കാത്തിരുപ്പ്...

on Thursday, November 29, 2007പാര്‍‌വണ ശശികല പാരിജാതത്തിന്‍
ചോട്ടില്‍ വിരിച്ച നിഴല്‍ പരപ്പില്‍
നിന്‍‌ചൂടു നിശ്വാസമേറ്റു കിടക്കവേ
തെന്നല്‍ വന്നെന്തേ കളി പറഞ്ഞൂ ?
നാണമെന്നോതിയോ, പൂക്കള്‍
വിതറി നിന്‍‌ മേനിയില്‍ കമ്പളം ചാര്‍‌ത്തിയോ
ദാഹത്തിന്‍ മുത്തുകള്‍ കോര്‍ത്തു ഞാനനുരാഗ
മാലനിന്‍ മാറിലണിഞ്ഞിടട്ടേ
ധന്യമായീ പ്രേമ സംഗമം ഗന്ധര്‍‌വ്വ
തന്ത്രിയിലെല്ലാം മറന്നിരിക്കാം.


പുലര്‍‌ക്കോഴി കൂകിത്തുടങ്ങിയല്ലോ
പുലര്‍ക്കാലമേറെയരികിലല്ലോ
കരയരുതെന്‍ പ്രേമ സര്‍‌വ്വസ്വമേ.
നിന്നെ പിരിയുവാന്‍ വയ്യെനിക്കെങ്കിലും
നിന്നെപ്പിരിയാതെ വയ്യെനിക്കും
കാണാനിനിയേറേ കാലം കഴിഞ്ഞീടണം
കാണാതെ കാണാന്‍ പഠിച്ചീടണം
ദുഖ സ്മൃതികളില്‍ നീ വിതുമ്പീടുകില്‍
വെണ്‍ മേഘമായ് ഞാന്‍ വന്നു ചേരാം
മോഹപരവശയായ നിന്നാപാദങ്ങളില്‍
തേന്മഴയായെന്‍ ഓര്‍മ്മകള്‍ പെയ്തിറങ്ങും.

ദേവഗീതം

on Monday, November 26, 2007


ഒരു കൈത്തിരിയായ് കത്തിനിന്ന്
നിന്‍ നാമ മഹിമയ്ക്കായെന്‍ ജീവിതം
അര്‍പ്പിയ്ക്കുവാനെന്നുമെനിക്കാശ..
അനുഗ്രഹമേകൂ നീയേശു നാഥാ
നിന്‍ ദിവ്യ പ്രകാശമിങ്ങൊഴുകിയെത്തി
ഞങ്ങളില്‍ എന്നും നിറഞ്ഞിടാന്‍.


അങ്ങയില്‍ കൂടി വന്നെത്തിടുമാ
ദിവ്യാനുരാഗത്തിനുറ്റവരായ്
തീരുവാനാഗ്രഹമുള്ളിലുള്ള
ദൈവത്തിന്‍ മക്കളായ് നിന്നെ വാഴ്ത്താം.
പീഢനമേറ്റ് വലഞ്ഞിടാതെ
പാപഭാരങ്ങള്‍ തളര്‍ത്തിടാതെ
വിശ്വാസമാകും രഥത്തിലേറി ദൈവ
രാജ്യ മഹത്വങ്ങള്‍ ഞങ്ങള്‍ പാടാം.


പാപികള്‍ തന്‍ ഹൃദയങ്ങളിലെ
പാപക്കറകള്‍ തുടച്ചു നീക്കാന്‍
സുവിശേഷത്തെന്നല്‍ തലോടിടുമ്പോള്‍
വചന മഴയില്‍ കഴുകീടട്ടെ.
നിന്നില്‍ വസിപ്പവര്‍ ഞങ്ങള്‍ക്കില്ല
അന്ധകാരത്തിന്‍ ഭയമൊന്നുമേ
നീ നിത്യ ലോകപ്രകാശമേ ഞങ്ങള്‍
നിന്നെയനുഗമിക്കുന്നെന്നുമെന്നും

മരുഭൂമിയുടെ സ്വന്തക്കാരന്‍

on Saturday, November 24, 2007

പോകുമ്പോളായിരം കോട്ടകള്‍ കെട്ടി ഞാന്‍
നീറും മനസിന് സാന്ത്വനമായ്
ഈ മണല്‍ കാട്ടിലൊഴുക്കിയ കണ്ണുനീര്‍
തീരാ വിയര്‍‌പ്പുകള്‍ വിസ്‌മൃതിയായ്
മേഘജാലങ്ങള്‍ക്കുള്ളിലൂളയിട്ടത്യുഗ്ര
വേഗതയോടെ പറന്നിടുന്ന
പുഷ്‌പക തേരിലിരുന്നു ഞാന്‍ കാണാത്ത
സ്വപ്നങ്ങളൊക്കെയും കണ്ടുകൂട്ടി


