ഒരു പിറന്നാള്‍ ദിനം കൂടി

on Sunday, December 30, 2007നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഡിസമ്പര്‍ 31 വൈകുന്നേരം എട്ട് മണി.

ഒട്ടും ഉപേക്ഷിക്കാനാവാത്തത് കൊണ്ട് സംബന്ധിക്കേണ്ടി വന്ന ഒരു ന്യൂ ഇയര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത് കൊണ്ട് ഇരിക്കുമ്പോഴായിരുന്നു മൊബൈലില്‍ ബാപ്പയുടെ വിളി..

" മോനേ അവള്‍ക്ക് വേദന തോന്നിത്തുടങ്ങിയത് കൊണ്ട് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവുകയാണ്. നീ ആശുപത്രിയിലോട്ട് വാ.."

അടുത്തുണ്ടായിരുന്നവരോട് മാത്രം പുതുവത്സരാശംസകള്‍ നേര്‍ന്ന് നേരേ ആശുപത്രിയിലേക്ക് തിരിക്കുമ്പോള്‍ മനസ്സില്‍ വല്ലാത്തൊരു സന്തോഷം ആദ്യമായി ഒരച്ഛനാകുന്നതിന്റെ ത്രില്‍..

അതിനിടെയാണ് വീട്ടില്‍ സഹായത്തിനായി നിന്നിരുന്ന സുബൈദത്തയുടെ ഒരു തമാശ കമന്റ് എന്റെ മനസ്സില്‍ ഒരു ഞെട്ടലോടെ കടന്നു പോയത്..

" മോനെ ഭര്‍ത്താക്കന്മാരുടെ മനസ്സും സ്വഭാവവും പോലിരിക്കും ഭാര്യമാരുടെ പ്രസവവും.."

ഞാനാണെങ്കില്‍ പിന്നെ പറയണ്ടല്ലോ.

പടച്ചവനേ ഞാനിങ്ങനെ ആയിപ്പോയതിന് അവളെ ഇട്ട് കഷ്ടപ്പെടുത്തല്ലേ, എന്ന് ഇതിനിടെ അല്ലാഹുനോട് മനസ്സില്‍ എന്തായാലും ഒരു മുന്‍‌കൂര്‍ ജാമ്യം എടുത്തു.

പിന്നൊരിക്കല്‍ ‍ഇതേ ഇത്താത്ത പറഞ്ഞ മറ്റൊരു കമന്റ് ആയി പിന്നീട് മനസ്സില്‍.

"ഈ സമയത്ത് അവള്‍ എന്ത് ചോദിച്ചാലും സാധിച്ചു കൊടുക്കണം കേട്ടോ, ഇല്ലെങ്കില്‍ വയറ്റില്‍ കിടക്കുന്ന കുഞ്ഞിനാ അതിന്റെ ക്ഷീണം."

അതുവരെ അവള്‍ ആവശ്യപ്പെട്ട ലിസ്റ്റുകള്‍ ഒക്കെ മനസ്സിലൂടെ ഒന്നൂടെ റീവൈന്റ് ചെയ്തു. വല്ലതും വിട്ടുപോയോ എന്നറിയണമല്ലോ. എന്തായാലും അങ്ങിനെ ഒന്നും ഓര്‍മ്മ വരുന്നില്ല ഭാഗ്യം.

അങ്ങിനെ ആശുപത്രിയില്‍ എത്തി. അവിടേയും താത്തയുടെ കമന്റ് ..

"നീയെന്താടാ മോനേ ഇങ്ങനെ..? അകത്തോട്ട് കൊണ്ട് പോയ അവള്‍ക്ക് പോലും ഇല്ലായിരുന്നല്ലോ ഇത്ര ടെന്‍ഷന്‍..?"

ഇത്തയെ കൊണ്ട് ഞാന്‍ തോറ്റെങ്കിലും , ആ സമയത്ത് കുരുത്തക്കേട് വാങ്ങി വയ്ക്കണ്ടാ എന്ന് വച്ചു മാത്രം മറുപടി പറയാതെ ക്ഷമിച്ചു.

ലോകം മുഴുവന്‍ പുതുവത്സരം ആഘോഷിക്കമ്പോള്‍ പിന്നെ ഞാനായിട്ട് എന്തിനാ എന്ന് വിചാരിച്ചിട്ടോ എന്തോ, രാത്രി 11 മണിയോടെ മോള്‍ ഞങ്ങളിലേയ്ക്ക് എത്തിച്ചേര്‍ന്നു.

നെസ്ലിമോള്‍ എന്ന് പേരും ഇട്ടു. ഇപ്പോള്‍ അവള്‍ സസുഖം നാട്ടില്‍.

