തപ്ത മാനസം

on Sunday, November 30, 2008




ഭാരതം മാറുന്നു ഭീകരര്‍ക്കൊക്കെയും
താവളം നല്‍കുന്നൊരമ്മ വീടായ് !
മുംബെയില്‍, ബാന്ദ്രയില്‍, നാദാപുരത്തിലും
കൂണുപോല്‍ ബോംബുള്ള കണ്ണൂര്‍ നിരത്തിലും
വട വൃക്ഷമായ് നിലകൊള്ളുമദൃശ്യമാം
തീവൃവാദത്തിന്‍ ചില്ലകള്‍ മേല്‍ക്കുമേല്‍
സ്റ്റേറ്റുകള്‍ തോറും പടര്‍ന്നീടുന്നു !!

പണമെന്ന പേരിലോ, മതമെന്ന പേരിലോ
ദേശാഭിമാനമില്ലാത്തവര്‍ നല്‍കുന്ന
പിച്ചയുമുച്ചിഷ്ടവും തിന്നവ
ധൂമകേതുക്കളായ് മാറിടുന്നു !
ഭാരത ഖണ്ഡത്തിലെങ്ങും പതിയ്ക്കുവാന്‍
ശക്തിയാര്‍ജ്ജിച്ചു വന്നീടുന്നു !

ഭാരതാം‌മ്പതന്‍ സ്വന്തമാം നടെന്നു ചൊല്ലുന്നു
വെങ്കിലും, ആ അമ്മയ്ക്കും
ചൊല്ലാവതല്ലെന്നെവിടെയെപ്പോളിടി-
വെട്ടുമാറുച്ചത്തില്‍ പൊട്ടുമോ ബോംബുകള്‍ !
ഒരുവനെ കൊല്ലുവതിനായിരമാളുകള്‍
കൂടെ മരിക്കണമെന്നതെത്ര ഭീകരം !

ലാദനോ , ഖ്വായിദയോ ഭീകരര്‍ ചൊല്ലീടാം
നെറികെട്ട രാഷ്ട്രീയ നാടകം ഭീകരം
തുണയായ് പിറന്നവന്‍, ഗുണമായ് വളര്‍ന്നവന്‍
പിണമായ് മാറുന്നു ജിഹാദിനായ്

നനവാര്‍ന്ന നയനത്തിന്നഗ്രത്തില്‍ നിന്നിറ്റു
വീഴുന്ന കണ്ണുനീര്‍ തുള്ളി നോക്കി
ഒരു തപ്ത മാനസം പേറുന്നരീ
ഭാരത മാതാവിന്‍
വ്യഥ കണ്ടു കേഴുവാനാളെവിടെ ?

മൗനം............

on Thursday, February 28, 2008


മൗനമേ, മനതാരിന്‍ സമ്മതമേ
നിനക്കായിരം നാവുകളാരു തന്നു ?
പതിവായി വന്നവള്‍
പറയാന്‍ ഞാനോര്‍ത്തത്
നിന്നിലൊതുങ്ങുകയായിരുന്നോ ?
വസന്ത പഞ്ചമി
നാളുകളെത്രയോ
പിന്നെയും വന്നു മറഞ്ഞു പോയ് !
പാടിത്തളര്‍‌ന്നെന്റെ
മാറില്‍ പതിഞ്ഞൊരാ
പൂമുഖമെന്തേ തുടുത്തു പോയീ



സ്വപ്നങ്ങള്‍ വില്‍ക്കുന്ന
രാജകുമാരീ, നിന്റെ
സ്വരലോക വാതില്‍ തുറക്കുകില്ലേ ?
തമ്പുരു മീട്ടിയാ
ഉമ്മറ വാതുക്കല്‍
എന്നെയും കാത്തുനീ
നില്‍ക്കയില്ലെ ?

നൂറാമത്തെ പോസ്റ്റ് ആ നല്ല മനസ്സിന് സമര്‍പ്പിക്കുന്നു...!

on Thursday, February 21, 2008

ആറ് ലക്ഷം ഇന്ത്യന്‍ രൂപ.

അത്ര ഭീമമായ ഒരു തുക അല്ലായിരിക്കാം.

പ്രത്യേകിച്ചും മണിക്കൂറിന് ലക്ഷങ്ങള്‍ മറിയുന്ന ഇന്നത്തെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍.

