പിന്‍‌വിളി കേള്‍ക്കാതെ...!

on Monday, September 24, 2007

1



മൊബൈലില്‍ നിന്നുയര്‍ന്ന സംഗീതം ഉച്ചയുറക്കത്തെ തടസ്സപ്പെടുത്തിയ നീരസത്തോടെ കിടന്ന കിടപ്പില്‍ തന്നെ ഞാന്‍ ഫോണ്‍ ചെവിയോട് ചേര്‍ത്തു.

ഹലോ...

ഹലോ ലൂയിസ് അല്ലേ..?

അതെ ആരാ...?

ഞാന്‍ ഷമീര്‍, തിരുവനന്തപുരത്തുനിന്നും രഹ്‌നയുടെ ബ്രദര്‍ ഇന്‍ ലോ ആണ്, അറിയുമോ..?

ഒട്ടും പ്രതീക്ഷിക്കാത്ത ആ വിളിയുടെ അര്‍ത്ഥമറിയാനുള്ള വ്യഗ്രതയില്‍ കട്ടിലില്‍ ചാരി ഇരുന്നു കൊണ്ട് പറഞ്ഞു."പിന്നെ അറിയാതെ.., എന്താ പ്രത്യേകിച്ച്..? ദുബായില്‍ നിന്നും എപ്പൊഴെത്തി..?"

ഒരുമാസമാകുന്നു, പിന്നെ ഇപ്പോള്‍ വിളിക്കാന്‍ കാരണം ലൂയിസിനു സമയം കിട്ടിയാല്‍ ഇങ്ങോട്ടേക്ക് ഒന്നിറങ്ങിക്കൂടെ..? നാളെ സണ്‍‌ഡേ അല്ലെ പറ്റിയാല്‍ നാളെ തന്നെ. പ്ലീസ്.

അത്‌ഭുതവും ആകാംക്ഷയും കൊണ്ട് മറ്റൊന്നും ചിന്തിക്കതെ യാന്ത്രികമായി പറഞ്ഞു. ശരി, വരാം.

"ലൂയിസ് തിരുവനന്തപുരം ബസ്‌ സ്‌റ്റാന്റില്‍ വന്നിട്ട് ഈ സെല്‍ നമ്പരില്‍ വിളിച്ചാല്‍ മതി, ഞാന്‍ എത്തിക്കോളാം".

ശരി..

നമ്പര്‍ ഫീഡ് ചെയ്തു തിരികെ കട്ടിലിലേക്കു വീഴുന്നതിനൊപ്പം മനസ് ഒരായിരം ചൊദ്യങ്ങള്‍ക്ക് ഉത്തരം തേടുവാനെന്നോണം മൂന്നു വര്‍ഷം പിന്നോട്ടെക്കു പാഞ്ഞു

"തൂലികാ സൗഹൃദം തേടുന്നു" എന്ന തന്റെ പത്ര പരസ്യത്തിനു മറുപടിയായി വന്ന ഒരു കെട്ടു കത്തുകള്‍ !. കുറേ പരാധീനതകള്‍ അടങ്ങിയവ, സാമ്പത്തിക സഹായാഭ്യര്‍‌ത്തനകള്‍, അശ്ലീലത്തിന്റെ അതിര്‍‌വരമ്പു ലംഘിക്കുന്ന തരത്തിലുള്ളവ, അങ്ങിനെ അങ്ങിനെ., അതില്‍ ഭേദമെന്നു തോന്നിയ രണ്ടുമൂന്നു കത്തുകള്‍ക്ക് മറുപടി എഴുതി. ഏഴാം നാളിലെത്തിയ ആദ്യ മറുപടി.

ഞാന്‍ രഹ്‌ന,

തിരുവനന്തപുരത്താണ് വീട്, വാപ്പ സെക്രട്ടറിയേറ്റിനടുത്തു ബിസിനസ്. ഉമ്മ ഗ്രഹഭരണം, ഒരു സഹോദരി റംല. പിന്നെ രഹ്‌നയുടെ ഹോബികളെ കുറിച്ചൊക്കെ.

മനോഹരമായ കൈയ്യക്ഷരത്തില്‍, അടുക്കുള്ള വാക്കുകളില്‍, ചിട്ടയായ വരികളില്‍ തീര്‍ത്ത ആ കത്ത് എന്നെ വല്ലാതെ ആകര്‍‌ഷിച്ചു. അന്നു തന്നെ അതിനുള്ള മറുപടി എഴുതി.

രഹ്‌നയ്‌ക്ക്..,

ഞാന്‍ ലൂയിസ് ചെറിയാന്‍, അചഛന്‍ ബിസിനസ് ആണ്. അമ്മ ഗവണ്‍‌മെന്റ് ഉദ്യോഗസ്ഥ. ഞാന്‍ M.A ഇംഗ്ലീഷ് രണ്ടാം വര്‍ഷം പഠിക്കുന്നു. അചഛനമ്മമാരുടെ ഏക മകന്‍. ആവശ്യത്തിലേറെ സ്വത്തുക്കള്‍, പൂര്‍‌വികമായി കിട്ടിയതും അചഛനമ്മമാര്‍ സമ്പാദിച്ചു കൂട്ടുന്നതും. പണം സമ്പാദിക്കനുള്ള വ്യഗ്രതയില്‍ ഊണും ഉറക്കവുമില്ലാത്ത അചഛന്‍, വനിതാ വിമോചനം എന്നൊക്കെ മുറവിളി കൂട്ടുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അമ്മ. അവര്‍ക്കിടയിലെ ഞാന്‍. ഈ തിരക്കിനിടയില്‍ എന്നെ ശ്രദ്ധിക്കാന്‍ അവര്‍ക്കെവിടെയാ സമയം..? ഞാന്‍ ധൂര്‍‌ത്തടിക്കുന്ന പണത്തിനു പോലും കണക്കു പറയാതെ എന്നെ സ്‌നേഹിക്കുന്നവര്‍, കോളേജില്‍ ഞാനൊരു അടിപൊളി താരം, ഇത്തില്‍കണ്ണിപോലെ കൂടെ കൂടാന്‍ ഒരുപാട് കൂട്ടുകാര്‍. ലൂയിസിന്റെ കാമുകി ആവാനും ബൈക്കിന്റെ പുറകില്‍ ഇരിക്കുന്നതില്‍ അഭിമാനം കണ്ടെത്താനും ഒരുപാട് പേര്‍. എന്നാല്‍ സ്‌നേഹിക്കുവാന്‍ ആരും ഇല്ലാത്ത അവസ്ഥ. അവസാനം എല്ലരോടും പ്രതികാരം ചെയ്യാന്‍ ഞാന്‍ കണ്ടെത്തിയ മാര്‍ഗം സ്വയം നശിക്കുക എന്നതായിരുന്നു. പണം നല്‍‌കി വാങ്ങാനാവുന്ന എല്ലാ ലഹരികളും ഞാന്‍ അനുഭവിച്ചു. പലപ്പോഴും മദ്യം തളര്‍ത്തിയ ശരീരവുമായി വേച്ച് വേച്ച് വീട്ടിലേക്ക് കയറി ചെല്ലുമ്പോള്‍ അചഛനോ അമ്മയോ ഒന്നു ശാസിച്ചിരുന്നെങ്കില്‍, ഈ കരണത്ത് ആഞ്ഞൊന്ന് അടിച്ചിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിച്ചിട്ടുണ്ട്. പക്ഷേ വാതില്‍ തുറന്നു തരുന്നതും ഭക്ഷണം വിളമ്പി തരുന്നതും വീട്ടു ജോലിക്കാരാവും. പിന്നീട് എല്ലാത്തിനോടും ഒരു തരം വിരക്തി തോന്നാന്‍ തുടങ്ങി. ഇതില്‍ നിന്നൊക്കെ ഒന്നൊഴിഞ്ഞുമാറാന്‍ മറ്റൊരു ഹോബി എന്ന നിലയിലാണ് തൂലികാ സൗഹൃദം പ്രതീക്ഷിച്ചിരുന്നതെങ്കിലും രഹ്‌നയുടെ കത്ത് എന്നെ ഒരുപാട് ചിന്തിപ്പിക്കുന്നു. ഞാന്‍ ചോദിച്ചോട്ടെ, എനിക്ക് ഇതേവരെ അനുഭവിക്കാന്‍ കഴിയാത്ത വികാരം, യഥാര്‍‌ത്ഥ സ്‌നേഹം..അതു തരാന്‍ രഹ്‌നക്ക് ആകുമോ ? എനിക്ക് ഒരു സഹോദരിയെ വേണം, രഹ്‌നക്കാകുമോ ? ഒരു ഏട്ടനെപോലെ എന്നെ സ്‌നേഹിക്കാന്‍ ?