മുന്‍ തീരുമാനപ്രകാരം നാട്ടില്‍ ലീവിന് ചെന്ന് നെസ്ലി മോളുടെ പിറന്നാള്‍ കൂടണം എന്നുണ്ടായിരുന്നു. അവസാന നിമിഷത്തിലെ ചില കാരണങ്ങള്‍ കൊണ്ട് അത് മാറ്റിവക്കേണ്ടി വന്നു.

ങാ... പിന്നെ ഞാന്‍ പറഞ്ഞു വന്നതെന്താന്ന് വച്ചാ , ഈ സന്തോഷ മുഹൂര്‍ത്തത്തില്‍ ഇവിടെ എത്തിയ എല്ലാവരും ദേ, ഇഷ്ടമുള്ള കേയ്ക് പീസ് എടുത്തിട്ടേ പോകാവൂട്ടോ...


തത്ത്വമസി

on Thursday, December 27, 2007

പുതു വര്‍ഷത്തിലേക്ക് കടന്ന് ചെല്ലുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും മനസില്‍ ഒരു നിമിഷം ചിന്തിക്കാന്‍..!
( അറബിക്കഥ എന്ന ചിത്രത്തിലെ "ചോര വീണ മണ്ണില്‍" എന്ന ഈണം.. )
വ്യര്‍‌ത്ഥമെന്ന് ജീവിതം തത്വമോതി വെയ്ക്കയായ്
കൂട്ടിവച്ചതത്രയും കൂട്ടിനില്ല മാത്രയില്‍,
നഷ്ടമെന്ന് ചൊല്ലുവാന്‍ ശിഷ്ടമില്ല ജീവിതം
മായയെന്ന് ചൊല്ലിടും മണ്ണിലുള്ളതൊക്കെയും
മിന്നല്‍ പോലെ മാറിടും കണ്ണിലുള്ളതൊക്കെയും
പിഞ്ചു കുഞ്ഞുനെപ്പൊഴും പാല് തന്നെ സദ്‌ഗുണം
വെള്ളമില്ലാമണ്ണില്‍ പൊന്ന് വിളയില്ലപോല്‍
കണ്ണുനീര് കാണ്‍‌കിലും ഉള്ളിലലിഞ്ഞു പോയീടാ-
പെണ്ണിനുള്ളതൊക്കെയും പൊന്ന് പോലെ കാത്തിടാന്‍


കേഴുവാനറിഞ്ഞിടാതെ വന്നതാര് ഭൂമിയില്‍ ?
കേഴുമെങ്കില്‍ വാഴുവാന്‍ അറിഞ്ഞിടാതെ പോയിടും
മക്കളൊക്കെ വേറിടും അച്ഛനായി മാറിടും
പിച്ച വെച്ച മോഹമോ നെഞ്ചില്‍ നീറി നിന്നിടും
ലക്ഷ്യമെന്നതെപ്പഴും മുഖ്യമെന്ന് തോന്നുകില്‍
വന്നുചേരുമൊക്കെയും ഇല്ല തെല്ലു സംശയം
ദേഹമെന്നതാകിലോ മണ്ണിലൊന്നു ചേര്‍ന്നിടും
ദേഹിനിത്യ സത്യമായ് ഇഹം പുനര്‍‌ജനിച്ചിടും
വെട്ടിലാക്കിയൊക്കെയും കട്ടുകൊണ്ട് പോവുകില്‍
കിട്ടിടാതിരിക്കുമോ വെട്ടൊരിക്കല്‍ നേര്‍‌ക്കുനേര്‍


ചൂണ്ടിടുന്നോരു വിരല്‍ അന്യനെ ഹനിക്കുവാന്‍
പിന്നെയുള്ള നിന്‍‌വിരല്‍ ചൂണ്ടിടുന്നു നിന്നെയും
തത്വമെന്ത് സത്യമെന്ത് മിഥ്യയെന്ത് ചൊല്ലുമോ ?
കണ്ടു നീയളക്കുവാന്‍ എത്രയുണ്ട് നിന്‍‌വശം ?
ഒരു വിരലനക്കുവാന്‍ ഒന്നെഴുന്നു നില്‍ക്കുവാന്‍
നല്‍കണം മഹല്‍ പിതാ സമ്മതം കൃമി കീടമെ
നന്മ ചെയ്തു വെയ്കുകില്‍ ഓര്‍ത്തിടുന്നു പിന്‍‌മുറ
സത്യവൃത്തി ചെയ്തിടും മര്‍‌ത്ത്യനുണ്ട് നിര്‍‌വൃതി
തമ്മില്‍ നമ്മള്‍ നല്‍കുമോ സ്‌നേഹമെങ്കില്‍ ജീവിത
ശോകമാകെ മാറിടും ഭൂമി സ്വര്‍‌ഗ്ഗമായിടും
ഇന്ദ്രലോകമൊക്കെയും കണ്ടിടാത്ത സ്വസ്ഥവും
ശാന്തമാര്‍‌ന്ന നാള്‍കളും മന്നിതില്‍ നിറഞ്ഞിടും