എന്നാല്‍ അതിന് ഒരു മനുഷ്യ ജീവനോളം വിലയുണ്ടെങ്കിലോ?. അതും ഒരു പിരിവോ സംഭാവനയോ ആയി സ്വരുക്കൂട്ടിയെടുക്കാന്‍ സമയം ഇല്ലാത്തപ്പോള്‍..? ജീവിത സാഗരത്തില്‍ കഷ്ടപ്പാടിന്റെ അഗാധതയിലേയ്ക്ക് ആഴ്ന്നിറങ്ങി കൊണ്ടിരുന്ന ഒരു കുറ്റുംബത്തിനെ കരകയറ്റാന്‍ പര്യാപ്തമാണെങ്കിലോ ..?

അത് അമൂല്യം തന്നെ !!.

***************************************************************

ആലപ്പുഴ ജില്ലയിലെ പുറക്കാടിനടുത്തുള്ള ഒരു ചെറിയ വീട്ടിലെ മത്സ്യത്തൊഴിലാളിയായ ശശിയുടേയും ടെല്‍മയുടെയും മകനാണ് 26 കാരനായ സിമില്‍. കുവൈത്തിലേക്ക് ഒരു ജോലി ശരിയായപ്പോള്‍ ആകെയുള്ള നാലര സെന്റ് പറമ്പും വീടും പണയപ്പെടുത്തി പിന്നോക്ക സമുദായ വികസന കോര്‍പ്പറേഷനില്‍ നിന്നും ഒരു വായ്പയുമെടുത്താണ് ഒരുപാട് പ്രതീക്ഷകളുമായി വിമാനം കയറിയത്. കുവൈത്തിലെ ഒരു റിസോട്ടില്‍ ജോലി ചെയ്തു വരികെ 2007 നവമ്പര്‍ 21ന് ആണ് സിമിലിന്റെ ജീവിതത്തെ ഒരു കാര്‍‌മേഘം കണക്കെ കരിനിഴല്‍ വീഴ്ത്തിയ സംഭവം.

ആന്ധ്ര സ്വദേശികളായ ചില യുവാക്കള്‍ അവിടെ വച്ച് ഏതോ നിസാര പ്രശ്നങ്ങളുടെ പേരില്‍ വഴക്കടിക്കുകയും അവിടെയുണ്ടായിരുന്ന സിമില്‍ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി കറിക്കത്തി , ആന്ധ്രയിലെ കടപ്പ ജില്ലയിലെ അമ്പാടി ബാലരാമന്റെ മകന്‍ സുരേഷിന്റെ കഴുത്തില്‍ തറക്കുകയും സുരേഷ് മരണപ്പെടുകയുമായിരുന്നു.

സ്വയരക്ഷക്കുവേണ്ടിയാകാം കൂടെയുള്ളവര്‍ സിമിലിനു നേരെ വിരല്‍ ചൂണ്ടുകയും
സാഹചര്യത്തെളിവുകള്‍ക്കൂടി എതിരായപ്പോള്‍ കുവൈത്ത് കോടതി സിമിലിനെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. മരണപെട്ടയാളുടെ ബന്ധുക്കള്‍ മാപ്പു നല്‍കിയാല്‍ പ്രതിക്ക് മോചനം ലഭിക്കും എന്നറിഞ്ഞ സിമലിന്റെ ബന്ധുക്കള്‍ "പെരുമഴക്കാലം " എന്ന സിനിമ അനുസ്മരിക്കും വിധം ആന്ധ്രയിലെ സുരേഷിന്റെ കുടുംബത്തിന് മുന്നില്‍ സിമിലിന്റെ ജീവനു വേണ്ടി യാചിക്കുവാന്‍ തീരുമാനിച്ചു.
എന്നാല്‍ സുരേഷിന്റെ ഘാതകന്റെ ബന്ധുക്കളാണെന്ന് മനസ്സിലാക്കിയ നാട്ടുകാരുടെ എതിര്‍പ്പ് മൂലം അവര്‍ക്ക് സുരേഷിന്റെ വീട്ടുകാരെ കാണാനായില്ല. പിന്നീട് അവിടെയുള്ള ചില പൗരപ്രമുഖരുടെ കൂടി മധ്യസ്ഥതയില്‍ ചര്‍ച്ചയുടെ ഫലമായി ആ കുടുംബത്തിന് ആറ് ലക്ഷം രൂപ ജീവനാംശം നല്‍കിയാല്‍ മാപ്പ് നല്‍കാമെന്ന ധാരണയിലായി.

