ക്ലാസിഫൈഡ് പരസ്യങ്ങള്‍

on Monday, October 22, 2007

പത്രമാസികകളില്‍ എത്ര വിവിധങ്ങളായ പരസ്യങ്ങള്‍ വന്നാലും അന്നും ഇന്നും ഒരുപോലെ ആകര്‍‌ഷണീയമായി തോന്നിക്കുന്ന ഒരു വിഭാഗമാണ് ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍. അതിനു പ്രധാന കാരണം ഈ ഭുമി മലയാളത്തില്‍ നമ്മുക്കാവശ്യമുള്ളതെന്തും ഒരു കുടക്കീഴില്‍ എന്നു പറയുന്നതു പോലെ ഇതില്‍ ഉണ്ടാകും എന്നതു കൊണ്ടായിരിക്കാം.

ചില പരസ്യങ്ങള്‍ ചിന്തിക്കാനും ചിലതു ചിരിക്കാനും വക നല്‍കും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. അത്തരം ചില പരസ്യങ്ങളെ കുറിച്ച്...

ഒരിക്കല്‍ കണ്ട ഒരു പരസ്യം.

"എഴുതാനും വായിക്കാനും അറിയാത്തവര്‍‌ക്കൊരു സന്തോഷവാര്‍ത്ത !. താഴെ കൊടുത്തിരിക്കുന്ന ഞങ്ങളുടെ സ്ഥാപനവുമായി ബന്ധപ്പെടുക ഒരു മാസത്തെ കോച്ചിങ്ങ് കൊണ്ട് നന്നായി എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.."

പഷ്ട്.. എഴുതാനും വായിക്കാനും അറിയാത്തവര്‍ ഈ പത്രവും തുറന്നു പിടിച്ചിരിക്കുമോ..?

പിന്നെ ഒരു അലക്കുകടയുടെ പരസ്യം "നിങ്ങളുടെ വിലപ്പിടിപ്പുള്ള വസ്ത്രങ്ങള്‍ ഞങ്ങള്‍ മെഷീനിലിട്ട് പിച്ചിക്കീറുന്നില്ല. പകരം ഞങ്ങള്‍ തികച്ചും കൈകൊണ്ട് അവ നിര്‍‌വഹിക്കുന്നു..

"എന്താണാവോ പിച്ചിചീന്തുന്ന കാര്യമാണോ..

പിന്നെ ചില പരസ്യങ്ങള്‍ കണ്ടാല്‍ നമ്മള്‍ ഓര്‍ത്തു പോകും പിന്നെന്താ നമ്മുടെ നാട്ടില്‍ ഇപ്പോഴും തൊഴില്‍ രഹിതര്‍ കൂടൂന്നതെന്ന്. അത്തരം ഒരു പരസ്യം.

"ഡയറക്‌ട മാര്‍ക്കറ്റിങ്ങിലേക്ക് ജില്ലകള്‍ തോറും മാനേജര്‍മാരെ ആവശ്യമുണ്ട്. വിദ്യാഭ്യാസം പ്രശ്നമല്ല. മാസം 6000 മുതല്‍ 50000 വരെ ശമ്പളം !." പിന്നെന്തു വേണം!

പിന്നെയുള്ളത് ധനാകര്‍‌ഷണ യന്ത്രം.

