കഥയില്‍ ചോദ്യമില്ല...!

on Tuesday, July 24, 2007

അന്നൊരു വെള്ളിയാഴ്‌ച ആയിരുന്നു. രാത്രി പന്ത്രണ്ട് മണിയോടടുത്ത നേരമാണ്. എന്നെ പതുക്കെ എടുത്ത് മുറ്റത്തുള്ള സ്വന്തം വാഹനത്തിനു മുകളിലോട്ട് കയറി. ടോപ്പ് ഗിയറിലിട്ട് നാസയുടെ ഡിസ്‌കവറി പൊങ്ങും പോലെ ശൂ.........ന്നൊരൊറ്റ പോക്കായിരുന്നു അകാശത്തിലേക്ക്.



ഒന്നു..രണ്ട്..മൂന്ന്... ആകാശങ്ങള്‍ കഴിഞ്ഞപ്പോഴായിരുന്നു എനിക്ക് കാര്യം മനസിലായത്. എന്റെ ജീവനും കൊണ്ടാണ് യമധര്‍മ്മന്റെ പോക്കെന്ന്‍. എന്തു ചെയ്യാം ചെറിയ പ്രയാസമൊക്കെ തോന്നിയെന്നതു നേര്.



അങ്ങിനെ ഏഴ് ആകാശത്തിനും മുകളില്‍ ഉള്ള ചിത്രഗുപ്‌തന്റെ ഓഫീസില്‍ കൃത്യ സമയത്തു തന്നെ വാഹനം ലാന്റ് ചെയ്തു. എന്നെ ഒരു ഓഫീസിലോട്ട് കൊണ്ട് ചെന്ന ആ കാലന്‍ എന്തൊക്കെയോ പറഞ്ഞ ശേഷം തിരികെ പോയി. ഏകദേശം പത്തു മിനിട്ട് കഴിഞ്ഞ് ചിത്രഗുപ്‌തരാജയുടെ ഓഫീസിലേക്കു പോകാന്‍ ഒരാളുവന്നു പറഞ്ഞു. അകത്തോട്ട് ചെന്നപ്പോഴല്ലെ രസം. 'കോന്‍ ബനേക ക്രോര്‍പതി' യുടെ സെറ്റ് പോലുള്ള ഒരു വലിയ ഓഫീസ് അതിലെ ഹോട്ട് സീറ്റ് പോലുള്ള ഒരു സീറ്റില്‍ ഇരിക്കാന്‍ കൈകൊണ്ട് ആഹ്വാനം ചെയ്തു. അവിടിരുന്ന ഉടനെ‍ സാക്ഷാല്‍ അമിതാഭ് ബച്ചന്‍ സ്‌റ്റൈലില്‍ ഒരു ചോദ്യം



'ങൂം ...പേരെന്താ...?'



അതേ ഗാംഭീര്യത്തോടെ മറുപടി കൊടുക്കാനാണ് ആഗ്രഹിച്ചതെങ്കിലും ഭയവും ആകാംക്ഷയും കൊണ്ടാകണം പേരു പറഞ്ഞപ്പോള്‍ ശബ്‌ദം മലയാള നടന്‍ ഇന്ദ്രന്‍സിന്റെതു പോലെ ആയിപ്പോയി എന്നതാണു സത്യം..!



ഉടന്‍ അദ്ദേഹം തന്റെ കമ്പ്യൂട്ടറിന്റെ കീബോര്‍ഡില്‍ എന്തൊക്കെയോ ടൈപ്പ് ചെയ്തു...



അത്‌ഭുതം..എന്തത്‌ഭുതം..!! എന്റെ മുന്നിലെ മോനിട്ടറില്‍ തുറന്നു വന്ന മള്‍ട്ടിമീഡിയ ഫയലില്‍ എന്റെ പടം..!! ഞാന്‍ ഭൂമിയില്‍ കാണിച്ച സര്‍‌വ്വ വേണ്ടാതീനങ്ങളും സെന്‍‌സര്‍ കട്ടിങ്ങ് പോലും ഇല്ലാതെ കാണിക്കുന്നു. അതിനിടയില്‍ വീണ്ടും അമിതാബിന്റെ ശബ്‌ദം...



'ഈ കുറ്റങ്ങലോക്കെ നീ സമ്മതിക്കുന്നുണ്ടോ..?'



ഇത്ര കൃത്യമായി കാണുന്ന കാര്യം ഞാന്‍ എങ്ങിനെ ഇല്ലെന്നു പറയുക ?



സമ്മതിച്ചു.



അദ്ദേഹം വീണ്ടും കമ്പ്യൂട്ടറില്‍ എന്തൊക്കെയോ ടൈപ്പ് ചെയ്തപ്പോഴേക്കും അതില്‍ കൂട്ടി കിഴിച്ച് എന്റെ ശിക്ഷ വന്നു..!



