ഒരു സൗഹൃദത്തിന്റെ ഓര്‍‌മ്മയ്ക്ക്

on Monday, October 12, 2009

സൗഹൃദം ഒരു പിച്ചളപാത്രം പോലെയത്രേ !.
ഇടയ്ക്കിടെ ഉരച്ചുമിനുക്കികൊണ്ടിരുന്നില്ലെങ്കില്‍ മറവിയുടെ ക്ലാവുപിടിച്ച് നിറം മങ്ങി അതിന്റെ ഭംഗി നഷ്ടപ്പെടും.

എന്നാല്‍ നല്ല സൗഹൃദം ഒരു മാണിക്ക്യം പോലെയല്ലെ? എവിടെ ഏത് സാഹചര്യത്തില്‍ എത്ര കാലം കിടന്നാലും അതിന്റെ ഭംഗി ഒട്ടും തന്നെ കുറയില്ല.

പണ്ട് 15 വര്‍‌ഷങ്ങള്‍ക്ക് മുന്‍പ് ബ്ലോഗും, ഓര്‍ക്കൂട്ടും, ഫേസ്‌ബുക്കും ഒന്നും സാധാരണക്കാര്‍‌ക്ക് പരിചയമില്ലാതിരുന്ന കാലത്ത് നിലവിലുണ്ടായിരുന്ന ഒരു ഫോബിയായിരുന്നല്ലൊ "തൂലികാ സൗഹൃദം". ഒരുപക്ഷേ നമ്മള്‍ ഒരിക്കല്‍ പോലും കേട്ടിട്ടില്ലാത്ത ഒരിടത്ത് നിന്നും ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഒരാള്‍ നമ്മുടെ സുഹൃത്തായ് തീരുക..!അവിടുന്നു നമ്മളെ തേടി നമ്മുടെ ക്ഷേമാന്വഷണങ്ങളും കുശലാന്വഷണങ്ങളുമായി നമ്മളെ തേടി ഒരു കത്ത് വരിക..!എത്ര രസകരമാണത്..!
അത് കൊണ്ട് തന്നെ എനിക്കുമുണ്ടായിരുന്നു നാട്ടിലും വിദേശങ്ങളിലുമായ് കുറെ നല്ല തൂലികാ സുഹൃത്തുക്കള്‍.

ഞങ്ങളുടെ ചിന്താഗതിയും, ശീലങ്ങളും, സ്വഭാവങ്ങളിലും വല്ലാത്ത സാമ്യം തോന്നിയത് കൊണ്ടോ നല്ല സുഹൃത്തുക്കള്‍ ദൈവസമ്മാനമെന്നതിനാലോ എന്നറിയില്ല അതില്‍ ഒരു സുഹൃത്ത് തൂലികാ സൗഹൃദങ്ങളുടെ ഔപചാരികതയും അകലങ്ങളും മറന്ന്‍ ഉറ്റ മിത്രങ്ങളായി മാറുകയായിരുന്നു. ആകാശ ഭൂമിക്കിടയിലെ എന്തും ഞങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാനുള്ള വിഷയമായി മാറിയിരുന്നു ആ നാളുകളില്‍. പരസ്പരം ഒരു വാശിപോലെ സ്നേഹം പകര്‍ന്നു പങ്കുവയ്ക്കുകയായിരുന്നു.
ദിവസങ്ങള്‍ എണ്ണി പോസ്റ്റ്മാനെ കാത്തിരുന്ന ഒരു കാലം.

ഞാന്‍ ഈ ബ്ലോഗില്‍ കുറിച്ചിട്ടുള്ള കഥകളും കവിതകളും അല്പമെങ്കിലും ആ ഗണത്തില്‍ പെടുത്താം എന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അതിനു പിന്നിലും ആ സുഹൃത്തിന്റെ പ്രോത്സാഹനമുണ്ടായിട്ടുണ്ട്. എന്തെങ്കിലുമൊക്കെ കുറിച്ച് കുറേ താളുകള്‍ നിറച്ച് അയച്ച് കൊടുക്കുമ്പോള്‍ ആ പൊട്ടക്കുറിപ്പുകളെ "വളരെ നന്നായിരിക്കുന്നു ഇനിയും എഴുതണം" എന്ന് പറഞ്ഞ് എന്നെ പ്രോത്സാഹിപ്പിക്കുമായിരുന്നു ആ ആത്മമിത്രം.

