ക്ഷണം ( കവിത )

on Wednesday, September 19, 2007








കളമൊഴികളകതാരില്‍
കനക മഴ പെയ്തു,
നിളയിലത് നാണമായ്
അലമാലയിലൊഴുകി.




തരളിതമൊരു മധുഗാനം
നിന്‍ നാവിലുണര്‍ന്നു,
തളരും മമ മനമാകെ
നവ താരമുയര്‍ന്നു.




സുര സുന്ദര നടനാമൃത
രസഗംഗയില്‍ മുങ്ങി,
ലയ സുന്ദരി വരു നീയീ
മധു പാത്രം നുകരാന്‍..


അസുര ഗണം

on Monday, September 17, 2007






മാനുഷ വംശത്തിനുണ്ടു പോലും
രണ്ടു ഗണങ്ങളെന്നാരോ ചൊല്ലി
ദേവഗണം പിന്നസുരഗണം
എന്താണ് സത്യമെന്നാരറിവൂ ?



നോക്കുകില്‍ ഞാനൊരസുരഗണം
പാപങ്ങള്‍ ചെയ്തതായോര്‍മ്മയില്ല
പിച്ചക്കു കേഴുന്നഗതിക്കുപോലുമെന്‍
ഭക്ഷണം നല്‍കി ഞാനാശ്വസിച്ചു .


എങ്കിലും ചൊല്ലിയകറ്റി നിര്‍ത്തി-
യെന്നെ, പാടില്ല ഞാനൊരസുര ഗണം
കഷ്‌ടങ്ങള്‍ പേറുന്ന കൂട്ടരെ പുച്‌ഛിച്ചി
ട്ടാനന്ദം കൊള്ളുന്നു ദേവഗണം .


രാവണനും, പിന്നെ വിഭീഷണനും
ആയിരുന്നല്ലോ അസുരഗണം
എന്തിനു നമ്മുടെ മവേലിത്തമ്പുരാന്‍
‍പോലും പിറന്നൊരസുരഗണത്തില്‍


പിന്നെന്തിനേകീ അവര്‍ക്കു ഭഗവാനാ
സത്യ ലോകത്തിലെ സിംഹാസനം ?
മോക്ഷങ്ങളൊക്കെയും നല്‍കി
അവര്‍ക്കിനിജന്മമില്ലാത്ത വരവുമേകി
എങ്കിലഭിമാന പൂരിതമാണെന്റെ
ജന്മം, ഞാനുമൊരസുരഗണമായതില്‍.

ഈ ഹെല്‍മറ്റ് കൊണ്ട് ഇങ്ങനേയും ചില അപകടങ്ങള്‍ ഉണ്ട് കേട്ടോ..

on Saturday, September 15, 2007

ഹെല്‍മറ്റ് കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും ഒക്കെ ഒരുപാട് ചര്‍ച്ചകള്‍ നമ്മുടെ ബൂലോകത്തുള്‍പ്പെടെ പലയിടത്തും നടന്നല്ലോ.

എന്നാല്‍ എന്റെ കൂട്ടുകാരന്‍ അപ്പുക്കുട്ടന് പറ്റിയയതു പോലെയുള്ള ഒരു അപകടത്തെ കുറിച്ച് അധികമാരും ചിന്തിച്ചിരിക്കാന്‍ സാധ്യതയില്ല. ഇനി മറ്റാര്‍ക്കും അതുപോലെ ഒരപകടം പറ്റാതിരിക്കാന്‍ വേണ്ടി മാത്രം ഇതിവിടെ കുറിക്കാം.

കഴിഞ്ഞ ചൊവ്വാഴ്ച അപ്പുകുട്ടന്‍ ഓഫീസില്‍ ഇരിക്കുമ്പോള്‍ ചുമ്മാ ഒരു തോന്നല്‍. തന്റെ ഭാര്യ പാവം എപ്പോഴും പറയുന്നതാണല്ലോ ഒരു പടത്തിനു കൊണ്ട് പോകാന്‍, ഇന്നാണെങ്കില്‍ അധികം തിരക്കുമില്ല. അപ്പോള്‍ തന്നെ ഭാര്യയെ വിളിച്ചു പറഞ്ഞു അഞ്ചു മണിയാകുമ്പോള്‍ ഒരുങ്ങി നില്‍ക്കാന്‍.

കൃത്യം അഞ്ചര മണിക്ക് തന്നെ അപ്പുക്കുട്ടന്‍ വന്ന് രണ്ട് പേരും ബൈക്കില്‍ തീയറ്ററിലേക്ക് പോയി. അപ്പുക്കുട്ടന്‍ പുതുതായി വാങ്ങിയ ഹെല്‍മെറ്റും എടുത്തു തലയില്‍ വച്ച് ഭാര്യയേയും പുറകിലിരുത്തി തീയറ്ററിലേക്ക് തിരിച്ചു.

ഒരു നാലഞ്ചു കിലോമീറ്റര്‍ പോയി കഴിഞ്ഞപ്പോഴാ തൊട്ടു പുറകിലിരുന്നു ഭാര്യയുടെ അസാധാരണ ശബ്ദത്തില്‍ ഒരു വിളി.

"ചേട്ടാ ഒന്നു വണ്ടി നിര്‍ത്താവോ...?"

ഒരു നിമിഷം!! അപ്പുകുട്ടന്റെ നെഞ്ചിലൂടെ ഒരു കൊള്ളിയാന്‍ മിന്നി!. സാരിഗാര്‍ഡ് ഉണ്ടെങ്കിലും ചിലപ്പോള്‍ സാരി ബൈക്കിന്റെ വീലില്‍ ഉടക്കിയതാണെങ്കിലോ ?.

അപ്പുകുട്ടന്‍ വണ്ടിയുടെ ഫ്രണ്ട് ബ്രേക്കും പുറകിലെ ബ്രേക്കും ഒരുമിച്ച് ഒരൊറ്റ പിടുത്തം..!. വണ്ടി അപ്പുക്കുട്ടന്റെ നിയന്ത്രണത്തില്‍ നിന്നും വിട്ട് അതിന്റെ വഴിക്ക് പോയി മുന്നില്‍ നിന്നിരുന്ന ഓട്ടോയില്‍ ചെന്ന് ഠപ്പേ......ന്നുള്ള ശബ്ദത്തോടെ ഇടിച്ചു നിന്നു.

ഭാഗ്യത്തിന് അപ്പുകുട്ടനും ഭാര്യക്കും പ്രത്യേകിച്ച് ഒന്നും പറ്റിയില്ല.പക്ഷേ ബൈക്കിന്റെ ഹെഡ്‌ലൈറ്റും മഡ്‌ഗാര്‍‌ഡും പൊട്ടി. ഓട്ടോറിക്ഷയില്‍ ചെറിയ ഒരു പോറല്‍ മാത്രമേ പറ്റിയുള്ളു. എന്നാലും അവരു വിടുമോ ?, അങ്ങോട്ടു ചെന്നിടിച്ചതല്ലേ. ഏകദേശം റീപെയിന്റ് ചെയ്യാനുള്ള പൈസ ആ ഓട്ടോകാരനു കൊടുത്തു അപ്പുക്കുട്ടന്‍ പ്രശ്നം ഒത്തുതീര്‍പ്പാക്കി. സിനിമ കാണാനുള്ള സര്‍‌വ്വ മൂഡും പോയതു കൊണ്ട് തിരികെ പോന്നു.