പത്തു വര്‍‌ഷം നരകവും പിന്നെ സ്വര്‍ഗവും വിധിച്ചിരിക്കുന്നു..!!



ഒരു ഭടന്‍ എന്നെ കൊണ്ടു പോയി 'ഗ്ലോബല്‍ നരക വില്ലേജിന്റെ' വാതുക്കല്‍ നില്‍ക്കുന്ന മറ്റൊരു കാവല്‍ ഭടനെ ഏല്പിച്ചു എന്റെ പേപ്പര്‍ ഒക്കെ ഒത്തു നോക്കിയ അയാള്‍ എന്നെ അകത്തേക്കു ക്ഷണിച്ചു. ഭൂമിയില്‍ വച്ച് ഇക്കണ്ട വേണ്ടാതീനങ്ങള്‍ ഒക്കെ നടത്താന്‍ കൂട്ടുനിന്ന എന്റെ കൂട്ടുകാരെ മുഴുവന്‍ അപ്പച്ചനേയും അമ്മച്ചിയേയും വരെ മനസാ പ്രാകികൊണ്ട് അയാള്‍ക്കൊപ്പം നടന്നു. ഒരോ രാജ്യത്തിന്റെയും നരകങ്ങള്‍ക്ക് മുന്നിലൂടെ നടന്ന് ഇന്ത്യയുടെ നരക കവാടത്തില്‍ എത്തിയ ഉടന്‍ ആ ഭടന്‍ പറഞ്ഞു.



'ദാ..ഇതാണ് ഇന്ത്യയുടെ 'നരക പവിലിയന്‍' ഇതിനുള്ളില്‍ എല്ലാ സംസ്ഥാനത്തിന്റെയും പ്രത്യേകം പ്രത്യേകം നരകങ്ങള്‍ ഉണ്ട്. ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ ഇതില്‍ ഏതു നരകം വേണമെങ്കിലും നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം , പക്ഷേ ഒരിക്കല്‍ കയറിക്കഴിഞ്ഞാല്‍ പിന്നെ പത്തു വര്‍ഷവും അതില്‍ തന്നെ കഴിച്ചു കൂട്ടണം, കേട്ടല്ലോ..?'



ഒന്നു മൂളി കൊണ്ട് ഞാന്‍ അകത്തേക്ക് കയറി. ആക്ഷരമാല കൃമത്തില്‍ ആയതു കൊണ്ടാകാം ആദ്യം ആസമിന്റെ നരകമായിരുന്നു. അകത്ത് ഒന്നുരണ്ടു പേരുടെ നിലവിളി ഒക്കെ കേള്‍ക്കുന്നു. ഞാന്‍ മെല്ലെ അവിടെ നിന്ന കാവല്‍കാരനോട് അവിടുത്തെ ശിക്ഷാരീതികളെ കുറിച്ച് ചോദിച്ച് അന്വഷിച്ചു.



അയാള്‍ പറഞ്ഞു..



'ഭായ് സാബ്, ഒരു ദിവസത്തെ 24 മണിക്കൂറിലെ ആദ്യ അഞ്ച് മണിക്കൂര്‍ ഒരു ഇലക്‌ട്രിക്ക് കസേരയില്‍ ഇരുത്തി കറണ്ടടിപ്പിക്കും, പിന്നെയുള്ള 5 മണിക്കൂര്‍ ആസാമീസുകാരായ പിശാചുക്കളും ഭൂതങ്ങളും വന്ന് നിരന്തരം ഉപദ്രവിച്ചു കൊണ്ടിരിക്കും. അതു കഴിഞ്ഞുള്ള സമയം മുഴുവന്‍ കൂര്‍ത്ത ആണികള്‍ തറച്ച കട്ടിലില്‍ കിടക്കണം അതാണ് ഇവിടുത്തെ ശിക്ഷ.!



വളരെ വിഷമത്തോടെയാണ് അടുത്ത സംസ്ഥനത്തിന്റെ നരകത്തില്‍ എത്തിയത്, അവിടെയും എന്നല്ല, എല്ലാ സംസ്ഥാനങ്ങളുടെ നരകങ്ങളിലും ഒരേപോലുള്ള ശിക്ഷാരീതികളും സമയവും ആണ്. എന്നാ പിന്നെ എവിടെയെങ്കിലും കിടന്ന് പത്തു വര്‍ഷം കഴിച്ചു കൂട്ടാം എന്നു കരുതി മുന്നോട്ട് നടക്കുമ്പോഴാണ് നമ്മുടെ കേരളത്തിന്റെ നരകത്തിന്റെ മുന്നിലെത്തിയത്...



ഹോ...ഭയങ്കരമെന്നു വച്ചാല്‍ അതിഭയങ്കര തിരക്ക് നരകത്തിനു മുന്നില്‍.!



