മൂന്നു മുഖങ്ങള്‍...

on Tuesday, July 24, 2007

ഒന്ന്.




രോഗം തളര്‍ത്തിയ ശരീരവും ശൂന്യമായ ഭാവിയേയും അഭിമുഖീകരിക്കനാവാതെ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച അയാള്‍ തന്റെ ഞരമ്പിലൂടെ വിഷം സിരകളില്‍ എത്തിയ ഏതോ നിമിഷത്തില്‍ തന്റെ ദുര്‍‌വിധിയോര്‍ത്തു കരഞ്ഞു.

അതേ നേരം അടുത്ത മുറിയില്‍ അയാളുടെ ഭാര്യയും കരയുകയായിരുന്നു....ഏതോ ടിവി സീരിയലിലെ നായികയുടെ അവസ്ഥ കണ്ടിട്ടാണെന്നു മാത്രം....!!







രണ്ട്.




നിറയെ സാധങ്ങളുമായി ചന്തയിലേക്കു പോകുന്ന കാളവണ്ടിയില്‍ ഇരുന്നു ചില പ്രത്യേക ഈണത്തില്‍ ശബ്‌ദം ഉണ്ടാക്കി ചാട്ടവാറുകൊണ്ട് ആഞ്ഞടിച്ച് കാളകളെ മുന്നോട്ട് നയിക്കുന്നതിനിടെ അയാളോര്‍ത്തു.."ഇന്നു കാളച്ചന്ത..!. ഈ വയസന്‍ കാളകളെ ഇറച്ചിവെട്ടുകാരന്‍ കാദറിനു വിറ്റിട്ട് നല്ല രണ്ടു മൂരിക്കുട്ടന്മാരെ വാങ്ങണം അതോടെ ചന്തയില്‍ സമയത്തെത്താനാകും,കച്ചവടവും മെച്ചപ്പെടും.."

ഇതൊന്നും അറിയാതെ, മുതുകിലെ വൃണത്തില്‍ വീണ്ടും വീണ്ടും പതിക്കുന്ന ചാട്ടവാറിനെ നിസഹായതയോടെ ഏറ്റുവാങ്ങി ആ മൃഗം ദുര്‍‌ബലമായ കാലുകള്‍ വേച്ചുവച്ചു മുന്നോട്ടു നടന്നു...അനിവാര്യമായ കൊലക്കത്തിയിലേക്ക്....






മൂന്ന്




മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോയ ആ കച്ചവടക്കാരന്‍ കയ്യില്‍ കരുതിയിരുന്ന് ഭക്ഷണപാനീയങ്ങള്‍ തീര്‍ന്ന് ദാഹത്താല്‍ ആ മരുഭൂമിയില്‍ തളര്‍ന്നു വീണു. ചുറ്റും നിഴലിന്റെ കണികപോലും കണ്ടെത്തനാവതെ, സൂര്യതാപത്താല്‍ തളര്‍ന്നു കിടക്കുന്ന യജമാനനു സമീപം ഉണ്ടായിരുന്ന അയാളുടെ ഒട്ടകം തന്റെ കഴുത്ത് പൊള്ളുന്ന വെയിലില്‍ നിന്നും അയാള്‍ക്ക് ഒരു ചെറു മറ സൃഷ്‌ടിച്ച് കിടന്നു. മുഖത്ത് ആശ്വാസത്തിന്റെ ഒരു തണല്‍ പതിച്ച അയാല്‍ കണ്ണു തുറന്നു. ചില നിമിഷങ്ങള്‍ക്ക് ശേഷം ചാടി എഴുന്നേറ്റ് തന്റെ കൈയിലെ ചെറിയ കത്തി ആ ഒട്ടകത്തിന്റെ വിശാലമായ കഴുത്തില്‍ പിടച്ചു നില്‍‌ക്കുന്ന ഞരമ്പുകളിലേക്ക് കുത്തിയിറക്കി.. മുറിവിലൂടെ കുത്തിയൊലിച്ച ചുടുചോര കുടിച്ച് അയാള്‍ ദാഹത്തിനു ആശ്വാസം കണ്ടെത്തി.

ഒട്ടകത്തിന്റെ കണ്ണിലൂടെ കുത്തിയൊലിച്ച കണ്ണീര്‍ ഒരു നീര്‍ച്ചാല്‍ കണക്കെ മരുഭൂമിയിലെ പൊരിമണലില്‍ പതിച്ചു... തന്റെ യജമാനന്റെ ക്രൂരതയില്‍ മനം നൊന്താണൊ അതോ യജമാനന്റെ ജീവന്‍ രക്ഷിക്കാനായതിന്റെ ചാരിതാത്ഥ്യമാണൊ ആ കണ്ണീരിന്റെ സാരം..? അതറിയാന്‍ നാം മനുഷ്യന്റെ വിവേചന ബുദ്ധി മതിയാവില്ലല്ലോ...

0 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?: