സത്യഭാമയുടെ ലോകം

on Saturday, October 6, 2007

ഇന്നത്തെ സന്ധ്യയ്ക്ക് പതിവിലധികം രക്തവര്‍‌ണ്ണം കലര്‍ന്നിരിക്കുന്നതായി അയാള്‍ക്ക് തോന്നി. എരിഞ്ഞടങ്ങാന്‍ മടിക്കുന്നത് പോലെ സൂര്യന്‍ അപ്പോഴും പടിഞ്ഞാറ് കത്തി നില്‍ക്കുന്നുണ്ടായിരുന്നു.


ആശുപത്രിയുടെ കൂറ്റന്‍ കമാനം കടന്ന് അകത്തേക്ക് അകത്തേക്ക് നടക്കുമ്പോള്‍ അയാള്‍ക്ക് വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍ പോലെ. വിലകൂടിയ കാറുകളും ബൈക്കുകളും വന്നുപെയ്‌ക്കൊണ്ടിരിക്കുന്ന ഈ വലിയ ആശുപത്രിയില്‍ പാവപ്പെട്ടവനും രോഗിയുമായ ഈ ഒറ്റകൈയ്യന് എന്താണാവോ കാര്യം?.


സര്‍ക്കാര്‍ ആശുപത്രിയില്‍ കുറേക്കാലം കയറി ഇറങ്ങിയിരുന്നെങ്കിലും നക്ഷത്രസൗകര്യമുള്ള ഈ സ്വകാര്യ മെഡിക്കല്‍ കോളേജിനു മുന്നിലൂടെ നടക്കുമ്പോള്‍ താന്‍ ഒരു പുല്‍നാമ്പിനോളം ചെറുതാകുന്നത് പോലെ.


ഇത്തരം സന്ദര്‍‌ഭങ്ങളില്‍ തന്നെ ഉപദേശിക്കുകയും ധൈര്യം തരുകയും ചെയ്യാറുള്ള സത്യഭാമയുടെ സാന്നിദ്ധ്യം അയാള്‍ വല്ലാതെ കൊതിച്ചു.


അവള്‍ കൂടെയുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ പറഞ്ഞേനേ
" നിസാറിക്ക, കമോണ്‍, നമ്മള്‍ അവരെക്കാലും ഒട്ടും താഴ്‌ന്നവരല്ല, ഉയര്‍ന്നവരും അല്ല. നമ്മള്‍ ആരെന്നോ, നമ്മുടെ കൈയ്യില്‍ എത്ര പണമുണ്ടെന്നോ, എത്ര വിലയുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നതെന്നോ മറ്റാരും ശ്രദ്ധിക്കാന്‍ പോകുന്നില്ല അവര്‍ക്ക് അവരുടെ കാര്യം നോക്കാന്‍ പോലും സമയം കിട്ടുന്നില്ല. പിന്നല്ലേ നമ്മളെ ശ്രദ്ധിക്കാന്‍ പോകുന്നത്. ഈ നിസാറിക്കക്കെന്താ..?


തന്റെ എല്ലാമെല്ലാമായിരുന്ന സത്യഭാമയുടെ ആ ആത്മവിശ്വാസമായിരുന്നല്ലോ തന്നെ ഇത്രയും കാലം ജീവിപ്പിച്ചത് തന്നെ. അല്ലെങ്കില്‍ ആ നശിച്ച രാത്രിയില്‍ തീരേണ്ടതല്ലെ എല്ലാം..?


തന്നിലെ എന്തു പ്രത്യേകതയാണ് ഭാമയെ തന്നിലേക്കടുപ്പിച്ചത്.? കോളജില്‍ ഒരുമിച്ച് പഠിക്കുമ്പോള്‍ അല്പം എഴുതുകയും ചിത്രം വരയ്ക്കുകയും ചെയ്യുമെന്നതില്‍ കവിഞ്ഞ് ഒരു സ്തീയ്ക്ക് ആകര്‍‌ഷണം തോന്നാന്‍ തക്ക യാതൊരു പ്രത്യേകതയും തനിക്കില്ലായിരുന്നല്ലോ