അച്ഛന്‍ വരുമെന്നോതി കിടാങ്ങളോ
ടൊത്തുമ്മറപ്പടിയില്‍ ചാരിയവള്‍
തെങ്ങോല തിങ്ങുന്ന നാട്ടിലെ കൂരയില്‍
കിട്ടിയ കത്തുമായ് കാത്തിരിപ്പൂ
ദൂരത്ത് നിന്നെന്നെ കാണമ്പോളാനന്ദ
തുന്ദിലരായവരോടിയെത്തും
കെട്ടിപ്പിടിച്ചുമ്മവെച്ചും കളിചിരി
യൊക്കെ കഴിഞ്ഞകം പൂക്കുകയായ്
പാല്‍‌നിലാരാത്രിയില്‍ മുറ്റത്തെപ്പൂമര
ചോട്ടില്‍ കഥകള്‍ പറഞ്ഞിരിക്കും
പിന്നവളാ കര പങ്കജം കൊണ്ടെന്റെ
ചന്ദന മേനി തലോടുകയായ്
അമ്പലക്കാടുകളുല്ലാസ മേടുകള്‍
എല്ലാമൊരാനന്ദ നിര്‍‌വൃതിയില്‍
കണ്ടും കളിച്ചും രസിച്ചും മരുഭൂമി
തന്‍ കഥയൊക്കെ മറന്നീടണംഇത്തരം ചിന്തിച്ചളവൊറ്റോരാനന്ദ
മോടെ ചെന്ന് പടികയറി
കാണുവാനില്ലിവിടാരെയും പൂട്ടിയ
വീടിനു മുന്നില്‍ ഞാന്‍ കാവല്‍ നിന്നു
ചെറ്റുകഴിഞ്ഞവള്‍ വന്നു പറഞ്ഞങ്ങ്
നേരത്തേയെത്തുമെന്നാരറിഞ്ഞു
"ഇന്നു കഴിഞ്ഞെങ്കില്‍ കിട്ടില്ല സാരികള്‍
കാഞ്ചീപുരത്തിനാദായ വില്പന !!"സ്വാനുഭാവത്തിന്‍ വ്യഥയില്‍ കുളിച്ചു ഞാന്‍
രാത്രിയില്‍ മുറ്റത്ത് ചെന്നിരുന്നു
വന്നില്ലവള്‍ വരുമെന്ന് പറഞ്ഞിട്ടും
റിയാലിറ്റി ഷോ തീരാതെയെന്ത് ചെയ്യൂ
"ഒന്നിന്നൊന്നെല്ലാം മികച്ചതാണങ്ങു പോയ്
നന്നായുറങ്ങൂ ഞാന്‍ വൈകിയേക്കും"എന്തിത് കഷ്‌ടമിതെന്തൊരു ജീവിതം
എങ്ങെന്റെ സീമന്ത പുത്രനിപ്പോള്‍
ഭാര്യയോതുന്നവന്‍ ഓര്‍ക്കൂട്ട് ചാറ്റിങ്ങില്‍
തന്നെയിന്നാഹാരം തെല്ലുമില്ല
ഡാന്‍‌സിനും, പാട്ടിനും, കമ്പ്യൂട്ടര്‍ ക്ലാസ്സിനും
ട്യൂഷനും പോകുന്നൊരെന്‍ മകളെ
കാണുവാന്‍ നന്നേ ശ്രമകരം, കണ്ടാലോ
സല്ലാപമെപ്പോഴും സെല്‍‌ഫോണിലൂടെവര്‍ഷങ്ങള്‍ തന്നുടെ സമ്പാദ്യമൊക്കെയും
പെട്ടിയില്‍ കുത്തി നിറച്ചു വന്നു
സ്വന്തങ്ങള്‍ ബന്ധുക്കളെല്ലാരും കെട്ടഴി
ചെല്ലാമെടുത്തോതി പോയ്‌വരട്ടെ ?

ഭാര്യ വന്നെന്നോടു ചൊല്ലിടുന്നു
കുട്ടികളോടൊത്തു പോകുന്നു അമ്മമാര്‍
സ്കൂളില്‍ നിന്നെങ്ങോ വിനോദയാത്ര
രൂപ കൊടുത്തതാണായിരം പിന്നെ
പോയില്ലങ്കിലതെത്ര ചേതം.നീറും മനസിന്റെ ഉള്ളറ തന്നില്‍ നി
ന്നാവാഹം ചെയ്തുള്ള സാന്ത്വനത്തില്‍
പെട്ടിയുമായര്‍‌ദ്ധരാത്രിയിലാരോടും
ചൊല്ലാതെ മെല്ലെ പടിയിറങ്ങി
അങ്ങകലെ ചുട്ടുപൊള്ളുന്നൊരോര്‍‌മ്മയില്‍
തപ്ത ഹൃദയം പതറീടുമ്പോള്‍
ആരോ വിളിച്ചു പറഞ്ഞീടുന്നു "സ്വാഗതം"
പോരൂ മരുഭൂമി നിന്നെ കാത്തിരിപ്പൂ...

