ഒരു നഷ്ടസ്വപ്നത്തിന്റെ ഓര്‍‌മ്മയ്ക്ക്

on Friday, November 6, 2009

എന്നും പതിവുള്ളതെങ്കിലും
ഇന്നത്തെ സംഗമം വിരഹത്തിന്റേതാകുമെന്ന്
ഒരിക്കലും കരുതിയിരുന്നില്ല
പതിവ് പൊലെ
ഞങ്ങൾ കണ്ണും കണ്ണും നൊക്കിയിരുന്നു
ഏറെ നേരം,
ഒന്നും മിണ്ടിയില്ലെങ്കിലും
ആ മൌനം വാചാലമായിരുന്നു.

എന്റെ തലയിലെ ഒന്നുരണ്ട്
വെള്ളിനൂലുകൾ നോക്കി അവൾ
മെല്ലെ മന്ത്രിച്ചുവൊ..?
“തല മുഴുവൻ നരച്ചു ഇപ്പൊഴും
ചെറുപ്പമെന്നാ ഭാവം”
മറുപടിയായ് ഞാനും ഒന്നു പുഞ്ചിരിച്ചു.
അതു പറയാൻ മറ്റാരെക്കാളും
അവൾക്കാണല്ലോ അർഹത
എന്റെ സ്വപ്നങ്ങൾ, ആശകൾ,
മോഹങ്ങൾ, മോഹഭംഗങ്ങൾ
എല്ലാം, എല്ലാം തുറക്കുന്നത്
അവൾക്ക് മുന്നിൽ മാത്രമായിരുന്നു.
എല്ലാ രഹസ്യങ്ങളും അറിയുന്നവൾ !.
കുറേ നല്ല വശങ്ങൾ ഏറ്റ് പറഞ്ഞ്
സുഹൃത്തുക്കൾ എന്നെ സുഖിപ്പിക്കുമ്പോൾ
എന്റെ പോരായ്മകൾ തുറന്നു പറയുന്നത്
അവൾ മാത്രമായിരുന്നല്ലൊ.

ഈ മനസ്സിലേക്ക് ഇടയ്ക്കിടെ വിരുന്നു വരുന്ന
ഒരു അജ്ഞാത സുന്ദരിയെക്കുറിച്ച്
അവളോട് പറയുമ്പോൾ ഒരു കള്ളച്ചിരി
എന്റെ മുഖത്ത് മിന്നിമറഞ്ഞിരുന്നൊ..?
തെറ്റെന്നറിഞ്ഞിട്ടും
എന്നെ കുറ്റപ്പെടുത്താതെ അവൾ
അപ്പോഴും പുഞ്ചിരിക്കുകയായിരുന്നു.
എല്ലാം ശരി മാത്രമെന്നവൾ
നിശബ്ദമായി എന്നൊട് മന്ത്രിച്ചു

ഒരുപാട് സ്നേഹത്തോടെ
മെല്ലെ കുറച്ചു അടുത്ത് ചെന്ന്
അവളെയെടുത്ത് ഈ നെഞ്ചോട്
ചേർത്ത് ഒരു സ്നേഹസമ്മാനം നൽകാൻ
ചുണ്ടോടടുപ്പിയ്ക്കുമ്പോഴായിരുന്നു !!
ഒരു ചെറിയ കൈപ്പിഴ !!

തകർന്ന മനസോടെ
അതിലെറെ ദുഖത്തോടെ,
പൊട്ടിത്തകർന്നു നിലത്തു കിടക്കുന്ന
അവളെ ഒന്നു നൊക്കുമ്പോഴും
അവൾ പതിവുപോലെ എന്നെ നോക്കി
പുഞ്ചിരിക്കുകയായിരുന്നു.

അവസാനം,
തുത്തുവാരി വേസ്റ്റ് ബോക്സിലിട്ടിട്ട്
അൻപത് റിയാലു കൊടുത്ത്
അതിലും നല്ലൊരു കണ്ണാടി വാങ്ങി
ഞാനെന്റെ മുറിയിൽ തുക്കി.

17 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

ഒരു നഷ്ടസ്വപ്നത്തിന്റെ ഓര്‍‌മ്മയ്ക്ക്....

ദിലീപ് വിശ്വനാഥ് said...

നന്നായിട്ടുണ്ട് നജീമിക്കാ.

മാണിക്യം said...

പ്രണയത്തിന്റെ തീവ്രത അനുഭവിച്ചു വന്നപ്പോള്‍
ഒരു നിമിഷം കൊണ്ട് പൊട്ടിതകരുന്ന
പിന്നെ ഒരിക്കലും പഴയതുപോലെ ആവാത്ത
ഒരു ബന്ധത്തിന്റെ കഥ..
എന്നൊക്കെ മനസ്സില്‍ വന്നതാ..

വിചാരംകൊണ്ടും വാക്കുകള്‍ കൊണ്ടും പ്രണയിക്കാം
ചുണ്ടുകൊണ്ടും വിരല്‍തുമ്പുകൊണ്ടു പ്രണിയിച്ചാല്‍
ദേ ഇതുപോലിരിക്കും! :)

എത്ര മനോഹരമായ നിര്‍മലമായ ഒരു കവിത !
കവിത വായിച്ച് ഓര്‍ത്ത് ചിരിക്കാം.
നല്ല നര്‍മ്മം!

