കളിയും അല്പം കാര്യവും.

on Monday, October 8, 2007


ഇക്കഴിഞ്ഞ ട്വന്റി 20 ക്രിക്കറ്റ് ഫൈനല്‍ ദിവസം മാധ്യമ പ്രതിനിധികളും ചാനലുകാരും കളിക്കാരുടെ വീടുകളില്‍ ചെന്ന് അവരുടെ ബന്ധുക്കളുടെയൊക്കെ ആഹ്ലാദങ്ങള്‍ തത്സമയം പകര്‍ത്താന്‍ ഓടി നടന്നപ്പോള്‍, "ന്റ ഗോപുമോന്‍ " എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറഞ്ഞ് ഇങ്ങ് കൊച്ചിയിലെ വീട്ടില്‍ വരെ ചാനലുകാര്‍ക്കും പത്രക്കാര്‍ക്കും ഒരമ്മ ചായയും ബിസ്ക്കറ്റും വിളമ്പിയപ്പോഴും, ഈ ടിവിക്കാരോടും പത്രക്കാരോടും പിന്നെ സന്തോഷം പങ്കിടാന്‍ എത്തിയ നാട്ടുകാര്‍ക്കും മുന്നില്‍ പടിവാതില്‍ കൊട്ടിയടച്ച ഒരു പ്രധാന വീടുണ്ടായിരുന്നു.ടീം ഇന്ത്യയുടെ ക്യാപ്‌റ്റന്‍ മഹേന്ദ്ര സിങ്ങ് ധോണിയുടെ ബീഹാറിലെ റാഞ്ചിയിലുള്ള വീടായിരുന്നു അത്..!


അന്ന് മുഴുവന്‍ ധോണിയുടെ മാതാപിതാക്കള്‍ ആരുടെ മുന്നിലും പ്രത്യക്ഷപ്പെടാതെ വീട് അടച്ചു പൂട്ടി ഒരു പോലീസുകാരനേയും പുറത്ത് കാവല്‍ നിര്‍ത്തി !


എന്തായിരുന്നു കാരണം ?.


കഴിഞ്ഞ ഏകദിന ലോക കപ്പ് മത്സരത്തിനിടെ ഇന്ത്യന്‍ ടീം ആദ്യ റൗഡില്‍ പുറത്തായപ്പോള്‍ ഇതേ നാട്ടുകാര്‍ ഇതേ വീടിനു മുന്നില്‍ ധോണിയുടെ പ്രതീകാത്‌മകമായ ശവസംസ്‌ക്കാര ചടങ്ങുകളും, അദ്ദേഹത്തിന്റെ പോസ്റ്ററുകള്‍ കരി ഓയില്‍ ഒഴിച്ചു വികൃതമാക്കി കെട്ടി തൂക്കിയുമാണ് ആ മാതാപിതാക്കളുടെ മുന്നില്‍ കലി തീര്‍ത്തത്.


അത് ക്യാമയില്‍ പകര്‍ത്താന്‍ ഈ പറഞ്ഞ മാധ്യമ പ്രവര്‍ത്തകരും ഉണ്ടായിരുന്നു.


ഇതാണ് ക്രിക്കറ്റ്, അല്ലെങ്കില്‍ ഇതാണ് ജീവിതം !. ഉയര്‍ച്ചയില്‍ കൂടെ അഘോഷിക്കാന്‍ എല്ലാവരും ഉണ്ടാകും.


ജീവിതത്തില്‍ നമ്മുടെ ഗുരുനാഥര്‍ക്കാണ് കോച്ചിന്റെ റോള്‍. ബാറ്റിങ്ങും ബൗളിങ്ങും പോലെ അക്ഷരങ്ങളും അറിവും പഠിപ്പിച്ച് ജീവിതമെന്ന ക്രീസിലേക്ക് നമ്മളെ തനിയെ അയക്കുന്നു. ഭാവിയെന്ന മൂന്നു സ്റ്റമ്പുകള്‍ക്ക് മുന്നില്‍ നമ്മള്‍ മാത്രം !. കണ്‍‌മുന്നിലേക്ക് പാഞ്ഞുവരുന്ന അവസരങ്ങളാകുന്ന പന്തുകളെ അടിച്ചു പറത്തി മുന്നേറാന്‍ നമ്മുക്ക് തുണയായുള്ളത് വിവേകം എന്ന ഒരു ബാറ്റ് മാത്രമാണ്. പക്ഷേ ഓര്‍ക്കുക, നാലു ചുറ്റിലുമായി എന്തിനും തയ്യാറായി നില്‍ക്കുന്ന ഫീല്‍ഡര്‍മാരെപ്പോലെ തടസ്സങ്ങളും വെല്ലുവിളികളും നമ്മളെ മിഴിച്ചു നോക്കി നില്പുണ്ടാകും. സൂഷ്‌മതയോടെ ആ തടസ്സങ്ങള്‍ക്ക് മുകളിലൂടെ അവസരങ്ങളെ ലക്ഷ്യത്തില്‍ എത്തിക്കാനായാല്‍ കൈയ്യടിക്കുവാനും അഭിനന്ദിക്കുവാനും എല്ലവരും കൂടെയുണ്ടാകും.


ഇനി ഒരു ചെറിയ പിഴവുമൂലം കിട്ടിയ അവസരം നഷ്‌ടപ്പെടുത്തിയാല്‍ തെറിക്കുന്നത് ജീവിതമെന്ന സ്റ്റമ്പ് ആയിരിക്കും. നമ്മോടൊപ്പം അതുവരെ ഉണ്ടായിരുന്ന സഹകളിക്കാരന്‍ എതിര്‍‌വശത്ത് നമ്മളെ ഒന്ന് സഹായിക്കാന്‍ പോലും ആകാതെ നിസ്സഹായനായി നോക്കി നില്പുണ്ടാകും. എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് ജീവിതത്തിലും ഒരു സെഞ്ച്വറി തികയ്ക്കാന്‍ ആയാലോ. എതിരേ കളിക്കുന്നവര്‍ പോലും അല്പം അസൂയയോടെ എങ്കിലും നമ്മെ അംഗരിക്കുവാന്‍ നിര്‍ബന്ധിതരാവും.


എന്നാല്‍ ഈ ലക്ഷ്യത്തിലെത്താന്‍ യാതൊരു കുറുക്കുവഴിയും കണ്ടെത്തരുതെന്ന മറ്റൊരു കാര്യം കൂടി ഈ കളി നമ്മളെ പഠിപ്പിക്കുന്നു. കളി ശ്രദ്ധയോടെ നിയന്ത്രിക്കുന്ന അമ്പയറായി സാക്ഷാന്‍ ദൈവം എല്ലാം വീക്ഷിച്ചു കൊണ്ട് നില്‍ക്കുന്നുണ്ടാവും. ഒരു പിഴവു പറ്റിയാല്‍ രണ്ടാമത് ഒരു അവസരം ഒരു കാരണവശാലും നല്‍കില്ലെന്നു തന്നെ!


എന്നാല്‍ നമ്മുടെ ഭാഗത്ത് ഒരു തെറ്റ് ഉണ്ടായിട്ടില്ലെങ്കില്‍ ശത്രുക്കള്‍ എത്ര വേണമെങ്കിലും "അപ്പീല്‍" ചെയ്തോട്ടെ, നമ്മള്‍ എന്തിനു ഭയപ്പെടണം..? എന്തിന് ഒഴിഞ്ഞ് കൊടുക്കണം ?. അവിടെ ദൈവം എന്ന അമ്പയര്‍ നമ്മളോടൊപ്പം ഉണ്ടാകും.


അതു കൊണ്ട് ധൈര്യത്തോടെ മുന്നേറുക അവസരങ്ങളെ ഉറച്ച മനസോടെ ലക്ഷ്യത്തിലെത്തിക്കുക.


ഇപ്പോള്‍ എന്തു തോന്നുന്നു ?.


ക്രിക്കറ്റ് കളി എന്നത് ജീവിതമല്ലേ...?


ജീവിതം എന്നത് ക്രിക്കറ്റ് കളിയല്ലേ....?

18 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

ക്രിക്കറ്റ് എന്ന ജനകീയ കായിക വിനോദത്തെ ജീവിതവുമായി വെറുതെ ഒന്ന് താരതമ്യം ചെയ്യാന്‍ ശ്രമിച്ചതാ...

ശ്രീ said...

നജീമിക്കാ...
നല്ല ലേഖനം!

ശരിയാണ്‍. ക്രിക്കറ്റ് ഇന്ത്യാക്കര്‍‌ വളരെ ഗൌരവമായി വീക്ഷിക്കുന്ന ഒന്നാണ്‍. ടീമിന്റെ വിജയത്തില്‍‌ കളിക്കാരെ സ്നേഹിക്കുന്ന അതേ ജനങ്ങള്‍‌ തന്നെ തോല്‍‌വിയില്‍‌ അവരെ ചീത്ത വിളിക്കും.

കുഞ്ഞന്‍ said...

നജീം... നല്ല കാഴ്ചപ്പാട്....!

എല്ലാ കളികളിലും ഈയൊരു സംഗതിയുണ്ട്.

അമ്പയര്‍ക്ക് പലപ്പോഴും തെറ്റു പറ്റാറുണ്ട്, ദൈവങ്ങള്‍ക്കും തെറ്റു സംഭവിക്കാറുണ്ടല്ലോ..!

പടങ്ങള്‍ വളരെ അര്‍ത്ഥവത്തായത്.

Areekkodan | അരീക്കോടന്‍ said...

But ...We had 20 -20 world cup..and its shining all lost when real Australians came here..
Till the all were competing to give and announce prizes and will they take it back if Australia clean sweep us? Really I think all these are foolish activities and those cash and awards distributed or promised must be given to our soldiers who keep our borders and our country suffering all the hot and cold seasons.

അമൃത വാര്യര്‍ said...

ക്രിക്കറ്റ്‌ എന്നത്‌ ഇന്ത്യക്കാര്‍ക്ക്‌ കേവലമൊരു കളിയല്ല...
അതൊരു ലഹരിയാണ്‌...
ആ ലഹരിയിക്ക്‌ മങ്ങലേല്‍ക്കുമ്പോള്‍ അവര്‍ പരിസരം മറക്കും.. പ്രവൃത്തിയും
ലഹരിയ്ക്ക്‌ തീവ്രത കൂടുമ്പോഴും അങ്ങിനെതന്നെ

ക്രിക്കറ്റില്‍ ഒരാള്‍ക്ക്‌ ഒരു തവണയേ ക്രീസിലിറങ്ങാന്‍ അവസരമുള്ളൂ.... ടെസ്റ്റിലൊഴിച്ച്‌..
അങ്ങിനെ നോക്കുമ്പോള്‍ ജീവിതം ഏകദിന മത്സരങ്ങളാണ്‌....
പ്രതീക്ഷയും ഉയര്‍ച്ചയും പരാജയവും ഭാഗ്യവുമൊക്കെയായി മത്സരത്തിന്റെ ദൈര്‍ഘ്യംഅല്‍പം കൂടുമെന്ന്‌ മാത്രം.

മെലോഡിയസ് said...

നജീംക്കാ. നല്ലൊരു ലേഖനം. ക്രിക്കറ്റും ജീവിതവും തമ്മില്‍ താരതമ്യം ചെയ്തതും അസ്സലായി.

ഏ.ആര്‍. നജീം said...

ശ്രീ : അഭിപ്രായത്തിനു വളരെ നന്ദി.
കുഞ്ഞന്‍ : നന്ദി, അതെ, സ്വാഭാവികമായി അങ്ങിനെ പറഞ്ഞു എന്നേയുള്ളു. കേവലം മനുഷ്യനായ അമ്പയര്‍ ആര്. ദൈവം ആര്.
അരീക്കോടന്‍ : എന്തായാലും അവര്‍ ഒന്നും തിരിച്ചു കൊടുക്കണ്ടല്ലൊ. താങ്കള്‍ കമന്റ് എഴുതിയ അന്നത്തെ കളി നമ്മള്‍ ജയിച്ചല്ലോ.തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കണേ..
അമൃത വാര്യര്‍ : "ക്രിക്കറ്റില്‍ ഒരാള്‍ക്ക്‌ ഒരു തവണയേ ക്രീസിലിറങ്ങാന്‍ അവസരമുള്ളൂ.... ടെസ്റ്റിലൊഴിച്ച്‌. അങ്ങിനെ നോക്കുമ്പോള്‍ ജീവിതം ഏകദിന മത്സരങ്ങളാണ്‌....
പ്രതീക്ഷയും ഉയര്‍ച്ചയും പരാജയവും ഭാഗ്യവുമൊക്കെയായി മത്സരത്തിന്റെ ദൈര്‍ഘ്യംഅല്‍പം കൂടുമെന്ന്‌ മാത്രം. " വളരെ നല്ല ഒരു കാഴ്ചപ്പട് തന്നെ. നന്ദി, തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.
മെലോഡിയസ് : നന്ദി..:)

