നഷ്‌ടപ്പെടലിന്റെ ഓര്‍മ്മയില്‍

on Thursday, September 6, 2007

ഒരു സത്യത്തോട് കുറെ നുണകളും മനോഹരമായി ചേര്‍ക്കുന്നതാണ് നല്ല കഥ എന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്.

റോഷന്‍ ഒരു വലിയ സത്യമായി, കുറെ ചോദ്യചിഹ്നങ്ങളോടെ ഞങ്ങള്‍ക്ക് മുന്നില്‍ ഇന്നും നില്‍ക്കുമ്പോള്‍ കളവുകള്‍ ചേര്‍ത്ത ഒരു കഥയായല്ല ആ സംഭവം അതേപടി ഇവിടെ പകര്‍ത്തട്ടെ.

ഇത് ഒരു വിധി എന്ന് പറഞ്ഞു തള്ളിക്കളയാനാവുമോ ?. അവന്റെ ബലഹീനമായ ശുദ്ധമനസിനെ പഴിക്കാനോ ?. സൗഹൃദം എന്നതിന് വഞ്ചനയെന്ന മറ്റൊരു മുഖം കൂടിയുണ്ടെന്ന്‍ റോഷനു തോന്നിയ ആ അല്പനേരത്തെ ശപിക്കാനോ..? എന്തായാലും ഇനി എന്തു ഫലം..?

റോഷന്‍, സ്‌നേഹിക്കാനും നല്ല സംസാരത്തിലൂടെ ആരെയും കൈയിലെടുക്കുവാനും കഴിവുള്ള ചെറുപ്പക്കാരന്‍ !. ഒരു സധാരണ സര്‍ക്കാര്‍ ജീവനക്കാരനായ അച്‌ഛന്റെയും അമ്മയുടെയും മൂത്തമകന്‍, പിന്നെ ഒരു അനിയത്തിയും.

ഗള്‍ഫില്‍ എത്തപ്പെട്ട ആദ്യനാളുകളില്‍ തൊഴില്‍‌പരിചയം, ഭാഷയുടെ പ്രശ്നങ്ങള്‍ എന്നൊക്കെയായി കുറേ കഷ്‌ടപെട്ടുവെങ്കിലും പിന്നീട് അവന്റെ സ്വപ്നം പോലൊരു ജോലി ശരിയായി. അല്പാല്പമായി അവന്‍ നല്ല ഒരു വീടു പണിതു. പെങ്ങളെ കെട്ടിച്ചയക്കാനുള്ള തുകയൊക്കെ സമ്പാദിച്ചു വന്നപ്പോഴേക്കും കുറെ വൈകി.

അങ്ങിനെ മൂന്നര വര്‍ഷത്തെ പ്രവാസ ജീവിതം കഴിഞ്ഞ് ആദ്യമായി നാട്ടിലേക്ക് പോകുന്ന ത്രില്ലില്‍ ആയിരുന്നു റോഷന്‍. അവനും നല്ലൊരു പെണ്ണിനെ വീട്ടുകാര്‍ നോക്കി വച്ചിരിക്കുകയായിരുന്നു. ടെലിഫോണിലൂടെയും ചാറ്റിങ്ങിലൂടെയും അവര്‍ നല്ല ബന്ധവും ഇതിനകം സൃഷ്‌ടിച്ചിരുന്നു.

അന്നൊരു വ്യാഴാ‌ഴ്ച. സുഹൃത്തക്കള്‍ എല്ലാവരും ചേര്‍ന്ന് അവന്‍ പലപ്പോഴായി സ്വരുക്കൂട്ടി വച്ചിരുന്ന സാധങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാന്‍ പാകത്തില്‍ അടുക്കി ഒതുക്കി കെട്ടിവച്ചു. ആ സന്തോഷത്തിനായി അവന്‍ എല്ലാവര്‍ക്കുമായി നല്ലൊരു പാര്‍ട്ടിയും നടത്തി. നല്ല ഭക്ഷണവും, പിന്നെ മദ്യം വേണ്ടുന്നവര്‍ക്ക് അത്യാവശ്യം അതുവരെ റൊഷന്‍ ഏര്‍പ്പാട് ചെയ്തു. നന്നായി പാടുന്ന റോഷന്റെ ഗസലുകള്‍ കൂടി ആയപ്പോള്‍ ആ രാത്രി ഞങ്ങള്‍ എല്ലാം മറന്ന് ആഹ്ലാദിച്ചു.