കാലത്തിന്റെ കുത്തൊഴുക്കില്‍, ജീവിതം ജീവിച്ചു തീര്‍ക്കാനുള്ള പരക്കം പാച്ചിലില്‍ എന്നെ ഈ പ്രവാസഭൂമയിലേയ്ക്ക് പറിച്ചു നട്ടപ്പോള്‍, എല്ലാ പ്രവാസികളേയും പോലെ ഗൃഹാതുരുത്വം ജീവിതം വിരസമായി തോന്നിത്തുടങ്ങിയപ്പോള്‍ എനിക്ക് ആശ്വാസമായ് എന്നെത്തേടി ആ സുഹൃത്തിന്റെ സന്തോഷവാക്കുകള്‍ ഈ ഗള്‍ഫിലേയ്ക്കും എല്ലാ ആഴ്ചകളിലും മുടങ്ങാതെ എന്നെ കാത്ത് എന്റെ പോസ്റ്റ് ബോക്സില്‍ കിടക്കുമായിരുന്നു. കോളജില്‍ പഠിച്ചു കൊണ്ടിരിക്കുന്ന അവനു കിട്ടുന്ന കേവലം പോക്കറ്റ് മണിയില്‍ നിന്നുമാണ് സ്റ്റാമ്പിനുള്ള പണം കണ്ടെത്തുന്നതെന്നറിയാമെങ്കിലും അരുതെന്ന് പറയാനും എനിക്കാകുമായിരുന്നില്ലല്ലോ. ഞങ്ങളുടെ മനസ്സുകള്‍ക്കിടയിലെ നിര്‍മ്മ‌ല സൗഹൃദത്തിന്റെ നൂല്‍‌പ്പാലമായിരുന്നു ആ വാക്കുകള്‍ വരികള്‍.

എന്നാല്‍ എങ്ങിനെയെന്നറിയില്ല, ചിലപ്പോള്‍ ഈ പ്രവാസജീവിതത്തില്‍ എന്റെ സഹചാരിയായ തിരക്കും മടിയുമാകാം ആ ഊഷ്മള സൗഹൃദവും മെല്ലെ മെല്ലെ നഷ്ടപ്പെടുകയായിരുന്നു.

ഞാന്‍ തന്നെ നഷ്ടപ്പെടുത്തിയ ആ സുഹൃത്തിനെ തിരികെ കിട്ടാന്‍ ഓര്‍ക്കൂട്ടിലേയും ഫേസ്‌ബുക്കിലേയും ഒരുപാട് പ്രൊഫൈലുകള്‍ തേടി അലഞ്ഞു. ഇനി അവനും ഈ പ്രവാസഭൂമിയില്‍ എത്തിയിട്ടുണ്ടോ എന്ന് കരുതി ഇവിടുത്തെ ഒരു റേഡിയോ ചാനലില്‍ ഇത്തരം സുഹൃത്തുക്കളെ കണ്ടെത്താനുള്ള ഒരു പരിപാടിയില്‍ എന്റെ കുറിപ്പു വായിച്ചു കേട്ട് ഗള്‍ഫിലെ പലയിടങ്ങളില്‍ നിന്നായി കുറേ നല്ല സുഹൃത്തുക്കളെ ലഭിച്ചുവെങ്കിലും ഞാന്‍ തിരഞ്ഞ സുഹൃത്തിനെ കണ്ടെത്താന്‍ എനിക്കായില്ല.

എന്നാല്‍ നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷം എന്നെ തോല്പിച്ച് എന്നെക്കാള്‍ വേഗത്തില്‍ അവന്‍ എന്നെ കണ്ടെത്തി..!
അവന്റേയും നീണ്ട അന്വഷണത്തിനൊടുവില്‍ കണ്ടെത്തിയ ഫേസ്‌ബുക്കിലെ എന്റെ പ്രൊഫൈലില്‍ നിന്നും എനിക്ക് മെസേജ് അയക്കുകയായിരുന്നു.