തിരിച്ചു വരുന്നവഴി അപ്പുകുട്ടന്‍ ഭാര്യയോട് ചോദിച്ചു

"അല്ല, നീയെന്തിനാ അവിടെ വച്ച് വണ്ടി നിര്‍ത്താന്‍ ഒച്ച വച്ചത്..?"

അല്പം മടിച്ചാണെങ്കിലും ഭാര്യ പറഞ്ഞു.

"അതു പിന്നെ, അതു പിന്നെ ഏട്ടാ.. ഏട്ടന്‍ ഓണത്തിന് എനിക്ക് വാങ്ങി തന്ന ആ സാരിയില്ലേ..? എതിനു ഒരു മാച്ചിങ്ങ് ബ്ലൗസിനു വേണ്ടി നമ്മള്‍ എത്ര കടകളില്‍ കയറി. ദേ ഇപ്പോ അവിടെ ഒരു കടയില്‍ കണ്ടായിരുന്നു അതാ വിളിച്ചത്.

അപ്പുക്കുട്ടന് തികട്ടിവന്ന എല്ലാ കോപവും തല്‍കാലം മനസില്‍ ഒതുക്കികൊണ്ടു ചോദിച്ചു.

അതിനു നീ ഇത്ര വിളിച്ചു കൂവിയതെന്തിനാ പതുക്കെ പറഞ്ഞാ പോരെ...?

ഭാര്യ അപ്പുക്കുട്ടന്റെ മുതുകില്‍ സ്‌നേഹത്തോടെ ചിത്രം വരച്ചു കൊണ്ടു പറഞ്ഞു.

അല്ലാ, അപ്പുവേട്ടന്‍ തലയില്‍ ഈ കുന്ത്രാണ്ടം വച്ചിരിക്കുന്നത് കൊണ്ട് കേട്ടില്ലെങ്കിലോ എന്നുവച്ചാ ഉച്ചത്തില്‍ പറഞ്ഞത്.

രാഹുല്‍ , നിനക്കു വേണ്ടി

on Tuesday, September 11, 2007



********************************************************************


ആലപ്പുഴയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ രാഹുല്‍ എന്ന ഏഴുവയസ്സുകാരനും അവന്റെ മാതാപിതാക്കള്‍ക്കും .....
********************************************************************


കാണിയ്ക്ക വെച്ചു കളമെഴുതി ദൈവ -
സന്നിധിതോറും തൊഴുതുവന്നു
അന്നദാനങ്ങളും നല്‍കിയേറേ-
ഒരോമന കുഞ്ഞു പിറന്നു കാണാന്‍.


"ഓമനത്തിങ്കള്‍ കിടാവു" പാടാന്‍
അവള്‍ക്കൊരോമന കുഞ്ഞിനെ നല്‍കി നാഥന്‍
‍കൈ വളരുന്നതും കാല്‍ വളരുന്നതും
അമ്മതന്‍ നെഞ്ചിലെ സ്പന്ദനമായ്
കാലം കനിഞ്ഞില്ലവള്‍ക്കു പക്ഷേ
കാണാനവനെ കണ്‍‌മൂടുവോളം


കാണാതെയാവുന്നു കുഞ്ഞുങ്ങളെ ദിനം,

കാരുണ്യമില്ലാത്ത കൈകളാലേ
കൂട്ടുകാരൊത്തു കളിച്ചീടുമ്പോള്‍
കൂട്ടം പിഴച്ചവന്‍ പോയതാണോ ?
വൈരാഗ്യ മൂര്‍‌ത്തികള്‍ തീര്‍ത്തതാണോ ?
കാണാകയത്തില്‍ പതിച്ചതാണോ ?


അമ്മതന്‍ കണ്ണീര്‍ കാലം തുടച്ചേനേ
നീയില്ലീ ഭൂമിയില്‍ എന്നറിഞ്ഞീടുകില്‍
ദുസ്സഹം എങ്കിലതല്ലാതെയെങ്ങു നീ
ഏതു രൂപത്തിലിരിപ്പു കുഞ്ഞേ !?


എന്തൊന്നു ചൊല്ലി കരയേണ്ടു നിത്യം
നീവരുമെന്നോര്‍‌ത്തു കാത്തിരിപ്പൂ
ആരോടു ചൊല്ലുവാനാരുണ്ടറിയുന്നൊ-
രമ്മതന്‍ നെഞ്ചിലെ നൊമ്പരങ്ങള്‍


‍സ്‌നേഹം നശിക്കുന്നു ക്രൂരത മാത്രമായ്
കാലം വരക്കുന്ന കോലങ്ങളോ
സാഹസം മാറുമോ കുഞ്ഞുങ്ങളെങ്കിലും
സ്വാതന്ത്രത്തോടെ വളര്‍ന്നീടുമോ ?

മറ്റൊരു പെരുമഴക്കാലത്ത്...( കഥ )

on Sunday, September 9, 2007

മഴ..!

എന്തെന്തു ഭാവങ്ങളാണതിന്..!

പ്രൈമറിക്ലാസ്സുകളില്‍ കുടെ ഓടിക്കളിക്കുന്ന കുസൃതിയായ കൊച്ചു കൂട്ടുകാരനായി, കൗമാരത്തില്‍ കാതില്‍ പ്രണയമന്ത്രമോതുന്ന കാമുകനായി, യൗവനാരംഭത്തില്‍ ഒരുപാടു മോഹങ്ങളുമായി രാത്രിയില്‍ പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടുമ്പോള്‍ താരാട്ടുപാടുന്ന ഗന്ധര്‍‌വനായി, അങ്ങിനെ അങ്ങിനെ..

എന്നാല്‍ ഇന്ന് ഈ മഴ ഒരു അപശകുനമായാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. മോഹങ്ങള്‍ നഷ്ടടപെട്ട, കെട്ടുപ്രായം കഴിഞ്ഞു നില്‍ക്കുന്ന ഒരുകാല്‍ തളര്‍ന്ന ഈ സൈറക്ക് എന്തു സ്വപ്‌നങ്ങള്‍.?

അടുക്കളയില്‍ നിന്നും ഉമ്മയുടെ ഒച്ച കേള്‍ക്കാം.

"എത്ര പറഞ്ഞതാ മഴക്കാലമാകുന്നതിനു മുന്‍പ് ഈ ഓടൊക്കെ ഒന്ന് മാറ്റിയിടീക്കണമെന്ന്. ആരുകേള്‍ക്കാന്‍, ഇപ്പൊ നോക്ക് ഒരു തള്ളി വെള്ളം പുറത്തേക്ക് പോകാതെ അകത്തോട്ടൊലിക്കുവാ..."

"ചോര്‍‌ച്ചയില്‍ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളതുള്ളികള്‍ക്ക് പാത്രം വച്ചു മടുത്തതു കൊണ്ടാണ് ഉമ്മയുടെ ഈ പരാതി. അല്ല, ബാപ്പ എന്തു ചെയ്യാനാ ?. ഒരു മോട്ടോര്‍ മെക്കാനിക്കിന് ഇന്നത്തെകാലത്ത് എന്തു വരുമാനം കിട്ടാനാ. അതില്‍ നിന്നും തന്റെ ഇളയ രണ്ടുപേരേ പഠിപ്പിക്കണം പിന്നെ ടെലിഫോണ്‍, കറന്റ്, വീട്ടുചിലവ് ഇതിനൊക്കെ പണം വെറെ".