വെള്ളിയാഴ്ച രാത്രി ഫ്ലൈറ്റ് ആയതു കൊണ്ട് ഒരുപാട് വൈകാതെ എല്ലാവരും പിരിഞ്ഞു. വെള്ളിയാഴ്ച അവധിയുടെ ആലസ്യത്തില്‍ പകല്‍ പത്തര മണിയായിട്ടും എഴുന്നേല്‍ക്കാന്‍ മനസില്ലാതെ കിടക്കുമ്പോഴാണ് റോഷനെ കാണാന്‍ അവന്റെ ഒരു സുഹൃത്ത് വന്നത്.

റോഷന്‍ ബാത്ത് റൂമില്‍ ആയിരുന്നു അപ്പോള്‍. കുറേനെരത്തിനു ശേഷവും പുറത്തു വരാതായപ്പോള്‍ ഞങ്ങള്‍ വിളിച്ചിട്ടും വിളികേള്‍ക്കുന്നില്ല!.

പെട്ടെന്ന് പോലീസിനെ ഒക്കെ വിളിച്ച് കതക് പൊളിച്ച് അകത്തു കയറുമ്പോള്‍ കണ്ട കാഴ്ച ,റൊഷന്‍ ടോയ്‌ലറ്റ് വെന്റിലേഷനില്‍ തൂങ്ങി നില്‍ക്കുകയായിരുന്നു..!!!

പോലീസ് നിയമ നടപടികളുമായി മുന്നോട്ട് നീങ്ങുന്നതിനിടയിലും ഒരായിരം ചോദ്യങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ ഉടലെടുക്കാന്‍ തുടങ്ങി.

ആത്മഹത്യ ചെയ്യാന്‍ തക്ക യാതൊരു പ്രശ്നങ്ങളും അവന്റെ ജീവിതത്തില്‍ ഉള്ളതായി അറിവില്ല.തന്നേയുമല്ല മരണത്തെ കുറിച്ചു ചിന്തിക്കുന്ന ഒരാള്‍ക്ക് ചില മണിക്കൂര്‍ മുന്‍പ് പോലും എങ്ങിനെ ഇതേപോലെ സന്തോഷത്തോടെ പാട്ടുപാടാന്‍ ഒക്കെ കഴിയും ? മരിക്കാന്‍ തീരുമാനിച്ചവന്‍ എന്തിനാ നാട്ടിലേക്ക് ടിക്കറ്റും സാധനങ്ങളും വാങ്ങി ?. നാളെ വൈകുന്നേരം വിമാനത്താവളത്തില്‍ എത്തണമെന്ന് എന്തിന് വീട്ടില്‍ വിളിച്ചറിയിച്ചു ?.

ചോദ്യങ്ങള്‍ ഓരോന്നും കുറെ കൂര്‍ത്ത അസ്ത്രങ്ങളായി ഞങ്ങളുടെ ഹൃദയങ്ങളില്‍ ആഴത്തില്‍ പതിക്കുകയായിരുന്നു !.

ഞങ്ങള്‍ ഒന്നും അറിയാത്തത് പോലെ അവന്റെ വീട്ടിലേക്ക് വിളിച്ചു നോക്കി. മൂന്നര വര്‍‌ഷത്തെ കാത്തിരുപ്പിനൊടുവില്‍ വരുന്ന മകനെ സ്വീകരിക്കാന്‍ എയര്‍‌പോര്‍ട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്ന് ആ കൊച്ചു കുടുമ്പം. അവരുടെ ആഹ്ലാദത്തിനിടെ ഒന്നും പറയാന്‍ മനക്കരുത്തില്ലാത്തതിനാല്‍ മറ്റൊരു വാക്കുപോലും പറയാനാവാതെ ഫോണ്‍ വച്ചു.