ലോകത്തിലെ മറ്റൊരു മൂലയില്‍ ,ഒരു കമ്പ്യൂട്ടറിനു മുന്നില്‍ എന്റെ തൊട്ടടുത്തെന്ന പോലെ ഒരേ സമയം ഓണ്‍‌ലൈനില്‍ ഉണ്ടായിരുന്നിട്ടും, ഈ നീണ്ട കാലയളവിലെ ഒരായിരം സംഭവങ്ങള്‍ പരസ്പരം പറയാനുണ്ടായിരുന്നിട്ടും, ഒന്നും പറയാതെ ഇരുന്നു കുറേ നേരം..!

അതേ, നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ സുഹൃത്തും എന്റെ സൗഹൃദ ശൃഘലയിലെ ഇനി ഒരിക്കലും മുറിയാത്ത കണ്ണിയായിത്തീര്‍ന്നു..

ഈ സന്തോഷ നിമിഷങ്ങള്‍ എന്റെ മനസ്സിന്റെ ഡയറിത്താളുകളില്‍ കുറിച്ചു വയ്ക്കുന്നതിനോടൊപ്പം, എന്റെ എല്ലാ നല്ല സുഹൃത്തുക്കള്‍ക്കുമായി ഇവിടേയും ഈ സന്തോഷം പകര്‍ത്തിവയ്ക്കട്ടെ..

ദേ, ഇങ്ങോട്ടൊന്നു നോക്കിയേ..!

on Friday, June 5, 2009

ഈ ജനുവരി 17- ആം തീയതിയിലെ മലയാള മനോരമയില്‍ വന്ന ഒരു വാര്‍ത്തയാണ് ദേ താഴെ കാണുന്നത്..



കൊള്ളാം നന്നായിരിക്കുന്നു..!

എന്നാല്‍ അതേ ദിവസം അതേ മനോരമ പത്രത്തില്‍ വന്ന ഒരു പരസ്യം ശ്രദ്ധിക്കൂ...




ദീപസ്തംഭം മഹാശ്ചര്യം മനോരമയ്ക്കും കിട്ടണം പണം..!

സ്നേഹഗീതം

on Sunday, March 22, 2009




പാടിത്തളര്‍ന്നൊരു തംബുരുവാണു ഞാന്‍
പാട്ടുകളെല്ലാം പ്രണയങ്ങളായ്
പാടാതെ പൊട്ടിത്തകര്‍ന്നൊരു വേണു ഞാന്‍
നാദങ്ങളോ,നിത്യം അപശ്രുതിയായ്.

പാട്ടിന്റെ പല്ലവീ പാടെമറന്നു ഞാന്‍
പാട്ടിന്റെ ഈണവും മറന്നുപോയീ
പ്രണയത്തിന്‍ ഗാനങ്ങള്‍ പാടാന്‍ തുടങ്ങീ ഞാന്‍
ശോകത്തിന്‍ ചരണങ്ങള്‍ ആലപിച്ചൂ.

മധുമാസം വന്നതും, പീലിവിടര്‍ന്നതും
മാദകമായതുമറിഞ്ഞീല ഞാന്‍.
മധുവൂറും രാവിന്റെ മഴമേഘം മാഞ്ഞതും
മഴയായ് നിറഞ്ഞതുമറിയുന്നു ഞാനിന്ന്
മഴയായെന്നില്‍ അണയുന്നു നീ നിന്നില്‍
അലിയാനായ്നിത്യം ഉണരുന്നുഞാന്‍.

താജ് മഹല്‍

on Tuesday, February 24, 2009





അറിയാതെ വന്നുനീ
പ്രണയമായ് മാറിനീ
എന്‍ ജീവനായ് പിന്നെ
ഞാനായി മാറിടുമ്പോള്‍
നഷ്ടങ്ങളായ് തീരുവാനായീടുമോ?
നിന്നുടെ മനമെന്ന മഹാ മാന്ത്രിക
കോപിച്ചീടുമോ
എന്നെയുമെന്‍‌ മനസ്സിനേയും?