സൈക്കിള്‍ കയറ്റിവയ്കുന്ന ശബ്ദം കേള്‍ക്കാം ബാപ്പയാകും. സൈറ വേഗം പടിവാതുക്കലെത്തുമ്പോള്‍ നനഞ്ഞ് തലയില്‍ കെട്ടിയിരുന്ന തോര്‍ത്ത് മുറുക്കി പിഴിഞ്ഞ് മുഖവും കൈയും തുടച്ചു കൊണ്ട് ഉസ്‌മാന്‍ കയറിവരുകയായിരുന്നു.

'ഓ..നല്ല തണുപ്പ് മോള്‍ ഉമ്മായോട് ചെന്ന് നല്ല ചൂടില്‍ ഒരു കടുചായ കൊണ്ടുവരാന്‍ പറ'.

വാപ്പയുടെ മനമറിയാവുന്ന ഉമ്മ അപ്പോഴേക്കും ചായയുമായി എത്തിക്കഴിഞ്ഞിരുന്നു. തിണ്ണയിലെ കസേരയില്‍ തന്നെയിരുന്നു ചായ ഊതികുടിക്കുമ്പോള്‍ ഉമ്മപറഞ്ഞു.

"ഈ മഹക്കാലത്ത് അധികം ഇരുട്ടാകുന്നതിനു മുന്‍പ് വന്നൂടേ ?. എന്തിനാ ഇങ്ങനെ നനഞ്ഞ് ?.

"ഇന്നിത്തിരി പണിയുണ്ടായിരുന്നു സൈനൂ. നമ്മുടെ കറുകപ്പാടത്തെ മൂസാഹാജിയുടെ മോനില്ലെ സൗദിയിലുള്ള ? അവന്റെ കാറു ശരിയാക്കാന്‍ വന്നിരുന്നു. അതാ ഇന്നു താമസിച്ചത്. പിന്നെ അവന്‍ എനിക്ക് ഒരു വിസ ശരിയാക്കി തരാമെന്ന് പറഞ്ഞിട്ടുണ്ട്. അവിടെ ചെന്നിട്ട് ജോലി കണ്ടെത്തണം. ജോലി കിട്ടിയില്ലെങ്കില്‍ ചിലപ്പോള്‍ തിരിച്ചു വരേണ്ടിവരും അതുകൊണ്ട് തല്‍കാലം ഇത് ആരും അറിയേണ്ട്.

"അതിന് വിസാക്കൊക്കെ ഒരുപാട് പൈസ ആകില്ലേ ?" : ഉമ്മയുടെ സംശയം.

'ഇല്ല, അത് നമ്മള്‍ ജോലികിട്ടിക്കഴിഞ്ഞ് കൊടുത്താ മതീന്നാ പറഞ്ഞിരിക്കുന്നത്'.

പക്ഷേ, ബപ്പയുടെ മുഖത്ത് എന്തോ ഒരു വലിയ വിഷമം തളംകെട്ടി നില്‍കുന്നത് സൈറ ശ്രദ്ധിക്കാതിരുന്നില്ല. ഇത്രയും കാലം വീടു വിട്ടു പിരിഞ്ഞു നില്‍ക്കാത്ത ബാപ്പ പെട്ടെന്ന് കുടുമ്പം വിട്ട് പോകേണ്ടി വരുന്ന വിഷമമായിരിക്കും.

ഒരു വ്യാഴാച്ച രാവിലെ കടയില്‍ പോയ ഉസ്മാന്‍ ഉടനെ തിരിച്ചെത്തി. ഭാര്യയോട് പറഞ്ഞു

'സൈനൂ, എന്റെ വിസ ശരിയായി. അടുത്ത വെള്ളിയാഴ്ച പോകണം. പിന്നെ നാളെ അവര്‍ വിസയും ടിക്കറ്റും ഒക്കെയായി ജുമാ നിസ്കാരം കഴിഞ്ഞ് വരുന്നുണ്ട് നീ വല്ല ഇറച്ചി ഒക്കെ വാങ്ങി അവര്‍ക്ക് ചോറു കരുതണം കേട്ടാ.

വാപ്പയുടെ ഒരുതരം വെപ്രാളം കണ്ടപ്പോള്‍ സൈറ മനസില്‍ ചിരിച്ചു .

'പാവം, ആദ്യമായി പോകുന്നതിന്റെ പേടിയാകും. എല്ലാവരും അങ്ങിനെയൊക്കെതന്നെയാണല്ലോ.

പിറ്റേ ദിവസം.

ഉമ്മ നെയ്ച്ചോറും ഇറച്ചികറിയും ഒക്കെ നേരത്തേ റെഡിയാക്കി കഴിഞ്ഞിരുന്നു. രണ്ടു മണിയോടെ ഒരു കാറില്‍ മൂന്നുപേര്‍ വന്നിറങ്ങി. ഉമ്മ അടുക്കളയില്‍ പപ്പടം കാച്ചുന്നതിന്റെ ഒക്കെ തിരക്കിലാ.

'അസ്സലാമു അലൈക്കും..' മൂന്നുപേരും ഒരേസ്വരത്തില്‍ പറഞ്ഞു കൊണ്ട് അകത്തോട്ട് കയറി വന്നു ബാപ്പയുടെ കൈകുലുക്കി.

ങാ, വാ വാ..ഇരിക്ക് "

അവരെ സ്വീകരിച്ചിരുത്തി അടുത്ത കസേരയില്‍ തന്നെ ഉസ്മാനും ഇരുന്നു. മറ്റുള്ളവര്‍ എന്തോ രഹസ്യം പറയാനെന്നോണം കസേര ഉസ്മാനിലേക്ക് അടിപ്പിച്ചിടുന്നത് കണ്ട സൈറ ഒരു കൗതുകം പോലെ വാതിലിനു പിന്നില്‍ മറഞ്ഞിരുന്നു ശ്രദ്ധിച്ചു. അതില്‍ ഒരാള്‍ ചിലപേപ്പറുകള്‍ കൊടുത്തിട്ട് പറഞ്ഞു

"ദേ ഇതാണ് വിസയും ടിക്കറ്റും. അടുത്ത വെള്ളിയാഴ്ച വൈകുന്നേരം നാലരക്കാ ഫ്ലൈറ്റ്. ടിക്കറ്റ് ഓക്കെയാണ്".

ഒപ്പം മറ്റൊരാള്‍ സാമാന്യം വലിയ ഒരു ബാഗ് കൊടുത്തിട്ട് പറഞ്ഞു.

"ഇതാണ് ബാഗ്, ഇതില്‍ നിങ്ങളുടെ ഡ്രസ്സും കാര്യങ്ങളും ഒക്കെയുണ്ട്, പിന്നെ ഞങ്ങള്‍ പറഞ്ഞതും പ്രത്യേകം അറകളില്‍ വച്ചിട്ടുണ്ട് സംശയമുണ്ടെങ്കില്‍ നോക്കിക്കോളു. നിങ്ങള്‍ക്ക് പോലും കണ്ടെത്താനാവില്ല. ങാ, പിന്നെ ഒരു കാര്യം തല്‍കാലം മറ്റെന്തെങ്കിലും അത്യാവശ്യ സാധനങ്ങള്‍ ഉണ്ടെങ്കിലും വേറെ ബാഗ് ഒന്നും കൊണ്ട് പോകണമെന്നില്ല. ഇതില്‍ വച്ചാ മതി. എയര്‍‌പോര്‍ട്ടില്‍ ഗുലാം അഹമ്മദ് എന്ന ഒരു പാക്കിസ്താനി കാത്തുനില്‍ക്കുന്നുണ്ടാവും അയാളുടെ കൈയില്‍ ഏല്പിച്ചാല്‍ മാത്രം മതി".

