ശിലയുടെ ദുഖം.

on Sunday, January 24, 2010

പണ്ട് താന്‍ വെറുമൊരു പാറയായിരുന്നല്ലൊ. പ്രത്യേക രൂപമോ ഭംഗിയോ ഇല്ലാത്ത വെറുമൊരു പാറക്കഷണം. ആരും ശ്രദ്ധിക്കപ്പെടാതെ ഏതോ ഒരു മൊട്ടക്കുന്നിനടുത്ത മുളം കാട്ടില്‍ യുഗങ്ങളോളം ഒളിഞ്ഞുകിടന്ന കറുത്തു പരുപരുത്ത ഒരു പാറ.

എങ്കിലും എന്നിലും ഒരു ഹൃദയമുണ്ടായിരുന്നു. അതിലോലമായ ഒരു ഹൃദയം.

ഒരുനാള്‍, ഒരു ശില്പ്പിയുടെ കൈപ്പിടിക്കുള്ളില്‍ ഞെരിഞ്ഞമരാന്‍ മാത്രം വിധിക്കപ്പെട്ട ഒരു ഉളി സ്നേഹത്തോടെ എന്റെ കാതില്‍ മെല്ലെ മൊഴിഞ്ഞു
"നിന്നില്‍ ഒരു സൗന്ദര്യമുണ്ട്. അല്ല, നീ തന്നെ സൗന്ദര്യമാണ് ഈ വിരൂപ ദേഹത്തില്‍ നിന്നും നിനക്കൊരു മോചനം കൊതിക്കുന്നില്ലേ..?

തന്റെ ശരീരത്തിലാകമാനം അവള്‍ തുളഞ്ഞു കയറുമ്പോഴും ഞാന്‍ വേദന കടിച്ചമര്‍ത്തി. എപ്പോഴോ ഒരിക്കല്‍ അവള്‍ എന്റെ ഹൃദയത്തില്‍ തന്നെ തറച്ചു കയറി. വേദന കൊണ്ട് പിടഞ്ഞെങ്കിലും ഹൃദയ ധമനികളിലൂടെ രക്തം പൊടിഞ്ഞു വെങ്കിലും ഞാന്‍ സന്തോഷിച്ചു. എല്ലാം എന്റെ മോക്ഷത്തിനല്ലേ.
അവസാനം ഞാനും ഒരു സുന്ദരനായി. ആരും ഇഷ്ടപ്പെടുന്ന, നോക്കി നിന്നുപോവുന്ന ഒരു സുന്ദര ശില്പ്പമായി !.

അതിനിടയില്‍ തന്റെ ഹൃദയത്തില്‍ തറച്ച, എന്നെ ഈ ഞാനാക്കിയ ആ കറുത്തുമെലിഞ്ഞ സുന്ദരിയെ ഞാന്‍ ഒരുപട് ഇഷ്ടപ്പെട്ട് പോയെന്ന് വൈകിയെങ്കിലും മനസിലായി. അവള്‍ എന്നും എന്നെ കുത്തിനോവിച്ചിട്ടേയുള്ളുവെങ്കിലും എനിക്ക് പ്രിയപ്പെട്ടവളായി മാറിക്കഴിഞ്ഞിരുന്നു.

ഏതോ ഒരു പുതുപ്പണക്കാരന്റെ ഷോക്കേസിലെ കണ്ണാടിക്കൂടിനുള്ളിലെ ഒരുകൂട്ടം ഫോറിന്‍ പാവകള്‍ക്കിടയില്‍ ഞാനും പ്രതിഷ്ടിക്കപ്പെട്ടു. ഒറ്റപ്പെടലിന്റെ തീവൃത അന്നാദ്യമായി ഞാന്‍ തിരിച്ചറിഞ്ഞു. മനസെന്നും അവളിലേയ്ക്ക് കുതിച്ചുയരാന്‍ വെമ്പല്‍ കൊണ്ടു.

വികൃതമായ ആ പാറക്കഷണം മാത്രമായിരുന്നു താനെങ്കിലെന്ന് പലവുരു ഓര്‍ത്തുപോയി.

അന്ന് തന്റെ അടുത്തിരുന്ന ഒരു ഫോറിന്‍ പാവക്കുട്ടി ഒരു തമാശപോലെ എന്നോട് പറഞ്ഞു.