താന്‍ വരക്കുന്ന ചിത്രങ്ങള്‍ക്ക് ഭാമയുടെ മുഖഛായയുണ്ടെന്നും തന്റെ കഥാപാത്രങ്ങള്‍ക്ക് ഭാമയുമായി സാദൃശ്യമുണ്ടെന്നും കൂട്ടുകാര്‍ കളിയാക്കുമ്പോള്‍ ചിരിച്ചു തള്ളിയിരുന്നെങ്കിലും എപ്പോഴൊ തമ്മില്‍ അടുക്കുകയായിരുന്നു. രണ്ടു വീട്ടുകാരുടേയും എതിര്‍പ്പിനെ തുടര്‍ന്ന് കുറേ ദൂരെ ഒരിടത്ത് ഒരു കൊച്ച് വീടും ചെറിയ ജോലിയുമായി ഞങ്ങള്‍ ഞങ്ങളുടേതായ ഒരു ലോകം സൃഷ്ടിച്ചു വരികെ ആയിരുന്നു.


നിസാര്‍ , ഭാമ എന്ന രണ്ട് വ്യക്തികള്‍ മതഭ്രാന്തന്മാരുടെ കണ്ണില്‍ രണ്ട് ധ്രുവങ്ങളില്‍ ആയിരുന്നല്ലോ. അവരുടെ സഹായത്തോടെ ഭാമയുടെ ബന്ധുക്കള്‍ ഞങ്ങളെ കണ്ടെത്തുകയായിരുന്നു. ആ രാത്രിയില്‍, അട്ടഹാസത്തോടെ വാതില്‍ തകര്‍ത്ത് അകത്തു കടന്ന അവര്‍ ഒരുനിമിഷത്തിനകം തന്നെ വെട്ടി വീഴ്ത്തി ഭാമയെ പിടിച്ചു കൊണ്ടു പോകുന്നത് ബോധം മറഞ്ഞുകൊണ്ടിരിക്കുന്നതിനിടെ അവ്യക്തമായി കണ്ടു.

എന്നാല്‍ ചില ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രി കിടക്കയില്‍ താന്‍ കണ്ണു തുറക്കുമ്പോല്‍ ആ നിമിഷത്തിനായ് കാത്തിരിക്കുന്ന ഭാമ അരികില്‍ ഉണ്ടായിരുന്നു !. പോലീസിന്റെ സഹായത്തോടെ എല്ലാവരേയും, എല്ലാം ഉപേക്ഷിച്ച് സത്യഭാമ തന്നിലേക്ക് എത്തുകയായിരുന്നു.


കൂറെ നാളുകളലേ ആശുപത്രിവാസത്തിനു ശേഷം ഒരു കൈയ്യും നഷ്ടപ്പെട്ട് തലച്ചോറിനേറ്റ ക്ഷതം കൊണ്ട് പരസ്സഹായമില്ലാതെ ഒന്നനങ്ങാന്‍ പോലും കഴിയാത്ത തന്നെയും കൊണ്ട് സത്യഭാമ വീണ്ടും ആ കൊച്ചു കുടിലില്‍ എത്തി.

സഹായത്തിനായി അടുത്തുകൂടിയ നാട്ടിലെ പ്രമാണിമാര്‍ക്ക് ഞങ്ങളോടുള്ള സഹതാപമോ സ്‌നേഹമോ അല്ല മറിച്ച്, ഭാമയുടെ സൗന്ദര്യത്തിലായിരുന്നു കണ്ണുകള്‍. കുറേ എതിര്‍ത്തു നിന്നെങ്കിലും അവസാനം..


ആദര്‍ശം പ്രസംഗിക്കുകയും എഴുതുകയും ചെയ്തുകൊണ്ടിരുന്ന താന്‍ വിശപ്പിനു മുന്നില്‍, ഇരുണ്ട ജീവിതത്തിനു മുന്നില്‍ പകച്ച് പോയപ്പോള്‍ വെറും ഒരു മൂന്നാംകിട ഭര്‍ത്താവായി മാറുകയായിരുന്നല്ലോ. ഇരുളില്‍ കയറി വരുന്ന അപരിചിതനുമായി അടുത്തമുറിയില്‍ തന്റെ എല്ലാമെല്ലാമായ ഭാമ !. ഒന്നനങ്ങാന്‍ പോലുമാവാതെ താന്‍..! രാത്രി എപ്പോഴോ തന്നോട് ഒട്ടിച്ചേര്‍ന്ന് കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് ഭാമ പറയുമായിരുന്നു.


