ഒരു സൗഹൃദത്തിന്റെ ഓര്‍‌മ്മയ്ക്ക്

on Monday, October 12, 2009

സൗഹൃദം ഒരു പിച്ചളപാത്രം പോലെയത്രേ !.
ഇടയ്ക്കിടെ ഉരച്ചുമിനുക്കികൊണ്ടിരുന്നില്ലെങ്കില്‍ മറവിയുടെ ക്ലാവുപിടിച്ച് നിറം മങ്ങി അതിന്റെ ഭംഗി നഷ്ടപ്പെടും.

എന്നാല്‍ നല്ല സൗഹൃദം ഒരു മാണിക്ക്യം പോലെയല്ലെ? എവിടെ ഏത് സാഹചര്യത്തില്‍ എത്ര കാലം കിടന്നാലും അതിന്റെ ഭംഗി ഒട്ടും തന്നെ കുറയില്ല.

പണ്ട് 15 വര്‍‌ഷങ്ങള്‍ക്ക് മുന്‍പ് ബ്ലോഗും, ഓര്‍ക്കൂട്ടും, ഫേസ്‌ബുക്കും ഒന്നും സാധാരണക്കാര്‍‌ക്ക് പരിചയമില്ലാതിരുന്ന കാലത്ത് നിലവിലുണ്ടായിരുന്ന ഒരു ഫോബിയായിരുന്നല്ലൊ "തൂലികാ സൗഹൃദം". ഒരുപക്ഷേ നമ്മള്‍ ഒരിക്കല്‍ പോലും കേട്ടിട്ടില്ലാത്ത ഒരിടത്ത് നിന്നും ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഒരാള്‍ നമ്മുടെ സുഹൃത്തായ് തീരുക..!അവിടുന്നു നമ്മളെ തേടി നമ്മുടെ ക്ഷേമാന്വഷണങ്ങളും കുശലാന്വഷണങ്ങളുമായി നമ്മളെ തേടി ഒരു കത്ത് വരിക..!എത്ര രസകരമാണത്..!
അത് കൊണ്ട് തന്നെ എനിക്കുമുണ്ടായിരുന്നു നാട്ടിലും വിദേശങ്ങളിലുമായ് കുറെ നല്ല തൂലികാ സുഹൃത്തുക്കള്‍.

ഞങ്ങളുടെ ചിന്താഗതിയും, ശീലങ്ങളും, സ്വഭാവങ്ങളിലും വല്ലാത്ത സാമ്യം തോന്നിയത് കൊണ്ടോ നല്ല സുഹൃത്തുക്കള്‍ ദൈവസമ്മാനമെന്നതിനാലോ എന്നറിയില്ല അതില്‍ ഒരു സുഹൃത്ത് തൂലികാ സൗഹൃദങ്ങളുടെ ഔപചാരികതയും അകലങ്ങളും മറന്ന്‍ ഉറ്റ മിത്രങ്ങളായി മാറുകയായിരുന്നു. ആകാശ ഭൂമിക്കിടയിലെ എന്തും ഞങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാനുള്ള വിഷയമായി മാറിയിരുന്നു ആ നാളുകളില്‍. പരസ്പരം ഒരു വാശിപോലെ സ്നേഹം പകര്‍ന്നു പങ്കുവയ്ക്കുകയായിരുന്നു.
ദിവസങ്ങള്‍ എണ്ണി പോസ്റ്റ്മാനെ കാത്തിരുന്ന ഒരു കാലം.

ഞാന്‍ ഈ ബ്ലോഗില്‍ കുറിച്ചിട്ടുള്ള കഥകളും കവിതകളും അല്പമെങ്കിലും ആ ഗണത്തില്‍ പെടുത്താം എന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അതിനു പിന്നിലും ആ സുഹൃത്തിന്റെ പ്രോത്സാഹനമുണ്ടായിട്ടുണ്ട്. എന്തെങ്കിലുമൊക്കെ കുറിച്ച് കുറേ താളുകള്‍ നിറച്ച് അയച്ച് കൊടുക്കുമ്പോള്‍ ആ പൊട്ടക്കുറിപ്പുകളെ "വളരെ നന്നായിരിക്കുന്നു ഇനിയും എഴുതണം" എന്ന് പറഞ്ഞ് എന്നെ പ്രോത്സാഹിപ്പിക്കുമായിരുന്നു ആ ആത്മമിത്രം.

