
തെന്നെലിന്‍ തേരേറിയിന്നലെ നിന് സ്വരം
കിന്നരമായെന്‍ കാതില്‍ വന്നു
അഷ്ടമുടിക്കായലിലോളങ്ങള്‍ ചിരിതൂകും
കൗതുകമായെന്‍ മനസ്സുണര്‍ന്നു.
കാണുവാനാകുമോ പൂങ്കുയില്‍ പൂമുഖം
ഒന്നൊരു മാത്രയെന്‍ മുന്‍പിലെങ്കില്‍
എഴുതിടും ഞാനെന്‍ ജീവനില്‍ നിന് കിളി-
ക്കൊഞ്ചലില്‍ ചാലിച്ച പ്രേമഗാനം
പാടൂ നീ, നിന് സ്വര മാധുരി തീര്‍ത്തതില്‍
നിര്‍വൃതിയായെന്നെ ഞാന്‍ മറക്കാന്‍.
പുള്ളിക്കസവുള്ള ചേലയുടുത്തു നീ
പുള്ളിക്കുയിലായ് മാറീടുമ്പോള്‍
ആത്മാവില്‍ കത്തുന്ന മോഹവുമായ് ഞാന്‍
വന്നിടും വെള്ളാനിക്കുന്നിറങ്ങി.
കുളിരാര്‍ന്ന രാവിന്റെ വിരിമാറില്‍ പൂനിലാ
ചോലയിലൊന്നിച്ചുറങ്ങിടാമോ..?
കളകൂജനങ്ങള്‍ കേട്ടുണരും പ്രഭാതത്തില്‍
അരുണ കിരണങ്ങള്‍ മഞ്ഞുരുക്കി
മഴയായി നമ്മെ നയിക്കും തണുപ്പിലീ
കൊക്കുകള്‍ ചേര്‍ത്തു കുളിച്ചിടാമോ..?
കസവാട ചാര്‍ത്തഴിച്ചീറനുണക്കുവാന്‍
വെയില് കായും നേരമൊന്നോര്‍ത്തു പോവും
സ്നേഹത്തില്‍ തന്ത്രിയില്‍ ശ്രുതിമീട്ടി രാത്രി നാം
ഒരുമിച്ചു പാടിയ മധുര ഗാനം
തെളിയുമാകാശത്തിന്നതിരുകള്‍ നോക്കിനീ
ചിറകടിച്ചെങ്ങോ പറന്നിടുമ്പോള്‍
വരുമോ വസന്തമേകാന്തമാം ജീവനില്‍
സുഖമുള്ളൊരോര്‍മ്മയായ് നീ വീണ്ടും..?