പ്രവാസി.

on Tuesday, July 31, 2007

കണ്ടൊരാള്‍, കണ്ടു പറഞ്ഞൊരാള്‍
‍കൊണ്ടുപോകുന്നതാ കെട്ടുകള്‍..!
വര്‍‌ണ്ണസുന്ദര ജീവിതം അവര്‍‌‌‌-
ക്കെന്നുമുത്സവ നാളുകള്‍..!
വണ്ടിമേലുണ്ട് വന്‍പെട്ടികള്‍
അതിലത്രയും സ്വര്‍‌ണ്ണകട്ടികളാവാം
വിട്ടു, നെടുവീര്‍പ്പയാള്‍; പേഴ്‌സി-
ലൊക്കെയും പച്ച നോട്ടുകള്‍..!
കേട്ടൊരാള്‍ കേട്ടു പറഞ്ഞൊരാള്‍
കൂടെയുണ്ടച്ചുതണ്ട് പോലെ ചിലര്‍
ആരതു കണ്ടവരാടിത്തികച്ചൊരു-
ആരണ്യ താണ്ഡവ ദു:ഖസത്യം..?
പെട്ടിയിലൊക്കെയും കണ്ണുനീരാണാ-
ക്കെട്ടിലോ തീരാക്കടങ്ങളല്ലോ..!
വന്നവര്‍ പോകട്ടെ സ്‌നേഹിതാ
പിച്ചയായ് കിട്ടിയൊരമ്പതു രാവും പകലും
കണ്ണുനീര്‍ കാണാതെ വേദന കാണാതെ
പോകുവാന്‍ നല്‍കാമവര്‍ക്ക് സ്വസ്ഥി
ആ നല്ല നാളുകള്‍ക്കാത്മ സംതൃപ്‌തി..

ഹലോ ഞാന്‍ റോസാ,അല്പം വെള്ളം ഒഴിക്കാവോ...?

on Thursday, July 26, 2007


പൂന്തോട്ടത്തിലെ വിടര്‍ന്നു നില്‍ക്കുന്ന റോസച്ചെടിയോട് കിന്നരം പറയുന്ന പലരേയും നാം നേരിലും സിനിമയിലും ഒക്കെ കാണറുണ്ട്. നമ്മളില്‍ പലരും ഒറ്റക്കിരിക്കുമ്പോള്‍ അവയോട് കൊച്ചുവര്‍ത്തമാനം പറയാറുമുണ്ട്. വിടര്‍ന്നു നില്‍ക്കുന്ന ആ ചെടിയിലേക്ക് വെള്ളം തളിച്ചു കൊടുക്കുമ്പോള്‍ ഒരു കൊച്ചു കുട്ടിയെ കുളിപ്പിക്കൊമ്പോഴെന്നവണ്ണം കുസൃതിയോടെ തലയാട്ടി കളിക്കും പോലെ ഒന്നു ശ്രദ്ധിച്ചാല്‍ നമ്മുക്കു തോന്നാറില്ലെ..?


സസ്യങ്ങള്‍ക്കും ജീവനുണ്ട്, അവയ്‌ക്കും ദാഹമുണ്ടെന്നും വളര്‍ച്ചയുണ്ടെന്നും ഒക്കെ നമ്മുക്കറിയാം. എന്നാല്‍ നമ്മുടെ പൂന്തോട്ടത്തില്‍ നാം ഓമനിച്ചു വളര്‍ത്തുന്ന ഒരു ചെടി നമ്മുടെ ഫോണില്‍ വിളിച്ചു പറയുന്നു.. "ഹലോ, എനിക്ക് അല്പം വെള്ളം ഒഴിച്ചു തരാവോ...?"
ആവശ്യത്തിനു വെള്ളം കിട്ടുമ്പോള്‍ "മതി നന്ദി എന്നു പറയുക." എങ്ങിനുണ്ടാകും..?


ചിരിച്ചു തള്ളാന്‍ വരട്ടെ, ലോസ് ആഞ്ചലസിലെ "ബോട്ടാണിക്കാള്‍" എന്ന ഒരു സഘടന ഇതേ കുറിച്ചു കാര്യമായി ചിന്തിക്കുകയും അതു പ്രാവര്‍ത്തികമാക്കുകയും ചെയ്യപ്പെട്ടിരിക്കുകയാണ്.
Photo Sharing and Video Hosting at Photobucket ചെടിച്ചട്ടിയിലെ മണലില്‍ ഉറപ്പിക്കുന്ന അതി നൂതനമായ ഇലക്‌ട്രോണിക് സെന്‍സറില്‍ കൃത്യമായ വെള്ളത്തിന്റെയും വളത്തിന്റെയും അളവ് രേഖപ്പെടുത്തി അതു പ്രത്യേക സം‌വിധാനം വഴി കമ്പ്യൂട്ടറിലും അതില്‍ നിന്നും ടെലിഫോണിലേക്കും ബന്ധിപ്പിച്ചിരിക്കുകയാണ്. ചെടിക്കാവശ്യമായ ജലത്തിന്റെ വ്യതിയാനവും ഇലകളില്‍ പതിക്കുന്ന സൂര്യരശ്മികളുടെ വളരെ സൂഷ്‌മമായ വിത്യാസങ്ങള്‍ വരെ കണക്കു കൂട്ടിയാണ് ഇതു സാധിച്ചെടുത്തത്.


ഒരൊ ചെടികള്‍ക്കും പ്രത്യേക വ്യത്യസ്ഥമായ സെന്‍സര്‍ ആയതു കൊണ്ട് പൂന്തോട്ടത്തിലെ ഏതു ചെടിയാണ് വിളിക്കുന്നത് എന്നുവരെ ഫോണില്‍ പറയും.
വെള്ളം ആവശ്യമുള്ളപ്പോള്‍ മാത്രമല്ല അവ ഫോണില്‍ ആവശ്യപ്പെടുക. 'ആവശ്യത്തിനു ജലം കിട്ടിയാല്‍ വിളിച്ചു നന്ദി പറയുക, വെള്ളം ആവശ്യമില്ലാത്തപ്പോഴോ, ആവശ്യത്തില്‍ കൂടുതല്‍ വെള്ളം ഒഴിച്ചു കൊടുത്താലോ, ചെടിയുടെ ആദ്യത്തെ ആവശ്യം ശ്രദ്ധിക്കാന്‍ പറ്റിയില്ലെങ്കില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ വീണ്ടും പറയുക, ഇതൊക്കെയാണ് ചെടി ഫോണില്‍ വിളിച്ചറിയിക്കുന്നത്.


ഇത്തരത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട പത്തോളം ചെടികളുടെ കൊഞ്ചല്‍ കേള്‍ക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ 001,212,202,8348 എന്ന നമ്പരില്‍ ഇപ്പോള്‍ തന്നെ വിളിച്ചു നോക്കൂ...


ഭാവിയില്‍ നമ്മള്‍ ജോലിക്കിറങ്ങാന്‍ തിരക്കു കൂട്ടുന്നതിനിടെ നമ്മുടെ മൊബൈലിലേക്കു വിളിച്ചിട്ട് "ഞാന്‍ റോസയാ...പോകുന്നതിനു മുന്നേ എനിക്കു വെള്ളം തരാന്‍ മറക്കല്ലെ" എന്നു ആവശ്യപ്പെടുന്ന കാലം വിദൂരമല്ല
Photo Sharing and Video Hosting at Photobucket

കഥയില്‍ ചോദ്യമില്ല...!

