിന്റെ ഭീകരത മനസിലാക്കി ഐക്യരാഷ്‌ട്രസഭ 1987 മുതല്‍ എല്ലാ വര്‍ഷവും ജൂണ്‍ 26 മയക്കു മരുന്നു ദുരുപയോഗ വിരുദ്ധദിനമായി ആചരിച്ചു വരികയാണ്.
"സ്വയം വിലമതിക്കൂ അരോഗ്യകരമായ ശീലങ്ങള്‍ പാലിക്കൂ" എന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഒപ്പം മയക്കുമരുന്നിന്റെ ഉപയോഗവും കൈമാറ്റവും തടയാനും ജനങ്ങളെ ബോധവത്കരണം നടത്തുവാനും, അതിനടിമപെട്ടുകഴിഞ്ഞവരെ പുനരധിവസിക്കാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയഇലേക്കു കൊണ്ടുവരുവാനും ഐക്യ രാഷ്‌ട്ര സഭ ആഹ്വാനം ചെയ്യുന്നു..2008 ഓടെ ഈ രംഗത്തു കാര്യമായ നേട്ടം ലക്ഷ്യമിട്ടാണ് 1987 യു. എന്‍. ഇതാരംഭിച്ചതെങ്കിലും അതെത്രത്തോളം പ്രായോഗികമെന്നൊക്കെ ചിന്തിക്കാതെ. കൂറെ പേരെയെങ്കിലും ഈ ദിനത്തിന്റെ ബോധവത്കരണത്തിലൂടെ മാറ്റിയെടുക്കാനായാല്‍, കുറെ ജീവന്‍ രക്ഷിക്കാനും , കുറെ കുടുമ്പത്തിന്റെ കണ്ണീരെങ്കിലും തോര്‍ന്നുകിട്ടുവാനും ഇടയായേനേ....Photo Sharing and Video Hosting at Photobucket

ഐക്യത്തിന്റേയും അര്‍പ്പണത്തിന്റേയും പ്രതീകങ്ങള്‍

on Monday, June 25, 2007

ദീര്‍ഘവീക്ഷണവും അര്‍പ്പണബോധവുമുള്ള ഭരണധികാരികളുടെ കാലഘട്ടങ്ങളില്‍ എല്ലാം തന്നെ അതതു രാജ്യത്തിന്റെ യശ്ശസ് ഉയര്‍ത്തിപ്പിടിക്കുവാനും കാലത്തിനു പോലും മായ്ക്കാനാവാത്ത എന്തെങ്കിലും ഒന്നു സ്വരാജ്യത്ത് തല ഉയര്‍ത്തി നില്‍ക്കുന്ന പ്രതീകമായി നിര്‍മിക്കുവാനും ആ ഭരണാധികാരികള്‍ ശ്രദ്ധിച്ചിരുന്നു...
താജ്‌മഹലും, കുത്തബ്‌മിനാറും, പിസ ടവറും, ഈഫല്‍ ഗോപുരവുമെല്ലാം ഇതിന്റെ ഉത്തമോദാഹരണങ്ങളായി വാഴുന്നു. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇത്തരത്തില്‍ എന്തെങ്കിലും കാണാന്‍ കഴിയും. അക്കൂട്ടത്തില്‍ പെടുത്താവുന്ന കുവൈറ്റിലെ രണ്ട് അസാധാരണഗോപുരങ്ങളാണ് കുവൈറ്റ് ടവറും, ലിബറേഷന്‍ ടവറും

'ലിബറേഷന്‍ ടവര്‍'
Photo Sharing and Video Hosting at Photobucket
കുവൈറ്റ് അമീര്‍ ആയിരുന്ന 'ഷേക്ക് ജാബര്‍ അല്‍ അഹ്‌മ്മദ് അല്‍ സബാഹ്' 1996 മാര്‍ച്ച് 10നു രഷ്‌ട്രത്തിനു സമര്‍പ്പിച്ച ലിബറേഷന്‍ ടവര്‍ ആണ് കുവൈറ്റിലെ ഏറ്റവും ഉയമുള്ള കെട്ടിടം. ലോകത്തിലെ ഏറ്റവും നീളം കൂടിയ ടെലികമ്മ്യൂണിക്കേഷന്‍ ടവറുകളില്‍ ഒന്നണത്. 372 മീറ്റര്‍ ഉയരമുള്ള ഈ ടവറിനു ഈഫല്‍ഗോപുരത്തെക്കാള്‍ 40 മീറ്റര്‍ ഉയരക്കൂടുതലാണ്. 'കുവൈറ്റ് ടെലികമ്മ്യൂണിക്കേഷന്‍ ടവര്‍' എന്ന പേരില്‍ നിര്‍മ്മാണമാരംഭിച്ച ഈ ടവര്‍ 1990 ലെ ഇറാക്ക് അധിനിവേഷത്തെ തുടര്‍ന്നു നിര്‍മ്മാണം നിര്‍ത്തിവച്ചു. ഏഴു മാസങ്ങള്‍ക്കു ശേഷമുള്ള ഇറാക്കിന്റെ പിന്‍‌വാങ്ങലിനെ തുടര്‍ന്ന് നിര്‍മ്മാണം പുനരാരംഭിച്ച ഈ ടവറിനു ഇറാക്കില്‍ നിന്നും സ്വതന്ത്രമായതിന്റെ സ്‌മരണക്ക് 'ലിബറേഷന്‍ ടവര്‍' എന്നു നാമകരണം ചെയ്തു.
ഭൂനിരപ്പില്‍ നിന്നും 308 മീറ്റര്‍ ഉയരത്തില്‍ സ്‌ഥിതിചെയ്യുന്ന 1200 മീറ്റര്‍ ചുറ്റളവില്‍ ഒരു റിവോള്‍‌വിങ്ങ് റെസ്‌റ്റോറന്റും സന്ദര്‍ശകര്‍ക്കു പ്രത്യേകം ഇരുന്നു കുവൈറ്റ് മുഴുവന്‍ കണ്‍നിറയെ കാണാനുള്ള ഒരു ലോബിയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഒപ്പം കുവൈറ്റ് വാര്‍ത്താവിതരണ മന്ത്രാലയതിനു കീഴിലുള്ള അതിവിപുലമായ ഒരു കസ്‌റ്റമര്‍ സര്‍‌വീസ് കൊംപ്ലക്‌സ്...ചുരുക്കത്തില്‍ ആകാശത്ത് മറ്റൊരു ലോകംതന്നെ ഒരുക്കിയിരിക്കുന്നു..!
അവിടേക്കെത്തിപ്പെടുവാന്‍ സ്‌റ്റെയര്‍ കേസ് കൂടാതെ 21 ആളുകള്‍ക്ക് വീതം സഞ്ചരിക്കാവുന്ന 18 ലിഫ്‌റ്റുകളും ഉണ്ട്. ഒരു സെക്കന്റില്‍ 6.30 മീറ്റര്‍ കുതിച്ചുയരുന്ന ഈ ലിഫ്‌റ്റ് ലോകത്തിലെ ഏറ്റവും വേഗതയേറിയ ലിഫ്‌റ്റുകളുടെ ഗണത്തില്‍ പെടുന്നവയാണ്
ഇനി എവിടെയെങ്കിലും ഈ ലിബറേഷന്‍ ടവറിന്റെ ചിത്രം കാണുമ്പോള്‍ ഓര്‍ക്കുക, രാജ്യം ഏറ്റവും നിര്‍‌ണ്ണായകമായ പ്രതിസന്ധികളിലൂടെ കടന്നു പോയപ്പോള്‍ പോലും ഭഗീരഥപ്രയത്നം പോലെ 67 മാസങ്ങള്‍ കൊണ്ട് കെട്ടിപ്പടുത്ത ഈ ടവര്‍ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകം കൂടിയാണെന്ന്..!
'കുവൈറ്റ് ടവര്‍'
കുവൈറ്റ് സന്ദര്‍ശിക്കുന്നവരെ എറ്റവും കൂടുതല്‍ ആകര്‍ശിക്കുന്ന ഒന്നാണ് കുവൈറ്റ് ടവര്‍. അടുത്തടുത്തായുള്ള മൂന്നു ടവറുകള്‍ ചേര്‍ന്നതാണിത്. 187 മീറ്റര്‍ ഉയരമുള്ള ആദ്യത്തെ ടവറിനു മുകളില്‍ സന്ദര്‍ശകര്‍ക്കായുള്ള വിശാലമായ ഒരു വിശ്രമസ്ഥലം, ഓരോ അര മണിക്കൂറിലും ഒരുചുറ്റു പൂര്‍‌ത്തിയാക്കുന്ന ഒരു റിവോള്‍‌വിങ്ങ് റെസ്‌റ്റോറന്റ്, ഒരു ഇന്‍ഡോര്‍ ഗാര്‍ഡന്‍ ഉള്‍പ്പെടെ സുന്ദരമായ ഒരു കാഴ്ചക്കു വേണ്ടതെല്ലാം അവിടെ ഒരുക്കിയിട്ടുണ്ട്.
14.5 മീറ്റര്‍ ഉയരത്തിലുള്ള രണ്ടാമത്തെ ടവറിനു മുകളിലായി കുവറ്റ് സിറ്റിയിലേക്ക് നിത്യോപയോഗത്തിനുള്ള ഒരുമില്യണ്‍ ഗാലന്‍ ശുദ്ധജലം സംഭരിച്ചുവക്കാവുന്ന കൂറ്റന്‍ വെള്ള ടാങ്കാണ്. ഇതോടൊപ്പമുള്ള മൂന്നാമത്തെ നേര്‍ത്ത ടവറിനകത്താണ് മറ്റ് രണ്ട് ടവറുകളുടേയും പ്രവര്‍ത്തനത്തിനാവശ്യമായ വൈദ്യുതിയും മറ്റും ഒരുക്കിയിരിക്കുന്നത്.
പൊതുജനത്തിനായി 1979 മാര്‍ച്ചില്‍ തുറന്നു കൊടുത്ത ഈ ടവരുകളുടെ മുകളറ്റം ഒരു സൂചിമുനപോലെ തീര്‍ത്ത് ആകര്‍ഷണീയമാക്കിയിരിക്കുന്നു..!
പ്ലാസ്റ്റിക്കും അലൂമിനിയവും ചേര്‍ന്ന പ്രത്യേക മിശ്രിതം കൊണ്ടു നിര്‍മ്മിച്ച പ്ലേറ്റൂക്കളില്‍ പൊതിഞ്ഞ ഇതിന്റെ താഴികക്കുടങ്ങള്‍ രാവും പകലും ഒരേപോലെ തിളങ്ങി പ്രൗഢഗംഭീരമായി നിലകൊള്ളുന്നു.
ഇത്തരം സ്വപ്നങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ കുറെ പണം മാത്രം പോര ഐക്യവും അര്‍പ്പണമനോഭാവവും വേണമെന്ന് ഇവിടുത്തെ ഭരണാധികാരികള്‍ നമ്മെയും പഠിപ്പിക്കുന്നു...!

