മറക്കാനാവാതെ....

on Wednesday, October 3, 2007

ഏതോ ഗള്‍ഫ് രാജ്യത്തെ ഇരുണ്ട ജയിലറക്കുള്ളില്‍ ദിനരാത്രങ്ങള്‍ അറിയാതെ, ദിവസങ്ങളോ ആഴ്ചകളോ അറിയാതെ കഴിച്ചുകൂട്ടുന്ന എന്റെ പ്രിയ സ്‌നേഹിതാ, അല്ല സഹോദരാ.


താങ്കള്‍ ചെയ്ത കുറ്റമെന്തെന്നോ അല്ലെങ്കില്‍ കുറ്റം വല്ലതും ചെയ്തുവോ എന്നു തന്നെ എനിക്കറിയില്ല. ഇതേകുറിച്ചു പലപ്പോഴും കൂടുതല്‍ ചോദിക്കാനാഞ്ഞപ്പോള്‍ താങ്കളുടെ അച്‌ഛന്റെയും അനുജത്തി ഗൗരിയുടേയും മുഖത്തെ ഭാവം, ശാന്തമായ എന്നാല്‍ അടിയൊഴുക്കുള്ള കടല്‍പോലെയുള്ള മുഖം കൂടുതല്‍ ചോദിച്ചറിയുന്നതില്‍ നിന്നും എന്നെ പിന്തിരിപ്പിക്കുകയായിരുന്നു.


ഒരര്‍ത്ഥത്തില്‍ എനിക്ക് താങ്കളോട് അസൂയ തോന്നിയിരുന്നു. താങ്കളെ ആ അമ്മ എത്ര സ്‌നേഹിച്ചിരുന്നുവെന്നോ?. അസൂയ തോന്നാന്‍ എന്താ? എല്ലാ അമ്മമാരും മക്കളെ ഇതുപോലെ സ്‌നേഹിക്കുന്നുണ്ടാകും.


ഓര്‍മ്മ വച്ച നാളുമുതല്‍ എന്റെ അമ്മയും അച്‌ഛനും ഒക്കെ സേവ്യര്‍‌ അച്ചനായിരുന്നു. ലിറ്റില്‍ എഞ്ചല്‍സ് ഓര്‍ഫനേജിലെ ജീവാത്മാവായിരുന്ന ആ മഹാന്റെ മരണശേഷം ലാഭം മാത്രം പ്രതീക്ഷിച്ച ചിലരുടെ കടന്നു കയറ്റം. അവരുടെ തൊട്ടതിനും പിടിച്ചതിനുമൊക്കെ മര്‍ദ്ദനവും 'തന്തയില്ലാത്തവനെന്ന' വിളിയും. അന്നു പകയായിരുന്നു എല്ലാവരോടും എല്ലാറ്റിനോടും.


അവിടുന്നിറങ്ങി എത്തപ്പെട്ടത് അതിലും വലിയ ചെളിക്കുഴിയില്‍. പിന്നെ പടവെട്ടി എന്തെക്കെയോ നേടി. എല്ലാം ഒരു തരം ലഹരിപോലെ ഞാന്‍ ആസ്വദിച്ചു.


പിന്നീട് ആളുകള്‍ എന്നെ തേടി വരാന്‍ തുടങ്ങി. പല പാവങ്ങളേയും വിരട്ടാനും തല്ലാനും, എന്തിന് കൊന്നു കളയാന്‍ വരെ പലരും നോട്ടു കെട്ടുകളുമായി ഇരുളില്‍ കാത്തു നില്‍ക്കാന്‍ തുടങ്ങി. പകയുള്ള എന്റെ മനസില്‍ ഞാന്‍ അടുപ്പിക്കാതെ നിര്‍ത്തിയിരുന്ന വികാരം - സ്‌നേഹം- ഞാനറിയുന്നത് സേവ്യറച്ചന്റെ കല്ലറക്കരികില്‍ കുറച്ചു ചുവന്ന റോസാപ്പൂക്കളും മെഴുകു തിരിയുമായി വല്ലപ്പോഴും ചെല്ലുമ്പോഴായിരുന്നു.


