ഒരു സ്വപ്നം....

on Thursday, January 31, 2008


തെന്നെലിന്‍ തേരേറിയിന്നലെ നിന്‍ സ്വരം
കിന്നരമായെന്‍ കാതില്‍ വന്നു
അഷ്ടമുടിക്കായലിലോളങ്ങള്‍ ചിരിതൂകും
കൗതുകമായെന്‍ മനസ്സുണര്‍ന്നു.

കാണുവാനാകുമോ പൂങ്കുയില്‍ പൂമുഖം
ഒന്നൊരു മാത്രയെന്‍ മുന്‍പിലെങ്കില്‍
എഴുതിടും ഞാനെന്‍ ജീവനില്‍ നിന്‍ കിളി-
ക്കൊഞ്ചലില്‍ ചാലിച്ച പ്രേമഗാനം
പാടൂ നീ, നിന്‍ സ്വര മാധുരി തീര്‍‌ത്തതില്‍
നിര്‍വൃതിയായെന്നെ ഞാന്‍ മറക്കാന്‍.

പുള്ളിക്കസവുള്ള ചേലയുടുത്തു നീ
പുള്ളിക്കുയിലായ് മാറീടുമ്പോള്‍
ആത്മാവില്‍ കത്തുന്ന മോഹവുമായ് ഞാന്‍
വന്നിടും വെള്ളാനിക്കുന്നിറങ്ങി.
കുളിരാര്‍‌ന്ന രാവിന്റെ വിരിമാറില്‍ പൂനിലാ
ചോലയിലൊന്നിച്ചുറങ്ങിടാമോ..?

കളകൂജനങ്ങള്‍ കേട്ടുണരും പ്രഭാതത്തില്‍
അരുണ കിരണങ്ങള്‍ മഞ്ഞുരുക്കി
മഴയായി നമ്മെ നയിക്കും തണുപ്പിലീ
കൊക്കുകള്‍ ചേര്‍ത്തു കുളിച്ചിടാമോ..?
കസവാട ചാര്‍ത്തഴിച്ചീറനുണക്കുവാന്‍
വെയില്‍ കായും നേരമൊന്നോര്‍ത്തു പോവും
സ്‌നേഹത്തില്‍ തന്ത്രിയില്‍ ശ്രുതിമീട്ടി രാത്രി നാം
ഒരുമിച്ചു പാടിയ മധുര ഗാനം
തെളിയുമാകാശത്തിന്നതിരുകള്‍ നോക്കിനീ
ചിറകടിച്ചെങ്ങോ പറന്നിടുമ്പോള്‍
വരുമോ വസന്തമേകാന്തമാം ജീവനില്‍
സുഖമുള്ളൊരോര്‍മ്മയായ് നീ വീണ്ടും..?

വെറുതേ ചില മോഹങ്ങള്‍...

on Saturday, January 26, 2008



നമ്മിലുള്ളതൊക്കെയും
മോഹമാണ് സ്‌നേഹിതാ
കിട്ടിടുന്ന നാള്‍‌വരെ
കിട്ടിടാത്ത വേദന
കിട്ടിയെങ്കിലല്പവും
തൃപ്തിയല്ല പിന്നെയും
പിന്നെയുള്ളതൊക്കെയും
നിറവിനുള്ള ചേതന
എങ്ങുമെത്തിടാതെയോ
കണ്ണുനീരില്‍ വീഴ്കയായ്

മൂന്നു മുഖങ്ങള്‍

on Tuesday, January 22, 2008

അമ്മ

ഭാര്യക്ക് സമ്മാനമായി നല്‍കാന്‍ കുറച്ച് ദൂരെ ഒറ്റക്ക് താമസിക്കുന്ന അമ്മയുടെ കരള്‍ പറിച്ചെടുത്ത് സന്തോഷത്തോടെ വീട്ടിലെക്ക് നടക്കുന്നതിനിടെ വയല്‍ വരമ്പിലെ മണ്‍ തിട്ടയില്‍ തട്ടി കാലൊന്നിടറിയപ്പോള്‍ അയാളൂടെ കൈയ്യിലെ സഞ്ചിയിലിരുന്ന കരള്‍ ഒന്ന് പിടച്ചു കൊണ്ട് പറഞ്ഞു " മോനേ, സൂക്ഷിച്ച്..."

------------------------------------------------------------------------------------------

ഭാര്യ

രോഗം തളര്‍ത്തിയ ശരീരവും ശൂന്യമായ ഭാവിയേയും ബാങ്കിന്റെ ജപ്തി നടപടികളേയും അഭിമുഖീകരിക്കനാവാതെ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച അയാള്‍ തന്റെ ഞരമ്പിലൂടെ വിഷം സിരകളില്‍ എത്തിയ ഏതോ നിമിഷത്തില്‍ തന്റെ ദുര്‍‌വിധിയോര്‍ത്തു കരഞ്ഞു.

അതേ സമയം അടുത്ത മുറിയില്‍ അയാളുടെ ഭാര്യയും കരയുകയായിരുന്നു....ഏതോ ടിവി ചാനലിലെ റിയാലിറ്റി ഷോയുടെ എലിമിനേഷന്‍ റൗണ്ട് കണ്ടിട്ടാണെന്നു മാത്രം....!!
------------------------------------------------------------------------------------------

ഒട്ടകം


മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോയ കച്ചവടക്കാരന്‍ കൈയ്യില്‍ കരുതിയിരുന്ന ഭക്ഷണപാനീയങ്ങള്‍ തീര്‍ന്ന് ദാഹത്താല്‍ ആ മരുഭൂമിയില്‍ തളര്‍ന്നു വീണു. ചുറ്റും നിഴലിന്റെ കണികപോലും കണ്ടെത്തനാവാതെ. സൂര്യതാപത്താല്‍ തളര്‍ന്നു കിടക്കുന്ന യജമാനനു സമീപം ഉണ്ടായിരുന്ന അയാളുടെ ഒട്ടകം തന്റെ കഴുത്ത്, പൊള്ളുന്ന വെയിലില്‍ നിന്നും അയാള്‍ക്ക് ഒരു ചെറു മറ സൃഷ്‌ടിച്ച് കിടന്നു. മുഖത്ത് ആശ്വാസത്തിന്റെ ഒരു തണല്‍ പതിച്ച അയാല്‍ കണ്ണു തുറന്നു. ചില നിമിഷങ്ങള്‍ക്ക് ശേഷം ചാടി എഴുന്നേറ്റ് തന്റെ കൈയിലെ ചെറിയ കത്തി ആ ഒട്ടകത്തിന്റെ വിശാലമായ കഴുത്തില്‍ പിടച്ചു നില്‍‌ക്കുന്ന ഞരമ്പുകളിലേക്ക് കുത്തിയിറക്കി. മുറിവിലൂടെ കുത്തിയൊലിച്ച ചുടുചോര കുടിച്ച് അയാള്‍ ദാഹത്തിനു ആശ്വാസം കണ്ടെത്തി.


ഒട്ടകത്തിന്റെ കണ്ണിലൂടെ കുത്തിയൊലിച്ച കണ്ണീര്‍ ഒരു നീര്‍ച്ചാല്‍ കണക്കെ മരുഭൂമിയിലെ പൊരിമണലില്‍ പതിച്ചു... തന്റെ യജമാനന്റെ ക്രൂരതയില്‍ മനം നൊന്താണൊ അതോ യജമാനന്റെ ജീവന്‍ രക്ഷിക്കാനായതിന്റെ ചാരിതാത്ഥ്യമാണൊ ആ കണ്ണീരിന്റെ സാരം..? അതറിയാന്‍ നാം മനുഷ്യന്റെ വിവേചന ബുദ്ധി മതിയാവില്ലല്ലോ...