അവരുടെ സംസാരത്തില്‍ നിന്നും വാപ്പയുടെ മുഖത്തെ ഭീതിയില്‍ നിന്നും സൈറക്ക് മനസിലായി അരുതാത്തതെന്തിനോ ഉള്ള പുറപ്പാടാണ് ബാപ്പയെന്ന്.


ഊണു കഴിക്കാന്‍ നിര്‍ബന്ധിച്ചിട്ടും മറ്റെന്തോ തിരക്കുണ്ടെന്ന പേരില്‍ അവര്‍ വേഗം തന്നെ പോയി. അവര്‍ പടികടന്ന് കാറില്‍ കയറിയ ശേഷം അകത്തേക്ക് കയറിയ ഉസ്മാന്‍ കാണുന്നത് തന്നെ മിഴിച്ച് നോക്കി കൊണ്ട് നില്‍ക്കുന്ന സൈറയേ ആയിരുന്നു.

"ബാപ്പ എന്തൊക്കെയാ ഇത് ? എനിക്കൊന്നും മന്‍സിലാകുന്നില്ല ?"

അയാള്‍ അടുക്കളയിലേക്ക് ഒന്നു പാളിനോക്കി കൊണ്ട് സൈറയുടെ ചുമലില്‍ കൈവച്ചു പറഞ്ഞു.

"മോളെ, നീ കരുതുന്നത് പോലെ ഒന്നും ഇല്ല.അവര്‍ നമ്മുക്ക് ചെയ്തു തരുന്ന ഉപകാരത്തിന് നമ്മള്‍ തിരിച്ചും ഒരു ഉപകാരം അത്രേയുള്ളൂ. ഇതല്ലാതെ വേറെ വഴിയില്ല മോളെ, നിനക്കും ഒരു ജീവിതമൊക്കെ വേണ്ടെ, പിന്നെ നിന്റെ അനിയത്തി. നമുക്ക് ആകെയുള്ളത് ഈ ചെറിയ വീടും പറമ്പും അല്ലെ ? അതുകൂടി വിറ്റാല്‍ പിന്നെ നമ്മള്‍ എങ്ങോട്ടെക്ക് പോകും. ഇതില്‍ നമ്മള്‍ നോക്കിയാല്‍ പോലും ഒന്നും കണ്ടെത്താല്‍ സാധിക്കുകയില്ല പിന്നല്ലെ നൂറുകണക്കിനു യാത്രക്കാര്‍ വന്നുപോകുന്ന സൗദി.അതുമല്ല എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അവിടെ വക്കീലും ആളുകളും ഒക്കെയുണ്ട് സഹായത്തിന്".

അല്പം ശബ്ദം താഴ്ത്തി അയാള്‍ തുടര്‍ന്നു.

"നീ ഇക്കാര്യം ഉമ്മയോടൊന്നും പറയാന്‍ നില്‍ക്കണ്ട. മോള് ദേ, ഈ ബാഗ് അകത്തു കൊണ്ട് വക്ക്"

തല ചരിച്ച് തോളിലിരുന്ന ഉസ്മാന്റെ കൈയില്‍ മെല്ലെ ചുമ്പിച്ചിട്ടു ബാഗുമായി സൈറ അകത്തേക്ക് പോയി.

വെള്ളിയാഴ്ച..!

പുറത്ത് ശക്തമായ മഴ. ഉസ്മാന്‍ കുളികഴിഞ്ഞ് പുതിയ ഡ്രസ് ഒക്കെ ഇട്ടുവന്നപ്പോള്‍ സൈറ മനസിലോര്‍ത്തു. ബാപ്പ ഈ വേഷത്തില്‍ കൂടുതല്‍ സുന്ദരനായിരിക്കുന്നു. പത്ത് വയസ് കുറഞ്ഞതുപോലെ. ഇതുവരെയും കുടുമ്പം എന്ന ഒറ്റ ചിന്തയല്ലാതെ തനിക്കു വേണ്ടി ബാപ്പ ഒരു ഡ്രസ്സ് പോലും വാങ്ങുന്നത് അപൂര്‍‌വം എന്ന് സൈറക്ക് തോന്നി.

"എന്നാ ഇറങ്ങാം..?"

അടുത്ത് വീട്ടിലെ കുമാരേട്ടന്‍ ചോദിച്ചു.ബാഗുമായി ഇറങ്ങിയ ബാപ്പ അനിയനോടായി പറഞ്ഞു: മോനെ പഴയതു പോലെ ക്രിക്കറ്റ്കളി ഒക്കെയായി നടക്കരുത്. ഇവിടെ വേറെ ആരും ഇല്ലാത്തതാ. മക്കള്‍ നന്നായി പഠിക്കണം.പിന്നെ ഉമ്മായെ വെറുതെ ശല്യം ചെയ്യരുത് കെട്ടോ.

കൂടുതല്‍ സംസാരിക്കാന്‍ കഴിയാത്തതിനാലാകാം,കണ്ണുകൊണ്ട് സൈറയോടും ഉമ്മയോടും യാത്രപറഞ്ഞ് കുമാരേട്ടന്റെ കുടയില്‍ കയറി കാറിലേക്ക് കയറി.കാറ് കണ്ണില്‍ നിന്നും മറയുന്നത് വരെ അവരെല്ലാവരും വാതുക്കല്‍ തന്നെ നിന്നു

കാറ് കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ ഉമ്മയും സഹോദരങ്ങളും അകത്തേക്ക് കയറി പോയി.

നിന്ന നില്പില്‍ ഒരു നിമിഷം സൈറ മനസില്‍ ഓര്‍ത്തു.

ബാപ്പ പൊകുന്നതിനു മുന്‍പ് ഒരിക്കല്‍ കൂടി ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍. ആ മുഖം വീണ്ടും ഒന്നും കാണുവാന്‍ കൊതി തോന്നുന്നു. ഇപ്പോള്‍ കാറ് മഴയത്ത് അങ്ങിനെ സാവധാനം പൊയ്‌ക്കൊണ്ടിരിക്കുകയാവും ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ ആദ്യമായി ബാപ്പ വിമാനത്തില്‍ കയറും പിന്നെ നീണ്ട ചില മണിക്കൂറുകള്‍ കഴിയുമ്പോള്‍ ലക്ഷങ്ങളുടെ സ്വപ്ന ഭൂമിയായ സൈദിയില്‍ വന്നിറങ്ങും. പിന്നൊന്നു കാണണമെങ്കില്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണണം. ചിലപ്പോള്‍..?

ഓരോന്നലോചിച്ച് സൈറയുടെ ഹൃദയം അസാധാരണമായി മിടിക്കാന്‍ തുടങ്ങി. ചിലപ്പോള്‍ എയര്‍‌പോര്‍ട്ടില്‍ വച്ച് പിടിക്കപെട്ടാല്‍ ചില കേസുകള്‍ പിന്നെ..പിന്നെ ഏതെങ്കിലും ഒരു ജുമുആക്ക് ശേഷം...?