സ‌നേഹംലൂയിസ് ചെറിയാന്‍..

ഒരാഴ്‌ചക്കു ശേഷം മറുപടി വന്നു..

ലൂയിസ് അറിയുവാന്‍,

മനസില്‍ തൊട്ട കത്തായിരുന്നു ലൂയിസിന്റേത്. മറ്റൊരു തരത്തില്‍ ഞാനും അതേപോലെ തന്നെ. ഒരു സഹോദരന്റെ സ്‌നേഹത്തിനായി ഞാനും കൊതിച്ചിട്ടുണ്ട്. കാണാത്ത അറിയാത്ത ഒരിടത്തുനിന്നും ദൈവം കൊണ്ടു തന്ന എന്റെ സഹോദരന്‍ തന്നെയാണ് ലൂയിസ്. ഈ ജീവിതയാത്രയിലുടനീളം എന്നെ സ്‌നേഹിക്കാന്‍, ശാസിക്കാന്‍ ഒരു സഹോദരനെ ആ തൂലികയിലൂടെ ഞാനും പ്രതീക്ഷിച്ചോട്ടെ..

സ്‌നേഹത്തോടെ.

രഹ്‌ന.

പിന്നീട് അനേകം കത്തുകള്‍. ഞങ്ങള്‍ ചര്‍‌ച്ച ചെയ്യാത്ത വിഷയങ്ങള്‍ ഇല്ലെന്നു തന്നെ പറയാം എന്ന പുതിയൊരു ഞാനാക്കി മാറ്റിയത് പോലും ആ സ്‌നേഹത്തോടെയുള്ള ശാസനയുടെ വരികള്‍ അല്ലായിരുന്നോ..?രണ്ടു വര്‍ഷം തുടര്‍ച്ചയായ കത്തുകള്‍..! ഒരിക്കലും മടുപ്പോ ആവര്‍ത്തന വിരസതയോ തോന്നാത്ത ശൈലി. പക്ഷേ പക്ഷെ ആറു മാസങ്ങള്‍ക്ക് മുന്‍പ് വന്ന ആ കത്ത് എല്ലാം തകര്‍ക്കുന്നതായിരുന്നല്ലോ.

ലൂയിസ്.,

രണ്ടര വര്‍ഷം കൊണ്ട് ഒരു ജന്മത്തിന്റെ സ്‌നേഹം തന്നിലൂടെ ഞാന്‍ അറിഞ്ഞു ലൂയീ..!സഹോദരങ്ങളാകാന്‍ ഒരമ്മയുടെ വയറ്റില്‍ ജനിക്കണമെന്നില്ലെന്നു നമ്മളിലൂടെ നാം പഠിച്ചു അല്ലെ.?പക്ഷേ ഈ സ്‌നേഹത്തിന്റെ പവിത്രതയൊന്നും മനസിലാക്കാന്‍ നമ്മുടെ സമൂഹത്തിനു ആവില്ലല്ലോ..? സ്‌ത്രീപുരുഷ ബന്ധത്തിനു അവര്‍ക്ക് ഒരേ ഒരു നിര്‍‌വചനമേ ഉള്ളൂ. എനിക്ക് വരുന്ന കത്തുകള്‍ പോസ്‌റ്റ്മാന്‍ വാപ്പയുടെ കടയിലാണ് കൊടുത്തുകൊണ്ടിരുന്നത്. കഴിഞ്ഞ ദിവസം കത്തുകൊടുത്തിട്ട് അയാള്‍ വാപ്പയോട് പറഞ്ഞുപോലും 'നമ്മുടെ രഹ്‌നമോള്‍ക്ക് ആരാ കൂടെ കൂടെ കത്തുകള്‍ അയക്കുന്നത്..? കെട്ടിക്കാന്‍ പ്രായമായ പെണ്ണല്ലെ..? ' പോരേ പൂരം.! വാപ്പയുടെ മനസില്‍ അതു ആഴത്തില്‍ പതിഞ്ഞു. വാപ്പ വീട്ടില്‍ വന്ന് എന്നെ ഒരുപാട് വഴക്കുപറഞ്ഞു. ഇനി കത്തു വന്നാല്‍ തരില്ലെന്നും. അവരെ ഒന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ ലൂയിസ് !. പുരാതന കൂടുമ്പമാണ് ഞങ്ങളുടെത്. അവര്‍ക്ക് ഇതൊന്നും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നു വരില്ല. അവരെ ഒക്കെ വെറുപ്പിച്ചു ഒന്നും എനിക്കും വേണ്ട. ഇനി ലൂയിസ് കത്തുകള്‍ ഒന്നും അയക്കേണ്ട. അയച്ചാലും എനിക്കു കിട്ടില്ല അതാ..ഞാന്‍ ഇടക്കിടെ അങ്ങോട്ടേക്ക് അയച്ചോളാം. ലൂയിസ് എന്നെ വെറുക്കരുത്, മറക്കരുത്..പ്ലീസ്..

രഹ്‌ന.

പിന്നീട് വല്ലപ്പോഴും ഓരോ കത്തുകള്‍ മാത്രം. ഇപ്പോള്‍ പെട്ടെന്നെന്താവും ഇത്തരത്തില്‍ ഒരു ക്ഷണം ?. ഒരുപക്ഷേ രഹ്‌നയുടെ നിക്കാഹാവുമോ ?. മണവാളനായി ഒരു നല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ? അല്ലെങ്കില്‍ പാന്റും സ്യൂട്ടും അണിഞ്ഞ പുതിയ സ്‌പ്രേയുടെ മണമുള്ള ഒരു ദുബായിക്കാരന്‍ ?.

മനസില്‍ ചിരിവന്നു.
വെളുപ്പിനു നാലു മണിക്കുള്ള അലാറം വച്ചു നേരത്തേ കിടന്നെങ്കിലും ഉറക്കം വന്നതേയില്ല. നേരില്‍ കാണുമ്പോള്‍ എന്താവും രഹ്‌നയുടെ പ്രതികരണം ?. അലോച്ചിച്ചു കിടന്ന് എപ്പോഴോ ഉറങ്ങി..