on Tuesday, July 24, 2007

അന്നൊരു വെള്ളിയാഴ്‌ച ആയിരുന്നു. രാത്രി പന്ത്രണ്ട് മണിയോടടുത്ത നേരമാണ്. എന്നെ പതുക്കെ എടുത്ത് മുറ്റത്തുള്ള സ്വന്തം വാഹനത്തിനു മുകളിലോട്ട് കയറി. ടോപ്പ് ഗിയറിലിട്ട് നാസയുടെ ഡിസ്‌കവറി പൊങ്ങും പോലെ ശൂ.........ന്നൊരൊറ്റ പോക്കായിരുന്നു അകാശത്തിലേക്ക്.ഒന്നു..രണ്ട്..മൂന്ന്... ആകാശങ്ങള്‍ കഴിഞ്ഞപ്പോഴായിരുന്നു എനിക്ക് കാര്യം മനസിലായത്. എന്റെ ജീവനും കൊണ്ടാണ് യമധര്‍മ്മന്റെ പോക്കെന്ന്‍. എന്തു ചെയ്യാം ചെറിയ പ്രയാസമൊക്കെ തോന്നിയെന്നതു നേര്.അങ്ങിനെ ഏഴ് ആകാശത്തിനും മുകളില്‍ ഉള്ള ചിത്രഗുപ്‌തന്റെ ഓഫീസില്‍ കൃത്യ സമയത്തു തന്നെ വാഹനം ലാന്റ് ചെയ്തു. എന്നെ ഒരു ഓഫീസിലോട്ട് കൊണ്ട് ചെന്ന ആ കാലന്‍ എന്തൊക്കെയോ പറഞ്ഞ ശേഷം തിരികെ പോയി. ഏകദേശം പത്തു മിനിട്ട് കഴിഞ്ഞ് ചിത്രഗുപ്‌തരാജയുടെ ഓഫീസിലേക്കു പോകാന്‍ ഒരാളുവന്നു പറഞ്ഞു. അകത്തോട്ട് ചെന്നപ്പോഴല്ലെ രസം. 'കോന്‍ ബനേക ക്രോര്‍പതി' യുടെ സെറ്റ് പോലുള്ള ഒരു വലിയ ഓഫീസ് അതിലെ ഹോട്ട് സീറ്റ് പോലുള്ള ഒരു സീറ്റില്‍ ഇരിക്കാന്‍ കൈകൊണ്ട് ആഹ്വാനം ചെയ്തു. അവിടിരുന്ന ഉടനെ‍ സാക്ഷാല്‍ അമിതാഭ് ബച്ചന്‍ സ്‌റ്റൈലില്‍ ഒരു ചോദ്യം'ങൂം ...പേരെന്താ...?'അതേ ഗാംഭീര്യത്തോടെ മറുപടി കൊടുക്കാനാണ് ആഗ്രഹിച്ചതെങ്കിലും ഭയവും ആകാംക്ഷയും കൊണ്ടാകണം പേരു പറഞ്ഞപ്പോള്‍ ശബ്‌ദം മലയാള നടന്‍ ഇന്ദ്രന്‍സിന്റെതു പോലെ ആയിപ്പോയി എന്നതാണു സത്യം..!ഉടന്‍ അദ്ദേഹം തന്റെ കമ്പ്യൂട്ടറിന്റെ കീബോര്‍ഡില്‍ എന്തൊക്കെയോ ടൈപ്പ് ചെയ്തു...അത്‌ഭുതം..എന്തത്‌ഭുതം..!! എന്റെ മുന്നിലെ മോനിട്ടറില്‍ തുറന്നു വന്ന മള്‍ട്ടിമീഡിയ ഫയലില്‍ എന്റെ പടം..!! ഞാന്‍ ഭൂമിയില്‍ കാണിച്ച സര്‍‌വ്വ വേണ്ടാതീനങ്ങളും സെന്‍‌സര്‍ കട്ടിങ്ങ് പോലും ഇല്ലാതെ കാണിക്കുന്നു. അതിനിടയില്‍ വീണ്ടും അമിതാബിന്റെ ശബ്‌ദം...'ഈ കുറ്റങ്ങലോക്കെ നീ സമ്മതിക്കുന്നുണ്ടോ..?'ഇത്ര കൃത്യമായി കാണുന്ന കാര്യം ഞാന്‍ എങ്ങിനെ ഇല്ലെന്നു പറയുക ?സമ്മതിച്ചു.അദ്ദേഹം വീണ്ടും കമ്പ്യൂട്ടറില്‍ എന്തൊക്കെയോ ടൈപ്പ് ചെയ്തപ്പോഴേക്കും അതില്‍ കൂട്ടി കിഴിച്ച് എന്റെ ശിക്ഷ വന്നു..!പത്തു വര്‍‌ഷം നരകവും പിന്നെ സ്വര്‍ഗവും വിധിച്ചിരിക്കുന്നു..!!ഒരു ഭടന്‍ എന്നെ കൊണ്ടു പോയി 'ഗ്ലോബല്‍ നരക വില്ലേജിന്റെ' വാതുക്കല്‍ നില്‍ക്കുന്ന മറ്റൊരു കാവല്‍ ഭടനെ ഏല്പിച്ചു എന്റെ പേപ്പര്‍ ഒക്കെ ഒത്തു നോക്കിയ അയാള്‍ എന്നെ അകത്തേക്കു ക്ഷണിച്ചു. ഭൂമിയില്‍ വച്ച് ഇക്കണ്ട വേണ്ടാതീനങ്ങള്‍ ഒക്കെ നടത്താന്‍ കൂട്ടുനിന്ന എന്റെ കൂട്ടുകാരെ മുഴുവന്‍ അപ്പച്ചനേയും അമ്മച്ചിയേയും വരെ മനസാ പ്രാകികൊണ്ട് അയാള്‍ക്കൊപ്പം നടന്നു. ഒരോ രാജ്യത്തിന്റെയും നരകങ്ങള്‍ക്ക് മുന്നിലൂടെ നടന്ന് ഇന്ത്യയുടെ നരക കവാടത്തില്‍ എത്തിയ ഉടന്‍ ആ ഭടന്‍ പറഞ്ഞു.'ദാ..ഇതാണ് ഇന്ത്യയുടെ 'നരക പവിലിയന്‍' ഇതിനുള്ളില്‍ എല്ലാ സംസ്ഥാനത്തിന്റെയും പ്രത്യേകം പ്രത്യേകം നരകങ്ങള്‍ ഉണ്ട്. ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ ഇതില്‍ ഏതു നരകം വേണമെങ്കിലും നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം , പക്ഷേ ഒരിക്കല്‍ കയറിക്കഴിഞ്ഞാല്‍ പിന്നെ പത്തു വര്‍ഷവും അതില്‍ തന്നെ കഴിച്ചു കൂട്ടണം, കേട്ടല്ലോ..?'ഒന്നു മൂളി കൊണ്ട് ഞാന്‍ അകത്തേക്ക് കയറി. ആക്ഷരമാല കൃമത്തില്‍ ആയതു കൊണ്ടാകാം ആദ്യം ആസമിന്റെ നരകമായിരുന്നു. അകത്ത് ഒന്നുരണ്ടു പേരുടെ നിലവിളി ഒക്കെ കേള്‍ക്കുന്നു. ഞാന്‍ മെല്ലെ അവിടെ നിന്ന കാവല്‍കാരനോട് അവിടുത്തെ ശിക്ഷാരീതികളെ കുറിച്ച് ചോദിച്ച് അന്വഷിച്ചു.അയാള്‍ പറഞ്ഞു..'ഭായ് സാബ്, ഒരു ദിവസത്തെ 24 മണിക്കൂറിലെ ആദ്യ അഞ്ച് മണിക്കൂര്‍ ഒരു ഇലക്‌ട്രിക്ക് കസേരയില്‍ ഇരുത്തി കറണ്ടടിപ്പിക്കും, പിന്നെയുള്ള 5 മണിക്കൂര്‍ ആസാമീസുകാരായ പിശാചുക്കളും ഭൂതങ്ങളും വന്ന് നിരന്തരം ഉപദ്രവിച്ചു കൊണ്ടിരിക്കും. അതു കഴിഞ്ഞുള്ള സമയം മുഴുവന്‍ കൂര്‍ത്ത ആണികള്‍ തറച്ച കട്ടിലില്‍ കിടക്കണം അതാണ് ഇവിടുത്തെ ശിക്ഷ.!വളരെ വിഷമത്തോടെയാണ് അടുത്ത സംസ്ഥനത്തിന്റെ നരകത്തില്‍ എത്തിയത്, അവിടെയും എന്നല്ല, എല്ലാ സംസ്ഥാനങ്ങളുടെ നരകങ്ങളിലും ഒരേപോലുള്ള ശിക്ഷാരീതികളും സമയവും ആണ്. എന്നാ പിന്നെ എവിടെയെങ്കിലും കിടന്ന് പത്തു വര്‍ഷം കഴിച്ചു കൂട്ടാം എന്നു കരുതി മുന്നോട്ട് നടക്കുമ്പോഴാണ് നമ്മുടെ കേരളത്തിന്റെ നരകത്തിന്റെ മുന്നിലെത്തിയത്...ഹോ...ഭയങ്കരമെന്നു വച്ചാല്‍ അതിഭയങ്കര തിരക്ക് നരകത്തിനു മുന്നില്‍.!ഒരാള്‍ സൈക്കിളില്‍ ഐസ്‌മുട്ടായി വില്‍ക്കുന്നു, ഒരു പയ്യന്‍ ലോട്ടറി വില്‍‌ക്കുന്നു പിന്നെ നാലുവീലു വണ്ടിയില്‍ ചെറിയ ചായക്കട വരെയുണ്ട്. ഒരു പൂരപറമ്പിന്റെ ബഹളം തന്നെ..!!എന്താ കാര്യമെന്ന് ചോദിക്കാമെന്ന് വച്ച് നേരേ അവിടെ കാവല്‍ ഡ്യൂട്ടിയിലുള്ള ആളുടെ അടുത്തു ചെന്നു. അദ്ദേഹമാണെങ്കില്‍ ഇതൊന്നും അയാള്‍ക്ക് ബാധകമല്ലെന്ന മട്ടില്‍ മറ്റു ദുര്‍‌ഗന്ധങ്ങള്‍ അലട്ടാതിരിക്കാനായിട്ടാവണം തന്റെ തൊപ്പി മുഖത്തേക്ക് മറച്ചു വച്ച് കസേരയില്‍ ചാരി ഇരുന്നു നല്ല ഉറക്കം..! അല്പം മടിച്ചാണെങ്കിലും പതുക്കെ അയാളെ ഒന്നുണര്‍ത്തി. മെല്ലെ തൊപ്പി മാറ്റി ഉറക്കത്തെ തടസപ്പെടുത്തിയ നീരസത്തോടെ രൂക്ഷമായി ഒന്നു നോക്കിയിട്ട് നീട്ടി ഒരു മൂളല്‍..'ങൂം...?'ഞാന്‍ എന്തോ ചോദിക്കാന്‍ വരുമ്പോഴേക്കും അയാള്‍ പറഞ്ഞു..'എല്ലാകാര്യങ്ങളും ദേ, ആ ബോര്‍ഡില്‍ എഴുതി വച്ചിട്ടുണ്ട് മനുഷ്യനെ ബുദ്ധിമുട്ടിക്കാതെ പോകണം ഹേ..'എല്ലാ നരകങ്ങളിലെ ശിക്ഷയും ഒരേപോലെ എന്നു കേട്ടു, പിന്നെ ഇവിടെ എന്താ ഇത്ര തിരക്കെന്ന് ആരോടെങ്കിലും ചോദിക്കാം എന്നു വച്ചാ ക്യൂവില്‍ നില്‍ക്കുന്നവരൊക്കെ നോര്‍ത്ത് ഇന്ത്യക്കാരാണ് ഭാഷയുടെ പ്രശ്‌നമുള്ളതു കൊണ്ട് അതിനും വയ്യാ. കുറെ കഴിഞ്ഞാണ് ഭാഗ്യത്തിനു ഒരു മലയാളിയെ കണ്ടെത്തിയത്. അയാളോട് കാര്യം തിരക്കി..'അല്ല സഹോദരാ എല്ലാ നരകങ്ങളിലും ശിക്ഷ ഒരേ പോലെയാണെന്നു പറഞ്ഞു പിന്നെന്താ നമ്മുടെ കേരളാ പവിലിയനില്‍ മാത്രം ഇത്ര തിരക്ക്..?'അദ്ദേഹം ഒന്നു ചിരിച്ചിട്ട് ശബ്‌ദം താഴ്‌ത്തി പറഞ്ഞു.'സുഹൃത്തേ ശിക്ഷ ഒക്കെ ഒന്നു പോലെ ഒക്കെ തന്നെയാ, പക്ഷേ ഇവിടെ ചില വിത്യാസങ്ങള്‍ ഉണ്ട് അതാ.'അത്‌ഭുതത്തോടെ ഞാന്‍ കാര്യം തിരക്കി.'ദേ..,ദിവസവും അഞ്ച് മണിക്കൂര്‍ ഇലക്‌ട്രിക്ക് കസേരയില്‍ ഇരുത്തും എന്നല്ലേ ശിക്ഷ? പക്ഷേ ഇവിടെ അതില്‍ കുറഞ്ഞത് നാലര മണിക്കൂറെങ്കിലും പവര്‍കട്ട് ആയിരിക്കും അതുകൊണ്ട് വെറുതെ ആ കസേരയില്‍ ഇരുന്നു കൊടുത്താല്‍ മതി. നിര്‍ഭാഗ്യമുണ്ടെങ്കില്‍ ചിലപ്പോള്‍ വല്ല അരമണിക്കൂര്‍ കറണ്ടു വന്നെങ്കിലായി. പിന്നെ നമ്മുടെ മലയാളി പ്രേതങ്ങളും ഭൂതങ്ങളും ഉപദ്രവിക്കും എന്നല്ലേ. ഹ..ഹാ, വര്‍ക്കെവിടേയാ അതിനൊക്കെ സമയം? അവര്‍ നേരേ വരും, ഹാജര്‍ ബുക്കില്‍ ഒപ്പിടും പിന്നെ ഇരുന്ന് ഒരു ഉറക്കമാണ്. അഞ്ചു മണിക്കൂര്‍ ജോലി തീരുന്നതു വരെ. അതിനിടയില്‍ നമ്മള്‍ അങ്ങോട്ട് ചെന്ന്‍ "എന്നെ ഉപദ്രവിച്ചോ" എന്നു പറഞ്ഞാല്‍ പോലും...ങു..ഹും. ഒരു രക്ഷയുമില്ല"പിന്നെ ബാക്കി സമയം കിടക്കാനുള്ള കട്ടില്‍, അതു പറയാതിരിക്കുകയാ ഭേദം. ആ കട്ടില്‍ ഉണ്ടാക്കാനുള്ള കൊട്ടേഷന്‍ പിടിച്ചിരിക്കുന്നത് ഒരു മലയാളി കോണ്‍‌ട്രാക്‌ട്രര്‍ ആണേ., അയാള്‍ വകുപ്പ് മന്ത്രിയുടെ ആളാ... എല്ലായിടത്തും നല്ല കാരിരുമ്പിന്റെ ആണി തറച്ച കട്ടില്‍ ഉള്ളപ്പോള്‍ ഇവിടെ ഓരോ കട്ടിലിലും അഞ്ചാറ് പഴയ ആണി വച്ച് പണിഞ്ഞിരിക്കുകയാ.. ഇനി പറ ഇതിലും നല്ലൊരു സ്വര്‍‌ഗം വേറെ ഈ ഇന്ത്യാ നരക പവിലിയനില്‍ കാണുമോ?. പിന്നെ ഞാന്‍ പറഞ്ഞെന്ന് ആരോടും പറഞ്ഞേക്കരുത് കേട്ടോ.അയാള്‍ക്ക് നന്ദി പറഞ്ഞ് ആദ്യമായി കേരളീയനായതില്‍ അഭിമാനത്തോടെ നരകത്തിന്റെ ക്യൂവില്‍ നിന്നു.ഏതാനും മണിക്കൂറിനു ശേഷമാണ് എന്റെ ഊഴമെത്തിയത്. സന്തോഷത്തോടെ നരകത്തിലേക്ക് പ്രവേശിക്കാന്‍ കാലെടുത്തു വക്കുമ്പോഴാണ് പുറകില്‍ നിന്നും ഒരു വിളി...'ഢാ....ഡാ....