അന്നൊക്കെ ആ കല്ലറക്കരികില്‍ നിന്ന് ഞാന്‍ അച്ചനെ കുറ്റപ്പെടുത്തുമായിരുന്നു എന്തിനാ ഇങ്ങനെ ഒരു അസുരവിത്തിനെ ലോകത്തിനു നല്‍കി..? കുഞ്ഞായിരിക്കുമ്പോഴേ കൊന്നു കളഞ്ഞൂടെ എന്ന് ചോദിച്ച്.


പിന്നീടെപ്പോഴോ സെവ്യറച്ചന്റെ ശരിയും എന്റെ തെറ്റും ഞാന്‍ തിരിച്ചറിഞ്ഞിരുന്നെങ്കിലും വൈകിപ്പോയിരുന്നു. തിരികെ കയറി വരാനാവാത്തവണ്ണം ആ കയത്തില്‍ മുങ്ങി കഴിഞ്ഞിരുന്നു.എന്റെ മനസ് ഒന്നു പതറിയാല്‍ മറ്റൊരുവന്‍ ഈ ഹെന്‍റിയെ വെട്ടിവീഴ്ത്തി മുന്നേറുമെന്നെറിയാം.


വിവേക്, താങ്കള്‍ അറിയാതെയാണെങ്കിലും എനിക്ക് ഒരു നല്ല ജീവിതം തന്നു. അതു ഞാന്‍ സ്‌നേഹത്തോടെ അനുഭവിച്ചു തീര്‍ക്കുകയാണിപ്പോള്‍.


അന്ന്, ഒരു കൊട്ടേഷന്‍ പ്രകാരം ഏതോ ഒരു ഡോക്ടറെ എന്തോ ഒരു കുടിപ്പകയുടെ പേരില്‍ എനിക്ക് കാട്ടിത്തരാന്‍ വന്നയാളോടൊപ്പം ആശുപത്രിയില്‍ നില്‍ക്കുമ്പൊഴായിരുന്നു ആദ്യമായ് ഞാന്‍ തങ്കളുടെ അച്‌ഛനേയും ഗൗരിയേയും കാണുന്നത്. അവര്‍ എന്നെ ഇത്ര ശ്രദ്ധിക്കുന്നതിന്റെ കാര്യമറിയാനുള്ള ഒരു ആകാംക്ഷ കൊണ്ട് ഞാന്‍ അങ്ങോട്ട് ചെന്ന് പരിചയപ്പെടുകയായിരുന്നു. ഔപചാരികമായ പരിചയപ്പെടലിനു ശേഷം ആദ്യമായി പ്രതിഫലം ഒന്നുമില്ലാത്ത ഒരു ജോലി അവര്‍ എന്നെ ഏല്പ്പിക്കുകയായിരുന്നു.


മണിക്കൂറുകള്‍, അല്ലെങ്കില്‍ ഒരു ദിവസം ഡോക്‌ടര്‍മാര്‍ വിധിയെഴുതിക്കഴിഞ്ഞ താങ്കളുടെ അമ്മ ബോധം വീഴുന്ന ചില നിമിഷങ്ങളില്‍ മകനെ അവസാനമായി ഒന്ന് കാണാന്‍ ശാഠ്യം പിടിക്കുകയും കരയുകയും ചെയ്യുമത്രേ. അമ്മയുടെ അടുത്തെത്തുവാന്‍ കഴിയാത്ത തങ്കള്‍ക്ക് വേണ്ടി ആ മകനായി അമ്മയ്ക്കു മുന്നില്‍ ഞാന്‍ അഭിനയിക്കണം! ശരീര ഘടനയും നിറവും എനിക്ക് താങ്കളുടെത് പോലെയാണെന്നാണ് അവരുടെ അഭിപ്രായം.