വെറും 2000 യന്ത്രങ്ങള്‍ മാത്രമേ അവര്‍ നിര്‍മ്മിച്ചിട്ടുള്ളു എന്നും, ആദ്യം പണമടക്കുന്ന ഭാഗ്യവാന്മാര്‍ക്ക് മാത്രമേ ലഭിക്കൂ എന്ന ഒരു വാണിങ്ങും !. നമ്മള്‍ ഒരെണ്ണം വാങ്ങി വച്ചാല്‍ ധനം നമ്മളറിയാതെ അങ്ങ് വീട്ടിലെക്ക് ഒഴുകി കയറി വരും എന്നാ പറയുന്നത്. ഒരെണ്ണം വാങ്ങി വച്ചാല്‍ ഇതാ അവസ്ഥയെങ്കില്‍ ഈ 2000 യന്ത്രങ്ങള്‍ വച്ചിരിക്കുന്ന അവരുടെ സ്ഥാപനത്തില്‍ പണം വന്നു നിറഞ്ഞിട്ടുണ്ടാവമല്ലോ.. പിന്നെയും ഒരു ഡൗട്ട്. നമ്മുടെ ഖജനാവ് കാലിയാണേന്ന് ഏത് സര്‍ക്കാര്‍ വന്നാലും കേള്‍ക്കുന്ന ഒരു പല്ലവിയാണ്. ഇവര്‍ അറ്റകൈക്ക് ഒരു പരീക്ഷണാടിസ്താനത്തില്‍ ഒരു നാലഞ്ച് യന്ത്രം വാങ്ങി ആ ഖജനാവില്‍ കൊണ്ട് വച്ച് നോക്കിക്കൂടെ ?

ഇനിയും ഉണ്ട് ഇത്തരം പരസ്യങ്ങള്‍ അതെന്തെങ്കിലുമാവട്ടെ, ഇത്രയും പറയാന്‍ കാരണം കാര്യങ്ങള്‍ ഇതൊക്കെയാണെങ്കിലും ആരായാലും ഇതില്‍ വീണുപോകും എന്നാണ് . ഈ ഞാനും ഒന്നുരണ്ട് തവണ പരീക്ഷണത്തിനു മുതിര്‍ന്നിട്ടുണ്ട്.

ഒരിക്കല്‍ ഒരു പരസ്യം കണ്ടു.

"നിങ്ങളുടെ വീട്ടില്‍ മൂട്ടശല്യമുണ്ടോ..? മൂട്ടയെ നശിപ്പിക്കാന്‍ അതിനൂതനമായ ഒരു മാര്‍‌ഗ്ഗം. കേവലം 398 രൂപ മാത്രം !!.

വീട്ടില്‍ മൂട്ടശല്യം ചെറുതായി അലട്ടി വരുന്ന സമയം. ഞാന്‍ ഒന്നും ആലോചിക്കാതെ പണം മണിയോര്‍‌ഡര്‍ ആയി അയച്ചു. ഇടയ്ക്ക് ഭാര്യ പറഞ്ഞു ഒരു "HIT" വാങ്ങി നമ്മുക്ക് അടിക്കാം എന്ന് ഞാന്‍ അവളെ ആശ്വസപ്പിച്ചു നീ ഒരാഴ്ച വയിറ്റ് ചെയ്യ് " ദോഷം പറയരുതല്ലോ കൃത്യം ഒരാഴ്ചയായപ്പോള്‍ തന്നെ ഒരു മനോഹരമായ കവര്‍ പോസ്റ്റലില്‍ എത്തി.

കാരംബോര്‍‌ഡിലെ സ്‌ട്രൈക്കര്‍ പോലെ പപ്പട വലിപ്പത്തില്‍ ഒരു പ്ലാസ്റ്റിക്ക്, വളരെ ചെറിയ ഒരു പ്ലാസ്റ്റിക്ക് ചുറ്റിക, പിന്നെ സ്ത്രീകള്‍ കണ്‍‌പിരുകം പ്ലക്ക് ചെയ്യാനുപയോഗിക്കുന്നത് പോലെ ഒരു ചവണയും. കൂടെ മനോഹരമായി പ്രിന്റ് ചെയ്ത ഉപയോഗിക്കേണ്ട വിധം എഴുതിയിരുന്ന ഒരു പേപ്പറും. അതില്‍ ഇങ്ങനെ എഴുതിയിരുന്നു.