"നിസാറിക്ക എന്റെ ഏട്ടന്മാര്‍ തകര്‍ത്ത നിസാറിക്കയ്ക്ക് വേണ്ടി നമ്മുക്ക് വേണ്ടി ഇതല്ലാതെ വേറെ വഴിയില്ലിക്ക. ഈ ശരീരവും മനസും എന്നും എന്നും എന്റെ നിസാറിക്കയുടെത് മാത്രമായിരിക്കും.."
എത്രയോ രാവുകളില്‍ സത്യഭാമയുടെ ഏറ്റപറച്ചിലില്‍ കണ്ണിര്‍ കൊണ്ട് ആ കിടക്ക നനഞ്ഞിരിക്കുന്നു. ആ പാപങ്ങള്‍ കഴുകിക്കളയാന്‍ വൃഥാ ശ്രമിക്കുകയായിരുന്നു.


പിന്നീട് എപ്പോഴോ ഭാമ തന്നോട് വല്ലാത്തൊരു അകലം കാണിക്കുന്നതായി അനുഭവപ്പെട്ടു. ഈ രോഗിയെ അവള്‍ക്കും മടുത്തു തുടങ്ങിയോ. പിന്നീട് തനിക്ക് ആഹാരം തരിക മാത്രമാണ് അവളുടെ കടമ എന്ന രീതിയായി.


ആശുപത്രി റിസപ്‌ഷനില്‍ ചെന്ന് അയാള്‍ ഡോകടര്‍ ജോണ്‍ അലക്സിന്റെ ഓഫീസ് അന്വഷിച്ച് മുന്നോട്ട് നടന്നു.


ഡോക്ടര്‍ ജോണിന്റെ മുറിയിലേക്ക് കടന്ന് ചെല്ലുമ്പോഴേക്കും തന്നെ മുന്‍ പരിചയമുള്ളത് പോലെ അയാള്‍ ചോദിച്ചു


"മിസ്റ്റര്‍. നിസാറല്ലേ.. ? ഇരിക്കൂ".


"കുടിക്കാന്‍ ചായയോ കാപ്പിയോ..? "


ഒരു വലിയ ആശുപത്രിയുടെ ഓഫീസില്‍ നിന്നുള്ള ആദിത്യമര്യാദ അയാളെ അത്ഭുതപ്പെടുത്തി !.


ചായകുടിച്ചു കൊണ്ടിരിക്കുമ്പോള്‍ ഡോക്‌ടര്‍ പറഞ്ഞു.


"മിസ്റ്റര്‍. നിസാര്‍.. താങ്കള്‍ക്ക് ഒരുപാട് ദുഖമുണ്ടാക്കുന്ന ഒരു കാര്യമാണ്. പക്ഷേ, നടന്നതിനെ മനസുകൊണ്ട് പൊരുത്തപ്പെടാന്‍ ശ്രമിക്കണം..ഇന്നലെ രാവിലെ ശ്രീമതി സത്യഭാമ മരിച്ചു !. സത്യമാഭയുടെ മൃതദേഹം ഇവിടുത്തെ മെഡിക്കല്‍ കോളെജിലെ കുട്ടുകള്‍ക്ക് പഠിക്കാന്‍ വേണ്ടി വിട്ടു തന്നുകൊണ്ട് സത്യഭാമ സ്വയം മരണക്കുറിപ്പെഴുതി തന്നിട്ടുണ്ട്. അവരാണ് താങ്കളുടെ വിലാസവും ഒക്കെ ഇവിടെ തന്നത്.."


മേശതുറന്ന് കുറെ നോട്ടുകള്‍ അടങ്ങുന്ന ഒരു ചെറിയ കെട്ടും ഒപ്പം ഒരു കവറും ഡോക്‌ടര്‍ അയാള്‍ക്ക് നീട്ടി.


"ഇതാ ഇത് അവര്‍ താങ്കള്‍ക്ക് തരാന്‍ ഏല്പിച്ച കവര്‍ ആണ്. പിന്നെ...പിന്നെ...ഇത് ഞങ്ങളുടെ വക ഒരു ചെറിയ പാരിതോഷികവും."


വിറയാര്‍ന്ന കൈകളാന്‍ കവര്‍ പൊട്ടിച്ചു. കുറെ പഴകിയ നോട്ടുകളും ഒരു കത്തും !. കത്ത് നിവര്‍ത്തി വായിച്ചു.