നിനക്ക് ഡ്യൂട്ടിക്ക് പോകണ്ടെ?. മണി ആറു കഴിഞ്ഞു എവിടെയൊക്കെയോ പോയി അടിച്ചു പൂസായി വരും എന്നിട്ട് അലാറമടിച്ചാലും എഴുനേല്‍ക്കില്ല. പോ..എഴുന്നേറ്റ് പോകാന്‍ നോക്ക്..'

കൂട്ടുകാരന്റെ ശബ്‌ദമാണ് എല്ലാത്തിനും വിരാമമിട്ടത്..ശൊ..എല്ലാ സൗഭാഗ്യങ്ങളും ഒരു നിമിഷം കൊണ്ട് അസ്‌തമിച്ചു. എന്തൊക്കെ പ്രതീക്ഷകളായിരുന്നു. എല്ലാം തീര്‍ന്നില്ലെ. ഇനി വീണ്ടും ഇവിടുത്ത് ഈ ബോറന്‍ ജോലി തന്നേ ശരണം...മനസില്ലാ മനസോടെ, സോപ്പും പേസ്‌റ്റും ബ്രഷും ഒക്കെയായി ബാത്ത് റൂമിലേക്ക് നടക്കുമ്പോള്‍ മനസ് അറിയാതെ പാടി...സ്വപ്‌നങ്ങള്‍ കാണാന്‍ കപ്പം വേണ്ടട മച്ചാനേ....!!

മൂന്നു മുഖങ്ങള്‍...

ഒന്ന്.
രോഗം തളര്‍ത്തിയ ശരീരവും ശൂന്യമായ ഭാവിയേയും അഭിമുഖീകരിക്കനാവാതെ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച അയാള്‍ തന്റെ ഞരമ്പിലൂടെ വിഷം സിരകളില്‍ എത്തിയ ഏതോ നിമിഷത്തില്‍ തന്റെ ദുര്‍‌വിധിയോര്‍ത്തു കരഞ്ഞു.

അതേ നേരം അടുത്ത മുറിയില്‍ അയാളുടെ ഭാര്യയും കരയുകയായിരുന്നു....ഏതോ ടിവി സീരിയലിലെ നായികയുടെ അവസ്ഥ കണ്ടിട്ടാണെന്നു മാത്രം....!!രണ്ട്.
നിറയെ സാധങ്ങളുമായി ചന്തയിലേക്കു പോകുന്ന കാളവണ്ടിയില്‍ ഇരുന്നു ചില പ്രത്യേക ഈണത്തില്‍ ശബ്‌ദം ഉണ്ടാക്കി ചാട്ടവാറുകൊണ്ട് ആഞ്ഞടിച്ച് കാളകളെ മുന്നോട്ട് നയിക്കുന്നതിനിടെ അയാളോര്‍ത്തു.."ഇന്നു കാളച്ചന്ത..!. ഈ വയസന്‍ കാളകളെ ഇറച്ചിവെട്ടുകാരന്‍ കാദറിനു വിറ്റിട്ട് നല്ല രണ്ടു മൂരിക്കുട്ടന്മാരെ വാങ്ങണം അതോടെ ചന്തയില്‍ സമയത്തെത്താനാകും,കച്ചവടവും മെച്ചപ്പെടും.."

ഇതൊന്നും അറിയാതെ, മുതുകിലെ വൃണത്തില്‍ വീണ്ടും വീണ്ടും പതിക്കുന്ന ചാട്ടവാറിനെ നിസഹായതയോടെ ഏറ്റുവാങ്ങി ആ മൃഗം ദുര്‍‌ബലമായ കാലുകള്‍ വേച്ചുവച്ചു മുന്നോട്ടു നടന്നു...അനിവാര്യമായ കൊലക്കത്തിയിലേക്ക്....


മൂന്ന്
മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോയ ആ കച്ചവടക്കാരന്‍ കയ്യില്‍ കരുതിയിരുന്ന് ഭക്ഷണപാനീയങ്ങള്‍ തീര്‍ന്ന് ദാഹത്താല്‍ ആ മരുഭൂമിയില്‍ തളര്‍ന്നു വീണു. ചുറ്റും നിഴലിന്റെ കണികപോലും കണ്ടെത്തനാവതെ, സൂര്യതാപത്താല്‍ തളര്‍ന്നു കിടക്കുന്ന യജമാനനു സമീപം ഉണ്ടായിരുന്ന അയാളുടെ ഒട്ടകം തന്റെ കഴുത്ത് പൊള്ളുന്ന വെയിലില്‍ നിന്നും അയാള്‍ക്ക് ഒരു ചെറു മറ സൃഷ്‌ടിച്ച് കിടന്നു. മുഖത്ത് ആശ്വാസത്തിന്റെ ഒരു തണല്‍ പതിച്ച അയാല്‍ കണ്ണു തുറന്നു. ചില നിമിഷങ്ങള്‍ക്ക് ശേഷം ചാടി എഴുന്നേറ്റ് തന്റെ കൈയിലെ ചെറിയ കത്തി ആ ഒട്ടകത്തിന്റെ വിശാലമായ കഴുത്തില്‍ പിടച്ചു നില്‍‌ക്കുന്ന ഞരമ്പുകളിലേക്ക് കുത്തിയിറക്കി.. മുറിവിലൂടെ കുത്തിയൊലിച്ച ചുടുചോര കുടിച്ച് അയാള്‍ ദാഹത്തിനു ആശ്വാസം കണ്ടെത്തി.