"ഇതോടൊപ്പമുള്ള ചവണ മൂട്ട ഉണ്ടെന്ന് സംശയിക്കുന്ന കട്ടിലിലോ ഭിത്തിയിലോ ഉള്ള ദ്വാരത്തില്‍ ഇട്ട് പതിയെ വലിച്ചെടുക്കുക. അതില്‍ കുടുങ്ങിയ മൂട്ടയെ ഈ പ്ലാസ്ടിക്കില്‍ വച്ച് ഒപ്പമുള്ള ചുറ്റിക കൊണ്ട് തല്ലി കൊല്ലുക !."

എന്തായാലും ആരും അറിയാതെ അതു മാറ്റിവച്ചിട്ട് ഒരാഴ്ചകഴിഞ്ഞ് "HIT" തന്നെ ഉപയോഗിച്ചു എന്നാണ് സത്യം.

അതോടെ നിര്‍ത്തിയതാണ്. പക്ഷേ പിന്നൊരിക്കല്‍ കണ്ട പരസ്യം.

"കൈയ്യക്ഷരം നന്നാക്കുവാനുള്ള പോസ്റ്റല്‍ കോച്ചിങ്ങ്. മാറ്റം നിങ്ങള്‍ക്ക് സ്വയം ബോധ്യപ്പെടും. കോച്ചിങ്ങ് ഫീസ് 400 രൂപ മാത്രം" എന്നും കേട്ടപ്പോള്‍ എനിക്കും ഒരാഗ്രഹം, ഞാന്‍ ഇക്കണ്ട കവിതയും കഥയും ഒക്കെ എഴുതി പത്രങ്ങള്‍ക്ക് അയച്ചു കൊടുക്കുമ്പോള്‍ അയക്കുന്നതിലും വേഗത്തില്‍ അതു തിരിച്ചു വരുന്നത് ചിലപ്പോള്‍ എന്റെ കൈയ്യക്ഷരം വായിക്കാന്‍ പറ്റാഞ്ഞിട്ടായിരിക്കും. എന്നാല്‍ പിന്നെ ഇതൊന്ന് പരീക്ഷിച്ച് നോക്കുക തന്നെ.ഞാന്‍ 400 രൂപയുടെ മണിയോര്‍ഡര്‍ അയച്ചു. ഒരാഴ്ചക്കകം മറുപടി വന്നു. ഞങ്ങളുടെ കോഴ്‌സില്‍ ചേര്‍ന്നതിന്ന് നന്ദി രേഖപ്പെടുത്തുന്നു എന്നൊക്കെയായി. ഒപ്പം "ഖസാക്കിന്റെ ഇതിഹാസ" ത്തില്‍ നിന്നും കീറിയെടുത്ത ഒരു പത്തു താളുകളും പിന്നെ ഒരു ഇരട്ടവരി ബുക്കും.

ആദ്യ ക്ലാസ്സ് അതാണ് ആ പത്ത് താളുകളും ഇരട്ടവരിയില്‍ പകര്‍ത്തി എഴുതി അയച്ചു തരിക.

അടുത്ത പ്രശ്നം ഇതിപ്പോ എങ്ങിനെ എഴുതും എന്നതായി ഓഫീസില്‍ ഇരുന്ന് എങ്ങിനെയാ എഴുതുക?. വീട്ടിലായാല്‍ അതില്‍ കൂടുതല്‍ നാണക്കേട് കുട്ടികള്‍ പോലും ഇതൊക്കെ എഴുതി കഴിഞ്ഞു. എന്നാലും എഴുതാതെ മറ്റു മാര്‍‌ഗമില്ലെല്ലോ. അവസാനം രാത്രി സ്വകാര്യമായി ഇരുന്ന് എഴുതാന്‍ തുടങ്ങി. ഭാര്യ അടുത്ത് ആ പരിസരത്തെങ്ങാനും വന്നാല്‍ ഞാന്‍ മറച്ചു വയ്ക്കാന്‍ ഓഫീസില്‍ നിന്നും കൊണ്ട് വന്ന ഒരു ഫയല്‍ അടുത്തു തന്നെ തുറന്നു വച്ചിട്ടുണ്ടായിരുന്നു.