വാത്മീകി said...

നല്ല കാഴ്ചപ്പാട്. വളരെ നന്നായി.

ഏ.ആര്‍. നജീം said...

സന്തോഷം വാത്മീകി, വളരെ നന്ദി

വക്കാരിമഷ്‌ടാ said...

ക്രിക്കറ്റിനെ ജീവിതവുമായി ബന്ധിപ്പിച്ച രീതി ഇഷ്ടപ്പെട്ടു.

ഒരു ദേശത്തിന്റെ കഥയില്‍ വായിച്ചത്:

“ഭംഗിയായി ജീവിക്കൂ...
കഴിയുമെങ്കില്‍ ജീവിതത്തെത്തന്നെ ഭംഗിയാക്കൂ...
കഴിയില്ലെങ്കില്‍ അതിനെ വൃത്തികേടാ‍ക്കാതെയെങ്കിലും മരിക്കൂ”

പെരുന്നാളാശംസകള്‍.

ഏ.ആര്‍. നജീം said...

വക്കാരീ : വളരെ നന്ദി, സന്ദര്‍ശിച്ചതിനും , അഭിപ്രായം അറിയിച്ചതിനും, പെരുന്നാള്‍ ആശംസകള്‍ക്കും...
:)

കൊച്ചുത്രേസ്യ said...

മാഷെ നല്ല ചിന്തകള്‍...

ഒരു റണ്ണു കൂടി കിട്ടിയാലോ എന്ന അത്യാഗ്രഹത്തോടെ ഓടി അവസാനം ഒന്നും നേടാതെ റണ്ണൗട്ടാകുന്നവരുമുണ്ട്‌ നമുക്കു ചുറ്റും

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: താരതമ്യം ഇഷ്ടപ്പെട്ടു. ക്രിക്കറ്റ് കളിക്കാരും മനുഷ്യരല്ലേ അപ്പോള്‍ ജീവിതോം കലരും.

ഓടോ: അക്കാര്യത്തില് ധോനീടെ മാതാപിതാക്കള്‍ക്ക് ഒരു ഹാറ്റ്സ് ഓഫ്, സങ്കടത്തിലു കൂടെ നില്‍ക്കാത്തവര്‍ അങ്ങനിപ്പോ സന്തോഷത്തിന്റെ പങ്ക് പറ്റെണ്ടാ‍..

I wonder... said...

hmmm.. ee concept thanne nallatha ikka. athinu ente vaka oru claps undu ketto :)

appol nammal ithil satyathil discussendathu ennahineya? cricket enna mahasambhavathineyo atho ee jeevithamenna verum sada eventineyo?

kochutresya paranja aa runoutum kunjan paranja aa sakshal ambireude cheriya mistakesum pinne vallavarum keri nammude role kalikkalum chumma purathirunnu aa kali kanalum okke ee jeevithathilum nadannu kondirikkum...

nalla oru article.

ഏ.ആര്‍. നജീം said...

കൊച്ചു ത്രേസ്യ, ചാത്തന്‍, പ്രിയ : വളരെ നന്ദി.. വന്നതിനും അഭിപ്രായമറിയിച്ചതിനും

സിമി said...

:) നന്നായി.

മുരളി മേനോന്‍ (Murali Menon) said...

താരതമ്യ ശ്രമം വിജയിച്ചു ട്ടാ

ഏ.ആര്‍. നജീം said...

സിമി, മുരളി : വളരെ നന്ദി, വന്നതിനും അഭിപ്രായം അറിയിച്ചതിനും..