ജീവിതത്തില്‍ ഒട്ടും മുന്‍പരിചയമില്ലാത്ത ആ റോള്‍ എനിക്ക് കഴിയില്ലാത്തതിനാല്‍ വയ്യെന്നു പറയാന്‍ മുതിര്‍‌ന്നെങ്കിലും യാചനാഭാവത്തിലുള്ള ദൗരിയുടെയും അച്‌ഛന്റേയും മുഖം എന്നെ ഞാന്‍ അറിയാതെ സമ്മതിപ്പിക്കുകയായിരുന്നു.
പ്രത്യേകിച്ച് ഒരു ഭാവവും തോന്നാതെ ആശുപത്രി മുറിയില്‍ ചെല്ലുമ്പോള്‍ മുഖത്ത് ഓക്സിജന്‍ മാസ്ക്കും ശരീരം മുഴുവന്‍ ഈസിജി വയറുമായി അമ്മ ഉറങ്ങുകയായിരുന്നു. അടുത്ത കസേരയില്‍ ഇരുന്നു അമ്മയുടെ ക്ഷീണിച്ച കൈകളില്‍ മെല്ലെ തടവിയപ്പോള്‍ അമ്മ കണ്ണു തുറന്നു.


ഗൗരി എന്നെച്ചൂണ്ടി അമ്മയുടെ മകന്‍ വിവേക് ആണെന്നു പറഞ്ഞപ്പോള്‍ എന്റെ മുഖത്തെക്ക് ഉറ്റുനോക്കുന്ന ആ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു. അമ്മ ആയാസത്തോടെ ക്ഷീണിച്ച രണ്ട് കൈകള്‍ കൊണ്ട് എന്റെ കൈകളേ ചേര്‍ത്തു പിടിച്ചപ്പോള്‍ അച്‌ഛനും ഗൗരിയും ഒരുവേള ആശ്വാസം കൊണ്ടിരിക്കാം. എന്നാലും എനിക്കറിയാം ആ അമ്മയ്ക്ക് ഉറപ്പുണ്ടായിരുന്നിരിക്കണം അത് താങ്കളല്ലെന്ന്.ഏതൊരമ്മയ്ക്കും ഏതവസ്ഥയിലും നൊന്തുപെറ്റ മക്കളെ ഒരു സ്പര്‍‌ശനത്തില്‍ എന്തിന്, അവരുടെ അദൃശ്യ സാന്നിദ്ധ്യം പോലും അറിയാനാവുമെന്നല്ലേ? എന്നിട്ടുമെന്തേ..? എന്നെ..?


എന്റെ മുഖത്തേക്ക് നോക്കി അവ്യക്തമായി എന്തോ പറയാന്‍ അമ്മ പാട് പെടുന്നത് കണ്ട് ഗൗരി വിലക്കി.


"അമ്മ ഉറങ്ങിക്കോളൂ ഏട്ടന്‍ ഇനി എവിടേയും പോകില്ല, അമ്മയുടെ അടുത്തു തന്നെയുണ്ടാകും."


ഏട്ടന്‍..!


ആ വിളിയുടെ ആര്‍‌ദ്രത മനസിനെ തൊട്ടുണര്‍ത്തി. ആ വാക്കിലടങ്ങിയിരിക്കുന്ന ഒരു മാന്ത്രിക സ്പര്‍‌ശം എന്നില്‍ ഒരു ഉള്‍പ്പുളകം സൃഷ്‌ടിച്ചു.


ഗൗരി എന്നെ ഒരിക്കല്‍ കൂടി , അല്ല ഒരു നൂറുവട്ടം അങ്ങിനെ വിളിച്ചിരുന്നെങ്കില്‍ എന്ന് തോന്നിയ നിമിഷം !
അന്ന്‍ നല്ല മഴയുള്ളൊരു സന്ധ്യാനേരം. അമ്മയുടെ മുഖത്ത് വല്ലാത്തൊരു പ്രകാശവും പ്രസരിപ്പും ഞാന്‍ കണ്ടു. കണ്ണുകള്‍ മുകളിലേക്ക് പായിച്ച് അദൃശ്യനായ ആരോടൊ സംസാരിക്കുന്നത് പോലെ മന്ദഹസിക്കുന്നു. ആരുടേയോ ക്ഷണം സ്വീകരിച്ചു വരാമെന്നേറ്റപോലെ.