*******************************************************************
2

നാലുമണിയുടെ അലാറം കേട്ടാണ് ഉണര്‍ന്നത്. ഉറക്കച്ചടവുണ്ടായിരുന്നെങ്കിലും ഉത്സാഹത്തോടെ തന്നെ കുളിയൊക്കെ കഴിഞ്ഞു ബൈക്കില്‍ സ്‌റ്റാന്റില്‍ എത്തി. ബൈക്ക് പാര്‍ക്ക് ചെയ്തു വരുമ്പോഴേക്കും തിരുവനന്തപുരത്തെക്കൂള്ള ഒരു സൂപ്പര്‍ഫാസ്‌റ്റ് പുറ്പ്പെടാന്‍ തായാറായി നില്‍ക്കുണ്ടായിരുന്നു നേരെ കയറി ടിക്കറ്റെടുത്ത് ഒരു ഒഴിഞ്ഞ സീറ്റില്‍ ഇരുന്നു.

ഞായറാഴ്‌ച്ച ആയതിനാലാവും യാത്രക്കാര്‍ വളരെ കറവായിരുന്നു ഉള്ളവര്‍ തന്നെ ദീര്‍ഘയാത്രയുടെ ആലസ്യത്തിന്റെ പാതി മയക്കത്തിലും. വണ്ടി നീങ്ങി തുടങ്ങിയപ്പോള്‍ വെറുതെ പുറത്തേക്ക് നോക്കി ഇരുന്നു. വിജനമായ തെരുവുകളും അടഞ്ഞു കിടക്കുന്ന കടകളും. ചില ചായക്കടകള്‍ മാത്രം തുറന്നിരിക്കുന്നു. സൈക്കിളില്‍ പത്രകെട്ടുകളും പാല്‍പാത്രങ്ങളുമായി തലങ്ങും വിലങ്ങും പായുന്ന കുറേ പാവങ്ങള്‍.

തണുത്തകാറ്റ് ശക്തിയായി മുഖത്തേക്കടിക്കാന്‍ തുടങ്ങിയപ്പോള്‍ ഗ്ലാസ് വലിച്ചടച്ച് കണ്ണുകള്‍ അടച്ചു വെറുതെ കിടന്നു.

മനസ് വീണ്ടും രഹ്‌നയില്‍ എത്തി.

രഹ്‌ന അവസാനമായി അയച്ച ന്യൂ ഇയര്‍ കാര്‍ഡും കത്തും ..!

ലൂയിസിന്..

Wish You a Happy New Year...!

ഇന്നു ഡിസമ്പര്‍ 31സമയം രാത്രി 11:45. ഈ കത്തിനോടൊപ്പം ഞാന്‍ വരച്ച കാര്‍ഡും അയക്കുന്നു. എന്റെ സഹോദരനു പുതുവര്‍ഷാശംസകള്‍ നേരാന്‍ ആരെങ്കിലും പ്രിന്റു ചെയ്ത, ഏതെങ്കിലും സായിപ്പിന്റെ വരികള്‍ ഉപയോഗിക്കേണ്ട എന്നു കരുതിയാണ് ഞാന്‍ തന്നെ വരച്ചത്. ഒരുതരം വട്ട് അല്ലെ...? ഈ വര്‍ഷത്തെ എന്റെ അവസാനത്തേതും അടുത്ത വര്‍ഷത്തെ ആദ്യത്തേതും ആയ കുറെ നിമിഷങ്ങള്‍ ഈ സഹോദരനായി മാറ്റി വക്കണം എന്നാഗ്രഹമുള്ളതുകൊണ്ടാണ്. ഈ പാതിരാക്ക് ഇരുന്നെഴുതുന്നത്. പുറത്തു പടക്കങ്ങളുടെ കാതടപ്പിക്കുന്ന ശബ്‌ദം, എല്ലാം മറന്ന് ആടിപ്പാടുന്ന യുവത്വങ്ങള്‍. എല്ലാവരും പുതുവര്‍‌ഷത്തെ സ്വീകരിക്കുന്ന തിരക്കിലാണ്. പാവം പടി ഇറങ്ങി കടന്നു പോകുന്ന വര്‍ഷത്തെ കുറിച്ച് ആരും ഓര്‍ക്കുന്നില്ല അല്ലെ ?. ഈ സന്തോഷ നിമിഷത്തില്‍ അതാരും ഓര്‍ക്കാന്‍ ഇഷ്‌ടപ്പെടുന്നുമില്ല. ഇതല്ലെ നമ്മള്‍ മനുഷ്യരുടെ സ്വഭാവം ?. നന്ദികെട്ടവര്‍.
ലൂയിസ്, എന്റെ തലക്കകത്തും ഇപ്പോള്‍ ഒരു തരം വെടിക്കെട്ടു നടക്കുന്നത് പോലെ, വൈകുന്നെരം മുതല്‍ തുടങ്ങിയതാ ഈ നശിച്ച തലവേദന. കൂടെ കൂടെ വരാറുണ്ട്. അതുകൊണ്ട് ഉറക്കമിളച്ചിരുന്നു പഠിക്കുകയൊന്നും വേണ്ടെന്നാ വാപ്പയുടെ ഓര്‍ഡര്‍. മുറിയില്‍ വെളിച്ചം കണ്ടാല്‍ പിന്നെ അതു മതി.. അതുകൊണ്ട് തല്‍കാലം നിര്‍ത്തട്ടേ..


മുഖത്തു സൂര്യപ്രകാശമടിച്ചപ്പോഴാണ് ഉണര്‍ന്നത്. ബസ് തിരുവനന്തപുരം സിറ്റിയിലേക്കു കടന്നിരിക്കുന്നു. മൊബൈലില്‍ ഷമീറിനെ വിളിച്ചു.

'ഹലോ ഷമീര്‍..കണ്ണൂരില്‍ നിന്നും വരുന്ന സൂപ്പര്‍ ഫാസ്‌റ്റില്‍ ഞാനുണ്ട് ഒരു പത്തു മിനിറ്റിനകം ബസ് സ്‌റ്റേഷനില്‍ എത്തും.

'ഓക്കെ ലൂയിസ് ഐ വില്‍ബി ദേര്‍. ആട്ടെ കണ്ടാല്‍ എനിക്കു മനസിലാവണ്ടേ എന്താ ലൂയിസിന്റെ വേഷം..? '

നീല ഷര്‍ട്ടും കറുപ്പ് പാന്റും .

സ്‌റ്റാന്‍ഡില്‍ ബസ്സിറങ്ങി നടന്നു വരുമ്പോഴേക്കും ഷമ്മീര്‍ എതിരെ വന്നു കൈ തന്നു.

'യാത്ര സുഖായിരുന്നോ...?'

"ങൂം.."

മറ്റൊന്നും സംസാരിക്കാതെ ഷമീര്‍ കാറിനടുത്തേക്ക് നടന്നു.

"കയറൂ.."കാറിനടുത്തെത്തി ഷമീര്‍ പറഞ്ഞു.