ദേവ ഗീതം

on Sunday, December 23, 2007


അത്യുന്നതങ്ങളില്‍ വാഴും
അദ്ധ്യാത്മ ദീപ പ്രകാശമേ
ഞങ്ങളില്‍ സ്‌നേഹം ചൊരിയും
നിന്‍ ദിവ്യ പുണ്യ പ്രവാഹം
ആള്‍ത്താരയില്‍ ഞങ്ങള്‍ നിത്യം
നിന്‍ തിരു സന്നിധി പൂകാന്‍
വന്നു നമിക്കുന്നു നാഥാ..

ആശ്രയം നീയേ പിതാവേ
പാപങ്ങളൊക്കെയും നീക്കി
നന്മ നിറഞ്ഞവരാക്കി
ഞങ്ങള്‍ തന്നുള്ളം കഴുകാന്‍
നീയല്ലാതാരുണ്ട് രാജാ

മുള്‍ക്കിരീടം നീയണിഞ്ഞു ഞങ്ങള്‍
പാപ വിമുക്തരായി തീരാന്‍
വേദനയില്‍ പോലും ദേവാ
നീ ഞങ്ങള്‍ക്കായ് മന്ദഹസിച്ചു

തോളില്‍ കുരിശേന്തി നീങ്ങി
പീഢനങ്ങളതേറ്റു വാങ്ങി
നിന്നെ പരിഹസിച്ചോര്‍‌ക്കും
നന്മകള്‍ മാത്രം നീ നേര്‍ന്നു

ഗാഗുല്‍ത്താ മല കണ്ണീര്‍ വാര്‍ത്തു
സ്തബ്ദമായ് സപ്ത പ്രപഞ്ചം
കാരിരുമ്പാണികളേറ്റു
നിന്റെ പാവന ദേഹം പിടച്ചനേരം

ഒരു സംശയം, ഇതെന്താ ഇങ്ങനെ...???

on Friday, December 21, 2007

ഈ ഡിസമ്പറില്‍ ബൂലോകത്ത് ഉദയം ചെയ്ത ചില ബ്ലോഗുകളില്‍ ഒന്നാണ് "നിറങ്ങളുടെ കാഴ്ചകള്‍".


അതിലെ ആദ്യപോസ്റ്റ് "പ്രിയപെട്ട കൊച്ചുകൂട്ടുകാരി" വായിച്ചപ്പോള്‍ മുന്‍പ് എവിടെയോ വായിച്ചു മറന്നത് പോലെ. ആ ബ്ലോഗറുടെ പുതിയ പോസ്റ്റ് "ഇറങ്ങിത്തിരിച്ചവള്‍" വായിച്ചപ്പോള്‍ സംശയം ബലപ്പെട്ടു. ഞാന്‍ അക്കാര്യം ഒരു കമന്റിലൂടെ അവരെ അറിയിക്കുകയും ഉണ്ടായി. എന്നാല്‍ അവര്‍ എന്റെ സംശയം ഉത്തരം തരാതെ അവഗണിച്ചത് കൊണ്ട് ആ സംശയം ഞാന്‍ ബൂലോകത്തെ വായനക്കാരുടെ മുന്നില്‍ വയ്ക്കുകയാണ്.


ഓര്‍ക്കൂട്ടിലെ എന്റെ ഒരു സുഹൃത്തിന് ഒരാള്‍ 2007 ജൂലൈയില്‍ എഴുതിയ ടെസ്റ്റിമോണിയിലെ വരികള്‍ ആണ് " പ്രിയപെട്ട കൂട്ടുകാരിയിലും" "ഇറങ്ങിത്തിരിച്ചവളിലും" ആയി ഈ ബ്ലോഗര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.


പ്രിയ സഹോദരീ ഈ മനോഹര വരികള്‍ യഥാര്‍ത്ഥത്തില്‍ ആരുടെ വരികള്‍ ആണ് ഒന്ന് പറഞ്ഞു തരൂ...പ്ലീസ്...

ബൂലോകം മോഷ്ടിക്കപ്പെടുന്നു, വീണ്ടും വീണ്ടും...

on Wednesday, December 19, 2007

പുഴുവിന്റെ ബ്ലോഗില്‍ നിന്നും 'ഒരു മോഡേണ്‍ പ്രണയഗാഥ' എന്ന കഥ മോഷ്ടിക്കപെട്ടതിനെ കുറിച്ച് കഴിഞ്ഞയാഴ്ച അനിയന്‍‌കുട്ടിയും , പുഴു ബ്ലൊഗ് തന്നെയും ബൂലോകത്തെ അറിയിച്ചിരുന്നു.