എന്റെ പ്രിയപ്പെട്ട നിസാറിക്കയ്ക്ക്.
എനിക്ക് വേണ്ടി, എന്റെ സഹോദരങ്ങളും കുടുമ്പവും എന്റെ സമുദായവും തകര്‍ത്ത നിസാറിക്കയുടെ, നമ്മുടെ ജീവിതം കെട്ടിപടുക്കുവാന്‍ ഞാന്‍ നിസാറിക്കയുടേത് മാത്രമായ ഈ ശരീരം പലര്‍ക്കും കാഴ്ചവെക്കേണ്ടി വന്നു. മാപ്പ് ..എന്നോടു പൊറുക്കില്ലേ.. ഈയിടെ എന്റെ പ്രവര്‍ത്തി ഇക്കയെ ഒരുപാട് വിഷമിപ്പിച്ചിരുന്നു എന്നെനിക്കറിയാം. അതിലുപരി ഞാനും നീറിത്തീരുകയായിരുന്നു എന്നതാണ് സത്യം. ആരോ എനിക്ക് തന്ന വിഷവിത്ത് എന്റെ ശരീരത്തെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണെന്നറിഞ്ഞപ്പോള്‍ ഏതെങ്കിലും നശിച്ച നിമിഷത്തില്‍ അത് നിസാറിക്കയിലേക്കും ചേക്കേറിയാലോ എന്ന ഭയം. എന്നൊടു കൂടി ആ നശിച്ച രോഗവും തീരട്ടെ എന്നത് കൊണ്ടാണ് ഞാന്‍ ആ അകലം കാണിച്ചത്. ഇനി എനിക്ക് വയ്യ നിസാറിക്ക, ഞാന്‍ തോറ്റിരിക്കുന്നു !. എന്നെന്നേക്കുമായി ഞാന്‍ തോറ്റു. എന്നോടു ക്ഷമിക്കുക പൊറുക്കുക. എന്റെ നിസാറിക്കയുടേത് മാത്രമായ ഈ ദേഹം ഒരിക്കല്‍ കൂടി ഞാന്‍ വില്‍ക്കുന്നു അവസാനമായി. ഇവര്‍ തരുന്ന പണം ഇനി ഇത്രനാളെക്കെന്നോ അത് കഴിഞ്ഞ് എന്തെന്നോ എനിക്കറിയില്ല.
നിസാറിക്കയുടെ മാത്രമായിരുന്ന സത്യഭാമ.



കവര്‍ മടക്കി പോക്കറ്റില്‍ വച്ച് ഡോക്ടര്‍ കാണിച്ച ഏതോ പേപ്പറില്‍ ഒപ്പിട്ട് കൊടുത്ത് തിരിഞ്ഞു നടക്കുമ്പോള്‍ ഡോക്ടര്‍ ആ നോട്ടുകെട്ടുകള്‍ കൈയ്യില്‍ വച്ചു പിടിപ്പിച്ചു.



ആ നോട്ടുകള്‍ക്ക് തനിക്ക് താങ്ങാനാവുന്നതിലും ഭാരമുള്ളതു പോലെ അയാള്‍ക്ക് തോന്നി. തന്റെ ഭാമയുടെ മണം ആ നോട്ടില്‍ അയാള്‍ക്ക് അനുഭവപ്പെട്ടു. അല്ല അത് രക്തത്തിന്റെ രൂക്ഷഗന്ധമാണെന്ന് പെട്ടെന്ന് തന്നെ അയാള്‍ തിരിച്ചറിഞ്ഞു.


വിറക്കുന്ന കാലുകളോടെ തളര്‍ന്ന ശരീരത്തോടെ വേച്ച് വേച്ച് ആ വഴിയരികിലൂടെ പതിയെ മുന്നോട്ട് നടക്കുമ്പോള്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കിടന്ന ആ നോട്ടുകള്‍ തന്റെ ഹൃദയത്തോട് ചുണ്ടുചേര്‍ത്ത് സ്വകാര്യം പറയുന്നതായി അയാള്‍ക്ക് തോന്നി.


"ഹേയ് നിസാറിക്ക.. ഇപ്പോ നിസാറിക്കയും പണക്കാരനല്ലെ കുറച്ച് പണം സ്വന്തമായുണ്ടല്ലോ ഇനിയും ഇങ്ങനെ കൂനികുത്തി നടക്കാതെ ദേ അവരെയൊക്കെ പോലെ തല ഉയര്‍ത്തി നടന്നേ..ആ നെഞ്ചൊന്നു വിരിച്ചു നടന്നേ..."