പുതിയ ഇന്നോവ കാര്‍ റോഡിലൂടെ സാമാന്യ വേഗത്തില്‍ തെന്നി നീങ്ങികൊണ്ടിരുന്നു. ആദ്യമായാണ് വരുന്നതെങ്കിലും തികച്ചും പരിചിതമായ വഴികള്‍ പോലെ..! എത്ര കൃത്യമായും ഹൃദ്യമായുമാണ് ഈ നാടും നാട്ടു വഴികളും ആ തൂലികയിലൂടെ രഹ്‌ന വരച്ചു കാട്ടിയത്..!
ഒരു വളവിനടുത്തായി വഴിയരുകില്‍ ഒരു വലിയ ആല്‍ത്തറയും ഒരു ദേവീ വിഗ്രവും കണ്ടെപ്പോള്‍ രഹ്‌നയുടെ വരികള്‍ ഞാനോര്‍ത്തു.

"ഞാന്‍ ബസ്സിറങ്ങി വീട്ടിലേക്കു നടക്ക് നടക്കുന്ന വഴിയില്‍ ഒരു ആല്‍തറയും ദേവീവിഗ്രഹവുമുണ്ട് ഏതു ദേവി ആണെന്നും ഒന്നും അറിയില്ല. പണ്ട് മലവേടന്മാര്‍ പ്രാത്ഥിച്ചിരുന്നതാണത്രേ..! കുറച്ച് നാള്‍ മുന്‍പ് വരെ അവിടെ ഒരു മുത്തിയമ്മ ഉണ്ടായിരുന്നു. അവരുടെ മരണത്തോടെ ആ ദേവി ശരിക്കും അനാഥയായതു പോലെയാണ്. മഴയും വെയിലുമേറ്റ് അങ്ങിനെ നശിക്കുകയാ. ആരെങ്കിലും എപ്പോഴെങ്കിലും അവിടെ ഒരു തിരി കത്തിച്ചാലായി. ഇവിടെ ഒരു വിശ്വാസമുണ്ട്. ആ കല്‍‌വിളക്കില്‍ കൈവച്ച് എന്തു പ്രാര്‍ത്ഥിച്ചാലും അതു ഫലിക്കുമത്രേ. ചിലപ്പോഴൊക്കെ കോളേജില്‍ നിന്നു വരുമ്പോള്‍ വഴിയില്‍ ആരുമില്ലെങ്കില്‍ പതുക്കെ അവിടെ ചെന്നു പറയും എന്താണെന്നോ..? എന്റെ ഈ തെമ്മാടിക്കു ഇനിയും ദുഷിച്ച ചിന്തകളും ചീത്തകൂട്ടുകെട്ടും ഉണ്ടാവല്ലേന്ന്. നിസ്‌ക്കാരപായയില്‍ അല്ലഹുവിനോടും ഞാന്‍ ഇതുതന്നെയാ പറയാറുള്ളത് കേട്ടോ...

***********************************************************



3

'ലൂയിസ് ഇറങ്ങിക്കോളൂ..'



ഷമീറിന്റെ ശബ്‌ദമാണ് ഓര്‍‌മ്മയില്‍ നിന്നുണര്‍‌ത്തിയത്. വീടെത്തിയിരിക്കുന്നു. കാറിന്റെ ശബ്ദം കേട്ടിട്ടാകാം രഹ്‌നയുടെ വാപ്പയും ഇത്തയും വാതുക്കല്‍ തന്നെ നില്‍‌പ്പുണ്ടായിരുന്നു.

വാ.. കയറിയിരിക്കൂ.. അദ്ദേഹത്തിന്റെ വാക്കുകളില്‍ മറഞ്ഞിരിക്കുന്നത് നീരസമോ, നിസംഗതയോ..?


ഷൂ ഊരി അകത്തു കയറി പ്രൗഢമനോഹരമായ കസേരകളില്‍ ഒന്നില്‍ ഇരുന്നു. തൊട്ടടുത്ത കസേരയില്‍ ഷമീറും മറ്റൊന്നില്‍ രഹ്‌നയുടെ ബാപ്പയും ഇരുന്നു.
ചുവരില്‍ കുറേ ഭംഗിയുള്ള പെയിന്റിങ്ങുകളും ഖുര്‍‌ആന്‍ സൂക്തങ്ങളും. രഹ്‌നയുടെ സൃഷ്‌ടികളാണവയെല്ലാമെന്ന് അതിലെ മനോഹരമായ കയ്യൊപ്പിലൂടെ മനസിലായി.


അല്ല, ഈ രഹ്‌നയെവിടെ..? ആദ്യമായി അഭിമുഖീകരിക്കനുള്ള നാണമാകും. അതോ ബാപ്പയും ഇക്കയും ഇരിക്കുന്നത് കൊണ്ടാകുമോ..?


'മോന്റെ പേരെന്താ...?' ബാപ്പയാണത് മൗനത്തിനു തടയിട്ടത്.


'ലൂയിസ്..' ഷമീര്‍ മറുപടി പറഞ്ഞു.


'മോനെ ഞങ്ങള്‍ പഴയ ആചാരാനുഷ്‌ഠാനങ്ങള്‍ ഒക്കെ വച്ചു പുലര്‍ത്തുന്നവരാ, നിങ്ങളുടെ ഈ കൂട്ടുകെട്ടൊന്നും ഞങ്ങള്‍ക്ക് മനസിലാവില്ല. എന്റെ രഹ്‌നമോളെ എനിക്ക് നന്നായി അറിയാമെങ്കിലും നാട്ടുകാരെക്കൊണ്ട് എന്തിനാ വല്ലതും ഒക്കെ പറയിപ്പിക്കന്നതെന്നു വിചാരിച്ചാ ഞാന്‍...'
വാക്കുകള്‍ പൂര്‍‌ത്തിയാക്കും മുന്‍‌പ് അദ്ദേഹം എഴുന്നേറ്റ് അകത്തേക്ക് പോയി.


ഷമീര്‍ ശബ്‌ദം താഴ്‌ത്തി സാമധാനം തുടര്‍‌ന്നു.
"ലൂയിസ്, ഞങ്ങള്‍ ഇപ്പോള്‍ വല്ലാത്തൊരു മാനസികാവസ്ഥയില്‍ ആണ്. ഐ തിങ്ക് യു നോ....രഹ്‌നയ്‌ക്ക് കൂടെകൂടെ ശക്തമായ തലവേദന വരാറുള്ളത്. കഴിഞ്ഞയാഴ്‌ച കോളേജില്‍ നിന്നും വന്നപാടെ തലവേദനയെന്നും പറഞ്ഞു മുറിയില്‍ പോയി കിടന്നു. പിന്നീട് ഒരു ഗ്ലാസ് ചായയുമായി അവളുടെ ഉമ്മ മുറിയില്‍ ചെല്ലുമ്പോള്‍ രഹ്‌നയ്‌ക്ക് ബോധമില്ലായിരുന്നു. അപ്പോള്‍ തന്നെ മെഡിക്കല്‍ കോളേജില്‍ അഡ്‌മിറ്റ് ചെയ്തു. വിശദമായ സ്‌കാനിങ്ങിനും പരിശോധനകള്‍ക്കും ശേഷം ഡൊക്‌ടര്‍ പറഞ്ഞത്..."


ഡോക്‌ടര്‍ എന്തു പറഞ്ഞു...?


അല്ലാഹു ആവശ്യത്തില്‍ കൂടുതല്‍ ബുദ്ധികൊടുത്ത അവളുടെ തലച്ചോര്‍ ആ പടച്ചവന്‍ തന്നെ തിരിച്ചെടുത്തിരിക്കുന്നു..


'വാട്ട് യു മീന്‍ ഷമീറിക്ക...?!!'