കാലത്തിന്റെ കുത്തൊഴുക്കില്‍, ജീവിതം ജീവിച്ചു തീര്‍ക്കാനുള്ള പരക്കം പാച്ചിലില്‍ എന്നെ ഈ പ്രവാസഭൂമയിലേയ്ക്ക് പറിച്ചു നട്ടപ്പോള്‍, എല്ലാ പ്രവാസികളേയും പോലെ ഗൃഹാതുരുത്വം ജീവിതം വിരസമായി തോന്നിത്തുടങ്ങിയപ്പോള്‍ എനിക്ക് ആശ്വാസമായ് എന്നെത്തേടി ആ സുഹൃത്തിന്റെ സന്തോഷവാക്കുകള്‍ ഈ ഗള്‍ഫിലേയ്ക്കും എല്ലാ ആഴ്ചകളിലും മുടങ്ങാതെ എന്നെ കാത്ത് എന്റെ പോസ്റ്റ് ബോക്സില്‍ കിടക്കുമായിരുന്നു. കോളജില്‍ പഠിച്ചു കൊണ്ടിരിക്കുന്ന അവനു കിട്ടുന്ന കേവലം പോക്കറ്റ് മണിയില്‍ നിന്നുമാണ് സ്റ്റാമ്പിനുള്ള പണം കണ്ടെത്തുന്നതെന്നറിയാമെങ്കിലും അരുതെന്ന് പറയാനും എനിക്കാകുമായിരുന്നില്ലല്ലോ. ഞങ്ങളുടെ മനസ്സുകള്‍ക്കിടയിലെ നിര്‍മ്മ‌ല സൗഹൃദത്തിന്റെ നൂല്‍‌പ്പാലമായിരുന്നു ആ വാക്കുകള്‍ വരികള്‍.

എന്നാല്‍ എങ്ങിനെയെന്നറിയില്ല, ചിലപ്പോള്‍ ഈ പ്രവാസജീവിതത്തില്‍ എന്റെ സഹചാരിയായ തിരക്കും മടിയുമാകാം ആ ഊഷ്മള സൗഹൃദവും മെല്ലെ മെല്ലെ നഷ്ടപ്പെടുകയായിരുന്നു.

ഞാന്‍ തന്നെ നഷ്ടപ്പെടുത്തിയ ആ സുഹൃത്തിനെ തിരികെ കിട്ടാന്‍ ഓര്‍ക്കൂട്ടിലേയും ഫേസ്‌ബുക്കിലേയും ഒരുപാട് പ്രൊഫൈലുകള്‍ തേടി അലഞ്ഞു. ഇനി അവനും ഈ പ്രവാസഭൂമിയില്‍ എത്തിയിട്ടുണ്ടോ എന്ന് കരുതി ഇവിടുത്തെ ഒരു റേഡിയോ ചാനലില്‍ ഇത്തരം സുഹൃത്തുക്കളെ കണ്ടെത്താനുള്ള ഒരു പരിപാടിയില്‍ എന്റെ കുറിപ്പു വായിച്ചു കേട്ട് ഗള്‍ഫിലെ പലയിടങ്ങളില്‍ നിന്നായി കുറേ നല്ല സുഹൃത്തുക്കളെ ലഭിച്ചുവെങ്കിലും ഞാന്‍ തിരഞ്ഞ സുഹൃത്തിനെ കണ്ടെത്താന്‍ എനിക്കായില്ല.

എന്നാല്‍ നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷം എന്നെ തോല്പിച്ച് എന്നെക്കാള്‍ വേഗത്തില്‍ അവന്‍ എന്നെ കണ്ടെത്തി..!
അവന്റേയും നീണ്ട അന്വഷണത്തിനൊടുവില്‍ കണ്ടെത്തിയ ഫേസ്‌ബുക്കിലെ എന്റെ പ്രൊഫൈലില്‍ നിന്നും എനിക്ക് മെസേജ് അയക്കുകയായിരുന്നു.

ലോകത്തിലെ മറ്റൊരു മൂലയില്‍ ,ഒരു കമ്പ്യൂട്ടറിനു മുന്നില്‍ എന്റെ തൊട്ടടുത്തെന്ന പോലെ ഒരേ സമയം ഓണ്‍‌ലൈനില്‍ ഉണ്ടായിരുന്നിട്ടും, ഈ നീണ്ട കാലയളവിലെ ഒരായിരം സംഭവങ്ങള്‍ പരസ്പരം പറയാനുണ്ടായിരുന്നിട്ടും, ഒന്നും പറയാതെ ഇരുന്നു കുറേ നേരം..!

അതേ, നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ സുഹൃത്തും എന്റെ സൗഹൃദ ശൃഘലയിലെ ഇനി ഒരിക്കലും മുറിയാത്ത കണ്ണിയായിത്തീര്‍ന്നു..