അയാള്‍ വല്ലാത്തൊരാവേശത്തോടെ തല ഉയര്‍ത്തി ഒറ്റകൈ ആഞ്ഞു വീശി മുന്നോട്ട് നടന്നു. ആളുകള്‍ ഒരു ഭ്രാന്തനെപ്പോലെ തന്നെ നോക്കുന്നതും വാഹനങ്ങളില്‍ നിന്നും തല പുറത്തേക്കിട്ട് ആരൊക്കെയോ ഉച്ചത്തില്‍ പറയുന്നതൊന്നും അയാളെ അലോസരപ്പെടുത്തിയില്ല. അയാള്‍ നടന്നു മുന്നോട്ട്... മുന്നോട്ട്...
പോക്കറ്റിനുള്ളില്‍ നിന്നും സത്യഭാമ ആ നെഞ്ചിനുള്ളിലൂടെ ഹൃദയത്തിലേക്ക് കടന്ന് രക്തത്തില്‍ അലിഞ്ഞു ചേരുന്നതായി അയാള്‍ക്ക് അനുഭവപെട്ടു...

22 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

"സത്യഭാമയുടെ ലോകം..." ഒരു കഥയ്ക്ക് അവശ്യം വേണ്ട ചട്ടക്കൂടുകള്‍ക്ക് പുറത്തു നിന്നും ജീവിതത്തിന്റെ നേര്‍‌വര പകര്‍ത്തനുള്ള ഒരു ചെറിയ ശ്രമം...അത്രമാത്രം

ചന്ദ്രകാന്തം said...

നജീം,
നല്ല എഴുത്തിന്‌ ചട്ടക്കൂടിന്റെ അതിര്‍‌വരമ്പുകള്‍ ബാധകമാണോ? അല്ലെന്നാണ്‌ തോന്നീട്ടുള്ളത്‌.
സത്യഭാമയുടേയും നിസ്സാറിന്റെയും ലോകത്തിലെ ജീവന്റെ തുടിപ്പുകള്‍ വായനക്കാരന്‌ മനസ്സിലാവുന്നുണ്ട്‌.
അഭിനന്ദനങ്ങള്‍.

ശ്രീ said...

ഈ ലോകത്ത് നടക്കുന്നതിനെല്ലാം സമൂഹം തന്നെയാണ്‍ കാരണാക്കാരെന്ന് അടിവരയിട്ടുറപ്പിക്കുന്നു, സത്യഭാമയുടെയും നിസാറിന്റേയും കഥ.
നന്നായിരിക്കുന്നു, നജീമിക്കാ...
:)

സഖാവ് said...

നജീംക്കാ

കഥയ്ക്കു പുറത്തേക്കും വളരുന്ന യാഥര്‍ത്യം. സമൂഹത്തില്‍ ഇതു പോലെ എരിഞ്ഞടങ്ങുന്ന ഒരുപാടു സത്യഭാമമാര്‍.
പലപ്പോളും വിതക്കാരന്‍ ആ വിഷവിത്ത് പുതിയ മേച്ചില്‍ പുറങ്ങളില്‍ ദയയില്ലാതെ വിതച്ചു കൊണ്ടിരിക്കുന്നു

ലാല്‍ സലാം

കുഞ്ഞന്‍ said...

കഥ നന്നായിട്ടുണ്ട്,

പക്ഷെ ഇത്തരം സത്യഭാമമാരാണ് ഈ ലോകത്തെ നെറികേടിലേക്കു നയിക്കുന്നത്(വിഷവിത്തുകള്‍). പാവാട ചരട് അഴിക്കുന്നതിനു പകരം ചാണകം ചുമന്നൊ, കല്ലു പൊട്ടിച്ചൊ, പുല്ലു പറിച്ചൊ ജീവിക്കാമായിരുന്നില്ലേ.. അങ്ങിനെയായിട്ടു വല്ല മാറാരോഗം വന്നാല്‍ക്കൂടി, അവളുടെ കാശ് ചുട്ടുപൊള്ളാതെ, അഭിമാനത്തോടെ നിസാറിനു തലയുയര്‍ത്തി നടക്കാമായിരുന്നു.

സമൂഹത്തെ എന്തിനു കുറ്റപ്പെടുത്തണം? നല്ല വെട്ടരിവാള്‍ കയ്യിലില്ലെ, അന്തസ്സായി പണിയെടുക്കൂ, എന്നിട്ടു വിധിയെ പഴിക്കാതിരിക്കൂ.