പക്ഷേ, വായ്പയെടുത്ത തുക പലിശസഹിതം ഒരു ലക്ഷത്തോളം ആയി ജപ്തി ഭീഷണി നേരുന്ന ആ കുടുംബത്തിന് കിടപ്പാടം വിറ്റാല്‍ പോലും ഒന്നും ചെയ്യാനാവാത്ത അവസ്ഥ. ഓരോ മാസവും ജയിലില്‍ നിന്നും അനുവദിക്കുന്ന ഫോണ്‍‌കോള്‍ സിമില്‍ പ്രതീക്ഷയോടെ പണം വല്ലതും ശരിയായോ എന്ന വാര്‍ത്തക്ക് വേണ്ടിയാണ് കാതോര്‍ക്കുന്നത്. എന്നാല്‍ മൗനത്തിന്റെ ചില നിമിഷങ്ങളും ചെറുതേങ്ങലുകളുമായി അത് അവസാനിക്കുകയാണ് പതിവ്.

പത്ര വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നമ്മുടെ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ ഉമ്മന്‍ ചാണ്ടി ഇക്കാര്യം കുവൈത്തിലെ വ്യവസായി ആയ ശ്രീ K.G. എബ്രഹാമിന്റെ ശ്രദ്ധയില്‍ പെടുത്തുകയും സിമില്‍ നിരപരാധിയാണെന്ന് മനസ്സിലാക്കിയ അദ്ദേഹം മറ്റൊരു ജീവന്‍ കൂടി പൊലിയാതിരിക്കാന്‍ ഈ തുക നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

കുവൈത്തില്‍ ടാക്സി ഡ്രൈവറായി ജോലിനോക്കുന്ന സഹോദരന്‍ സാബു. ഇപ്പോള്‍ സിമിലിന്റെ മോചനത്തിനായുള്ള മറ്റ് ചില നടപടിക്രമങ്ങളില്‍ മുഴുകിയിരിക്കുകയാണ്.

ക്രിക്കറ്റ് താരങ്ങളെ ഒരു വര്‍‌ഷത്തേയ്ക്ക് മാത്രം കോടികള്‍ വിലപേശിയ അന്ന് തന്നെയാണ് ആറ് ലക്ഷം രൂപ നല്‍കി ഒരു ജീവന്‍ തന്നെ ശ്രീ K.G. എബ്രഹാം രക്ഷിച്ചതെന്നത് തികച്ചും യാദൃശ്ചികം മാത്രം.

സുനാമി ദുരിതബാധിതര്‍ക്കായ് ഒന്നേമുക്കാല്‍ ലക്ഷം രൂപ വീതം ചെലവുവരുന്ന 26 ഭവനങ്ങളും അദ്ദേഹം നേതൃത്വം കൊടുക്കുന്ന KG ഗ്രൂപ്പ് നിര്‍മ്മിച്ചു നല്‍കി എന്നത് അധികം ആര്‍ക്കും അറിയാത്ത സത്യം മാത്രമാണ്...

***************************************************************





എന്റെ നൂറാമത്തെ പോസ്റ്റ് ആ വലിയ മനുഷ്യന്റെ നല്ല മനസ്സിന് സമര്‍പ്പിക്കട്ടെ..

പൂവുകള്‍ക്ക് പുണ്ണ്യകാലം.......

on Friday, February 15, 2008

ഇന്ന്..

നല്ല നിലാവുള്ള രാത്രി.

എന്റെയരികില്‍ എപ്പോഴും എന്റെ സന്തത സഹചാരിയായ ലാപ്‌ടോപ്പും പിന്നെ മൊബൈലും.
കട്ടിലില്‍ ചാരിയിരുന്നു മടിയിലെ ലാപ്‌ടോപ്പില്‍ ഇതെഴുതുന്നതിനിടെ തുറന്നിട്ട ജാലകത്തിലൂടെ പുറത്തേയ്ക്ക് വെറുതെ നോക്കി.. ചന്ദ്രികയുടെ ‌പ്രഭയില്‍ കുളിച്ചു നില്‍ക്കുന്ന ചന്ദ്രമതി ടീച്ചറുടെ വീടും പരിസരവും കാണാന്‍ എന്ത് ചന്തം..!!