സൈറയുടെ മനസും ശരീരവും വല്ലാതെ ആടിയുലയും പോലെ തോന്നി. ചിന്തകള്‍ വല്ലാതെ കാടുകയറാന്‍ തുടങ്ങി.

ചില നേരങ്ങള്‍ക്ക് ശേഷം പതിയെ നടന്ന് മുറിയില്‍ കയറി ഡയറക്ടറിയില്‍ നോക്കി എയര്‍‌പോര്‍ട്ടിലെ നമ്പര്‍ എടുത്തു ഡയല്‍ ചെയ്തു.

ഹലോ എയര്‍‌പോര്‍ട്ടല്ലേ, ഒരു ഇന്‍ഫോര്‍‌മേഷന്‍ !. ഇന്ന് നാലരക്ക് സൗദിയിലേക്ക് പോകുന്ന ഉസ്മാന്‍ എന്നയാളുടെ ബാഗില്‍..ബാഗില്‍....

വാചകം മുഴുപ്പിക്കും മുന്‍പ് റിസീവര്‍ ഊര്‍ന്നു താഴേക്ക് വീണു.

"എന്നോട് ക്ഷമിക്കെന്റെ പൊന്നു ബാപ്പ. ഈ രാജ്യത്തെ ഏത് കാരാഗ്രഹത്തില്‍ കിടന്നാലും എന്റെ ബാപ്പ ജീവനോടെ ഉണ്ടെന്നും നാളെ തിരികെ വരും എന്നെങ്കിലും ഞങ്ങള്‍ക്ക് ആശ്വാസം കൊള്ളാമല്ലോ. പ്രതീക്ഷയോടെ കാത്തിരിക്കുകയെങ്കിലും ആവാമല്ലോ. ഈ ഒറ്റക്കാലി മോളുടെ ഭാവിയെ കരുതിയല്ലേ ബാപ്പ ഇങ്ങനെ? ഞങ്ങള്‍ക്ക് ഒന്നും വേണ്ട ബാപ്പയെ മാത്രം മതി..ബാപ്പയെ മാത്രം മതി".

റിസീവര്‍ താഴെ വീഴുന്ന ശബ്ദം കേട്ട് മുറിയിലേക്ക് വന്ന ഉമ്മയും സഹോദരങ്ങളും കാണുന്നത് ഒരു ഹിസ്റ്റീരിയ രോഗിയേപ്പോലെ തറയില്‍ കിടന്ന് തലയുരുട്ടുന്ന സൈറയേ ആയിരുന്നു.

പുറത്ത് ആരോടോ ഉള്ള പകപോലെ മഴ ശക്തയോടെ പെയ്യാന്‍ തുടങ്ങി.

നഷ്‌ടപ്പെടലിന്റെ ഓര്‍മ്മയില്‍

on Thursday, September 6, 2007

ഒരു സത്യത്തോട് കുറെ നുണകളും മനോഹരമായി ചേര്‍ക്കുന്നതാണ് നല്ല കഥ എന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്.

റോഷന്‍ ഒരു വലിയ സത്യമായി, കുറെ ചോദ്യചിഹ്നങ്ങളോടെ ഞങ്ങള്‍ക്ക് മുന്നില്‍ ഇന്നും നില്‍ക്കുമ്പോള്‍ കളവുകള്‍ ചേര്‍ത്ത ഒരു കഥയായല്ല ആ സംഭവം അതേപടി ഇവിടെ പകര്‍ത്തട്ടെ.

ഇത് ഒരു വിധി എന്ന് പറഞ്ഞു തള്ളിക്കളയാനാവുമോ ?. അവന്റെ ബലഹീനമായ ശുദ്ധമനസിനെ പഴിക്കാനോ ?. സൗഹൃദം എന്നതിന് വഞ്ചനയെന്ന മറ്റൊരു മുഖം കൂടിയുണ്ടെന്ന്‍ റോഷനു തോന്നിയ ആ അല്പനേരത്തെ ശപിക്കാനോ..? എന്തായാലും ഇനി എന്തു ഫലം..?

റോഷന്‍, സ്‌നേഹിക്കാനും നല്ല സംസാരത്തിലൂടെ ആരെയും കൈയിലെടുക്കുവാനും കഴിവുള്ള ചെറുപ്പക്കാരന്‍ !. ഒരു സധാരണ സര്‍ക്കാര്‍ ജീവനക്കാരനായ അച്‌ഛന്റെയും അമ്മയുടെയും മൂത്തമകന്‍, പിന്നെ ഒരു അനിയത്തിയും.

ഗള്‍ഫില്‍ എത്തപ്പെട്ട ആദ്യനാളുകളില്‍ തൊഴില്‍‌പരിചയം, ഭാഷയുടെ പ്രശ്നങ്ങള്‍ എന്നൊക്കെയായി കുറേ കഷ്‌ടപെട്ടുവെങ്കിലും പിന്നീട് അവന്റെ സ്വപ്നം പോലൊരു ജോലി ശരിയായി. അല്പാല്പമായി അവന്‍ നല്ല ഒരു വീടു പണിതു. പെങ്ങളെ കെട്ടിച്ചയക്കാനുള്ള തുകയൊക്കെ സമ്പാദിച്ചു വന്നപ്പോഴേക്കും കുറെ വൈകി.

അങ്ങിനെ മൂന്നര വര്‍ഷത്തെ പ്രവാസ ജീവിതം കഴിഞ്ഞ് ആദ്യമായി നാട്ടിലേക്ക് പോകുന്ന ത്രില്ലില്‍ ആയിരുന്നു റോഷന്‍. അവനും നല്ലൊരു പെണ്ണിനെ വീട്ടുകാര്‍ നോക്കി വച്ചിരിക്കുകയായിരുന്നു. ടെലിഫോണിലൂടെയും ചാറ്റിങ്ങിലൂടെയും അവര്‍ നല്ല ബന്ധവും ഇതിനകം സൃഷ്‌ടിച്ചിരുന്നു.

അന്നൊരു വ്യാഴാ‌ഴ്ച. സുഹൃത്തക്കള്‍ എല്ലാവരും ചേര്‍ന്ന് അവന്‍ പലപ്പോഴായി സ്വരുക്കൂട്ടി വച്ചിരുന്ന സാധങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാന്‍ പാകത്തില്‍ അടുക്കി ഒതുക്കി കെട്ടിവച്ചു. ആ സന്തോഷത്തിനായി അവന്‍ എല്ലാവര്‍ക്കുമായി നല്ലൊരു പാര്‍ട്ടിയും നടത്തി. നല്ല ഭക്ഷണവും, പിന്നെ മദ്യം വേണ്ടുന്നവര്‍ക്ക് അത്യാവശ്യം അതുവരെ റൊഷന്‍ ഏര്‍പ്പാട് ചെയ്തു. നന്നായി പാടുന്ന റോഷന്റെ ഗസലുകള്‍ കൂടി ആയപ്പോള്‍ ആ രാത്രി ഞങ്ങള്‍ എല്ലാം മറന്ന് ആഹ്ലാദിച്ചു.

