കൃഷ്ണമാമ ( കഥ )

on Wednesday, August 29, 2007


നേരം പത്ത് കഴിഞ്ഞതേയുള്ളുവെങ്കിലും പാതിരാ ആയതുപോലെ ഗ്രാമം ഉറങ്ങി കഴിഞ്ഞിരിക്കുന്നു. മഴ പെയ്തു തോര്‍ന്നതേയുള്ളു. ചെറിയ ചാറ്റല്‍ മഴയുടെ തണുത്ത തുള്ളീകള്‍ ശരീരത്തിള്‍ സൂചി കുത്തിയിറക്കുമ്പോലെ. ആകാശത്തു മിന്നലും ഇടിയുടെ ചെറിയ മുഴക്കവും കേല്‍ക്കാം. എവിടേയോ ഇപ്പോഴും നല്ല മഴ പെയ്യുന്നുണ്ടാകും.

ബാഗിന്റെ വള്ളി തോളിലേക്കു ഒന്നൂടെ വലിച്ചിട്ട്‌ റെയില്‍വേയും ഇലക്‌ട്രിസിറ്റി ബോര്‍ഡിനേയും മനസാ പ്രാകികൊണ്ടു ഞാന്‍ മുന്നോട്ടു നടന്നു. എങ്ങിനെ പ്രാകാതിരിക്കും നാലു മണിക്കൂറാണു ട്രയിന്‍ വൈകിയത്‌. അല്ലെങ്കില്‍ വീട്ടില്‍ ഭക്ഷണവും കഴിച്ച്‌ ഒരുറക്കം കഴിയേണ്ട നേരമായി. കറണ്ടാണെങ്കിലോ, ആകാശത്തു മഴക്കാറു കണ്ടാമതി അപ്പോ ഊരും ഇലക്‌ട്രിസിറ്റിക്കാരു ഫ്യൂസ്.


കടവില്‍ കടത്തുകാരന്‍ ഉണ്ടാകുമോ ആവോ?. ഇല്ലെങ്കില്‍ ഈ തണുപ്പും സഹിച്ച്‌ വായനശാലയുടെ തിണ്ണയില്‍ ഇരുന്നു നേരം വെളിപ്പിക്കുകയേ മാര്‍ഗമുള്ളു. തന്നെ കാണാതെ ഇപ്പൊ വീട്ടില്‍ അച്‌ഛനും അമ്മയുമൊക്കെ വഷമിച്ചിരിക്കുകയാവും.

ബാഗില്‍ നിന്ന്‌ ഒരു സിഗററ്റ്‌ എടുത്ത്‌ ചുണ്ടില്‍ വച്ച്‌ അല്പം നനഞ്ഞ തീപ്പെട്ടി ഒന്നുരണ്ടു തവണ ഉരച്ചു കത്തിക്കാന്‍ ശ്രമിച്ചു പരജയപ്പെട്ടതിനാല്‍ സിഗരറ്റ്‌ റോഡിലേക്ക്‌ വലിച്ചെറിഞ്ഞ്‌ കടവിലേക്കു നടന്നു.

ഭാഗ്യം വള്ളപ്പുരയിലെ പഴയ ആ തടിക്കട്ടിലില്‍ ഉസ്‌മാനിക്ക കിടപ്പുണ്ട്‌. ഞാന്‍ ഒന്നു മുരടനക്കി.

മെല്ലെ തല ഉയര്‍ത്തി ഉസ്‌മാന്‍ ചോദിച്ചു : ആരാ..?

ഞാനാ ഉസ്‌മാനിക്ക സുനില്‍, വടക്കേലേ വാസൂന്റെ മോന്‍.


അയാള്‍ എഴുനേറ്റ്‌ തോര്‍ത്ത്‌ ശക്‌തിയായി ഒന്നു കുടഞ്ഞ്‌ തലയില്‍ കെട്ടി വള്ളത്തിലേക്കു കയറുന്നതിനിടയില്‍ ചോദിച്ചു:
വരുന്ന വഴിയാ ?.


ങാ..!


എന്തേ വൈകിയേ ?.