നിനക്കായെന്നും കാത്തിരിപ്പൂ
നിന്‍ ഹൃദയരാഗങ്ങളോര്‍ത്തിരിപ്പൂ
നീറുമ്മനസ്സിന്റെ നോവകറ്റീടുവാന്‍
നിന്നിടാം ഞാനെന്റെ ശിഷ്ടകാലം
ഓരോ കണിക്കൊന്നപ്പൂവിലും കണ്ടിടാം
പ്രണയാര്‍ദ്രമായൊരു പുണ്യകാലം
ഓരോവാക്കിലുംകേട്ടിടാം നിന്നുടെ
മനസ്സിന്‍ മന്ത്രമുണര്‍ത്തിടും
മധുമാസകാലം

എന്‍‌ മണിക്കൂടുതുറന്നു തരാം
പിന്നെയെന്നാത്മാവില്‍ നിന്നെ
ഞാന്‍‌ പൂട്ടിവയ്ക്കാം
പറക്കുവാനാകുമെങ്കില്‍
വീണ്ടും ശ്രമിക്കൂ നീ
മനോഹരമീ വിഹായസ്സിലേയ്ക്ക്
പൂര്‍ണ്ണ സ്വതന്ത്രയായ് !

എന്നും നിനക്കായ്
ആയിരവട്ടംഞാന്‍
ആരുംകാണാതെ നന്മ നേരാം
ഏതുജന്മവും നിന്നോര്‍മ്മയാല്‍,
ഞാനെന്നും
നിന്നെക്കുറിച്ചു പ്രണയകാവ്യമെഴുതാം..!

എന്റെ വിദ്യാലയം

on Friday, February 20, 2009



മനസ്സില്‍ തെളിയുമന്തകാരത്തിന്‍
മറനീക്കിയെത്തും വെളിച്ചമേ, സ്നേഹമേ!
മറവിതന്‍ കാട്ടില്‍ പെടാതെ എന്നുടെ
മൗന ഗീതങ്ങള്‍ തന്‍ അലകളായ് മാറിയ
സരസ്വതീ ക്ഷേത്രമേ, വിദ്യാലയമേ !

അറിവിന്റെ ആദ്യകിരണമെന്നെ

ചുംബിച്ചതും നിന്നിടം
ഒരിക്കലും മറക്കാത്ത സൗഹൃദം തന്നിടം
പൊട്ടിച്ചിരിച്ചും പരിഭവിച്ചും ഞാന്‍
ഒട്ടേറേ നാളുകള്‍ വിദ്യ നേടിയൊരിടം
കഥകളും ചിരിയും കളിയും തമാശയും
കഥയാക്കി മാറ്റിക്കടന്നു പോയ് കാലവും
അവിടുത്തെ വായുവും ചരല്‍മണ്ണും പാടവും
അവിടുത്തെ പൂമര ചില്ലകളൊക്കെയും
അവിടുത്തെ പ്രാര്‍ത്ഥനാലയവും
പിന്നെ അറിവു പകര്‍ന്നൊരെന്‍
ഗുരുനാഥരേയും

ഇന്നു ഞാനോതീടട്ടെ യാത്രാമൊഴി
നന്ദിയെന്‍ അകക്കണ്ണു തുറപ്പിച്ചൊരെന്‍
സരസ്വതീ ക്ഷേത്രമേ
വരണം നിന്നരികില്‍ ഒരിക്കല്‍ കൂടി
വരും തലമുറകള്‍ക്കെന്‍ അറിവു
പകര്‍ന്നു നല്‍കാന്‍

നിനക്കായ്..

on Wednesday, February 4, 2009




ഞാനും അവളും,
ഞങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന
അദൃശ്യമായൊരു സ്വര്‍ണ്ണ നൂലായിരുന്നു
സ്നേഹം.
ഒരു ദാഹമായി, വികാരമായി
അവളത് ആവോളമെനിക്ക്
പകര്‍ന്നു തരുമ്പോള്‍,
ആ കനക നൂലുകള്‍ എന്നെ
ഒരു മുല്ലവള്ളിയെന്നോണം
വരിഞ്ഞു മുറുക്കുമ്പോള്‍
അതെന്നെ മെല്ലെ നോവിച്ചിരുന്നുവോ ?

