മറ്റൊരു പെരുമഴക്കാലത്ത്...( കഥ )

on Sunday, September 9, 2007

മഴ..!

എന്തെന്തു ഭാവങ്ങളാണതിന്..!

പ്രൈമറിക്ലാസ്സുകളില്‍ കുടെ ഓടിക്കളിക്കുന്ന കുസൃതിയായ കൊച്ചു കൂട്ടുകാരനായി, കൗമാരത്തില്‍ കാതില്‍ പ്രണയമന്ത്രമോതുന്ന കാമുകനായി, യൗവനാരംഭത്തില്‍ ഒരുപാടു മോഹങ്ങളുമായി രാത്രിയില്‍ പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടുമ്പോള്‍ താരാട്ടുപാടുന്ന ഗന്ധര്‍‌വനായി, അങ്ങിനെ അങ്ങിനെ..

എന്നാല്‍ ഇന്ന് ഈ മഴ ഒരു അപശകുനമായാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. മോഹങ്ങള്‍ നഷ്ടടപെട്ട, കെട്ടുപ്രായം കഴിഞ്ഞു നില്‍ക്കുന്ന ഒരുകാല്‍ തളര്‍ന്ന ഈ സൈറക്ക് എന്തു സ്വപ്‌നങ്ങള്‍.?

അടുക്കളയില്‍ നിന്നും ഉമ്മയുടെ ഒച്ച കേള്‍ക്കാം.

"എത്ര പറഞ്ഞതാ മഴക്കാലമാകുന്നതിനു മുന്‍പ് ഈ ഓടൊക്കെ ഒന്ന് മാറ്റിയിടീക്കണമെന്ന്. ആരുകേള്‍ക്കാന്‍, ഇപ്പൊ നോക്ക് ഒരു തള്ളി വെള്ളം പുറത്തേക്ക് പോകാതെ അകത്തോട്ടൊലിക്കുവാ..."

"ചോര്‍‌ച്ചയില്‍ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളതുള്ളികള്‍ക്ക് പാത്രം വച്ചു മടുത്തതു കൊണ്ടാണ് ഉമ്മയുടെ ഈ പരാതി. അല്ല, ബാപ്പ എന്തു ചെയ്യാനാ ?. ഒരു മോട്ടോര്‍ മെക്കാനിക്കിന് ഇന്നത്തെകാലത്ത് എന്തു വരുമാനം കിട്ടാനാ. അതില്‍ നിന്നും തന്റെ ഇളയ രണ്ടുപേരേ പഠിപ്പിക്കണം പിന്നെ ടെലിഫോണ്‍, കറന്റ്, വീട്ടുചിലവ് ഇതിനൊക്കെ പണം വെറെ".

സൈക്കിള്‍ കയറ്റിവയ്കുന്ന ശബ്ദം കേള്‍ക്കാം ബാപ്പയാകും. സൈറ വേഗം പടിവാതുക്കലെത്തുമ്പോള്‍ നനഞ്ഞ് തലയില്‍ കെട്ടിയിരുന്ന തോര്‍ത്ത് മുറുക്കി പിഴിഞ്ഞ് മുഖവും കൈയും തുടച്ചു കൊണ്ട് ഉസ്‌മാന്‍ കയറിവരുകയായിരുന്നു.

'ഓ..നല്ല തണുപ്പ് മോള്‍ ഉമ്മായോട് ചെന്ന് നല്ല ചൂടില്‍ ഒരു കടുചായ കൊണ്ടുവരാന്‍ പറ'.

വാപ്പയുടെ മനമറിയാവുന്ന ഉമ്മ അപ്പോഴേക്കും ചായയുമായി എത്തിക്കഴിഞ്ഞിരുന്നു. തിണ്ണയിലെ കസേരയില്‍ തന്നെയിരുന്നു ചായ ഊതികുടിക്കുമ്പോള്‍ ഉമ്മപറഞ്ഞു.

"ഈ മഹക്കാലത്ത് അധികം ഇരുട്ടാകുന്നതിനു മുന്‍പ് വന്നൂടേ ?. എന്തിനാ ഇങ്ങനെ നനഞ്ഞ് ?.