അനൂപ് കോതനല്ലൂർ said...

കൊള്ളാം വായിച്ചു വന്നത് നല്ലൊരു പ്രണയകഥ വായിക്കുന്ന സുഖത്തോടെയാ അവസാനം പറ്റിയ അമളി ഓർത്ത് ചിരിക്കാതെ വയ്യ.എന്തായാലും പറയാതെ വയ്യ സൂപ്പർ

Typist | എഴുത്തുകാരി said...

ഇങ്ങനെ എത്രയെത്ര നഷ്ടസ്വപ്നങ്ങള്‍, പലതും റിയാലു കൊടുത്താല്‍ കിട്ടാത്തതു്.

ഇ.എ.സജിം തട്ടത്തുമല said...

"എന്റെ പോരായ്മകൾ തുറന്നു പറയുന്നത്
അവൾ മാത്രമായിരുന്നല്ലൊ"

കണ്ണാടി നോക്കി സ്വന്തം മുഖത്തെ സദാ പ്രണയിക്കുന്നവരും, സ്വന്തം വൈരൂപ്യത്തെ ഓർത്ത് വിഷമിയ്ക്കുന്നവരും ഉണ്ട്.

സത്യത്തിൽ എല്ലാവരും സ്വയം അറിയാതെ കണ്ണാടിയെ പ്രണയിക്കുന്നവരാണ്. വഴിയെ പോകുമ്പോൾ ഒരു വാഹനത്തിന്റെയോ കടയുടെയോ ഗ്ലാസ്സ് കണ്ടാല്പോലും അറിയാതെ അതിൽ ഒന്നു നോക്കിപ്പോകുന്നവരാണു മിക്കവരും....

അവസാനം തമാശയായെങ്കിലും കണ്ണാടിയ്ക്കും കവിതയിൽ ഒരവസരം നൽകിയതിൽ സന്തോഷം!

പ്രിയ said...

ഹഹഹ ഇതാണല്ലേ ആ നഷ്ടസ്വപ്നം :))

വായനക്കാരെ (എന്നെ) മൊത്തം കണ്‍ഫ്യൂഷ്യനിലാക്കി ഈ പോക്കത്ര ശരിയല്ലല്ലോന്നോര്‍ത്ത് വന്നപ്പോ ദാ ലാസ്റ്റ് ടപ്പേ ന്ന് പൊട്ടിച്ചല്ലോ ഇക്കാ :|

:)

അപർണ said...

നല്ല കവിത...ഏറ്റവും ആത്മാര്‍ഥതയുള്ള നല്ല സുഹൃത്താണ് കണ്ണാടി എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. :)

Tijo Joy said...

thanne thaan pukazhthunathu nalathalla ketto mashe..
grt wrk anyway

SreeDeviNair.ശ്രീരാഗം said...

നജീം,
കണ്ണാടിപോലെ
മനസ്സും ...?



ആശംസകള്‍

Midhin Mohan said...

പൊട്ടിയ കണ്ണാടികള്‍ക്ക് നമ്മെ ശരിയായി പ്രതിബിംബിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിക്ക് പുതിയത് വാങ്ങിയത് നന്നായി... ബന്ധങ്ങളുടയുമ്പോള്‍ ഇന്നു എല്ലാവരും ചെയ്യുന്നത്.....
കവിത നന്നായി, നജീമിക്കാ....

തൃശൂര്‍കാരന്‍ ..... said...

അതു പറയാൻ മറ്റാരെക്കാളും
അവൾക്കാണല്ലോ അർഹത...
അതെ...നന്നായിട്ടുണ്ട്‌.

ശ്രീ said...

കൊള്ളാം നജീമിക്കാ. ഇനി ഇപ്പോ പുതിയതൊരെണ്ണം വാങ്ങുക തന്നെ :)

KRISHNAKUMAR R said...

baahya roopam maathrame kannaadiyil kaanaan kazhiyoo..baahyaroopathinte vaikalyangal maathram arinjaal poraa..ullariyanam..ullaraiyaathulla pranayavum nallathalla..athinu nalla changaathi thanne venam...kavitha nannaayittund..aashamsakal!

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

വരികളെ പെറുക്കി മനസ്സിലിട്ടു .. മറുപടിയോരുക്കി വന്നപ്പോള്‍ ഡീം... അടുത്തുണ്ടായിരുന്നെങ്കില്‍ ഒരു അടിയായിരിക്കും തരിക .. ഹ ഹ ഹ .. കൊള്ളാം മാഷേ .. രസകരം തന്നെ ..ചിന്തയും ചിരിയും ..

ഗീത said...

ഒരു കണ്ണാടിയെ കുറിച്ച്, അതു പൊട്ടിപ്പോയതിനെ കുറിച്ച്, പകരം വേറൊന്നു വാങ്ങി വച്ചതിനെ കുറിച്ച് ഇങ്ങനെ ഒരു നല്ല കവിതയെഴുതി ആളുകളെ പറ്റിച്ച നജീമിക്കാ കീ ജയ് ഹോ!

ശ്രീലക്ഷ്മി said...

നന്നായിട്ടുണ്ട് ...ആശംസകള്‍