'കനിഷ്‌ക' വിമാനദുരന്തത്തിനു 22 വയസ്

on Saturday, June 23, 2007

2001സെപ്‌റ്റമ്പറില്‍ അമേരിക്കയുലുണ്ടായ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം ഒഴിച്ച് നിര്‍ത്തിയാല്‍ ലോകത്തിലെ ഏറ്റവും വലിയ ഭീകരാക്രമണം, എയര്‍ ഇന്ത്യയുടെ 'കനിഷ്‌ക'യെന്ന ബോയിംഗ് 747 വിമാനം അറ്റ്‌ലാന്റിക്ക് സമുദ്രത്തില്‍ തകര്‍ന്നു വീണു 329 മരിച്ച നടുക്കുന്ന ഓര്‍മ്മക്ക് ഇന്ന് (23-06-07) 22 വര്‍ഷം തികയുന്നു..!കാനഡയിലെ മോണ്ട്രിയല്‍ & മീറബെലില്‍ നിന്നും ലണ്ടനിലെ ഹിത്രൂ വിമാനത്താവളം വഴി ദില്ലി ഇന്ദിരാ ഗാന്ധി വിമാനത്താവളവും പിന്നീട് മുംബൈ ഛത്രപതി ശിവജി വിമാനാത്തവളത്തിലേക്കു തിരിച്ച എയര്‍ ഇന്ത്യയുടെ ബോയിംഗ് 747-237B, കൈക്കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 82 കുട്ടികളും 22 വിമാന ജൊലികാരുമുള്‍പ്പെടെ 329 പേരായിരുന്നു ഉണ്ടായിരുന്നത്. അതില്‍ 280 പേര്‍ കനേഡിയന്‍ പൗരന്മാര്‍ ആണെങ്കിലും പലരും ഇന്ത്യന്‍ വംശജര്‍ ആയിരുന്നു. പ്രഭാത ഭക്ഷണങ്ങള്‍ ഒക്കെ കഴിഞ്ഞ് യാത്രക്കാര്‍ സിനിമയിലും മറ്റുമായി മുഴുകിയിരിക്കെ, നല്ല തെളിഞ്ഞ കാലാവസ്ഥയില്‍ പൈലറ്റ് ഹെന്‍സ് സിംഗ് നരേന്ദയും കോപൈലറ്റ് സറ്റ്നീന്ദര്‍ സിംഗ് ബിന്ദറും വിമാനം മുന്നോട്ടു നയിക്കുന്നറ്റിനിടെയായുന്നു രാവിലെ 07:14 ഓടെ അറ്റ്‌ലാന്റിക്കിന്റെ ആഴങ്ങളിലേക്കു തകര്‍ന്നു വീണത്. പഞ്ചാബില്‍ ഖാലിസ്ഥാന്‍ എന്ന രാജ്യമായി വിട്ടുകിട്ടാന്‍ വാദിച്ചിരുന്ന ബാബര്‍ഖല്‍സ തീവൃവാദികളായിരുന്നു ആക്രമണത്തിനു പിന്നില്‍.ആക്രമണത്തില്‍ പൂര്‍‌ണ്ണമായും തകര്‍ന്ന വിമാനത്തില്‍ നിന്നും കടലിലേക്കു പതിച്ച എല്ലാവരും മരണപ്പെടുകയായിരുന്നു. ഏറെയും കടലില്‍ മുങ്ങിയാണ് മരിച്ചത്. ലോകം കണ്ട ഏറ്റവും വലിയ വിചാരണയില്‍ ഒന്നായിരുന്നു കനേഡിയന്‍ സര്‍ക്കാര്‍ നടത്തിയത്.!13 കോടിയിലധികം കനേഡിയന്‍ ഡോളര്‍ ചെലവിട്ടു നീണ്ട 20 കൊല്ലം നടന്ന കേസില്‍ കുറ്റകാരായ റിപുഡ് മാലിക്, അജൈബ് സിംഗ് ബംഗി എന്നിവരെ തെളിവുകളൂടെ അഭാവം മൂലം 2005 മാര്‍ച്ച് 16 നു കൊളമ്പിയയിലെ ജഡ്ജി ഇയാന്‍ ജോസഫ്‌സണ്‍ കുറ്റകാരല്ലെന്നു വിധിക്കുകയായിരുന്നു...മറ്റു പല സംഭവങ്ങളും പോലെ ലോകം ഇതൊക്കെ മറന്നു കഴിഞ്ഞുവെങ്കിലും. ഇപ്പൊഴും ഉറ്റവര്‍ നഷ്‌ടപെട്ടു ദുഖിക്കുന്ന അവരുടെ ബന്ധുക്കള്‍ക്കു വേണ്ടി, അറ്റ്‌ലാന്റിക്കിന്റെ ആഴങ്ങളില്‍ തകര്‍ന്നടിഞ്ഞ നമ്മുടെ സഹജീവികളെ നമ്മുക്കു ഒന്നോര്‍ക്കാം....സ്‌മരിക്കാം..

മണലാരണ്യത്തിലെ തണുപ്പ്..(ചെറുകഥ)

on Sunday, June 17, 2007

ഞാന്‍ മുറിയിലെത്തുമ്പോള്‍ സ്റ്റാന്‍ലിയുടെ കൈയില്‍ അവന്റെ മകളുടെ ഫോട്ടോ ഉണ്ടായിരുന്നു. മേശമുകളിലെ ആഷ്‌ട്രേയില്‍ അവന്‍ വലിച്ചു തീര്‍ത്ത സിഗരറ്റ് കുറ്റികള്‍ ശ്വാസം നിലക്കുന്നതിന്റെ അവസാന പിടച്ചിലുകളില്‍. ഒന്നും അവനോടു ചോദിക്കാന്‍ നിന്നില്ല. അവന്‍ അവന്റേതായ ലോകത്താണ്. അവന്റെ ഭാര്യയും മകളും മാത്രമായ ലോകത്ത്. അവിടേക്കു നുഴഞ്ഞു കയറി വെറുതെ.....
റോഡിനെതിര്‍‌വശത്തെ പള്ളിയില്‍ നിന്നും ക്രിസ്‌മസ് അഘോഷങ്ങളുടെ ശബ്ദം അലയൊലിയായി ഞങ്ങളുടെ കാതുകളിലും എത്തുന്നുണ്ടായിരുന്നു. എല്ലാ പ്രവാസി സംഘടനകളും പരിമിതിക്കുള്ളില്‍ നിന്നു കൊണ്ട് നല്ല രീതിയില്‍ ക്രിസ്തുമസ് അഘോഷങ്ങള്‍ നടത്തുന്നുണ്ട്.
പ്രവാസ നൊമ്പരങ്ങളുടെ മറ്റൊരു ക്രിസ്തുമസ്..!!
ഞാന്‍ വസ്ത്രം മാറി അടുകളയില്‍ ചെന്നു രണ്ടു ചായയുണ്ടാക്കി, അവനുള്ളതു മേശപുറത്തു വച്ചു എന്റെ ചായ ചുണ്ടോടു ചേര്‍ത്തു.
"പുറത്തു വലിയ ആഘോഷങ്ങളാണല്ലെ..?" സ്റ്റാന്‍ലി ചോദിച്ചു.
"ങും" ഞാന്‍ ഒന്നു മൂളി..
'നമ്മുക്കു ഒന്നു പുറത്തു പോയി വന്നാലോ..?' എന്റെ ചോദ്യത്തിനു നിര്‍‌വികാരതയോടുള്ള ഒരു മൂളലായിരുന്നു അവന്റെ മറുപടി.' എന്തായി സ്‌റ്റാന്‍ലി മകളുടെ പിണക്കമൊക്കെ..?' മൗനങ്ങളുടെ ഏതു ഉള്ളറയില്‍ ഏകനായിരിക്കുമ്പോഴും മകളുടെ കാര്യം ചോദിച്ചാല്‍ അവനു നൂറു നാവുകള്‍ ജനിക്കുമെന്നറിയാം. എന്റെ ഊഹം തെറ്റിയില്ല.
ഇല്ല ശ്രീജിത്, മകള്‍ ഇന്നും എന്നോടു ഒന്നും സംസാരിക്കാന്‍ കൂട്ടാക്കിയില്ല.അവളുടെ പിണക്കം എനെ ശരിക്കും തളര്‍ത്തുകയാണ്. ഈ മണലാരണ്യത്തിലെ എന്റെ കഷ്‌ടപാടുകളെല്ലാം അവള്‍ക്കു വേണ്ടീയല്ലേ..എന്നിട്ടും...അവന്റെ കണ്ണുകളില്‍ നിരാശയുടെ പാടുകള്‍ പടര്‍ന്നു കിടന്നിരുന്നു..ആ കണ്ണുകള്‍ ത്വരഗതിയില്‍ പിടയുന്നതും ഞാനറിഞ്ഞു.'അവളുമായി സംസാരിച്ചില്ലെങ്കില്‍ എനിക്കു ഭ്രാന്തു പിടിക്കും ശ്രീജിത്...ആറ്റുനോറ്റു പ്രാത്ഥിച്ചു കിട്ടിയ ഏക മകള്‍ ...' അവന്റെ ശബ്ഗം വിറയാര്‍ന്നു. വാക്കുകള്‍ തൊണ്ടയിലുടക്കി. ഞങ്ങള്‍ക്കിടയിലെ ചെറിയ മൗനത്തെ ഞാന്‍ ഭഞ്ജിച്ചു."മകളെ പറഞ്ഞിട്ടു കാര്യമില്ല സ്‌റ്റാന്‍ലി.., അവള്‍ കൊച്ചു കുട്ടിയല്ലെ; ആറു വയസ്സുകാരി, ജനിച്ച ശേഷം ഒന്നൊ രണ്ടോ തവണമാത്രം കണ്ടിട്ടുള്ള അവളോട് ഈ ക്രിസ്തുമസിന്നു ചെല്ലാമെന്നു നീ കൊടുത്ത വാക്കല്ലെ നിന്റെ ബോസിന്റെ തീരുമാനം മൂലം തട്ടിതകര്‍ത്തത്..?"എന്റെ മറുപടിയുടെ ആഴങ്ങളില്‍ അവന്‍ ലയിച്ചിരിക്കുകയായിരുന്നു. വികാരങ്ങളും വിചാരങ്ങളും ആര്‍ക്കോക്കേയോ പണയം വച്ച് യാന്ത്രികമായി ചലിക്കുന്ന കുറേ മനുഷ്യക്കൊലങ്ങളെ സ്‌റ്റാന്‍ലിയുടെ കണ്ണുകളിലൂടെ ഞാന്‍ കണ്ടു. സ്‌റ്റാന്‍ലിയും മകള്‍ അലീനയും അതിലെ ഒരു കണ്ണി മാത്രം. കാതങ്ങള്‍ക്കപ്പുറത്തേക്കു നീണ്ടു കിടക്കുന്ന ചങ്ങല കണ്ണികള്‍..!!
ഈ ക്രിസ്തുമസ് അവധിക്കു നാട്ടിലെത്തുമെന്ന് സ്‌റ്റാന്‍ലി ഭാര്യക്കും മകള്‍ക്കും ഉറപ്പു കൊടുത്തതായിരുന്നു. നാട്ടില്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളുടെ ഒരു ലിസ്റ്റ് തന്നെ അലീന സ്റ്റാന്‍ലിക്ക് അയച്ചു കൊടുത്തിരുന്നു. ഒപ്പം കുറെ കളിപാട്ടങ്ങളുടെയും കൗതുക വസ്തുക്കളുടെയും പേരും തരങ്ങളും. പക്ഷേ ബോസ് സ്‌റ്റാന്‍ലിക്ക് ലീവ് അനുവദിക്കാതിരുന്നതോടെ എല്ലാം തകരുകയായിരുന്നു. മകള്‍ക്കായി സ്റ്റാന്‍ലി വാങ്ങിക്കൂട്ടിയ സാധനങ്ങള്‍ അവന്റെ കാട്ടിലിനടിയില്‍ ഭദ്രമായി ഇരിപ്പുണ്ടായിരുന്നു.
ഹാവൂ..ഇന്നു ഭയങ്കര തണുപ്പല്ലേ...സഹിക്കാന്‍ പറ്റുന്നില്ല..സ്റ്റാന്‍ലി അക്ഷമയോടെ പറഞ്ഞു.
"ഇതൊരു തണുപ്പാണൊ തണുപ്പു വരാനിരിക്കുന്നതല്ലേയുള്ളൂ.." ഞാന്‍ മറുപടി പറഞ്ഞു.
ഒരു നിമിഷം ഞങ്ങള്‍ പുറത്തേക്കു നോക്കിയിരുന്നു. അങ്ങിങ്ങ് മിന്നി തിളങ്ങുന്ന നക്ഷത്രങ്ങള്‍..! "തണുത്ത കാറ്റ്...!" തണുപ്പിന്റെ ശല്യം സ്റ്റാന്‍ലിയുടെ വാക്കുകളില്‍ വീണ്ടും നിറഞ്ഞു. ജനുവരി തുടങ്ങിയതല്ലേയുള്ളു... തണുപ്പു ശക്താമാകാന്‍ ഇനിയും ദിവസങ്ങളുണ്ട്..ഇപ്പോഴേ ഇങ്ങനെ അസഹ്യത കാണിച്ചാലോ..? വെന്തുരുകുന്ന നിന്റെ മനസിനു ഈ തണുപ്പു നല്ലതാടാ. അല്പം തമാശപോലെ ഞാന്‍ പറഞ്ഞു.
ക്രിസ്‌മസ് നാള്‍....!
രാവിലെ ഉറക്കമുണര്‍ന്നതു സ്റ്റാന്‍ലിയുടെ ശബ്ദം കേട്ടാണ്. കൂളിച്ചു വസ്ത്രം മാറി ഡ്യൂട്ടിക്കു പോകാന്‍ അവന്‍ ഒരുങ്ങി കഴിഞ്ഞിരുന്നു..
"മേരി ക്രിസ്തുമസ്..ഹാവ് എ നൈസ് ഡേ.." പുതപ്പിനുള്ളില്‍ നിന്നും തല പുറത്തേക്കിട്ട് ഉറക്കച്ചടവോടെ ഞാന്‍ പറഞ്ഞു.
ക്ലോക്കിലെ കിളി വീണ്ടും കരഞ്ഞപ്പോഴാണ് ഉണര്‍ന്നത്. ഓഫീസ് വണ്ടിയെത്താന്‍ മിനിറ്റുകള്‍ മാത്രം. വേഗം കുളിച്ചു വസ്ത്രം മാറി വന്നപ്പോഴേക്കും വണ്ടി തയാറായിരുന്നു..
കമ്പനി കണക്കുകളുടെ ക്രയവിക്രയങ്ങളിലൂടെ ഒരു അക്കൗഡന്റിന്റെ തന്ത്രങ്ങളുമായി കമ്പ്യൂട്ടറിന്റെ മുന്നില്‍ പതിവു ജോലി തുടങ്ങുമ്പോഴേക്കും ഒരു കുഞ്ഞു കുരുവിയെ പോലെ എന്റെ മൊബൈല്‍ ചിലച്ചത്. സ്ക്രീനില്‍ സ്റ്റാന്‍ലിയുടെ പേര്‍ തെളിഞ്ഞു ഡെബിറ്റിന്റേയും ക്രെഡിറ്റിന്റേയും ലോകത്തു നിന്നും പെട്ടെന്നൊരു മടങ്ങി വരവ് ബുദ്ധിമുട്ടായിരുന്നതിനാല്‍ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. കുറേ നേരം മൊണിട്ടറില്‍ നോക്കി കണ്ണുകള്‍ മൂടപ്പെടുന്നത് പോലെ തോന്നിയപ്പോള്‍ വെറുതെ സീറ്റില്‍ നിന്നും എഴുന്നേറ്റു. അപ്പോഴാണ് സ്റ്റാന്‍ലി വിളിച്ച കാര്യം ഓര്‍ത്തത്. തിരികെ വിളിച്ചപ്പോഴേക്കും മൊബൈല്‍ സ്വിച്ച് ഓഫാണെന്നു ഒരു സുന്ദരി ഇംഗ്ലീഷിലും അറബിയിലും മൊഴിയുന്നു. വീണ്ടും ജോലിയിലേക്കു തിരിയുന്നതിനിടെ ആയിരുന്നു സുഹൃത്തായ പപ്പന്റെ ഫോണ്‍.എടാ..നമ്മുടെ സ്റ്റാന്‍ലി...!!പപ്പന്റെ വാക്കുകള്‍ ഞെട്ടിക്കുന്നവയായിരുന്നു.
"സ്റ്റാന്‍ലി ഓടിച്ചു കോണ്ടിരുന്ന വണ്ടി ഒരു ഡിവൈഡറിലിടിച്ചു അവന്‍ ആശുപത്രിയിലാണ്.. വേഗം എത്തണം.."ഓഫീസില്‍ നിന്നും വേഗം ഇറങ്ങി. നിമിഷങ്ങള്‍ക്കു യുഗങ്ങളുടെ ദൈര്‍ഘ്യം..കാലുകള്‍ തളരുന്നു..ആസുപത്രിയില്‍ എത്തും വരെ പപ്പന്‍ പൂരിപ്പിക്കാന്‍ വിട്ടുപോയ വാക്കുകള്‍ക്ക് മരണത്തോളം വിലയുണ്ടെന്നു ഞാനറിഞ്ഞില്ല.ആശുപത്രി മോര്‍ച്ചറിയിലെ ഫ്രീസറില്‍ തണുത്തു വിറച്ച സ്റ്റാന്‍ലി..!!
മനസിലൊരു വിങ്ങല്‍..'തണുപ്പു വരുന്നതേയുള്ളു അതു നീ എങ്ങിനെ സഹിക്കും എന്നു ഞാന്‍ പറഞ്ഞ വാക്കുകള്‍ അറം പറ്റിയോ..? ജനുവരിയുടെ കുളിരാണ് ഞാന്‍ ഉദ്ധേശിച്ചതെങ്കിലും... ഈ ഫ്രീസിങ്ങ് പോയിന്റില്‍...!!
തോളില്‍ ഒരു കൈ പതിഞ്ഞപ്പോഴാണ് തിരിഞ്ഞു നോക്കിയത്..പപ്പനും മറ്റൊരു മദ്ധ്യസയസ്കനും.പപ്പന്‍ പറഞ്ഞു..'ശ്രീജിത്. ഇതു സ്റ്റാന്‍ലിയുടെ കമ്പനിയുടെ മനേജരാണ്. കഷണ്ടി കയറി തുടങ്ങിയ ആ മദ്ധ്യവയസ്കന്‍ സ്റ്റാന്‍ലിയുടെ കുടുമ്പത്തെ കുറിച്ചു ചോദിച്ചറിഞ്ഞു..'എനിക്കു സ്റ്റാന്‍ലിയെ ഒരിക്കലും മറക്കാനാവില്ല ശ്രീജിത്..കഠിനാദ്ധ്വാനിയും വിശ്വസ്തനുമായിരുന്നു അയാള്‍...എന്തോ ഒരുതരം കുറ്റബോധം എന്നെ അലട്ടും പോലേ..." അയാള്‍ വേഗം നടന്നകന്നു..
അല്ല..അല്ലെങ്കില്‍ തന്നെ...യഥാര്‍തത്തില്‍ ആരാണുത്തരവാദി....സ്റ്റാന്‍ലിക്കു അവധി അനുവദിക്കതിരുന്ന മാനേജരൊ.., പിണങ്ങി മിണ്ടാതിരുന്ന അലീനയൊ,
അവന്റെ അവസാന യാത്ര പറച്ചിലിനു ‍അവസരം കൊടുക്കാതെ ഫോണ്‍ കട്ട് ചെയ്തു കളഞ്ഞ ഞാന്‍.!! അവനു ഈ സുഹൃത്തിനോട് എന്തെങ്കിലും പറഞ്ഞേള്‍പ്പിക്കനുണ്ടായിരുന്നുവോ...?മാപ്പ് സ്റ്റാന്‍ലീ ..മാപ്പ്..!!
ചിന്തകള്‍ക്കു ഭ്രാന്തു പിടിക്കും പോലെ..ലോകം സന്തോഷിക്കുന്ന ഉണ്ണിയേശുവിന്റെ വിശുദ്ധമായ ജനന ദിനത്തില്‍ സ്റ്റാന്‍ലിയുടെ വിശുദ്ധമായ മരണവും ...!സ്റ്റാന്‍ലിയുടെ മൃതശരീരത്തെ സാക്ഷി നിര്‍ത്തി സ്വപ്നങ്ങളില്ലാതെ ഉറങ്ങുന്ന അവന്റെ കഥകള്‍ ഞാന്‍ പപ്പനോടും അവന്റെ മനേജരോടും പറയുമ്പോള്‍ ഫ്രീസറിലെ കൊടുംതണുപ്പില്‍ ഞങ്ങളുടെ സംഭാഷണത്തിനു ഒരു മൂകസാക്ഷിപോലെ തണുത്തു വിറച്ച സ്റ്റാന്‍ലി.. സ്വതസിദ്ധമായ അവന്റെ പുഞ്ചിരി അപ്പോഴും മാഞ്ഞിട്ടില്ലായിരുന്നു..!
"അവസാനം എനിക്കു അവധി കിട്ടിയതു കണ്ടോടാ..അണ്‍ലിമിറ്റ് ലീവ്..ഹാ... ഇനിയിപ്പോ ലീവു കഴിയുമ്പോ ചങ്കു പറിച്ചെറിയും പോലെ എന്റെ അലീനമോളെ ഇട്ടിട്ട് എനിക്കു തിരികെ വിമാനം കയറണ്ടല്ലോ.."എന്നു ആ മുഖം വിളിച്ചു പറയുന്നോ...?
സ്റ്റാന്‍ലിയുടെ മൃതദേഹത്തോടൊപ്പമയക്കാന്‍ അവന്റെ സാധനങ്ങള്‍ ഭദ്രമായി അടുക്കികെട്ടുന്നതിനിടയില്‍ അവന്റെ കിടക്കയുടെ തലഭാഗത്തെ മേശമേല്‍ ഭംഗിയായി ഫ്രെയിം ചെയ്തു വച്ചിരിക്കുന്ന അലീനയുടെ നിഷ്‌കളങ്കമായി പുഞ്ചിരിക്കുന്ന ചിത്രം കൈയിലെടുത്തപ്പോള്‍ ഒരു നിമിഷം മനസ്സു പറഞ്ഞു.."മോളെ..അവസാനം നീ തന്നെ ജയിച്ചു... മോളുടെ ആഗ്രഹം പോലെ കുറെ കളിപ്പാട്ടങ്ങളും ഒക്കെയായി നിന്റെ പപ്പ മോളുടെ അടുത്തേക്കു വരികയാണ്.. ഇനിയും നീ പപ്പയോടു പിണങ്ങല്ലേ... അതാ പപ്പയ്ക്കു സഹിക്കില്ല...എപ്പോഴും ലീവ് കഴിഞ്ഞു തിരികെ യാത്രയാക്കുമ്പോള്‍ കരയാതെ മോളു പപ്പയെ യാത്രയാക്കണം കേട്ടോ...
ഫോട്ടോ..പെട്ടിക്കുള്ളിലേക്കു തിരുകുന്നതിനിടയില്‍ ഒരു നിമിഷം ....!ഒരു തേങ്ങല്‍ ആ മുറിക്കുള്ളില്‍ വ്യക്തമായി കേട്ടുവോ....?
സ്റ്റാന്‍ലി പറയുന്നു "എന്തു തണുപ്പാടാ...."
ഡിസംബറിന്റെ തകനത്ത തണുപ്പിലും ഒരു നിമിഷം ഞാന്‍ വിയര്‍‌ത്തൊലിച്ചു.....!!