എന്റെ മുഖത്തേക്കുറ്റുനോക്കുന്ന അമ്മയുടെ ചുണ്ടനക്കത്തില്‍ നിന്ന്‍ അമ്മയ്ക്ക് ദാഹിക്കുന്നുവോ എന്ന ഒരു തോന്നല്‍. സ്‌പൂണില്‍ കോരിക്കൊടുത്ത വെള്ളം ചില കവിളുകള്‍ ഇറക്കി മതിയാക്കി. എന്റെ കൈത്തണ്ടയില്‍ പിടിച്ചിരുന്ന അമ്മയുടെ കൈ അസാധാരണമായ ബലത്തില്‍ മുറുകി വരുന്നത് ഞാനറിഞ്ഞു!. എന്റെ മുഖത്തേക്ക് നോക്കിയ ആ കണ്ണുകള്‍ നിറഞ്ഞു കണ്ണീര്‍ ചാലുകളായി തലയിണയിലേക്കൊഴുകി. ആ കൈത്തലം തണുത്തു കൂടുന്നുവോ..?


ഗൗരിയുടെ പൊട്ടിക്കരച്ചിലിനിടയില്‍ മണിബന്ധം പിടിച്ചു നോക്കിയ ഡോക്ടര്‍ ആ കണ്ണുകള്‍ തിരുമ്മിയടച്ചു. കൈകള്‍ ബലമായ എന്നില്‍ നിന്നും അടര്‍ത്തിമാറ്റി ആ ദേഹം ഒരു വെള്ളത്തുണികൊണ്ട് മൂടി.


ഞാന്‍ തളര്‍ന്നു പോയി..!


എല്ലാം നഷ്‌ടപെട്ടുവോ.?


ഒരു മിനിഷം കൊണ്ട് വീണ്ടും ഞാന്‍ ആരുമല്ലാതായോ?


മണിക്കൂറുകള്‍ മാത്രം ഡൊക്ടര്‍ വിധിയെഴുതിയ അമ്മ എട്ടു ദിവസങ്ങള്‍ കൂടി ജീവിച്ചു. ദൈവം എനിക്ക് വേണ്ടി ആ ആയുസിനെ എട്ട് ദിനങ്ങള്‍ കൂടി നീട്ടി തന്നതാകാം. ദൗരി എത്ര നിര്‍ബന്ധിച്ചാലും ആഹാരം കഴിക്കാന്‍ മടിക്കുന്ന അമ്മ എന്റെ കൈയ്യില്‍ നിന്നും കഞ്ഞിവാങ്ങി കുടിക്കുമ്പോഴും മരുന്നു കഴിക്കമ്പോഴും ഒരു കൊച്ചു കുട്ടിയുടെ അനുസരണയായിരുന്നു ആ മുഖത്ത്.


ആ എട്ട് ദിവസവും ഞാന്‍ എന്നെപോലും മറന്ന് അമ്മയെ പരിചരിച്ചു. ഒരു മുന്‍‌ജന്മ പുണ്ണ്യം പോലെ അമ്മ എന്റെ മനസ്സിന്റെ മടിത്തട്ടിലേക്ക് നടന്നടുക്കുകയായിരുന്നു.


ആരും പറയാതെയും ആരുടേയും അനുവാദമില്ലാതെയും അമ്മയുടെ ശേഷക്രിയകള്‍ക്കായ് അച്‌ഛനോടൊപ്പം ഒരു നിഴല്‍പോലെ ഞാനും നടന്നു.


അഗ്നി വിഴുങ്ങിയ ചിതയില്‍ നിന്ന്‍ ചെറിയ മണ്‍കലത്തില്‍ നിറച്ച ചാരവും അവശേഷിച്ച എല്ലുകഷണങ്ങളും ശേഖരിച്ചു ചുവന്ന പട്ടുകൊണ്ട് കെട്ടി അച്‌ഛനെ ഏല്പിക്കുമ്പോള്‍ അത് ഏറ്റുവാങ്ങാന്‍ കരുത്തില്ലാതെ വിങ്ങിവിതുമ്പുന്ന അച്‌ഛനു മുന്നില്‍ ഏതോ ഒരു ഉള്‍പ്രേരണപോലെ ഭയന്നിട്ടാണെങ്കിലും ഞാന്‍ മുന്നോട്ടു ചെന്ന് രണ്ടു കൈകളും നീട്ടി ഏറ്റുവാങ്ങി. അച്‌ഛന്റെ കരതലം എന്റെ ചുമലില്‍ തൊട്ടപ്പോഴാണ് ഞാന്‍ ചെയ്തതില്‍ തെറ്റില്ലെന്ന ആശ്വാസം തോന്നിയത്.
അമ്മയുടെ അന്ത്യാഭിലാഷപ്രകാരം ചിതാഭസ്മം ഗംഗയില്‍ നിമജ്ജനം ചെയ്യാനായതില്‍ അച്‌ഛനും ഗൗരിക്കും എന്നപോലെ എനിക്കും ചാരിതാര്‍‌ത്ഥ്യം തോന്നുന്നു.