ഭാര്യ വന്നു നോക്കുമ്പോള്‍ ഞാന്‍ ഭയങ്കര ജോലി "പാവം ഓഫീസിലെ തീര്‍ക്കാനുള്ള ജോലി തീര്‍ക്കുകയാവും ശല്യം ചെയ്യണ്ടാ എന്നു കരുതി ഒരു ഫ്ലാസ്ക്കില്‍ കുറേ കടുംചായയും ഉണ്ടാക്കി ഒരു ഗ്ലാസ്സും കൂടെ എന്റെ അടുത്തു വച്ച് പോയിക്കിടന്ന് ഉറങ്ങി.

എങ്ങിനേയെങ്കിലും അതൊക്കെ തീര്‍ത്ത് ഞാന്‍ അയച്ചു കൊടുത്തു അപ്പോഴും ഒരു പ്രാര്‍ഥനയേ ഉണ്ടായിരുന്നുള്ളു. ഇത്തരം പകര്‍ത്തിയെഴുത്തു മാത്രം തുടര്‍ന്നുള്ള ക്ലാസ്സുകളില്‍ വരരുതേ എന്ന്. ഒരാഴ്ചയായിട്ടും പിന്നെ കത്തൊന്നും വന്നില്ല.

ഇനി ഞാന്‍ അയച്ചു കൊടുത്തത് കിട്ടികാണില്ലെ?

എന്തായാലും സംശയം തീര്‍ക്കാന്‍ മറ്റൊരു കത്തു കൂടി അയച്ചു. ഒരനക്കവുമില്ല.

രണ്ടാഴ്ചയായി .. വീണ്ടും അയച്ചു.

മൂന്നാഴ്ചയായി .. ഒന്നു കൂടി അയച്ചു.

അങ്ങിനെ തുടരെ അയച്ചു. അങ്ങിനെ വിട്ടുകൊടുക്കാന്‍ പറ്റുമൊ ?. രൂപ 400 അല്ലെ എണ്ണികൊടുത്തത്.

അവസാനം ഞാന്‍ കത്തിന്റെ ശൈലി മാറ്റി.

" ഇത് ഞാന്‍ അയക്കുന്ന എന്റെ അവസാനത്തെ കത്താണ്. ഇനി അയക്കുക എന്റെ അഡ്വക്കേറ്റ് ആയിരിക്കും. നിങ്ങള്‍ ആരോടാ കളിയെന്നോര്‍ക്കണം. ഞാന്‍ അയച്ചു തന്ന 400 രൂപ പലിശ സഹിതം ഞാന്‍ തിരികെ വാങ്ങിയിരിക്കും നോക്കിക്കോ."

പത്തിന്റെ അന്നു തന്നെ അവരുടെ ഒരു കവര്‍ പോസ്റ്റ്മാന്‍ കൊണ്ട് തന്നു.

ആഹാ പറയണ്ട പോലെ പറഞ്ഞപ്പോ കണ്ടോ എന്ന് മനസില്‍ ഓര്‍ത്ത് കത്ത് പൊട്ടിച്ചു വായിച്ചു.

പ്രിയ സുഹൃത്തേ,

നിങ്ങള്‍ ആദ്യം അയച്ച കോപ്പി ബുക്കുമുതല്‍ നിങ്ങള്‍ അയച്ച എല്ലാ കത്തുകളും സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരായ ഞങ്ങളുടെ അദ്ധ്യാപകര്‍ സസൂഷ്മം നിരീക്ഷിച്ചു വരികയായിരുന്നു. ഞങ്ങള്‍ പ്രതീക്ഷിച്ചതിനെക്കാള്‍ വേഗതയില്‍ നിങ്ങള്‍ക്ക് പുരോഗതിയുണ്ടായിട്ടുണ്ട്. ഇനി ഞങ്ങളുടെ സേവനം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. തുടര്‍ന്നും വല്ല പത്രവാരികകളില്‍ ഒക്കെ എഴുതി കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കുക. ഞങ്ങളുടെ സേവനം പ്രയോജനപ്പെടുത്തിയതില്‍ ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്തി കൊള്ളുന്നു..
എന്ന് മനേജര്‍

24 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ശ്രീ said...