ട്രെയിന്‍ ലേറ്റായി ഉസ്‌മാനിക്കാ


നീളന്‍ മുള കായല്‍ പരപ്പില്‍ കുത്തിയിറക്കി വള്ളം മുന്നോട്ടു തുഴയുന്നതിനിടയില്‍ അയാള്‍ എന്തെക്കെയോ പറഞ്ഞുകൊണ്ടിരുന്നുവെങ്കിലും നീണ്ട യാത്രയുടെ ആലസ്യം കൊണ്ട്‌ ഒന്നും ശ്രദ്ധിക്കാന്‍ പറ്റിയില്ല.

കടവില്‍ ഇറങ്ങി അയാള്‍ക്ക്‌ ഒരു ചെറിയ തുക പാരിതോഷികമായി കൊടുത്തു നന്ദിയും പറഞ്ഞു മുന്നോട്ടു നടന്നു. വയലിറമ്പിലൂടെ നടന്ന്‌ അമ്മന്‍ കോവിലിന്‍ അരികിലെത്തിയപ്പോല്‍ അയാള്‍ മനസിലോര്‍ത്തു.


രണ്ടു വര്‍ഷം!


യാതൊരു മാറ്റവുമില്ല!. നിറം മങ്ങാത്ത ഒരു ഛായാചിത്രം പോലെ!.


മുന്നോട്ടു നടക്കുന്നതിനിടെ പഞ്ചായത്തു പുറമ്പോക്കു പറമ്പിലെ മാടക്കടകള്‍ക്കിടയിലെ രണ്ട് നിരപ്പലകകള്‍ മറ്റി വക്കപ്പെട്ട മാടത്തില്‍ നിന്നും ചിരപരിചിതമായ ആ ശബ്ദം


ആരാതു്‌..!


ഞാനാ കൃഷ്‌ണമാമാ, സുനില്‍..


അനധികൃതമായി റോഡു കൈയ്യേറി കച്ചവടം നടത്തുന്ന മാടക്കടകള്‍ പഞ്ചായത്തു പിടിച്ചു കൊണ്ടിട്ടിരിക്കുന്നതിലൊന്നാണു കൃഷ്‌ണമാമ ഇപ്പോള്‍ കിടക്കാന്‍ ഉപയോഗിക്കുന്നത്. അതെന്തായാലും നന്നായി, തണുപ്പും കാറ്റും കൊള്ളാതെ കിടക്കാലോ.

പണ്ടു തന്റെ വീടിനടുത്തുള്ള കടയുടെ തിണ്ണയില്‍ ആയിരുന്നു അയാള്‍
വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് വടക്ക് എവിടുന്നോ ഈ ഗ്രാമത്തില്‍ എത്തിയതാണയാള്‍. കറവയായിരുന്നു തൊഴില്‍. ജോലിയിലെ കൃത്യത കൊണ്ടും ഇടപെടല്‍ കൊണ്ടും ഗ്രാമത്തില്‍ എല്ലവര്‍ക്കും വലിയ ഇഷ്‌ടമായിരുന്നു അയാളെ. പ്രായഭേദമന്യേ എല്ലാവര്‍ക്കും അയാള്‍ "കൃഷ്ണമാമ"യായിരുന്നു.

ഒരിക്കല്‍ കറവക്കിടെ ഏതോ തെമ്മാടി പശൂ അയാളെ കുത്തിയിടുകയും കാലില്‍ കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്തതാണ്. പ്രമേഹരോഗിയായ അയാളുടെ കാലിലെ പഴുപ്പ് ക്രമേണ മുകളിലേക്കു കയറി വലതു കാല്‍ അരക്കു താഴെ മുറിച്ചു മാറ്റേണ്ടി വന്നു. തുടര്‍ന്നു ജോലിയെടുക്കാന്‍ കഴിയാതെയായെങ്കിലും ഈ ഗ്രാമം വിട്ടെങ്ങോട്ടും പോകാന്‍ അയാള്‍ക്കു താല്പര്യവുമില്ലയിരുന്നു.

ഓരോ വീടുകളില്‍ നിന്നും കൊടുക്കുന്ന ഭക്ഷണവും നാണയതുട്ടുകളുമായിരുന്നു അയാളുടെ വരുമാനം.

പഞ്ഞിക്കെട്ടു പോലെ വെളുത്ത താടിയും വലിയ മീശയും കക്ഷത്തിലെ ഊന്നു വടിയുടെ സഹായത്തോടെ ഞൊണ്ടി ഞൊണ്ടി പടിപ്പുര കടന്നു വീട്ടിലേക്കു കടന്നു വരുന്ന കൃഷ്ണമാമയെ കാണുന്നതു തന്നെ ബാല്യത്തില്‍ എനിക്കു ഭയമായിരുന്നു.