ഒരാള്‍ സൈക്കിളില്‍ ഐസ്‌മുട്ടായി വില്‍ക്കുന്നു, ഒരു പയ്യന്‍ ലോട്ടറി വില്‍‌ക്കുന്നു പിന്നെ നാലുവീലു വണ്ടിയില്‍ ചെറിയ ചായക്കട വരെയുണ്ട്. ഒരു പൂരപറമ്പിന്റെ ബഹളം തന്നെ..!!



എന്താ കാര്യമെന്ന് ചോദിക്കാമെന്ന് വച്ച് നേരേ അവിടെ കാവല്‍ ഡ്യൂട്ടിയിലുള്ള ആളുടെ അടുത്തു ചെന്നു. അദ്ദേഹമാണെങ്കില്‍ ഇതൊന്നും അയാള്‍ക്ക് ബാധകമല്ലെന്ന മട്ടില്‍ മറ്റു ദുര്‍‌ഗന്ധങ്ങള്‍ അലട്ടാതിരിക്കാനായിട്ടാവണം തന്റെ തൊപ്പി മുഖത്തേക്ക് മറച്ചു വച്ച് കസേരയില്‍ ചാരി ഇരുന്നു നല്ല ഉറക്കം..! അല്പം മടിച്ചാണെങ്കിലും പതുക്കെ അയാളെ ഒന്നുണര്‍ത്തി. മെല്ലെ തൊപ്പി മാറ്റി ഉറക്കത്തെ തടസപ്പെടുത്തിയ നീരസത്തോടെ രൂക്ഷമായി ഒന്നു നോക്കിയിട്ട് നീട്ടി ഒരു മൂളല്‍..



'ങൂം...?'



ഞാന്‍ എന്തോ ചോദിക്കാന്‍ വരുമ്പോഴേക്കും അയാള്‍ പറഞ്ഞു..



'എല്ലാകാര്യങ്ങളും ദേ, ആ ബോര്‍ഡില്‍ എഴുതി വച്ചിട്ടുണ്ട് മനുഷ്യനെ ബുദ്ധിമുട്ടിക്കാതെ പോകണം ഹേ..'



എല്ലാ നരകങ്ങളിലെ ശിക്ഷയും ഒരേപോലെ എന്നു കേട്ടു, പിന്നെ ഇവിടെ എന്താ ഇത്ര തിരക്കെന്ന് ആരോടെങ്കിലും ചോദിക്കാം എന്നു വച്ചാ ക്യൂവില്‍ നില്‍ക്കുന്നവരൊക്കെ നോര്‍ത്ത് ഇന്ത്യക്കാരാണ് ഭാഷയുടെ പ്രശ്‌നമുള്ളതു കൊണ്ട് അതിനും വയ്യാ. കുറെ കഴിഞ്ഞാണ് ഭാഗ്യത്തിനു ഒരു മലയാളിയെ കണ്ടെത്തിയത്. അയാളോട് കാര്യം തിരക്കി..



'അല്ല സഹോദരാ എല്ലാ നരകങ്ങളിലും ശിക്ഷ ഒരേ പോലെയാണെന്നു പറഞ്ഞു പിന്നെന്താ നമ്മുടെ കേരളാ പവിലിയനില്‍ മാത്രം ഇത്ര തിരക്ക്..?'



അദ്ദേഹം ഒന്നു ചിരിച്ചിട്ട് ശബ്‌ദം താഴ്‌ത്തി പറഞ്ഞു.



'സുഹൃത്തേ ശിക്ഷ ഒക്കെ ഒന്നു പോലെ ഒക്കെ തന്നെയാ, പക്ഷേ ഇവിടെ ചില വിത്യാസങ്ങള്‍ ഉണ്ട് അതാ.'



അത്‌ഭുതത്തോടെ ഞാന്‍ കാര്യം തിരക്കി.