Areekkodan | അരീക്കോടന്‍ said...

സത്യഭാമയുടെയും നിസാറിന്റേയും കഥ
നന്നായിരിക്കുന്നു

പ്രയാസി said...

പ്രിയപ്പെട്ട നജിം..
മനസ്സിനെ സ്പര്‍ശിക്കുന്ന കഥ
നന്നായിരിക്കുന്നു..:)

(കുഞ്ഞന്റെ കമന്റിനോടും അനുകൂലിക്കുന്നു)

ഉപാസന || Upasana said...

കഥ നന്നായിരിക്കുന്നു നജീം ഭായ്
:)
ഉപാസന

സഹയാത്രികന്‍ said...

നല്ല കഥമാഷേ...നന്നായിരിക്കുന്നു...

കുഞ്ഞേട്ടന്റെ അഭിപ്രായത്തോട് യോജിക്കുന്നു....എന്നാലും ആരും തുണയില്ലാത്ത ഒരു സ്ത്രീയ്ക്കു എത്രകണ്ട് സുരക്ഷിതത്തം ഉണ്ടാകും...?
:)

പ്രിയ said...

hridayasparsiyaya katha.paranja aa santhathayum nannayittundu.

pinne aa jeevithathinte duravasthayude karyam, athil njan ikkayude aa satyabhamayude abhiprayathil alla, marichu kunjan paranjithinodanu anukoolikkunnathu.

oru penninu jeevikkanum jeevippikkanum eka vazhi athallalaloo. ennittum enthinu veruthe oru samoohathinodu vimarshanam?

ithu kathayanu.samoohathil parayappedunna karanangalum ithokke thanneyanu.

so ikka ... :)

മെലോഡിയസ് said...

നജീം..കഥ നന്നായിട്ടുണ്ട്.
പക്ഷേ, കുഞ്ഞന്‍ പറഞ്ഞതിനോട് യോജിക്കാ‍തെ വയ്യ.

Nachiketh said...

നന്നായിരിക്കുന്നു നജീം ,

ചില വൈരുദ്ധ്യ ചിന്തകളുണ്ടെങ്കിലും
കുഞ്ഞന്റെ കമന്റിനോടു യോജിക്കാതെ വയ്യ..

സ്നേഹപൂര്‍വ്വം

വാളൂരാന്‍ said...

വിവേകിന്റെ വരവും കാത്തിരുന്ന ഹെന്‌റിയുടെ മനസ്സും നൊമ്പരങ്ങളും ഉദാത്തതയും ഈ കഥയില്‍ കൈമോശം വന്നോ എന്നൊരു വ്യക്തിപരമായ് അഭിപ്രായം മാത്രം....

മന്‍സുര്‍ said...

നജീംഭായ്‌

കഥയുടെ അവതരണം...നന്നായിട്ടുണ്ടു...

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

ഏ.ആര്‍. നജീം said...