എന്നാല്‍ ദേ, മോഷണം പൂര്‍‌വാധികം ശക്തിയോടെ തുടര്‍ന്നു കൊണ്ടിരിക്കുന്നു..!


ഞാന്‍ ഇരിങ്ങല്‍ പോസ്റ്റ് ചെയ്ത "ഒരു കുഞ്ഞു ജനിക്കുന്നു" എന്ന കവിത യാതൊരു ഉളുപ്പും ഇല്ലാതെ ഐലൗ കേരള എന്ന സൈറ്റില്‍ ശ്രീ മനോജ് മാത്യു സ്വന്തം പേരില്‍ അതേ തലക്കെട്ടില്‍ ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്നു...!


എന്നിട്ടും നിര്‍ത്തില്ലെന്ന് വച്ചാ...?


ശ്രീ: അജിത് പോളക്കുളത്തിന്റെ മുസിരിസ് എന്ന ബ്ലോഗില്‍ പോസ്റ്റ് ചെയ്ത "സരസു എന്ന പ്രാന്തത്തി" എന്ന കവിത ഇതേ മനോജ് മാത്യു അതേ തലക്കെട്ടില്‍ തന്നെ ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്നു. അതിലും രസം ഈ മനോജിന് ആ നല്ല കവിത കഥപോലെ തോന്നിയത് കൊണ്ടാകാം അതില്‍ ചെറുകഥകളുടെ കൂട്ടത്തില്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്..!


"മനോജേ, ബൂലോകത്ത് സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നവരാരും ഇതില്‍ നിന്നും യാതൊരു വരുമാനവും പ്രതീക്ഷിച്ചല്ല ഇവിടെ പോസ്റ്റ് ചെയ്യുന്നത്. താങ്കള്‍ ഒന്ന് അവരോട് അനുവാദം ചോദിച്ചിട്ട് എടുത്തോളൂ അവരുടെ പേരില്‍ തന്നെ പ്രസിദ്ധീകരിച്ചോളൂ. അല്ലാതെ എന്തിനു വെറുതേ.."

വേര്‍പാട്

on Saturday, December 15, 2007


വിട പറയുകയാണോ നിലാവേ
നിന്‍ മനവുമുരുകുകയാണോ
കളിപറയുകയാണൊ കാറ്റേ
കവിത പാടുകയാണോ
കളമുരളീരവ ഗാനം
കരളില്‍ നൊമ്പരമായി
സ്വരമിടറുകയല്ലേ
എന്‍ ഹൃദയ രാധയെവിടെ ?


ആയില്യം കാവിലെ പൂരം
അതിനായിരമേന്തും ദീപം
കണ്ണുകള്‍ നീളെ തേടി
നിന്നെ കാണാതെയെന്‍ മനം വാടീ
ചമയങ്ങളണിയുന്ന ചാക്യാരിന്‍ ചാരത്തോ
ചമയങ്ങള്‍ വില്‍ക്കുന്ന കടതന്നരികത്തോ
കുട്ടികള്‍ കളിക്കന്നൊരാല്‍ത്തറയിലും
ഇന്ദ്രജാലം കാണും കൂട്ടത്തിനിടയിലും
എങ്ങു ഞാന്‍ തേടേണ്ടു നിന്‍ ചന്ദനക്കുറി
ചെന്തളിര്‍ മുഖകാന്തി ചന്ദ്രികേ മനോഹരീ


കൂത്തരങ്ങൊഴിഞ്ഞല്ലോ കൂട്ടുകാര്‍ പിരിഞ്ഞല്ലോ
അമ്പലപ്പറമ്പിലെ പൂരവും കഴിഞ്ഞല്ലോ
ഏകനായിരിപ്പൂ ഞാനീ
ശൂന്യമാം കളിത്തട്ടില്‍
ചാരുതേ ചമയ്ക്കട്ടെ
വ്യഥ തന്‍ തുടിപ്പുകള്‍

മായാത്ത കോലങ്ങള്‍...

on Tuesday, December 11, 2007വെണ്‍ മഞ്ഞുതുള്ളികള്‍ തേന്മാവിലകളില്‍
തൂമുത്ത് പോലെ തിളങ്ങി നിന്നു
എന്‍ പ്രിയതോഴിതന്‍ കണ്ണില്‍ ഞാനിന്നും
ആ മുത്ത് കണ്ട് കൊതിച്ചു നിന്നു
ചുറ്റുമൊരായിരം അപ്സര കന്യകള്‍
നൃത്തമാടുന്നൊരാ പൗര്‍‌ണ്ണമിയില്‍
ഓര്‍‌മ്മകള്‍ പൂക്കുന്ന മായാ വനികയില്‍
ഞാന്‍ ചെറ്റു നേരമിരുന്നു പോയി.