"ഇന്നിത്തിരി പണിയുണ്ടായിരുന്നു സൈനൂ. നമ്മുടെ കറുകപ്പാടത്തെ മൂസാഹാജിയുടെ മോനില്ലെ സൗദിയിലുള്ള ? അവന്റെ കാറു ശരിയാക്കാന്‍ വന്നിരുന്നു. അതാ ഇന്നു താമസിച്ചത്. പിന്നെ അവന്‍ എനിക്ക് ഒരു വിസ ശരിയാക്കി തരാമെന്ന് പറഞ്ഞിട്ടുണ്ട്. അവിടെ ചെന്നിട്ട് ജോലി കണ്ടെത്തണം. ജോലി കിട്ടിയില്ലെങ്കില്‍ ചിലപ്പോള്‍ തിരിച്ചു വരേണ്ടിവരും അതുകൊണ്ട് തല്‍കാലം ഇത് ആരും അറിയേണ്ട്.

"അതിന് വിസാക്കൊക്കെ ഒരുപാട് പൈസ ആകില്ലേ ?" : ഉമ്മയുടെ സംശയം.

'ഇല്ല, അത് നമ്മള്‍ ജോലികിട്ടിക്കഴിഞ്ഞ് കൊടുത്താ മതീന്നാ പറഞ്ഞിരിക്കുന്നത്'.

പക്ഷേ, ബപ്പയുടെ മുഖത്ത് എന്തോ ഒരു വലിയ വിഷമം തളംകെട്ടി നില്‍കുന്നത് സൈറ ശ്രദ്ധിക്കാതിരുന്നില്ല. ഇത്രയും കാലം വീടു വിട്ടു പിരിഞ്ഞു നില്‍ക്കാത്ത ബാപ്പ പെട്ടെന്ന് കുടുമ്പം വിട്ട് പോകേണ്ടി വരുന്ന വിഷമമായിരിക്കും.

ഒരു വ്യാഴാച്ച രാവിലെ കടയില്‍ പോയ ഉസ്മാന്‍ ഉടനെ തിരിച്ചെത്തി. ഭാര്യയോട് പറഞ്ഞു

'സൈനൂ, എന്റെ വിസ ശരിയായി. അടുത്ത വെള്ളിയാഴ്ച പോകണം. പിന്നെ നാളെ അവര്‍ വിസയും ടിക്കറ്റും ഒക്കെയായി ജുമാ നിസ്കാരം കഴിഞ്ഞ് വരുന്നുണ്ട് നീ വല്ല ഇറച്ചി ഒക്കെ വാങ്ങി അവര്‍ക്ക് ചോറു കരുതണം കേട്ടാ.

വാപ്പയുടെ ഒരുതരം വെപ്രാളം കണ്ടപ്പോള്‍ സൈറ മനസില്‍ ചിരിച്ചു .

'പാവം, ആദ്യമായി പോകുന്നതിന്റെ പേടിയാകും. എല്ലാവരും അങ്ങിനെയൊക്കെതന്നെയാണല്ലോ.

പിറ്റേ ദിവസം.

ഉമ്മ നെയ്ച്ചോറും ഇറച്ചികറിയും ഒക്കെ നേരത്തേ റെഡിയാക്കി കഴിഞ്ഞിരുന്നു. രണ്ടു മണിയോടെ ഒരു കാറില്‍ മൂന്നുപേര്‍ വന്നിറങ്ങി. ഉമ്മ അടുക്കളയില്‍ പപ്പടം കാച്ചുന്നതിന്റെ ഒക്കെ തിരക്കിലാ.

'അസ്സലാമു അലൈക്കും..' മൂന്നുപേരും ഒരേസ്വരത്തില്‍ പറഞ്ഞു കൊണ്ട് അകത്തോട്ട് കയറി വന്നു ബാപ്പയുടെ കൈകുലുക്കി.

ങാ, വാ വാ..ഇരിക്ക് "

അവരെ സ്വീകരിച്ചിരുത്തി അടുത്ത കസേരയില്‍ തന്നെ ഉസ്മാനും ഇരുന്നു. മറ്റുള്ളവര്‍ എന്തോ രഹസ്യം പറയാനെന്നോണം കസേര ഉസ്മാനിലേക്ക് അടിപ്പിച്ചിടുന്നത് കണ്ട സൈറ ഒരു കൗതുകം പോലെ വാതിലിനു പിന്നില്‍ മറഞ്ഞിരുന്നു ശ്രദ്ധിച്ചു. അതില്‍ ഒരാള്‍ ചിലപേപ്പറുകള്‍ കൊടുത്തിട്ട് പറഞ്ഞു

"ദേ ഇതാണ് വിസയും ടിക്കറ്റും. അടുത്ത വെള്ളിയാഴ്ച വൈകുന്നേരം നാലരക്കാ ഫ്ലൈറ്റ്. ടിക്കറ്റ് ഓക്കെയാണ്".