മുറ്റത്തെ നന്ത്യാര്‍‌വട്ടപ്പൂവുകള്‍ പൂന്തെന്നലില്‍ ചാഞ്ചാടുന്നത് വ്യക്തമായി തന്നെ കാണാം. മനസ്സിന്റെ അഗാധ തലങ്ങളെ തഴുകി സുഖമുള്ള നേര്‍ത്ത നൊമ്പരങ്ങള്‍ സമ്മാനിച്ച് അവ എന്നെ മാടിവിളിക്കുന്നത് പോലെ..

മുറ്റത്തെ ഈ നിറനിലാവിലേയ്ക്ക് വെള്ള സാരിയുടുത്ത് നീണ്ട മുടി അഴിച്ചിട്ട് ടീച്ചര്‍ ഇപ്പോള്‍ ഇറങ്ങി വന്നാല്‍ ഒരു മാലാഖയാണെന്നേ തോന്നൂ..

പക്ഷേ..,

ഇഷ്ടപ്പെടുന്നതും ആഗ്രഹിക്കുന്നതും കാണണമെങ്കില്‍ കണ്ണുകള്‍ക്ക് പുണ്യം വേണമല്ലോ..!

എവിടേയോ നായ്ക്കള്‍ ഓലിയിടുന്ന ശബ്ദം. അദൃശ്യ ശക്തികളെ കാണാന്‍ അവയ്ക്ക് കഴിവുണ്ടെന്നാണല്ലോ പറയപ്പെടുന്നത് ?!.

അവയുടെ കാന്തകണ്ണുകള്‍ക്ക് മുന്നില്‍ ഏതോ സഞ്ചാരപഥത്തില്‍ ഒരു പ്രേത സാന്നിദ്ധ്യമുണ്ടെന്ന മുന്നറിയിപ്പാണത്രേ ആ ഓലിയിടല്‍ !

എന്നാല്‍ ഉപഗ്രഹങ്ങള്‍ വഴി, ടവറുകള്‍ താണ്ടി മൊബൈലിലേയ്ക്കെത്തുന്ന SMS സന്ദേശങ്ങളുടേയും ഫോണ്‍ വിളികളുടേയും അദൃശ്യമായ വരവിനെ മുന്‍‌കൂട്ടി പിടിച്ചെടുത്ത് അറിവ് തരാനുള്ള കഴിവ് ഈ ലാപ്‌ടോപ്പിനും ഇല്ലെ ?.

മൊബൈലില്‍ എത്തുന്നതിനു മുന്‍പ് തന്നെ അത് നായ്ക്കളെ പോലെ മറ്റൊരു ശബ്ദത്തില്‍ നമ്മെ അറിയിയ്ക്കുന്നു !!

പറഞ്ഞു തീര്‍ന്നില്ല, രാവിന്റെ ഈ അന്ത്യയാമത്തില്‍ എന്റെ ലാപ്‌ടോപ്പ് എന്നെ എന്തോ പറഞ്ഞറിയിക്കുന്നു ! . നിമിഷങ്ങള്‍ക്കുള്ളില്‍ എന്റെ മൊബൈല്‍ ഒരു കുഞ്ഞു കൊഞ്ചലോടെ ഉണര്‍ന്നു കണ്ണു തുറന്നു. സ്ക്രീനിലെ നീലവെളിച്ചത്തില്‍ അക്ഷരങ്ങള്‍ തെളിഞ്ഞു !. വര്‍ദ്ധിച്ച ഹൃദയമിടിപ്പോടെയാണ് ഞാനത് കണ്ടത് !?.

"പൂവുകള്‍ക്ക് പുണ്ണ്യകാലം"

ചന്ദ്രമതി ടീച്ചറുടെ എസ്. എം. എസ് !?.

സുഹൃത്തേ..,

ക്ഷമിക്കുക, SMS- ന്റെ ബാക്കിയുള്ളത് കൂടി ഞാനൊന്ന് വായിച്ചോട്ടെ എന്നിട്ട് എല്ലാം പറയാം ട്ടോ..

മടക്കയാത്ര...

on Sunday, February 10, 2008


കാലമെത്താതെ എരിഞ്ഞടങ്ങിയ കുറെ സ്വപ്നങ്ങളെ കുഴിച്ചു മൂടി, മറ്റൊരുപാട് പ്രതീക്ഷകളേയും സ്വപ്നങ്ങളേയും മനസിലേന്തി കാതങ്ങള്‍ക്കകലെയുള്ള അറേബ്യന്‍ മണലാരണ്യത്തില്‍ വന്നിറങ്ങിയ അവന്‍ അറിഞ്ഞിരുന്നില്ല അനുദിനം മറികൊണ്ടിരിക്കുന്ന ഈ സ്വര്‍ഗീയ പറുദീസയെ പറ്റി. അതോ അറിഞ്ഞിട്ടും അറിവില്ലയ്മ നടിച്ചതോ...?