അന്ന് ഗംഗയില്‍ മുങ്ങിപൊങ്ങിമ്പോള്‍ സേവ്യറച്ചന്‍ കാട്ടി തന്ന യേശുവിനെ കൂടാതെ അറിയാവുന്ന എല്ലാ ദൈവങ്ങളേയും വിളിച്ചു പ്രാര്‍ത്ഥിച്ചു.എന്റെ എല്ലാ പാപക്കറകളും ആ ഗംഗയില്‍ കഴുകിക്കളയാന്‍.


സുഹൃത്തേ, നിയമങ്ങളുടെ എല്ലാ നൂലാമാലകളും പൂര്‍ത്തിയാക്കി എത്രയും വേഗം തിരിച്ചെത്താന്‍ അച്‌ഛനും ഗൗരിക്കും ഒപ്പം ഞാനും പ്രാര്‍ത്ഥിക്കുന്നു. താങ്കള്‍ തിരിച്ചെത്തുമ്പോഴേക്കും ഞാന്‍ അന്യനായ ഒരു കാഴ്ചക്കാരന്‍ മാത്രമായേക്കാം. എന്നാലും ഒരു ആയുസ്സു മുഴുവന്‍ ഓര്‍മ്മിക്കുവാനുള്ള സ്‌നേഹം കുറച്ച് ദിവസങ്ങള്‍ കൊണ്ട് ഞാന്‍ അനുഭവിച്ചു. അത് മതിയെനിക്ക്.


വിവേക് തിരിച്ചെത്തുമ്പോഴേക്കും ഈ അച്‌ഛനെയും സഹോദരിയേയും താങ്കള്‍ക്ക് തിരിച്ചേല്പിച്ചിട്ട് വേണം എനിക്ക് വേറെ എങ്ങോട്ടെങ്കിലും പോയി ജീവിക്കാന്‍. ഈ സ്‌നേഹാന്തരീക്ഷത്തില്‍ കുടുമ്പമെന്ന ചങ്ങലയില്‍ എന്നുമെന്നും ഒരു കണ്ണിയായി കിടക്കാന്‍ കൊതിയുണ്ടെങ്കിലും പോകാതെ തരമില്ലല്ലോ.


കാരണം, ഈ ട്രെയിന്‍ തിരികെ എത്തുമ്പോള്‍ വെറും പാവമായ ഒരു പുതിയ മനുഷ്യനായി ഞാനവിടെ കാലുകുത്തുമ്പോള്‍, ഈ പല്ലുകൊഴിഞ്ഞ സിംഹത്തെ പാലൂട്ടി വളര്‍ത്തിയ പലരും, ഞാന്‍ തല്ലിനോവിച്ചു വിട്ട പല മൂര്‍ഖന്‍ പാമ്പുകളും, എന്നെ കാണാന്‍ പോലും ഭയപ്പെട്ടിരുന്ന പോലീസുകാര്‍, ആരുടെയെങ്കിലും കൈയ്യാല്‍ ഇരുട്ടുള്ള ഒരു രാവില്‍....എല്ലാ കണക്കുകളും തീര്‍ക്കമെന്ന് എനിക്ക് ഉറപ്പാണ്.


ആ വിയോഗം കൂടി താങ്ങാന്‍ ഒരുപക്ഷേ ഇവര്‍ക്കാകില്ല.


ദാ.., എന്റെ കൈയില്‍ വരിഞ്ഞുപിടിച്ച് ചുമലില്‍ തലചായ്ച്ച് ഉറങ്ങുന്ന ഗൗരി, പുറത്തെ വിദൂരതയിലേക്ക് നോക്കി ഇരിക്കുന്ന അച്‌ഛന്‍. ഇവര്‍ ഇപ്പോള്‍ എന്നില്‍ ഒരു അത്താണി കാണുന്നുണ്ടാകും.എന്നെ ഇപ്പോള്‍ ഇവര്‍ വിവേകിനു പകരമായല്ല, വിവേകിനെ പോലെ ഏറ്റെടുത്തു കഴിഞ്ഞു.