"അവളൊക്കെ നിന്നെ എപ്പോഴേ മറന്നിട്ടുണ്ടാവും ഇപ്പോള്‍ മറ്റേതെങ്കിലും ഒരു ശിലയുമായ്..!?"

തന്റെ മനസ്സു മന്ത്രിക്കുന്നുണ്ടായിരുന്നു. ഇവിടെ നിന്നും തനിക്കൊരു മോചനമുണ്ട്. അധികം അകലെയല്ലാതെ എനിക്കവളിലേയ്ക്ക് എത്തിച്ചേരാനാവുമെന്നും.

സ്വപ്ന സാക്ഷാത്കാരമെന്നോണം ഒരിക്കല്‍ ആരുടെയോ കൈതട്ടി നിലം പതിച്ച എന്റെ മനസ്സും ശരീരവും ശിഥിലമായി. വിരഹത്തിന്റെ ഭാരവും വിട്ടകന്നതിനാലാവം ഭാരരഹിതനായി കഴിഞ്ഞിരുന്നു

ഇന്ന്...

ഇന്നു ഞാന്‍ ആ പുതുപ്പണക്കാരന്റെ പറമ്പിലെ അനാഥമായ ഏതോ മൂലയില്‍ ആര്‍ക്കും വേണ്ടാതെ കിടക്കുമ്പോഴും എന്നെ ഞാനാക്കിയ, എന്റെ മോഹങ്ങള്‍ക്ക് നിറവും രൂപവും പകര്‍ന്ന, ഇപ്പോഴും ആ ശില്പ്പിയുടെ കൈകളാല്‍ തടവിലാക്കപ്പെട്ടു കിടന്നു നെടുവീര്‍‌പ്പിടുന്ന അവലുടെ ഓര്‍മ്മയില്‍ മയങ്ങി ഇനി ഞാനുറങ്ങട്ടെ

യുഗങ്ങളോളം....

അണ്ണാ നിങ്ങളാണ് താരം..!

on Thursday, January 21, 2010

രണ്ട് മാസം മുന്‍പുള്ള ഒരു ഞായറാഴ്ച.

ബൂലോകത്തെ നാലാള്‍ അറിയുന്ന ഒരു ബ്ലോഗറുടെ വീട്ടിലേക്ക് ഒരു ഫോണ്‍‌കോള്‍ എത്തി

ഹലോ താങ്കളാണോ സുപ്രസിദ്ധ ബ്ലോഗ്ലര്‍ .........?

വല്ല ബ്ലോഗറും തന്റെ പുതിയ പോസ്റ്റിനെക്കുറിച്ച് നല്ല രണ്ട് പറയാനാകും എന്ന് കരുതി അദ്ദേഹം ഫോണ്‍ എടുത്തു " അതേ ഞാനാ"

ഗുഡ് മോര്‍‌ണിങ്ങ് സര്‍..ഞങ്ങള്‍ ഒരു ടെലി സീരിയല്‍ നിര്‍മ്മിക്കാനുള്ള പ്രാരംഭ നടപടികള്‍ ആലോചിച്ചു വരുകയാണ് ഒരു പ്രവാസകഥ. മലയാളത്തിലെ ഒരു പ്രമുഖ ചാനലില്‍ പ്രക്ഷേപണം ചെയ്യുവാനാണ് താങ്കള്‍ ഇതില്‍ സഹകരിക്കണം. താങ്കളുടെ കഥയാണ് ഞങ്ങള്‍ പ്ലാനിടുന്നത്

പൊതുവേ തന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള അഹങ്കാരം പൂര്‍‌വാധികം ശക്തമായ് തന്നെ അയാളുടെ മനസ്സിലേക്ക് കടന്നു വന്നു.

ങൂം.. ശരി ശരി.. ഞാന്‍ ശ്രമിക്കാം ബട്ട്.. ഒരു കണ്ടീഷന്‍

എന്താ സര്‍..?

ഷൂട്ടിങ്ങിന് ഞാന്‍ സെറ്റില്‍ ഉണ്ടാകും. അവിടെ വച്ച് ഞാന്‍ ഓരോ എപ്പിസോഡും എഴുതിത്തരും. ഇവിടുന്നു നാട്ടിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് ഹോട്ടല്‍ സൗകര്യങ്ങള്‍. ഒക്കെ നിങ്ങളുടെ അറേഞ്ച് ചെയ്യണം.. ഒക്കെ..?

