പ്രസ്വാപം

on Thursday, December 10, 2009

മക്കളെ, നിങ്ങളെ വേര്‍‌പെട്ടു പോന്നു ഞാന്‍
ഇക്കൊടും ചൂടിലലഞ്ഞിടുന്നു
'അചഛാ'യെന്നുച്ചത്തിലുള്ള നിന്‍
പൊന്‍‌വിളി കേള്‍ക്കുവാന്‍
കാലങ്ങളെത്ര ഞാന്‍ പിന്നിടേണം..?.

മക്കളേ നിങ്ങള്‍ക്ക് ലക്ഷങ്ങള്‍ നല്‍‌കുവാന്‍
വര്‍‌ഷങ്ങളെത്ര ഞാന്‍ പാടുപെട്ടീടണം
മോഹങ്ങളൊക്കെയും വിയര്‍‌പ്പാക്കി
നിങ്ങള്‍ക്ക് നല്ലോരു ഭാവി വന്നീടുവാന്‍.
കാണുമോ നിങ്ങള്‍ക്കാ സ്‌നേഹം
തിരിച്ചേകുവാനാകുമോ നാളെയെങ്കിലും

വ്യര്‍‌ത്ഥമോ, സത്യമോ, മിഥ്യയോ..?
ആരതറിയുന്നു കേവലം ശോഷിച്ച
ജീവന്റെ കോലമായ് ഞാന്‍ മടങ്ങീടവേ.
എങ്കിലും നിങ്ങളെ മാത്രമേ ചിന്തിപ്പൂ
നിങ്ങളാണെന്നുമെന്‍ ജീവന്റെ ജീവന്‍.

എന്തും വരട്ടെ, നിരാശയില്ലല്ലവും
ഇനിയെന്തീ പ്രവാസിക്കു നഷ്‌ടമാവാന്‍..?
നഷ്‌ടപ്പെടുന്നതെന്‍ യൗവ്വനമോ
നിങ്ങളൊടൊത്തെന്‍ ജീവിത കാലമോ.
നിങ്ങള്‍ക്ക് നല്‍‌കുന്നൊരീ നല്ലകാലം
ഞങ്ങള്‍ക്ക് നീയേകുമോ ശിഷ്‌ടകാലങ്ങളില്‍..?

പ്രതികര്‍മ്മം

on Thursday, December 3, 2009

കത്തിജ്ജ്വലിക്കട്ടെ സൂര്യന്‍, ചുട്ടുപൊള്ളും
വെയിലിലെന്‍ തൊലിയില്‍
കറുപ്പുനിറം പകര്‍‌ത്താന്‍ !.
ആഞ്ഞുവീശട്ടെ മണല്‍‌ക്കാറ്റെന്‍
കണ്ണുകളിലന്ധകാരം പരത്താന്‍ !
ഉരുകിയൊലിക്കട്ടെ വിയര്‍‌പ്പെന്‍
ശിരസ്സില്‍ നിന്നും
ഇറ്റിറ്റു വീണിതെല്ലാം നനയ്ക്കുവാന്‍ !
വീശിയടിക്കട്ടെ കൊടുങ്കാറ്റെന്‍
കൊച്ചു സ്വപ്നങ്ങളൊക്കെ തകര്‍ക്കുവാന്‍ !

ഞെട്ടറ്റ പോലെ ഞാന്‍ വീണതായ് തോന്നീടാം
പൊട്ടുകില്ലെല്ലുകള്‍, കാരാഗ്രഹങ്ങളില്‍
കൊണ്ടെന്റെ ജീവനെ തകര്‍ക്കുവാനും !
കേവലം നിഷ്‌ഫലമായുധം ഒക്കെയും !.

കാരണം കാണിച്ചു കേഴുവാനാളല്ല
കാലമേ നീ നിന്‍ വഴിപോകുക
ഈ മരുഭൂമിയില്‍ കാണാം നിനക്കെന്റെ
കാണാക്കരുത്തിന്റെ കാലടിപ്പാടുകള്‍.