എന്നിലെ ഞാന്‍.....

on Wednesday, November 21, 2007" ഒരു ചിത്രശലഭം മുന്‍പൊരു പുഴുവായ്
കാലങ്ങള്‍ ചെയ്ത തപസ്സുപോലെ,
വരികളിലക്ഷരം വാരിവിതറി ഞാന്‍
ഒരു കൂടു തീര്‍‌ത്തതില്‍ ഒളിച്ചിരുന്നു "

ഓര്‍മ്മകള്‍ മരിക്കുമോ..?

on Sunday, November 18, 2007


ഓര്‍‌ക്കാതിരിയ്ക്കുവതെങ്ങിനെ
ഓര്‍‌മ്മകള്‍ വാടാതിരിക്കും വരെ
കാണാതിരിക്കുവതെങ്ങിനെ
അകക്കണ്ണില്‍ നിന്‍ രൂപം തെളിയും വരയില്‍
മയിലാഞ്ചിക്കാട്ടിലും, മയിലാടും കുന്നിലും
മഴമേഘം നീളെ നിഴല്‍ വിരിച്ചു
ദാവണിത്തുമ്പെടുത്തോലക്കുടയാക്കി
ചാറല്‍ മഴയത്ത് തോളുരുമ്മി
കൗമാര കാലം കടന്നു നാം വന്നത്
കനവായ് മാത്രം മറഞ്ഞതെന്തേ..?
ആമ്പല്‍ക്കുളത്തിലെ നീന്തല്‍ കഴിഞ്ഞന്ന്
കൈകളില്‍ പൂവുമായ് കല്പടവില്‍
ഈറന്‍ മുടിയിലെ നീര്‍‌മുത്തിളം വെയില്‍
ചും‌മ്പിച്ചെടുക്കുവാന്‍ കാത്തിരുന്നു
അകലരുതെന്നുമെന്നുമെന്നരുമയോടോതി-
യിട്ടകലാനായ് മാത്രം അടുത്തെന്തേ..?
അകതാരില്‍ കനലെരിഞ്ഞിടനെഞ്ച് പിടയുമ്പോള്‍
കരയാനായ് പോലും മറന്നു പോയോ..?

മാനിഷാദ ( കവിത )

on Thursday, November 15, 2007
ചുടുരക്തമൊഴുകും നിരത്തുകളില്‍
ചടുലമായ് വീശും വടിവാളുകള്‍
ഇടയില്‍ പിടയുന്നതെത്ര ദേഹം ?
ഒടുവില്‍ പൊലിയുന്നതെത്ര ജീവന്‍ ?

മരിക്കുന്നതൊരു പക്ഷേ ഒരുവനാകാ-
മവനേകനല്ലനേകര്‍ തന്‍ സ്വന്ത ബന്ധം
അവനച്ഛനാണനുജനാണേട്ടനാണ്
അമ്മതന്‍ മകനാണ്, പെണ്ണില്‍ പ്രിയനാണ്
അമ്മാവനാണവനൊരച്ഛന്റെ മോനാണ്
സഹപാഠിയാണാത്മ മിത്രവുമാണവന്‍

പെട്ടെന്നൊരു വെട്ടിലിത്രയും കണ്ണികള്‍
കണ്ണുനീര്‍ തോരാ ഹൃദയങ്ങള്‍ ബാക്കിയും
ആരുണ്ടവര്‍‌ക്കൊരാശ്വാസമേകുവാന്‍ ?
ആരുണ്ടവരുടെ കണ്ണുനീര്‍ കാണുവാന്‍ ?
വെട്ടുവാനാഹ്വാനമേകിയ വ്യക്തിയോ
വെട്ടേറ്റ കണ്ട കൂട്ടത്തിലാരുമോ ?