ഇദ്ദേഹത്തിന്റെ മസ്സിലുപിടിത്തം കണ്ട് "പോ പുല്ലേ " എന്ന് പറയണം എന്നുണ്ടായിരുന്നെങ്കിലും ബൂലോകത്ത് ഇദ്ദേഹത്തിന്റെ പിന്നില്‍ അത്യാവശ്യം ആളുകള്‍ ഉണ്ടെന്നും അവരും അവരുടെ വീട്ടുകാരും കൂട്ടുകാരും നാട്ടുകാരും ഒക്കെ കാണുമല്ലോ അതോടെ സീരിയല്‍ പപ്പുലറാകുമെന്നും ധരിച്ച നിര്‍മാതാവ് അരമനസ്സോടെ അതിനും സമ്മതം മൂളി. അങ്ങിനെ ഷൂട്ടിങ്ങ് തുടങ്ങി.

പ്രധാനപ്പെട്ട ചില ഭാഗങ്ങള്‍ ഊട്ടിയിലായിരുന്നു. സംഭവം സീരിയല്‍ നിര്‍മ്മാണമാണെങ്കിലും ഏതോ സിനിമ ഷൂട്ടിങ്ങ് ആയിരിക്കും സൂപ്പര്‍ സ്റ്റാര്‍ ആരെങ്കിലും ഒക്കെ കാണുമായിരിക്കും എന്ന് ധരിച്ച് കൂടിയ പാവം നാട്ടുകാരെ നിയന്ത്രിക്കാന്‍ പോലീസ് തന്നെ വേണ്ടി വന്നു. ആ ബഹളത്തിനിടെ ഒരു മൂലയില്‍ മാറിയിരുന്നു നമ്മുടെ കഥാകൃത്ത് അടുത്ത എപ്പിസോഡിനെക്കുറിച്ചുള്ള ചര്‍ച്ചക്കിടയിലാണ് ഒരാള്‍ ക്യാമറയുമായ് അദ്ദേഹത്തിനു മുന്നില്‍ ചെന്നത്. അയാള്‍ പറഞ്ഞു
സാര്‍ പടം കിടിക്കട്ടുമാ...?

കഥാകൃത്ത് അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കി. ഹോ...! മലയാളത്തിലെ നാലാള്‍ അറിയുന്ന എത്രയോ നടീ നടന്മാര്‍ ഈ ലൊക്കേഷനില്‍ ഉണ്ടായിട്ടും എനിക്കൊരാരാധകന്‍ ഇവിടെയോ..?

ചിലപ്പോ തന്റെ നവരസങ്ങള്‍ പകര്‍ത്തി ഇട്ട പോസ്റ്റ് ഇയാള്‍ കണ്ട് കാണുമായിരിക്കും..ശോ..! എന്നെ പോലുള്ള സാധാ എഴുത്തുക്കാരുടെ അവസ്ഥ ഇതാണെങ്കില്‍ ആ മമ്മൂക്കയുടെയും ലാലേട്ടന്റെയും ഒക്കെ അവസ്ഥ എന്തായിരിക്കും പാവങ്ങള്‍..!

ഒക്കെ തമ്പീ പെട്ടെന്ന് വേണം കേട്ടോ..കഥാകൃത്ത അല്പം ഗമയില്‍ തന്നെ പറഞ്ഞു

ആയാള്‍ നമ്മുടെ കഥകൃത്തിന്റെ വിവിധ സ്റ്റൈലിലെ കുറേ പടങ്ങള്‍ എടുത്തു.

അഞ്ചേ അഞ്ചു മിനിറ്റിനകം ക്യാമറാമാന്‍ ഫോട്ടോകളുമായ് എത്തി..

സര്‍, മൊത്തം ആറ് കോപ്പി ഇറുക്ക്.. കോപ്പി ഒന്നുക്ക് 50രൂപായ് ആകെ 300 രൂപ. സാര്‍ ഒരു 250 രൂപ തന്നാ പോതും..