ശിവാജി റാവു വില്‍ നിന്നു ശിവജിയിലേക്ക്

on Friday, June 15, 2007


ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി 'ശിവജി ദി ബോസ്' എന്ന ഒരു തമിഴ് ചിത്രം ബോളീവുഡും, മോളീവുഡും കടന്നു ലോകത്തിലെ തന്നെ വിവിധ രജ്യങ്ങളിലായി ആയിരത്തോളം തീയറ്ററുകളില്‍ ഇന്നു (15 -06-07) പ്രദര്‍‌ശിപ്പിക്കുകയാണ്.തൊട്ടതെല്ലാം പൊന്നക്കി മാറ്റിയ ശങ്കര്‍ എന്ന സൂപ്പര്‍ സംവിധായകനോ. AR. റഹ്‌മാന്റെ മാന്ത്രിക സംഗീതവുമോ അല്ല "സ്‌റ്റൈല്‍ മന്നന്‍" എന്ന രജനീകാന്തിന്റെ വക്തി പ്രഭാവം മാത്രമാണ് ഈ ചിത്രത്തെ പ്രത്യേകതയുള്ളതാക്കുന്നത്.
1950 ഡിസമ്പര്‍ 12 നു ജനിച്ച "ശിവജി റാവു ഗൈക്ക്‌വാദ്" എന്ന സാധാരണ മനുഷ്യന്‍ തന്റെ ഇരുപത്തി അഞ്ചാം വയസില്‍ 1975 -ല്‍ അപൂര്‍‌വരാഗങ്ങള്‍ എന്ന സിനിമയില്‍ തുടങ്ങിയ ജൈത്രയാത്ര ഇന്നു 100 കോടി ചിലവാക്കിയെടുത്ത ശിവജിയില്‍ എത്തി നില്‍‌ക്കുമ്പോള്‍ അറിയാം ആ താരത്തിന്റെ അര്‍പ്പണമനൊഭാവവും കഴിവും. ചടുലവും താളാത്‌മകവുമായ സ്വന്തം ശൈലിയില്‍ വെള്ളിത്തിരയില്‍ നിറഞ്ഞു നിന്ന് തിന്‍‌മക്കു മേല്‍ നന്‍‌മയുടെ വിജയവും മുതലാളിത്തതിനെതിരേ പാവപ്പെട്ടവന്റെ വിജയവും സിനിമയിലൂടെ തമിഴ് ജനതയെ കാട്ടി ത്രസിപ്പിച്ച അത്‌ഭുത പ്രതിഭ തന്നെയാണ് രജനി.
കോടിക്കണക്കിനു ജനങ്ങളുടെ നായകനായി കത്തിനില്‍ക്കുമ്പോഴും തന്റെ ഇമേജിനെ കുറിച്ചു ചിന്തിക്കാതെ മേക്കപ്പ് പോലും ഇല്ലാതെ നരച്ച താടിയും കഷണ്ടിതലയും കറുത്തുമെലിഞ്ഞ ശരീരവുമായി ജനങ്ങളിലേക്കു ഇറങ്ങി ചെന്നപ്പോള്‍ സൂപ്പര്‍ സ്റ്റാര്‍ ആയല്ല തങ്ങളില്‍ ഒരാളായാണ് തമിഴ് ജനത അദ്ധേഹത്തെ സ്വീകരിച്ചത്. അതു കൊണ്ടാണല്ലോ അല്പം ആത്മീയത കുത്തിനിറച്ച അദ്ധേഹത്തിന്റെ 'ബാബ' യെ ജനം സ്വീകരിക്കാതിരുന്നത്.
സമാനതകളില്ലാത്ത ആ സൂപ്പര്‍ സ്റ്റാറിന്റെ 'ശിവജി' ഇന്ത്യന്‍ സിനിമയില്‍ അത്ഭുതങ്ങള്‍ സൃഷ്‌ടിക്കപ്പെടുക തന്നെ ചെയ്യും തീര്‍ച്ച.
മലയാളത്തിലെ ഒരു സൂപ്പര്‍ സ്റ്റാര്‍ ചിത്രം രണ്ടുകോടി രൂപയ്ക്കുള്ളില്‍ നിര്‍മ്മിച്ച് പുറത്തിറക്കാമെന്നുള്ളപ്പോഴും മൂന്നു കോടിയോളം രൂപക്ക് ആണ് ആ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം വാങ്ങിയിരിക്കുന്നത് എന്നറിയുമ്പോള്‍ രജനീകാന്ത് എന്ന നടന്‍ കേരള ജനതക്കിടയിലും എത്രമാത്രം സ്വാധീനം ഉണ്ടാക്കിയിട്ടുണ്ടെന്നു മനസിലാക്കാം. ഒപ്പം മലയാള സിനിമ പിടിക്കുന്നവരും നടിക്കുന്നവരും തമ്മിലുള്ള പടലപ്പിണക്കങ്ങളും അനാവശ്യ ഈഗോകളും അവസാനിപ്പിച്ചാല്‍, പരസ്‌പ്പരം കൂവിത്തോല്‍‌പ്പിക്കാന്‍ ഫാന്‍സ് അസോസിയേഷന്‍ മുതിരാതിരുന്നാല്‍. രണ്ടല്ല മൂന്നു കോടി മുടക്കി മലയാളം സിനിമ പിടിക്കാന്‍ ഇവിടെ ആളുണ്ട് എന്നതിന്റെ തെളിവാണ് ഇത്.
രജനീകാന്ത് എന്ന മഹാത്ഭുതം!! ...അങ്ങാണ് യഥാര്‍ത്ഥ താരം....