ഇവരുടെ മനസില്‍ സ്‌നേഹമുള്ള ഒരു പാവം ഹെന്‍റി എന്നും ഉണ്ടാകണമെങ്കില്‍ എനിക്ക് പോയെ പറ്റൂ.


ഇവരെ ഇനിയും ഒരു വിരഹ ദുഖത്തിന് എറിഞ്ഞ് കൊടുക്കാന്‍ എനിക്ക് വയ്യ.


അതുകൊണ്ട് എന്റെ പ്രിയപ്പെട്ട സഹോദരാ താങ്കള്‍ എത്രയും വേഗം തിരികെ വരണം.


വരില്ലേ...?

23 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

മറക്കാനാവാതെ... മറ്റൊരു കഥകൂടി..
അഭിപ്രായമറിയിക്കില്ലെ..?

ശ്രീ said...

നജീമിക്കാ...
മനോഹരമായ മറ്റൊരു കഥ കൂടി... ഈ കഥയും നന്നായി ഇഷ്ടപ്പെട്ടു.

ഇതു പോലെ ചില നിമിഷങ്ങള്‍‌ മതിയാകും വഴി തെറ്റിയ ഏതൊരാളെയും ചിലപ്പോള്‍‌ നേര്‍‌വഴിയിലെത്തിക്കാന്‍‌...

അഭിനന്ദനങ്ങള്‍‌...
:)

Typist | എഴുത്തുകാരി said...

ശരിക്കും മനസ്സില്‍ തട്ടിയാണ് വായിച്ചതു്. വായിച്ചു കഴിഞ്ഞിട്ടും എന്തോ മനസ്സില്‍ ബാക്കി നി‍ല്‍ക്കുന്നപോലെ. നന്നായിരിക്കുന്നു.

ബാജി ഓടംവേലി said...

നജിം ഇക്കാ,
കഥ നന്നായിരിക്കുന്നു.
ഹെന്‍റി മനസ്സില്‍ ഒരു വിങ്ങലായി അവശേഷിക്കുന്നു. ഹെന്‍‌റിയുടെ ഭാവിയേപ്പറ്റിയുള്ള ആശങ്ക മനസ്സിനെ അസ്വസ്‌തമാക്കുന്നു.
അഭിനന്ദനങ്ങള്‍

തറവാടി said...

നജീം,

ഒരടിസ്ഥാന ആശയത്തെ വ്യത്യാസപ്പെടുത്തിയാലും ആശയം എന്തെന്ന ചോദ്യത്തിനുള്ള ഉത്തരം‌ അടിസ്ഥന ആശയം തന്നെആയിരിക്കും.

ഒരേ ആശയം‌ പലരീതിയില്‍വതരിപ്പിക്കുമ്പോള്‍ മടുപ്പുളവാക്കില്ല.എവിടെയൊക്കെയോ അറിഞ്ഞ (വായനയിലൂടെയോ / സിനിമയിലൂടെയോ) സമാന വിഷയം‌ / ആശയം‌, അതിന്‍‌റ്റെ ആശയത്തെമറികടന്ന് ഇഷ്ടപ്പെടുത്താനുള്ള വശ്യത താങ്കളുടെ എഴുത്തിനും‌ ഉണ്ടായില്ല.

മെലോഡിയസ് said...

നല്ല എഴുത്ത്., ചില വാക്കുകള്‍, ചില സന്ദര്‍ഭങ്ങള്‍ മതിയാകും ഒരാളെ ഒരു നല്ല മനുഷ്യനാക്കാനും അത് പോലെ പിശാചാക്കാനും..

Unknown said...

വളരെ നല്ല എഴുത്തു....
ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു....
:)
-ടെസ്സീ....

സജീവ് കടവനാട് said...