അവളറിഞ്ഞുകൊണ്ട് ഒരിക്കലും
എന്നെ നോവിക്കില്ലെന്നറിയുമെങ്കിലും
ആ നോവിനെ ഞാന്‍ ആസ്വദിച്ചിരുന്നു
ഒരു ലഹരിപോലെ അനുഭവിച്ചിരുന്നു
എന്റെ, എന്റേതു മാത്രമായ
ഈ കാതുകളെ ഈ ചുണ്ടുകളെ
കാണാന്‍ എനിക്കൊരു
കണ്ണാടി സഹായിയാവണം
എന്നാല്‍ അവളുടെ വിടര്‍ന്ന
കണ്ണുകളില്‍ ഞാനെന്റെ
കാതുകളെ, ചുണ്ടുകളെ കണ്ടു
അവളില്‍ ഞാനെന്നെ
കണ്ടെത്തുകയായിരുന്നോ ?

പക്ഷേ,
പുലര്‍ക്കാല സ്നേഹത്തിന്‍ ദീര്‍ഘമാംനിഴലുപോലെ,
അകലങ്ങള്‍ കുറഞ്ഞ്,കുറഞ്ഞ്;
എന്നിലേയ്ക്ക് അടുത്ത്, ഒടുവില്‍
എന്റെ കാല്‍ച്ചുവട്ടിലേയ്ക്ക് മാത്രം
ഒതുങ്ങിയപ്രണയം...
അകലങ്ങളിലേയ്ക്ക്, പിന്നെ
ശൂന്യതയിലേയ്ക്ക്...
വിലയം പ്രാപിക്കുന്നു!

ഇന്നു വീണ്ടും ഞാനെന്‍
നിഴലിനെ തേടുന്നു...
എന്നെ തേടുന്ന്....
വൃഥായെന്നറിഞ്ഞും..

തപ്ത മാനസം

on Sunday, November 30, 2008




ഭാരതം മാറുന്നു ഭീകരര്‍ക്കൊക്കെയും
താവളം നല്‍കുന്നൊരമ്മ വീടായ് !
മുംബെയില്‍, ബാന്ദ്രയില്‍, നാദാപുരത്തിലും
കൂണുപോല്‍ ബോംബുള്ള കണ്ണൂര്‍ നിരത്തിലും
വട വൃക്ഷമായ് നിലകൊള്ളുമദൃശ്യമാം
തീവൃവാദത്തിന്‍ ചില്ലകള്‍ മേല്‍ക്കുമേല്‍
സ്റ്റേറ്റുകള്‍ തോറും പടര്‍ന്നീടുന്നു !!

പണമെന്ന പേരിലോ, മതമെന്ന പേരിലോ
ദേശാഭിമാനമില്ലാത്തവര്‍ നല്‍കുന്ന
പിച്ചയുമുച്ചിഷ്ടവും തിന്നവ
ധൂമകേതുക്കളായ് മാറിടുന്നു !
ഭാരത ഖണ്ഡത്തിലെങ്ങും പതിയ്ക്കുവാന്‍
ശക്തിയാര്‍ജ്ജിച്ചു വന്നീടുന്നു !

ഭാരതാം‌മ്പതന്‍ സ്വന്തമാം നടെന്നു ചൊല്ലുന്നു
വെങ്കിലും, ആ അമ്മയ്ക്കും
ചൊല്ലാവതല്ലെന്നെവിടെയെപ്പോളിടി-
വെട്ടുമാറുച്ചത്തില്‍ പൊട്ടുമോ ബോംബുകള്‍ !
ഒരുവനെ കൊല്ലുവതിനായിരമാളുകള്‍
കൂടെ മരിക്കണമെന്നതെത്ര ഭീകരം !

ലാദനോ , ഖ്വായിദയോ ഭീകരര്‍ ചൊല്ലീടാം
നെറികെട്ട രാഷ്ട്രീയ നാടകം ഭീകരം
തുണയായ് പിറന്നവന്‍, ഗുണമായ് വളര്‍ന്നവന്‍
പിണമായ് മാറുന്നു ജിഹാദിനായ്

നനവാര്‍ന്ന നയനത്തിന്നഗ്രത്തില്‍ നിന്നിറ്റു
വീഴുന്ന കണ്ണുനീര്‍ തുള്ളി നോക്കി
ഒരു തപ്ത മാനസം പേറുന്നരീ
ഭാരത മാതാവിന്‍
വ്യഥ കണ്ടു കേഴുവാനാളെവിടെ ?