ഈ പരിപാടി നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്........

on Tuesday, June 12, 2007

1980 കളോടെ ആഢംഭരത്തിന്റെ പ്രതീകമായി നമ്മുടെ സ്വീകരണ മുറിയിലെത്തിയ ടെലിവിഷന്‍, "വിഡ്ഡിപ്പെട്ടി' എന്നൊക്കെ വിളിച്ചു അധിക്ഷേപിക്കപ്പെട്ടുവെങ്കിലും പലരുടേയും മനസും കണ്ണും കീഴടക്കി ഇന്നു ജനങ്ങളുടെ നിത്യജീവിതതിലെ അത്യന്താപേക്ഷിതമായ ഒന്നായി മാറി കഴിഞ്ഞുവെന്നത് സത്യം മാത്രം. പലരുടേയും ദിനചര്യകള്‍ പോലും മാറ്റിമറിക്കുവാന്‍ അതിനു കഴിഞ്ഞു. ഇന്നത്തെ ഏറ്റവും ജനപ്രീതിയുള്ള മാധ്യമം ടെലിവിഷന്‍ ആയി മാറിക്കഴിഞ്ഞു..
പ്രക്ഷേപണവകാശവും സ്വകാര്യവത്കരിക്കപ്പെട്ടതോടെ ഇതിലെ കച്ചവട സാദ്ധ്യത കണ്ടറിഞ്ഞ് പിന്നങ്ങോട്ട് ചാനലുകളുടെ ഒരു പ്രളയം തന്നെയായി. ഇപ്പോള്‍ ഇതൊന്നും കണ്ടു തീര്‍ക്കാന്‍ രണ്ടു കണ്ണുകള്‍ പോരെന്നായിരിക്കുന്നു..!
ചാനലുകള്‍ തമ്മിലെ മത്സരത്തിനിടയിലും വിവിധങ്ങളായ പരിപാടികള്‍ നമ്മുക്കു ലഭിച്ചുവെങ്കിലും പിന്നീട് പ്രേക്ഷകരെ ആകര്‍ഷിക്കുവാന്‍ എന്തും ആകാമെന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിപെട്ടില്ലെ..?. അമ്പലക്കുളത്തിലെ ദുര്‍മരണം മുതല്‍ ഇടഞ്ഞ ആന പാപ്പാനെ കൊന്നു കൊല വിളിക്കുന്നതും പോലും 'ലൈവ്' ആയി കാണിക്കാന്‍ മത്സരിക്കുകയായിരുന്നല്ലോ ചാനലുകാര്‍...
ഇത്രയും പറഞ്ഞു വരാന്‍ കാര്യം ഏഷ്യനെറ്റ് ചാനലില്‍ പ്രക്ഷേപണം ചെയ്തൂ വരുന്ന പരിപാടികളില്‍ ഒന്നായ "സാഹസികന്റെ ലോകം" കഴിഞ്ഞ ദിവസം നിങ്ങളില്‍ പലരേയും പോലെ കാണേണ്ടി വന്നുപോയതു കൊണ്ടാണ്... തറയില്‍ വിരിച്ച ട്യൂബ് ലൈറ്റുകള്‍ക്കു മുകളില്‍ കിടക്കുന്ന ഒരു പാവം യുവാവിന്റെ നെഞ്ചില്‍ ഒരു ക്വിന്റലില്‍ അധികം ഭാരമുള്ള രണ്ടു പാറകള്‍ കയറ്റി വച്ചു വലിയ കൂടത്തിനു അടിച്ചു പൊട്ടിക്കുന്ന കാഴ്ച...!!! വലിയൊരു കൂടം നെഞ്ചിലിരിക്കുന്ന പാറയിലേക്ക് ശക്‌തിയോടെ പതിക്കുമ്പോള്‍ ശ്വാസം അകത്തേക്ക് ആഞ്ഞു വലിക്കുമ്പോളുയരുന്ന ശബ്ദം പോലും ചിലപ്രത്യേക എഫറ്റോടെ ആവര്‍ത്തിച്ചു കാണിച്ചു!. ശേഷം കുപ്പിച്ചില്ലുകള്‍ കുത്തികയറി ചോര ഒ‍ലിക്കുന്ന മുതുകിന്റെയും ദയനീയമായ മുഖത്തിന്റേയും ഒരോ ക്ലോസപ്പ് ഷോട്ട്..!! അതും പോരാഞ്ഞ് അയാളുടെ കുഞ്ഞു മകനോട് ഒരു ചോദ്യം "അച്‌ഛന്റെ ഈ പ്രകടനം കണ്ടിട്ട് എന്തു തോന്നുന്നു പോലും..!!"..ശിവശിവാ..!
ടെലിവിഷന്‍ പരിപാടികള്‍ നമുക്ക് വിനോദമോ വിജ്ഞാനമോ പ്രധാനം ചെയ്യുന്നതാവണം എന്നാണല്ലോ...ഈ പരിപാടിയില്‍ എന്തു വിനോദം..? എന്തു വിജ്ഞാനം?. പാടവരമ്പത്തും മൈതാനത്തും ഒക്കെ ഈ പരിപാടികള്‍ നമ്മള്‍ പലതവണ കണ്ടിരിക്കാം. പക്ഷേ അതൊക്കെ ജീവിക്കാനുള്ള ഒരൊ തന്ത്രപാടുകളല്ലേ..അതിനു ഈ മാധ്യമങ്ങളില്‍ കൂടി കാണിച്ച് എന്തു സന്ദേശമാണ് ഈ ചാനലുകാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്...?
പണ്ടു മല്ലന്മാരായ അടിമകളെ അതില്‍ ഒരാളുടെ മരണം വരെ തമ്മില്‍ പോരാടിക്കുന്ന മത്സരം നടത്തി അതു കാണാന്‍ മദ്യ ചഷകവുമായി ഇരിക്കുന്ന പഴയ നാട്ടുപ്രമാണിമാരായി നമ്മള്‍ മാറിയോ എന്ന് ഒരു നിമിഷം തോന്നിപ്പോയി കൈയില്‍ ചായയുമായി ഈ പരിപാടി കാണ്ടിരിക്കുമ്പോള്‍..
പാശ്ചാത്യ നാടുകളില്‍ ഇത്തരം പരിപാടികള്‍ TV യിലൂടെ കാണിക്കാറുണ്ടാകാം.പക്ഷേ അതു കൃത്യമായ സുരക്ഷാസജ്ജീകരണങ്ങളോടെ പ്രൊഫഷണലായി നടത്തുന്നതുപോലെയാണോ കീറച്ചാക്കില്‍ കിടന്നുള്ള ഈ പരിപാടികള്‍..! ചില പാശ്ചാത്യ നാടുകളില്‍ വാര്‍ത്ത ആകര്‍ഷണീയമാക്കാന്‍ വാര്‍ത്ത വായിക്കുന്ന സുന്ദരി ഒരോ സ്ലോട്ട് കഴിയുമ്പോളും വസ്‌ത്രങ്ങള്‍ അഴിച്ചു മാറ്റി അവസാനം പരിപൂര്‍‌ണ്ണ നഗ്നയാകുന്ന തരം പരിപാടികള്‍ നമ്മുക്കറിയാം. നാളെ നമ്മുടെ വിട്ടിലെ TV യിലെ മലയാളം ചാനല്‍ തുറക്കുമ്പോള്‍ എന്തൊക്കെ കാഴ്ചകളാണോ കാണാന്‍ കിടക്കുന്നത്....?

ഷമീര്‍..ആരുടെ ഇര...?