വെള്ളിയാഴ്ച രാത്രി ഫ്ലൈറ്റ് ആയതു കൊണ്ട് ഒരുപാട് വൈകാതെ എല്ലാവരും പിരിഞ്ഞു. വെള്ളിയാഴ്ച അവധിയുടെ ആലസ്യത്തില്‍ പകല്‍ പത്തര മണിയായിട്ടും എഴുന്നേല്‍ക്കാന്‍ മനസില്ലാതെ കിടക്കുമ്പോഴാണ് റോഷനെ കാണാന്‍ അവന്റെ ഒരു സുഹൃത്ത് വന്നത്.

റോഷന്‍ ബാത്ത് റൂമില്‍ ആയിരുന്നു അപ്പോള്‍. കുറേനെരത്തിനു ശേഷവും പുറത്തു വരാതായപ്പോള്‍ ഞങ്ങള്‍ വിളിച്ചിട്ടും വിളികേള്‍ക്കുന്നില്ല!.

പെട്ടെന്ന് പോലീസിനെ ഒക്കെ വിളിച്ച് കതക് പൊളിച്ച് അകത്തു കയറുമ്പോള്‍ കണ്ട കാഴ്ച ,റൊഷന്‍ ടോയ്‌ലറ്റ് വെന്റിലേഷനില്‍ തൂങ്ങി നില്‍ക്കുകയായിരുന്നു..!!!

പോലീസ് നിയമ നടപടികളുമായി മുന്നോട്ട് നീങ്ങുന്നതിനിടയിലും ഒരായിരം ചോദ്യങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ ഉടലെടുക്കാന്‍ തുടങ്ങി.

ആത്മഹത്യ ചെയ്യാന്‍ തക്ക യാതൊരു പ്രശ്നങ്ങളും അവന്റെ ജീവിതത്തില്‍ ഉള്ളതായി അറിവില്ല.തന്നേയുമല്ല മരണത്തെ കുറിച്ചു ചിന്തിക്കുന്ന ഒരാള്‍ക്ക് ചില മണിക്കൂര്‍ മുന്‍പ് പോലും എങ്ങിനെ ഇതേപോലെ സന്തോഷത്തോടെ പാട്ടുപാടാന്‍ ഒക്കെ കഴിയും ? മരിക്കാന്‍ തീരുമാനിച്ചവന്‍ എന്തിനാ നാട്ടിലേക്ക് ടിക്കറ്റും സാധനങ്ങളും വാങ്ങി ?. നാളെ വൈകുന്നേരം വിമാനത്താവളത്തില്‍ എത്തണമെന്ന് എന്തിന് വീട്ടില്‍ വിളിച്ചറിയിച്ചു ?.

ചോദ്യങ്ങള്‍ ഓരോന്നും കുറെ കൂര്‍ത്ത അസ്ത്രങ്ങളായി ഞങ്ങളുടെ ഹൃദയങ്ങളില്‍ ആഴത്തില്‍ പതിക്കുകയായിരുന്നു !.

ഞങ്ങള്‍ ഒന്നും അറിയാത്തത് പോലെ അവന്റെ വീട്ടിലേക്ക് വിളിച്ചു നോക്കി. മൂന്നര വര്‍‌ഷത്തെ കാത്തിരുപ്പിനൊടുവില്‍ വരുന്ന മകനെ സ്വീകരിക്കാന്‍ എയര്‍‌പോര്‍ട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്ന് ആ കൊച്ചു കുടുമ്പം. അവരുടെ ആഹ്ലാദത്തിനിടെ ഒന്നും പറയാന്‍ മനക്കരുത്തില്ലാത്തതിനാല്‍ മറ്റൊരു വാക്കുപോലും പറയാനാവാതെ ഫോണ്‍ വച്ചു.

എല്ലാവരുടെയും പ്രാര്‍ത്ഥനയുടെയും ഇവിടുത്തെയും പിന്നെ നാട്ടിലേയും പൊലീസുകാരുടെയും അന്വഷണത്തിന്റേയും ഫലമായി ആ മരണത്തിന്റെ ചുരുള്‍ അഴിഞ്ഞു!.

മരിച്ച സമയത്തിനു മുന്‍പ് അവന്റെ മൊബൈലില്‍ നാട്ടില്‍ നിന്നും വന്ന കോള്‍ പിന്തുടര്‍ന്ന് അന്വഷിച്ചപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്.

റോഷന്‍ കൗമാരത്തിന്റെ ചോരത്തിപ്പില്‍ നാട്ടിലെ ഏതോ വര്‍ഗീയ സഘടനയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടായിരുന്നു. ആ കുട്ടത്തില്‍ ചില തല്ലുകേസില്‍ ഒക്കെ പ്രതിയും ആയിരുന്നു. എന്നാല്‍ അവന്‍ മടങ്ങി വരുന്നു എന്നറിഞ്ഞ ചില കൂട്ടുകാര്‍ അല്പം പണം പിടുങ്ങാം എന്ന് ഉദ്ദേശത്തോടെ അവനെ വിളിച്ചു പറഞ്ഞു.

"റോഷന്‍ നിന്റെ കേസ് ഇപ്പോഴും നിലവിലുണ്ട്, കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ് നീ എയര്‍‌പോര്‍ട്ടില്‍ ഇറങ്ങിയാലുടന്‍ നിന്നെ അറസ്റ്റ് ചെയ്യും, അതുമല്ല പഴയ ആളുകള്‍ നീ വന്നാല്‍ വീട്ടില്‍ അക്രമം നടത്താനും പരിപാടിയുണ്ട്. അത് കൊണ്ട് നീ യാത്ര രണ്ടാഴ്ച മാറ്റിവക്കണം, പിന്നെ കുറച്ചു പൈസയും അയച്ചു തന്നാല്‍ ഞങ്ങള്‍ നല്ലൊരു അഡ്വക്കേറ്റിനെ കണ്ട് ഒക്കെ ശരിയാക്കാം പിന്നെ മറ്റേ പാര്‍‌ട്ടികള്‍ക്ക് എന്തെങ്കിലും കൊടുത്ത് ഒതുക്കി തീര്‍‌ക്കുകയും ചെയ്യാം.

"എല്ലാ സന്തോഷങ്ങളും നഷ്‌ടപെട്ടെന്നു കരുതിയ ഒരു നിമിഷത്തെ ദൗര്‍ബല്യം അവന്‍ അത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചു !. എല്ലാത്തില്‍ നിന്നും സ്വയം ഒരു ഒളിച്ചോട്ടം..!

എന്നാലും റോഷന്‍, ഒരു നിമിഷം ഇവിടെയുള്ള ഏതെങ്കിലും ഒരു സുഹൃത്തിനോട് നിനക്ക് ഉപദേശം തേടാന്‍ പാടില്ലായിരുന്നോ.

ഒരു നല്ല ഷര്‍ട്ട് വാങ്ങുമ്പോള്‍ പോലും ഞങ്ങളോട് അഭിപ്രായം തിരക്കാറുള്ള നീ ഞങ്ങളില്‍ ആരോടും എന്താ ഒരു അഭിപ്രായവും ചോദിക്കാതിരുന്നത് !.

ഇത്ര സ്മാര്‍ട്ടായി കാര്യങ്ങളെ അഭിമുഖീകരിക്കുന്ന നിനക്ക് ഈ ഒരു നിമിഷം എന്തേ ഇത്ര പക്വതയില്ലാതെ പോയി ?.