പ്രയാണം...

on Thursday, January 10, 2008



കളിവീട് കെട്ടിനീ കളിയാട്ടമാടുവാന്‍
കളിയായുമെന്നെ വിളിച്ചതില്ല
പിന്നെ, കടലോരക്കാറ്റിലാ
കളിവീടുടഞ്ഞപ്പോള്‍
കരയാനായെന്തേ അരുകില്‍ വന്നു
മൂവാണ്ടന്‍ മാവിലെ ഞെട്ടറ്റു വീഴുന്ന
തേന്‍ കനിയ്ക്കോടി നടന്നകാലം
ഭഗവതിക്കാവിലെ ആല്‍മരച്ചോട്ടില്‍ നാം
കിന്നാരം ചൊല്ലിയിരുന്ന കാലം


ഋതുമതിയാകവേ മാറിനിന്നു
എല്ലാം നിറവാര്‍‌ന്നു തളിരിടുന്ന
കൗമാര സ്വപ്നങ്ങളില്‍
എല്ലാരും ചൊല്ലി അകറ്റി നിര്‍ത്തി
പാടില്ല കാണുവാന്‍ പോലുമത്രേ.


കാണുവാന്‍ നന്നേ കൊതിച്ചിരുന്നു
ഋതുമതിപ്പെണ്ണിന്റെ കന്നി നാണം
കേള്‍ക്കുവാന്‍ കാതോര്‍ത്തു നിന്നിരുന്നു
മന:തന്ത്രികള്‍ മീട്ടുന്ന മൃദു മന്ത്രണം
പോകൂ വിഹായസ്സിലങ്ങുമിങ്ങും നീ
എല്ലാം മറന്നൊരു പൂമ്പാറ്റയായ്

കാലത്തിനോട്

on Friday, January 4, 2008




ഏകാന്ത ജീവിയായ് ഞാന്‍ മരുവീടവെ
നിന്നെ ഞാനെത്ര പഴിച്ചിരുന്നു !
എന്നാല്‍ പിഴയോടെനിക്കു നല്‍കി നീ
ഈ ആരോമലാളെ കൈനീട്ടമായ്
പിന്നെയും നിന്റെ കളി തുടങ്ങി, കാല
ചക്രമേ നിന്‍ അജ്ഞാത കൈകളാലേ
ഏഴു കടലുകള്‍ക്കക്കരെ കൊണ്ടെന്നെ
വിട്ടു നീ ഏകാന്ത ശൂന്യതയില്‍
ഞങ്ങളെ തമ്മില്‍ പിരിച്ചെന്ത് നേടി നീ
കലി മൂത്ത കാലമേ നിഷ്ക്കരുണം ?
വാടിത്തളര്‍ന്നവള്‍ ഓരോ നിമിഷവും
വാര്‍‌ക്കുന്ന കണ്ണുനീര്‍ കണ്ടുവോ നീ ?
നീ തിരിച്ചീടുക നിന്റെ ചക്രം
വേറേ വഴിയില്ല ഞങ്ങള്‍ക്കീ ഭൂമിയില്‍
മൂകമായ് നിന്‍ മുന്നില്‍ കീഴടങ്ങാം

ഒരു പിറന്നാള്‍ ദിനം കൂടി

on Sunday, December 30, 2007



നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഡിസമ്പര്‍ 31 വൈകുന്നേരം എട്ട് മണി.

ഒട്ടും ഉപേക്ഷിക്കാനാവാത്തത് കൊണ്ട് സംബന്ധിക്കേണ്ടി വന്ന ഒരു ന്യൂ ഇയര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത് കൊണ്ട് ഇരിക്കുമ്പോഴായിരുന്നു മൊബൈലില്‍ ബാപ്പയുടെ വിളി..

" മോനേ അവള്‍ക്ക് വേദന തോന്നിത്തുടങ്ങിയത് കൊണ്ട് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവുകയാണ്. നീ ആശുപത്രിയിലോട്ട് വാ.."

അടുത്തുണ്ടായിരുന്നവരോട് മാത്രം പുതുവത്സരാശംസകള്‍ നേര്‍ന്ന് നേരേ ആശുപത്രിയിലേക്ക് തിരിക്കുമ്പോള്‍ മനസ്സില്‍ വല്ലാത്തൊരു സന്തോഷം ആദ്യമായി ഒരച്ഛനാകുന്നതിന്റെ ത്രില്‍..

അതിനിടെയാണ് വീട്ടില്‍ സഹായത്തിനായി നിന്നിരുന്ന സുബൈദത്തയുടെ ഒരു തമാശ കമന്റ് എന്റെ മനസ്സില്‍ ഒരു ഞെട്ടലോടെ കടന്നു പോയത്..