'ദേ..,ദിവസവും അഞ്ച് മണിക്കൂര്‍ ഇലക്‌ട്രിക്ക് കസേരയില്‍ ഇരുത്തും എന്നല്ലേ ശിക്ഷ? പക്ഷേ ഇവിടെ അതില്‍ കുറഞ്ഞത് നാലര മണിക്കൂറെങ്കിലും പവര്‍കട്ട് ആയിരിക്കും അതുകൊണ്ട് വെറുതെ ആ കസേരയില്‍ ഇരുന്നു കൊടുത്താല്‍ മതി. നിര്‍ഭാഗ്യമുണ്ടെങ്കില്‍ ചിലപ്പോള്‍ വല്ല അരമണിക്കൂര്‍ കറണ്ടു വന്നെങ്കിലായി. പിന്നെ നമ്മുടെ മലയാളി പ്രേതങ്ങളും ഭൂതങ്ങളും ഉപദ്രവിക്കും എന്നല്ലേ. ഹ..ഹാ, വര്‍ക്കെവിടേയാ അതിനൊക്കെ സമയം? അവര്‍ നേരേ വരും, ഹാജര്‍ ബുക്കില്‍ ഒപ്പിടും പിന്നെ ഇരുന്ന് ഒരു ഉറക്കമാണ്. അഞ്ചു മണിക്കൂര്‍ ജോലി തീരുന്നതു വരെ. അതിനിടയില്‍ നമ്മള്‍ അങ്ങോട്ട് ചെന്ന്‍ "എന്നെ ഉപദ്രവിച്ചോ" എന്നു പറഞ്ഞാല്‍ പോലും...ങു..ഹും. ഒരു രക്ഷയുമില്ല"പിന്നെ ബാക്കി സമയം കിടക്കാനുള്ള കട്ടില്‍, അതു പറയാതിരിക്കുകയാ ഭേദം. ആ കട്ടില്‍ ഉണ്ടാക്കാനുള്ള കൊട്ടേഷന്‍ പിടിച്ചിരിക്കുന്നത് ഒരു മലയാളി കോണ്‍‌ട്രാക്‌ട്രര്‍ ആണേ., അയാള്‍ വകുപ്പ് മന്ത്രിയുടെ ആളാ... എല്ലായിടത്തും നല്ല കാരിരുമ്പിന്റെ ആണി തറച്ച കട്ടില്‍ ഉള്ളപ്പോള്‍ ഇവിടെ ഓരോ കട്ടിലിലും അഞ്ചാറ് പഴയ ആണി വച്ച് പണിഞ്ഞിരിക്കുകയാ.. ഇനി പറ ഇതിലും നല്ലൊരു സ്വര്‍‌ഗം വേറെ ഈ ഇന്ത്യാ നരക പവിലിയനില്‍ കാണുമോ?. പിന്നെ ഞാന്‍ പറഞ്ഞെന്ന് ആരോടും പറഞ്ഞേക്കരുത് കേട്ടോ.



അയാള്‍ക്ക് നന്ദി പറഞ്ഞ് ആദ്യമായി കേരളീയനായതില്‍ അഭിമാനത്തോടെ നരകത്തിന്റെ ക്യൂവില്‍ നിന്നു.



ഏതാനും മണിക്കൂറിനു ശേഷമാണ് എന്റെ ഊഴമെത്തിയത്. സന്തോഷത്തോടെ നരകത്തിലേക്ക് പ്രവേശിക്കാന്‍ കാലെടുത്തു വക്കുമ്പോഴാണ് പുറകില്‍ നിന്നും ഒരു വിളി...



'ഢാ....ഡാ....

നിനക്ക് ഡ്യൂട്ടിക്ക് പോകണ്ടെ?. മണി ആറു കഴിഞ്ഞു എവിടെയൊക്കെയോ പോയി അടിച്ചു പൂസായി വരും എന്നിട്ട് അലാറമടിച്ചാലും എഴുനേല്‍ക്കില്ല. പോ..എഴുന്നേറ്റ് പോകാന്‍ നോക്ക്..'

കൂട്ടുകാരന്റെ ശബ്‌ദമാണ് എല്ലാത്തിനും വിരാമമിട്ടത്..



ശൊ..എല്ലാ സൗഭാഗ്യങ്ങളും ഒരു നിമിഷം കൊണ്ട് അസ്‌തമിച്ചു. എന്തൊക്കെ പ്രതീക്ഷകളായിരുന്നു. എല്ലാം തീര്‍ന്നില്ലെ. ഇനി വീണ്ടും ഇവിടുത്ത് ഈ ബോറന്‍ ജോലി തന്നേ ശരണം...



മനസില്ലാ മനസോടെ, സോപ്പും പേസ്‌റ്റും ബ്രഷും ഒക്കെയായി ബാത്ത് റൂമിലേക്ക് നടക്കുമ്പോള്‍ മനസ് അറിയാതെ പാടി...



സ്വപ്‌നങ്ങള്‍ കാണാന്‍ കപ്പം വേണ്ടട മച്ചാനേ....!!

3 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

"കഥയില്‍ ചോദ്യമില്ല...!"

പ്രിയ said...

hehehe....

ok ok ok chothyam onum chothikkunillaa...

ennalum...

next time pokumbol avidathe quvil nilkathe admission nedanay kodukkenda chillarayude karyam koodi onnu chothichekkane ikka ;)

ikka aaloru thamashakkaranayooo ;;)

danks for this Morning Laugh :D

ശ്രീ said...

അതു കലക്കി...
അങ്ങനെയെങ്കിലും നമ്മുടെ കേരളത്തെക്കുറിച്ച് അഭിമാനിക്കാനൊരു വകുപ്പായി, അല്ലേ?
നല്ല നര്‍‌മ്മം...
:)