നജീമിക്കാ...
മൂട്ടയെക്കൊല്ലാനുള്ള ആ ഉപകരണം കളഞ്ഞോ?

ഇല്ലെങ്കില്‍‌ കുറച്ചു നാ‍ളത്തേയ്ക്ക് കടമായി കിട്ടുമോന്നറിയാനാ...

പിന്നെ, 400 രൂപ കളഞ്ഞു, കയ്യക്ഷരം ശരിയാക്കാനെന്നു പറയരുത്.കാരണം, ആ സ്ഥാപനത്തിലേയ്ക്ക് കത്തെഴുതി, കത്തെഴുതി കയ്യക്ഷരം നന്നാക്കിയെടുക്കുക എന്നതായിരുന്നു ആ സ്ഥാപനത്തിന്റെ തന്നെ ലക്ഷ്യം!

ഏ.ആര്‍. നജീം said...

ഓഹോ ആപ്പോ ആ മാനേജറെ കയ്യോടെ പിടികൂടി...
ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടൊ ശ്രീ ഈ കമ്പനി..?

ചന്ദ്രകാന്തം said...

എന്തായാലും, കമ്പനിയുടെ ഉദ്ദേശം കയ്യക്ഷരം നന്നാക്കുക തന്നെയായിരുന്നു. സംശയമില്ലാ....
(ചിലവു കുറഞ്ഞ മറ്റു മാര്‍ഗങ്ങളും പണ്ട്‌ നിലവിലുണ്ടായിരുന്നുവത്രെ; പ്രേമലേഖനം എഴുതി അക്ഷരം നന്നാക്കല്‍.........തടി കേടവാതെ നോക്കേണ്ടത്‌ സ്വന്തം ഉത്തരവാദിത്വം.)

ഏ.ആര്‍. നജീം said...

ഓഹോ..അപ്പോ എല്ലാവരും കമ്പനിക്ക് സപ്പോര്‍ട്ടാ അല്ലെ..
പണം പോയ എന്റെ ദുഖം ആരും കാണുന്നില്ലല്ലോ ഈശ്വരാ...

ദിലീപ് വിശ്വനാഥ് said...

നജിമിക്കാ, നല്ല കൈയക്ഷരം.

ശ്രീ said...

ഹീയ്യോ...
നജീമിക്കാ... ഞാനല്ലാ ആ കമ്പനിയുടെ മാനേജര്‍‌.... ആരാന്നു പറയില്ല. ഇവിടുത്തെ ഒരു ബ്ലോഗറു തന്നെയാ...പുള്ളി പറഞ്ഞിട്ടാ ഞാന്‍‌ നജീമിക്കായ്ക്ക് കത്തയച്ചത്... എന്നിട്ട് ആ ദുഷ്ടന്‍‌ 300 രൂപയും അടിച്ചു മാറ്റി. എനിക്കു 100 മാത്രമേ തന്നുള്ളൂ.
100 രൂപയും കൂടെ തന്നാല്‍‌ ആരാന്നു പറയാം.
ഹിഹി

വാളൂരാന്‍ said...

ഹാ...നജീംഭായ് രസികന്‍.....

സുല്‍ |Sul said...

നജീമേ
പണം പോയ നിന്റെ ദുഖം കാണാന്‍ ഞാനുണ്ട്. ഹായ് കാണാന്‍ നല്ല ചേല് :)

നന്നായിരിക്കുന്നു.

