1980 കളോടെ ആഢംഭരത്തിന്റെ പ്രതീകമായി നമ്മുടെ സ്വീകരണ മുറിയിലെത്തിയ ടെലിവിഷന്‍, "വിഡ്ഡിപ്പെട്ടി' എന്നൊക്കെ വിളിച്ചു അധിക്ഷേപിക്കപ്പെട്ടുവെങ്കിലും പലരുടേയും മനസും കണ്ണും കീഴടക്കി ഇന്നു ജനങ്ങളുടെ നിത്യജീവിതതിലെ അത്യന്താപേക്ഷിതമായ ഒന്നായി മാറി കഴിഞ്ഞുവെന്നത് സത്യം മാത്രം. പലരുടേയും ദിനചര്യകള്‍ പോലും മാറ്റിമറിക്കുവാന്‍ അതിനു കഴിഞ്ഞു. ഇന്നത്തെ ഏറ്റവും ജനപ്രീതിയുള്ള മാധ്യമം ടെലിവിഷന്‍ ആയി മാറിക്കഴിഞ്ഞു..
പ്രക്ഷേപണവകാശവും സ്വകാര്യവത്കരിക്കപ്പെട്ടതോടെ ഇതിലെ കച്ചവട സാദ്ധ്യത കണ്ടറിഞ്ഞ് പിന്നങ്ങോട്ട് ചാനലുകളുടെ ഒരു പ്രളയം തന്നെയായി. ഇപ്പോള്‍ ഇതൊന്നും കണ്ടു തീര്‍ക്കാന്‍ രണ്ടു കണ്ണുകള്‍ പോരെന്നായിരിക്കുന്നു..!
ചാനലുകള്‍ തമ്മിലെ മത്സരത്തിനിടയിലും വിവിധങ്ങളായ പരിപാടികള്‍ നമ്മുക്കു ലഭിച്ചുവെങ്കിലും പിന്നീട് പ്രേക്ഷകരെ ആകര്‍ഷിക്കുവാന്‍ എന്തും ആകാമെന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിപെട്ടില്ലെ..?. അമ്പലക്കുളത്തിലെ ദുര്‍മരണം മുതല്‍ ഇടഞ്ഞ ആന പാപ്പാനെ കൊന്നു കൊല വിളിക്കുന്നതും പോലും 'ലൈവ്' ആയി കാണിക്കാന്‍ മത്സരിക്കുകയായിരുന്നല്ലോ ചാനലുകാര്‍...
ഇത്രയും പറഞ്ഞു വരാന്‍ കാര്യം ഏഷ്യനെറ്റ് ചാനലില്‍ പ്രക്ഷേപണം ചെയ്തൂ വരുന്ന പരിപാടികളില്‍ ഒന്നായ "സാഹസികന്റെ ലോകം" കഴിഞ്ഞ ദിവസം നിങ്ങളില്‍ പലരേയും പോലെ കാണേണ്ടി വന്നുപോയതു കൊണ്ടാണ്... തറയില്‍ വിരിച്ച ട്യൂബ് ലൈറ്റുകള്‍ക്കു മുകളില്‍ കിടക്കുന്ന ഒരു പാവം യുവാവിന്റെ നെഞ്ചില്‍ ഒരു ക്വിന്റലില്‍ അധികം ഭാരമുള്ള രണ്ടു പാറകള്‍ കയറ്റി വച്ചു വലിയ കൂടത്തിനു അടിച്ചു പൊട്ടിക്കുന്ന കാഴ്ച...!!! വലിയൊരു കൂടം നെഞ്ചിലിരിക്കുന്ന പാറയിലേക്ക് ശക്‌തിയോടെ പതിക്കുമ്പോള്‍ ശ്വാസം അകത്തേക്ക് ആഞ്ഞു വലിക്കുമ്പോളുയരുന്ന ശബ്ദം പോലും ചിലപ്രത്യേക എഫറ്റോടെ ആവര്‍ത്തിച്ചു കാണിച്ചു!. ശേഷം കുപ്പിച്ചില്ലുകള്‍ കുത്തികയറി ചോര ഒലിക്കുന്ന മുതുകിന്റെയും ദയനീയമായ മുഖത്തിന്റേയും ഒരോ ക്ലോസപ്പ് ഷോട്ട്..!! അതും പോരാഞ്ഞ് അയാളുടെ കുഞ്ഞു മകനോട് ഒരു ചോദ്യം "അച്‌ഛന്റെ ഈ പ്രകടനം കണ്ടിട്ട് എന്തു തോന്നുന്നു പോലും..!!"..ശിവശിവാ..!