on Sunday, June 10, 2007

രണ്ട് MA ഡിഗ്രികള്‍ കൈവശം ഉണ്ടെന്ന ഒരാത്മവിശ്വാസമായിരുന്നു ഷമീറിനു ഗള്‍ഫിലേക്കു വിമാനം കയറുമ്പോള്‍ കൂടെയുണ്ടായിരുന്നത്. നാട്ടില്‍ പച്ചപിടിക്കാതിരുന്ന ജീവിതത്തെ കരുപ്പിടിപ്പിക്കാന്‍ ഒരുപാടു പ്രതീക്ഷകളായിരൂന്നു അവന്‍ കൂടെ കൊണ്ടുവന്നതും..
സുമുഖനായ ചെറുപ്പക്കാരന്‍...!
വിസിറ്റിംഗ് വിസയിലെത്തിയ പിറ്റേന്നു മുതല്‍ രാവിലെ സര്‍ട്ടിഫിക്കേറ്റും തൂക്കി അവന്‍ ഇറങ്ങും ജോലി തിരക്കി.."പഠിത്തം അവിടിരിക്കട്ടെ, തൊഴില്‍ പരിചയം വല്ലതും ഉണ്ടോ" എന്ന ഓരോ കമ്പനി അധികാരികളുടേയും ചോദ്യത്തിനു മുന്നില്‍ നിസ്സഹയനായി അവന്‍ പടിയിറങ്ങും. മുന്‍പരിചയം ഇല്ലെന്ന ഒറ്റ കാരണത്താല്‍ അവനു മുന്നില്‍ എല്ലാകമ്പനികളുടെയും വാതിലുകള്‍
ഒരിക്കലും തുറക്കാനാവാത്ത വിധം അടയുകയായിരുന്നു...
വരുമാനമില്ലാത്തതിനാല്‍ അവന്റെ നാട്ടുകാര്‍ താമസിക്കുന്ന ഫ്ലാറ്റില്‍ കൂട്ടുകാര്‍ വെറുതെ അല്പം ഇടം കൊടുക്കുകയായിരുന്നു.
സാധാരണക്കാരനായ കച്ചവടകാരനായിരുന്നു ഷമീറിന്റെ ബാപ്പ. കഷ്ടപ്പെട്ടാണെങ്കിലും മോനെ പഠിപ്പിക്കാനായതിന്റെ ചാരിതാത്ഥ്യമായിരുന്നു അവന്റെ ബാപ്പക്കും, ആ കുടുമ്പത്തിനു മുന്നില്‍ പ്രതീക്ഷയുടെ ചെറുതിരിനാളമായിരുന്നു അവന്റെ ഗള്‍ഫ് യാത്ര. സഹോദരിമാരുടെ സ്വറ്ണ്ണം പണയം വച്ചും ബാക്കി പലിശക്കെടുത്തുമാണ് യാത്ര ചിലവിനുള്ള പണം കണ്ടെത്തിയത്. അവന്റെ കൂടെയുള്ള ആരെങ്കിലും നാട്ടിലെത്തിയാല്‍ ബാപ്പയും ഉമ്മയും എത്തി അവന്റെ വിവരങ്ങള്‍ തിരക്കും "ഷമീറിനു ജോലിയൊക്കെ ശരിയായിട്ടുണ്ടെന്നും ഇപ്പോള്‍ ട്രെയിനിംഗ് സമയമാണെന്നും അതു കഴിഞ്ഞാല്‍ നല്ല ശമ്പളം കിട്ടിതുടങ്ങും" എന്നുമുള്ള കൂട്ടുകാരുടെ കളവുകളില്‍ വിശ്വസിച്ച് വീട്ടിലെ കടബാധ്യതകളുടെ കണക്കും പറഞ്ഞ് ആശ്വാസത്തോടെ അവര്‍ തിരികെ പോകും.
ഇതിനകം സ്വറ്ണ്ണാഭരണങ്ങള്‍ പലിശ കയറി നഷ്ടപ്പെടുമെന്ന അവസ്ഥയിലായപ്പോള്‍ അളിയന്മാരും മുറുമുറുപ്പ് തുടങ്ങി. തണലാവേണ്ടവരുടെ തളര്‍ത്തുന്ന സംസാരം ഷമീറിന്റേയും മാതാപിതാക്കളുടേയും ജീവിതം നരകസമാനമാക്കി.
അവന്റെ കാത്തിരിപ്പുകള്‍ക്കു അവസാനമെന്നോണം ഒരു ചെറിയ കമ്പനിയില്‍ തുഛമായ ശമ്പളമാണെങ്കിലും ഒരു ജോലി ലഭിച്ചു.
ദിവസങ്ങള്‍ കടന്നു പൊയ്ക്കൊണ്ടിരുന്നു.
നാട്ടിലെ കടബാധ്യതകള്‍ ഇതിനകം പെരുകിക്കഴിഞ്ഞിരുന്നു. അതിനിടെ സ്‌ത്രീധനം നല്‍കാനാവാത്തതിനാല്‍ ഇളയ സഹോദരിയുടെ വിവാഹാലോചന മുടങ്ങി എന്ന പുതിയ വാര്‍ത്ത അവനെ കൂടുതല്‍ സങ്കടത്തിലെത്തിച്ചു. പ്രയാസത്തിന്റെയും പ്രശ്നങ്ങളുടേയും കുരുക്കുകള്‍ ഷമീറിനെ അനുദിനം ചുറ്റി വരിയാന്‍ തുടങ്ങി.
ഇതിനിടെ ചെറിയ പണസമ്പാദ്യത്തിനായി അവന്‍ പുതിയ ഒരു വഴി കണ്ടെത്തിയ വിവരം അവന്റെ കൂട്ടുകാര്‍ അറിഞ്ഞു. പ്രശസ്തമായ ഒരു ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ മാസം ഓരോ കുപ്പി രക്തം നല്‍കുക. അതിനു ചെറിയ പാരിതോഷികം ലഭിക്കുമത്രേ..
അതേ കുറിച്ചു ചോദിച്ചപ്പോള്‍ തമാശ രൂപേണ അവന്‍ പറഞ്ഞത്.
"അവിടുന്നു കിട്ടുന്ന പണം കൊണ്ട് എനിക്കു അരമാസം സുഖമായി കഴിയാം.ഓരോ മാസവും നല്ല ഫ്രൂട്ട്സും വിറ്റാമിന്‍ ഗുളികകള്‍ വേറേയും..അതുമല്ല എന്തെങ്കിലും അസുഖമുണ്ടെങ്കില്‍ ടെസ്റ്റ് ചെയ്യുമ്പോള്‍ അറിയുകയുമാവാല്ലോ...പിന്നെ രക്തം ശരീരത്തില്‍ നിന്നും പോയാലും ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ തിരിച്ചു വരികയും ചെയ്യും..അതുകൊണ്ട് ഈ ശരീരത്തില്‍ എപ്പോഴും ഫ്രഷ് രക്തമാണ് ഓടുന്നത്..!!!"
അവനുമായി തര്‍ക്കിച്ചു ജയിക്കാന്‍ ആരും ശ്രമിക്കാറില്ല..
സന്തോഷം അലതല്ലുന്ന മനസുമായാണ് ഒരു അവധി ദിവസം അവന്‍ പഴയ കൂട്ടുകാരുടെ മുറിയില്‍ എത്തിയത്..
അവന്റെ സഹോദരിയുടെ വിവാഹം ഉറപ്പിച്ചു..! അതിനു അവന്റെ വകയായി പാര്‍ട്ടിയും നടത്തി.
അടുത്ത അവധി ദിവസം വന്ന അവന്‍ പതിവില്ലാത്തവണ്ണം ക്ഷീണിതനായി കാണപ്പെട്ടു.
മുഖം കറുത്തിരിക്കുന്നു..രക്തപ്രസാദം തീരെ ഇല്ലാത്തതു പോലെ...
എന്താ ഷമീര്‍..? എന്തു പറ്റി..?
കൂട്ടുകാരുടെ ചോദ്യങ്ങളില്‍ നിന്നും "ഹേയ് ഒന്നുമില്ല" എന്ന മറുപടിയില്‍ ഒഴിഞ്ഞുമാറുന്നെങ്കിലും എന്തോ അവന്‍ മറയ്ക്കുന്നുണ്ടെന്ന് അവര്‍ക്ക് മനസിലായി...
അടുതത അവധിദിവസം കുളികഴിഞ്ഞു പുറത്തു വന്നപ്പോള്‍ അവന്റെ വയറിന്റെ ഇടതു ഭാഗത്ത് രണ്ട് ഇഞ്ച് നീളത്തില്‍ പ്ലാസ്റ്റര്‍ കൊണ്ടു ഡ്രസ്സ് ചെയ്തിരിക്കുന്നതു കൂട്ടുകാര്‍ കണ്ടു..
അവര്‍ കാര്യം തിരക്കി..
"ഹേയ് ..ഓഫീസില്‍ വച്ച് മേശയുടെ മൂലകൊണ്ടു ഒന്നു മുറിഞ്ഞതാ...
നിസാരമായി അവന്‍ പറഞ്ഞു..
വിദദ്ധമായി ഒരു കളവുപയാന്‍ പോലും കഴിവില്ലാത്ത അവന്റെ വാക്കുകളില്‍ വിശ്വസിക്കാതെ കൂട്ടുകാര്‍ കൂടുതല്‍ ചോദിച്ചപ്പോള്‍ മറ്റു മാര്‍ഗ്ഗമില്ലാതെ ദുരൂഹതകള്‍ അവസാനിപ്പിച്ച് അവന്‍ സത്യം പറഞ്ഞു..
"കഴിഞ്ഞ മാസം രക്തം കൊടുക്കാന്‍ പോയപ്പോള്‍ ആശുപത്രിപരിസരത്ത് ഒരു നോട്ടീസ് കണ്ടു A+ ഗ്രൂപ്പില്‍ പെട്ട ഏതോ ഒരു അറബിക്കു "കിഡ്‌നി" ആവശ്യം ഉണ്ടെന്ന്..മാന്യമായ ഒരു പാരിതോഷികം പറഞ്ഞിരിക്കുന്നു. A+ രക്ത ഗ്രൂപ്പുകാരനായ ഷമീര്‍ അതിലെ നമ്പരില്‍ വെറുതെ വിളിച്ചു നോക്കിയെങ്കിലും അവന്റെ എല്ലാ പ്രശനങ്ങള്‍ക്കും പരിഹാരം അതിലൂടെ ലഭിക്കുമെന്നറിഞ്ഞു സമ്മതിക്കുകയായിരുന്നു...
"അല്ല നമ്മുക്കു സത്യത്തില്‍ ഒരു കിഡ്‌നിയുടെ ആവശ്യമേയുള്ളു ദൈവം ഒന്ന് എക്സ്‌ട്രാ തന്നെതല്ലെ...അതു കൊണ്ട് ഒരാളുടെ ജീവന്‍ രക്ഷിക്കാനായാല്‍ നല്ലതല്ലെ..പിന്നെ അടുത്തതു കേടുവന്നാല്‍...ഹ.ഹാ രണ്ടു കിഡ്‌നി ഉള്ളവര്‍ തന്നെ പിടഞ്ഞു വീണു മരിക്കുന്നില്ലെ..." അതൊക്കെ ദൈവത്തിന്റെ കയ്യിലാണ്...ഇപ്പോള്‍ ഇതിലൂടെ എന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായില്ലെ...സഹോദരിമാരുടെ സ്വര്‍ണ്ണം ഒക്കെ തിരികെ എടുത്തു കൊടുത്ത്. കടങ്ങള്‍ ഒക്കെ വീട്ടി. ഇളയ സഹോദരിയുടെ വിവാഹം നടത്തി....
ചിരിക്കാന്‍ ശ്രമിക്കുമ്പോഴും അവന്റെ മനസിലെ കരച്ചില്‍ കണ്‍കോണുകളിലൂടെ ആ കൂട്ടുകാര്‍ക്കെല്ലാം വ്യക്തമായി കാണാമെങ്കിലും..ഒന്നും പറയാനാവാത്ത അവസ്ഥയിലായിരുന്നു അവര്‍...
ആവന്റെ തീരുമാനം തെറ്റോ ശരിയോ..?
തെറ്റെങ്കില്‍ ആരാ ഉത്തരവാദി...?
അളിയന്മാരോ... അതൊ സഹോദരിയൊ..
അല്ലെങ്കില്‍ സമൂഹമോ...
അതുമല്ലെങ്കില്‍ സാക്ഷാല്‍ ദൈവമോ...
ഷമീര്‍..ഇന്നും ഇവിടെ ജീവിക്കുന്നു ഒരുപാട് പുതിയ ഷമീര്‍ മാര്‍ക്കു ഒരു പാഠമായി.....

താരോദയം (ചെറുകഥ)