അയാളെ കാണുമ്പോഴേ അകത്തേക്കോടി അമ്മയുടെ സാരിത്തുമ്പിലൊളിച്ചു പതിയെ തല വെളിയിലേക്കിട്ട് നോക്കുമ്പോള്‍ തന്റെ ഭയഭാവം കണ്ട്‌ അയാള്‍ ഉറക്കെ ചിരിക്കുമ്പോള്‍ അതെന്നെ കൂടുതല്‍ ഭയപ്പെടുത്തിയിട്ടേയുള്ളൂ.


ഈ ഗ്രാമത്തില്‍ വ്യാപകമായ ഒരു വിശ്വാസമുണ്ട്. രാത്രിയുടെ രണ്ടാം യാമത്തില്‍ "ആനമറുത" എന്ന പ്രേതം ഇറങ്ങി നടക്കാറുണ്ടത്രേ !.

ഗന്ധര്‍വലോകത്തിനിന്നും ശപിക്കപ്പെട്ടു ഭൂമിയിലെത്തിപ്പെട്ടവരാണവര്‍. രാത്രി വീടിനു പുറത്തു വന്നു പരിചയമുള്ളവരുടെ സ്വരത്തില്‍ വിളിക്കുമത്രേ.ആ ശബ്ദം കേട്ടാല്‍ നാമറിയാതെ പാതി ഉറക്കത്തില്‍ വാതില്‍ തുറന്നിറങ്ങി കൂടെ പോകും‌ പോലും !!.

അങ്ങിനെ പലരേയും ആനമറുത കൂട്ടികൊണ്ടു പോയി പുഴയില്‍ മുക്കി കൊന്നിട്ടിണ്ടെന്നാ കേക്കുന്നത്.

പണ്ട്‌ ആരുടേയെങ്കിലും ഭാവനയില്‍ വിടര്‍ന്ന ഒരു കഥയായിരിക്കാമിതെങ്കിലും കൌമാരത്തില്‍ ആ ഭയം എന്നെ വല്ലാതെ അലട്ടാറുണ്ടായിരുന്നു.

പാതിരാത്രി കലശലായ മൂത്രശങ്കയുണ്ടായാല്‍ പോലും പുറത്തിറങ്ങാന്‍ ഭയന്നു കട്ടിലില്‍ ഉണര്‍ന്നു കിടക്കും.വെളുപ്പിന് എപ്പോഴോ ഉണര്‍ന്നുള്ള കൃഷ്ണമാമയുടെ ചുമയും കഫം തുപ്പലും കേള്‍ക്കുന്നതു വരെ അങ്ങിനെ കിടക്കും റോഡിനു മറുവശത്താണെങ്കിലും ആ ശബ്ദം, അയാളുടെ സാന്നിദ്ധ്യം എനിക്കു വല്ലാത്ത ധൈര്യമാണു്‌ തന്നിരുന്നത്.


ഒരാനവാല്‍ മോതിരം പോലെ!.


രാത്രിയില്‍ കൃഷ്ണമാമയ്ക്ക് ഉറക്കം തീരെ കുറവായിരുന്നു. ബീഡിയും വലിച്ച്‌ അങ്ങിനെ ഇരിക്കുമ്പോള്‍ ആരെങ്കിലും ആ വഴിയിലൂടെ വന്നാല്‍ അയാള്‍ ഉച്ചത്തില്‍ ചോദിക്കും...ആരാത്‌ ?.


ആ ഒറ്റക്കാലന്റെ സാന്നിദ്ധ്യമാകാം ഗ്രാമത്തില്‍ മോഷണം എന്ന പ്രശ്നമേയില്ലയിരുന്നു.


ഗ്രാമത്തിന്റെ സംരക്ഷകനായിരുന്നു അയാള്‍.


എന്തെക്കെയോ ചിന്തിച്ചു വീടെത്തിയതറിഞ്ഞില്ല.


ഭാഗ്യം, കറണ്ട് വന്നിട്ടുണ്ട് .

താന്‍ പടിപ്പുര തുറക്കുന്ന ശബ്ദം കേട്ടിട്ടാകാം അമ്മ വന്നു വാതില്‍ തുറന്നു.