ഇല്ല സഹോദരാ ഇല്ലൊരു സംഘവും
നീയിന്ന് നാമാവശേഷമായിപ്പോയാല്‍
പിച്ചവെച്ചമ്മിഞ്ഞ പാല്‍ നുണഞ്ഞീടുന്ന
പൊന്നോമനയ്ക്കില്ലയച്ഛനിപ്പോള്‍
നിന്നെ നീയര്‍പ്പിച്ച ബലിയില്‍ ചിരിക്കുന്ന
രാഷ്ട്രനേതാക്കളെ കാണുമോ നീ

ആരുണ്ട് നിന്നുടെ നഷ്ടം നികത്തവാന്‍
ആര്‍ക്കായ് നിങ്ങള്‍ മരിക്കുന്നുയീവിധം ?
നാലഞ്ചു നാള്‍‌വരെ കാണുന്ന മന്ത്രിയും
നാലഞ്ചു നാള്‍ക്കുള്ളില്‍ തീരുന്ന വാഗ്ദാനവും
ജീവച്ഛവമായി പിന്നെച്ചുവരിന്റെ
ഉള്‍ത്തടം തന്നില്‍ വസിക്കുന്നോരാശ്രിതര്‍
കണ്ണുനീര്‍ വറ്റി വരണ്ടവര്‍ നോക്കുന്നു
ചില്ലിട്ട ചിത്രവും പിന്നതിന്‍ പിന്നിലെ
ശൂന്യമാമൊരന്ധകാരത്തെയും

ആര്‍ക്കായി നിങ്ങള്‍ മരിക്കുന്നുയീവിധം
എന്തിനീ ചവേര്‍ പടയൊരുക്കം ?

ചാച്ചാജീ; അങ്ങയുടെ, നമ്മുടെ കുഞ്ഞുങ്ങള്‍ക്കായ്

on Tuesday, November 13, 2007


പൊള്ളും പകലുകളെങ്ങോ മറഞ്ഞുപോയ്
ഉള്ളം കിളുക്കും കുളിര്‍ക്കാറ്റ് വന്നിതാ
പൈതങ്ങള്‍ക്കേകാന്‍ നവമ്പറിന്‍ മാറിലെ
പൂക്കള്‍ ശിശുദിനമായിങ്ങെത്തിയല്ലോ
ചുറ്റും പരന്നാ പരിമളം കുഞ്ഞുങ്ങള്‍-
ക്കെല്ലാര്‍ക്കുമാനന്ദ മേകീടട്ടേ
ചാച്ചാ നെഹൃവിന്‍ സ്‌നേഹത്തിന്‍ ജന്മ
ദീപം കൊളുത്തിയ കൈത്തിരിയില്‍ നിന്നും
പൊന്‍പ്രഭ ചൊരിഞ്ഞിതെങ്ങും പരക്കട്ടെ
ഇന്നാപ്രചോദനമുള്‍ക്കൊണ്ടു നാട്ടില്‍
കാണാം ശിശുക്ഷേമ മന്ദിരങ്ങള്‍
ആരൊക്കെ നീതി പുലര്‍ത്തുന്നു, പിന്നെയ
ങ്ങാര്‍‌ക്കൊക്കെ നീതി ലഭിക്കുന്നു ചിന്തിതം
നീളുമജ്ഞാത കാരാള ഹസ്തങ്ങളില്‍
ഇന്നും പിടഞ്ഞു മരിക്കുന്നു കുരുന്നുകള്‍
നവജാതപൈതങ്ങള്‍ അമ്മയുപേക്ഷിച്ച്
നിത്യവും മൃത്യുവെ പുല്‍കിടുന്നു.
കാണാം ഗൃഹങ്ങളില്‍ വേലകള്‍ ചെയ്തീടും
ബാലകര്‍ തൂകുന്ന കണ്ണീര്‍കണം
കേള്‍ക്കാം പരശ്ശതം പീഢനമേറ്റുള്ള
പൈതങ്ങള്‍ തീര്‍ക്കും വിലാപ കാവ്യം
സമ്പന്നവര്‍‌ഗ്ഗ ശിശുക്കളാഢമ്പര
തൊട്ടിലിലാടി വളര്‍ന്നിടുമ്പോള്‍
രോഗം കശക്കിയ, ഒരനേരമുണ്ണാത്ത
കണ്ണീര്‍ തോരാത്ത ശിശുക്കളുണ്ടിപ്പുറം
ഇനിയും ഉണരാന്‍ മടിയ്ക്കും സമൂഹത്തി
നില്ലാ, മനസാക്ഷിക്കുത്തു പോലും
നാമെന്തു നല്‍കുന്നു വാരിവിതറുന്ന
മിഠായിയും പിന്നെ കുറേ പൂക്കളുമോ ?
കുട്ടികള്‍ക്കടിമത്തമേല്‍ക്കാത്ത ജീവിത
മേകാനണിനിരന്നടരാടീടാം
ആ നല്ല നാളിനെ വരവേറ്റീടാം
അന്ന് നേരാം നമ്മുക്കാ പൈതങ്ങള്‍ക്ക്
നല്ലൊരു സന്തോഷ ദിനാശംസകള്‍ !