കിലുക്കം സിനിമയില്‍ നമ്മുടെ ജഗതിയുടെ കഥാപാത്രം പോലെ ഊട്ടിയില്‍ വരുന്ന ടൂറിസ്റ്റുകള്‍ക്ക് ചിത്രങ്ങളെടുക്കുന്ന ഒരു ക്യാമറാമാന്‍ ആയിരുന്നു അയാള്‍ എന്നറിഞ്ഞ് അല്പം ചമ്മലോടെ പണം എണ്ണിക്കൊടുക്കുമ്പോള്‍ അടുത്തുണ്ടായിരുന്ന ചില ജൂനിയര്‍ ആര്‍‌ട്ടിസ്റ്റ് ഊറിച്ചിരിച്ചതിന്റെ അര്‍ത്ഥം എത്ര ആലോചിച്ചിട്ടും നമ്മുടെ കഥാകൃത്തിനു മനസ്സിലായില്ല.

അത്ര സൗകര്യങ്ങള്‍ ഒന്നും ഇല്ലാത്ത ഒരു ഹോട്ടലില്‍ ആയിരിന്നു സെറ്റിലുള്ളവക്ക് താമസം ഏര്‍പ്പാടാക്കിയിരുന്നത്. അമേരിക്കയിലെ സുഖസൗകര്യങ്ങളില്‍ കിടന്നുറങ്ങുന്ന കഥാകൃത്തിനുണ്ടോ ഈ ചെറിയ ഹോട്ടലില്‍ കിടന്നിട്ട് ഉറക്കം വരുന്നു.

രാത്രി പത്തര മണിയായിക്കാണും. ഉറക്കം വരാതെ ഹോട്ടല്‍ വരാന്തയിലൂടെ ഉലാത്തി നടക്കുമ്പോഴായിരുന്നു നായികയുടെ മുറിയില്‍ നിന്നും അവരുടെ അടക്കിപ്പിടിച്ച സംസാരം കേള്‍ക്കുന്നത്.

"ഇന്ത മുറിയില്‍ ഫാനിറുക്ക് നമ്മുക്ക് ഇങ്ക തൂങ്കിയാലോ..?"

കഥാകൃത്ത് എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ച നിന്നുപോയീ..!

നായികയ്ക്ക് പ്രത്യേകം മുറി കൊടുത്തിട്ടും അവര്‍ അമ്മയുടെ മുറിയില്‍ തൂങ്ങാന്‍ വന്നത്...?

സില്‍ക്ക് സ്മിത. മയൂരി .. പിന്നെ പഴയ ലേഖ.. അവരെപ്പോലെ നമ്മുടെ നായികയും...?

എന്തെങ്കിലും അവിവേകം കാണിക്കുന്നതിനു മുന്‍പേ അവരെ രക്ഷപെടുത്തിയേ തീരൂ..

"ബ്ലോഗര്‍ക്കാവിലമ്മേ ശക്തിതരണേ " എന്നു മനസ്സില്‍ കരുതി അദ്ദേഹം കതകില്‍ ആഞ്ഞു ചവിട്ടി.
പെട്ടെന്നുള്ള അറ്റാക്ക് കാരണം പാവം നായികയും അമ്മയും പേടിച്ചു വിറച്ച് ഒച്ചവച്ചു

സംഭവം അറിഞ്ഞു നിര്‍മ്മാതാവും സം‌വിധായകനും മുതല്‍ റ്റീബോയ് വരെ അവിടെ എത്തി.

ഇവര്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നു എന്നറിഞ്ഞിട്ടാ ഞാന്‍ .....കഥാകൃത്ത് നയം വ്യക്തമാക്കി

നായിക കരഞ്ഞുകൊണ്ട് പറഞ്ഞു

"എന്റെ മുറിയിലെ ഫാന്‍ വര്‍ക്ക് ചെയ്യുന്നില്ല ഇന്ത രാത്രി എതുക്ക് കം‌പ്ലെയില്‍ പണ്ണണ്ണം നാളെക്ക് ശൊല്ലാം എന്ന് നിനച്ചെ. ഇന്നേക്ക് ഞാന്‍ അമ്മാവിന്‍ മുറിയില്‍ തൂങ്കവന്നതാക്കും.."

സംഭവം ആകെ കൊളമായി എന്ന് ചുരുക്കം.

അന്ന്‍ നിര്‍മ്മാതാവും സം‌വിധായകും കൂടി ഒരു തീരുമാനത്തിലെത്തി.