നമ്മുക്കു പരിഹരിക്കാനാവാത്ത ഏതെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോ ? എല്ലാത്തില്‍ നിന്നും ഉളിച്ചോടാന്‍ അഭയം തേടാന്‍ ഉള്ള താവളമാണോ മരണം?.

ഇനി എന്തിനു നിന്നെ പഴിക്കണം ?. നിന്റെ വിധിയേയോ, അല്ലെങ്കില്‍ തമാശ കാണിച്ചെന്ന് പറഞ്ഞ സുഹൃത്തുക്കളേയോ. ആരെ പഴിപറയാന്‍..!
**********************************************


കുറേ സത്യങ്ങളെ ഒരു നുണയില്‍ ചേര്‍ത്തു വയ്ക്കാന്‍ ഞാന്‍ ശ്രമിച്ചതാണ്. റോഷന്‍ എന്നത് മാത്രം നുണ. ബാക്കി ഉള്ളതൊക്കെ നമ്മുക്കിടയില്‍ എവിടെയെങ്കിലും സംഭവിച്ച, സംഭവിക്കാന്‍ സാദ്ധ്യതയുള്ള സത്യങ്ങളും.

ഒന്നോര്‍‌ത്തു നോക്കിക്കേ..

on Sunday, September 2, 2007

ചിലപ്പോഴൊക്കെ ഞാന്‍ ഓര്‍ക്കാറുണ്ട് എങ്ങിനെ ഈ ഭൂലോകത്ത് (ബൂലോകത്തല്ല) ഔദ്യോഗികവും അനൗദ്യോഗവുമൊക്കെയായി ഇങ്ങനെ കാക്കത്തൊള്ളായിരം ഭാഷകള്‍ രൂപം കൊണ്ടു എന്ന്..!

മാതാവ് സംസാരിക്കുന്ന ഭാഷ മാതൃഭാഷ എന്ന രീതിയില്‍ തുടര്‍ന്നിരുന്നെങ്കില്‍ പോലും പണ്ട് ആദവും ഹവ്വയും സംസാരിച്ച ഭാഷ അങ്ങിനെ തുടര്‍ന്നിരുന്നേനേ, പിന്നെ അവിടെ മുതലാ ഇങ്ങനെ മാറാന്‍ തൂടങ്ങിയത്..?


ഇതേകുറിച്ച് അലോചിച്ചു തലപുകഞ്ഞ് മൂന്നു ശാസ്ത്രജ്ഞര്‍ 'എന്നാപിന്നെ അതൊന്നു കണ്ടു കളയാം' എന്ന രീതിയില്‍ ഒരിക്കല്‍ ഒരു പരീക്ഷണം നടത്തി.


ഒരു കുട്ടിയെ ജനിച്ചതു മുതല്‍ വിജനമായ ഒരിടത്തുള്ള വീട്ടില്‍ താമസിപ്പിക്കുകയും. അച്‌ഛനും അമ്മയും മാത്രമല്ല അവിടെയുള്ള ഒരു മണ്‍തരിപോലും ഒരക്ഷരം മിണ്ടരുതെന്ന നിഗമനത്തില്‍ വളര്‍ത്തി."അപ്പോള്‍ പിന്നെ കുട്ടി ഏത് ഭാഷയില്‍ സംസാരിക്കും എന്ന്‍ ഒന്ന് കാണല്ലോ " .


പക്ഷേ നാലു വയസായതു മുതല്‍ കുട്ടി നല്ല 'തത്ത പറയുംപോലെ' സംസാരിക്കാന്‍ തുടങ്ങി. അതേ, തത്ത പറയും പോലെ തന്നെ. കാരണം ആ വീടിന്റെ മച്ചിന്മേല്‍ ഒരു തത്തയും തത്തമ്മയും കുടുമ്പവും കൂടുകെട്ടി താമസമുണ്ടായിരുന്നു അവരുടെ ആശയങ്ങള്‍ കൈമാറുന്ന രീതി ഈ കുട്ടിയും തൂടര്‍ന്നു..!

അന്നുമുതലാണ് ഈ "തത്ത പറയും പോലെ" എന്ന ശൈലി രൂപം കൊണ്ടത്..!


ഇതൊക്കെ ഇപ്പൊള്‍ പറഞ്ഞു വരാന്‍ കാര്യം എന്താ എന്നാണൊ..? ഈ ഭാഷയുടെ ചില പ്രശ്നങ്ങളെ കുറിച്ചോര്‍ത്തത് കൊണ്ട് പറഞ്ഞു പോയതാ.


**************************************************

ഇവിടെ ഒരു ഓഫീസിലെ ഓഫീസ് ബോയ് ആണ് പപ്പേട്ടന്‍.

ഈ തിരുവോണത്തിന് പപ്പേട്ടന് അവധി വേണം. പപ്പേട്ടന്‍ അറബിക്കാരനായ ബോസിനോട് ചെന്ന് അവധി ചോദിച്ചു.


" വാട്ടീസ് ദിസ് ഓണം..? " : അറബി ചോദിച്ചു.


പൊതുവേ ഇംഗ്ലിഷ് ജീവിക്കാനുള്ളത് മാത്രം പറയാനറിയുന്ന പപ്പേട്ടന്‍ ഒന്ന് പകച്ചു. എന്തായിപ്പ പറയുക. അവസാനം ഒരു വിധം പറഞ്ഞൊപ്പിച്ചു.


"സര്‍, വണ്‍ അണ്ടര്‍‌വേള്‍ഡ് കിങ്ങ് കമിങ്ങ്..ഐ വാണ്ട് ട്രീറ്റ് ഹിം"


അല്പം അത്ഭുതത്തോടെ ബോസ്സ് ചോദിച്ചു : 'വാട്ട്..? അണ്ടര്‍‌വേള്‍ഡ് കിങ്ങ്..?'


പപ്പേട്ടനു ആശ്വാസമായി. ഹോ, അത്രെങ്കിലും മനസിലായല്ലോ. പപ്പേട്ടന്‍ ഉറപ്പിച്ചു.


"യെസ് സാര്‍, അണ്ടര്‍‌വേള്‍ഡ് ബിഗ് കിംഗ് കമ്മിങ്ങ്"


സത്യത്തില്‍ പപ്പേട്ടനെ കുറ്റം പയാനൊക്കുമോ ? പപ്പേട്ടന്‍ പഠിച്ച 10ആം ക്ലാസുവരെ ഒരിടത്തും പാതാളത്തെ എന്താ ഇംഗ്ലിഷില്‍ പറയുക എന്നു പഠിപ്പിച്ചില്ല. പിന്നെന്തു ചെയ്യും. മാവേലിയെ താഴേക്കാണ് ചവിട്ടി താഴ്‌ത്തിയതും ആവിടാണ് പുള്ളിക്കാരന്റെ താമസവും. അപ്പൊ പിന്നെ ഇതല്ലേ ശരി ?. പപ്പേട്ടന്റെ സംശയം ന്യായമാണ്.