" മോനെ ഭര്‍ത്താക്കന്മാരുടെ മനസ്സും സ്വഭാവവും പോലിരിക്കും ഭാര്യമാരുടെ പ്രസവവും.."

ഞാനാണെങ്കില്‍ പിന്നെ പറയണ്ടല്ലോ.

പടച്ചവനേ ഞാനിങ്ങനെ ആയിപ്പോയതിന് അവളെ ഇട്ട് കഷ്ടപ്പെടുത്തല്ലേ, എന്ന് ഇതിനിടെ അല്ലാഹുനോട് മനസ്സില്‍ എന്തായാലും ഒരു മുന്‍‌കൂര്‍ ജാമ്യം എടുത്തു.

പിന്നൊരിക്കല്‍ ‍ഇതേ ഇത്താത്ത പറഞ്ഞ മറ്റൊരു കമന്റ് ആയി പിന്നീട് മനസ്സില്‍.

"ഈ സമയത്ത് അവള്‍ എന്ത് ചോദിച്ചാലും സാധിച്ചു കൊടുക്കണം കേട്ടോ, ഇല്ലെങ്കില്‍ വയറ്റില്‍ കിടക്കുന്ന കുഞ്ഞിനാ അതിന്റെ ക്ഷീണം."

അതുവരെ അവള്‍ ആവശ്യപ്പെട്ട ലിസ്റ്റുകള്‍ ഒക്കെ മനസ്സിലൂടെ ഒന്നൂടെ റീവൈന്റ് ചെയ്തു. വല്ലതും വിട്ടുപോയോ എന്നറിയണമല്ലോ. എന്തായാലും അങ്ങിനെ ഒന്നും ഓര്‍മ്മ വരുന്നില്ല ഭാഗ്യം.

അങ്ങിനെ ആശുപത്രിയില്‍ എത്തി. അവിടേയും താത്തയുടെ കമന്റ് ..

"നീയെന്താടാ മോനേ ഇങ്ങനെ..? അകത്തോട്ട് കൊണ്ട് പോയ അവള്‍ക്ക് പോലും ഇല്ലായിരുന്നല്ലോ ഇത്ര ടെന്‍ഷന്‍..?"

ഇത്തയെ കൊണ്ട് ഞാന്‍ തോറ്റെങ്കിലും , ആ സമയത്ത് കുരുത്തക്കേട് വാങ്ങി വയ്ക്കണ്ടാ എന്ന് വച്ചു മാത്രം മറുപടി പറയാതെ ക്ഷമിച്ചു.

ലോകം മുഴുവന്‍ പുതുവത്സരം ആഘോഷിക്കമ്പോള്‍ പിന്നെ ഞാനായിട്ട് എന്തിനാ എന്ന് വിചാരിച്ചിട്ടോ എന്തോ, രാത്രി 11 മണിയോടെ മോള്‍ ഞങ്ങളിലേയ്ക്ക് എത്തിച്ചേര്‍ന്നു.

നെസ്ലിമോള്‍ എന്ന് പേരും ഇട്ടു. ഇപ്പോള്‍ അവള്‍ സസുഖം നാട്ടില്‍.

മുന്‍ തീരുമാനപ്രകാരം നാട്ടില്‍ ലീവിന് ചെന്ന് നെസ്ലി മോളുടെ പിറന്നാള്‍ കൂടണം എന്നുണ്ടായിരുന്നു. അവസാന നിമിഷത്തിലെ ചില കാരണങ്ങള്‍ കൊണ്ട് അത് മാറ്റിവക്കേണ്ടി വന്നു.

ങാ... പിന്നെ ഞാന്‍ പറഞ്ഞു വന്നതെന്താന്ന് വച്ചാ , ഈ സന്തോഷ മുഹൂര്‍ത്തത്തില്‍ ഇവിടെ എത്തിയ എല്ലാവരും ദേ, ഇഷ്ടമുള്ള കേയ്ക് പീസ് എടുത്തിട്ടേ പോകാവൂട്ടോ...