ഒപ്പം മറ്റൊരാള്‍ സാമാന്യം വലിയ ഒരു ബാഗ് കൊടുത്തിട്ട് പറഞ്ഞു.

"ഇതാണ് ബാഗ്, ഇതില്‍ നിങ്ങളുടെ ഡ്രസ്സും കാര്യങ്ങളും ഒക്കെയുണ്ട്, പിന്നെ ഞങ്ങള്‍ പറഞ്ഞതും പ്രത്യേകം അറകളില്‍ വച്ചിട്ടുണ്ട് സംശയമുണ്ടെങ്കില്‍ നോക്കിക്കോളു. നിങ്ങള്‍ക്ക് പോലും കണ്ടെത്താനാവില്ല. ങാ, പിന്നെ ഒരു കാര്യം തല്‍കാലം മറ്റെന്തെങ്കിലും അത്യാവശ്യ സാധനങ്ങള്‍ ഉണ്ടെങ്കിലും വേറെ ബാഗ് ഒന്നും കൊണ്ട് പോകണമെന്നില്ല. ഇതില്‍ വച്ചാ മതി. എയര്‍‌പോര്‍ട്ടില്‍ ഗുലാം അഹമ്മദ് എന്ന ഒരു പാക്കിസ്താനി കാത്തുനില്‍ക്കുന്നുണ്ടാവും അയാളുടെ കൈയില്‍ ഏല്പിച്ചാല്‍ മാത്രം മതി".

അവരുടെ സംസാരത്തില്‍ നിന്നും വാപ്പയുടെ മുഖത്തെ ഭീതിയില്‍ നിന്നും സൈറക്ക് മനസിലായി അരുതാത്തതെന്തിനോ ഉള്ള പുറപ്പാടാണ് ബാപ്പയെന്ന്.


ഊണു കഴിക്കാന്‍ നിര്‍ബന്ധിച്ചിട്ടും മറ്റെന്തോ തിരക്കുണ്ടെന്ന പേരില്‍ അവര്‍ വേഗം തന്നെ പോയി. അവര്‍ പടികടന്ന് കാറില്‍ കയറിയ ശേഷം അകത്തേക്ക് കയറിയ ഉസ്മാന്‍ കാണുന്നത് തന്നെ മിഴിച്ച് നോക്കി കൊണ്ട് നില്‍ക്കുന്ന സൈറയേ ആയിരുന്നു.

"ബാപ്പ എന്തൊക്കെയാ ഇത് ? എനിക്കൊന്നും മന്‍സിലാകുന്നില്ല ?"

അയാള്‍ അടുക്കളയിലേക്ക് ഒന്നു പാളിനോക്കി കൊണ്ട് സൈറയുടെ ചുമലില്‍ കൈവച്ചു പറഞ്ഞു.

"മോളെ, നീ കരുതുന്നത് പോലെ ഒന്നും ഇല്ല.അവര്‍ നമ്മുക്ക് ചെയ്തു തരുന്ന ഉപകാരത്തിന് നമ്മള്‍ തിരിച്ചും ഒരു ഉപകാരം അത്രേയുള്ളൂ. ഇതല്ലാതെ വേറെ വഴിയില്ല മോളെ, നിനക്കും ഒരു ജീവിതമൊക്കെ വേണ്ടെ, പിന്നെ നിന്റെ അനിയത്തി. നമുക്ക് ആകെയുള്ളത് ഈ ചെറിയ വീടും പറമ്പും അല്ലെ ? അതുകൂടി വിറ്റാല്‍ പിന്നെ നമ്മള്‍ എങ്ങോട്ടെക്ക് പോകും. ഇതില്‍ നമ്മള്‍ നോക്കിയാല്‍ പോലും ഒന്നും കണ്ടെത്താല്‍ സാധിക്കുകയില്ല പിന്നല്ലെ നൂറുകണക്കിനു യാത്രക്കാര്‍ വന്നുപോകുന്ന സൗദി.അതുമല്ല എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അവിടെ വക്കീലും ആളുകളും ഒക്കെയുണ്ട് സഹായത്തിന്".