എന്റെ സ്വപ്നം

on Saturday, November 14, 2009

എന്റെ സ്വപ്നം,
ഉച്ചവെയിലില്‍ തിളങ്ങുന്ന സൂര്യതേജസ്സല്ല.
രജനിയെ പാല്‍ക്കടലാക്കുന്ന
പാല്‍ നിലാവല്ല
ആകാശത്തിലെ ഒരു കുഞ്ഞു നക്ഷത്രം
മാത്രം..!


എന്റെ സ്വപ്നം
അലറുന്ന തിരമാലകളല്ല
കൊടുംകാറ്റല്ല
മന്ദമാരുതന്റെ തലോടലേറ്റ്
പുളകം കൊള്ളുന്ന
നിളയുടെ ഒരു കുഞ്ഞോളം മാത്രം..!

എന്റെ സ്വപ്നത്തില്‍
പൂന്തോട്ടമോ
വിരിഞ്ഞു നില്‍ക്കുന്ന സൂര്യകാന്തിപ്പൂക്കളോ
ഇല്ല, ഒരു കുഞ്ഞു പനിനീര്‍‌പ്പൂവുമാത്രം..!


ഇന്ന് എന്റെ സ്വപ്നത്തില്‍
വാടിക്കരിഞ്ഞ
ഒരു പൂവിതള്‍ മാത്രം ..!
പക്ഷേ
ഈ സ്വപ്നം എന്റെ പ്രാണനാണ്
എന്റെ ഹൃദയമാണ്
ഈ പൂവിതളും ഒരിക്കല്‍
ആരും മോഹിച്ചിരുന്ന
വര്‍‌ണ്ണമുള്ള
ഒരു പൂവിന്റെ ഭാഗമായിരുന്നല്ലോ..?

ഒരു നഷ്ടസ്വപ്നത്തിന്റെ ഓര്‍‌മ്മയ്ക്ക്

on Friday, November 6, 2009

എന്നും പതിവുള്ളതെങ്കിലും
ഇന്നത്തെ സംഗമം വിരഹത്തിന്റേതാകുമെന്ന്
ഒരിക്കലും കരുതിയിരുന്നില്ല
പതിവ് പൊലെ
ഞങ്ങൾ കണ്ണും കണ്ണും നൊക്കിയിരുന്നു
ഏറെ നേരം,
ഒന്നും മിണ്ടിയില്ലെങ്കിലും
ആ മൌനം വാചാലമായിരുന്നു.

എന്റെ തലയിലെ ഒന്നുരണ്ട്
വെള്ളിനൂലുകൾ നോക്കി അവൾ
മെല്ലെ മന്ത്രിച്ചുവൊ..?
“തല മുഴുവൻ നരച്ചു ഇപ്പൊഴും
ചെറുപ്പമെന്നാ ഭാവം”
മറുപടിയായ് ഞാനും ഒന്നു പുഞ്ചിരിച്ചു.
അതു പറയാൻ മറ്റാരെക്കാളും
അവൾക്കാണല്ലോ അർഹത
എന്റെ സ്വപ്നങ്ങൾ, ആശകൾ,
മോഹങ്ങൾ, മോഹഭംഗങ്ങൾ
എല്ലാം, എല്ലാം തുറക്കുന്നത്
അവൾക്ക് മുന്നിൽ മാത്രമായിരുന്നു.
എല്ലാ രഹസ്യങ്ങളും അറിയുന്നവൾ !.
കുറേ നല്ല വശങ്ങൾ ഏറ്റ് പറഞ്ഞ്
സുഹൃത്തുക്കൾ എന്നെ സുഖിപ്പിക്കുമ്പോൾ
എന്റെ പോരായ്മകൾ തുറന്നു പറയുന്നത്
അവൾ മാത്രമായിരുന്നല്ലൊ.