ചക്കില്‍ കെട്ടിയ കാളെയെപ്പോലെ പ്രാരബ്ധങ്ങളുടേയും പ്രശ്‌നങ്ങളുടെയും ഇടയില്‍ നട്ടം തിരിയുമ്പോഴും അവന്റെ മനസ്സ് ഒരശ്വമേധം പോലെ നാട്ടിലേക്ക് കുതിക്കുകയായിരുന്നു. ആധുനികവത്‌ക്കരണം അവന്റെ നാടിനെ നഗരങ്ങളാക്കികൊണ്ടിരിക്കുമ്പോഴും അവന്റെ ചിന്താസരണി കവി പാടിപുകഴ്‌ത്തിയ ഗ്രാമീണസൗഭഗം തുളമ്പുന്ന പശ്ചാത്തലമായിരുന്നു. പീറന്ന നാടും പെറ്റമ്മയും സ്വര്‍‌ഗത്തേക്കാള്‍ മികച്ചതാണെന്നു പാടിയ കവി, ആ നാട് ഇന്നനുഭവിക്കുന്ന ആത്‌മനൊമ്പരങ്ങള്‍ അറിഞ്ഞിരിക്കുമോ.. അമിഞ്ഞപ്പാല്‍ പോലെ വിദ്യയും വിവേകവും ആരോഗ്യവും പകര്‍ന്നു തന്ന ആ നാടിനെ സേവിക്കാന്‍ അവനു കഴിയാഞ്ഞതെന്തേ..?



ആര്‍‌ക്കോ വേണ്ടി ആരുടെയോ ചരടുവലിക്കൊപ്പം തുള്ളുന്ന കളിപ്പാവയെപ്പോലെ ഈ നാട്ടില്‍ ജീവിച്ചു തീര്‍‌ക്കുമ്പോഴും സ്വപ്‌നശകലങ്ങള്‍ പീലിവീശിയാടുന്ന ആ മനസിലെന്നും വ്യര്‍‌ത്ഥചിന്തകളായിരുന്നു.


മോഹങ്ങള്‍ മോഹഭംഗങ്ങളായി തീര്‍ന്ന അവസരങ്ങള്‍ കാലത്തിന്റെ കുത്തൊഴുക്കില്‍പെട്ടു പോയതും അവനറിഞ്ഞില്ല. ആര്‍ക്കൊക്കെയോ വെളിച്ചം പകരാന്‍ സ്വയം ഉരുകിത്തീരുന്ന ഒരു മെഴുകുതിരിയുടെ എരിഞ്ഞടങ്ങലാണ് അവന്റെയും നിയോഗമെന്ന് ഏറെ വൈകിയെങ്കിലും അവനറിഞ്ഞു.



ദുരിതംപേറുന്ന കുടുംബപശ്ചാത്തലവും ഇരുളടഞ്ഞ ഭാവിയും അവന്റെ മനോമുകരത്തില്‍ എപ്പോഴും ഒരു ചോദ്യചിഹ്നമായി നിന്നപ്പോള്‍ ഇവിടുത്തെ ആധുനികതയുടെ പ്രൗഢിയോട് വിമുഖതകാട്ടുകയും മുഖം തിരിക്കുകയും ചെയ്തപ്പോള്‍ സഹപ്രവര്‍ത്തകരുടെ പരിഹാസം. പിന്തിരിപ്പന്‍.., പഴഞ്ചന്‍...!


