കടലാസു പൂവുകള്‍

on Friday, October 23, 2009




മാനവര്‍ ചൂടാത്ത,മാനത്ത് നോക്കുന്ന
വര്‍‌ണ്ണക്കടലാസ്സു പൂവുകളെ
ദേവനും വേണ്ട, മാലോര്‍ക്കും വേണ്ടല്ലോ
പിന്നീ പാഴ്ജന്മമായി എന്തിനു പൂത്തുനീ ?

വൃദ്ധസദനത്തിന്‍ ജാലകച്ചാരത്ത്
മന്ദസമീരനിലാടി നില്‍ക്കും
വര്‍‌ണ്ണ മനോഹരീ, ഇല്ല നിന്നെപ്പോലെ
ജന്മ സുകൃതമീ വയോധികര്‍ക്കും
കുത്താത്ത മുള്ളല്ലീയെത്താത്ത ദൂരത്തെന്നാലും
എത്തിപ്പിടിക്കാനാരോരുമില്ലാതെ
തെല്ലകലെ വാര്‍ത്തുല്ലസിച്ചു രസിക്കുന്ന
സൗഗന്ധികങ്ങളെ കാണുന്നുവോ നീ..?

കേവലം കാണുവാന്‍ കണ്ടൊന്നു പോകുവാന്‍
നോക്കൂത്തിപോലെ ഞങ്ങളുണ്ട് നിനക്കെപ്പോഴും
ദേവനും വേണ്ടല്ലോ മാലോര്‍ക്കും വേണ്ടല്ലോ
പിന്നീ പാഴ്ജന്മമായി എന്തിനു പൂത്തുനീ..?

8 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

പൂജക്കെടുക്കാത്ത പൂക്കള്‍..!

ഗീത said...

പൂജയ്ക്കെടുത്താലേ പൂവിന്റെ ജന്മം സഫലമാവൂ എന്നൊന്നും ഇല്ല.
ദേവനു വേണ്ടാ എന്ന് ദേവനല്ല, ഈ മനുഷ്യരാണ് തീര്‍പ്പു കല്‍പ്പിച്ചിരിക്കുന്നത്. ഈ വര്‍ണ്ണമനോഹരപുഷ്പങ്ങളുടെ ജന്മം എങ്ങനെ പാഴാകും? മനുഷ്യ നയനങ്ങള്‍ക്ക് ആനന്ദം പകരുക എന്ന കര്‍മ്മം അവ നിര്‍വഹിക്കുന്നില്ലേ?

പാമരന്‍ said...

മണമില്ലാത്ത പൂക്കള്‍..
കുത്താത്ത മുള്ളുകള്‍..

വൃദ്ധമന്ദിരവുമായി ബന്ധിപ്പിച്ചതു ഇഷ്ടമായി.

മാണിക്യം said...

പൂജയ്ക്കെടുക്കാത്ത പൂവു നീ !!
പൂജയ്ക്ക് എടുത്താലെ ജന്മം സഭലമാവു എന്നില്ല ഊവ്വോ?

ഒരു കണക്കിനു ഭാഗ്യം ചെയ്ത പൂവ്!
ആരും നിന്നെ വിടരും മുന്നെ പറിക്കുന്നില്ല
ആരും നിന്നെ വില്‍പ്പന ചരക്കാക്കുന്നില്ല.

കൈയെത്താ ദൂരത്തായിട്ടാണെങ്കിലും
കണ്ട് ആസ്വദിക്കാന്‍ അവസരം തരുന്ന
ഈ നിറമുള്ള പൂക്കളെ പാഴ്‌ജന്മം എന്നു വിളിച്ചാക്ഷേപിക്കുന്നതു ശരിയാണോ?

എല്ലാ പൂക്കളും പൂജക്കും തലയില്‍ ചൂടനും
ആയി പോകുമ്പോള്‍ ഈ ഭൂമിയെ
സുന്ദരമാക്കാന്‍ കണ്ണിനു ആനന്ദം തരാനായി
കടലാസുപൂക്കളെ നിങ്ങള്‍ നില്‍ക്കൂ .....

ആഗ്നേയ said...

ആരുപറഞ്ഞൂ..പലനിറത്തിൽ ഇങ്ങനെ പൂത്തുനിൽക്കുന്നത് കാണാൻ നല്ല ഭംഗ്യല്ലേ?പിന്നൊരു സ്വകാര്യം അതിന്റെ ഉൾലിലുള്ള ആ കുഞ്ഞു മഞ്ഞജിമുക്കികൾ തിന്നാൻ നല്ല ടേസ്റ്റാ..:)
നല്ല കവിത..

Typist | എഴുത്തുകാരി said...

ഇത്രയും ഭംഗിയുള്ള, ഇത്രയും നിറമുള്ള,ഒരുപാട് ദിവസം വാടാതെ നില്‍ക്കുന്ന കടലാസു പൂവിനെ ഇഷ്ടപ്പെടാതിരിക്കാന്‍ ആര്‍ക്കാ കഴിയുക?

ഭായി said...

ഒരിക്കലും നീയൊരു പാഴ്ജന്മമല്ലാ...
വിശമിക്കേണ്ട....

ബംഗ്ലാവുകള്‍ക്ക് നീയൊരലങ്കാരം..
ഉദ്യാനങള്‍ക്ക് നീ ഉദാത്തം..

ഒരു നുറുങ്ങ് said...

മിസ്റ്റ്ര് നജീം,

നമുക്കീ പൂവിന്‍റെ പേരങ്ങ് മാറ്റിക്കൂടേ!
ഇതിനെയെന്തിനു മാലോകര്‍‘കടലാസി’ലാക്കി?
ഇതങ്ങിനെ പൊടുന്നനെ വാടിക്കൊഴിഞ്ഞു പോകാറുമില്ല!
പൂജക്കും,ദേവനും വേണ്ടിയാണോ ഈ ലോകവും
അതിലുള്ളതഖിലവും സാക്ഷാല്‍ ദൈവം പടച്ചുവിട്ടതെല്ലാം!പൂജക്കു നല്‍കേണ്ടതു അചേതനവസ്തുക്കളല്ല തന്നെ!അതിനു വേണ്ടതു
സമര്‍പ്പണമാണു,സ്നേഹമാണു!സഹോദരനെ സ്നേഹിക്കാതെ,അന്യന്‍റെ കണ്ണീരൊപ്പാതെ കേവലം
ചിലതു കാട്ടിക്കൂട്ടിയാലോന്നും ദൈവം പ്രസാദിക്കില്ല.
ഈ പൂവും ഈ ഭൂമിയുടെ അവകാശിയായി
നമ്മോടൊപ്പം കഴിഞ്ഞുകൂടട്ടെ!!

നിങ്ങളുടെ ഈ വിലാപകാവ്യം നന്നായി!
അഭിനന്ദനങ്ങള്‍.