സര്‍, നിങ്ങള്‍ സെറ്റില്‍ ഒന്നും വരണമെന്നില്ല. തിരിച്ച് പോയി അവിടിരുന്നു എഴുതിത്തീര്‍ത്തിട്ട് ഓരോ എപ്പിസോഡും മെയില്‍ ചെയ്താല്‍ മതി.

----------

അങ്ങിനെ ബൂലോകത്ത് നിന്നുമൊരു കഥാകൃത്ത് സീരിയല്‍ രംഗത്തേക്ക് കടന്നു വരുന്നു. നമ്മുക്ക് അദ്ദേഹത്തിനു എല്ലാ ആശംസകളും നേരാം...


ങാ.... ഇതുവരെ ഞാന്‍ ആ ബ്ലോഗറെ പരിച്ചയപ്പെടുത്തിയില്ല അല്ലെ..


ദേ, ഈ പോസ്റ്ററില്‍ നിന്നു നിങ്ങള്‍ തന്നെ ആ കഥാകൃത്തിനെ കണ്ടെത്തിക്കോളൂ..ഇനിയും ആളെ മനസ്സിലായില്ലെങ്കില്‍ ഒരു ക്ലൂ കൂടി പിടിച്ചോളൂ


കാലചക്രം

on Tuesday, January 19, 2010

ശൈശവത്തില്‍
ജീവിതം ഒരു പൂമ്പാറ്റ പോലായിരുന്നു
വര്‍‌ണ്ണച്ചിറകുകളുമായി തൊടിയിലെ
പൂക്കള്‍ തോറും പാറി നടന്ന
നിറമുള്ളൊരു പൂമ്പാറ്റ.
----
ബാല്യത്തില്‍
ഞാനൊരു വികൃതിയെന്നമ്മ.
അന്ന് ജീവിതം കൗതുകമായിരുന്നു
ആ കൗതുകത്തെ കണ്ടത്താന്‍
കൈയ്യില്‍ കിട്ടുന്നതെന്തും
ഉടച്ച് നോക്കി രസിച്ചു ചിരിച്ചു.
----
കൗമാരത്തില്‍
ഒരായിരം സ്വപ്നങ്ങളെ
താലോലിച്ചപ്പോള്‍
ജീവിതം മലര്‍‌വാടിയായിരുന്നു
പിന്നീടെപ്പോഴോ സ്വപ്നങ്ങളോരോന്നായ്
കൊഴിഞ്ഞപ്പോള്‍ ജീവിതമൊരു
മരുഭൂമിയെന്നാദ്യമായറിഞ്ഞു.
അതിലൊരു നീരുറവ തേടിയായി
പിന്നീടെന്റെ പ്രയാണം.
----
യൗവ്വനത്തില്‍
ആദ്യമായാരേയോ പ്രണയിച്ചപ്പോള്‍
ജീവിതം സ്വര്‍‌ഗ്ഗത്തിന്റെ താഴ്വാരമായി
ഈ മനോഹരതീരത്ത്
ഇനിയുമൊരായിരം ജന്മങ്ങള്‍
കൊതിച്ചു പോയി.
പക്ഷേ, ആ കിനാക്കളെല്ലാം
ചിറകറ്റു വീണ നിമിഷം
ജീവിതം അഗാധ ഗര്‍ത്തമെന്നറിഞ്ഞു
ഞാനാ ഗര്‍ത്തത്തിലാണ്ടുപോയെന്നും.
----
ഇന്ന്
എന്റെയീ ജീവിതം കേവലം
നീര്‍ക്കുമിളകളെന്ന് ഞാനറിയുന്നു
ജീവിത സാഗരത്തില്‍
അനന്തമായി മുങ്ങിപ്പൊങ്ങവേ
ഓര്‍‌മ്മകള്‍ തന്‍ നൗകയിലേന്തി
എന്റെ ഹൃദയവും മനസ്സും
തിരികെ തുഴയുന്നുവോ..?
ഹൃദയം യൗവ്വനത്തെ തേടിയലയുമ്പോള്‍
അങ്ങ് ദൂരെ മനോഹരമായ
പച്ചപ്പുള്ള ഒരു ചെറുതുരുത്ത്
അങ്ങോട്ടേയ്ക്കുള്ള പാച്ചിലില്‍
അതുമൊരു പകല്‍ക്കിനാവു
മാത്രമെന്നറിയുമ്പോള്‍..?