നിദ്രാവിഹീനങ്ങളായ നിശീഥിനിയുടെ ഒരോ യാമങ്ങളേയും തള്ളിനീക്കുമ്പോഴും മനസ്സെന്ന യഗാശ്വം നാടിനെ ലക്ഷ്യമാക്കി പ്രയാണം തുടര്‍ന്നു കൊണ്ടേയിരുന്നു.. വിശാലമായ നാലുകെട്ടിന്റെ കോണിലെ മരച്ചില്ലയില്‍ നിന്നും രാവിന്റെ അന്ത്യയാമങ്ങളില്‍ ഉതിരുന്ന കിളികളുടെ ആരവം അവന്റെ മനസിനെ നനുത്ത സ്‌പര്‍ശമാക്കി മാറ്റി. നിദ്രാവിഹീനമായ നിമിഷങ്ങളെ നിറങ്ങളാക്കുന്ന വാസരങ്ങളിലും ആ പതംഗങ്ങളുടെ മണിനാദത്തിനായി വീണ്ടും അവന്‍ കാതോര്‍ത്തിരുന്നു... പോറ്റമ്മനാടില്‍ നിന്നും പെറ്റമ്മയുടെ മടിത്തട്ടിലേക്ക്....


ഇനി ഒരു തിരിച്ചുപോക്കുണ്ടാകുമോ...
കവി പാടിയ പോലെ..



വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പൊഴും..
വെറുതെ മോഹിക്കുവാന്‍ മോഹം ......!


കൃഷ്ണഗീതം

on Saturday, February 2, 2008


കദന ഭാര വിവശനായ് ഞാന്‍
കാത്തിരുന്നു കണ്ണാ നിന്‍
കളമുരളിയിലൊഴുകും ഗാനം
കേള്‍ക്കുവാന്‍ ദിനം
മലരില്ലവിലില്ല നേദിക്കുവാനെന്റെ
മനസ്സിന്റെ ചെപ്പില്‍ കണ്ണീര്‍
പൂക്കള്‍ മാത്രമല്ലോ

മുത്തും പവിഴവും പൊന്നും
നിനക്കേകുവാന്‍
മത്സരിച്ചെത്തുന്നു ഭക്തര്‍ നിത്യം
പുഞ്ചിരിയാലതെല്ലാം
നോക്കി രസിക്കുന്നു നീയെന്‍ കണ്ണാ

ഞാനെന്റെ കൈക്കുമ്പിളില്‍
നീട്ടിയ തീര്‍ത്ഥമെല്ലാം
പാഴ്‌മണ്ണില്‍ വീണു വിഫലമായോ
അനുഗ്രഹിക്കാനിനി അണയുകില്ലെങ്കിലും
എന്നപരാധമൊക്കെയും പൊറുത്തീടണേ

ഒരു സ്വപ്നം....

on Thursday, January 31, 2008


തെന്നെലിന്‍ തേരേറിയിന്നലെ നിന്‍ സ്വരം
കിന്നരമായെന്‍ കാതില്‍ വന്നു
അഷ്ടമുടിക്കായലിലോളങ്ങള്‍ ചിരിതൂകും
കൗതുകമായെന്‍ മനസ്സുണര്‍ന്നു.

കാണുവാനാകുമോ പൂങ്കുയില്‍ പൂമുഖം
ഒന്നൊരു മാത്രയെന്‍ മുന്‍പിലെങ്കില്‍
എഴുതിടും ഞാനെന്‍ ജീവനില്‍ നിന്‍ കിളി-
ക്കൊഞ്ചലില്‍ ചാലിച്ച പ്രേമഗാനം
പാടൂ നീ, നിന്‍ സ്വര മാധുരി തീര്‍‌ത്തതില്‍
നിര്‍വൃതിയായെന്നെ ഞാന്‍ മറക്കാന്‍.

പുള്ളിക്കസവുള്ള ചേലയുടുത്തു നീ
പുള്ളിക്കുയിലായ് മാറീടുമ്പോള്‍
ആത്മാവില്‍ കത്തുന്ന മോഹവുമായ് ഞാന്‍
വന്നിടും വെള്ളാനിക്കുന്നിറങ്ങി.
കുളിരാര്‍‌ന്ന രാവിന്റെ വിരിമാറില്‍ പൂനിലാ
ചോലയിലൊന്നിച്ചുറങ്ങിടാമോ..?

കളകൂജനങ്ങള്‍ കേട്ടുണരും പ്രഭാതത്തില്‍
അരുണ കിരണങ്ങള്‍ മഞ്ഞുരുക്കി
മഴയായി നമ്മെ നയിക്കും തണുപ്പിലീ
കൊക്കുകള്‍ ചേര്‍ത്തു കുളിച്ചിടാമോ..?
കസവാട ചാര്‍ത്തഴിച്ചീറനുണക്കുവാന്‍
വെയില്‍ കായും നേരമൊന്നോര്‍ത്തു പോവും
സ്‌നേഹത്തില്‍ തന്ത്രിയില്‍ ശ്രുതിമീട്ടി രാത്രി നാം
ഒരുമിച്ചു പാടിയ മധുര ഗാനം
തെളിയുമാകാശത്തിന്നതിരുകള്‍ നോക്കിനീ
ചിറകടിച്ചെങ്ങോ പറന്നിടുമ്പോള്‍
വരുമോ വസന്തമേകാന്തമാം ജീവനില്‍
സുഖമുള്ളൊരോര്‍മ്മയായ് നീ വീണ്ടും..?