ഈ സന്തോഷ നിമിഷങ്ങള്‍ എന്റെ മനസ്സിന്റെ ഡയറിത്താളുകളില്‍ കുറിച്ചു വയ്ക്കുന്നതിനോടൊപ്പം, എന്റെ എല്ലാ നല്ല സുഹൃത്തുക്കള്‍ക്കുമായി ഇവിടേയും ഈ സന്തോഷം പകര്‍ത്തിവയ്ക്കട്ടെ..

7 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

ഒരു സൗഹൃദത്തിന്റെ ഓര്‍‌മ്മയ്ക്ക്

ഹാരിസ് said...

എനിയ്ക്കു നഷ്ടപ്പെട്ട ഇതുപോലൊരു സുഹൃത്തിനെത്തേടി ഞാനും കുറേ നാളായി...

മാണിക്യം said...

സൗഹൃതത്തിന്റെ വില
വിളിച്ചു പറയുന്ന ഈ പോസ്റ്റ് വളരെ നന്നായി, ബ്ലോഗ് വായിച്ചു തുടങ്ങിയ സമയത്ത്
പാഠഭേദം പോലെ കുറെ നല്ല ബ്ലോഗുകള്‍ ആയിരുന്നു ബൂലോകത്തെ എറ്റവും വലിയ ആടംഭരവും ആകര്‍ഷണവും..
വീണ്ടും നല്ല ഒരു തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു....
വായനക്ക് ശേഷം മനസ്സില്‍‌ ഒരു നറുനിലാവ് പരത്താന്‍ പര്യാപ്തമായ നജീമിന്റെ കഥകളെ നമിക്കുന്നു..
സത്യഭാമയുടെ ലോകം, മറക്കാനാവാതെ,മരണത്തിന്റെ സംഗീതം!, പിന്‍‌വിളി കേള്‍ക്കാതെ!, നിറമുള്ള മത്സ്യങ്ങള്‍,മറ്റൊരുപെരുമഴക്കാലത്ത്,കൃഷ്ണമാമ,
ഒരു ഉത്രാട രാത്രിയുടെ ഓര്‍മ്മയ്ക്ക്......
തുടങ്ങി മറക്കാനാവാത്ത ഒരു പറ്റം കഥകള്‍ നിറഞ്ഞ പാഠഭേദം വീണ്ടും സജ്ജിവമായതില്‍ അതിയായി സന്തോഷിക്കുന്നു....

പ്രിയ said...

:) സന്തോഷം.

ഇക്ക തന്നെ എഴുതിയ ആ വരികള്‍
"... പിരിയാതെ പിരിഞ്ഞാലും
പറയാതെ പോയാലും
നമ്മള്‍ സ്നേഹിച്ചുകൊണ്ടേയിരിക്കുമെന്ന് ..."

ചില സൗഹൃദങ്ങളെ കാലത്തിനും ദൂരത്തിനും മായ്ക്കാനാവില്ല എന്ന് വീണ്ടും ഒരു ഓര്‍മ്മപ്പെടുത്തല്‍ :)

ഞങ്ങള്‍ ഒക്കെ എത്തുന്നതിനും വളരെ മുന്നേ തന്നെ ഇക്കയുടെ സുഹൃത്തായിരുന്ന ആ ചങ്ങാതിക്ക് സ്നേഹാന്യോഷണങ്ങള്‍.

ശ്രീ said...

പഴയ സുഹൃത്തുക്കളെ തിരിച്ചു കിട്ടുന്നതില്‍പ്പരം മറ്റെന്തുണ്ട് ഒരു സന്തോഷം അല്ലേ നജീമിക്കാ... ആ സൌഹൃദം ഇനിയും പൂത്തുലയട്ടെ എന്നാശംസിയ്ക്കുന്നു.

[ഓഫ്: കുറേ നാളായി എഴുത്തൊക്കെ കുറവാണല്ലോ... തിരക്കിലാണോ?]

Typist | എഴുത്തുകാരി said...

ശരിയായ സൌഹൃദം പിച്ചള‍പ്പാത്രം പോലെയല്ലാ, മാണിക്യം പോലെ തന്നെയാണു്. എത്ര കാലം കഴിഞ്ഞാലും അതു മങ്ങില്ല. സുഹൃത്തിനെ തിരിച്ചുകിട്ടിയതില്‍ സന്തോഷം.

shahal said...

hai ......
anikkum nengaludy frnd akkan kaziyumo ?