ടെലിവിഷന്‍ പരിപാടികള്‍ നമുക്ക് വിനോദമോ വിജ്ഞാനമോ പ്രധാനം ചെയ്യുന്നതാവണം എന്നാണല്ലോ...ഈ പരിപാടിയില്‍ എന്തു വിനോദം..? എന്തു വിജ്ഞാനം?. പാടവരമ്പത്തും മൈതാനത്തും ഒക്കെ ഈ പരിപാടികള്‍ നമ്മള്‍ പലതവണ കണ്ടിരിക്കാം. പക്ഷേ അതൊക്കെ ജീവിക്കാനുള്ള ഒരൊ തന്ത്രപാടുകളല്ലേ..അതിനു ഈ മാധ്യമങ്ങളില്‍ കൂടി കാണിച്ച് എന്തു സന്ദേശമാണ് ഈ ചാനലുകാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്...?
പണ്ടു മല്ലന്മാരായ അടിമകളെ അതില്‍ ഒരാളുടെ മരണം വരെ തമ്മില്‍ പോരാടിക്കുന്ന മത്സരം നടത്തി അതു കാണാന്‍ മദ്യ ചഷകവുമായി ഇരിക്കുന്ന പഴയ നാട്ടുപ്രമാണിമാരായി നമ്മള്‍ മാറിയോ എന്ന് ഒരു നിമിഷം തോന്നിപ്പോയി കൈയില്‍ ചായയുമായി ഈ പരിപാടി കാണ്ടിരിക്കുമ്പോള്‍..
പാശ്ചാത്യ നാടുകളില്‍ ഇത്തരം പരിപാടികള്‍ TV യിലൂടെ കാണിക്കാറുണ്ടാകാം.പക്ഷേ അതു കൃത്യമായ സുരക്ഷാസജ്ജീകരണങ്ങളോടെ പ്രൊഫഷണലായി നടത്തുന്നതുപോലെയാണോ കീറച്ചാക്കില്‍ കിടന്നുള്ള ഈ പരിപാടികള്‍..! ചില പാശ്ചാത്യ നാടുകളില്‍ വാര്‍ത്ത ആകര്‍ഷണീയമാക്കാന്‍ വാര്‍ത്ത വായിക്കുന്ന സുന്ദരി ഒരോ സ്ലോട്ട് കഴിയുമ്പോളും വസ്‌ത്രങ്ങള്‍ അഴിച്ചു മാറ്റി അവസാനം പരിപൂര്‍ണ്ണ നഗ്നയാകുന്ന തരം പരിപാടികള്‍ നമ്മുക്കറിയാം. നാളെ നമ്മുടെ വിട്ടിലെ TV യിലെ മലയാളം ചാനല്‍ തുറക്കുമ്പോള്‍ എന്തൊക്കെ കാഴ്ചകളാണോ കാണാന്‍ കിടക്കുന്നത്....?
ഈ പരിപാടി നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്........
Posted by ഏ.ആര്‍. നജീം on Tuesday, June 12, 2007
Labels: ആനുകാലികം
Subscribe to:
Post Comments (Atom)
17 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:
നാളെ നമ്മുടെ വിട്ടിലെ TV യിലെ മലയാളം ചാനല്‍ തുറക്കുമ്പോള്‍ എന്തൊക്കെ കാഴ്ചകളാണോ കാണാന്‍ കിടക്കുന്നത്....?