-സുല്‍

പ്രിയ said...

hahaha......

ingane mootayum aa mootaye kollan kasu ayakkunna ikkayum ullappoll ee parasyacompanikkenna ithiri kasu mudakki parasyam koduthal.. alla .. paray.. ikka thanne paray :p


ikka.. ennittikkade kaiyaksharam nannayillelum kaiyilirippu nannayille ikkaa :D

njan kooduthal onnum parayunnillleeeeeeeeee :|

സണ്ണിക്കുട്ടന്‍ /Sunnikuttan said...

നജീമെ,

എങ്ങനെ എളുപ്പത്തില്‍ കാര്യം സാധിക്കാം എന്നുള്ള നമ്മൂടെ ചിന്തകള്‍ തന്നെയല്ലെ ഇതു പോലുള്ള പരസ്യങ്ങളെ വളര്‍ത്തുന്നതും അവര് നമ്മളെ ചൂഷണം ചെയ്യുന്നതും.

പണ്ടൊരിക്കല്‍ ഞാനും ഇല്ലാത്ത കാശ് ഉണ്ടാക്കി ഒരു 350 രൂപ ഡെല്‍ഹിയിലെ ഒരു കറക്ക് കമ്പനിക്ക് അയച്ചുകൊടുത്തു. അവര്‍ ഓഫര്‍ ചെയ്തത് ഒരു ക്യാമറയായിരുന്നു. സാധനമൊക്കെ വന്നു, പൊട്ടിച്ചുനോക്കിയപ്പോള്‍ ക്യാമറ തന്നെയാണ്, പക്ഷെ അത് ഉത്സവപറമ്പില്‍ കിട്ടുന്ന 5 രൂപയുടെ കളിപ്പാട്ട ക്യാമറയായിരുന്നു എന്ന് മാത്രം. അന്ന് തട്ടിന്‍പുറത്തേക്കെറിഞ്ഞ ആ ക്യാമറ ഇതുവരെ പിന്നെ ഞാന്‍ കണ്ടിട്ടില്ല.

സഹയാത്രികന്‍ said...

ഹ.. ഹ.. ഹ... നജിമിക്കാ.... കലക്കി...

ഇതു പോലുള്ള രസികന്‍ പരസ്യങ്ങള്‍ ഇനിയും ഉണ്ടാകട്ടേ...

:)

ഓ:ടോ: ഇക്കാ മൂട്ടയെ കൊല്ലാനുള്ള ഐറ്റംസ് വന്ന കവര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് ചാലക്കുടിയില്‍ നിന്നാണോന്ന് നോക്കൂ
:)

ശ്രീ said...

നജീമിക്കാ...
ഇനിയിപ്പോ ആ മാനേജരാരാണെന്നു ഞാന്‍‌ പറയണ്ടല്ലോ, അല്ലേ? അതു ചാലക്കുടിയില്‍‌ നിന്നും പോസ്റ്റ് ചെയ്തെന്നൊരു തെറ്റു മാത്രമേ ഞാന്‍‌ ചെയ്തുള്ളൂ...

സഹയാത്രികാ, ഇനി 200 തരാന്നു പരഞ്ഞിട്ടും കാര്യല്ല, ഞാനതു പറഞ്ഞു.
ഹിഹി

സഹയാത്രികന്‍ said...

ശ്രീ... ചതിച്ചല്ലേ...?

ബ്രൂട്ടസ്സൊക്കെ നിന്റെ മുമ്പില് യെന്തൊരു ഡീസന്റ്....!
:)

മലബാറി said...

പോസ്റ്റലായി നീന്തല്‍ പടിക്കാന്‍ പോവഞതു ഭാഗ്യം

ഷാനവാസ്‌ ഇലിപ്പക്കുളം said...

നജീം സംഗതി കൊള്ളാം, ഈ മൂട്ടയെ പിടിക്കുന്ന യന്ത്രത്തെ പറ്റി മുന്‍പ്‌ കേട്ടിട്ടുണ്ട്‌:)

പ്രയാസി said...

