ശിലയുടെ ദുഖം.

on Sunday, January 24, 2010

പണ്ട് താന്‍ വെറുമൊരു പാറയായിരുന്നല്ലൊ. പ്രത്യേക രൂപമോ ഭംഗിയോ ഇല്ലാത്ത വെറുമൊരു പാറക്കഷണം. ആരും ശ്രദ്ധിക്കപ്പെടാതെ ഏതോ ഒരു മൊട്ടക്കുന്നിനടുത്ത മുളം കാട്ടില്‍ യുഗങ്ങളോളം ഒളിഞ്ഞുകിടന്ന കറുത്തു പരുപരുത്ത ഒരു പാറ.

എങ്കിലും എന്നിലും ഒരു ഹൃദയമുണ്ടായിരുന്നു. അതിലോലമായ ഒരു ഹൃദയം.

ഒരുനാള്‍, ഒരു ശില്പ്പിയുടെ കൈപ്പിടിക്കുള്ളില്‍ ഞെരിഞ്ഞമരാന്‍ മാത്രം വിധിക്കപ്പെട്ട ഒരു ഉളി സ്നേഹത്തോടെ എന്റെ കാതില്‍ മെല്ലെ മൊഴിഞ്ഞു
"നിന്നില്‍ ഒരു സൗന്ദര്യമുണ്ട്. അല്ല, നീ തന്നെ സൗന്ദര്യമാണ് ഈ വിരൂപ ദേഹത്തില്‍ നിന്നും നിനക്കൊരു മോചനം കൊതിക്കുന്നില്ലേ..?

തന്റെ ശരീരത്തിലാകമാനം അവള്‍ തുളഞ്ഞു കയറുമ്പോഴും ഞാന്‍ വേദന കടിച്ചമര്‍ത്തി. എപ്പോഴോ ഒരിക്കല്‍ അവള്‍ എന്റെ ഹൃദയത്തില്‍ തന്നെ തറച്ചു കയറി. വേദന കൊണ്ട് പിടഞ്ഞെങ്കിലും ഹൃദയ ധമനികളിലൂടെ രക്തം പൊടിഞ്ഞു വെങ്കിലും ഞാന്‍ സന്തോഷിച്ചു. എല്ലാം എന്റെ മോക്ഷത്തിനല്ലേ.
അവസാനം ഞാനും ഒരു സുന്ദരനായി. ആരും ഇഷ്ടപ്പെടുന്ന, നോക്കി നിന്നുപോവുന്ന ഒരു സുന്ദര ശില്പ്പമായി !.

അതിനിടയില്‍ തന്റെ ഹൃദയത്തില്‍ തറച്ച, എന്നെ ഈ ഞാനാക്കിയ ആ കറുത്തുമെലിഞ്ഞ സുന്ദരിയെ ഞാന്‍ ഒരുപട് ഇഷ്ടപ്പെട്ട് പോയെന്ന് വൈകിയെങ്കിലും മനസിലായി. അവള്‍ എന്നും എന്നെ കുത്തിനോവിച്ചിട്ടേയുള്ളുവെങ്കിലും എനിക്ക് പ്രിയപ്പെട്ടവളായി മാറിക്കഴിഞ്ഞിരുന്നു.

ഏതോ ഒരു പുതുപ്പണക്കാരന്റെ ഷോക്കേസിലെ കണ്ണാടിക്കൂടിനുള്ളിലെ ഒരുകൂട്ടം ഫോറിന്‍ പാവകള്‍ക്കിടയില്‍ ഞാനും പ്രതിഷ്ടിക്കപ്പെട്ടു. ഒറ്റപ്പെടലിന്റെ തീവൃത അന്നാദ്യമായി ഞാന്‍ തിരിച്ചറിഞ്ഞു. മനസെന്നും അവളിലേയ്ക്ക് കുതിച്ചുയരാന്‍ വെമ്പല്‍ കൊണ്ടു.

വികൃതമായ ആ പാറക്കഷണം മാത്രമായിരുന്നു താനെങ്കിലെന്ന് പലവുരു ഓര്‍ത്തുപോയി.

അന്ന് തന്റെ അടുത്തിരുന്ന ഒരു ഫോറിന്‍ പാവക്കുട്ടി ഒരു തമാശപോലെ എന്നോട് പറഞ്ഞു.

"അവളൊക്കെ നിന്നെ എപ്പോഴേ മറന്നിട്ടുണ്ടാവും ഇപ്പോള്‍ മറ്റേതെങ്കിലും ഒരു ശിലയുമായ്..!?"

തന്റെ മനസ്സു മന്ത്രിക്കുന്നുണ്ടായിരുന്നു. ഇവിടെ നിന്നും തനിക്കൊരു മോചനമുണ്ട്. അധികം അകലെയല്ലാതെ എനിക്കവളിലേയ്ക്ക് എത്തിച്ചേരാനാവുമെന്നും.

സ്വപ്ന സാക്ഷാത്കാരമെന്നോണം ഒരിക്കല്‍ ആരുടെയോ കൈതട്ടി നിലം പതിച്ച എന്റെ മനസ്സും ശരീരവും ശിഥിലമായി. വിരഹത്തിന്റെ ഭാരവും വിട്ടകന്നതിനാലാവം ഭാരരഹിതനായി കഴിഞ്ഞിരുന്നു

ഇന്ന്...

ഇന്നു ഞാന്‍ ആ പുതുപ്പണക്കാരന്റെ പറമ്പിലെ അനാഥമായ ഏതോ മൂലയില്‍ ആര്‍ക്കും വേണ്ടാതെ കിടക്കുമ്പോഴും എന്നെ ഞാനാക്കിയ, എന്റെ മോഹങ്ങള്‍ക്ക് നിറവും രൂപവും പകര്‍ന്ന, ഇപ്പോഴും ആ ശില്പ്പിയുടെ കൈകളാല്‍ തടവിലാക്കപ്പെട്ടു കിടന്നു നെടുവീര്‍‌പ്പിടുന്ന അവലുടെ ഓര്‍മ്മയില്‍ മയങ്ങി ഇനി ഞാനുറങ്ങട്ടെ

യുഗങ്ങളോളം....

20 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

എന്റെ മോഹങ്ങള്‍ക്ക് നിറവും രൂപവും പകര്‍ന്ന, ഇപ്പോഴും ആ ശില്പ്പിയുടെ കൈകളാല്‍ തടവിലാക്കപ്പെട്ടു കിടന്നു നെടുവീര്‍‌പ്പിടുന്ന അവലുടെ ഓര്‍മ്മയില്‍ മയങ്ങി ഇനി ഞാനുറങ്ങട്ടെ

യുഗങ്ങളോളം....

അനൂപ് കോതനല്ലൂർ said...

ഒരു പാവം ശില്പം.ഇതില് മനുഷ്യന്റെ സ്വാർത്ഥയും എങ്ങുമെത്താത്ത ദുരാഗ്രഹങ്ങളും കൂടി ചേരുന്നു.

മാണിക്യം said...

ചില വേദനകളില്‍ നിന്നാണ്
പ്രണയങ്ങള്‍ ഉണ്ടാകുന്നത്.
തിരിച്ച് കിട്ടണം എന്ന് പ്രതീക്ഷിക്കാതെ പ്രണയിച്ചാല്‍
വേദനകളില്‍ നിന്നും മോചനവും ഉണ്ടാവും...
ശിലയില്‍ നിന്ന് ശില്പത്തെ സൃഷ്ടിച്ച ശില്പിയുടെ കയ്യിലെ വെറും ഉപകരണമാവുന്ന ഉളി
ശിലയുമായി തട്ടിയും മുട്ടിയും മനോഹര ശില്പം രൂപപ്പെടുത്താന്‍ യത്നിച്ച ഉളിക്ക്
പ്രണയിക്കാന്‍ എന്തര്‍ഹത?

സജി said...

ഇതു എഴുതിയതു ഞാനായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു..

കാരണം.. കാരണം ഉണ്ട്..

മുരളി I Murali Mudra said...

നല്ല രചന..
പ്രഗല്‍ഭനായ ഒരു ശില്‍പ്പിയുടെ കയ്യില്‍ ഒരു പാറക്കഷണം അതിമനോഹരമായ ശില്പ്പമാവുന്നത് പോലെ...ഒരു ശിലയിലൂടെ താന്കള്‍ വളരെ നല്ല ചിന്തകള്‍ അവതരിപ്പിച്ചു..
ഭാവുകങ്ങള്‍.