on Saturday, June 9, 2007

"കോളേജില്‍ പഠിപ്പിക്കാന്‍ വിട്ടാല്‍ പഠിക്കാതെ വല്ലവന്റേയും ഒക്കെ പുറകേപോയി വരുത്തിവച്ചതു കണ്ടില്ലേ....!"
"എന്തിനേറെ ഇതുപോലൊരെണ്ണം മതിയല്ലോ കുടുമ്പത്തിന്റെ മാനം കളയാന്‍...!"
അതെങ്ങിനെയാ...എത്ര വന്നാലും അമ്മയുടെതല്ലെ മോള്..
ഈ കൂരമ്പുകള്‍ ഓരോന്നും ഞാന്‍ പ്രതീക്ഷിച്ചതു തന്നെയാണ് .. അതു കൊണ്ടാണ് എന്റെ തീരുമാനം നൂറു ശതമാനവും ശരിയാണെന്നു വിശ്വസിക്കുന്നത്..അമ്മയുടെതല്ലെ മോളെന്ന്‍... ശരിയാ എല്ലാ സുഖസൗഭാഗ്യങ്ങളുടേയും വിളനിലമായിരുന്ന വലിയ വീട്ടില്‍ തറവാട്ടിലെ ഏക മകളായിരുന്നു ദേവകിയമ്മ എന്ന എന്റെ അമ്മ. അല്ലലറിയാത്ത ആ ജീവിതത്തിനിടയില്‍ കണ്ടുമുട്ടിയ അഛ്ചന്റെ സമ്പത്തിലും സൗന്ദര്യത്തിലുമല്ല, മറിച്ച് ആദര്‍‌ശങ്ങളിലും പെരുമാറ്റങ്ങളിലുമായിരുന്നു അമ്മ ആകര്‍ശിക്കപെട്ടത്. അതുകൊണ്ടു മാത്രമായിരുന്നല്ലോ തറവാട് ഒന്നടങ്കം വിചാരിച്ചിട്ടും അവരെ വേര്‍പെടുത്താനാവാതിരുന്നത്. അതോടെ അവര്‍ അമ്മയെ പടിയടച്ചു പിണ്ഡം വക്കുകയായിരുന്നു. ഒക്കെ വ്യഥാവിലായിരുന്നു എന്നു അമ്മക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടാകുമോ? ആരൊടും അധികമൊന്നും സംസാരിക്കതെ അടുക്കളയില്‍ ഒതുങ്ങി കൂടുകയായിരുന്നു പിന്നീടമ്മ. പച്ചവിറക് ഊതി തളര്‍ന്ന് ചുമക്കുന്ന അമ്മയുടെ ചിത്രം ഇപ്പോഴും എന്റെ മനസിലെവിടെയോ മായാതെ നില്‍ക്കുന്നു.വര്‍ഷങ്ങള്‍ക്കു ശേഷവും അമ്മ സമൂഹത്തിനു മുന്നില്‍ വേലിചാടിയവള്‍!
മനു..!
സൈബര്‍ കഫേയിലെ ഇരുണ്ട മുറിയിലെ സ്വകാര്യചാറ്റിഗിനിടെ വീണുകിട്ടിയ ഒരു സുഹ്രുത്ത്. പ്രേമത്തിന്റെ നനുനനുത്ത കുളിരും സുഗന്ധവും തന്റെ ഹൃദയത്തെ തൊട്ട ഏതോ നിമിഷത്തില്‍ ആ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. മനുവിനു എന്നെ ജീവനായിരുന്നല്ലൊ..എന്നിട്ടും..?മനുവിന്റെ ഓരൊ വാക്കുകളിലും സ്‌നേഹത്തില്‍ ചാലിച്ച മധുരമായിരൂന്നു. മനുവിന്റെ ഓരൊ ഈമെയിലുകളും വായിച്ച് ഒരായിരം കുളിര്‍ കണങ്ങള്‍ല്ലെ തന്റെ മനസില്‍ പെയ്തിറങ്ങിയത്.പിന്നീട് പലപ്പോഴും നേരില്‍ കണ്ടു. പ്രകൃതിയുടെ കലാവൈഭവം മുഴുവന്‍ പ്രകടമാക്കപ്പെട്ട ഒരുപാടു മനോഹര സന്ധ്യകളില്‍ കടല്‍തീരത്തെ മണല്‍ പരപ്പില്‍ മനുവിനോടൊപ്പം കണ്ട സൂര്യാസ്‌തമയങ്ങല്‍..!
അന്നു മനുവിന്റെ ജന്മദിനത്തില്‍ എന്നെ ഒരു വിശിഷ്‌ടാതിഥിയായി ക്ഷണിച്ചപ്പോള്‍, മറ്റൊന്നും ആലോചിക്കാതെ ഹോസ്റ്റല്‍ വാര്‍ഡനോടു കളവു പറഞ്ഞു മനുവിനോടൊപ്പം പോയ ദിവസം. മനുവിന്റേതെന്നു പറഞ്ഞ വീട്ടില്‍ മറ്റാരും ഇല്ലാഞ്ഞിട്ടും, അവരൊക്കെ എന്തിനോ പുറത്തു പോയിരിക്കുകയാണെന്ന മനുവിന്റെ വാക്കുകളെ അവിശ്വസിക്കത്തക്ക പക്വത എനിക്കില്ലായിരുന്നു.മനുവിന്റെ A/C മുറിയില്‍ സംസാരിച്ചിരിക്കുന്നതിനിടയില്‍ ആ കൈവിരലുകള്‍ തന്റെ ശരീരത്തില്‍ കുസൃതി കാട്ടാന്‍ തുടങ്ങിയപ്പോഴും തടയുവാനോ ഒരു നോട്ടം കൊണ്ടു പോലും വിലക്കുവാനൊ കഴിഞ്ഞില്ല. പിന്നീടെപ്പോഴോ ആ കരവലയത്തിനുള്ളില്‍ ഒരു പൂച്ചക്കുഞ്ഞിനെ പോലെ ഒതുങ്ങുമ്പോഴും കൗമാരത്തിന്റെ ചാപല്യവും പക്വതയെത്താത്ത മനസിന്റെ അധമ വികാരങ്ങളും കാരണമാകാം ഞാനറിയാത്ത ഒരു നിമിഷത്തെ ദൗര്‍ബല്യതയില്‍ തല്ലിലെ സ്ത്രീത്വം ഒരു റോസാപുഷ്പം പോലെ ആ വണ്ടിനു മുന്നില്‍ സമര്‍പ്പിക്കപെടുകയായിരുന്നു. അന്നിന്റെ ബാകി പത്രമെന്നോണം ജീവന്റെ ഒരു ചെറുതുടിപ്പ് അടിവയറ്റില്‍ രൂപം കൊള്ളുന്നത് ഞാനറിഞ്ഞു..
ഏതോ മരുന്നുകള്‍ കൊണ്ടു അതിനെ ചിലതുള്ളി ചോരയായി മാറ്റുവാനുള്ള മനുവിന്റെ സ്‌നേഹത്തോടെയുള്ള ഉപദേശത്തിനു എന്നിലെ മാതൃത്വം എതിര്‍ത്തതുകൊണ്ടാകാം എന്നെ തനിച്ചാക്കി മനു എങ്ങോ പോയി മറഞ്ഞു..ഒരു യാത്ര പോലും പറയാതെ..!
വീട്ടിലറിഞ്ഞു..
എന്നെ പ്രാകികൊണ്ട് ചട്ടുകവും വിറകുകൊള്ളികളും കോണ്ടു തല്ലാന്‍ ഓങ്ങുകയും അടുത്ത നിമിഷം തലയില്‍ കൈകള്‍ വച്ച് നിലത്തിരുന്നു പൊട്ടിക്കരയുകയും ചെയ്ത അമ്മ.
എല്ലാ ദേശ്യവും ഒരുമിച്ചു കൂട്ടി തന്റെ കവിളില്‍ ആഞ്ഞടിച്ച് മറ്റൊന്നും മിണ്ടാതെ പുറത്തേക്കുപോയ ഏട്ടന്‍
ഒന്നു ദേശ്യപ്പെടുകപോലും ചെയ്യാതെ, എന്നെ നെഞ്ചോട് ചേര്‍ത്തണച്ച് തലയില്‍ തലോടിക്കോണ്ടിരുന്ന അഛ്ചന്‍. സജലങ്ങളായ കണ്ണുകള്‍..അതെ, അഛ്ചന്‍ കരയുന്നത് ഞാനാദ്യം കാണുകയായിരുന്നു. പിന്നീട് എന്റെ ദൃഢനിശ്ചയത്തിനു വഴങ്ങി എന്നിലെ ജീവന്‍ വളരാന്‍ അവര്‍ മൗനാനുവാദം തരികയായിരുന്നു. പക്ഷെ തന്റെ കുഞ്ഞിനു ജന്മം നല്‍കുന്നതോടെ മറ്റൊരനാഥകൂടി ഈ ലോകത്തു പിറക്കുകയാവുമല്ലോ...ആളുകളുടെ പരിഹാസപാത്രമായി..ശിഷ്‌ടകാലം മുഴുവന്‍ തന്റെ കൂടുമ്പം ഈ വിഴുപ്പ് അലക്കേണ്ടി വരില്ലേ..? നാളെ ആ കുഞ്ഞിനേയും ജനം മുദ്ര കുത്തും അമ്മയുടെതല്ലെ മോളെന്ന്. അങ്ങിനെയാണ് ഞാന്‍ ആ തീരുമാനത്തിലെത്തിയത്. എനിക്കു ദാനം തന്ന എന്റെ ജീവനെ ദൈവസമക്ഷം തിരികെ ഏല്‍പ്പിക്കുക. ഒപ്പം എന്നില്‍ വളരുന്ന ജീവാംശത്തേയും..ഒരിക്കല്‍ റെയില്‍ പാളത്തില്‍ കാത്തിരുന്നു തന്റെ കാലനു വേണ്ടി. പക്ഷേ അലറിപാഞ്ഞു വന്ന ആരയിരം കാലുള്ള ആ ഒറ്റകണ്ണന്‍ രാക്ഷസനെ അടുത്തു കണ്ടപ്പോഴെ ഭയന്നു പിന്മാറി. പിന്നീടൊരിക്കല്‍ എവിടുന്നോ കിട്ടിയ ഒരു മരുന്നു കുപ്പിയുടെ ലേബലില്‍ നിന്നു ഞാനറിഞ്ഞു ഒരാളെ നിസാരമായി കൊല്ലാനുള്ള ശക്തി ആ മരുന്നിനുണ്ടെന്ന്. ആ കുപ്പിയുമായി പല മെഡിക്കല്‍ സ്‌റ്റോറുകളിലും ചെന്നെങ്കിലും തിരക്കോഴിയാഞ്ഞതിനാല്‍ മടങ്ങേണ്ടി വന്നു. ജനങ്ങലുടെ ആരോഗ്യസുരക്ഷയില്‍ ശാസ്ത്രം കൂടുതല്‍ ശ്റദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ രോഗങ്ങളും പുതിയ തരത്തിലും രൂപത്തിലും അവതരിക്കുന്നു അല്ലെ..?
മാസപരിശോധനക്കു ഡോക്‌ടറെ കണ്ടശെഷം ആശുപത്രിയുടെ ആറാം നിലയുടെ ജനലരികില്‍ നില്‍ക്കുമ്പോഴായിരുന്നു മനസിലെ ഉള്‍വിളി. "ഇതാണെന്റെ വഴി"..താഴേക്കു നോക്കുമ്പോള്‍ തന്നെ ഭയമായിരുന്നു. പണ്ട് ഓണക്കാലത്ത് ഏട്ടന്‍ എന്നെ ഊഞ്ഞാലില്‍ ഇരുത്തി ആട്ടുമ്പോള്‍ അല്പം ഉയരത്തിലെത്തിയാല്‍ വാവിട്ടു കരയുന്ന തനിക്കകുമോ ഈ ആറാം നിലയില്‍ നിന്നും..?ഊഞ്ഞാലാടുമ്പോള്‍ പേടി തോന്നാതിരിക്കാന്‍ ഏട്ടന്‍ പറഞ്ഞു തന്നതു പോലെ കണ്ണുകല്‍ ഇറുക്കി അടച്ചു....കണ്ണു തുറന്ന ഏതോ നിമിഷാര്‍ധത്തില്‍ ഞാന്‍ കണ്ടു.. ഭൂമിയില്‍ ഞാനൊഴികെ എല്ലാം അങ്ങു അങ്ങു മുകലിലോട്ടു പോകുന്നു..ഏകയായി ഞാന്‍ മാത്രം...തന്റെ കുഞ്ഞ് അടിവയറ്റില്‍ ആഞ്ഞു ചവിട്ടുന്നു..അമ്മയുടെ ഹൃദയതുടിപ്പികളറിയുന്ന ആ കുരുന്നറിഞ്ഞിരിക്കുമോ താന്‍ ലക്ഷ്യത്തില്‍ എത്താതെ തിരികേ പോകേണ്ടി വന്ന യാത്രികനാണെന്നു..?
വെളുത്ത തുണിയില്‍ പൊതിഞ്ഞു തറയില്‍ കിടത്തിയിരിക്കുന്ന തന്നെ ഒന്നു നോക്കിയിട്ടു പുറത്തു കൂടി നില്‍ക്കുന്നവര്‍ ചെറു സംഘങ്ങളായി ഈ സമസ്യക്ക് ഉത്തരം കണ്ടെത്തുവാന്‍ തലപുകക്കുകയാവും..
"പഠിക്കുവാനും ഫീസടക്കുവാനും പണമില്ലാഞ്ഞിട്ടാകും.."
"ആരെങ്കിലും പ്രേമിച്ചു വഞ്ചിച്ചതായിരിക്കും..."
'ഹേയ്..വല്ല പെണ്‍വാണിഭത്തിലും പെട്ടതായിരിക്കും.."
കരഞ്ഞു തളര്‍ന്നുറങ്ങുന്ന അമ്മ...
പറമ്പിലെവിടേയോ നിര്‍വികാരനായി ഇരിക്കുന്ന അച്ഛന്‍..
ഒരായിരം നെരിപ്പോടുകള്‍ നെഞ്ചിലൊതുക്കി ശേഷക്രിയകള്‍ക്കായി യാന്ത്രികമായി ഓടിനടക്കുന്ന ഏട്ടന്‍...ജീവച്ഛവമായിരിക്കുന്ന അച്ഛനോടൊപ്പമിരുന്നു പത്രക്കാരുടെ ക്യാമറക്ക് മുന്നില്‍ സങ്കടപ്പെടുന്ന വിവിധ രാഷ്ട്രീയ നേതാക്കള്‍.ഒന്നു പൊട്ടിച്ചിരിച്ചാസ്വദിക്കാനുള്ള കാഴ്ചകള്‍...എന്തു ചെയ്യാം ..കഴിയില്ലല്ലൊ...
തെക്കേലെ കര്‍പ്പൂരമാവാണ് ചിതയൊരുക്കാന്‍ വെട്ടുന്നത് എന്നാരോ പറഞ്ഞു കേട്ടു..നന്നായി.., തന്നോടൊപ്പം എരിഞ്ഞമരാന്‍ എന്തുകൊണ്ടും യോഗ്യത ആ കര്‍പ്പൂര മാവിനാണല്ലോ..അച്ഛന്‍ നട്ടതാണെന്നാണ് കേട്ടിട്ടുള്ളത്..പഠനകാലത്തെ ഒഴിവു ദിനങ്ങലില്‍ ആ മവിന്റെ താഴെകൊമ്പില്‍ മലര്‍ന്നു കിടന്നു പുസ്തകം വായിച്ചു പഠിക്കുമ്പോള്‍ ഒരായിരം രാമച്ചവിശറികള്‍ പോലെ ആ ഇലകള്‍ എന്നെ വീശുമായിരുന്നല്ലോ..? താന്‍ കിടക്കുന്ന ശിഖരം കാറ്റില്‍ മെല്ലെ ആടുമ്പോള്‍ നെഞ്ചോടു ചേര്‍ത്തു താരാട്ടു പാടുന്ന അമ്മയുടെ കൈകളില്‍ എന്നപോലെ അറിയാതെ എത്ര തവണ ഉറക്കത്തിലേക്കു വഴുതി വീണരിക്കുന്നു..! പക്ഷെ, ഉറക്കത്തില്‍ ഒരിക്കല്‍ പോലും ആ ശിഖരത്തില്‍ നിന്നും മറിഞ്ഞു വീണിട്ടില്ലെന്നത് ഇപ്പോഴും എന്നെ അത്ഭുതപ്പെടുത്തുകയാണ്. മരങ്ങള്‍ക്കും ജീവനുണ്ടെന്നത് എത്ര സത്യം..!!ആ കര്‍പ്പൂരമാവും തന്നോടൊപ്പം മരിച്ചു..അല്ല കൊന്നു..!പ്രാണന്‍ ശരീരം വിട്ടകലുന്ന ഒരു നിമിഷത്തില്‍ ഞാനനുഭവിച്ച വേദനയിലും എത്രയോ കൂടുതലാവും ഈ കര്‍പ്പൂര മാവ് അനുഭവിച്ചിരിക്കുക..?"
ചിത ഒരുങ്ങി കഴിഞ്ഞെന്നു ആരൊ പറയുന്നു..
"അലറി കരയുന്ന അമ്മ...ആരുടെയോ തോളില്‍ ചാഞ്ഞു കിടക്കുന്ന ഏട്ടന്‍..യാന്ത്രികമായി നടന്നു നീങ്ങുന്ന അച്ഛന്‍..
തന്നെ നാലഞ്ചു പേര്‍ ചേര്‍‌ന്നെടുക്കുന്നു..ഒരപ്പൂപ്പന്‍ താടിയുടെ ഭാരം പോലും തനിക്കു തോന്നുന്നുല്ലെല്ലൊ...എന്നിട്ടും നാലഞ്ചു പേരോ...?
യാത്ര പറയുന്നില്ല എന്നാലും ...പോട്ടെ..,
ഈ ആള്‍ക്കൂട്ടത്തില്‍ എവിടെയെങ്കിലും മനുവുമുണ്ടാകുമോ...ആവോ...എന്നെ ഒന്നു വന്നു കണ്ടെങ്കില്‍..എനിക്കവനോട് ഒരു വെറുപ്പുമില്ലെന്നും..സ്‌നേഹമേയുള്ളുവെന്നും എന്റെ നിര്‍ജ്ജീവമായ മുഖത്തു നിന്നും വായിക്കാന്‍ അവനു കഴിഞ്ഞേനേ...!
ഈ ഗ്രാമത്തേയും ഇവിടുത്തെ അരുവികളേയും മലകളേയും പറവകളേയും പിന്നെ അച്ഛന്‍ അമ്മ ഏട്ടനേയും കണ്ടും അവര്‍‌ക്കൊപ്പം കഴിഞ്ഞും കൊതി തീര്‍ന്നിട്ടില്ലെനിക്ക്.എന്നാലും പോവാതെ തരമില്ലല്ലോ...മരിച്ചവര്‍ നക്ഷത്രങ്ങളായി പുനര്‍ജനിക്കും എന്നല്ലെ..ശേഷകാലം ഒരു നക്ഷത്രമായുദിച്ച് ഒക്കെ കൊതി തീരുവോളം കണ്ണൂച്ചിമ്മാതെ കണ്ടോളാം...
നാളെ ഏതെങ്കിലും ഒരു പൗര്‍‌ണ്ണമിരാവില്‍ തെളിഞ്ഞ ആകാശത്ത് അങ്ങു ദൂരെ ഒരു കുഞ്ഞു നക്ഷത്രം നിങ്ങളെ നോക്കി ചിമ്മുന്നതു ശ്രദ്ധയില്‍ പെട്ടാല്‍ ഒരു ചിരിക്കാന്‍ മറക്കല്ലെ...
രുപക്ഷേ അതു ഞാനാവാം ...
നിങ്ങളുടെ താരാ...
താരാ വിജയന്‍.....