പക്ഷേ, ബോസ്സ് പപ്പേട്ടന് ലീവ് കൊടുത്തുല്ലെന്നു മാത്രമല്ല അന്നേ ദിവസം രണ്ട് മണിക്കൂറ് ഓവര്‍‌ടൈം കൂടെ ചെയ്യാന്‍ പറഞ്ഞതിന്റെ കാരണം പപ്പേട്ടന് ഇന്നും അജ്ഞാതം !.
**************************************************

നാട്ടിലെ ഒരു ഓഫീസിലെ തൂപ്പുകാരിയായിരുന്നു സരള, അവിടുത്തെ തന്നെ പ്യൂണ്‍ ആണ് സരസു എന്ന സരസമ്മ . ഒരേ ദിവസമാണ് ജോലിക്കു കയറിയതെങ്കിലും തമ്മില്‍ കണ്ടാല്‍ നമ്മുടെ സീയെമ്മും പിണറായിയും പോലെയാ.


ഒരു ദിവസം മാനേജര്‍ എന്തോ ആവശ്യത്തിന് പ്യൂണിനെ തിരക്കി കാണാതായപ്പോഴാണ് സരള ആ വഴി പോകുന്നത്.


മനേജര്‍ സരളയോട് ചോദിച്ചു :'സരസുവിനെ കണ്ടോ സരളേ..'


അല്പം നീരസത്തോടെ സരള പറഞ്ഞു : "ഹോ, ഇനി അവള്‍ വന്നാലെന്താ വന്നില്ലെങ്കിലെന്താ, എപ്പോ വേണേ വരാം പോകാം. സാറമ്മരെല്ലാം കൂടി ഉത്സാഹിച്ച് അവളെ 'പ്രഗ്‌നന്റ്' ആക്കിയല്ലോ."


മനേജറുടെ അടിവയറ്റില്‍ നിന്നും പേരറിയാത്തൊരു വലിയ വേദന അങ്ങിനെ ഉരുണ്ടുകൂടി നെഞ്ചിലെത്തി കെട്ടിനിന്നു!.


കാലം അതാണല്ലോ, നമ്മള്‍ കാണുന്നതല്ലേ. കഴിഞ്ഞ ഒരു പെണ്‍‌വാണിഭകേസില്‍ പെണ്‍കുട്ടി ഒരു സിനിമ നടന്റെ പേരു പറഞ്ഞു. അവസാനം പോലീസ് ചോദ്യം ചെയ്യലില്‍ ആണ് കുട്ടി സമ്മതിച്ചത് ആ നടനെ ഇതേവരെ താന്‍ കണ്ടിട്ടേയില്ല അതുകൊണ്ട് കോടതിയില്‍ വച്ച് 'ഒന്ന് അടുത്ത് കാണല്ലോ' എന്ന് വച്ചാ പറഞ്ഞതെന്ന് !.


അതെപോലെ വല്ലതും പറഞ്ഞുപോയാന്‍ ദൈവമേ..!!


ഭാഗ്യം, മനേജരുടെ ഹൃദയം പൊട്ടിത്തകരും മുന്‍പ് സരള വാക്യം മുഴുപ്പിച്ചു.


നമ്മളൊക്കെ പാവങ്ങള്‍ ഇപ്പോഴും 'ടെമ്പറി'..!


അപ്പോഴാണ് മനേജര്‍ക്കും കാര്യം പിടികിട്ടിയത്. പ്യൂണ്‍ വേക്കന്‍സി വന്നപ്പോള്‍ സരസുവിനെ അവിടെ 'പെര്‍മനെന്റ്" ആയി നിയമിച്ചിരുന്നു അതാ ഈ സരള പറഞ്ഞത് !.
**************************************************

ഈ പ്രശ്നങ്ങള്‍ ഇംഗ്ലിഷില്‍ മാത്രമല്ല. നമ്മുടെ മലയാളത്തിലും ഉണ്ടാകാറുണ്ട്.


എന്റെ മുറിയിലെ സഹതാമസക്കാരന്‍ കാദര്‍കുട്ടി ലീവിനു പോയി കല്യാണമൊക്കെ കഴിഞ്ഞു തിരിച്ചു വന്നു. വന്നതിന്റെ പിറ്റേന്നു പുതുമണവാട്ടിക്ക് ഫൊണ്‍ ചെയ്തു.


അതുവരെ മനസില്‍ അടക്കി നിര്‍ത്തിയിരുന്ന ഹോംസിക്ക്നസും, പ്രണയനൈരാശ്യം, സ്‌നേഹം ഒക്കെ കൂടി ധാരധാരയായി ഫോണിലൂടെ ഒഴുകി.

സംസാരം അവസാനിപ്പിക്കാന്‍ നേരം ഒരല്പം റൊമാന്റിക് ആയി കാദര്‍ ചോദിച്ചു.


'പാത്തൂ .. ഒരുമ്മ തരൂ...'


പത്തു ഉടനെ മറുപടി : " ങാ .. ഉമ്മ അപ്പുറത്തുണ്ട് ഒരുമിനിറ്റേ ഞാന്‍ ഇപ്പൊ വിളിക്കാം.."


അയ്യോ അല്ലല്ല ഉമ്മയല്ല... ഒരു 'ഉഉഉ..മ്മ..'


പക്ഷേ അതു പറഞ്ഞു തീരുന്നതിനുള്ളില്‍ അങ്ങേതലക്കല്‍ നിന്നും കാദര്‍ ഉമ്മയുടെ വാക്കുകള്‍ കേട്ടു.


"ങാ..ഉമ്മയാടാ മോനെ.. നിനക്ക് സുഖാണോടാ.. "


അതിനു കാദര്‍ മറുപടി പറഞ്ഞത് ചുണ്ടിന്റെ ചുണ്ടിന്റെ താഴെവച്ചായിരുന്നതിനാല്‍ ഉമ്മ കേട്ടുകാണാന്‍ വകുപ്പില്ല.


പിന്നെ എപ്പൊഴെങ്കിലും 'ഉമ്മ കിട്ടിയോ കാദറേ', എന്ന് ചോദിക്കുന്നത് മര്യാദ അല്ലാത്തത് കൊണ്ട് ഞാന്‍ ചോദിച്ചിട്ടുമില്ല, എനിക്കറിയുകയും ഇല്ല.
**************************************************

മറ്റൊരാള്‍ നാട്ടിലേക്ക് ഭാര്യക്ക് ഫോണ്‍ ചെയ്ത് സംസാരിക്കുന്നതിനിടെ ചോദിച്ചു


"കുട്ടികളൊക്കെ സ്കൂള്‍ വിട്ടു വരാറായില്ലെ, ചോറും കറിയും ഒക്കെ ആയോ.."?


'ഹൂം" :ഭാര്യ ഒന്നു മൂളീ.


എന്താ കറി..?


ആയില്ല..


അതുകൊള്ളാം ഇതേവരെ ചോറും കറിയും ഒന്നും ആയില്ലേ..? പിന്നെ നീ എന്തെടുക്കുവായിരുന്നു...


ഹയ്യോ ചേട്ടാ ആയില്ലെന്നല്ലാ, അയിലമീന്‍ കറി എന്ന ഞാന്‍ പറഞ്ഞത്.


**************************************************

ഇനി പറ, ഈ യൂണിക്കോഡ് പോലെ ഒറ്റ ഭാഷ മാത്രമായിരുന്നെങ്കില്‍ ഈ പ്രശ്നങ്ങള്‍ വല്ലതും ഉണ്ടാകുമായിരുന്നോ..?


കവി പാടിയതു പോലെ,


വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കാന്‍ മോഹം ...