ആദ്യമായ് കണ്ടൊരാ നാളുകളൊക്കെയും
എന്തൊരു സൗന്ദര്യമായിരുന്നു !
ആദ്യമായ് ചൊല്ലിയ വാക്കുകള്‍കൊക്കെയും
എന്തൊരു മാധുര്യമായിരുന്നു !
കാണാതിരുന്നൊരാ നാളുകളൊക്കെയും
കാര്‍‌മേഘ വര്‍‌ണ്ണങ്ങളായിരുന്നു.
പാടാതിരുന്നൊരാ നാളുകളൊക്കെയും
വാടിത്തളര്‍‌ന്ന പോലായിരുന്നു
നീയെന്നകതാരില്‍ ചാലിച്ചെഴുതിയ
ചിത്രങ്ങളൊക്കെയും മായ്ച്ച പോലെ
കാലം മനസിന്റെയുമ്മറ വാതുക്കല്‍
കോലം വരച്ചത് മായ്ച്ചതെന്തേ ?


മാപ്പ് ചൊല്ലീടാനണയുന്നു ഞാനിതാ
യാത്രാ മൊഴിയുമായ് നിന്നരുകില്‍
അന്നാ പരിദേവനത്താല്‍ മിഴികളില്‍
അശ്രുകണങ്ങള്‍ നിറഞ്ഞതെന്തേ ?

ഒരു ഓര്‍മ്മ കുറിപ്പ്...

on Friday, December 7, 2007

കൗമാരത്തിന്റെ കുസൃതിയും ബാല്യത്തിന്റെ വിട്ടുമാറാത്ത നിഷ്കളങ്കതയുമുള്ള ആ മുഖം ഇന്നത്തെ മലയാള മനോരമ പത്രത്തില്‍ വീണ്ടും ഞാന്‍ വീണ്ടും കണ്ടു. ഞങ്ങള്‍ മനസില്‍ നിന്നും മറവിയുടെ ഭാണ്ഡത്തിലേയ്ക്ക് മാറ്റിയിടപ്പെട്ട ആ ചിത്രം!.

ആ മാതാപിതാക്കള്‍ക്ക് മറക്കാനാവില്ലല്ലോ ഏകമകനെ, ഒരിക്കലും.

എന്റെ സുഹൃത്തേ, നിന്നെ മരണത്തിന് കാട്ടി കൊടുത്തത് ഞങ്ങളാണോ ? നിനക്കുണ്ടായ അനുഭവം പോലെ മരിച്ചവര്‍ ആത്മാക്കളായി ഈ ഭൂമിയില്‍ വരുമെങ്കില്‍ നീ എന്തുകൊണ്ട് ഞങ്ങളുടെ മുന്നില്‍ ഒരിക്കല്‍ പോലും വരുന്നില്ല?. അതോ ഇനി നിശബ്ദമായ ഏതെങ്കിലും രാത്രിയില്‍ നീ വന്നിരുന്നോ ഞങ്ങള്‍ക്കരികില്‍ ? ഒരിളം കാറ്റ് പോലെ..?


അന്ന് കര്‍ണാടകയിലെ ഒരു കോളജില്‍ ഞങ്ങള്‍ക്ക് നാലുപേര്‍ക്കും ഒരേപോലെ അഡ്മിഷന്‍ കിട്ടിയപ്പോള്‍ ഞങ്ങള്‍ ആഹ്ലാദിച്ചത് പഠിക്കാനുള്ളതിനെക്കാള്‍ വീട്ടുകാരുടെ കൈയിലെ ചരടില്‍ പറക്കുന്ന പട്ടങ്ങളാവാതെ സ്വാതന്ത്ര്യത്തോടെ പറന്നു നടക്കാമല്ലോ എന്ന കൗമാരത്തിലെ അപക്വമായ ചിന്തയായിരുന്നു.


കോളജ് ഹോസ്റ്റലിലെ റാഗിങ്ങിന്റെയും മറ്റു ബുദ്ധിമുട്ടുകളുടേയും പേരു പറഞ്ഞു വീട്ടുകാരുടെ അനുവാദത്തോടെ ടൗണില്‍ നിന്നും ഒരല്പം മാറി ഒരു വീട് വാടകക്ക് എടുത്തായിരുന്നു ഞങ്ങള്‍ താമസിച്ച് പഠിച്ചിരുന്നത്. ഒരു വലിയ റബര്‍ തോട്ടത്തിനോട് ചേര്‍ന്നുള്ള ഒരു കൊച്ചു വീട്.


ഞാന്‍, സജിത്, ജോര്‍ജ്ജ്, റഹീം എന്ന നാല്‍‌വര്‍ സംഘം.