നിനക്കായ്....

on Sunday, November 11, 2007ഒരു മഴനിലാവ് വിരിയിച്ചു നീ
ഒരു മഴ‌വില്ലായ് തെളിഞ്ഞു നീ
ഒരു പൂവായ് വിടര്‍ന്നു നീ
ഒരു സ്‌നേഹമായ് പടര്‍‌ന്നു നീ
ഒരു സോദരിയായ് എന്നിലലിഞ്ഞു നീ
നന്ദിയോതുവാന്‍ വാക്കുകളില്ലിനി
എന്നില്‍ ചൊരിയുന്നൊരീമഴ തുള്ളികള്‍ക്ക്


ഈ പ്രവാസ ഭൂമിയിലെ
മനം ചുടുന്ന മരുഭൂവില്‍
ആശ്വാസത്തില്‍ ജലകണമായ് നീ
അലിയുന്നു നിത്യവും
സാന്ത്വനമായ്, അനുഭൂതിയായ്


സോദരനായ് നിന്നില്‍ നിറയട്ടെ
നിന്നിലെ ഈ വിരുന്നുകാരന്‍ ഞാന്‍

കെന്‍ സരോവിവ : ഓരോര്‍‌മ്മ

on Friday, November 9, 2007
സര്‍‌വസജ്ജരായ ബ്രിട്ടീഷ് സേനയ്ക്കുമുന്നില്‍ മാതൃരാജ്യസ്‌നേഹം മാത്രം കൈമുതലാക്കി പടപൊരുതിയ ധീരദേശാഭിമാനികളുടെ സമരവീര്യം നമ്മുടെ ഹൃദയത്തില്‍ ചുടുരക്തമായി ഒഴുകുമ്പോഴും, അഗോളതലത്തില്‍ അധിനിവേശത്തിനും അടിച്ചമര്‍ത്തലിനുമെതിരേ സമരം നടത്തി വീരമൃത്യു വരിച്ചവരേയും നാം വിസ്മരിച്ചുകൂടാ. അത്തരം പലരുടേയും രക്തസാക്ഷിത്വങ്ങള്‍ മാനുഷികതയിലുള്ള നമ്മുടെ വിശ്വാസം ഒന്നുകൂടി ഊട്ടി ഉറപ്പിക്കുകയും ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ ആത്മവിശ്വാസം നല്‍കുകയും ചെയ്യുന്നു.


അത്തരത്തില്‍ ഒരു രക്തസാക്ഷിത്വമായിരുന്നു നൈജീരിയന്‍ എഴുത്തുകാരനും കവിയും പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്ന കെന്‍ സരോവിവയുടേത്.


പെട്രോ ഡോളറിന്റെ രുചിയറിഞ്ഞെത്തിയ ബഹുരാഷ്ട്രകുത്തക ഭീമന്മാര്‍ക്കും അവര്‍ക്ക് ഓശാന പാടിയ സര്‍ക്കാരിനുമെതിരേ ചൂഷണത്തിനു വിധേയരായിക്കൊണ്ടിരുന്ന തന്റെ ഗോത്രജനതയായ "ഒഗോണി" ജനവിഭാഗത്തെ അണിനിരത്തി വിമോചന സമരം നടത്തി എന്ന ഒറ്റ കാരണത്താല്‍ നൈജീരിയന്‍ പട്ടാളം തൂക്കിലേറ്റിയ ആ മനുഷ്യസ്‌നേഹിയുടെ 12 ആം ചരമ വാര്‍‌ഷികമാണ് നവമ്പര്‍ 10.നൈഗര്‍ നദീതീരത്ത് 404 ചതുരശ്ര മൈലില്‍ സ്ഥിതി ചെയ്യുന്ന അഞ്ചുലക്ഷം ജനങ്ങള്‍ മാത്രമുള്ള ഒരു കൊച്ച് പ്രദേശമാണ് ഒഗോണി. കൃഷിയും മത്സ്യബന്ധനങ്ങളുമായി കഴിയുന്ന ഒഗോണ്‍ ഗോത്രവര്‍‌ഗക്കാരാണ് ഈ പ്രദേശത്തിന്റെ അവകാശികള്‍.
ഒഗോണ്‍ ഗോത്രത്തിലെ ഒരു കച്ചവടക്കാരനായിരുന്ന "ജിം സരോവിവയുടെ" മകനായി 1941 ഒക്‌ടോബര്‍ 10 ന് കെന്‍ സരോ വിവ ജനിച്ചു. പഠനത്തില്‍ അതിസമര്‍ത്ഥനായിരുന്ന അദ്ദേഹം ഗവണ്മെന്റ് സ്‌കോളര്‍ഷിപ്പോടെ പഠിക്കുകയും ഡിഗ്രിക്കു ശേഷം ലാഗോസ് യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.


സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഉടമകളായിരുന്ന ബ്രിട്ടീഷുകാര്‍, 1901ഇല്‍ അക്രമണത്തിലൂടെ ഒഗോണികളെ കീഴ്പ്പെടുത്തി കോളനി സ്ഥാപിച്ചു. ഇതോടെ മറ്റു പല രാജ്യങ്ങളെ പോലെ ഒഗോണികളുടെയും ശിഷ്ടകാലം അധിനിവേശത്തിന്റെ ബന്ധനവും പീഡനവും നിറഞ്ഞതായി തീര്‍ന്നു.


1950 ഓടെ ഒഗോണിലും ദൈവത്തിന്റെ വരദാനമായ പെട്രോളിയം നിക്ഷേപം കണ്ടെത്തിയതോടെ അഗോള ശക്തികളുടെ മഞ്ഞളിച്ച കണ്ണുകള്‍ ഒഗോണിലേക്ക് പതിച്ചു. അവരവിടെ വലിയ തോതില്‍ പെട്രോള്‍ ഖനനം നടത്തുകയും അന്നത്തെ മൂല്യമനുസരിച്ച് വര്‍ഷം ശരാശരി 100 ബില്യണ്‍ ഡോളര്‍ എണ്ണ അവിടുന്ന് കടത്തുകയും ചെയ്തു. എന്നാല്‍ കച്ചവടകണ്ണുകള്‍ മാത്രമുള്ള അവരാരും ഒഗോണി ജനങ്ങളുടെ ക്ഷേമത്തിനോ വികസനത്തിനോ ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല അശാസ്ത്രീയമായ വന്‍‌തോതിലുള്ള ഖനനം മൂലം നിരവധി പരിസ്തിതി പ്രശ്നങ്ങള്‍ ഉടലെടുക്കുകയും ഉണ്ടായി. അതോടെ കൃഷിയും മത്സ്യബന്ധനങ്ങളുമായി കഴിഞ്ഞിരുന്നവരുടെ ജീവിതത്തില്‍ ബാക്കിയായത് തരിശുഭൂമിയും മത്സ്യങ്ങള്‍ ചത്ത് പൊങ്ങുന്ന കടല്‍ത്തീരവുമായിരുന്നു.


സഹനത്തിന്റെ നെല്ലിപ്പടി കണ്ട ജനത, ജീവിതം ദുസ്സഹമായപ്പോള്‍ സ്വയം ഭരണത്തിനുള്ള അവകാശത്തിനു വേണ്ടി നടത്തിയ സമര പ്രഖ്യാപനങ്ങളെ നിര്‍ദയം അടിച്ചമര്‍ത്തുകയായിരുന്നു നൈജീരിയന്‍ ഭരണകൂടം.


അധിനിവേശത്തിനെതിരെ തന്റെ ജനതയുടെ ചെറുത്തുനില്പിന്റെ വീര്യം ഉള്‍ക്കൊണ്ട് 'റീജണല്‍ വിഭ്യാഭ്യാസ കമ്മീഷണര്‍' എന്ന കാബിനറ്റ് പദവിയുള്ള ഉദ്യോഗം ഉപേക്ഷിച്ച് പോരാടാന്‍ തീരുമാനിക്കുകയായിരുന്നു കെന്‍ സരോവിവ. 1990ല്‍ അദ്ദേഹം 'മൂവ്മെന്റെ ഫോര്‍ ദ സര്‍‌വൈവല്‍ ഓഫ് ദ ഒഗോണി പീപ്പിള്‍'(മൊസാപ്പ്) എന്ന സംഘടനയുടെ നേതാവായി. 1993ല്‍ സംഘടനയുടെ നേതൃത്വത്തില്‍ മൂന്നു ലക്ഷം ഒഗോണികളെ അണിനിരത്തി ഗവണ്മെന്റിനെതിരെ ഒരു സമാധാന റാലി നടത്തിയതോടെ കെന്‍ സരോവിവ ഗവണ്‍‌മെന്റിന്റെ കണ്ണിലെ കരടായി മാറി.


അതുകൊണ്ട് തന്നെ നൈജീരിയന്‍ എഴുത്തുകാരുടെ പൊതുസംഘടനയുടെ പ്രസിഡന്റ് കൂടിയായ സരോവൊവയെ രാജ്യദ്രോഹക്കുറ്റം ചുമത്തി തടവിലാക്കി.


എന്നാല്‍ ലോകത്തെ ഞെട്ടിച്ചു കൊണ്ട് നൈജീരിയന്‍ പട്ടാളം 1995 നവമ്പര്‍ 10ന് ആ ധീരദേശാഭിമാനിയെ തൂക്കിലേറ്റുകയായിരുന്നു. കഴുമരത്തില്‍ വച്ചുപോലും അദ്ദേഹത്തോട് മനുഷ്യത്വം കാട്ടാതിരുന്ന പട്ടാള ഭരണകൂടം അദ്ദേഹത്തോടൊപ്പം ശിക്ഷിക്കപ്പെട്ട മറ്റ് എട്ട് പേരേയും അദ്ദേഹത്തിന്റെ കണ്‍‌മുന്നില്‍ വച്ച് തൂക്കിലേറ്റിയ ശേഷം സരോവിവയേയും കഴുമരത്തിലേറ്റി. ആ മൃതദേഹം പോലും പിന്നീട് അജ്ഞാതമായ ഏതോ പൊതു സ്മശാനത്തില്‍ അടക്കം ചെയ്യുകയായിരുന്നു.