അതെ, രഹ്‌നമോള്‍ക്ക് ബ്രയിന്‍ ട്യൂമര്‍ ആണ്. ലോകത്ത എവിടെ കൊണ്ടുപോയാലും എന്തൊക്കെ വിറ്റിട്ടായാലും ഞങ്ങള്‍ അവളെ രക്ഷിക്കുമായിരുന്നു , പക്ഷേ.. ഒരുപാട് വൈകിപോയത്രേ. വേണമെങ്കില്‍ ആര്‍. സി. സി യിലോട്ട് മാറ്റിക്കോളൂ. പക്ഷേ അതുകൊണ്ടും കാര്യമില്ലാത്ത വിധം താമസിച്ചു പോയെന്ന്‍. ആര്‍.സി.സി യിലോട്ട് മാറ്റിയാല്‍..? ഈ രൊഗത്തെ കുറിച്ചു അവള്‍ അറിഞ്ഞാല്‍..? ഞങ്ങള്‍ക്ക് ഒന്നും അറിയില്ല ലൂയിസ്..!


ഒരു നിമിഷം...!!!


തളര്‍ന്നു വിറങ്ങലിച്ചിരിക്കാനേ തനിക്കു കഴിയുന്നുള്ളൂ...


ഭൂമി പിളര്‍ന്നു താഴേക്ക്... താഴേക്ക് പോകും പോലെ.. കസേരയുള്‍പ്പെടെ താന്‍ അന്തരീക്ഷത്തില്‍ ഒഴുകി നടക്കും പോലെ...! വല്ലാത്തൊരു ഭിതിയോടെ കസേര കൈയില്‍ മുറുകെ പിടിച്ചിരുന്നു. രഹ്‌നയുടെ ഇത്തയുടെ തേങ്ങലാണ് പരിസര ബോധം വീണ്ടെടുക്കാന്‍ സഹായിച്ചത്. വാതിലിനു പിന്നില്‍ നിന്നും പോട്ടികരയുന്നു പാവം...!


കണ്ണടയൂരി കണ്ണ് ഒന്ന് അമര്‍‌ത്തി തുടച്ചു കൊണ്ടു ഷമീര്‍ തുടര്‍ന്നു.


"അവള്‍ക്ക് ലൂയിസിനെ കാണണമെന്ന് ആശുപത്രിയില്‍ വച്ച് പലപ്പോഴും പറയാറുണ്ട്. കഴിഞ്ഞ ദിവസം അവളുടെ ചില പഴയ മെഡിക്കല്‍ റിപ്പോര്‍‌ട്ടിനായി അവളുടെ മുറി പരതുമ്പോഴാണ്. ലൂയിസിന്റെ കത്തുകളും ഫോട്ടോയും കാണുന്നത്. അതു വായിച്ചപ്പോഴാണ് നിങ്ങളുടെ സ്‌നേഹത്തേയും അത് അവളില്‍ ഉണ്ടാക്കിയ മനസ്സന്തോഷത്തേയും കുറിച്ചു ഞങ്ങള്‍ക്ക് മനസിലാവുന്നത്. രഹ്‌നയുടെ ആകെയുള്ള ഒരു ആഗ്രഹം എന്ന നിലയില്‍ വപ്പയും ഞങ്ങളും ഒക്കെ കൂടിയാണ് ലൂയിസിനെ വിളിച്ചത്. "


'നമ്മുക്ക് ആശുപത്രിയിലേക്ക് പോയാലോ...?' ഷമീര്‍ ചോദിച്ചു.


ഒരു മറുമടി പറയാന്‍ പോലും അശക്തനായിരുന്നെങ്കിലും എഴുനേറ്റ് മുറ്റത്തേക്ക് നടന്നു.
'ഞാനും വരുന്നു..' ബാപ്പയും വേഷം മാറി ഇറങ്ങി.


മനസിനാകെ ഒരു തരം മരവിപ്പ്..


കാറിലെ ഏസിക്കും ഈ മനസിനു കുളിരു പകരാന്‍ ആവില്ല്ലല്ലോ..
അറിയാതെ കുരിശു വരച്ച് പ്രാര്‍‌ത്ഥിച്ചു...'ഒന്നും അറിയാത്ത ഭാവത്തില്‍ രഹ്‌നയെ അഭിമുഖീകരിക്കുവാനുള്ള ശക്തി തരണേ എന്ന്‍...'

****************************************************************



4

കുഴയുന്ന കാലുകളുമായി ആശുപത്രിയുടെ പടികള്‍ കയറി രഹ്‌നയുടെ മുറിയില്‍ എത്തി. ക്ഷീണിച്ച് കട്ടിലിനോട് ഒട്ടികിടക്കുന്ന രഹ്‌ന..! ഓറഞ്ച് അല്ലികളായി വായില്‍ വച്ചു കൊടുക്കുന്ന ഉമ്മ. പ്രസരിപ്പുള്ള ആ കണ്ണുകള്‍ ഇപ്പൊള്‍ ചത്ത മീനിനു സമം !. കറുത്ത ഇടതൂര്‍ന്ന ആ മുടിയുടെ കനവും ആഴവും നഷ്‌ടപ്പെട്ടിരിക്കുന്നു. പാറിപറക്കുന്ന മുടിയിഴകള്‍..!

തന്നെ കണ്ട രഹ്‌ന മെല്ലെ ചിരിച്ചു കൊണ്ട് പറഞ്ഞു.."ഹലോ ലൂയീ..."കട്ടിലില്‍ തട്ടി ഇരിക്കാന്‍ ആഗ്യം കാണിച്ചു. യാന്ത്രികമായി തന്നെ ആ കട്ടിയില്‍ ഇരുന്നു..

"ഇത്ത പറഞ്ഞിരുന്നു ലൂയി ഇന്നു വരുമെന്ന്. യാത്ര സുഖം ആയിരുന്നോ..?"

'ങൂം..' വെറുതെ ഒന്നു മൂളീ.

മൗനത്തിന്റെ കുറെ നിമിഷങ്ങള്‍..!

"ഹേയ് ലൂയീ...എന്താ ഒന്നും മിണ്ടാതിങ്ങനേ...? ദേ ഇവരെപോലെ ആയോ ലൂയിസും ?. എപ്പൊഴും മുഖം വീര്‍പ്പിച്ച്..?"

ശബ്‌ദം താഴ്‌ത്തി രഹ്‌ന തുടര്‍‌ന്നു...

"ലൂയിസ്, എനിക്കു വലിയ ആഗ്രഹമായിരുന്നു ആദ്യമായി നമ്മള്‍ കാണുന്ന ദിവസം നമ്മുക്കു ഈ തിരുവനന്തപുരം മൊത്തം ചുറ്റിയടിക്കണമെന്ന്. എന്നിട്ട് എന്റെ കൂട്ടുകാരികളെയൊക്കെ പരിചയപ്പെടുത്തി കൊടുത്തിട്ട് പറയണം. 'ഇതാണ് ഞാന്‍ പറഞ്ഞ എന്റെ സഹോദരന്‍, ആളൊരു തെമ്മാടിയായിരുന്നു ഞാനാണ് ശരിയാക്കി എടുത്തതെന്നും ഇപ്പോല്‍ ഇതു ഒരു എലി മാത്രമാണെന്നും. പിന്നെ ശംഖുമുഖം കടപ്പുറത്തിരുന്നു സൂര്യാസ്‌തമയം വരെ ഐസ്‌ക്രീമും കഴിച്ച് ലൂയിയുടെ തമാശയും കേട്ടിരിക്കണമെന്നും. പക്ഷേ ലൂയിസ്.. ഐ ആം സോറി..."