ഇക്കാര്യമൊക്കെ എനിക്കും തോന്നിയിട്ടുണ്ട്.
കഴിഞ്ഞ ഇലക്ഷന്‍ കാലത്തു മരണവീടു സന്ദര്‍ശിച്ച ഒരു സ്ഥാനാര്‍ത്ഥിയുടെ വാര്‍ത്തക്കൊപ്പം മുന്‍പെപ്പൊഴോ കിട്ടിയ (ചിരിച്ചു കൊണ്ടു മറ്റേതൊ ചടങ്ങിനെടുത്ത ക്ലിപ്പു ഫയല്‍ ചിത്രം) കാണിച്ചു കൊണ്ടു മധ്യമ സിന്‍ഡിക്കേറ്റോ വിവേകമില്ലായ്മയോ പ്രദര്‍ശിപ്പിച്ചു ഒരു ചാനല്‍. അതേ പോലെ സൌദി അറേബ്യയുടെ കറന്‍സി മാറുമ്പോഴും കുവൈറ്റില്‍ സമ്മേളനം നടക്കുമ്പോഴും ഷാര്‍ജ-ദുബൈ റോഡിന്റെ ദൃശ്യവും ഷേക്ക് സായിദിന്റെ ചിത്രവും ഇപ്പോഴും കാണിക്കുന്ന “വിഡ്ഡിപ്പെട്ടികള്‍” ഉണ്ട്.
നന്ദി മാഷേ...
ഹ.ഹാ..അതു നമ്മുക്കൊക്കെ ബൊധ്യമുള്ളതാണെങ്കിലും പറയതിരിക്കുകയാ ഭേദം.. എന്തിനേറെ..വാര്‍ത്ത ആദ്യം എത്തിക്കാനുള്ള ബഹളത്തില്‍ നമ്മുടെ മുന്‍ രഷ്‌ട്രപതിയെ മരിക്കുന്നതിനു മുന്‍പ് "കൊന്ന"വരെല്ലെ....!
ഞാനും കണ്ടു ആ പരിപാടി. കഷ്ടം തോന്നി. ഒരു കുറിപ്പെഴുതാം എന്നു വിചാരിച്ചതാണ്. നജീം എഴുതിയല്ലൊ. നന്നായി. ഇതെല്ലാം നിരോധിക്കണം.
മുന്‍പു ഇതേ പരിപാടിയില്‍ (അത് യാദൃശ്ചികമായി കാണാന്‍ കഴിഞ്ഞതാണ്) നാലോ അഞ്ചോ വയസ്സുള്ള ഒരു പിഞ്ച്കുഞ്ഞിന്റെ വായില്‍ ഒരു മൂറ്ഖന്‍ പാമ്പിനെ വച്ചുകൊണ്ടുള്ള ഒരു എപ്പിസോഡായിരുന്നു അത്.
ടിവിയുടെ ആക്രമണത്തെ പറ്റി ഞാന്‍ ഒരു കുറിപ്പെഴുതിയിരുന്നു. സമയം കിട്ടുമെങ്കില്‍ വായിക്കുക.
http://kuttoontelokam.blogspot.com/2007/05/blog-post_15.html
സാധാരണ കാണാറില്ല ഈ പരിപാടി. തൊള്ളയില്‍ ഒതുങ്ങാത്ത ആംഗലേയം പറയുന്ന ആ പെണ്ണ് (രഞ്ജിനി?)അവതരിപ്പിച്ചിരുന്നപ്പോള്‍ പ്രത്യേകിച്ചും.
പക്ഷേ ഇത് കാണേണ്ടി വന്നു.
കരീം മാഷ്, നജീം, കുട്ടു - അഭിപ്രായൈക്യം പ്രഖ്യാപിക്കുന്നു.