വെറുതേ ചില മോഹങ്ങള്‍...

on Saturday, January 26, 2008



നമ്മിലുള്ളതൊക്കെയും
മോഹമാണ് സ്‌നേഹിതാ
കിട്ടിടുന്ന നാള്‍‌വരെ
കിട്ടിടാത്ത വേദന
കിട്ടിയെങ്കിലല്പവും
തൃപ്തിയല്ല പിന്നെയും
പിന്നെയുള്ളതൊക്കെയും
നിറവിനുള്ള ചേതന
എങ്ങുമെത്തിടാതെയോ
കണ്ണുനീരില്‍ വീഴ്കയായ്

മൂന്നു മുഖങ്ങള്‍

on Tuesday, January 22, 2008

അമ്മ

ഭാര്യക്ക് സമ്മാനമായി നല്‍കാന്‍ കുറച്ച് ദൂരെ ഒറ്റക്ക് താമസിക്കുന്ന അമ്മയുടെ കരള്‍ പറിച്ചെടുത്ത് സന്തോഷത്തോടെ വീട്ടിലെക്ക് നടക്കുന്നതിനിടെ വയല്‍ വരമ്പിലെ മണ്‍ തിട്ടയില്‍ തട്ടി കാലൊന്നിടറിയപ്പോള്‍ അയാളൂടെ കൈയ്യിലെ സഞ്ചിയിലിരുന്ന കരള്‍ ഒന്ന് പിടച്ചു കൊണ്ട് പറഞ്ഞു " മോനേ, സൂക്ഷിച്ച്..."

------------------------------------------------------------------------------------------

ഭാര്യ

രോഗം തളര്‍ത്തിയ ശരീരവും ശൂന്യമായ ഭാവിയേയും ബാങ്കിന്റെ ജപ്തി നടപടികളേയും അഭിമുഖീകരിക്കനാവാതെ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച അയാള്‍ തന്റെ ഞരമ്പിലൂടെ വിഷം സിരകളില്‍ എത്തിയ ഏതോ നിമിഷത്തില്‍ തന്റെ ദുര്‍‌വിധിയോര്‍ത്തു കരഞ്ഞു.

അതേ സമയം അടുത്ത മുറിയില്‍ അയാളുടെ ഭാര്യയും കരയുകയായിരുന്നു....ഏതോ ടിവി ചാനലിലെ റിയാലിറ്റി ഷോയുടെ എലിമിനേഷന്‍ റൗണ്ട് കണ്ടിട്ടാണെന്നു മാത്രം....!!
------------------------------------------------------------------------------------------

ഒട്ടകം


മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോയ കച്ചവടക്കാരന്‍ കൈയ്യില്‍ കരുതിയിരുന്ന ഭക്ഷണപാനീയങ്ങള്‍ തീര്‍ന്ന് ദാഹത്താല്‍ ആ മരുഭൂമിയില്‍ തളര്‍ന്നു വീണു. ചുറ്റും നിഴലിന്റെ കണികപോലും കണ്ടെത്തനാവാതെ. സൂര്യതാപത്താല്‍ തളര്‍ന്നു കിടക്കുന്ന യജമാനനു സമീപം ഉണ്ടായിരുന്ന അയാളുടെ ഒട്ടകം തന്റെ കഴുത്ത്, പൊള്ളുന്ന വെയിലില്‍ നിന്നും അയാള്‍ക്ക് ഒരു ചെറു മറ സൃഷ്‌ടിച്ച് കിടന്നു. മുഖത്ത് ആശ്വാസത്തിന്റെ ഒരു തണല്‍ പതിച്ച അയാല്‍ കണ്ണു തുറന്നു. ചില നിമിഷങ്ങള്‍ക്ക് ശേഷം ചാടി എഴുന്നേറ്റ് തന്റെ കൈയിലെ ചെറിയ കത്തി ആ ഒട്ടകത്തിന്റെ വിശാലമായ കഴുത്തില്‍ പിടച്ചു നില്‍‌ക്കുന്ന ഞരമ്പുകളിലേക്ക് കുത്തിയിറക്കി. മുറിവിലൂടെ കുത്തിയൊലിച്ച ചുടുചോര കുടിച്ച് അയാള്‍ ദാഹത്തിനു ആശ്വാസം കണ്ടെത്തി.


