സ്നേഹഗീതം

on Sunday, March 22, 2009
പാടിത്തളര്‍ന്നൊരു തംബുരുവാണു ഞാന്‍
പാട്ടുകളെല്ലാം പ്രണയങ്ങളായ്
പാടാതെ പൊട്ടിത്തകര്‍ന്നൊരു വേണു ഞാന്‍
നാദങ്ങളോ,നിത്യം അപശ്രുതിയായ്.

പാട്ടിന്റെ പല്ലവീ പാടെമറന്നു ഞാന്‍
പാട്ടിന്റെ ഈണവും മറന്നുപോയീ
പ്രണയത്തിന്‍ ഗാനങ്ങള്‍ പാടാന്‍ തുടങ്ങീ ഞാന്‍
ശോകത്തിന്‍ ചരണങ്ങള്‍ ആലപിച്ചൂ.

മധുമാസം വന്നതും, പീലിവിടര്‍ന്നതും
മാദകമായതുമറിഞ്ഞീല ഞാന്‍.
മധുവൂറും രാവിന്റെ മഴമേഘം മാഞ്ഞതും
മഴയായ് നിറഞ്ഞതുമറിയുന്നു ഞാനിന്ന്
മഴയായെന്നില്‍ അണയുന്നു നീ നിന്നില്‍
അലിയാനായ്നിത്യം ഉണരുന്നുഞാന്‍.