ഒട്ടകത്തിന്റെ കണ്ണിലൂടെ കുത്തിയൊലിച്ച കണ്ണീര്‍ ഒരു നീര്‍ച്ചാല്‍ കണക്കെ മരുഭൂമിയിലെ പൊരിമണലില്‍ പതിച്ചു... തന്റെ യജമാനന്റെ ക്രൂരതയില്‍ മനം നൊന്താണൊ അതോ യജമാനന്റെ ജീവന്‍ രക്ഷിക്കാനായതിന്റെ ചാരിതാത്ഥ്യമാണൊ ആ കണ്ണീരിന്റെ സാരം..? അതറിയാന്‍ നാം മനുഷ്യന്റെ വിവേചന ബുദ്ധി മതിയാവില്ലല്ലോ...

സമയത്തിന്റെ വില..

on Monday, July 23, 2007


എങ്ങോ വായിച്ചു മറന്ന ഒരു കഥയാണ്. യാഥര്‍‌ത്ഥ്യവുമായി ഒരു ബന്ധവുമില്ലെങ്കിലും അതിഭാവുകത്വം ആണെങ്കിലും അതിങ്ങനെയായിരുന്നു...

ഒരു രാജ്യാന്തര ബിസിനസ് ശൃഘലയുടെ ഉടമയുടെ ആയുസെത്തിയപ്പോള്‍ ജീവനെടുക്കാന്‍ യമധര്‍‌മ്മന്‍ എത്തി. കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു :

'അയ്യോ എന്റെ ബിസിനസ് ഒക്കെ ഇപ്പൊ താറുമാറായി കിടക്കുകയാണ് അതൊന്നു ശരിയാക്കിയില്ലെങ്കില്‍ എന്റെ കാലം കഴിയുന്നതോടെ എല്ലാം നശിച്ചു പോകും അതു കൊണ്ട് ഒരു അഞ്ച് മാസം കഴിഞ്ഞാല്‍ ഞാന്‍ സന്തോഷത്തോടെ വന്നോളാം' .

കാലന്‍ പറഞ്ഞു.

"ഹേയ്., അതു പറ്റില്ല ഭൂമിയിലെ താങ്കളുടെ ജീവിതം അവസാനിച്ചിരിക്കുകയാണ്"
അയാള്‍ വീണ്ടും അഭ്യത്ഥിച്ചു..

'അതു ശരിയാണ്, എന്നാലും എന്റെ കമ്പനികളുടെ ഓഡിറ്റിങ്ങ് ബഡ്ജറ്റുമൊക്കെ ശരിയാകുന്നത് വരെ ഒരു അഞ്ച് ആഴ്‌ച എനിക്ക് തന്നൂടെ..?'

യമന്‍ വീണ്ടും തുടര്‍ന്നു..

'അതിനുള്ള അനുവാദം എനിക്കില്ല, അതൊക്കെ ചിത്രഗുപ്‌തന്റെ കയ്യിലെ കണക്കാണ് ..
'അദ്ദേഹം വീണ്ടും അപേക്ഷിച്ചു.
'എന്നാല്‍ പല രാജ്യങ്ങളില്‍ ഉള്ള എന്റെ മക്കളെ വിളിച്ച് കമ്പനികളുടെ ഉത്തരവാദിത്വങ്ങള്‍ ഒക്കെ വിവരിച്ചു കൊടുക്കാന്‍ ഒരഞ്ചു ദിവസം താങ്കള്‍ ഒന്നു പറഞ്ഞ് വാങ്ങി തന്നൂടെ..?'

അല്പം നീരസത്തോടെ കാലന്‍ പറഞ്ഞു : 'പറ്റില്ല..'

ഒരുപാട് പ്രയാസത്തോടെ അദ്ദേഹം വീണ്ടും അപേക്ഷിക്കും പോലെ പറഞ്ഞു.

'എന്നാല്‍ കാര്യങ്ങള്‍ ഒക്കെ ഞാന്‍ ഇവിടിരുന്നു ചെയ്‌തോളാം അതിനുള്ള ഒരു അഞ്ചു മണിക്കൂര്‍ താങ്കള്‍ എന്തായാലും എനിക്കു തരണം..

'പറ്റില്ലെന്നു പറഞ്ഞില്ലെ..'

അയാള്‍ കരയും പോലെ തുടര്‍ന്നു..

'പ്ലീസ് ...എന്റെ മക്കളെ ഒക്കെ ഒന്ന് ഫോണില്‍ വിളിച്ചു സംസാരിക്കാനുള്ള ഒരു അഞ്ച് മിനിട്ട് എനിക്ക് തന്നൂടെ..?'

ദേഷ്യത്തോടെ യമന്‍ പറഞ്ഞു .

'അതിനു പോലും എനിക്കധികാരമില്ലെന്നു ഞാന്‍ പറഞ്ഞില്ലെ എല്ലാം ദൈവ നിശ്ചയമാണ് താങ്കള്‍ ഈ നിമിഷം മരിക്കാന്‍ പോകുകയാണ്..'

എന്നാല്‍ യമധര്‍‌മ്മന്‍ അല്പം മനസലിവു തോന്നിയിട്ടാകാം ഒരേ ഒരു നിമിഷം അനുവദിച്ചു കൊടുത്തു. അയാള്‍ ഉടനെ അടുത്തു കിടന്ന ഒരു കടലാസ് എടുത്തു ഇത്രമാത്രം കുറിച്ചിട്ടു

"മക്കളെ, നമ്മുക്ക് ഇത്രയും സ്വത്തും സമ്പാദ്യവും ഒക്കെയുണ്ടായിട്ടും ഒരുപാട് വസ്‌തുവകകള്‍ വങ്ങിക്കൂട്ടിയിട്ടും എനിക്ക് ഒരു അഞ്ച് മിനിട്ട് ഈ ഭൂമിയില്‍ വാങ്ങാനായില്ല. അതുകൊണ്ട് ഈ ഭൂമിയിലെ മറ്റെന്തിനെക്കാളും വിലയുള്ളത് സമയം ആണ്. അതിനാല്‍ നിങ്ങള്‍ എന്തൊക്കെ ചെയ്താലും ഒരു നിമിഷം പോലും വെറുതെ പാഴാക്കരുതെന്നു മാത്രമേ അച്‌ഛനു അവസാമായി പറയാനുള്ളൂ..."


ഒന്നിനും സമയമില്ലെന്നു പരിഭവിക്കുകയും അലസതയോടെ സമയം കൊല്ലുകയും ചെയ്യുന്ന നമ്മുടെ കണ്ണ് തുറക്കാന്‍ ഇതിലും നല്ലൊരു ഉദാഹരണമുണ്ടോ...?

പ്രവാസികളുടെ നാളെ.....

on Saturday, July 21, 2007

രണ്ടായിരാമാണ്ടിന്റെ തുടക്കത്തില്‍ അഞ്ചു ശതമാനം സ്വദേശികള്‍ ഉണ്ടായിരുന്ന ഗള്‍ഫ് രാജ്യങ്ങളുടെ സ്വകാര്യ തൊഴില്‍ മേഖലയില്‍ ഇന്നു അത് 44 ശതമാനത്തോളമാണ്. സമീപ ഭാവിയില്‍ അത് 75% ആക്കി ഉയര്‍ത്താന്‍ അതതു രാജ്യത്തെ ഭരണകൂടം തീരുമാനിച്ചിരിക്കുകയാണ്. മിടുക്കരായ സ്വദേശികള്‍ വിദ്യാഭ്യാസവും കഴിവും നേടി ജോലി ചെയ്യാന്‍ സന്നദ്ധരായി മുന്നോട്ടു വന്നുകൊണ്ടിരിക്കുമ്പോള്‍ ഇതു തികച്ചും സ്വാഭാവികം മാത്രമാണ്.

ഗള്‍ഫില്‍ ജോലി ചെയ്യുന്ന സാധാരണക്കരില്‍ അധികവും തൊഴില്‍ പരിചയം പോലും ആവശ്യമില്ലാത്ത നിര്‍മാണ തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ ആണെങ്കില്‍ ഇവിടെയുള്ള ഡോക്‌ടര്‍മാര്‍, എഞ്ചിനീയര്‍, വിവര സാങ്കേതികമേഖലയിലെ വിദഗ്‌ദ്ധരുടെ എണ്ണം പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് തുലോം കുറവാണെന്നത് ശ്രദ്ധേയമായ സത്യമാണ്.

ഇപ്പോള്‍ തന്നെ കമ്പനി മെധാവികള്‍.P.R.O, IT.വിദഗ്‌ദ്ധര്‍ ഒക്കെ ഏകദേശം മുഴുവനായും സ്വദേശികള്‍ക്കും മറ്റു ജി.സി.സി പൗരന്‍‌മാര്‍ക്കുമായി സംഭരണം ചെയ്‌തിരിക്കുകയാണ്. ഇനിയുള്ള കാലങ്ങളില്‍ വിദേശികള്‍ക്ക് പിടിച്ചു നില്‍‌ക്കാനാവുന്നത് സ്വദേശിവത്‌കരണം കടന്നുവന്നിട്ടില്ലാത്ത ചില അവിദഗ്‌ദ്ധ മെഖലകളില്‍ മാത്രമാണ്.

