എന്റെ സ്വപ്നം

on Saturday, November 14, 2009

എന്റെ സ്വപ്നം,
ഉച്ചവെയിലില്‍ തിളങ്ങുന്ന സൂര്യതേജസ്സല്ല.
രജനിയെ പാല്‍ക്കടലാക്കുന്ന
പാല്‍ നിലാവല്ല
ആകാശത്തിലെ ഒരു കുഞ്ഞു നക്ഷത്രം
മാത്രം..!


എന്റെ സ്വപ്നം
അലറുന്ന തിരമാലകളല്ല
കൊടുംകാറ്റല്ല
മന്ദമാരുതന്റെ തലോടലേറ്റ്
പുളകം കൊള്ളുന്ന
നിളയുടെ ഒരു കുഞ്ഞോളം മാത്രം..!

എന്റെ സ്വപ്നത്തില്‍
പൂന്തോട്ടമോ
വിരിഞ്ഞു നില്‍ക്കുന്ന സൂര്യകാന്തിപ്പൂക്കളോ
ഇല്ല, ഒരു കുഞ്ഞു പനിനീര്‍‌പ്പൂവുമാത്രം..!


ഇന്ന് എന്റെ സ്വപ്നത്തില്‍
വാടിക്കരിഞ്ഞ
ഒരു പൂവിതള്‍ മാത്രം ..!
പക്ഷേ
ഈ സ്വപ്നം എന്റെ പ്രാണനാണ്
എന്റെ ഹൃദയമാണ്
ഈ പൂവിതളും ഒരിക്കല്‍
ആരും മോഹിച്ചിരുന്ന
വര്‍‌ണ്ണമുള്ള
ഒരു പൂവിന്റെ ഭാഗമായിരുന്നല്ലോ..?

ഒരു നഷ്ടസ്വപ്നത്തിന്റെ ഓര്‍‌മ്മയ്ക്ക്

on Friday, November 6, 2009

എന്നും പതിവുള്ളതെങ്കിലും
ഇന്നത്തെ സംഗമം വിരഹത്തിന്റേതാകുമെന്ന്
ഒരിക്കലും കരുതിയിരുന്നില്ല
പതിവ് പൊലെ
ഞങ്ങൾ കണ്ണും കണ്ണും നൊക്കിയിരുന്നു
ഏറെ നേരം,
ഒന്നും മിണ്ടിയില്ലെങ്കിലും
ആ മൌനം വാചാലമായിരുന്നു.

എന്റെ തലയിലെ ഒന്നുരണ്ട്
വെള്ളിനൂലുകൾ നോക്കി അവൾ
മെല്ലെ മന്ത്രിച്ചുവൊ..?
“തല മുഴുവൻ നരച്ചു ഇപ്പൊഴും
ചെറുപ്പമെന്നാ ഭാവം”
മറുപടിയായ് ഞാനും ഒന്നു പുഞ്ചിരിച്ചു.
അതു പറയാൻ മറ്റാരെക്കാളും
അവൾക്കാണല്ലോ അർഹത
എന്റെ സ്വപ്നങ്ങൾ, ആശകൾ,
മോഹങ്ങൾ, മോഹഭംഗങ്ങൾ
എല്ലാം, എല്ലാം തുറക്കുന്നത്
അവൾക്ക് മുന്നിൽ മാത്രമായിരുന്നു.
എല്ലാ രഹസ്യങ്ങളും അറിയുന്നവൾ !.
കുറേ നല്ല വശങ്ങൾ ഏറ്റ് പറഞ്ഞ്
സുഹൃത്തുക്കൾ എന്നെ സുഖിപ്പിക്കുമ്പോൾ
എന്റെ പോരായ്മകൾ തുറന്നു പറയുന്നത്
അവൾ മാത്രമായിരുന്നല്ലൊ.

ഈ മനസ്സിലേക്ക് ഇടയ്ക്കിടെ വിരുന്നു വരുന്ന
ഒരു അജ്ഞാത സുന്ദരിയെക്കുറിച്ച്
അവളോട് പറയുമ്പോൾ ഒരു കള്ളച്ചിരി
എന്റെ മുഖത്ത് മിന്നിമറഞ്ഞിരുന്നൊ..?
തെറ്റെന്നറിഞ്ഞിട്ടും
എന്നെ കുറ്റപ്പെടുത്താതെ അവൾ
അപ്പോഴും പുഞ്ചിരിക്കുകയായിരുന്നു.
എല്ലാം ശരി മാത്രമെന്നവൾ
നിശബ്ദമായി എന്നൊട് മന്ത്രിച്ചു

ഒരുപാട് സ്നേഹത്തോടെ
മെല്ലെ കുറച്ചു അടുത്ത് ചെന്ന്
അവളെയെടുത്ത് ഈ നെഞ്ചോട്
ചേർത്ത് ഒരു സ്നേഹസമ്മാനം നൽകാൻ
ചുണ്ടോടടുപ്പിയ്ക്കുമ്പോഴായിരുന്നു !!
ഒരു ചെറിയ കൈപ്പിഴ !!

തകർന്ന മനസോടെ
അതിലെറെ ദുഖത്തോടെ,
പൊട്ടിത്തകർന്നു നിലത്തു കിടക്കുന്ന
അവളെ ഒന്നു നൊക്കുമ്പോഴും
അവൾ പതിവുപോലെ എന്നെ നോക്കി
പുഞ്ചിരിക്കുകയായിരുന്നു.

അവസാനം,
തുത്തുവാരി വേസ്റ്റ് ബോക്സിലിട്ടിട്ട്
അൻപത് റിയാലു കൊടുത്ത്
അതിലും നല്ലൊരു കണ്ണാടി വാങ്ങി
ഞാനെന്റെ മുറിയിൽ തുക്കി.