ഈ മനസ്സിലേക്ക് ഇടയ്ക്കിടെ വിരുന്നു വരുന്ന
ഒരു അജ്ഞാത സുന്ദരിയെക്കുറിച്ച്
അവളോട് പറയുമ്പോൾ ഒരു കള്ളച്ചിരി
എന്റെ മുഖത്ത് മിന്നിമറഞ്ഞിരുന്നൊ..?
തെറ്റെന്നറിഞ്ഞിട്ടും
എന്നെ കുറ്റപ്പെടുത്താതെ അവൾ
അപ്പോഴും പുഞ്ചിരിക്കുകയായിരുന്നു.
എല്ലാം ശരി മാത്രമെന്നവൾ
നിശബ്ദമായി എന്നൊട് മന്ത്രിച്ചു

ഒരുപാട് സ്നേഹത്തോടെ
മെല്ലെ കുറച്ചു അടുത്ത് ചെന്ന്
അവളെയെടുത്ത് ഈ നെഞ്ചോട്
ചേർത്ത് ഒരു സ്നേഹസമ്മാനം നൽകാൻ
ചുണ്ടോടടുപ്പിയ്ക്കുമ്പോഴായിരുന്നു !!
ഒരു ചെറിയ കൈപ്പിഴ !!

തകർന്ന മനസോടെ
അതിലെറെ ദുഖത്തോടെ,
പൊട്ടിത്തകർന്നു നിലത്തു കിടക്കുന്ന
അവളെ ഒന്നു നൊക്കുമ്പോഴും
അവൾ പതിവുപോലെ എന്നെ നോക്കി
പുഞ്ചിരിക്കുകയായിരുന്നു.

അവസാനം,
തുത്തുവാരി വേസ്റ്റ് ബോക്സിലിട്ടിട്ട്
അൻപത് റിയാലു കൊടുത്ത്
അതിലും നല്ലൊരു കണ്ണാടി വാങ്ങി
ഞാനെന്റെ മുറിയിൽ തുക്കി.

കടലാസു പൂവുകള്‍

on Friday, October 23, 2009




മാനവര്‍ ചൂടാത്ത,മാനത്ത് നോക്കുന്ന
വര്‍‌ണ്ണക്കടലാസ്സു പൂവുകളെ
ദേവനും വേണ്ട, മാലോര്‍ക്കും വേണ്ടല്ലോ
പിന്നീ പാഴ്ജന്മമായി എന്തിനു പൂത്തുനീ ?

വൃദ്ധസദനത്തിന്‍ ജാലകച്ചാരത്ത്
മന്ദസമീരനിലാടി നില്‍ക്കും
വര്‍‌ണ്ണ മനോഹരീ, ഇല്ല നിന്നെപ്പോലെ
ജന്മ സുകൃതമീ വയോധികര്‍ക്കും
കുത്താത്ത മുള്ളല്ലീയെത്താത്ത ദൂരത്തെന്നാലും
എത്തിപ്പിടിക്കാനാരോരുമില്ലാതെ
തെല്ലകലെ വാര്‍ത്തുല്ലസിച്ചു രസിക്കുന്ന
സൗഗന്ധികങ്ങളെ കാണുന്നുവോ നീ..?

കേവലം കാണുവാന്‍ കണ്ടൊന്നു പോകുവാന്‍
നോക്കൂത്തിപോലെ ഞങ്ങളുണ്ട് നിനക്കെപ്പോഴും
ദേവനും വേണ്ടല്ലോ മാലോര്‍ക്കും വേണ്ടല്ലോ
പിന്നീ പാഴ്ജന്മമായി എന്തിനു പൂത്തുനീ..?

വെറുതെ..

on Tuesday, October 20, 2009



കൂട്ടിയാലും കുറച്ചാലും
ഗുണിച്ചാലും ഹരിച്ചാലും
ഉത്തരം കിട്ടാത്ത ഗണിതമാണ്
ജീവിതമെന്ന്
ഒരിക്കലും പറയാതെയെങ്കിലും
നീയെന്നെ പഠിപ്പിച്ചു .

എന്തെല്ലാം ജീവിത പാഠങ്ങളാണ്
ഇനിയും നീയെന്നെ പഠിപ്പിക്കേണ്ടത്
നീയിപ്പോഴും പറയാന്‍ മടിക്കുന്ന
ഭാഗങ്ങളില്‍ ഞാന്‍
എന്തെഴുതിയാണ് മുഴുപ്പിക്കുക ?