അല്പം ശബ്ദം താഴ്ത്തി അയാള്‍ തുടര്‍ന്നു.

"നീ ഇക്കാര്യം ഉമ്മയോടൊന്നും പറയാന്‍ നില്‍ക്കണ്ട. മോള് ദേ, ഈ ബാഗ് അകത്തു കൊണ്ട് വക്ക്"

തല ചരിച്ച് തോളിലിരുന്ന ഉസ്മാന്റെ കൈയില്‍ മെല്ലെ ചുമ്പിച്ചിട്ടു ബാഗുമായി സൈറ അകത്തേക്ക് പോയി.

വെള്ളിയാഴ്ച..!

പുറത്ത് ശക്തമായ മഴ. ഉസ്മാന്‍ കുളികഴിഞ്ഞ് പുതിയ ഡ്രസ് ഒക്കെ ഇട്ടുവന്നപ്പോള്‍ സൈറ മനസിലോര്‍ത്തു. ബാപ്പ ഈ വേഷത്തില്‍ കൂടുതല്‍ സുന്ദരനായിരിക്കുന്നു. പത്ത് വയസ് കുറഞ്ഞതുപോലെ. ഇതുവരെയും കുടുമ്പം എന്ന ഒറ്റ ചിന്തയല്ലാതെ തനിക്കു വേണ്ടി ബാപ്പ ഒരു ഡ്രസ്സ് പോലും വാങ്ങുന്നത് അപൂര്‍‌വം എന്ന് സൈറക്ക് തോന്നി.

"എന്നാ ഇറങ്ങാം..?"

അടുത്ത് വീട്ടിലെ കുമാരേട്ടന്‍ ചോദിച്ചു.ബാഗുമായി ഇറങ്ങിയ ബാപ്പ അനിയനോടായി പറഞ്ഞു: മോനെ പഴയതു പോലെ ക്രിക്കറ്റ്കളി ഒക്കെയായി നടക്കരുത്. ഇവിടെ വേറെ ആരും ഇല്ലാത്തതാ. മക്കള്‍ നന്നായി പഠിക്കണം.പിന്നെ ഉമ്മായെ വെറുതെ ശല്യം ചെയ്യരുത് കെട്ടോ.

കൂടുതല്‍ സംസാരിക്കാന്‍ കഴിയാത്തതിനാലാകാം,കണ്ണുകൊണ്ട് സൈറയോടും ഉമ്മയോടും യാത്രപറഞ്ഞ് കുമാരേട്ടന്റെ കുടയില്‍ കയറി കാറിലേക്ക് കയറി.കാറ് കണ്ണില്‍ നിന്നും മറയുന്നത് വരെ അവരെല്ലാവരും വാതുക്കല്‍ തന്നെ നിന്നു

കാറ് കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ ഉമ്മയും സഹോദരങ്ങളും അകത്തേക്ക് കയറി പോയി.

നിന്ന നില്പില്‍ ഒരു നിമിഷം സൈറ മനസില്‍ ഓര്‍ത്തു.

ബാപ്പ പൊകുന്നതിനു മുന്‍പ് ഒരിക്കല്‍ കൂടി ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍. ആ മുഖം വീണ്ടും ഒന്നും കാണുവാന്‍ കൊതി തോന്നുന്നു. ഇപ്പോള്‍ കാറ് മഴയത്ത് അങ്ങിനെ സാവധാനം പൊയ്‌ക്കൊണ്ടിരിക്കുകയാവും ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ ആദ്യമായി ബാപ്പ വിമാനത്തില്‍ കയറും പിന്നെ നീണ്ട ചില മണിക്കൂറുകള്‍ കഴിയുമ്പോള്‍ ലക്ഷങ്ങളുടെ സ്വപ്ന ഭൂമിയായ സൈദിയില്‍ വന്നിറങ്ങും. പിന്നൊന്നു കാണണമെങ്കില്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണണം. ചിലപ്പോള്‍..?

ഓരോന്നലോചിച്ച് സൈറയുടെ ഹൃദയം അസാധാരണമായി മിടിക്കാന്‍ തുടങ്ങി. ചിലപ്പോള്‍ എയര്‍‌പോര്‍ട്ടില്‍ വച്ച് പിടിക്കപെട്ടാല്‍ ചില കേസുകള്‍ പിന്നെ..പിന്നെ ഏതെങ്കിലും ഒരു ജുമുആക്ക് ശേഷം...?