കട്ടിലില്‍ ഇരുന്ന എന്റെ കൈയ്യിലേക്ക് രഹ്‌നയുടെ രണ്ടു തുള്ളി കണ്ണുനീര്‍ മുത്തുകള്‍ വീണുടഞ്ഞപ്പോള്‍ ശരിക്കും ഞെട്ടി..! ഒന്നും കാണാനാവാതെ വാപ്പയും ഉമ്മയും ഷമീറും അല്‍‌പ്പം മാറിനിന്ന് എന്തോ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.

ധൈര്യം സംഭരിച്ചു ഞാന്‍ പറഞ്ഞു.

"ഹേയ് രഹ്‌ന..എന്തായിത് കൊച്ചു കുട്ടികളെ പോലെ..?"

പതുക്കെ എഴുനേറ്റ് ആ ശിരസ്സില്‍ ഒന്നു തലോടി. കണ്ണീര്‍ തുടച്ചു കോണ്ടു രഹ്‌ന തുടര്‍‌ന്നു... "എനിക്കിവിടെ ശരിക്കും മടുത്തു ലൂയിസ്. എന്നാ ഇനി ഇവിടുന്നു പോകാനാവുക എന്ന ചിന്തയേ ഇപ്പൊഴെനിക്കുള്ളൂ.. ലൂയിസ് എനിക്കു വേണ്ടി ഒരു കാര്യം ചെയ്യാവോ ?...പ്ലീസ്. തിരക്കിനിടയില്‍ സമയം കാണില്ലെന്നറിയാം എന്നാലും ഞാന്‍ ഇവിടുന്നു ഡിസ്‌ചാര്‍ജ് ആകുന്നതു വരെ എനിക്ക് ഓരോ ദിവസവും ഓരോ കത്തുകള്‍ അയക്കാമോ..? ഒരു തുടര്‍ കഥപോലെ..? ലൂയിയുടെ കത്തു കാത്തിരിക്കുന്നതു തന്നെ ഒരു സുഖമാണെനിക്ക്. വാപ്പയുടെ പിണക്കമൊക്കെ മാറികേട്ടോ. ഈയിടെയായി എനിക്കു തൂടങ്ങിയ വട്ടായി ഇതിനെയും കരുതിയാല്‍ മതി. സമ്മതിച്ചോ...? 'ങൂം..'

"മൂളിയാല്‍ പോര, സത്യം ചെയ്യ്..!'

രഹ്‌ന കൈ നീട്ടി..

'സത്യം ...!'

'മോന്‍ ഒരുപാട് യാത്രചെയ്തു വന്നതല്ലെ. കുളിച്ചു വിശ്രമിച്ചിട്ടു നാളെ പോകാം എന്താ..?' രഹ്‌നയുടെ ബാപ്പ ചോദിച്ചു.

"വേണ്ട വാപ്പ ലൂയിക്ക് അവിടെ ബോറടിക്കും പോകുന്നെങ്കില്‍ പൊയ്‌ക്കോട്ടെ.."രഹ്‌ന പറഞ്ഞു.
കൂടുതല്‍ അവിടിരിക്കാന്‍ മനക്കരുത്തില്ലാത്തതിനാല്‍ അല്പ്പം അടുത്തു ചെന്നു ചോദിച്ചു..

'ഞാന്‍ പൊയ്‌ക്കോട്ടെ രഹ്‌ന..?'

''ങൂം.. 'തലയാട്ടികൊണ്ടു പറഞ്ഞു.

'ഇനിയും നമ്മള്‍ തമ്മില്‍ കാണുമോ..?ശരിക്കും ഞെട്ടിയെങ്കിലും പിടിച്ചുനിന്ന്‍ ചോദ്യഭാവത്തില്‍ ആ മുഖത്തേക്കു നോക്കി.

'അല്ല, നിങ്ങള്‍ ഒക്കെ വലിയ തിരക്കുള്ള ആളുകളല്ലെ അതു കൊണ്ടാ.. '

മറുപടി പറയാതെ പെട്ടെന്നിറങ്ങി പുറത്തേക്ക് നടന്നു. ഒപ്പം ഷമീറും.

കാറില്‍ കയറി യാത്ര തൂടര്‍ന്നു രണ്ടാളും ഒന്നും സംസാരിക്കാതെ. രഹ്‌നയുടെ വീടിനടുത്തുള്ള ആല്‍ത്തറക്കു സമീപമെത്തിയപ്പോള്‍ ഞാന്‍ ഷമീറിനോട് പറഞ്ഞു.

' ഷമീര്‍, വണ്ടി ഒന്നു നിര്‍ത്താവോ പ്ലീസ്.'

വണ്ടി അരികു ചേര്‍ത്തു നിര്‍ത്തി. കാറില്‍ നിന്നിറങ്ങി അടുത്തു കണ്ട പെട്ടിക്കടയില്‍ നിന്നും വിളക്കെണ്ണയും തിരിയും വാങ്ങി ആ കല്‍‌വിളക്കു തെളിയിച്ചു പിന്നീട് ആ വിഗ്രഹത്തില്‍ കൈവച്ചു പ്രാര്‍‌ത്ഥിച്ചു..
"ഒരുപാട് തവണ നിന്റെ അടുത്തു വന്നിട്ടുള്ള ആ പാവത്തിനെ ഒരാപത്തും വരുത്താതെ ഞങ്ങള്‍ക്ക് വിട്ടുതന്നൂടെ...?"

തിരികെ വന്നു കാറില്‍ കയറി ഷമീറിനോട് പറഞ്ഞു.

'സമയം ഒരുപാട് വൈകി ഇനി ഞാന്‍ വീട്ടിലേക്കില്ല എന്നെ സ്‌റ്റാന്‍ഡില്‍ വിട്ടാല്‍ മതി..

'ഓക്കെ..ലൂയീസിന്റെ ഇഷ്‌ടം.'

വണ്ടി തിരിക്കുന്നതിനിടയില്‍ ആ ആല്‍ തറയിലേക്ക് ഒന്നുകൂടി തിരിഞ്ഞു നോക്കി..സന്ധ്യയുടെ പൊന്നില്‍ ചാലിച്ച വെളിച്ചത്തില്‍ ആ കല്‍വിളക്കിലെ തിരികള്‍ കൂടുതല്‍ പ്രകാശിതമായപോലെ..പ്രത്യാശയുടെ പൊന്‍ കിരണങ്ങള്‍...!

************************************************************



5



വീട്ടീല്‍ കയറി കൂളിച്ചു വിളമ്പിവച്ചിരുന്ന ഭക്ഷണം കഴിചെന്നു വരുത്തി കിടക്കാനായപ്പോഴാണ് രഹ്‌നക്ക് കൊടുത്തവാക്ക് ഓര്‍ത്തത്.


ഒരു പേപ്പറും പേനയുമായി ഇരുന്നു.