എല്ലാവരുടെയും പ്രാര്‍ത്ഥനയുടെയും ഇവിടുത്തെയും പിന്നെ നാട്ടിലേയും പൊലീസുകാരുടെയും അന്വഷണത്തിന്റേയും ഫലമായി ആ മരണത്തിന്റെ ചുരുള്‍ അഴിഞ്ഞു!.

മരിച്ച സമയത്തിനു മുന്‍പ് അവന്റെ മൊബൈലില്‍ നാട്ടില്‍ നിന്നും വന്ന കോള്‍ പിന്തുടര്‍ന്ന് അന്വഷിച്ചപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്.

റോഷന്‍ കൗമാരത്തിന്റെ ചോരത്തിപ്പില്‍ നാട്ടിലെ ഏതോ വര്‍ഗീയ സഘടനയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടായിരുന്നു. ആ കുട്ടത്തില്‍ ചില തല്ലുകേസില്‍ ഒക്കെ പ്രതിയും ആയിരുന്നു. എന്നാല്‍ അവന്‍ മടങ്ങി വരുന്നു എന്നറിഞ്ഞ ചില കൂട്ടുകാര്‍ അല്പം പണം പിടുങ്ങാം എന്ന് ഉദ്ദേശത്തോടെ അവനെ വിളിച്ചു പറഞ്ഞു.

"റോഷന്‍ നിന്റെ കേസ് ഇപ്പോഴും നിലവിലുണ്ട്, കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ് നീ എയര്‍‌പോര്‍ട്ടില്‍ ഇറങ്ങിയാലുടന്‍ നിന്നെ അറസ്റ്റ് ചെയ്യും, അതുമല്ല പഴയ ആളുകള്‍ നീ വന്നാല്‍ വീട്ടില്‍ അക്രമം നടത്താനും പരിപാടിയുണ്ട്. അത് കൊണ്ട് നീ യാത്ര രണ്ടാഴ്ച മാറ്റിവക്കണം, പിന്നെ കുറച്ചു പൈസയും അയച്ചു തന്നാല്‍ ഞങ്ങള്‍ നല്ലൊരു അഡ്വക്കേറ്റിനെ കണ്ട് ഒക്കെ ശരിയാക്കാം പിന്നെ മറ്റേ പാര്‍‌ട്ടികള്‍ക്ക് എന്തെങ്കിലും കൊടുത്ത് ഒതുക്കി തീര്‍‌ക്കുകയും ചെയ്യാം.

"എല്ലാ സന്തോഷങ്ങളും നഷ്‌ടപെട്ടെന്നു കരുതിയ ഒരു നിമിഷത്തെ ദൗര്‍ബല്യം അവന്‍ അത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചു !. എല്ലാത്തില്‍ നിന്നും സ്വയം ഒരു ഒളിച്ചോട്ടം..!

എന്നാലും റോഷന്‍, ഒരു നിമിഷം ഇവിടെയുള്ള ഏതെങ്കിലും ഒരു സുഹൃത്തിനോട് നിനക്ക് ഉപദേശം തേടാന്‍ പാടില്ലായിരുന്നോ.

ഒരു നല്ല ഷര്‍ട്ട് വാങ്ങുമ്പോള്‍ പോലും ഞങ്ങളോട് അഭിപ്രായം തിരക്കാറുള്ള നീ ഞങ്ങളില്‍ ആരോടും എന്താ ഒരു അഭിപ്രായവും ചോദിക്കാതിരുന്നത് !.

ഇത്ര സ്മാര്‍ട്ടായി കാര്യങ്ങളെ അഭിമുഖീകരിക്കുന്ന നിനക്ക് ഈ ഒരു നിമിഷം എന്തേ ഇത്ര പക്വതയില്ലാതെ പോയി ?.

നമ്മുക്കു പരിഹരിക്കാനാവാത്ത ഏതെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോ ? എല്ലാത്തില്‍ നിന്നും ഉളിച്ചോടാന്‍ അഭയം തേടാന്‍ ഉള്ള താവളമാണോ മരണം?.