ചന്ദ്രകാന്തം : വളരെ നന്ദി :)
ശ്രീ : ഒരിക്കല്‍ കൂടി നന്ദി പറയുന്നൂ.
സഖാവേ : ലാല്‍സലാം. സന്ദര്‍ശിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി, തൂടര്‍ന്നും അറിയിക്കുമല്ലോ..
കുഞ്ഞന്‍ : വളരെ നന്ദി, കുഞ്ഞന്റെ അഭിപ്രായത്തോട് പൂര്‍‌ണ്ണമായും യോജിക്കനാവുന്നില്ല. നമ്മള്‍ വാക്കുകള്‍ കൊണ്ട് ഇതുപോലൊക്കെ പറഞ്ഞേക്കാം. എന്നാല്‍ പട്ടിണിയോ, രോഗമോ മൂലം ഏതെങ്കിലും ഒരു ഭാമയോ നിസാറുമാരോ മരിച്ചു വീണാലും നമ്മള്‍ പ്രത്യേകിച്ച് ഒരു വികാരവും തോന്നാതെ ഒരു കപ്പ് ചൂടുകാപ്പിയും ചുണ്ടില്‍ വച്ച് ആ വാര്‍ത്ത പത്രത്തില്‍ വായിക്കും. ഇതു ചിലപ്പോള്‍ സിനിമയിലോ ടിവിയിലോ കണ്ടാല്‍ ചിലപ്പോള്‍ ചിലര്‍ കണ്ണീര്‍ ഒഴുക്കിയേക്കാം, എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ആരു ശ്രദ്ധിക്കാന്‍.. :)
അരീക്കോടന്‍ : നന്ദി, തുടര്‍ന്നും അഭിപ്രായം അറിയിക്കുമല്ലോ.
പ്രയാസി : അഭിപ്രായത്തിനു നന്ദി. കുഞ്ഞന്റെ കമന്റിനെ കുറിച്ചുള്ള എന്റെ അഭിപ്രായം ശ്രദ്ധിച്ചു കാണുമല്ലോ.
ഉപാസന : വളരെ നന്ദി :)
സഹയാത്രികന്‍ : അതെ, അതാ ഞാനും പറഞ്ഞത്.
പ്രിയ : വളരെ നന്ദി, കുഞ്ഞനു ഞാന്‍ നല്‍കിയ മറുപടി ശ്രദ്ധിച്ചല്ലോ. അത് എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ് കേട്ടോ. ശരിയാകണമെന്നില്ല.
അന്‍‌സാരി : നന്ദി, അതെ, അതാണ് എന്റെയും അഭിപ്രായം.
നചികേതസ് : അതെ, വളരെ നന്ദി
മുരളി : രണ്ടു കഥയ്ക്കും നല്‍കിയ കമന്റുകള്‍ പരസ്പരം മാറിയതാണെന്ന് മനസിലായി. അഭിപ്രായത്തിന് ഒരായിരം നന്ദി.
മന്‍സൂര്‍ ഭായ് : പതിവു പോലെ ഈ പോസ്റ്റിനുള്ള ഭായുടെ അഭിപ്രായത്തിനു നന്ദിയുണ്ട് :)

വാളൂരാന്‍ said...

നജീംഭായ്... തീര്‍ച്ചയായും കമന്റുകള്‍ മാറിപ്പോയിട്ടില്ല. എനിക്കിഷ്ടപ്പെട്ടത്‌ മറ്റേ കഥ തന്നെയാണ്. ആ ഇഷ്ടം ഇക്കഥയില്‍ കിട്ടിയില്ലെന്നേ പറഞ്ഞുള്ളൂ. വിശക്കുമ്പോഴേക്കും മാംസം വില്‍ക്കുക എന്നുള്ളത് അത്രക്കങ്ങോട്ട് ദഹിച്ചില്ല.... ഒരുപക്ഷേ ശരീരം വില്‍ക്കുന്നതിലേക്ക് എത്തിച്ചേര്‍ന്ന അവസ്ഥകള്‍ കുറച്ചുകൂടി വിശദമാക്കിയിരുന്നെങ്കില്‍ ഒരുപക്ഷേ കൂടുതല്‍ വിശ്വാസ്യത കിട്ടിയേനെ

ഏ.ആര്‍. നജീം said...

ഓ..മുരളിഭായ്
സോറി, ഞാന്‍ അത്രക്ക് അങ്ങോട്ട് കടന്ന് ചിന്തിച്ചില്ല.. ഓക്കെ, വളരെ സന്തോഷം അഭിപ്രായം തുറന്ന് പറഞ്ഞതില്‍. മുരളി പറഞ്ഞതിനോട് ഞാനും പൂര്‍‌ണ്ണമായും യോജിക്കുന്നു. ആ സാഹചര്യം കുറെ കൂടി വ്യക്തമാക്കിയിരിക്കണമായിരൂന്നു.
പക്ഷേ ബ്ലോഗിലേക്ക് എഴുതുമ്പോള്‍ വല്ലാതെ നീളുന്നോ എന്ന ഒരു ചിന്ത എപ്പൊഴും എന്നെ ബാധിക്കാറുണ്ട് കാരണം ഒരു പുസ്തകമോ, ആഴ്ച പതിപ്പോ വായിക്കന്ന പോലെ അല്ലല്ലോ ബ്ലോഗ്.
അഭിപ്രായത്തിന് ഒരിക്കല്‍ കൂടി നന്ദി, തുടര്‍ന്നും അറിയിക്കണെ

മന്‍സുര്‍ said...

നജീം ഭായ്‌...

മികച്ചത്‌...