പ്രത്യേക തൊഴില്‍ പരിചയം ആവശ്യമില്ലാത്ത അവിദഗ്‌ദ്ധ മേഖലയിലേക്കാണെങ്കിലും ഗള്‍ഫിലേക്ക് തൊഴില്‍ തേടിയെത്തുന്ന മലയാളികളില്‍ ഏറിയ പങ്കും നല്ല വിദ്യാഭ്യാസവും ബിരുദവും ഉള്ളവരാണെന്നതാണ് സത്യം. ഏതൊരു രാജ്യത്തും കഴിവും വിദ്യാഭ്യാസവുമുള്ള പൗരന്മാര്‍ ആ രാജ്യത്തിന്റെ മൂലധനമായി കണക്കാക്കുമ്പോള്‍, സാക്ഷരതില്‍ വളരെ മുന്നില്‍ നില്‍‌ക്കുന്ന നമ്മുടെ കേരളത്തില്‍ ബിരുദധാരികള്‍ ഒരു ബാധ്യതയായി മാറുന്ന ഈ കാലഘട്ടത്തില്‍ സ്വാഭാവികമായും ഏതു ജോലിക്കായും അവര്‍ ഇറങ്ങി പുറപ്പെടും.

ഇവിടെ എത്തിയാലോ, ജാള്യത കൊണ്ടോ പ്രിയപ്പെട്ടവരെ കൂടി വിഷമിപ്പിക്കേണ്ടെന്നു കരുതിയാണോ ആവോ, അത്തരക്കാര്‍ ഇവിടുത്തെ അവരുടെ വരുമാനമോ ജീവിത പ്രശ്‌നങ്ങളോ ആരെയും അറിയിക്കാതെ, നന്നായി ആഹാരം പോലും കഴിക്കതെ, നാളയെ കുറിച്ചു ചിന്തിക്കാതെ, ശമ്പളം മുഴുവനായും നാട്ടിലേക്കയക്കും. നാട്ടിലുള്ളവര്‍ 'ഗള്‍ഫ് സ്‌റ്റാറ്റസ് ' കാണിക്കാന്‍ ആര്‍ഭാടമായി തന്നെ നടക്കുമ്പോള്‍, പലര്‍‌ക്കും വെളിച്ചം പകരാന്‍ സ്വയം ഉരുകി തീരുന്ന ഒരു മെഴുകുതിരിയായി മാറുന്നു സാധാരണ ഗള്‍ഫുകാരന്‍.

ഗള്‍ഫിലെ കാലാവസ്ഥാവ്യതിയാനം പോലെ തികച്ചും അപ്രതീക്ഷിതമായി തന്നെ ഇവിടുത്തെ തൊഴില്‍ നിയമങ്ങളും മാറ്റങ്ങള്‍ വന്നേക്കാം. ഇന്നല്ലെങ്കില്‍ നാളെ ഈ പോറ്റമ്മനാടിന്റെ മടിയില്‍ നിന്നും മാതൃരാജ്യത്തേക്ക് സ്ഥിരമായ പറിച്ചു നടല്‍ അനിവാര്യമെന്നു സാരം. നീണ്ട പ്രവാസ ജീവിതത്തിന്റെ ബാക്കി പത്രമെന്നോണം തളര്‍ന്ന ശരീരവും മനസുമായി ശിഷ്‌ടജീവിതം കുടുമ്പത്തോടൊപ്പം കഴിയാന്‍ നാട്ടിലേക്ക് പോയി ഒന്നും ആവതെ, ഒന്നിനും ആവാത തളരുന്ന പലരെയും നമ്മുക്ക് ചുറ്റും കണ്ടെത്താനാവും.

നാട്ടിലെ ഏതു ജോലിക്കും തൊഴില്‍ സുരക്ഷയും ക്ഷേമനിധി, പെന്‍ഷന്‍ പോലുള്ള ആനുകൂല്യങ്ങള്‍ ഉള്ളപ്പോള്‍ നീണ്ട തൊഴില്‍ കാലയളവിനു ശേഷം ഒരു പ്രവാസി നാട്ടില്‍ വിമാനമിറങ്ങുന്നത് ഒരു വലിയ വട്ടപൂജ്യനായിട്ടാവും.

പ്രവാസികളുടെ വിരലില്‍ എണ്ണാവുന്ന ആവശ്യങ്ങള്‍ സാധിച്ചു തന്നു പോയാല്‍ പിന്നെ മാറി മാറി ഈ ഐശ്വര്യ ഭൂമിയില്‍ വന്നിറങ്ങി ഇവിടുത്തെ ലക്‌ഷ്വറി ഹോട്ടലിലെ ശീതീകരിച്ച മുറിയില്‍ ഇരുന്ന് കോണ്ടീനെന്റല്‍ ഭക്ഷണവും കഴിച്ച് പ്രവാസികള്‍ക്കായി വീണ്ടും വഗ്‌ദാനങ്ങള്‍ തരാനും അവര്‍ക്കു വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുവാനും പറ്റാത്തിടത്തോളം നമ്മുടെ രാഷ്‌ട്രീയ നേതാക്കളില്‍ നിന്നും ഇതിനൊരു പരിഹാരം ഒരിക്കലും പ്രതീക്ഷിക്കേണ്ട.

അതിനാല്‍ ഒരോരുത്തരുടേയും ഭാവി സ്വയം സുരക്ഷിതമാക്കുക.
അതിനായി....

ഇവിടുത്തെ ജോലിയെ കുറിച്ചും വരുമാനത്തെ കുറിച്ചും വ്യക്തമായ ഒരു ചിത്രം നാട്ടിലെ പ്രിയപ്പെട്ടവര്‍ക്കു നല്‍‌കുക.

അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കുക എന്നതു തന്നെ ഒരര്‍ത്ഥത്തില്‍ സമ്പാദിക്കലാണ്. അതിനാല്‍ നമ്മുടെ ബഡ്‌ജറ്റില്‍ ഒതുങ്ങുന്ന ചെലവു മാത്രം നടത്തുക.

താന്‍ ഇവിടെ കഷ്‌ടപ്പെടുന്നത് കൊണ്ട് തന്റെ ബന്ധുക്കള്‍ സന്തോഷിക്കട്ടെ എന്നു കരുതുന്ന എത്രപേര്‍ക്ക് ഉറപ്പ് പറയാനാകും താന്‍ തിരികെ ചെന്നു കഴിഞ്ഞാലും ഇതേ നിലവാരത്തില്‍ തുടര്‍ന്നും ജീവിക്കാനാവുമെന്ന്..?

പൊതുവേ ഇന്ത്യക്കരോടും പ്രത്യേകിച്ചു മലയാളികളോടും ഇവിടുത്തെ സ്വദേശികള്‍ക്കുള്ള മമത കളഞ്ഞു കുളിക്കുന്നതരം പ്രവര്‍ത്തികളില്‍ നിന്നും വിട്ടു നില്‍‌ക്കുക.

തൊഴില്‍ തരുന്ന നാട്ടിലെ സംസ്‌കാരവും ആചാരവും നിയമങ്ങളും ചട്ടങ്ങളും ഒക്കെ അനുസരിച്ചും ബഹുമാനിച്ചും ജീവിക്കുക.

ചെയ്യുന്ന ജോലിയില്‍ കഴിവു തെളിയിക്കുന്നതോടൊപ്പം വ്യക്തമായ ഒരു ലക്ഷ്യബോധത്തോടെ അതിലേക്കുള്ള ആത്മാര്‍‌ത്ഥ പരിശ്രമത്തിലൂടെ, പുതിയ വിഷയങ്ങള്‍, സാങ്കേതികമായ അറിവുകള്‍ ഒക്കെ പഠിച്ചെടുക്കുകയും നല്ല പെരുമാറ്റത്തിലൂടെയും നമ്മുക്കു മുന്നില്‍ വരുന്ന മെച്ചപ്പെട്ട അവസരങ്ങള്‍ നമ്മുടേതാക്കി മാറ്റുക.

അതല്ലെങ്കില്‍, കറവതീരുമ്പോള്‍ ഇറച്ചിക്കാരനു കൊടുക്കുന്ന അറവമാടായി അത്തരം പ്രവാസി സ്വയം മാറും തീര്‍ച്ച...!

ജീവിത സായാഹ്നം..

on Saturday, July 14, 2007

കൊച്ചിക്കടുത്ത് മുനമ്പം ഗവണ്‍‌മെന്റ് ആശുപത്രിയിലെ വരാന്തയില്‍ ഒറ്റവരും ഉടയവരും ഉപേക്ഷിക്കപ്പെട്ട 80 കാരനായ അല്‍‌ഫോന്‍‌സ്. നാട്ടുകാരുടെ ദയകാരുണ്യത്താല്‍ ശിഷ്‌ട ജീവിതം ജീവിച്ചു തീര്‍ക്കുന്നു....!!!
നമുക്ക് ചുറ്റുമുള്ള ഇത്തരം പല കാഴ്‌ച്ചകളും കണ്ടിട്ടും ഒരു ദീര്‍‌ഘനിശ്വാസത്തോടെ മുഖം തിരിക്കാന്‍ മാത്രമേ നമ്മുക്കു കഴിയുന്നുള്ളു...

(ശ്രീ : T.K പ്രദീപ് കുമാര്‍ എടുത്ത ചിത്രം)

വാക്കുകളേക്കാള്‍ വാചാലം...

അനാഥരായ ബാല്യത്തെ ഓര്‍മ്മയില്‍ പെടുത്താന്‍ UNICEF പുറത്തിറക്കിയ ഒരു പോസ്റ്ററിലെ ചിത്രമാണിത്. ആയിരം വാക്കുകളെക്കാള്‍ സംസാരിക്കുന്ന ഒരു ചിത്രം...!

ഒന്നിനും സമയം തികയാതെ, ജോലിയും പിന്നെ ക്ലബ്ബും, സൊസൈറ്റിയും ഒക്കെയായി നടക്കുന്ന, SMS ലൂടെയും ഈമെയിലിലൂടെയും വീട്ടുകാര്യങ്ങള്‍ പരസ്‌പരം കൈമാറുന്ന ആധുനിക ദമ്പതികളുടെ എല്ലാ അര്‍‌ത്ഥത്തിലും സനാഥരാണെങ്കിലും അമ്മയുടെ കരുണയും അചഛന്റെ വാത്‌സല്യവും കൊതിക്കുന്ന നമ്മുക്കിടയിലെ ഒരുപാട് ബോണ്‍സായ് കുരുന്നുകളെ ഈ ചിത്രം ഓര്‍‌മ്മപ്പെടുത്തുന്നു...