മൂട്ടയെ കൊല്ലാന്‍ ഇത്രയും നൂതനമായ ഒരു വിദ്യ അറിഞ്ഞില്ലല്ലൊ നജീം..

പത്രം വായിക്കാത്തതിന്റെ ഓരൊ കുഴപ്പങ്ങള്‍..

എഴുത്തും വായനയും അറിയാത്തോണ്ടു ഇപ്പോ പത്രവും വായിക്കാറില്ല..!

എന്തായാലും എഴുതി പഠിക്കാന്‍ തീരുമാനിച്ചു..!

400 രൂപാ കമ്പനി പിടികിട്ടി..

ലവന്മാരെതന്നെ പൊക്കാം..

മന്‍സുര്‍ said...

നജീം ഭായ്‌...

രസികന്‍ എന്ന്‌ പറയട്ടെ....എല്ലാം ഒന്നിനെന്നു മികച്ചത്‌...
ഇത്തരം....പരസ്യങ്ങള്‍ ഞാനും വഴിയോരകാഴ്ചകളില്‍ ഇട്ടിരുന്നു.....എത്ര പറഞാലും തീരാത്ത വിഷയങ്ങള്‍ അല്ലേ....തുടരുക..... എല്ലാ ഭാവുകങ്ങളും നേരാം

നന്‍മകള്‍ നേരുന്നു

കുഞ്ഞന്‍ said...

പരസ്യങ്ങള്‍ കലക്കി അനുഭവവും രസിച്ചു..! ഇനി മേലാല്‍ ഇത്തരം പരസ്യങ്ങളിലില്‍ ചെന്നു ചാടരുത്, ജാഗ്രത...!

പണ്ട് കോളം പൂരിപ്പിച്ചുകൊടുത്താല്‍ മിക്സി കിട്ടുമെന്നുള്ള പരസ്യം കണ്ട് അയച്ചപ്പോള്‍ വിപിപി യായി വന്നപ്പോള്‍ 350/- രുപക്ക് മിക്സി കിട്ടിയതും, ആദ്യ ജൂസടിച്ചപ്പോള്‍ത്തന്നെ മിക്സിമോള്‍ പണി മുടക്കിയതും പിന്നെ 75 രൂപകൊടുത്തു നന്നാക്കികൊണ്ടുവന്ന് വീണ്ടു ജൂസടിച്ചപ്പോള്‍ വീണ്ടും കൊടി പിടിക്കുകയും ആ സക്കന്റില്‍ത്തന്നെ തട്ടിന്‍പുറത്ത് വിശ്രമ ജീവിതം നയിക്കാന്‍ അനുവദിക്കുകയും ചെയ്തു എന്റെ മിക്സിക്കുട്ടിയെ...! ഞാനാണൊ പാവം അതൊ മിക്സിക്കുട്ടിയൊ..?

മെലോഡിയസ് said...

വേണ്ടാത്ത പണിക്ക് പോകേണ്ട വല്ല കാര്യവുമുണ്ടൊ?.

പിന്നെ 400 രൂപാ പോയാലെന്താ കൈയ്യക്ഷരം ഒന്നാം തരമായില്ലെ?

അലി said...

നജീം നന്നായി...
വെറും നാനൂറ്‌ രൂപക്ക് കൈയക്ഷരം നന്നായില്ലേ! മാര്‍ഗ്ഗമേതായാ‍ലും ലക്‌ഷ്യത്തിലെത്തി.. അതുമതി. ഇനി കാശ് തിരിച്ചുകിട്ടാന്‍ ധനാകര്‍‌ഷണ യന്ത്രം വാങ്ങി വീട്ടില്‍ വെക്കാം. പിന്നെ മൂട്ടയെ കൊല്ലാതെ തന്നെ ഒഴിവാക്കനുള്ള ഐഡിയ ഉണ്ട്. അല്‍പ്പം വെണ്ണയെടുത്ത് മൂട്ടയുടെ നെറുകയില്‍ വെച്ചാല്‍ മതി. അതു മെല്ലെ കണ്ണീലേക്ക്ര് ഒലിച്ചിറങ്ങി ഒന്നും കാണാനാവാതെ അവ സ്ഥലം വിട്ടുകൊള്ളും.