ഇനി എന്തിനു നിന്നെ പഴിക്കണം ?. നിന്റെ വിധിയേയോ, അല്ലെങ്കില്‍ തമാശ കാണിച്ചെന്ന് പറഞ്ഞ സുഹൃത്തുക്കളേയോ. ആരെ പഴിപറയാന്‍..!
**********************************************


കുറേ സത്യങ്ങളെ ഒരു നുണയില്‍ ചേര്‍ത്തു വയ്ക്കാന്‍ ഞാന്‍ ശ്രമിച്ചതാണ്. റോഷന്‍ എന്നത് മാത്രം നുണ. ബാക്കി ഉള്ളതൊക്കെ നമ്മുക്കിടയില്‍ എവിടെയെങ്കിലും സംഭവിച്ച, സംഭവിക്കാന്‍ സാദ്ധ്യതയുള്ള സത്യങ്ങളും.

16 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

കുറേ സത്യങ്ങളെ ഒരു നുണയില്‍ ചേര്‍ത്തു വയ്ക്കാന്‍ ഞാന്‍ ശ്രമിച്ചതാണ്. റോഷന്‍ എന്നത് മാത്രം നുണ. ബാക്കി ഉള്ളതൊക്കെ നമ്മുക്കിടയില്‍ എവിടെയെങ്കിലും സംഭവിച്ച, സംഭവിക്കാന്‍ സാദ്ധ്യതയുള്ള സത്യങ്ങളും.

ശ്രീ said...

ഇതൊരു സാധ്യത തന്നെ...
ഇങ്ങനൊന്നും സംഭവിക്കാതിരിക്കട്ടേ!

അപ്പു ആദ്യാക്ഷരി said...

നജീം... വളരെ ദുഃഖംതോന്നി വായിച്ചപ്പോള്‍.

ഓ.ടോ. എഴുത്തിന്റെ സ്റ്റൈല്‍ നന്നായിട്ടുണ്ട്.

ചന്ദ്രകാന്തം said...

നജീം..,
ഒരു നിമിഷാര്‍ദ്ധത്തിന്റെ പാളിച്ച കൊണ്ട്‌ സംഭവിയ്കുന്ന ഇത്തരം അനുഭവങ്ങള്‍ നമുക്കുചുറ്റും ധാരാളമുണ്ട്‌.
....മരണം 'രംഗബോധമില്ലാത്ത കോമാളി' തന്നെ .. അല്ലേ..

സഹയാത്രികന്‍ said...

നജീം ജീ... വളരെ ദുഃഖം തോന്നുന്നു...

ഒരു നിമിഷത്തെ അതികഠിനമായ മാനസിക സംഘര്‍ഷം... ആ നിമിഷത്തെ റോഷന്‍ അതിജീവിച്ചിരുന്നെങ്കില്‍....

മുസാഫിര്‍ said...

ഇതൊരു യഥാര്‍ത്ഥ സംഭവമാണെങ്കില്‍ വളരെ ദൌര്‍ഭാഗ്യകരമായി എന്നേ പറയാനുള്ളു.

വല്യമ്മായി said...

കഥയായിട്ടല്ല,ഒരു പാടു തവണ നടന്ന,നടന്നു കൊണ്ടിരിക്കുന്ന,നടക്കാനിരിക്കുന്ന സത്യം നന്നായി അവതരിപ്പിച്ചിരിക്കുന്നു.

മനോജ് കുമാർ വട്ടക്കാട്ട് said...

നജീം, ഇനിയൊരാള്‍ക്കും സംഭവിക്കാതിരിക്കട്ടെ.

ഉപാസന || Upasana said...

നജീം,
ശരി തന്നെ പലര്‍ക്കും ഇങ്ങിനെ സംഭവിച്ചേക്കാം.
സുനില്‍

ഗിരീഷ്‌ എ എസ്‌ said...

നന്നായിട്ടുണ്ട്‌
അഭിനന്ദനങ്ങള്‍

shams said...