സൈറയുടെ മനസും ശരീരവും വല്ലാതെ ആടിയുലയും പോലെ തോന്നി. ചിന്തകള്‍ വല്ലാതെ കാടുകയറാന്‍ തുടങ്ങി.

ചില നേരങ്ങള്‍ക്ക് ശേഷം പതിയെ നടന്ന് മുറിയില്‍ കയറി ഡയറക്ടറിയില്‍ നോക്കി എയര്‍‌പോര്‍ട്ടിലെ നമ്പര്‍ എടുത്തു ഡയല്‍ ചെയ്തു.

ഹലോ എയര്‍‌പോര്‍ട്ടല്ലേ, ഒരു ഇന്‍ഫോര്‍‌മേഷന്‍ !. ഇന്ന് നാലരക്ക് സൗദിയിലേക്ക് പോകുന്ന ഉസ്മാന്‍ എന്നയാളുടെ ബാഗില്‍..ബാഗില്‍....

വാചകം മുഴുപ്പിക്കും മുന്‍പ് റിസീവര്‍ ഊര്‍ന്നു താഴേക്ക് വീണു.

"എന്നോട് ക്ഷമിക്കെന്റെ പൊന്നു ബാപ്പ. ഈ രാജ്യത്തെ ഏത് കാരാഗ്രഹത്തില്‍ കിടന്നാലും എന്റെ ബാപ്പ ജീവനോടെ ഉണ്ടെന്നും നാളെ തിരികെ വരും എന്നെങ്കിലും ഞങ്ങള്‍ക്ക് ആശ്വാസം കൊള്ളാമല്ലോ. പ്രതീക്ഷയോടെ കാത്തിരിക്കുകയെങ്കിലും ആവാമല്ലോ. ഈ ഒറ്റക്കാലി മോളുടെ ഭാവിയെ കരുതിയല്ലേ ബാപ്പ ഇങ്ങനെ? ഞങ്ങള്‍ക്ക് ഒന്നും വേണ്ട ബാപ്പയെ മാത്രം മതി..ബാപ്പയെ മാത്രം മതി".

റിസീവര്‍ താഴെ വീഴുന്ന ശബ്ദം കേട്ട് മുറിയിലേക്ക് വന്ന ഉമ്മയും സഹോദരങ്ങളും കാണുന്നത് ഒരു ഹിസ്റ്റീരിയ രോഗിയേപ്പോലെ തറയില്‍ കിടന്ന് തലയുരുട്ടുന്ന സൈറയേ ആയിരുന്നു.

പുറത്ത് ആരോടോ ഉള്ള പകപോലെ മഴ ശക്തയോടെ പെയ്യാന്‍ തുടങ്ങി.

16 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

റിസീവര്‍ താഴെ വീഴുന്ന ശബ്ദം കേട്ട് മുറിയിലേക്ക് വന്ന ഉമ്മയും സഹോദരങ്ങളും കാണുന്നത് ഒരു ഹിസ്റ്റീരിയ രോഗിയേപ്പോലെ തറയില്‍ കിടന്ന് തലയുരുട്ടുന്ന സൈറയേ ആയിരുന്നു.

പുറത്ത് ആരോടോ ഉള്ള പകപോലെ മഴ പൂര്‍‌വാധികം ശക്തയോടെ പെയ്യാന്‍ തുടങ്ങി.

ചന്ദ്രകാന്തം said...

നജീം,
ബാപ്പ ചെയ്തതും, മകള്‍ ചെയ്തതും...
സ്നേഹത്തിന്റെ ഭാഷയില്‍, അവരവരുടെ ശരികള്‍.
തെറ്റെന്ന്‌ പറയാന്‍, നമുക്കുമാകില്ല..
നന്നായിരിക്കുന്നു.

പ്രിയ said...

very touching.feels not as a story, but as a real incident.makes the heart soo heavy while reading it.

ശെഫി said...

:)

ഉറുമ്പ്‌ /ANT said...

:)

മന്‍സുര്‍ said...