എനിക്ക് വെറുപ്പ് തോന്നിയിട്ടുള്ള ഒരു പരിപാടിയാണ് ഡെയ്ഞ്ചറസ് ബോയ്സ്. മനുഷ്യരില്‍ ഉള്ള നന്മയെ മുതലെടുത്ത് പിന്നെ അതിനെ പരിഹസിക്കുന്ന ആ പ്രോഗ്രാമിനും ആരാധകള്‍ ധാരാളമുണ്ട്. ബഹുജനം പലവിധം. ഈ പരിപാടികളോക്കെ കാണാന്‍ ആളുകള്‍ ഉള്ളതുകൊണ്ടാണ് അവര്‍ ഇതൊക്കെ പിന്നേയും അവതരിപ്പിക്കുന്നത്. പിന്നേയുമുണ്ട്, കുറേപേരെ വിളിച്ചുവരുത്തി (കൂടുതലും ദമ്പതികളെ) കാണിച്ചുകൂട്ടുന്ന കോമാളിത്തരങ്ങള്‍. ഇപ്പോള്‍ കഴിവതും ഈ പെട്ടി ഓണാക്കാറില്ല.
ഇപ്പോള്‍ എല്ലാചാനലിലും രത്നങ്ങളേയും പാട്ടുകാരേയും ഡാന്‍സുകാരേയും കണ്ടുപിടിക്കുന്ന തിരക്കല്ലേ. എന്തൊക്കെ കോലാഹലങ്ങളാണ് പലരും കാട്ടികൂട്ടുന്നത്.
കൈതമുള്ളെ , ശാലിനീ ഒന്നു സഹായിക്കണേ !
ഏഷ്യാനെറ്റിലെ , ഐഡിയ - സ്റ്റാര്‍ സിങ്ങര്‍ എന്ന പരിപാടിയില്‍ സ്റ്റേജില്‍ വരുന്ന ആ കലാകാരിയെ ആണോ ഉദ്ദേശിച്ചത്?
അതുതന്നെ തറവാടീ.. അതേ ചാനലില്‍ “സാഹസികന്റെ ലോകം” എന്നൊരു പരിപാടിയുണ്ട്. അതേപ്പറ്റിയാണ് ഈ പോസ്റ്റ്. തുടങ്ങിയകാലത്ത് ശരിയായ സാഹസികയാത്രകളായിരൂന്നു വിഷയം. ഇപ്പോള്‍ വിഷയദാരിദ്ര്യം കാരണമാവാം ട്യൂബ് ലൈറ്റ് പൊട്ടിക്കുന്നതിലേക്ക് തിരിഞ്ഞത്.
ഞാനിത്തരം പരിപാടികള്‍ കാണാറില്ല,മാഷെ. എന്തൊ വല്യ ഭാവം പറച്ചിലായി തോന്നുമൊ എന്തൊ ഏറ്റവും കൂടുതല്‍ വെറുക്കുന്ന ചില പരിപാടികളാണ്, തരികിടപോലുള്ള, (ഡെയ്ഞ്ചര്‍ ബോയ്സ് തുടങ്ങിയ പരിപാടികള്‍, ഇതൊക്കെ നമ്മിലെ ഇത്തിരി നന്മകളും ചോര്‍ത്തിക്കളയുന്ന സാധങ്ങളാണ്, ഇത്തരം പരിപാടികള്‍ മാത്രമല്ല, സീരിയലുകള്‍ നോക്കൂ. എന്ത് സന്ദേശമാണവ പകരുന്നത്, എനിക്കറിയില്ല,
റ്റി.വി. ഇത്ര സാര്‍വത്രികമായതിനുശേഷമാണ് നമ്മുടെ മൂല്യച്യുതി ഇത്രകണ്ട് കൂടിയതെന്ന് ഞാന്‍ പറയും, പീഢനങ്ങളും അക്രമങ്ങളും ഇത്ര വര്‍ദ്ധിക്കാനും കാരണം ഇതുതന്നെ.
നമ്മുടെ കുട്ടിയെ നാം നല്ല രീതിയില്‍ വളര്‍ത്തണമെന്ന് എല്ലാവരും പറയുന്നു, പക്ഷെ എങ്ങനെ അവനെ വളര്‍ത്തിയാലും അവനിലേക്ക് എല്ലാ വൈകൃതങ്ങളും എത്തിച്ചേരാനുള്ള (വീട്ടിനുള്ളില്‍) എളുപ്പവഴി നമ്മുടെ ടി.വി. തന്നെയാണ്. അപ്പോള്‍ അവന്റെ വളര്‍ച്ച തധൈവ തന്നെ.