നജീം ഈ കഥയും മനോഹരമായിരിക്കുന്നു. കഥകളില്‍ നിന്നും പ്രവാസത്തെയങ്ങ് വിട്ടുനിര്‍ത്താന്‍ കഴിയുന്നില്ല അല്ലേ.പ്രവാസിയുടെ ഒരു ചെറിയ ദുരിതമെങ്കിലും ഓരോ കഥയിലും കഥാകാരന്‍ കുറിച്ചുവെക്കുന്നു. ഒരു കുറ്റവാളിയെക്കൊണ്ട് പുണ്യകര്‍മ്മം ചെയ്യിച്ച് മനസ്സിലെ മാലിന്യം കഴുകി പുണ്യാത്മാവാക്കിയെടുക്കുക എന്ന പരിചിതമായ ആശയത്തെ നജീമിന്റെ ഭാഷയിലൂടെ മികച്ചതാക്കി അവതരിപ്പിച്ചിരിക്കുന്നു നജീം. പ്രിയ ഏ. എസിന്റെ കള്ളനെന്ന കഥയെ ചില ഭാഗങ്ങളെങ്കിലും ഓര്‍മ്മിപ്പിക്കുന്നു.

ശെഫി said...

വായിച്ചു

സുല്‍ |Sul said...

നന്നായിരിക്കുന്നു നജീം
-സുല്‍

സഹയാത്രികന്‍ said...

നജീംക്കാ... നന്നായിരിക്കുന്നു....

എന്തോ മനസ്സിലൊരു നൊമ്പരം ബാക്കി നില്‍ക്കുന്നു... എത്രയോ ജന്മങ്ങള്‍...ഇതു പോലെ....
:(

ഏ.ആര്‍. നജീം said...

ശ്രീ : നന്ദി :)
എഴുത്തുകാരി : വളരെ സന്തോഷം
ബാജി : വളരെ നന്ദിയുണ്ട്..
തറവാടി : വളരെ നന്ദി, താങ്കളെ പോലുള്ളവര്‍ ശ്രദ്ധിക്കുന്നുവെന്നും ഇതിലുപരിയായി പ്രതീക്ഷിക്കുന്നു എന്ന ചിന്ത കൂടുതല്‍ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചെങ്കില്‍..നന്ദിയുണ്ട്, ഒരുപാട്..ഒരുപാട്
അന്‍സാരി : നന്ദി
മഞ്ഞുതുള്ളി : വളരെ സന്തോഷം
കിനാവ് : പല കഥകളിലും സാന്ദര്‍‌ഭികമായി മാത്രം പ്രവാസികള്‍ വന്നുപോകുന്നതാവും. ഇതിലെ വിവേക് നാട്ടിലെ ഏത് ജയിലില്‍ ആയാലും ഒരു പരോളില്‍ വന്ന് പോകാന്‍ ഒട്ടും പ്രയാസമുള്ള കാര്യമല്ലല്ലോ.? അതു കൊണ്ടാണ് വിസയും കൊടുത്ത് അയാളെ ഗള്‍ഫിലേക്ക് അയച്ചത് :).
പുണ്ണ്യകര്‍മ്മങ്ങള്‍ കൊണ്ട് മനസിലെ മാലിന്യങ്ങള്‍ കഴുകിക്കളഞ്ഞ് ശിഷ്ട ജീവിതമെങ്കിലും നന്നായി ജീവിക്കുവാന്‍ കൊതിക്കുന്ന ഒരുപാട് കുറ്റവാളികള്‍ നമ്മുക്കിടയില്‍ കണ്ടേക്കാം. പക്ഷേ സമൂഹം അതിനവരെ അനുവദിക്കുകയില്ലെന്നു മാത്രം.
ശെഫി, സുല്‍, സഹയാത്രികന്‍ : എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി ..തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കാന്‍ മറക്കരുതെ..കാരണം അതാണ് പിന്നീടുള്ള എന്റെ പോസ്റ്റിങ്ങിനാവശ്യമായ ബൂസ്റ്റും ഹോര്‍ലിക്സും ഒക്കെ :)

മഴതുള്ളികിലുക്കം said...

നജീം ഭായ്‌....