ഒരു പെണ്ണുകെട്ടാനുള്ള പാടെയ്.......

on Tuesday, June 5, 2007

അങ്ങിനെ ഞാന്‍ അഛന്റെയും അമ്മയുടെയും കാതിനു കുളിരു കോരുന്ന ആ വാര്‍ത്ത അറിയിച്ചു...
വിവാഹത്തിനു ഞാന്‍ തയ്യാര്‍...!
അല്ലേലും വയസ്സു മുപ്പത്തിരണ്ടായി ഇനിയും നീട്ടിവക്കുന്നതു ശരിയല്ലല്ലോ.സത്യത്തില്‍ ഇത്രയും വൈകിയതു തന്നെ മനപ്പൂര്‍വമല്ലായിരുന്നു..
"വിധി..., അല്ലാതെന്തു പറയാനാ...!"
നമ്മുടെ രാഷ്‌ട്രപിതാവിന്റെ ആദര്‍ശനങ്ങളില്‍ വിശ്വസിച്ചിരുന്ന ഞാന്‍ അദ്ധേഹം പതിനാറില്‍ വേളികഴിച്ചപ്പോള്‍ ഞാന്‍ ഒരു പതിനെട്ടിനെങ്കിലും കെട്ടിയില്ലെങ്കിലെങ്ങിനെയാ.. മോശമല്ലേ,,,,?അതിന്റെ ആദ്യപടിയായി ഒരു ജോലി കണ്ടെത്തണം..!അങ്ങിനെ പരിചയത്തിലുള്ളതും അല്ലാത്തതുമായ ഈ ഭൂമി മലയാളത്തിലെ ഒരുപാട്‌ ഗള്‍ഫുകാരുടെ കൈയും കാലും പിടിച്ച്‌ ഒരു വിസ സംഘടിപ്പിച്ചു ഒരു വിധം കഷ്‌ടപ്പെട്ടു ഗള്‍ഫിലെത്തി. അതിലും കഷ്‌ടപ്പെട്ട്‌ ഇവിടുത്തെ ദിവസങ്ങളെ ഉന്തിത്തള്ളി നീക്കി...അവാര്‍ഡു സിനിമ പോലെ ഇഴഞ്ഞു നീങ്ങിയ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യ അവധിക്കു നാട്ടിലെത്തി...വീട്ടുകാര്‍ കല്ല്യാണാലോചനകളുടെ ബഹളവും തുടങ്ങി...ഗാന്ധിയനായതു കൊണ്ടാകും എനിക്ക്‌ ഒരു നിബന്ധനയുണ്ടായിരുന്നു, "സ്‌ത്രീധനം വേണ്ടേ വേണ്ട...!"ഒരു പാവപ്പെട്ട കുടുമ്പത്തിലായിരുന്നു ആദ്യ പേണ്ണുകാണല്‍...!സുഭാഷിണി....സുന്ദരി..! കൂടുതലൊന്നും വിവരിക്കന്‍ അറിഞ്ഞു കൂടാത്തതു്‌ കൊണ്ടു പറയട്ടെ..ആകെക്കൂടി ഒരു കൊക്കോകൊള ബോട്ടില്‍ മാതിരിയുള്ള ശരീരഘടന..!!
അങ്ങിനെ പെണ്ണു കാണല്‍ ചടങ്ങിനിടയില്‍ ഞങ്ങള്‍ക്ക്‌ സ്വകാര്യമായി സംസാരിക്കാന്‍ അനുവദിച്ചു കിട്ടിയ രണ്ടുമിനിട്ടിനുള്ളില്‍ അവള്‍ കാലിന്റെ തള്ളവിരല്‍കൊണ്ടു തറയില്‍ ഇന്ത്യയുടെയും പാക്കിസ്ഥന്റെയും ഭൂപടം വരച്ചു തീര്‍ത്തു...!!കാലുകൊണ്ടു ഇത്ര നന്നായി പടം വരക്കുന്ന ഇവള്‍ കൈകൊണ്ടു്‌ എത്ര പടങ്ങള്‍ വരക്കും എന്നോര്‍ത്തു നോക്കിക്കെ...!
വീട്ടില്‍ ചെന്ന്‌ അമ്മയോട്‌ എന്റെ സ്റ്റാന്റ്‌ അവതരിപ്പിച്ചു..."ഞാന്‍ വിവാഹം കഴിക്കുന്നുവെങ്കില്‍ അതു സുഭാഷിണിയെ മാത്രമായിരിക്കും....പിന്നെ അധികം ലീവില്ലാത്തതു കൊണ്ടു കാര്യങ്ങള്‍ ഒക്കെ വേഗം വേണം..."പിറ്റേന്നു രാവിലെ വീട്ടില്‍ എല്ലവരും കണികണ്ടതു ബ്റോക്കര്‍ പരമുവിനെ ആയിരുന്നു...പരമു്‌ പറഞ്ഞു..
"പെണ്ണിനും വീട്ടുകാര്‍ക്കും ചെക്കനെ ഇഷ്‌ടപ്പെട്ടു..പക്ഷേ സ്‌ത്രീധനം ഒന്നും വേണ്ട എന്നു പറഞ്ഞപ്പോള്‍ അവര്‍ക്കൊരു സംശയം, ഇന്നത്തെ കാലത്ത്‌ ആരാ സ്‌ത്രീധനം ഒന്നും വേണ്ടെന്നു പറയുക..? അവരു പറയുന്നതു ചിലപ്പോള്‍ ഗള്‍ഫിലെ ജോലി നഷ്‌ടപ്പെട്ടു വന്നതാവും അതാ ഒന്നും വേണ്ട എന്നു പറയുന്നതെന്നാത്രേ...""
ഭ്ഭ്‌ആ..." എന്നാട്ടാന്‍ അമ്മ വയ്‌ തുറന്നപ്പോഴേക്കും നാലുംക്കൂട്ടി മുറുക്കിയതിന്റെ ചുവന്ന അവശിഷ്‌ടങ്ങള്‍ അമ്മയുടെ വായില്‍നിന്നും പരമുവിന്റെ വസ്ത്രത്തിലേക്കു സാമന്യം നന്നായിതന്നെ തെറിച്ചു..അതും തുടച്ചു വേഗം പുറത്തേക്കോടിയതിനാല്‍ അമ്മയുടെ ബാക്കി വായിലിരുപ്പ്‌ കേല്‍ക്കേണ്ടി വന്നില്ല..ഭാഗ്യവാന്‍...!!!
പരമു തന്നെ വേറെ ഒന്നു ചാന്‍സും ആയി എത്തി..സുശീല....!ആദ്യ ദര്‍ശനത്തില്‍ തന്നെ എന്റെ മനസു മന്ത്രിച്ചു: "ഇതാണു തന്റെ പെണ്ണു്‌"ആദ്യത്തേതു മുടങ്ങിയതു ഭാഗ്യം...!!ഇല്ലേല്‍ ഇതേ പൊലൊരു സുന്ദരിയെ കിട്ടുമായിരുന്നൊ....?പിറ്റേന്നു രാവിലെ തന്നെ പരമു പാഞ്ഞെത്തി...പരമു പറഞ്ഞു.."വീട്ടുകാര്‍ക്കൊക്കെ ഇഷ്‌ടപ്പെട്ടു..പക്ഷെ പെണ്ണിനു്‌ ചെറിയ ഒരിഷ്‌ടക്കേട്.."ഞാന്‍ ശരിക്കും തകര്‍ന്നു പോയി....!എല്ല ഗള്‍ഫുകാരേയും പോലെ എനിക്കും കിട്ടിയ രണ്ടു 'ഗള്‍ഫ്‌ അടയാളങ്ങളായിരുന്നു ഇത്തവണത്തെ വില്ലന്‍നെറ്റി മുതല്‍ ഉച്ചി വരെയുള്ള ഭാഗത്തെ മുടി മുക്കാലും കൊഴിഞ്ഞു പോയി.."അതെന്റെ കുറ്റമാണൊ..?ഇവിടുത്തെ വെള്ളത്തിന്റെ കുറ്റമല്ലെ..?പിന്നെ പഴയ KSRTC ബസ്സു്‌ പോലെ അടിവയര്‍ അല്പം മുന്നോട്ട്‌ തള്ളിയാണിരിക്കുന്നത്..അതും എന്റെ കുഴപ്പമല്ലല്ലൊ...ഗള്‍ഫിലെ ഒട്ടകപാലിന്റെ കൊഴുപ്പല്ലെ...?അവസാനം പ്രിയദര്‍ശന്‍ സിനിമകളുടെ ക്ളൈമാക്സ്‌ പോലെ കലങ്ങിയ കണ്ണും മനസുമായി്‌ തിരികെ ഗള്‍ഫിലേക്ക്‌ വിമാനം കയറി.
വിവാഹമേ വേണ്ടെന്നും തീരുമാനിച്ചു..ഇപ്പോള്‍ ലീവിനെത്തിയതു മുതല്‍ അഛന്റെയും അമ്മയുടെയും നിര്‍ബന്ധം വീണ്ടും തുടര്‍ന്നു..വയസ്സായില്ലെ ഇനിയെങ്കിലും അവര്‍ക്കു ഒരു കുഞ്ഞിക്കാലു കാണണം പോലും..!അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി പഴയ DCC കാരെ പൊലെ ഞാന്‍ മനസ്സുമാറ്റി...!പിറ്റെന്നു തന്നെ പരമു ലാന്റു ചെയ്തു..!ഞങ്ങള്‍ എല്ലാവരും പരമുവിന്റെ ചുറ്റും കൂടി...അമ്മയുടെ മുറുക്കാന്‍ സ്‌പ്രേ ഏല്‍ക്കാതിരിക്കാന്‍ പരമു ഒരു "സേഫ്‌ ഡിസ്റ്റന്‍സ്‌" കീപ്പ്‌ ചെയ്താണു്‌ നിന്നത്‌.കുറെ ലലനാമണികളുടെ ചിത്രങ്ങള്‍ മേശപുറത്തിട്ടിട്ട്‌ പരമു പറഞ്ഞു..:
ഇതില്‍ ഇഷ്‌ടപ്പെട്ടത്‌ ഒന്നു സെലക്‌ട്‌ ചെയ്തേ...
ചീട്ടെടുക്കാന്‍ വരുന്ന തത്തയെ പോലെ അമ്മയുടെ കൈ ഫോട്ടോയിലേക്ക്‌ നീണ്ടപ്പോള്‍ ഞാന്‍ കണ്ണടച്ചു പ്രാത്ഥിച്ചു..."അമ്മയുടെ സ്‌ഥാനാര്‍ത്ഥി നിര്‍ണയം ഒട്ടും മോശാവല്ലേന്ന്..."
തമ്മില്‍ ഭേദപ്പെട്ട ഒരു തൊമ്മിയെ തന്നെ അമ്മ സെലക്‌ട്‌ ചെയ്തു...!അടുത്ത ദിവസം തന്നെ പരമുവിന്റെ ഫോണ്‍ എത്തി..."മോന്‍ നാളെ ഒരു കൂട്ടുകാരനുമായി ആ പെണ്ണിനെ പോയൊന്നു കാണ്`"
പിന്നെയും പ്രശ്നങ്ങള്‍...ആരെയാ കൂടെ കൊണ്ടു പോകുക..? ഇനിയും അബദ്ധങ്ങള്‍ ഒന്നും പറ്റരുതല്ലോ...!
മനോ ആയാലോ...?
വെളുത്തു തുടിച്ചു മുടിഞ്ഞ ഗ്ളാമറല്ലെ അവനു...അതു വേണ്ട...
പവിത്രനായാലോ...?അവന്‍ ഗവണ്‍മെന്റ്‌ ജോലിക്കാരനാണ്` പിന്നെ അവിവാഹിതനും, ഇവിടെ ഗവണ്‍മെന്റു ജോലിക്കാരെ ചാക്കിട്ടു പിടിക്കാന്‍ നോക്കിയിരിക്കുകയല്ലെ പെണ്‍കുട്ടികളുടെ ഫാദേഴ്സ്‌..അതും ശരിയാവില്ല...
ആവസാനം നറുക്കു വീണത്‌ ഡേവിഡിനു..!അപ്പോള്‍ തന്നെ അവനെ വിളിച്ചു കാര്യങ്ങള്‍ ഏര്‍പ്പാടാക്കി...പിറ്റേന്നു രാവിലെ ക്രിത്യസമയത്തു തന്നെ ഡേവിഡ്‌ എത്തി രാഹുകാലമൊക്കെ നോക്കി, പരമു കുറിച്ചുതന്ന പെണ്‍വീട്ടിലേക്കുള്ള റോഡ്‌ മാപ്പും പോക്കറ്റില്‍ കരുതി മുപ്പത്തിമുക്കോടി ദൈവങ്ങളേയും വിളിച്ചു പ്രാത്ഥിച്ചു കൊണ്ടിറങ്ങി.
ഡേവിഡ്‌ ബൈക്ക്‌ ഓടിച്ചു...ഞാന്‍ പുറകില്‍ ഇരുന്നു"മാപ്പ്‌" നോക്കി വഴിപറഞ്ഞു കൊടുത്തു.
സിറ്റിയില്‍ നിന്നും നാലുകിലോമീറ്റര്‍ മാറി പഞ്ചായത്തു കിണര്‍...അവിടുന്നു ഇടത്തോട്ടുള്ള മൂന്നാമത്തെ വഴിയിലൂടെ എഴാമത്തെ വീട്‌..!മുന്‍വശം വാര്‍ത്ത വീട്..മുറ്റത്തൊരു കിണര്‍..!ഇതുതന്നെ വീട്‌ !.വണ്ടിയിലിരുന്നു തന്നെ ആ വീട്ടിലേക്ക്‌ ഒന്നു നോക്കി..വാതുക്കല്‍ തന്നെ അറുപതിനോടടുത്ത ഒരാള്‍..ഒപ്പം അയാളുടെ ഭാര്യയെ പോലെ തോന്നുന്ന ഒരു സ്‌ത്രീ.. പിന്നെ മറ്റൊരു മുപ്പതുകഴിഞ്ഞ പെണ്ണും!! നിറഞ്ഞ ചിരിയുമായി ഞങ്ങളെ വരവേറ്റു.സ്വീകരിച്ച്‌ അകത്തെകാനയിക്കപ്പെട്ടു.