വന്‍‌കിട അധിനിവേശ കോര്‍പറേറ്റ് കമ്പനികളുടേയും അവര്‍ക്ക് ഒത്താശ ചെയ്ത് കൊടുക്കുന്ന പാവ സര്‍ക്കാരിന്റേയും ജനദ്രോഹ നടപടികളുടെ സത്യസാക്ഷിത്വമായിരുന്നു സരോവിവയുടെ രക്തസാക്ഷിത്വം. അതുകൊണ്ട് തന്നെ എവിടേയോ നടന്ന ഒരു സംഭവം എന്നമട്ടില്‍ ഇതിനെ മറക്കുവാനോ അങ്ങിനെ നടിക്കുവാനോ നമ്മുക്കാവില്ല.ഇന്ത്യയില്‍ ഉള്‍പ്പെടെ ലോകത്തിലെ എല്ലായിടങ്ങളിലും അധിനിവേശം നടത്തി കച്ചവടം ചെയ്യുന്ന ബഹുരാഷ്ട്ര കുത്തക ഭീമന്മാര്‍‌ക്ക് എതിരെ ഇന്നും പോരാടുന്ന ജനതയ്ക്ക് കെന്‍ സരോവിവയുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍‌മ്മ പുതിയ സമര വീര്യം നല്‍കുക തന്നെ ചെയ്യും.He laughed gently and I relaxed
Happy to find
In spite of the gun.
He was still a man.
It lit the dark
that gentle laugh
In the pith of night...
But it was only the low laugh
Of one who was soon to die.

( സരോവിവയുടെ വരികള്‍ )

ലക്ഷ്മി ജീവിതത്തിലേക്ക് തിരിച്ചു വരുന്നു..

on Wednesday, November 7, 2007


രണ്ടു വയസുകാരി ലക്ഷ്മിയെന്ന കുരുന്നു ബാലികയെ കുറിച്ചുള്ള പോസ്റ്റില്‍ അഭിപ്രായങ്ങള്‍ കുറിച്ചവരൊക്കെ തന്നെ ഇതേ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുവാന്‍ പറഞ്ഞിരുന്നെത് കൊണ്ട് മാത്രം ഒരറിയിപ്പായി ഇവിടെ സൂചിപ്പിക്കട്ടെ.


നമ്മുക്ക് അഭിമാനിക്കാം, സന്തോഷിക്കാം നീണ്ട 27 മണിക്കൂര്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായിരിക്കുന്നു !.

ബാംഗ്ലൂര്‍ സ്പര്‍ശ് ആശുപത്രിയിലെ ഡോ: ശരണ്‍ പട്ടേലും മറ്റ് ഡോക്‌ടര്‍മാരും പാരാ മെഡിക്കല്‍ ടീമും നടത്തിയ ശ്രമം വിജയം കണ്ടിരിക്കുന്നു !.


ആ കുഞ്ഞിനു വേണ്ടിയുള്ള പ്രാര്‍ത്ഥന ദൈവം ചെവികൊണ്ടിരിക്കുന്നു..


ലക്ഷ്മി ഒരു പ്രതീകമായി വളരെട്ടെ, രോഗവും വേദനയും തളര്‍ത്തിയ മനസുമായി ജീവിക്കുന്ന പലര്‍ക്കും പ്രതീക്ഷയുടെ കിരണമായി..


കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.


( ഇതൊരറിയിപ്പ് മാത്രം.)

ലക്ഷ്മിക്ക് വേണ്ടി നമ്മുക്കും പ്രാര്‍ത്ഥിക്കാം..
ബീഹാറിലെ പാവപ്പെട്ട കൂലിപ്പണിക്കാരനായ ശംഭുവിന്റേയും പൂനത്തിന്റേയും മകളാണ് ലക്ഷ്മി എന്ന രണ്ടു വയസുകാരി. ജനിച്ചപ്പോഴേ നാലുകാലും നാലുകൈയും ഒരു ഉടലുമായി ജനിച്ച ലക്ഷ്മി, സാക്ഷാല്‍ ലക്ഷ്മി ദേവിയുടെ അവതാരമാണെന്നു കരുതി പൂജിക്കുവാന്‍ ഒരുകൂട്ടര്‍, പിന്നെ സര്‍ക്കസില്‍ പ്രദര്‍‌ശിപ്പിച്ചു പണം സമ്പാദിക്കാമെന്ന് മറ്റു ചിലര്‍. അവരുടെ ശല്യം സഹിക്കവയ്യാതെ ആ കുടുമ്പം ലക്ഷ്മിയെ ഒരു ബന്ധുവീട്ടില്‍ കൊണ്ടു ചെന്നാക്കി. പിന്നെ ഡല്‍ഹിയിലെ ഒരു പ്രമുഖ ആശുപത്രിയില്‍ കാണിച്ചപ്പോള്‍ ഇതിന് പ്രത്യേക ചികിത്സയൊന്നും ഇല്ലെന്ന് അവിടുത്തെ ഡോക്‌ടര്‍മാര്‍ വിധി എഴുതി.