അല്പം ഭക്ഷണ കാര്യങ്ങള്‍

on Sunday, July 8, 2007


ഈ ഭൂമിയില്‍ മനുഷ്യരെ കൂടാതെ കോടാനുകോടി ജീവജാലങ്ങള്‍ ഉണ്ട്. പക്ഷേ ഇവയില്‍ ഏതെങ്കിലും ഒന്ന് ഭക്ഷണം കിട്ടാതെ വിറ്റാമിനുകളുടെയോ മിനറലിന്റേയൊ കുറവുമൂലം മരിക്കുന്നില്ല ഒരു രോഗവും വന്ന് അവ ആശുപത്രികളില്‍ പോകുന്നുമില്ല....

കാരണം ദൈവം അവയെ സൃഷ്‌ടിക്കും മുന്‍പ് തന്നെ അവയ്‌ക്കുള്ള ആഹാരം ഇവിടെ ഒരുക്കിയിരിക്കുന്നു..പശുവിന്റെ സൃഷിക്കും മുമ്പേ പുല്ലു സൃഷ്‌ടിച്ചു..പൂച്ചയെ സൃഷ്‌ടിച്ചതോടൊപ്പം ദൈവം എലിയേയും സൃഷ്‌ടിച്ചു....അങ്ങിനെ. അങ്ങിനെ...

എന്നാല്‍ നാം മനുഷ്യനോ..?ദൈവം ആദമിനേയും ഹവ്വയേയും സൃഷ്‌ടിക്കും മുന്‍‌പേ കായ്കനികളും പഴങ്ങളും കൊണ്ടു സമ്പുഷ്‌ടമായ ഏതെന്‍‌തോട്ടം മനുഷ്യനായി ഒരുക്കിവച്ചു. എന്നാല്‍ നാം മനുഷ്യര്‍ മാത്രം അതൊന്നും കൊണ്ട് തൃപ്തിപ്പെട്ടില്ല. അവന്‍ ഭക്ഷണം വിശപ്പു മാറ്റാന്‍ എന്നതിലുപരി സൗന്ദര്യവും ആയുസ്സും കൂട്ടന്‍ വേണ്ടി കഴിക്കുന്നു.

ലോകത്തെ മനുഷ്യര്‍ ഭാഷ, ജാതി, മത, ആചാരമര്യാദകള്‍, മുതല്‍ ശരീരപ്രകൃതി വരെ വ്യതസ്‌തങ്ങളാണെങ്കിലും എല്ലാവരും ഒരു കാര്യത്തില്‍ സമന്മാരാണ്. ഇവരില്‍ ആരും തന്നെ ഭക്ഷണത്തെ കുറിച്ചു ചിന്തിക്കാതിരിക്കുന്നില്ല. ഒന്നരമാസത്തോളം ഭക്ഷണം കഴിക്കാതെ വെള്ളം മാത്രം കുടിച്ചു ജീവിക്കാമെന്നാലും ഒരുനേരം ഭക്ഷണം കഴിക്കാന്‍ പറ്റാതായാല്‍ എന്തൊ ശരീരത്തിനു സംഭവിച്ചു എന്ന വേവലാതിയും പ്രായാസവും..

ഭക്ഷണം നിയന്ത്രിച്ചതുകൊണ്ട് മരിച്ചവര്‍ ആരെങ്കിലും ഉണ്ടോ..?

ഇപ്പോള്‍ തന്നെ ഡയറ്റീഷന്‍സും ഭക്ഷണക്രമത്തെകുറിച്ചും ഒക്കെ ശാസ്‌ത്രം മുന്‍പെന്നെത്തെക്കാള്‍ കൂടുതല്‍ ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍ ഇതാണ് അവസ്‌ഥയെങ്കില്‍. ഒരു പതിറ്റാണ്ടു കഴിയുമ്പോള്‍ എന്താവും നമ്മുടെ പുതിയ ഭക്ഷണ രീതികള്‍"....?


പാഥേയം. (കഥ)

ദുബായ് മഹാനഗരത്തില്‍ നിന്നും കരിപ്പൂര്‍ ലക്ഷ്യമാക്കി മേഘങ്ങള്‍ക്കിടയിലൂടെ ഒരു ദേശാടന പക്ഷിയെപ്പോലെ ഊളിയിട്ടു പറക്കുന്ന വിമാനത്തിനുള്ളില്‍ പലരും പാതിമയക്കത്തിലായിരുന്നു...
നേര്‍ത്ത വെളിച്ചത്തില്‍ ഏസിയുടെ കുളിരും സാക്‌സോഫോണിന്റെ സംഗീതവും ചേര്‍ന്നു മനസിനു വല്ലത്തൊരു കുളിര്‍മ്മ പകരുന്ന അന്തരീക്ഷമായിരുന്നു വിമാനത്തിനുള്ളില്‍.
കൈയില്‍ കരുതിയ വാരികയുടെ അവസാന പുറവും വായിച്ച് മടക്കി വച്ച് വെറുതെ കണ്ണടച്ചു സീറ്റിലേക്കു ചെരിയുമ്പോഴെക്കും ഒരു യഗാശ്വം പോലെ മനസു ഭൂതകാലത്തിലേക്കു പറന്നു. കൂട്ടത്തില്‍ മാധവന്‍ മാഷും അശ്വതിയും ഒക്കെ...

യാദൃശ്ചികമായി ഞാന്‍ ആ പത്രപരസ്യം കണ്ടതു മുതല്‍ ആലോച്ചിക്കുകയായിരുന്നു..എന്തിനാവും മാഷ് ആ വീടും പറമ്പും വില്‍ക്കാന്‍ തീരുമാനിച്ചത്....?

മാധവന്‍മാഷ്...

സ്കൂളില്‍ പഠിക്കുമ്പോള്‍, മിക്ക ചോദ്യങ്ങള്‍ക്കും ഉത്തരത്തിനായി രണ്ടാം ബഞ്ചിലിരിക്കുന്ന എന്നോടുതന്നെ കൈചൂണ്ടുകയും ചെറിയ തെറ്റിനുവരെ സാമാന്യം നല്ല ചൂരല്‍‌പ്രയോഗം ലഭിക്കുകയും ചെയ്തപ്പോള്‍ പക്വതയെത്താത്ത എന്റെ മനസിലെ ഏറ്റവും ക്രൂരനായ വ്യക്തി ആയിരുന്നു മാധവന്‍ മാഷ്. ഉച്ചനേരങ്ങളില്‍ സ്‌റ്റാഫ് റൂമില്‍ വിളിപ്പിച്ച് മാഷ് തരുന്ന പൊതിച്ചോറും ചമ്മന്തിയും സ്വദോടെ ഭക്ഷിക്കുമ്പോഴും മാഷോടുള്ള ഭയം വിട്ടുമാറിയിരുന്നില്ല. അതു മനസിലാക്കിയാവാം ഒരിക്കല്‍ എന്നെ ചേര്‍ത്തു നിര്‍ത്തി മാഷ് എന്നോടു പറഞ്ഞു.."അച്‌ഛനില്ലാത്ത കുറവറിയിക്കാതെ പല വീടുകളിലും എച്ചില്പാത്രം കഴുകി നിനക്കുള്ള ഭക്ഷണവും പുസ്‌തകങ്ങളും വാങ്ങാന്‍ പാടുപെടുന്ന ആ അമ്മയ്ക്ക് നിന്റെ പഠിത്തത്തെകുറിച്ച് ഒന്നും അറിയില്ലെങ്കിലും, ആ അമ്മയുടെ പ്രതീക്ഷ നീ നിറവേറ്റണം...മാണിക്ക്യം ഏതു കുപ്പയില്‍ കിടന്നാലും തിളങ്ങും എന്നപോലെ നിന്നില്‍ ഞാന്‍ നല്ലൊരു ഭാവി കാണുന്നു..നിനക്കു എന്നോട് ദേഷ്യമുണ്ടെന്നെനിക്കറിയാം, എന്നാല്‍ നാളെ നീ എന്നെ നന്ദിയോടെ ഓര്‍ക്കും, അതെനിക്കുറപ്പാണ്.

പിന്നീട് മാഷ് എനിക്കു ഒരു അദ്ധ്യാപകനെന്നതിലുമുപരി എല്ലാമെല്ലമായി തീരുകയായിരുന്നു. അദ്ധേഹത്തിനു ഞാന്‍ അരുണും അശ്വതിയും കൂടാതെ മറ്റൊരു മകനും.

എന്റെ അമ്മയുടെ ആകസ്‌മികമായ മരണം എന്നെ ഈ ഭൂമിയില്‍ ഒറ്റപ്പെടുത്തിയപ്പോള്‍. ആരുടേയോ നിര്‍‌ദേശങ്ങള്‍ക്കനുസരിച്ചു എന്തൊക്കെയോ ചെയ്തു കൈയ്യിലെ തീയെ അമ്മയുടെ ചിതയിലേക്കു സമര്‍പ്പിച്ചു മാറിനിന്നു കരഞ്ഞപ്പോള്‍, ഒരു നെടുവീര്‍‌പ്പോടെ പരിചയക്കാരും ബന്ധുക്കളും പോയൊഴിഞ്ഞപ്പോള്‍ എന്റെ ചുമലില്‍ സ്‌പര്‍‌ശിച്ച ആശ്വാസത്തിന്റെ ആ കരം മാഷിന്റേതായിരിന്നില്ലെ...?

പിന്നീടെങ്ങിനെയോ ഞാനാവീട്ടിലെ ഒരംഗമായി മാറികയായിരുന്നു.

അരുണ്‍..