തെന്നാലിരാമന്‍‍ said...

ഉള്ളതു പറയാമല്ലോ ഇക്കാ, ഈ പോസ്റ്റില്‍ ഇക്കാടെ കയ്യക്ഷരം കാണാന്‍ നല്ല രസമുണ്ട്‌. 400 രൂപ പോയാലെന്താ? :-)
ഈ മൂട്ടയെ കൊല്ലുന്ന സാധനം ഞങ്ങടെ നാട്ടില്‍ ഒരാള്‍ക്കും കിട്ടിയതായി കേട്ടിട്ടുണ്ട്‌ :-)

ഏ.ആര്‍. നജീം said...

വാല്‍മീകി : നന്ദിട്ടോ..ശൊ , ഒരാളെങ്കിലും ഉണ്ടായല്ലോ എന്റെ കൈയ്യക്ഷരം നന്നെന്നു പറയാന്‍.

ശ്രീ, മുരളി : വളരെ നന്ദി...

സുല്‍ : ആഹ ആരാരുടെ മുഖത്ത് ദുഖം വരുമ്പോള്‍ കാണാന്‍ നല്ല ചേല് അല്ലേ..നടക്കട്ടെ നടക്കട്ടെ. എന്തായാലും ഉള്ളത് തുറന്നു പറഞ്ഞതിനു നന്ദി :)

പ്രിയ : വളരെ നന്ദി. കൈയിലിരുപ്പ് അതിനൊക്കെ മുന്നേ
നല്ലതാട്ടോ...ബെസ്റ്റ്..! :)

സണ്ണിക്കുട്ടാ : ആഹ ആശ്വാസമായി എനിക്കും അപ്പോ കൂട്ടുകാരുണ്ട്. അല്ലെ..?

സഹയാത്രിക : കൊടുകൈ, തന്നെ തന്നെ അത് ചാലക്കുടീന്നു തന്നെ... :)

മലബാറി : ആ പരസ്യവും ഞാന്‍ കണ്ടിരുന്നു. ചേരണം എന്നുണ്ടായിരുന്നു.നിര്‍ഭാഗ്യവശാല്‍ ആ സമയത്ത് ശമ്പളം കിട്ടിയില്ല. അതാ...

പ്രയാസീ : അതുപോലെ എത്ര പരസ്യങ്ങള്‍. നോക്കിയാല്‍ വട്ടാകും :)

മന്‍സൂര്‍ ഭായ് : വളരെ വളരെ നന്ദി :)

കുഞ്ഞന്‍ : ഹ ഹാ അതു കൊള്ളാം അതെനിക്കിഷ്‌ടായീട്ടൊ. നന്ദി.

മെലോഡിയസ്, അലി, തെന്നാലി : വളരെ നന്ദിട്ടോ..

മറ്റൊരാള്‍ | GG said...

ഇതു പോലുള്ള രസികന്‍ പരസ്യങ്ങള്‍ ഇനിയും ഉണ്ടാകട്ടേ മാഷേ..!പിന്നെ പണം ആ രീതിയില്‍ പോയ ഒരാളുകൂടി ഉണ്ടല്ലോ എന്നറിഞ്ഞപ്പോള്‍ ഒരു സമാ‍ധാനം.

ഏ.ആര്‍. നജീം said...

മറ്റൊരാള്‍ : അഭിപ്രായമറിയിച്ചതില്‍ വളരെ സന്തോഷം. തുടര്‍ന്നും അറിയിക്കണേ