ഒട്ടകത്തിന്റെ കണ്ണിലൂടെ കുത്തിയൊലിച്ച കണ്ണീര്‍ ഒരു നീര്‍ച്ചാല്‍ കണക്കെ മരുഭൂമിയിലെ പൊരിമണലില്‍ പതിച്ചു... തന്റെ യജമാനന്റെ ക്രൂരതയില്‍ മനം നൊന്താണൊ അതോ യജമാനന്റെ ജീവന്‍ രക്ഷിക്കാനായതിന്റെ ചാരിതാത്ഥ്യമാണൊ ആ കണ്ണീരിന്റെ സാരം..? അതറിയാന്‍ നാം മനുഷ്യന്റെ വിവേചന ബുദ്ധി മതിയാവില്ലല്ലോ...

പ്രയാണം...

on Thursday, January 10, 2008



കളിവീട് കെട്ടിനീ കളിയാട്ടമാടുവാന്‍
കളിയായുമെന്നെ വിളിച്ചതില്ല
പിന്നെ, കടലോരക്കാറ്റിലാ
കളിവീടുടഞ്ഞപ്പോള്‍
കരയാനായെന്തേ അരുകില്‍ വന്നു
മൂവാണ്ടന്‍ മാവിലെ ഞെട്ടറ്റു വീഴുന്ന
തേന്‍ കനിയ്ക്കോടി നടന്നകാലം
ഭഗവതിക്കാവിലെ ആല്‍മരച്ചോട്ടില്‍ നാം
കിന്നാരം ചൊല്ലിയിരുന്ന കാലം


ഋതുമതിയാകവേ മാറിനിന്നു
എല്ലാം നിറവാര്‍‌ന്നു തളിരിടുന്ന
കൗമാര സ്വപ്നങ്ങളില്‍
എല്ലാരും ചൊല്ലി അകറ്റി നിര്‍ത്തി
പാടില്ല കാണുവാന്‍ പോലുമത്രേ.


കാണുവാന്‍ നന്നേ കൊതിച്ചിരുന്നു
ഋതുമതിപ്പെണ്ണിന്റെ കന്നി നാണം
കേള്‍ക്കുവാന്‍ കാതോര്‍ത്തു നിന്നിരുന്നു
മന:തന്ത്രികള്‍ മീട്ടുന്ന മൃദു മന്ത്രണം
പോകൂ വിഹായസ്സിലങ്ങുമിങ്ങും നീ
എല്ലാം മറന്നൊരു പൂമ്പാറ്റയായ്

കാലത്തിനോട്

on Friday, January 4, 2008




ഏകാന്ത ജീവിയായ് ഞാന്‍ മരുവീടവെ
നിന്നെ ഞാനെത്ര പഴിച്ചിരുന്നു !
എന്നാല്‍ പിഴയോടെനിക്കു നല്‍കി നീ
ഈ ആരോമലാളെ കൈനീട്ടമായ്
പിന്നെയും നിന്റെ കളി തുടങ്ങി, കാല
ചക്രമേ നിന്‍ അജ്ഞാത കൈകളാലേ
ഏഴു കടലുകള്‍ക്കക്കരെ കൊണ്ടെന്നെ
വിട്ടു നീ ഏകാന്ത ശൂന്യതയില്‍
ഞങ്ങളെ തമ്മില്‍ പിരിച്ചെന്ത് നേടി നീ
കലി മൂത്ത കാലമേ നിഷ്ക്കരുണം ?
വാടിത്തളര്‍ന്നവള്‍ ഓരോ നിമിഷവും
വാര്‍‌ക്കുന്ന കണ്ണുനീര്‍ കണ്ടുവോ നീ ?
നീ തിരിച്ചീടുക നിന്റെ ചക്രം
വേറേ വഴിയില്ല ഞങ്ങള്‍ക്കീ ഭൂമിയില്‍
മൂകമായ് നിന്‍ മുന്നില്‍ കീഴടങ്ങാം