അല്പം പൊക്കം കുറവെങ്കിലും നല്ല വെളുത്ത സുന്ദരനായ സജിത് ഞങ്ങളുടെ കൂട്ടത്തില്‍ എന്നല്ല കോളജിലെ തന്നെ ഹീറോ ആയിരുന്നു. നല്ലൊരു ക്രിക്കറ്റ് കളിക്കാരനായിരുന്ന സജിത് 'ലിറ്റില്‍ മാസ്റ്റര്‍' എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. ഒപ്പം സജിത് നന്നായി പാടുകയും ചിത്രം വരയ്ക്കുകയും ചെയ്യുമായിരുന്നു.


ഇന്റര്‍ കോളജ് ക്രിക്കറ്റ് മത്സരത്തില്‍ ഞങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഞങ്ങളുടെ കോളജ് ടീം ഫൈനലില്‍ കളിക്കേണ്ട ദിവസം. ഞങ്ങളുടെ മൊത്തം പ്രതീക്ഷയുമായിരുന്ന സജിത് പനിയായി തീരെ വയ്യാതെ കിടപ്പിലായിരുന്നു. അതില്‍ ഞങ്ങള്‍ക്കുള്ള നിരാശ അവനു നന്നായി അറിയാമായിരുന്നു. രാവിലെ കളിക്കാന്‍ പുറപ്പെടാന്‍ നേരം വെറുതെ ചോദിച്ചു " കുറവുണ്ടെങ്കില്‍ വാടാ.. ചുമ്മ വന്നാല്‍ മതി " അത് കേള്‍ക്കേണ്ട താമസം അവന്‍ ഞങ്ങളോടൊപ്പം വന്നു എന്ന് മാത്രമല്ല ഇറങ്ങിക്കളിക്കുകയും നല്ല റണ്‍‌സ് അടിച്ചെടുത്ത് ടീമിനെ വിജയിപ്പിക്കുകയും ചെയ്തു.


ആ ആഹ്ലാദങ്ങളൊക്കെ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴേയ്ക്കും അവന്‍ തീര്‍ത്തും അവശനായിക്കഴിഞ്ഞിരുന്നു. മരുന്നു കഴിച്ച് കിടന്നു ഒരുണിക്കൂറിന് ശേഷം ടോയ്‌ലെറ്റിലേയ്ക്ക് പോയ സജിത് ഓടിക്കരഞ്ഞ് തിരികെ വന്ന് വല്ലാതെ കിതച്ചു കൊണ്ട് ഒരുതരത്തില്‍ പറഞ്ഞ് ഒപ്പിച്ചു.


"ടോയ്‌ലറ്റില്‍ ഒരാളും ഒരു സ്ത്രീയും കയറില്‍ കെട്ടി തൂങ്ങി നില്‍ക്കുന്നു ഒരു കുട്ടി നിലത്തും കിടപ്പുണ്ട് കയറില്‍ തൂങ്ങി നില്‍ക്കുന്നവര്‍ എന്നെ കാണുകയും രക്ഷിക്കാനായി വിളിക്കുകയു ചെയ്തു..!"


ഇത്രയും പറഞ്ഞപ്പോഴേയ്ക്കും അവന്‍ ബോധമില്ലാതെ തഴേയ്ക്ക് വീണു.


ഒരല്പം മാറി ആ പറമ്പില്‍ തന്നെ താമസിക്കുന്ന വീടിന്റെ ഉടമയുടെ സഹകരണത്തോടെ സജിതിനെ ഞങ്ങള്‍ ആശുപത്രിയിലെത്തിച്ചു.


പിറ്റേന്നാണ് വീട്ടുടമ ആ ഞെട്ടിയ്‌ക്കുന്ന സത്യം ഞങ്ങളോട് പറയുന്നത്.


ആ വീട്ടില്‍ ഇതിനു മുന്‍പ് താമസിച്ചിരുന്ന ഒരു തമിഴ് കുടുമ്പം അതേ ടൊ‌യ്‌ലെറ്റില്‍ വച്ച് ആത്മഹത്യ ചെയ്തിട്ടുണ്ടായിരുന്നവത്രേ!. അത് ഞങ്ങളില്‍ നിന്നും അവര്‍ മനപ്പൂര്‍‌വം മറച്ചു വയ്ക്കുകയായിരുന്നു !.