എന്റെ എല്ലാമായ രഹ്‌നക്ക്...
രഹ്‌നമോള്‍ക്ക് വാക്കു തന്നതു പോലെ ദേ, ഞാന്‍ എഴുതുന്നു പക്ഷെ ഇതയക്കുവാന്‍ എനിക്കു വയ്യാ. ഇതു കിട്ടിയാലും സന്തോഷമൊന്നും തോന്നാതത്ര വികൃതമായ വരികളേ എന്റെ തൂലികയില്‍ ഇനി പിറവിയെടുക്കൂ. മൊബൈല്‍ ഫോണിന്റെ ഓരോ മണിനാദവും എന്റെ നെഞ്ചിടിപ്പു കൂട്ടുകയാണ്. ഞാന്‍ ഒരിക്കലും അരുതേ എന്നാശിക്കുന്ന ആ കോള്‍ വരുന്നതു വരെ നിനക്കെഴുതാം..


കണ്ണീരിന്റെ ഒരാവരണം കണ്ണുകളെ മൂടികെട്ടി അക്ഷരങ്ങള്‍ അവ്യക്‌തങ്ങളായപ്പോള്‍, തിരികെ കട്ടിലില്‍ വന്നു കിടന്നു. ആ കിടപ്പില്‍ വെറുതേ ശ്രദ്ധിച്ചു. ഭിത്തിയിലെ ഉണ്ണിയേശുവിന്റേയും മേരിയുടെയും രൂപം..!


പെട്ടെന്നെഴുന്നേറ്റ് കുരിശുവരച്ചു കണ്ണുകള്‍ അടച്ചു പ്രാര്‍ത്ഥിച്ചു..


"ഒരു‍പാട് തെറ്റുകള്‍ ചെയ്ത് പാപപങ്കിലമായ ഈ എന്നെ ശിക്ഷിക്കാനും എന്റെ മനസിനെ നോവിക്കാനുമാണോ...ആ പാവത്തിന് ഈ വിധി കൊടുത്തത്..? രഹ്‌ന എന്തു ചെയ്തിട്ടാ ഈ ശിക്ഷ..? ലോകം മുഴുവന്‍ സുഖം പകരാനായി അവതരിച്ച സ്‌നേഹദീപമേ.. ആ മാതാപിതാക്കളുടേയും സഹോദരങ്ങളുടെയും വേദന നീ കാണുന്നില്ലെന്നുണ്ടോ..? ഒന്നു കരയാന്‍ പോലും ആവാത്ത അവരുടെ അവസ്ഥ നീ അറിയില്ലെന്നുണ്ടോ..? ഭൂമിയിലെ എല്ലാ ഡോക്‌ടറെക്കാലും ശസ്‌ത്രത്തെക്കാളും ഉപരിയായ നിന്നില്‍ വിശ്വസിച്ചു പറയുന്നു, ഒരല്പ്പമെങ്കിലും സ്‌നേഹം ഞങ്ങളോട് അവശേഷിക്കുന്നുണ്ടെങ്കില്‍ ആ പാവത്തിനെ ഞങ്ങള്‍ക്കായ് രക്ഷിക്കണേ, ആമേന്‍..


കണ്ണു തുറന്നപ്പോള്‍ തോന്നി..


അത്‌ഭുതം ..!
ആ കണ്ണുകള്‍ ഒന്നു ചിമ്മിയോ...?

ഉണ്ണിയേശുവിനെ മാറോട് ചേര്‍ത്തിരിക്കുന്ന ആ മാതാവിന്റെ കണ്ണുകള്‍ നിറയുന്നുവോ...? കണ്ണില്‍ നിന്നും അടര്‍ന്നിളകി കവിളിലൂടെ ഒലൊച്ചിറങ്ങുന്നത് കണ്ണീരോ. ചുടു രക്തമോ...?
ദൈവമേ നിന്നിലെ മാതൃഹൃദയത്തേയും ഈ വേദന ഒരു നെരിപ്പോട് തീര്‍ക്കുന്നുവോ...?

എല്ലാ ചിന്തകളില്‍ നിന്നും രക്ഷനേടാനായി കട്ടലില്‍ കമിഴ്‌ന്നു കിടന്നു തലയിണയില്‍ മുഖം അമര്‍‌ത്തി..


ഏസിയുടെ നേര്‍ത്ത കാറ്റില്‍ അപൂര്‍‌ണ്ണമായി മേശമേലിരുന്ന ആ കത്ത് പതുക്കെ ആടിയിളകി പറന്നു തഴേക്കു വീണു.


കുസൃതിക്കാരിയായ എന്റെ രഹ്‌നയെ പോലെ....

17 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

പിന്‍വിളി കേള്‍ക്കാതെ...
അഞ്ച് ചെറിയ അദ്ധ്യയങ്ങളിലായി അവസാനിക്കുന്ന ഒരു നോവലെറ്റ് ആയി പരീക്ഷണാര്‍‌ത്ഥം എഴുതിയതാണ്. അഭിപ്രായം അറിയിക്കുമല്ലോ..

ശ്രീ said...

നജീമിക്കാ...

നന്നായിരിക്കുന്നു. നല്ല കഥ. ലൂയീസും രഹ്നയും മനസ്സില്‍ ബാക്കി നില്‍‌ക്കുന്ന്നു, വായനയ്ക്കു ശേഷവും.

:)

അപ്പു ആദ്യാക്ഷരി said...

പ്രിയപ്പെട്ട ന്നജീം,

ഒറ്റയിരുപ്പിനു തന്നെ വായിച്ചു തീര്‍ത്തു ഈ കഥ. ലൂയിസിന്റെയ്യും രഹനയുടെയും കഥാ ഒരു വേദനയായി ഇപ്പോഴും മനസ്സില്‍ നില്‍ക്കുന്ന്നു. കഥയുടെ അവതരണം നന്നായി. ക്ലൈമാക്സ് വായനക്കാരന്റെ ഭാവാനയ്ക്ക് വിട്ടാതും നന്ന്.

Typist | എഴുത്തുകാരി said...

വായിച്ചുകഴിഞ്ഞിട്ട്, മനസ്സിനുള്ളില്‍ ഒരു വിഷാദം ബാക്കി നില്‍ക്കുന്നു.

വലിയ അക്ഷരങ്ങളായതുകൊണ്ട്‌ വായിക്കാന്‍ സുഖമുണ്ട്‌.

ചന്ദ്രകാന്തം said...

നജീം,
വളരെ വളരെ നന്നായിരിയ്ക്കുന്നു അവതരണം. അത്‌ കഥാകാരന്റെ വിജയം.

താരാപഥം said...

ഹായ്‌ നജീം, അവതരിപ്പിച്ച രീതി നന്നായിട്ടുണ്ട്‌. രണ്ടു തുള്ളി കണ്ണീരിന്റെ ഒരാവരണം എന്റെ കണ്ണുകളേയും മൂടിക്കെട്ടി, അത്‌ മുഖത്തെത്തിയപ്പോഴണ്‌ ഞാന്‍ അത്‌ ആത്മാവിലേക്കെടുത്ത്‌ ആസ്വദിച്ചു എന്ന് മനസ്സിലായത്‌. വായിച്ച വിഷയം സ്വന്തം ജീവിതത്തിലെ ചില നിമിഷങ്ങളുമായി പങ്കുവെച്ചപ്പോള്‍ കൂടുതല്‍ ആകര്‍ഷകമായി തോന്നി.

സജീവ് കടവനാട് said...

നജീമേ ആശയവും അവതരണവും നന്നായിരിക്കുന്നു.

ബാജി ഓടംവേലി said...