പ്രിയ സ്നേഹിതാ നജീം

ഒരു നല്ല അവതരണത്തിലൂടെ നല്ല ഒരു കഥ...വായിച്ച് തീര്‍ന്നപ്പോല്‍ സത്യം പറഞ മനസ്സ് വേദനിച്ച് പോയി.....എവിടെയാണ്‌ തെറ്റ് പറ്റുന്നത്‌..ആര്‍ക്കാണ്‌ തെറ്റ് പറ്റുന്നത്‌....

അഭിനന്ദനങ്ങള്‍

മന്‍സൂര്‍,നിലംബൂര്‍

ഉപാസന || Upasana said...

നന്നായി ഇക്ക.
“ഫാനാ” സിനിമ പോലെ.
:)
ഉപാസന

സഹയാത്രികന്‍ said...

നജീം ജി... നന്നായിരിക്കുന്നു....
ചന്ദ്രകാന്തം പറഞ്ഞപോലെ ഓരോരുത്തരും ചെയ്തത് അവരവരുടെ ശരികള്‍....

Anoop Technologist (അനൂപ് തിരുവല്ല) said...

കഥ കൊള്ളാം....

ശ്രീ said...

നല്ല കഥ തന്നെ നജീമിക്കാ
:)

ഉഷശ്രീ (കിലുക്കാംപെട്ടി) said...

എത്ര വലിയ തെറ്റായലും സ്വന്തം നട്ടിലെ ശിക്ഷ്ക്ക് ഒരു സ്നേഹസ്പര്‍ശം ഉണ്ട് അല്ലെ?നന്നായിരിക്കുന്നു കഥ.

അപ്പു ആദ്യാക്ഷരി said...

നജീമേ.... പത്തുപന്ത്രണ്ട് വര്‍ഷക്കാലം സൌദിയില്‍ ജീവിച്ച് അവിടുത്തെ നിയമങ്ങള്‍ മനസ്സിലാക്കിയതുകൊണ്ടാവാം, ഈ കഥ വായിക്കുമ്പോള്‍ മനസ്സില്‍ ഒരു ഭീതി അനുഭവപ്പെട്ടു. വെള്ളിയാഴ്ചത്തെ ജുമാ നമസ്കാരത്തിനു ശേഷം എത്രയോ കുറ്റവാളികളുടെ തലവെട്ടുന്നത് കേട്ടു (കാണാന്‍ ധൈര്യം ഉണ്ടായില്ല). സൌദിയിലേക്ക് മയക്കുമരുന്ന് കടത്തിയാല്‍ വധശിക്ഷ ഉറപ്പാണ്. ഇക്കാര്യം അവിടെയിറങ്ങുന്നതിനു മുമ്പ് വിമാനത്തില്‍ വച്ച് തരുന്ന ഡിസെംബാര്‍ക്കേഷന്‍ കാര്‍ഡില്‍ ചുവന്ന അക്ഷരത്തില്‍ എഴുതിയിട്ടുമുണ്ട്. എന്നിട്ടും എത്രയോപേര്‍ ഈ ചതിയില്‍ അകപ്പെടുന്നു. സൈറചെയതതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല. അവളുടെ ബാപ്പയെ ജീവനോടെ കിട്ടുമല്ലോ.

നന്നായി എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങള്‍!!

ബാജി ഓടംവേലി said...

ഞങ്ങള്‍ക്ക് ഒന്നും വേണ്ട ബാപ്പയെ മാത്രം മതി..ബാപ്പയെ മാത്രം മതി".
നന്നായി എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങള്‍

കുഞ്ഞന്‍ said...

പ്രിയ നജീം,
അസ്സലായി വരച്ചുകാട്ടിയിരിക്കുന്നു, ശരിക്കും ഹൃദ്യത അനുഭവപ്പെട്ടു...അഭിനന്ദനങ്ങള്‍

ഏ.ആര്‍. നജീം said...

ചന്ദ്രകാന്തം, പ്രിയ, ഷാഫി, ഉറുമ്പ്, തറവാടി, മന്‍സൂര്‍, ഉപാസന, അനൂപ്, ശ്രീ, ബാജി, കുഞ്ഞന്‍, അപ്പു :എല്ലാവര്‍ക്കും വളരെ നന്ദി. കൂവലായാലും തൂവലായാലും നിങ്ങളുടെോരോരുത്തരുടേയും പ്രതികരണത്തിനായി ഞാന്‍ കാത്തിരിക്കാറുണ്ട്. അതു കൊണ്ട് തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കണേ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ലളിതം, മനോഹരം