ഏതോ രാഷ്‌ട്രീയപാര്‍ട്ടിയുടെ കാലപ്പഴക്കം ചെന്ന തത്വശാസ്‌ത്രം എരിയുന്ന കനലുകള്‍ പോലെ മനസില്‍ പേറി നടക്കുന്ന ഒരുറ്റയാന്‍....

അശ്വതി..

ഗ്രാമീണ സൗന്ദര്യം അന്വര്‍‌ത്തമാക്കുന്ന സുന്ദരി..

ഇവരെപൊലൊരാളായി എന്നെ സ്‌നേഹിക്കുന്ന ടിച്ചറമ്മ എന്നു വിളിക്കുന്ന സാവിത്രി ടീച്ചര്‍.

പ്രായം യൗവ്വനത്തിന്റെ പടിവാതുക്കല്‍ എത്തിച്ച എപ്പോഴോ അശ്വതിക്കു എന്നോടുള്ള സ്‌നേഹത്തിനു മറ്റൊരു തലവും അര്‍‌ത്ഥവും തോന്നിത്തുടങ്ങിയത് ഞാനറിഞ്ഞു. പലപ്പോഴും ഞാന്‍ വിലക്കി.

അശ്വതീ..., നമ്മളെ മാഷും ടീച്ചറമ്മയും എത്രത്തോളം വിശ്വസിച്ചിരിക്കുന്നതു കൊണ്ടാണ് ഈ മുറിയില്‍ ഇത്രയും സ്വാതന്ത്ര്യത്തോടെ അശ്വതി കടന്നു വരുന്നത്..അത് നമ്മള്‍ ദുരുപയോഗം ചെയ്‌തു കൂടാ.. അത് അവരോടുള്ള വഞ്ചനായാവില്ലെ..? അശ്വതിയെപ്പോലെ കുലീനയായ ഒരു പെണ്‍കുട്ടി അടിച്ചുതളിക്കാരിയുടെ മകനെ പ്രേമിക്കുക. ഇപ്പോള്‍ കഥകളിലും സിനിമകളില്‍ പോലും എല്ലാവരും വെറുക്കുന്ന ഒരു ബന്ധമാണ്. വേണ്ട.., അനാവശ്യ ചിന്തകള്‍ ഉപേക്ഷിച്ചേക്കൂ.....!

ഒരു പരിചയക്കാരന്റെ ഔദാര്യത്തില്‍ ദുബായിലേക്കു ഒരു വിസ ലഭിച്ചപ്പോള്‍ എന്നെപ്പോലെ അവരെല്ലാം എത്രമാത്രം സന്തോഷിച്ചു...അന്ന്‍ അശ്വതി മനോഹരമായ ഒരു ഷര്‍ട്ട് സമ്മാനമായി തന്നിട്ടു പറഞ്ഞു.."അജിത് ദുബായിലേക്ക് പോകുമ്പോള്‍ പഴയ ഷര്‍ട്ടല്ല ദേ ഈ ഷര്‍ട്ടാണ് ധരിക്കേണ്ടത്. കേട്ടല്ലോ..."

പിന്നീട് എങ്ങിനേയോ ഞാനറിഞ്ഞു, അശ്വതിയുടെ ശരീരത്തില്‍ സ്വര്‍‌ണ്ണമായി ആകെ ഉണ്ടായിരുന്ന കമ്മലുകളില്‍ ഒന്നു കളവുപോയി എന്നവ്യാജേന വിറ്റ പണം കൊണ്ടാണ് ആ ഷര്‍ട്ട് വാങ്ങിയതെന്ന് എന്നു, ഞാന്‍ ഒരു പാടു വഴക്കും പറഞ്ഞു
അന്ന് അത്താഴത്തിനിരിക്കുമ്പോള്‍ വല്ലാത്ത ഒരു മൂകത തളം കെട്ടിനിന്നു. എനിക്കു വിളമ്പിതന്ന ടീച്ചറുടെ കൈകള്‍ വിറക്കുന്നതു ഞാനറിഞ്ഞു.

"നാളെ ഈ നേരത്ത് അജിത് അങ്ങു ദുബായില്‍ എത്തിയിട്ടുണ്ടാകും അല്ലെ...?"

"അവന്‍ നാളെ മുതല്‍ നല്ല മുഴുത്ത ചിക്കനും ഒട്ടകത്തിന്റെ ഇറച്ചിയും ഒക്കെയല്ലെ വെട്ടി വിഴുങ്ങുക.."മാഷ് തമാശയായി പറയാന്‍ ശ്രമിച്ചതാണെങ്കിലും ഒരു ഗദ്ഗദം വാക്കുകളെ തൊണ്ടയില്‍ തന്നെ തടഞ്ഞു..
ദുബായില്‍ നിന്നും ആദ്യമാദ്യം കൃത്യമായി കത്തെഴുതുമായിരുന്നു.. പിന്നീട് കത്തുകള്‍ തമ്മിലുള്ള അകലം കൂടി. സമയക്കുറവും അലസതയും മൂലം പന്നീട് അതും ഇല്ലാതായി. എത്ര സ്‌നേഹിച്ചാലും സ്വന്തം മകനൊന്നുമല്ലല്ലൊ എന്നവര്‍ അശ്വസിച്ചിട്ടുണ്ടാകും.

