താജ് മഹല്‍

on Tuesday, February 24, 2009

അറിയാതെ വന്നുനീ
പ്രണയമായ് മാറിനീ
എന്‍ ജീവനായ് പിന്നെ
ഞാനായി മാറിടുമ്പോള്‍
നഷ്ടങ്ങളായ് തീരുവാനായീടുമോ?
നിന്നുടെ മനമെന്ന മഹാ മാന്ത്രിക
കോപിച്ചീടുമോ
എന്നെയുമെന്‍‌ മനസ്സിനേയും?

നിനക്കായെന്നും കാത്തിരിപ്പൂ
നിന്‍ ഹൃദയരാഗങ്ങളോര്‍ത്തിരിപ്പൂ
നീറുമ്മനസ്സിന്റെ നോവകറ്റീടുവാന്‍
നിന്നിടാം ഞാനെന്റെ ശിഷ്ടകാലം
ഓരോ കണിക്കൊന്നപ്പൂവിലും കണ്ടിടാം
പ്രണയാര്‍ദ്രമായൊരു പുണ്യകാലം
ഓരോവാക്കിലുംകേട്ടിടാം നിന്നുടെ
മനസ്സിന്‍ മന്ത്രമുണര്‍ത്തിടും
മധുമാസകാലം

എന്‍‌ മണിക്കൂടുതുറന്നു തരാം
പിന്നെയെന്നാത്മാവില്‍ നിന്നെ
ഞാന്‍‌ പൂട്ടിവയ്ക്കാം
പറക്കുവാനാകുമെങ്കില്‍
വീണ്ടും ശ്രമിക്കൂ നീ
മനോഹരമീ വിഹായസ്സിലേയ്ക്ക്
പൂര്‍ണ്ണ സ്വതന്ത്രയായ് !

എന്നും നിനക്കായ്
ആയിരവട്ടംഞാന്‍
ആരുംകാണാതെ നന്മ നേരാം
ഏതുജന്മവും നിന്നോര്‍മ്മയാല്‍,
ഞാനെന്നും
നിന്നെക്കുറിച്ചു പ്രണയകാവ്യമെഴുതാം..!

എന്റെ വിദ്യാലയം

on Friday, February 20, 2009മനസ്സില്‍ തെളിയുമന്തകാരത്തിന്‍
മറനീക്കിയെത്തും വെളിച്ചമേ, സ്നേഹമേ!
മറവിതന്‍ കാട്ടില്‍ പെടാതെ എന്നുടെ
മൗന ഗീതങ്ങള്‍ തന്‍ അലകളായ് മാറിയ
സരസ്വതീ ക്ഷേത്രമേ, വിദ്യാലയമേ !

അറിവിന്റെ ആദ്യകിരണമെന്നെ

ചുംബിച്ചതും നിന്നിടം
ഒരിക്കലും മറക്കാത്ത സൗഹൃദം തന്നിടം
പൊട്ടിച്ചിരിച്ചും പരിഭവിച്ചും ഞാന്‍
ഒട്ടേറേ നാളുകള്‍ വിദ്യ നേടിയൊരിടം
കഥകളും ചിരിയും കളിയും തമാശയും
കഥയാക്കി മാറ്റിക്കടന്നു പോയ് കാലവും
അവിടുത്തെ വായുവും ചരല്‍മണ്ണും പാടവും
അവിടുത്തെ പൂമര ചില്ലകളൊക്കെയും
അവിടുത്തെ പ്രാര്‍ത്ഥനാലയവും
പിന്നെ അറിവു പകര്‍ന്നൊരെന്‍
ഗുരുനാഥരേയും

ഇന്നു ഞാനോതീടട്ടെ യാത്രാമൊഴി
നന്ദിയെന്‍ അകക്കണ്ണു തുറപ്പിച്ചൊരെന്‍
സരസ്വതീ ക്ഷേത്രമേ
വരണം നിന്നരികില്‍ ഒരിക്കല്‍ കൂടി
വരും തലമുറകള്‍ക്കെന്‍ അറിവു
പകര്‍ന്നു നല്‍കാന്‍

നിനക്കായ്..

on Wednesday, February 4, 2009
ഞാനും അവളും,
ഞങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന
അദൃശ്യമായൊരു സ്വര്‍ണ്ണ നൂലായിരുന്നു
സ്നേഹം.
ഒരു ദാഹമായി, വികാരമായി
അവളത് ആവോളമെനിക്ക്
പകര്‍ന്നു തരുമ്പോള്‍,
ആ കനക നൂലുകള്‍ എന്നെ
ഒരു മുല്ലവള്ളിയെന്നോണം
വരിഞ്ഞു മുറുക്കുമ്പോള്‍
അതെന്നെ മെല്ലെ നോവിച്ചിരുന്നുവോ ?

അവളറിഞ്ഞുകൊണ്ട് ഒരിക്കലും
എന്നെ നോവിക്കില്ലെന്നറിയുമെങ്കിലും
ആ നോവിനെ ഞാന്‍ ആസ്വദിച്ചിരുന്നു
ഒരു ലഹരിപോലെ അനുഭവിച്ചിരുന്നു
എന്റെ, എന്റേതു മാത്രമായ
ഈ കാതുകളെ ഈ ചുണ്ടുകളെ
കാണാന്‍ എനിക്കൊരു
കണ്ണാടി സഹായിയാവണം
എന്നാല്‍ അവളുടെ വിടര്‍ന്ന
കണ്ണുകളില്‍ ഞാനെന്റെ
കാതുകളെ, ചുണ്ടുകളെ കണ്ടു
അവളില്‍ ഞാനെന്നെ
കണ്ടെത്തുകയായിരുന്നോ ?

പക്ഷേ,
പുലര്‍ക്കാല സ്നേഹത്തിന്‍ ദീര്‍ഘമാംനിഴലുപോലെ,
അകലങ്ങള്‍ കുറഞ്ഞ്,കുറഞ്ഞ്;
എന്നിലേയ്ക്ക് അടുത്ത്, ഒടുവില്‍
എന്റെ കാല്‍ച്ചുവട്ടിലേയ്ക്ക് മാത്രം
ഒതുങ്ങിയപ്രണയം...
അകലങ്ങളിലേയ്ക്ക്, പിന്നെ
ശൂന്യതയിലേയ്ക്ക്...
വിലയം പ്രാപിക്കുന്നു!

ഇന്നു വീണ്ടും ഞാനെന്‍
നിഴലിനെ തേടുന്നു...
എന്നെ തേടുന്ന്....
വൃഥായെന്നറിഞ്ഞും..