കയറി ഇരുന്ന ഉടനെ കിളവന്റെ കത്തി തുടങ്ങി....യത്ര സുഖായിരുന്നോ...?വീടു കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടിയോ ...?ഇത്യാതി ഫോര്‍മലിറ്റികള്‍ക്കു ശേഷം പട്ടാളക്കാരനായ അയാള്‍ "കീര്‍ത്തിചക്ര" സിനിമയെ വെല്ലുന്ന പട്ടാള കഥകള്‍ പറയാന്‍ തുടങ്ങി..ചക്യാര്‍കൂത്തുപൊലെയുള്ള അയാളുടെ കഥകള്‍ കേട്ട്‌ സഹനത്തിന്റെ ഉച്ചസ്‌ഥായില്‍ ഇരിക്കുമ്പോള്‍ ആശ്വാസത്തിന്റെ ഒരു പദചലനം ആദ്യം കണ്ട മുപ്പതുകാരിയാണ്` ഞങ്ങള്‍ക്കും പിന്നെ പട്ടാളക്കാരനും ഓരോ ജ്യൂസുമായാണു്‌ വരവ്..!
"ഇതാവുമോ ഇനി പെണ്ണ്`...?"
അമ്പരന്നിരിക്കുമ്പോള്‍ കിളവന്‍ പറഞ്ഞു..."
ഇതാണു എന്റെ മരുമകള്‍...നമ്മുടെ രവിയുടെ ഭാര്യയേ..."
ആശ്വാസത്തൊടെ ജ്യൂസു വങ്ങി കുടിക്കുന്നതിനിടയില്‍ ഞാനോര്‍ത്തു.."അല്ല.., നമ്മുടെ രവിയോ..? ഏതാ ഈ രവി...?ഇടവേള കഴിഞ്ഞു സിനിമ തുടരും പോലെ ജ്യൂസു കുടിച്ചു കഴിഞ്ഞു പൂര്‍വാധികം ശക്തിയോടെ അയാള്‍ പട്ടാള കഥകള്‍ തുടര്‍ന്നു..ക്ഷമ നശിച്ച് ഡെവിഡിന്റെ ചുമലില്‍ മെല്ലെ തട്ടി പതുക്കെ ചെവിയില്‍ ഞാന്‍ പറഞ്ഞു.."മിഴിച്ചിരിക്കതെ കാര്യം പറയെടാ....!"ഒന്നു ചെരിഞ്ഞിരുന്നു ഡേവിഡ് അയാളോട് പറഞ്ഞു.."ഞങ്ങള്‍ക്ക് പോയിട്ടൊരല്‍പ്പം ധ്യതിയുണ്ടായിരുന്നു..."
"എന്നാ അങ്ങിനെയാവട്ടെ..."
മുഖത്ത്‌ ഒരു നല്ല ചിരിയും ഫിറ്റ്‌ ചെയ്തു കാത്തിരുന്നു...ദാ..ആ മുഹൂര്‍ത്തം...എന്റെ ഭാവി വധു...!
പക്ഷെ കുറച്ചു നേരമായിട്ടും ആരേയും ആ ഏരിയായിലേക്കേ കണ്ടില്ല...സഹികെട്ട് മടിച്ചാണെങ്കിലും ഡേവിഡ് പറഞ്ഞു..."
എന്നാ പിന്നെ പെണ്ണിനെ ഒന്നു വിളിച്ചാല്‍ കണ്ടിട്ടു പോകാമായിരുന്നു...!
ഏതു പെണ്ണ്...?
അതു..ആ മരെജ് ബ്രോക്കര്‍ പരമു പറഞ്ഞ....."
മക്കളെ ഇവിടെ കെട്ടിക്കാന്‍ പെണ്ണും പെടക്കോഴിയും ഒന്നുമില്ലാ..നിങ്ങള്‍ക്കു വീടു തെറ്റിയതാണൊ...?
രണ്ടു ജ്യൂസു നഷ്‌ടപ്പെട്ടതിന്റെ നീരസം കിളവന്റെ മുഖത്തു വ്യക്തമായിരുന്നു..."ദുബായിലുള്ള രവിമോന്‍ ഒരു കൂട്ടുകാരന്റെ കൈയ്യില്‍ കുറച്ചു സാധനങ്ങളും കത്തും കൊടുത്തയച്ചിരുന്നു അവര്‍ ഇന്നു വരും എന്നു വിളിച്ചറിയിച്ചിരുന്നു.....അവരെ കാത്തിരിക്കുമ്പോഴാ...നിങ്ങള്‍...!!!പതിയെ ഇറങ്ങി തിരിഞ്ഞു നോക്കാതെ ബൈക്കിനടുത്തെക്ക് നടക്കുമ്പോള്‍ ശബ്‌ദം തഴ്ത്തി കാര്‍ന്നോരു പറയുന്നതു കേട്ടു..."കള്ളന്‍മ്മാര്‍ ധാരാളം ഇപ്പൊ ഇറങ്ങിയിട്ടുണ്ട്..പകല്‍ ഇതേപോലെ എന്തെങ്കിലും പറഞ്ഞ് വീടു കണ്ടു വച്ചിട്ട് രാത്രി വരും മോഷ്‌ടിക്കാന്‍..."
പരമുവിനെ വിളിച്ച്ന്വഷിച്ചപ്പോഴാണ്` അറിയുന്നത് പഞ്ചായത്തു കിണറിനടുത്തു നിന്നും "നാലാമത്തെ " വഴി എന്നതു അയാള്‍ക്കു തെറ്റി "മൂന്നാമത്" എന്നു എഴുതി പോയതാണത്രെ....!!!
ഭാഗ്യമോ, നിര്‍ഭാഗ്യമോ...ബാക്കിയുള്ളാടയാളങ്ങള്‍ എല്ലാം ഒത്തു വന്നു്‌തിരിച്ചു വരുമ്പോല്‍ ഞാനാണ്` ബൈക്ക്‌ ഓടിച്ചത്.ആ യാത്രയില്‍ മറ്റൊരു കാര്യം കൂടി എനിക്കു ബോധ്യപ്പെട്ടു...."എന്റെ TVS വിക്‌ടറിനു ഇത്രയും സ്പീഡ്‌ കിട്ടുമെന്ന്‌....!!!!

"എക്സ്യൂസ്‌ മീ, "

on Monday, June 4, 2007

സുഹ്രുത്തുക്കളെ....,
നിങ്ങള്‍ എന്നെ അറിയില്ലെങ്കിലും എനിക്കു നിങ്ങളെ ഒക്കെ നന്നായി അറിയാം കേട്ടോ....
ഈ ബൂലോകത്ത് ദിവസവും ഇങ്ങനെ കറങ്ങി നടക്കുമ്പൊള്‍ ഞാന്‍ ഓര്‍ക്കാറുണ്ട്‌.....ഇവിടെ ഇത്തിരിയിടം എനിക്കും കിട്ടിയിരുന്നെങ്കിലെന്ന്‌..അവസാനം ഞാനുമെത്തി നിങ്ങള്‍ക്കൊപ്പം...എന്തെങ്കിലും ഒക്കെ എഴുതിപിടിപ്പിക്കും മുമ്പ്‌ സംഭവം എല്ലാം ശരിയായോ എന്നറിയാനുള്ള ഒരു "മൈക്ക്‌ ടെസ്റ്റിംഗ്" ആണിത്‌....ഇനി ഞാന്‍ ഇവിടെ ഒക്കെ തന്നെ കാണുമേ....
അപ്പോ..ഒക്കെ പറഞ്ഞതു പോലെ.....