നോവിന്‍റെ എരിയുന്ന കനലുകള്‍ വീണ്ടും,വീണ്ടും
എന്‍റെ മനസ്സിലേക്ക്‌ ഞാന്‍ പോലുമറിയാതെ...ഇവിടെ ഉണരുകയാണ്‌.....
വിദൂരതയില്‍ മാഞു കൊണ്ടിരിക്കുന്ന ഓര്‍മയിലെ ശൂന്യത ഒരിക്കല്‍ കൂടി തിരിച്ചു വന്നിരിക്കുന്നു...അത്ര എളുപ്പമല്ലല്ലോ..അന്ത്യം.

നജീം...അഭിനന്ദനങ്ങള്‍

ഏ.ആര്‍. നജീം said...

പ്രിയപ്പെട്ട മഴത്തുള്ളിക്കിലുക്കം : വളരെ നന്ദി, ഇവിടെ എത്തിയതിനും അഭിപ്രായം അറിയിച്ചതിനും. അതെ പെട്ടെന്നെല്ലാം അവസാനിപ്പിച്ചു പോകുക അത്ര എളുപ്പമല്ലല്ലോ. തുടര്‍ന്നും അഭിപ്രായം അറിയിക്കണേ..

മയൂര said...

ഉള്ളില്‍ ഒരു നോവു ബാക്കി വയ്ക്കുന്ന കഥ...നന്നായിരിക്കുന്നു...

ഏ.ആര്‍. നജീം said...

മയൂര : വളരെ നന്ദി....

പ്രിയ said...

sahacharyangal varuthunna thettum shariyum. oro jeevithathiliyum enthengilum okke shari cheyyan daivam nalkunna avasarangal.

"you r controling ur life " enna vallya vakkukalkkum meethe chilathellam nammalilekku vannu cherunnu.

nannayirikkunnu ikka.

ചിന്താവിഷ്ടന്‍ said...

പ്രിയപെട്ട നജീം,
മനോഹര‍മായിരിക്കുന്നു,
നൊംബരം ആണോ താങ്കളുടെ ഏറ്റവും ഇഷ്ടമുളള കഥാ തന്തു?

വാളൂരാന്‍ said...

നന്നായി എന്നു പറയാന്‍ ഒന്നുകൂടി ആലോചിക്കേണ്ടി വന്നില്ല....

ഏ.ആര്‍. നജീം said...

പ്രിയ : വളരെ സന്തോഷം :)
ചിന്താവിഷ്ടന്‍ : താങ്കളുടെ ചോദ്യം ഈ കഥ പോസ്റ്റ് ചെയ്തുകഴിഞ്ഞ് ഞാന്‍ സ്വയം ചോദിച്ചിരുന്നു. സത്യത്തില്‍ അങ്ങിനെ പ്രത്യേകിച്ച് നൊമ്പരത്തോട് ഇഷ്ടമുള്ളതു കൊണ്ടല്ലട്ടോ ഇത് സ്വാഭാവികമായി വന്നു ചേര്‍ന്നതാകാം.
പിന്നെ ഒരു സ്വകാര്യം, എഴുത്തില്‍ പറഞ്ഞു ഫലിപ്പിക്കാന്‍ ഏറ്റവും എളുപ്പം നൊമ്പരവും ഏറ്റവും പ്രയാസം ഹാസ്യവും അല്ലെ...?
വളരെ നന്ദിയുണ്ട്, തുടര്‍ന്നും അഭിപ്രായം അറിയിക്കണേ..
മുരളി : വളരെ നന്ദി :)

മന്‍സുര്‍ said...

നജീം ഭായ്‌...

മികച്ചത്‌...

നജീം മഴത്തുള്ളിയിലൂടെ എന്‍റെ അഭിപ്രായം
അറിയിച്ചിരുന്നു...കണ്ടിരിക്കുമല്ലോ..
എല്ലാം നന്നാവുന്നുണ്ടു..സ്നേഹിതാ...

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

ഏ.ആര്‍. നജീം said...

മന്‍സൂര്‍ ഭായ് ,
വളരെ വളരെ നന്ദിയുണ്ട്..
താങ്കള്‍ക്കും കുടുമ്പത്തിനും പെരുന്നാള്‍ ആശംസകള്‍..

Sherlock said...

നജീമിക്കാ, മനോഹരം..തീം പഴയതാണെങ്കിലും രസകരമായി അവതരിപ്പിച്ചു..