ശ്രീ said...

നല്ല ആശയം!

Typist | എഴുത്തുകാരി said...

അവള്‍ ഇനി അവിടെ എത്തുമെന്നു തോന്നുന്നില്ല. അനന്ത നിദ്രയാവും ശിലക്കു വിധിച്ചിട്ടുള്ളതു്.

SreeDeviNair.ശ്രീരാഗം said...

നജീം,

ഉളിയുടെജോലികഴിഞ്ഞാല്‍
ശില്പി ഉളിയെ എന്തിനാണ്
ഓര്‍ക്കുന്നത്?നേരെ തിരിച്ചും?

അങ്ങനെയൊന്നു ചിന്തിച്ചു
നോക്കൂ...

ശ്രീദേവിനായര്‍

പട്ടേപ്പാടം റാംജി said...

ആര്‍ക്കും വേണ്ടാതാവുമ്പോഴും എന്നെ ഞാനാക്കിയവരെക്കുറിച്ചാലോചിക്കുന്നത്
വലിയ ചിന്ത തന്നെ.
ആശംസകള്‍.

കാപ്പിലാന്‍ said...

ഇതിലേതാ ശില ?
ആരാ ഉളിപ്പാരാ ?
നല്ല കഥയാണ് കേട്ടോ നജീം . superb

ബഷീർ said...

ചിന്തനീയമായ കഥ.

മഴവില്ലും മയില്‍‌പീലിയും said...

കുറെ നാള്‍ കൂടിയാണ് ബ്ലോഗ് വായിക്കണമെന്ന് വീണ്ടും തോന്നിയത്...:) ഇഷ്ടപ്പെട്ടു

mini//മിനി said...

ശിൽ‌പ്പി ഇനിയും പുതിയ ശിലകളിൽ പുതിയ ശില്പങ്ങൾ നിർമ്മിക്കും. അവയുടെയും ഗതി ഇതുപോലെ തന്നെ..

മുഫാദ്‌/\mufad said...

വേദന കൊണ്ട് പിടഞ്ഞെങ്കിലും ഹൃദയ ധമനികളിലൂടെ രക്തം പൊടിഞ്ഞു വെങ്കിലും ഞാന്‍ സന്തോഷിച്ചു. എല്ലാം എന്റെ മോക്ഷത്തിനല്ലേ.




ക്ഷണിക സുഖങ്ങളോടുള്ള ആര്‍ത്തിയെവരച്ചു വെച്ചിരിക്കുന്നു.നല്ല എഴുത്ത്.

താരകൻ said...

"♫ ഇനിയൊരു ശില്പി ഇതുവഴി വരുമോ ....
ചാരു ശില്പം തീർക്കുമോ ....
പൊന്നുളിയേന്തു മാർദ്രകരങ്ങൾ അംഗോപാംഗങ്ങൾ തീർക്കുമോ..എന്നിൽ,
അനുപമ ചാരുത പകരുമോ..."♫ എവിടെയോ കേട്ടുമറന്നൊരു ഗാനം....

ശ്രദ്ധേയന്‍ | shradheyan said...

വ്യത്യസ്തതയുള്ള രചന. ഹൃദ്യമായ ഒരു ഒഴുക്കുമുണ്ട്. അഭിനന്ദനങ്ങള്‍.

ഒഴാക്കന്‍. said...

nice!!

parakkandy said...

ശിലയുടെ ദുഃഖം വായിച്ചു നന്നായിട്ടുണ്ട് നജീം ഭാവുകങ്ങള്‍ .....

കരീക്കാടൻ said...

"അവളൊക്കെ നിന്നെ എപ്പോഴേ മറന്നിട്ടുണ്ടാവും ഇപ്പോള്‍ മറ്റേതെങ്കിലും ഒരു ശിലയുമായ്..!?"

ഇതു വളരെ നന്നായീട്ടോ.. Meaningful…

കൊമ്പന്‍ said...

ഹൃദയം ഇല്ലാത്തവന് ഒരു പെണ്ണ് മനസ് വെച്ചാല്‍ ഹ്രദയം ഉണ്ടാകും എന്നത് സത്യമാണ്