തത്ത്വമസി

on Thursday, December 27, 2007

പുതു വര്‍ഷത്തിലേക്ക് കടന്ന് ചെല്ലുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും മനസില്‍ ഒരു നിമിഷം ചിന്തിക്കാന്‍..!
( അറബിക്കഥ എന്ന ചിത്രത്തിലെ "ചോര വീണ മണ്ണില്‍" എന്ന ഈണം.. )




വ്യര്‍‌ത്ഥമെന്ന് ജീവിതം തത്വമോതി വെയ്ക്കയായ്
കൂട്ടിവച്ചതത്രയും കൂട്ടിനില്ല മാത്രയില്‍,
നഷ്ടമെന്ന് ചൊല്ലുവാന്‍ ശിഷ്ടമില്ല ജീവിതം
മായയെന്ന് ചൊല്ലിടും മണ്ണിലുള്ളതൊക്കെയും
മിന്നല്‍ പോലെ മാറിടും കണ്ണിലുള്ളതൊക്കെയും
പിഞ്ചു കുഞ്ഞുനെപ്പൊഴും പാല് തന്നെ സദ്‌ഗുണം
വെള്ളമില്ലാമണ്ണില്‍ പൊന്ന് വിളയില്ലപോല്‍
കണ്ണുനീര് കാണ്‍‌കിലും ഉള്ളിലലിഞ്ഞു പോയീടാ-
പെണ്ണിനുള്ളതൊക്കെയും പൊന്ന് പോലെ കാത്തിടാന്‍


കേഴുവാനറിഞ്ഞിടാതെ വന്നതാര് ഭൂമിയില്‍ ?
കേഴുമെങ്കില്‍ വാഴുവാന്‍ അറിഞ്ഞിടാതെ പോയിടും
മക്കളൊക്കെ വേറിടും അച്ഛനായി മാറിടും
പിച്ച വെച്ച മോഹമോ നെഞ്ചില്‍ നീറി നിന്നിടും
ലക്ഷ്യമെന്നതെപ്പഴും മുഖ്യമെന്ന് തോന്നുകില്‍
വന്നുചേരുമൊക്കെയും ഇല്ല തെല്ലു സംശയം
ദേഹമെന്നതാകിലോ മണ്ണിലൊന്നു ചേര്‍ന്നിടും
ദേഹിനിത്യ സത്യമായ് ഇഹം പുനര്‍‌ജനിച്ചിടും
വെട്ടിലാക്കിയൊക്കെയും കട്ടുകൊണ്ട് പോവുകില്‍
കിട്ടിടാതിരിക്കുമോ വെട്ടൊരിക്കല്‍ നേര്‍‌ക്കുനേര്‍


ചൂണ്ടിടുന്നോരു വിരല്‍ അന്യനെ ഹനിക്കുവാന്‍
പിന്നെയുള്ള നിന്‍‌വിരല്‍ ചൂണ്ടിടുന്നു നിന്നെയും
തത്വമെന്ത് സത്യമെന്ത് മിഥ്യയെന്ത് ചൊല്ലുമോ ?
കണ്ടു നീയളക്കുവാന്‍ എത്രയുണ്ട് നിന്‍‌വശം ?
ഒരു വിരലനക്കുവാന്‍ ഒന്നെഴുന്നു നില്‍ക്കുവാന്‍
നല്‍കണം മഹല്‍ പിതാ സമ്മതം കൃമി കീടമെ
നന്മ ചെയ്തു വെയ്കുകില്‍ ഓര്‍ത്തിടുന്നു പിന്‍‌മുറ
സത്യവൃത്തി ചെയ്തിടും മര്‍‌ത്ത്യനുണ്ട് നിര്‍‌വൃതി
തമ്മില്‍ നമ്മള്‍ നല്‍കുമോ സ്‌നേഹമെങ്കില്‍ ജീവിത
ശോകമാകെ മാറിടും ഭൂമി സ്വര്‍‌ഗ്ഗമായിടും
ഇന്ദ്രലോകമൊക്കെയും കണ്ടിടാത്ത സ്വസ്ഥവും
ശാന്തമാര്‍‌ന്ന നാള്‍കളും മന്നിതില്‍ നിറഞ്ഞിടും