സമയത്തിന്റെ വില..

on Monday, July 23, 2007


എങ്ങോ വായിച്ചു മറന്ന ഒരു കഥയാണ്. യാഥര്‍‌ത്ഥ്യവുമായി ഒരു ബന്ധവുമില്ലെങ്കിലും അതിഭാവുകത്വം ആണെങ്കിലും അതിങ്ങനെയായിരുന്നു...

ഒരു രാജ്യാന്തര ബിസിനസ് ശൃഘലയുടെ ഉടമയുടെ ആയുസെത്തിയപ്പോള്‍ ജീവനെടുക്കാന്‍ യമധര്‍‌മ്മന്‍ എത്തി. കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു :

'അയ്യോ എന്റെ ബിസിനസ് ഒക്കെ ഇപ്പൊ താറുമാറായി കിടക്കുകയാണ് അതൊന്നു ശരിയാക്കിയില്ലെങ്കില്‍ എന്റെ കാലം കഴിയുന്നതോടെ എല്ലാം നശിച്ചു പോകും അതു കൊണ്ട് ഒരു അഞ്ച് മാസം കഴിഞ്ഞാല്‍ ഞാന്‍ സന്തോഷത്തോടെ വന്നോളാം' .

കാലന്‍ പറഞ്ഞു.

"ഹേയ്., അതു പറ്റില്ല ഭൂമിയിലെ താങ്കളുടെ ജീവിതം അവസാനിച്ചിരിക്കുകയാണ്"
അയാള്‍ വീണ്ടും അഭ്യത്ഥിച്ചു..

'അതു ശരിയാണ്, എന്നാലും എന്റെ കമ്പനികളുടെ ഓഡിറ്റിങ്ങ് ബഡ്ജറ്റുമൊക്കെ ശരിയാകുന്നത് വരെ ഒരു അഞ്ച് ആഴ്‌ച എനിക്ക് തന്നൂടെ..?'

യമന്‍ വീണ്ടും തുടര്‍ന്നു..

'അതിനുള്ള അനുവാദം എനിക്കില്ല, അതൊക്കെ ചിത്രഗുപ്‌തന്റെ കയ്യിലെ കണക്കാണ് ..
'അദ്ദേഹം വീണ്ടും അപേക്ഷിച്ചു.
'എന്നാല്‍ പല രാജ്യങ്ങളില്‍ ഉള്ള എന്റെ മക്കളെ വിളിച്ച് കമ്പനികളുടെ ഉത്തരവാദിത്വങ്ങള്‍ ഒക്കെ വിവരിച്ചു കൊടുക്കാന്‍ ഒരഞ്ചു ദിവസം താങ്കള്‍ ഒന്നു പറഞ്ഞ് വാങ്ങി തന്നൂടെ..?'

അല്പം നീരസത്തോടെ കാലന്‍ പറഞ്ഞു : 'പറ്റില്ല..'

ഒരുപാട് പ്രയാസത്തോടെ അദ്ദേഹം വീണ്ടും അപേക്ഷിക്കും പോലെ പറഞ്ഞു.

'എന്നാല്‍ കാര്യങ്ങള്‍ ഒക്കെ ഞാന്‍ ഇവിടിരുന്നു ചെയ്‌തോളാം അതിനുള്ള ഒരു അഞ്ചു മണിക്കൂര്‍ താങ്കള്‍ എന്തായാലും എനിക്കു തരണം..

'പറ്റില്ലെന്നു പറഞ്ഞില്ലെ..'

അയാള്‍ കരയും പോലെ തുടര്‍ന്നു..

'പ്ലീസ് ...എന്റെ മക്കളെ ഒക്കെ ഒന്ന് ഫോണില്‍ വിളിച്ചു സംസാരിക്കാനുള്ള ഒരു അഞ്ച് മിനിട്ട് എനിക്ക് തന്നൂടെ..?'

ദേഷ്യത്തോടെ യമന്‍ പറഞ്ഞു .

'അതിനു പോലും എനിക്കധികാരമില്ലെന്നു ഞാന്‍ പറഞ്ഞില്ലെ എല്ലാം ദൈവ നിശ്ചയമാണ് താങ്കള്‍ ഈ നിമിഷം മരിക്കാന്‍ പോകുകയാണ്..'

എന്നാല്‍ യമധര്‍‌മ്മന്‍ അല്പം മനസലിവു തോന്നിയിട്ടാകാം ഒരേ ഒരു നിമിഷം അനുവദിച്ചു കൊടുത്തു. അയാള്‍ ഉടനെ അടുത്തു കിടന്ന ഒരു കടലാസ് എടുത്തു ഇത്രമാത്രം കുറിച്ചിട്ടു

"മക്കളെ, നമ്മുക്ക് ഇത്രയും സ്വത്തും സമ്പാദ്യവും ഒക്കെയുണ്ടായിട്ടും ഒരുപാട് വസ്‌തുവകകള്‍ വങ്ങിക്കൂട്ടിയിട്ടും എനിക്ക് ഒരു അഞ്ച് മിനിട്ട് ഈ ഭൂമിയില്‍ വാങ്ങാനായില്ല. അതുകൊണ്ട് ഈ ഭൂമിയിലെ മറ്റെന്തിനെക്കാളും വിലയുള്ളത് സമയം ആണ്. അതിനാല്‍ നിങ്ങള്‍ എന്തൊക്കെ ചെയ്താലും ഒരു നിമിഷം പോലും വെറുതെ പാഴാക്കരുതെന്നു മാത്രമേ അച്‌ഛനു അവസാമായി പറയാനുള്ളൂ..."


ഒന്നിനും സമയമില്ലെന്നു പരിഭവിക്കുകയും അലസതയോടെ സമയം കൊല്ലുകയും ചെയ്യുന്ന നമ്മുടെ കണ്ണ് തുറക്കാന്‍ ഇതിലും നല്ലൊരു ഉദാഹരണമുണ്ടോ...?

2 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

ഒന്നിനും സമയമില്ലെന്നു പരിഭവിക്കുകയും അലസതയോടെ സമയം കൊല്ലുകയും ചെയ്യുന്ന നമ്മുടെ കണ്ണ് തുറക്കാന്‍ ഇതിലും നല്ലൊരു ഉദാഹരണമുണ്ടോ...?

സു | Su said...

:)