എല്ലാ പ്രതീക്ഷളെയും അസ്തമിപ്പിച്ചുകൊണ്ട് ഒരൊറ്റനിമിഷത്തെ അബദ്ധ ചിന്ത,
ജീവിത പ്രതിസന്ധികളെ നേരിടാനുള്ള മനക്കരുത്തിന് എല്ലാവര്‍ക്കും വേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം.

മന്‍സുര്‍ said...

പ്രിയ സ്നേഹിത നജീം

അവതരണ ശൈലി മികച്ചത്‌
പ്രവാസജീവിതത്തില്‍ എവിടെയൊക്കെയോ കേട്ടു മറന്ന മനസ്സില്‍ നോവുണര്‍ത്തുന്ന കഥകളില്‍ ഒന്ന്‌
ഒരു നിമിഷത്തിന്‍റെ നഷ്ടം വര്‍ഷങ്ങളായ് ഇന്നും നിന്‍റെ മനസ്സില്‍ ഒരു ചെറുനോവായ് എരിയുന്നുവെന്നത്‌ ഒളിക്കാനാവാത്ത സത്യം ...മരണത്തിലേക്കുള്ള ഒളിചോട്ടം ഒരു അവസാനമോ.....ഒരു കൊച്ചു തമാശ ഒരു കുടുംബത്തിനു നല്‍കിയ കണ്ണീര്‍ ആര്‌ തുടക്കും ...??

മന്‍സൂര്‍,നിലംബൂര്‍

പ്രിയ said...

yes, it can be real.those small small jokes that friends makes, and the unexpected effect of that on our dreams and the very very bad reaction of us towards such problems.. every thing is happening...

you u said it very clearly. good.

തറവാടി said...

അവതരണം‌ നന്നായി :)

ഏ.ആര്‍. നജീം said...

ചന്ദ്രകാന്തം : അതെ, ഒരു നിത്യ സത്യം.
സഹയാത്രികന്‍ : അതെ ആ ഒരു നിമിഷത്തെ മാത്രം ബലഹീനത കൊണ്ട് ജീവിതം നഷ്‌ടപ്പെടുത്തിയ പലരേയും നമ്മുക്ക് ഈ സമൂഹത്തില്‍ കണ്ടെത്താനാകും.
മുസാഫിര്‍ : റോഷന്‍ ഒരു യാഥാര്‍‌ത്ഥ സംഭവമല്ലെങ്കിലും ഈ ഗള്‍ഫില്‍ ഇതിനകം പല റോഷന്മാരും ഇതിനകം മണ്മറഞ്ഞു കഴിഞ്ഞിരിക്കുന്നു എന്നുറപ്പ്.
ശ്രീ, അപ്പു, വല്ല്യമ്മായി, പടിപ്പുര, ഉപാസന, ദ്രൗപതി, ഷംസ്, മന്‍സൂര്‍, പ്രിയ, തറവാടി : നന്ദി തുടര്‍ന്നും അഭിപ്രായം അറിയിക്കുമല്ലോ...
പ്രവാസ ജീവിതത്തില്‍ ഇത്തരം സംഭവങ്ങളുടെ ഇവിടെ സൂചിപ്പിക്കാതിരുന്ന മറ്റൊരു പ്രധാന കാരണം മനസിലുള്ള പ്രയാസങ്ങള്‍ തുറന്നു പറയാന്‍ ആരുമില്ല എന്നുള്ളതാണ്. എല്ലാവരും തിരക്കു തന്നെ. അതിനാല്‍ പ്രവാസികള്‍ പ്രത്യേകിച്ചും ബാച്ചിലറായി താമസിക്കുന്നവര്‍ കൂട്ടുകാര്‍ എന്തെങ്കിലും പ്രയാസം അവതരിപ്പിക്കാന്‍ തുനിഞ്ഞാല്‍ ഒന്നു മുഖം കൊടുക്കുക. കേള്‍ക്കുക ആശ്വസിപ്പിക്കുക.. ഒരു പക്ഷെ അതു കൊണ്ട് രക്ഷപെടുന്നത് മറ്റൊരു റോഷന്‍ ആവാം.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

dear
well story and sad