അടുത്ത ദിവസം തന്നെ സജിതിന്റെ മാതാപിതാക്കള്‍ നാട്ടില്‍ നിന്നും എത്തി. അവിടുത്തെ തന്നെ പ്രശസ്തമായ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. എല്ലാ സൗകര്യങ്ങളും ഉള്ള ആ ആശുപത്രിയിലെ വിദഗ്‌ദ്ധരായ ഡോക്‌ടര്‍മാര്‍ സ്കാനിങ്ങ് ഉള്‍പ്പെടെയുള്ള എല്ലാ പരീക്ഷണങ്ങളും നടത്തി നോക്കിയെങ്കിലും ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് യാതൊരു കുഴപ്പവും ഇല്ലെന്നാണ് കാണിക്കുന്നത്. എന്നാല്‍ സജിയോ, ജീവനും മരണത്തിനുമിടയിലെ അജ്ഞാതമായ ഏതോ ലോകത്തിലെന്ന വണ്ണം ജീവനുണ്ടെങ്കിലും മരണ തുല്യമായ അവസ്ഥയിലും.


നടന്ന സത്യം മറ്റാരെയും അറിയിക്കാതിരുന്നാല്‍ മനസ്സില്‍ കിടന്ന് ഞങ്ങള്‍ മറ്റുള്ളവരേയും തകര്‍ക്കും എന്ന നിലയില്‍ ആയി. അവന്റെ അച്ഛനോട് പറയാന്‍ ഭയവും.


അവസാനും മടിച്ചാണെങ്കിലും ഞങ്ങള്‍ ഡോ‌ക്‌ടറോട് സംഭവങ്ങള്‍ മുഴുവന്‍ വിവരിച്ചു. ചില നിമിഷത്തെ നേരത്തെ നിശബ്ദതയ്ക്കു ശേഷം ഡോക്ടര്‍ പറഞ്ഞു.


"നോക്കു, ഞങ്ങള്‍ ഡോക്‌ടര്‍മാര്‍ എല്ലാത്തിനേയും ശാസ്ത്രീയമായി കാണുന്നവരാണ്. ഈ പറഞ്ഞതില്‍ എന്ത് സത്യമുണ്ടെങ്കിലും ശരി. എനിക്ക് പറയാനുള്ളത് പേഷ്യന്റിന് ഈ ആത്മഹത്യയെ കുറിച്ച് മുന്‍പ് എങ്ങിനേയോ കേട്ട അറിവുണ്ടായിരുന്നിരിക്കണം. പനി കലശലായ വേളയില്‍ അവന്റെ മനസ്സില്‍ ഒളിഞ്ഞു കിടന്നിരുന്ന ഈ ചിന്ത അവനറിയാതെ ആ സമയത്ത് പുനര്‍‌ജനിച്ചതാവും. ഇനി ഞാന്‍ ഒരു ദൈവ വിശ്വാസി എന്ന നിലയില്‍ പറഞ്ഞാല്‍ എനിക്ക് തന്നെ അത്ഭുതം തോന്നുന്ന കാര്യം സജിതിന്റെ ശരീരത്തിന്റെ ഒരു പ്രവര്‍ത്തനവും ക്രമം തെറ്റിയല്ല, പിന്നെ എന്താണ് ഈ അവസ്ഥയുടെ കാരണം എന്നാണ്. വ്യക്തിപരമായി ഞാന്‍ പറയാം. നിങ്ങള്‍ക്ക് മതപരമായ വല്ല പ്രാര്‍ത്ഥനകളോ മറ്റോ വേണമെങ്കില്‍ നടത്തി നോക്കാവുന്നതാണ് "


അവര്‍ ഏതൊക്കെയോ അമ്പലങ്ങളില്‍ എന്തോക്കെയോ വഴിപാടുകള്‍ ഇതിനകം നടത്തി . ഒപ്പം ഞങ്ങള്‍ മറ്റു മത വിശ്വാസ രീതിയിലും അവിടെ വച്ചു പ്രാര്‍ത്ഥന നടത്തി.


പക്ഷേ ഞങ്ങളുടെ എല്ലാ പ്രതീക്ഷകളേയും തകര്‍ത്ത് കൊണ്ട് ആ കിടപ്പില്‍ നിന്നും ഒരിക്കല്‍ പോലും തിരികെ വരാതെ അവന്‍ യാത്രയാവുകയായിരുന്നു !.


അവനോ ഞങ്ങള്‍ക്കൊ അങ്ങിനെ അവിടെ നടന്ന ഒരു അത്യാഹിതത്തെക്കുറിച്ച് അറിയല്ലെന്നുള്ളത് പരമമായ സത്യമാണ് പിന്നെങ്ങിനെ അവന്‍ അങ്ങിനെ ഒരു കാഴ്ച അവിടെ കണ്ടു ? ഇന്നും അതൊരു ഉത്തരം കിട്ടാത്ത സമസ്യയായി തുടരുകയാണ്.