അപ്പൂ നന്ദി ,
അദ്ധ്വാനിച്ചുണ്ടാക്കിയ കാശ് കൊടുത്തുവാങ്ങിയതുകൊണ്ടുമാത്രമാണ് ,
അല്ലെങ്കില്‍ അയമ്മയുടെ ചേഷ്ടകള്‍കണ്ട് സഹിക്കാനാവാതെ എന്നേ തല്ലിപ്പോളിക്കുമായിരുന്നു ഞങ്ങളുടെ റ്റി.വി.
വിനോദയാത്ര സിനിമയില്‍ , അവതാരകയാവാന്‍വേണ്ട ഉച്ഛാരണം പരിശീലിക്കുന്ന കുട്ടിയുടെ സീന്‍ എടുത്തപ്പോള്‍ സിനിമാ സംവിധായകന്‍ ഇയമ്മയെ കണ്ടിരിക്കില്ല എന്നുറപ്പായി.
മറ്റുള്ള പലരിലും ഇംഗ്ളീഷ് ഉച്ഛാരണത്തിന്‍റ്റെ
"അണ്‍ സഹിക്കബിലിറ്റി" മാത്രമെയുണ്ടായിരുന്നുള്ളു ,
ഇയമ്മയുടെ ചേഷ്ടയും സഹിക്കാന്‍പറ്റുന്നതിലുമപ്പുറം.
ശിശു പറഞ്ഞതിന്റെ താഴെ ഒരു ഒപ്പ്.
പക്ഷേ വീട്ടിലിരിക്കുന്ന വീട്ടുകാരി പറയുന്നു പകലത്തെ ഒറ്റയ്ക്കിരുപ്പില്‍ ഒന്നു സമയം പോകാന്‍ ടി.വി. കണക്ഷന്‍ വേണം എന്ന്. എന്തുചെയ്യാന്‍! എടുത്തു...
ഇത്തിരിയുള്ളൊരിട്ടാവട്ടത്ത് അതില്‍ കൊള്ളുന്നതിനേക്കാള്‍ ചാനലുകള്‍ വന്നാല്‍
ഇതൊക്കെയല്ലാതെ പിന്നെന്തു കാണിക്കാനാ കൂട്ടുകാരെ. പോരാത്തതിന്‍ പുതുതായി ഇനിയും എത്ര ചാനലുകള്‍ വരാനായി അണിയറയില്‍ തയാറെടുക്കുന്നു!.
തമ്മില്‍ തമ്മില്‍ പിടിച്ചു നില്‍ക്കുന്നതിന്‍ പുതുതായി എന്തെങ്കിലുമൊക്കെ കാട്ടികൂട്ടണ്ടേ.
ഡേയ്ഞ്ചറസ് ബോയ്സ് എന്ന പരിപാടി മറ്റു ചാനലുകളും കോപ്പി ചെയ്തിട്ടുണ്ട്. ജീവനില്‍ പെണ്‍കുട്ടികളാണ്‍ ആ പരിപാടി അവതരിപ്പിക്കുന്നതു. ക്രേസി ഗേള്‍സ് എന്നൊ മറ്റോ ആണ്‍ പേര്‍. ഭാരത് ടി.വി.യും ഇതേ പരിപാടിയുടെ കോപ്പി കാണിക്കുന്നുണ്ട്.
ഇതിന്റെയെല്ലാം ആവിര്‍ഭാവം വിദേശ ടി.വി. ചാനലുകളില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് കാണിച്ചു വന്നിരുന്ന (ഇപ്പോഴുമുണ്ട് എന്നു തോന്നുന്നു) candid camera എന്ന പരിപാടിയില്‍ നിന്നും കോപ്പി ചെയ്തതാണ്‍.