ഈ ആഴ്‌ചയിലെ ഏറ്റവും നല്ല നോവലെറ്റിനുള്ള സമ്മാനം.
ലൂയിസ്സും രഹ്‌നയും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. അവര്‍ക്കായ് പ്രാര്‍ത്ഥിക്കാന്‍ വായനക്കാര്‍ ഉണ്ടാകും. ഹൃദയ സ്‌പര്‍ശിയായ കഥ. നല്ല വിവരണം . നല്ല ഒഴുക്ക് . വാക്കുകളില്‍ വായനാസുഖം . ലളിതമായ ഭാഷ.
എല്ലാം കൊണ്ടും നന്നായിരിക്കുന്നു.ഈ ആഴ്‌ചയിലെ ഏറ്റവും നല്ല നോവലെറ്റിനുള്ള സമ്മാനം ഇതിനു തന്നെ.
അഭിനന്ദനങ്ങള്‍.

മന്‍സുര്‍ said...

സ്നേഹിതാ...നജീം

സങ്കടമോതുവതാരോട്‌ ഞാന്‍
എന്‍ സങ്കടം കേള്‍ക്കുമാലോകരെല്ലം
സങ്കടപ്പെട്ടിരിക്കുബോല്‍

നജീം ഭായ്‌ അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

ഏ.ആര്‍. നജീം said...

ശ്രീ : വളരെ നന്ദി, ശ്രീയേപ്പൊലുള്ളവരുടെ സ്ഥിരം സന്ദര്‍‌ശനവും അഭിപ്രായങ്ങളും ആണ് എനിക്ക് തുടര്‍ന്നും പോസ്റ്റിങ്ങിനുള്ള പ്രചോദനം എന്ന് സൂചിപ്പിക്കട്ടെ..
അപ്പു : അതെ, അവസാനം എനിക്ക് ഒരു തീരുമാനത്തില്‍ എത്താനാവാതെയായി അതാ.. വളരെ നന്ദി.
എഴുത്തുകാരി : നന്ദി, ഒരുപാട്.
ചന്ദ്രകാന്തം : വളരെ നന്ദിയുണ്ട് ..
സ്കന്ദന്‍ : താങ്കളുടെ വരികള്‍ എന്നെ ശരിക്കും സന്തോഷിപ്പിച്ചു കേട്ടോ. എനിക്ക് കിട്ടിയ ഒരു സമ്മാനമായി ഞാനത് സ്വീകരിച്ചിരിക്കുന്നു. സ്കന്ദന്‍ ഇതിനു മുന്‍പ് ഈ ബ്ലോഗിലേക്ക് വരാഞ്ഞതാണോ എന്നറിയില്ല, ഇതിനു മുന്‍പ് അഭിപ്രായങ്ങള്‍ ഒന്നും കണ്ടിട്ടില്ല. തുടര്‍ന്നും വായിച്ച് അഭിപ്രാറ്റങ്ങള്‍ അറിയിക്കണേ..
ബാജി ജീ : താങ്കളുടെ മനസില്‍ നിന്നുള്ള ആ വരികള്‍ മാത്രം മതി എനിക്ക് വിലപ്പെട്ട സമ്മാനമായി..
മന്‍സൂര്‍ ഭായ് : വളരെ നന്ദിയുണ്ട്...

ആഷ | Asha said...

രഹ്നയ്ക്ക് ഒന്നും സംഭവിക്കില്ല :)
കാത്തിരിപ്പെന്ന മുക്കിയ പോസ്റ്റിന്റെ ചുവടു പിടിച്ചെത്തിയതാണിവിടെ. അതേതായാലും നന്നായി ഒരു നല്ല കഥ വായിക്കാന്‍ കഴിഞ്ഞല്ലോ.
അപ്പോള്‍ മുക്കിയ പോസ്റ്റ് പൊങ്ങി വരട്ടെ :)

rajan vengara said...

കഥയും പിന്നെ കമാണ്ട്സും വായിച്ചു.
കഥ ഒറ്റയിരുപ്പിനു താല്‍പ്പര്യപ്പൂര്‍വ്വം വയിച്ചുപോയി എന്നതാണു സത്യം.വളരേ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
കണ്ണുകളെ ഈറനണിയിചു എന്നു പറഞ്ഞാല്‍ അതിശയോക്തിയവില്ല.
ബാക്കിയുള്ള രചനകളും വായിക്കാന്‍ താല്‍പര്യം തോന്നുന്നു.
മുറ പോലെ വായിക്കാം.
ഇനിയും ഇതുപോലെ നല്ല രചനകള്‍ ഉണ്ടവട്ടെ ആ തൂലികയില്‍ നിന്നും.എല്ല ഭാവുകങ്ങളും നേരുന്നു.
സസ്നേഹം രാജന്‍,വെങ്ങര,കണ്ണൂരു

Anonymous said...

cQ£f®,

JZ l¡i¢μ¤ J»¤©Y¡y¼¢¿. J¥T¤Yv Fr¤Y¡u l¡´¤JwC¿.Cc¢i¤« Fr¤Y¤J.

ഏ.ആര്‍. നജീം said...

ആഷ : വളരെ നന്ദി, കാത്തിരുപ്പ് ഞാന്‍ മുക്കിയതല്ല. പിന്നീട് ശ്രദ്ധിച്ച ചില ചെറിയ തെറ്റുകള്‍ തിരുത്തുവാന്‍ അതു തിരികെ വിളിച്ചതാണ്. "കാത്തിരുപ്പ്" വായിച്ചു എന്ന് വിശ്വസിക്കുന്നു. അതെ, രഹ്നയ്ക്ക് ഒന്നും സംഭവിക്കരുതേ എന്നാണ് എന്റെയും പ്രാര്‍ത്ഥന. തുടര്‍ന്നും അഭിപ്രായം അറിയിക്കണേ.
രാജ് ഷൈന്‍ : താങ്കളുടെ മനസില്‍ നിന്നുള്ള ആ വാക്കുകള്‍ ഞാന്‍ ഒരു വലിയ അംഗീകാരമായി സ്വീകരിച്ചിരിക്കുന്നു. എന്റ മറ്റു പോസ്റ്റുകളും സമയം കിട്ടുമ്പോള്‍ വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ..?
Anonymous : താങ്കള്‍ എന്താണെഴുതിയത് എന്ന് വായിക്കാനാവുന്നില്ല താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും അറിയാന്‍ വലിയ ആഗ്രഹമുണ്ട്. കഴിയുമെങ്കില്‍ ഇംഗ്ലീഷില്‍ ഒന്നെഴുതാമോ..?

G.MANU said...

Najim.. kure naalukalkku sesham hridayathil thattiya oru post.
my congrats..
sahodara sneham enna theme.. yes.. athinu special congrats...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചില സ്നേഹബന്ധങ്ങള്‍ വ്യാഖ്യാനിക്കപ്പെടും, അനാവശ്യമായി. അതില്‍ ഉരുകുന്നതോ പവിത്രമായൊരു സ്നേഹവും!!!

നജീമിക്കാ, വായിക്കാനേറെ വൈകി തീര്‍ത്തും ഹൃദയസ്പര്‍ശിയായ ഈ കഥ.

കുഞ്ഞായി | kunjai said...

വൈകി വന്ന വേറൊരാള്‍
വളരെ മനോഹര മായിട്ടുണ്ട് കേട്ടൊ
ഒറ്റ ഇരിപ്പിന്‌ തന്നെ മുഴുവനും വായിച്ചു തീര്ത്തു