'നമ്മള്‍ ഏതാനും നിമിഷങ്ങള്‍ക്കകം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്റ് ചെയ്യുവാന്‍ പോകുകയാണെന്ന' പൈലറ്റിന്റെ വാക്കുകളാണ് ഓര്‍മ്മയില്‍ നിന്നും ഉണര്‍ത്തിയത്.! ജനലിലൂടെ പുറത്തേക്കു വെറുതെ നോക്കി കൊണ്ടിരുന്നു. വെള്ളത്തിലൂടെ നീങ്ങുന്ന ഒരുകൂട്ടം ആഫ്രിക്കന്‍ പായല്‍ പോലെ കടലില്‍ അങ്ങുദൂരെ ഒരു പച്ച പൊട്ട്..!
നമ്മുടെ സ്വന്തം നാട്..!
എമിഗ്രേഷന്‍ ചെക്ക് ഇന്‍ കഴിഞ്ഞിറങ്ങുമ്പോഴേക്കും മാനേജര്‍ വിശ്വം കാറുമായി കാത്തു നില്‍‌പ്പുണ്ടായിരുന്നു.യാത്രക്കിടയില്‍ വിശ്വന്‍ പറഞ്ഞു...
സാര്‍, സാറു പറഞ്ഞതുപോലെ ഞാന്‍ ആ മാധവന്‍‌മാഷിന്റെ കേസ് അന്വഷിച്ചു..ഒരു വഴക്കു കേസില്‍ ഒളിവിലായിരുന്ന അവരുടെ മകനെ പോലീസുകാര്‍ വീട്ടില്‍ നിന്നും ബലമായി പിടിച്ചുകൊണ്ടു പോകുന്നതു കണ്ട് തളര്‍ന്നു വീണ് ടീച്ചര്‍ പിന്നീട് എഴുന്നേറ്റില്ല. ആ കിടപ്പില്‍ തന്നെ അവര്‍ മരിച്ചു. അവരുടെ ചികില്‍‌സക്കായ് കുറേ പണം പലരില്‍നിന്നും കടം വാങ്ങിയിട്ടുണ്ടായിരുന്നു. ഇപ്പോള്‍ ആ മാഷും സുഖമില്ലാതെ എറണകുളം മെഡിക്കല്‍ ട്രസ്‌റ്റില്‍ കിടക്കുകയാണ്. രണ്ടു വൃക്കയുടെയും പ്രവര്‍ത്തനം തകരാറില്‍ ആയതാണത്രേ കാരണം. ഉടനെ വേണ്ടുന്ന ഒരു ഓപ്പറേഷനു വേണ്ടിയാണ് അവര്‍ അതു വില്‍ക്കുന്നത്. അദ്ധേഹത്തിന്റെ അസാന്നിദ്ധ്യത്തില്‍ അവിവാഹിതയായ അദ്ധേഹത്തിന്റെ മകളാണ് നടത്തുന്നത്. പവര്‍ ഓഫ് അറ്റോര്‍‌ണ്ണിയൊക്കെ ശരിയാക്കി പകുതി പണം കൊടുത്തു.
വിശ്വന്‍ പിന്നെയും മറ്റെന്തൊക്കയോ ബിസിനസ് കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നെങ്കിലും മനസ് മാധവന്‍ മാഷിന്റെ കുടുമ്പത്തെ ചുറ്റി ആയിരുന്നതിനാല്‍ ഒന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല.
വീടെത്തി വണ്ടിയില്‍ നിന്നിറങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞു.."വിശ്വം , നാളെ ഈ വസ്തു ഇടപാടുമായി ബന്ധപ്പെട്ട എല്ലാ ഡോക്യുമെന്റ്സും രാവിലെ ഓഫീസു തുറന്നയുടനെ എനിക്കിവിടെ എത്തിക്കണം"
ഡെറ്റോളിന്റേയും മരുന്നുകളുടെയും മണം തളം കെട്ടിനില്‍ക്കുന്ന ആശുപത്രി മുറിയിലേക്കു കടന്നു ചെല്ലുമ്പോള്‍ മാഷ് നല്ല ഉറക്കത്തിലായിരുന്നു. അകത്തു കയറി ആ മുഖത്തേക്കു നോക്കിയപ്പോള്‍ മനസു പറയും പോലെ.."അചഛനെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത എന്നെ, സ്വന്തം കാലില്‍ നില്‍ക്കുവാനാവും മുന്‍പ് അമ്മയും ഉപേക്ഷിച്ചു പോയപ്പോള്‍, കാറ്റിലും മഴയിലും കൂടു നഷ്‌ടപെട്ടു ചിറകുകള്‍ നനഞ്ഞ ഒരു ഒരു കുരുവികുഞ്ഞിനെ പോലെ പതുങ്ങി നിന്ന എന്നെ, സ്‌നേഹവും പരിരക്ഷയും കൊണ്ടു പുതപ്പിച്ച ഈ മഹാനെ പറക്ക മുറ്റിയപ്പോള്‍ ഒന്നു തിരിഞ്ഞി നോക്കുകപോലും ചെയ്യാതെ പറന്നു കളഞ്ഞല്ലോ ഞാന്‍..!
കസേര കട്ടിലിനോട് ചേര്‍ത്തിട്ട്, ഡ്രിപ്പ് കൊടുത്തു കൊണ്ടിരിക്കുന്ന ആ കൈത്തണ്ടയില്‍ സാവധാനം തടവികൊണ്ടിരുന്നപ്പോള്‍ മാഷ് കണ്ണു തുറന്നു. ആദ്യ നോട്ടത്തില്‍ തന്നെ എന്നെ മനസ്സിലായി. ഒന്നു പരിഭവിച്ചിരുന്നെങ്കില്‍, ഒന്നു ദേഷ്യപ്പെട്ടിരുന്നെങ്കില്‍ എന്നു ആഗ്രഹിച്ചുവെങ്കിലും തികച്ചും അന്യനായ പരിചയക്കാരനെ പോലെ മാഷ് ചോദിച്ചു. 'ങാ..അജിത് എപ്പോഴെത്തി...?'
എന്തോ വാങ്ങി കടന്നു വന്ന അശ്വതി, തന്നെ കണ്ട് തികച്ചും ഒരു അപരിചിതനെപ്പോലെ ചോദിച്ചു...എങ്ങിനെ അറിഞ്ഞു അചഛന്‍ ഇവിടെയുണ്ടെന്ന്...?
മറുപടിക്കു കാക്കാതെ അശ്വതി തുടര്‍ന്നു.
ചായ എടുക്കട്ടെ..?
ആശ്ചര്യത്തോടെ ആ മുഖത്തേക്കു നോക്കി.
അശ്വതി ഒരുപാട് മാറിയിരിക്കുന്നു..! തികച്ചും പക്വമായ സംസാരവും പ്രവൃത്തിയും സാഹചര്യങ്ങള്‍ ആക്കി തീര്‍ത്തതാകാം....!എന്തില്‍ നിന്നൊക്കെയോ ഒഴിഞ്ഞു മാറാനുള്ള തിരക്കനുഭവിച്ചു കൊണ്ടിരിക്കകയാണേന്നു മന്‍സിലായി.
ഗ്ലാസ്സില്‍ ചായ നീട്ടികൊണ്ട് അശ്വതി തുടര്‍ന്നു."അചഛനെ ഇന്നു ഡിസ്‌ചാര്‍ജ് ചെയ്യും . ബില്ല് അടക്കാന്‍‍ ചെന്നപ്പോള്‍ അടച്ചിരിക്കന്നു എന്നും ആളുടെ പേരും കണ്ടപ്പോഴെ ഞാന്‍ സംശയിച്ചു..അജിത്...പ്ലീസ് ഈ പണം തിരികെ വാങ്ങണം, വേണ്ട, എന്ത് ചേതോവികാരത്തിന്റെ പേരില്‍ ആയാലും വേണ്ടീല്യാ...! സഹതാപം കൊണ്ടാണോ..? ദൈവ സഹായത്തില്‍ പണത്തിനു ഇപ്പോള്‍ ഞങള്‍ക്ക വലിയ ബുന്ധിമുട്ടില്ല...അചഛനെ ശൂശ്രൂഷിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം ഒന്നു മാത്രമാണ് എനിക്കിപ്പോള്‍ ജീവിക്കുവാനുള്ള പ്രചോദനം തന്നെ. അതിലും മറ്റൊരാളുടെ സഹായം ഇടകലര്‍ത്താന്‍ ഞാന്‍ ഇഷ്‌ടപ്പെടുന്നില്ല.
മോളെ..മാഷ് ദയനീയമായി അശ്വതിയെ വിളിച്ചു.
ഇല്ല സര്‍ അശ്വതി പറഞ്ഞതാണു സത്യം ..പറഞ്ഞോട്ടെ..
കൈയ്യില്‍ കരുതിയിരൂന്ന ആധാരവും അനുബന്ധ പ്രമാണങ്ങളും കട്ടിലില്‍ മാഷിന്റെ സമീപത്തു വച്ചിട്ടു പറഞ്ഞു."അശ്വതി പറഞ്ഞതു പോലെ ഇതൊരു കടം വീട്ടലല്ല. പണ്ട് വിശന്നോടി വരുമ്പോള്‍ ടീച്ചറമ്മ തന്നിട്ടുള്ള ഒരു പിടി ചോറിന്റെ വിലപോലും ഇതിനില്ലെന്നെനിക്കറിയാം..ആ ടീച്ചറമ്മ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണ്, നിങ്ങളുടെ കണ്ണിരിന്റെ നനവുള്ള ഈ കടലാസു കെട്ടുകള്‍ എന്റെ ഓഫീസ് സേഫിലിരുന്നാല്‍ അതു പുകയുന്ന ഒരു നെരിപ്പോടു കണക്കെ എല്ലാം കത്തിച്ചു ചാമ്പലാക്കി കളയും. അതു കൊണ്ട്..അതുകൊണ്ടു മാത്രം , ഇതു വാങ്ങി വീട്ടില്‍ തന്നെ ഭദ്രമായി കൊണ്ടുപോയി വച്ചേക്കൂ..."
നിശബ്‌ദമായ ചില നിമിഷങ്ങള്‍ക്കു ശേഷം ഞാന്‍ തുടര്‍ന്നു..സാര്‍.., 'ഞാന്‍ അരുണിനെ കണ്ടിരുന്നു. അരുണിനു ഒരുപാടു വിഷമമുണ്ട്. അവന്‍ മനസ്സു മാറി പുതിയ ഒരാളായി കഴിഞ്ഞിരിക്കുന്നു. അവന്‍ നേരിട്ട് കുറ്റം ചെയ്തിട്ടില്ലാത്തിടത്തോളം നല്ലോരു അഡ്വ‌ക്കേറ്റ് വിചാരിച്ചാല്‍ അവനെ ഇറക്കാവുന്നതേയുള്ളു. അവനെ ഞാന്‍ എത്രയും പെട്ടെന്നു സാറിന്റെ മുന്നില്‍ കൊണ്ടു നിര്‍ത്തി തരും. വൈകിയെങ്കിലും എന്റെ ഗുരുദക്ഷിണയായി..'
പതിയെ എഴുനേറ്റ് മാഷിന്റെ അടുത്തു ചെന്നിട്ടു പറഞ്ഞു..."ഇപ്പോള്‍ ഞാന്‍ പൊയ്ക്‌ക്കോട്ടെ സാര്‍...വീട്ടിലീക്കു പിന്നീട് വരാം"
ങൂം...
മേശയില്‍ ചാരിനില്‍ക്കുന്ന അശ്വതിയുടെ അടുത്തു ചെന്നു വിസിറ്റിം കാര്‍ഡ് കൊടുത്തിട്ടു പറഞ്ഞു..പിണക്കമൊന്നും ഇല്ലെങ്കില്‍ വല്ലപ്പോഴും വിളിച്ചൂടെ....?
പിന്നെ അശ്വതീ, ഇപ്പോള്‍ മനസില്‍നു വളരെ ആശ്വാസം തോന്നുന്നു. ഏതൊക്കെയോ അദൃശ്യഭാരം ചുമലില്‍ നിന്നും ഇറക്കി വച്ചതു പോലെ..ഒരു കടം കൂടി വീട്ടാന്‍ അശ്വതി എന്ന അനുവദിക്കാമോ...? പണ്ട് എനിക്കു വേണ്ടി ഊരിയ കമ്മലിനു പകരം ഒരു തരിപ്പൊന്നു ഞാന്‍ അശ്വതിക്കു തിരികെ തന്നോട്ടെ..? ഒരു മഞ്ഞ ചരടില്‍ കോര്‍ത്ത്...?പഴയ അടിച്ചു തളിക്കാരിയുടെ മകനാണെങ്കിലും സ്വന്തം കാലില്‍ നില്‍ക്കുന്ന ഒരു അജിത് ആയാണ് പറയുന്നത്..
മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും.. തെളിവെള്ളത്തിലെ പരല്‍മീന്‍ പോലെ അശ്വതിയുടെ നിറഞ്ഞകണ്ണൂകള്‍ എന്നോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..!
മുന്നോട്ട് നടക്കുന്നതിനിടെ മനസില്‍ ഒരുള്‍‌വിളി.. അശ്വതി വിളിച്ചുവോ..?
വെറുതെ തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടു..നിറഞ്ഞ കണ്ണൂകളില്‍ നിന്നും അടര്‍ന്നു വീഴാന്‍ മടിച്ച് കണ്‍പീലികളില്‍ തൂങ്ങിനില്‍ക്കുന്ന കണ്ണീര്‍ കണങ്ങള്‍ ആശുപത്രി നിയോണ്‍ വെളിച്ചത്തില്‍ രത്‌നങ്ങള്‍ പോലെ തിളിങ്ങുന്നു..!കൈയിലിരുന്ന വിസിറ്റിങ്ങ്കാര്‍ഡ് അറിയാതെയെങ്കിലും നെഞ്ചോട് ചേര്‍ത്തു പിടിച്ചിരിക്കുകയായിരുന്നു...!
സന്തോഷത്തോടെ, സമാധാനത്തോടെ കാറിനടുത്തേക്കു നടക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു.."ക്ഷമിക്കുവാനും മാപ്പു തരുവാനും ദൈവത്തിനും പിന്നെ ഭൂമിയില്‍ പുണ്ണ്യം ചെയ്തവര്‍ക്കും മാത്രമല്ലേ കഴിയൂ...?!