ചെറിയ ചെറിയ അക്ഷര തെറ്റുകള്‍ കണ്ടു പക്ഷേ കഥയുടെ മികവാര്‍ന്ന രചനയില്‍ അതൊന്നും ഒരു തെറ്റായി തോന്നിയില്ല...സ്വാഭാവികം മാത്രം...മലയാള അക്ഷരങ്ങള്‍ ടൈപ്പ്‌ ചെയുന്നതിന്‍റെ വിഷമം അറിയാം..

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

മുസാഫിര്‍ said...

കഥ വായിച്ചു.നായിക ജീവിക്കാന്‍ വേണ്ടി മാംസം വില്‍ക്കണോ എന്നു തീരുമാനിക്കേണ്ടത് കഥാകൃത്ത് തന്നെയാണ്.മുരളി പറഞ്ഞപോലെ അതു കുറച്ച് കൂടി വിശ്വാസയോഗ്യമാക്കണമായിരുന്നു എന്നു വേണമെങ്കില്‍ പറയാം.

ഏ.ആര്‍. നജീം said...

മന്‍സൂര്‍ ഭായ് ,
വളരെ നന്ദി, പ്രത്യേകിച്ച് അക്ഷരത്തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതില്‍. പിന്നെ ടൈപ് ചെയ്യാന്‍ ഉള്ള ബുദ്ധിമുട്ട് ഇതിനൊരു കാരണമല്ലല്ലോ. ശ്രദ്ധക്കുറവ് അലസത ഇതൊക്കെയാവാം. ഇനി എന്തായാലും ശ്രദ്ധിക്കും.
മുസാഫിര്‍ : അയ്യൊ കഥയും കഥാപാത്രങ്ങളും ചിന്തിക്കുന്നതൊക്കെയും അതെഴുതുന്നവരുടെ തീരുമാനമാണെന്നതില്‍ എനിക്കഭിപ്രായമില്ല. പിന്നെ മുരളിയും താങ്കളും സൂചിപ്പിച്ചത് പോലെ ഇത്തരം ഒരു വലിയ ജീവിത തീരുമാനങ്ങള്‍ ഉണ്ടാകാനുള്ള സാഹചര്യം വായിക്കുന്നവര്‍ക്ക് മനസിലാകണമെങ്കില്‍ അത് വരികളില്‍ വരിക തന്നെ വേണം. ഞാന്‍ സമ്മതിക്കുന്നു. ആ പോരായ്മയും ഞാന്‍ മനസിലാക്കുന്നു. പക്ഷേ, ഒരു കഥ പ്രസിദ്ധീകരണങ്ങളില്‍ വായിക്കുന്നത്ര വിശാലമായാല്‍ ബ്ലോഗില്‍ വായിക്കപ്പെടുമോ എന്ന ഒരു തെറ്റായ ചിന്ത എന്റെ മനസില്‍ എങ്ങിനേയോ കടന്നു കൂടിയതാണ് അങ്ങിനെ ഉണ്ടായത്.
എന്തായാലും ചൂണ്ടിക്കാണിച്ചതില്‍ സന്തോഷം. തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കില്ലെ.

മാണിക്യം said...

....“രണ്ട് വ്യക്തികള്‍ മതഭ്രാന്തന്മാരുടെ കണ്ണില്‍ രണ്ട് ധ്രുവങ്ങളില്‍ ആയിരുന്നല്ലോ”.പുരുഷനേയും സ്ത്രിയെയും സൃഷ്ടിച്ചാ ദൈവം അവരുടെ അനുരഗത്തിനു കത്തിവയ്ക്കാന്‍ മതങ്ങളൊട് പറഞ്ഞിരുന്നൊ?
ഈ ദുരവസ്ഥ കണ്ടിട്ടാണൊ എരിഞ്ഞടങ്ങാന്‍ മടിക്കുന്നത് പോലെ സൂര്യന്‍ അപ്പോഴും പടിഞ്ഞാറ് കത്തി നില്‍ക്കുന്നുണ്ടായിരുന്നത്? വായിച്ചു തീരുമ്പൊള്‍ ഒരു കത്തല്‍ മനസ്സില്‍ അവശേഷിപ്പിക്കാന്‍ കഥാകൃത്തിന് കഴിഞ്ഞു....

simy nazareth said...

നജീം,

വളരെ നന്നായിട്ടുണ്ട്.. ഇതുവരെ കാണാതെ പോയി.

പുതിയ കഥകളൊന്നും കാണുന്നില്ലല്ലോ