നീ ഇതുവരെ പകര്‍ന്നു തന്നതില്‍
ഏത് ശരി ഏത് തെറ്റെന്ന്
എങ്ങിനെ ഞാന്‍ കണ്ടെത്തും..?
അവയൊക്കെ ചേരും‌പടി ചേര്‍ക്കാന്‍
എന്നും എന്റെ മനസ്സില്‍
സ്നേഹമഷി ഒരു തുള്ളിയെങ്കിലും
ബാക്കിയുണ്ടാവുമോ
ആവോ....?

ഒരു ബ്ലോഗിന്റെ അന്ത്യം

on Friday, October 16, 2009




കവിതകളും കഥകളും
മാത്രമായിരുന്നു മനസ്സു നിറയെ
പുതിയ പോസ്റ്റുകളും കമന്റുകളും
മാത്രമായിരുന്നു എന്റെ സ്വപ്നങ്ങളില്‍
ഓരോ പോസ്റ്റുകളിലും വായനക്കാരുടെ
കമന്റുകള്‍ വിളിച്ചോതുന്നത്
"നിനക്ക സാഹിത്യത്തില്‍ നല്ലൊരു
ഭാവി കാണുന്നു സ്നേഹിതാ..."
അവധി ദിനങ്ങള്‍ ബ്ലോഗിനായ് മാറ്റി വച്ചു
റിയാലുകള്‍ കിട്ടുമെങ്കില്‍ പോലും
ഓവര്‍‌ടൈം ചെയ്യാതായി
കവിതകളിലൂടെ സ്നേഹിച്ചെത്തിയ
അവളോട് മാത്രമല്ല
എല്ലാ സുഹൃത്തുക്കളോടും
ഡാവിഞ്ചിക്കോടും പാബ്ലോ നെരൂദയും
വിക്ടര്‍ ഹ്യൂഗോയും ലിസ സരനും
തട്ടിവിട്ടപ്പോഴെന്തായീ
ജീടാക്കിലെ പച്ചവെളിച്ചം കണ്ടാല്‍ പോലും
ആരും മിണ്ടാതായ്
മദ്യം ഹറാമായത് കൊണ്ട്
കവിയരങ്ങിനും സാഹിത്യ സമ്മേളനങ്ങള്‍‌ക്കും
താല്പര്യമില്ലായിരുന്നുവെങ്കിലും
മറുനാട്ടിലായതിനാല്‍ താടിയും മുടിയും
നീട്ടാനും കുറ്റിബീഡി വലിക്കാനും വയ്യാതായി
നാട്ടിലായിരുന്നെങ്കില്‍
പച്ചയായ ജീവിതം തേടി
രാത്രി വൈകിയും തെരുവിലലയാമയിരുന്നു
എന്നാലും സ്വപ്നങ്ങള്‍ കാടുകയറുകയായിരുന്നു
ആദ്യ കവിതാ സമാഹാരം
ഡീസീ ബുക്സില്‍ അല്ലെങ്കില്‍ കരന്റ് ബുക്സില്‍
ഡീസീ കരന്റ് പോയിട്ട്
ഓലപ്പീപ്പി പബ്ലിക്കേഷന്‍സ് വരെ
അവഗണിച്ചുവെന്ന് തോന്നിയപ്പോള്‍
................................
ഒരൊറ്റ ബട്ടണ്‍
"ഡിലേറ്റ് ആള്‍"
ഹാ... സുഖം സ്വസ്ഥം..!
ഓര്‍ക്കൂട്ടും , ഫേസ്‌ബുക്കും
പിന്നെ ബ്ലോഗും പൂട്ടിക്കെട്ടി
യൂട്യൂബ് തുറന്ന്
"എന്റെ ഖള്‍ബിലെ വെണ്ണിലാവു നീ
നല്ല പാട്ടുകാരാ.."
കൈയ്യില്‍ കടുപ്പത്തലൊരു
സുലൈമാനിയും
സുഖം സ്വസ്ഥം..!