അന്നത്തെ പകലില്‍ ചാറ്റല്‍ മഴയത്ത് പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ആമ്പുലന്‍‌സില്‍ അവന്റെ ചേതനയറ്റ ശരീരം കിടക്കുമ്പോള്‍ പ്രകൃതിപോലും വിതുമ്പുന്നെന്നോണം നിശ്ചലവും ഇരുണ്ടും കിടന്നിരുന്നു. സജിയുടെ അച്ഛന്‍ അവന്റെ സാധനങ്ങളുമായി പടിയിറങ്ങുമ്പോള്‍ ഞങ്ങളെ ചേര്‍ത്ത് പിടിച്ചു വിതുമ്പി പറഞ്ഞ വാക്കുകള്‍ ഇന്നലെയെന്നോണം കാതുകളില്‍ മുഴങ്ങുന്നു.


"മക്കളെ അവന്‍ ഇല്ലെന്ന് വച്ച് നിങ്ങള്‍ വരാതിരിക്കരുത്. അവധിക്കു വരുമ്പോഴൊക്കെ നിങ്ങള്‍ പഴയത് പോലെ വീട്ടില്‍ വരണം.


പക്ഷേ ആ വാക്ക് ഇന്നേ വരെ പാലിക്കാന്‍ ഞങ്ങള്‍ക്കായില്ല. കാരണം അവന്റെ വീട്ടിലേക്ക് ഓടിക്കയറി അടുക്കളയില്‍ ചെന്ന് അമ്മയെ മാറ്റി ചട്ടിയില്‍ നിന്നും നേരിട്ട് എടുത്തു കഴിക്കുന്നതും ഒക്കെ ഇനി പഴങ്കഥയല്ലേ. "കൊതിയന്മാര്‍ എത്തിയോ" എന്ന് സ്‌നേഹത്തോടെയെങ്കിലും ശാസന പോലെ ഇനി ഞങ്ങളോട് ആ അമ്മയ്ക്ക പറയാനാവില്ലല്ലോ.


സജീ, മറവി ദൈവം മനുഷ്യര്‍ക്കു തന്ന അനുഗ്രഹങ്ങളില്‍ ഒന്നല്ലേടാ. എന്നാലും നീ ഞങ്ങളുടെ മന‍സില്‍ ജീവിക്കുന്നു എന്നും..

ശ്രീ:എം.കെ ഹരികുമാറിന്,

on Tuesday, December 4, 2007

ശ്രീ. എം. കെ.ഹരികുമാര്‍ 'അക്ഷരജാലകം' എന്ന ബ്ലോഗില്‍ എന്റെ കവിതകളെ വിലയിരുത്തി ഒരു പോസ്റ്റ് ചെയ്ത് കണ്ടപ്പോള്‍ എന്റെ തോന്നലുകള്‍...

അവിവേകമെങ്കില്‍ ക്ഷമ....


ഗായകനല്ല ഞാന്‍
ഗായകര്‍‌ക്കേകുവാന്‍
ഗാനം ചമയ്ക്കും കവിയുമല്ല
ഏതോ വികാര വിക്ഷേപത്തി-
ലെന്‍ മനം എന്നോടു തന്നെ
പറഞ്ഞീടുന്നു, ഞാനവ
കുത്തുക്കുറിച്ചീടുന്നു.
പാടുവാനല്ലിത്
എന്നെ വാഴ്ത്തുവാനല്ലിത്
ഒന്നിവ നിങ്ങള്‍ക്ക് വിരസമാം വേളയില്‍
നന്നെന്ന് തോന്നുകില്‍
കൃതാര്‍‌ത്ഥനായ് ഞാന്‍

കണ്ണനോടായ്....

on Saturday, December 1, 2007

പുലര്‍ കാലെ കുഴലൂതി
അരികില്‍ നീ വന്നു
നിറനെയ് വിളക്കിന്റെ
പ്രഭയില്‍ ഞാന്‍ കണ്ടു
തിരുനെറ്റിയില്‍ ഹരിചന്ദനം
അണിയിക്കാം ഞാന്‍
കടമിഴികളിലഞ്ജനമെഴുതാം കണ്ണാ
മനതാരില്‍ അഴല്‍ വന്ന് നിറയും നേരം
എവിടെ നീ മായുന്നു മായക്കണ്ണാ


ഉറിയില്‍ കിടന്നാടും നറു വെണ്ണയ്ക്കായ്
ഉരലില്‍ കയറി നീ നോക്കിയില്ലേ
ഉലയില്‍ കിടന്നെന്റെ മനമെരിഞ്ഞാല്‍
ഉരിയാടാന്‍ പോലും വരാത്തതെന്തേ..?
അറിയുന്നു ഞാന്‍ നിന്‍ ഭക്തവാത്സല്യം
അതിനാല്‍ ഭയമില്ലെനിക്കൊരല്പവും
ഓടിയെത്തില്ലേ എന്നന്ത്യ നേരത്തു നീ
കൈതന്ന് കണ്ണീര്‍ തുടയ്ക്കുവാനായ് ?