ഇംഗ്ലീഷിലെ candid camera യുടെ വീഡിയോ കാസറ്റ് ചൂടപ്പം പോലെ വിറ്റഴിക്കുന്നുമുണ്ട്. പക്ഷെ മലയാളത്തില്‍ വരുമ്പോള്‍ അതിന്റെ നിലവാരം താഴുന്നതിനാല്‍ നമുക്ക് വളിപ്പായി തോന്നുന്നു എന്നു മാത്രം.
യോജിക്കാനാവാത്ത പരിപാടുകള്‍ പലതുണ്ട് ചാനലുകളില്‍. സാഹസികന്റെ ലോകം, ഡെയ്ഞ്ചറസ് ബോയ്സ്, പിന്നെ ദമ്പതികളെ കുരങ്ങു കളിപ്പിക്കുന്ന പരിപാടി. ഇവയെല്ലാം എതിറ്‌ക്കപ്പെടേണ്ടതു തന്നെ. അപ്പോഴും ചിന്തിക്കേണ്ട ഒന്നുണ്ട് . ഇതിനെല്ലാം നിന്നു കൊടുക്കുന്ന ഇന്നത്തെ മലയാളി. ഡെയ്ഞ്ചറസ് ബോയ്സ് പരിപാടിയില്‍ അവസാനം കാര്യം വെളിപ്പെടുമ്പോള്‍, പങ്കെടുക്കുന്നവന്റെ മുഖം ശ്രദ്ധിച്ചിട്ടുണ്ടോ. ഒരു തരം ചമ്മല്‍ മാത്രം. പിന്നെ ടിവിയില്‍ മുഖം കാണിച്ച സന്തോഷവും. ഇത്രയും നേരം കുരങ്ങു കളിപ്പിച്ചവനെ - എന്തിന്റെ പേരിലായാലും - നാലു ചീത്ത പറയാന്‍ എന്നു നാം തയ്യറാകുന്നൊ അന്നു നില്‍ക്കും ഇതൊക്കെ. നാലിടത്തു നിന്നും അടി കിട്ടിയാല്‍ തീരുന്ന അസുഖമേയുള്ളൂ.
കണ്ടറിയാത്തവര്‍ കൊണ്ടറിയും അതുകഴിഞ്ഞും അറിഞ്ഞില്ലേല്‍ എന്തു ചെയ്യും???
ബിജു പറഞ്ഞതുപോലെ, ആളെ വിഡ്ഡിയാക്കുന്ന ആ പരിപാടിയില്‍ വിഡ്ഡികളാകപ്പെട്ട മനുഷ്യര്‍ക്ക് ടിവിയില്‍ മുഖം കാണിക്കാന്‍ പറ്റിയ സന്തോഷമാണ്. ആരെങ്കിലും ആ അവതാരകന്റെ മുഖമടച്ച് ഒരടി കൊടുത്തിരുന്നെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിട്ടുണ്ട്.
സ്റ്റാര്‍ സിങ്ങര്‍ പരിപാടിയില്‍ അല്പം സംഗീതമറിയാവുന്ന ഒരു സാധാരണ കുട്ടിയായിരുന്നു അവതാരികയെങ്കില്‍ എന്തു നന്നായിരുന്നേനേ. ഈ കുട്ടി അവതരിപ്പിക്കുന്ന ഒരു പരിപാടി amirtha tvയിലുണ്ട്, ഗുഡ് ഇംഗ്ലീഷ്. അതൊന്നു കാണേണ്ടതു തന്നെ.
വാര്‍ത്ത വായിക്കുന്നവരുടെ വസ്ത്രധാരണ രീതി നാള്‍ക്കു നാള്‍ മോശമാകുന്നു ... ആളുകളെ പിടിച്ചിരുത്താന്‍ ഉതകുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നവരാണ് അധികവും,.. നല്ല രീതിയില്‍ വസ്ത്ര ധാരണം ചെയ്യുന്നവരും ഉണ്ടെന്നതാണ് ഒരു ആശ്വാസം ..
Post a Comment