ഈ കഥയൊക്കെ അറിഞ്ഞ ബാംഗ്ലൂര്‍ സ്പര്‍‌ശ് ആശുപത്രിയിലെ ഡോ : ശരണ്‍ പട്ടേല്‍ കുട്ടിയെ കാണുകയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരുപറ്റം മനുഷ്യ സ്‌നേഹികളായ ഡോക്‌ടര്‍മാര്‍ അവളെ കൈപിടിച്ചു ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ വേണ്ടത് ചെയ്യുവാനും തീരുമാനിച്ചു.


സാധാരണ ഒരു കുട്ടിക്ക് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12 ശതമാനമാണ് വേണ്ടതെങ്കില്‍ ലക്ഷ്മിക്ക് അത് വെറും 5.4 % ആയിരുന്നു. ഒപ്പം ആന്തരികാവയവങ്ങളിലെ അണുബാധ മൂലം തുടര്‍‌ച്ചയായ പനിയും അസുഖങ്ങളും. ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണവും മരുന്നുകളും നല്‍കിയതിന്റെ ഫലമായി ഇപ്പോള്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 11 % ആയി ഉയര്‍ത്താന്‍ കഴിഞ്ഞു.


നാളെ ലക്ഷ്മിയെ അതിസങ്കീര്‍‌ണ്ണമായ ഒരു ശസ്ത്രക്രിയക്ക് വിധേയയാക്കുകയാണ്. 40 മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന ആ മാരത്തോണ്‍ ശസ്ത്രക്രിയ വിജയിച്ചാല്‍ ലോകത്തിലെ തന്നെ ഏറ്റവും സങ്കീര്‍‌ണ്ണവും ദുര്‍ഘടവുമായ ഒരു ശസ്ത്രക്രിയയുടെ വിജയമായിരിക്കും അത് .

ഇത്രയും നീണ്ട ഒരു ശസ്ത്രക്രിയക്കായി സ്പര്‍‌ശിലെ അഞ്ചു മുതിര്‍ന്ന ഡോക്‌ടര്‍മാരും 36 പാരാ മെഡിക്കല്‍ സംഘങ്ങളും തയ്യാറായി കഴിഞ്ഞിരിക്കുകയാണ്. നാളെ നടക്കുന്ന ശസ്ത്രക്രിയ കുട്ടിയുടെ ആന്തരീകാവയവങ്ങള്‍ക്ക് കേടുവരാതെ പുറത്തെ ഭാഗങ്ങള്‍ നീക്കം ചെയ്യുകയും ഒരുമാസത്തിനു ശേഷം മുറിവ് ഉണങ്ങിയതിനു ശേഷം മറ്റൊരു ശസ്ത്രക്രിയ കൂടെയും നടത്താനാണ് തീരുമാനം.


MRI സ്കാന്‍, 64 സ്ലൈസ് സി.ടി സ്കാന്‍, ശസ്ത്രക്രിയ എല്ലാം കൂടി 25 ലക്ഷം രൂപയുടെ ചികിത്സ ചിലവു പ്രതീക്ഷിക്കുന്നെങ്കിലും ആ കുടുമ്പത്തിന്റെ പ്രയാസമറിഞ്ഞ സ്പര്‍‌ശ് ഫൗണ്ടേഷന്‍ ആണ് ഈ ചിലവ് പൂര്‍‌ണ്ണമായും നടത്തുന്നത്.


തന്റെ മകളുടെ ജീവന്‍ ദൈവത്തിലും പിന്നെ സ്പര്‍‌ശ് ആശുപത്രിയിലെ ഡോക്‌ടര്‍മാരിലും ഏല്പിച്ച് പ്രാര്‍ത്ഥനയും കണ്ണീരുമായി കഴിയുന്ന ആ മാതാപിതാക്കളോടൊപ്പം. ലക്ഷ്മിയ്ക്ക് വേണ്ടി നമ്മുക്കും പ്രാര്‍ത്ഥിക്കാം....