ഭക്ഷണത്തിനിടയില്‍ അമ്മയും അഛനും സഹോദരങ്ങളുമൊക്കെ നൂറുകൂട്ടം ചൊദ്യങ്ങള്‍ ആയിരുന്നു.

ജോലി എങ്ങിനെ ?.

കൂടെ ഉള്ളവര്‍ ഒക്കെ മലയാളികള്‍ ആണോ?.

ഭക്ഷണം പാചകം ചെയ്തു കഴിക്കുകയാണോ ?.


"ഒരു വര്‍ഷം കഴിഞ്ഞും കണാതായപ്പൊ ഞങ്ങളു കരുതിയത് ഏട്ടന്‍ ഏതേലും മാര്‍‌വാടി സുന്ദരിയേയും കെട്ടി അവിടെ അങ്ങു കൂടിക്കാണുംന്നാ.."അനിയത്തിയുടെ കമന്റ്.


"പോടി അവിടുന്നു.!"


ഉറങ്ങാനായി കട്ടിലില്‍ മലര്‍ന്നു കിടക്കുമ്പോള്‍ കരിന്തിരി പോലെ തലക്കു മുകളില്‍ കിനിഞ്ഞു കത്തുന്ന ബള്‍ബിന്റെ വെളിച്ചം കണ്ടപ്പോള്‍ തോന്നി.നിയോണ്‍ വിളക്കുകളും ചീറിപ്പായുന്ന വഹനങ്ങളും ഉറക്കമില്ലാത്ത ജനങ്ങളുമുള്ള മുമ്പൈ രാവുകല്‍ !.അവിടുന്നു കിലോമീറ്ററുകള്‍ക്കിപ്പുറം ഇരുണ്ട, ശാന്തമായ, ചീവീടുകളും തവളകളും നീട്ടി കരയുന്ന നമ്മുടെ രാത്രികള്‍!.


എപ്പോഴോ ഉറങ്ങി....


"ങാ..രാവിലെ എത്തിയോ ?.അവന്‍ ഒരുപാട് താമസിച്ചാണു കിടന്നത് .കുറച്ചുകൂടി ഉറങ്ങട്ടെ."

അമ്മയുടെ ശബ്ദത്തില്‍ നിന്ന് കൂട്ടുകാര്‍ എത്തിയിട്ടുണ്ടെന്നു മനസിലായി.

എഴുന്നേറ്റ് കുളികഴിഞ്ഞ് അവരോടൊപ്പം പുറത്തേക്ക് നടക്കുമ്പോള്‍ അമ്മയുടെ ശബ്ദം പുറകില്‍ കേള്‍ക്കാം.

"പോകുന്നത് ഒക്കെ കൊള്ളാം ഉച്ചക്കു നേരത്തെ ഇങ്ങെത്തിയേക്കണം."


പകല്‍ മുഴുവന്‍ ക്ലബ്ബിലും വായനശാലയിലുമക്കെയായി അടിച്ചു പൊളിച്ച് സന്ധ്യയോടെ ഷാപ്പില്‍ ഒത്തുകൂടി. ജോലി കിട്ടിയപ്പോള്‍ ഞാന്‍ കൂട്ടുകാര്‍ക്ക് കൊടുത്ത വാക്ക് , എന്റെ വക ചെലവ്.


തമാശകള്‍ പറയുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന കൂട്ടുകാര്‍ !.


കഷടപാടുകളും പ്രാരാബ്ദങ്ങളും ഇല്ലാഞ്ഞിട്ടല്ല. മറിച്ച് ഗ്രാമത്തിന്റെ നിശ്‌കളങ്കതയാണു അവര്‍ക്ക് അങ്ങിനെ ചിരിക്കാന്‍ കഴിയുന്നത്.

അതെനിക്കെന്നേ നഷ്‌ടപെട്ടു എന്നു മനസിലായി.വെറുതെ അവര്‍ക്കൊപ്പം ചിരിക്കാന്‍ ശ്രമിച്ചു.

അതിനിടയില്‍ സംസാരം കൃഷ്ണമാമയിലെത്തി.

കൂട്ടുകാരന്‍ വിനോദിന്റെ ശബ്ഗം കര്‍‌ണ്ണങ്ങളില്‍ മുഴങ്ങും പോലെ തോന്നി.

വിനോദ് പറഞ്ഞു.


"ഇതെപോലെ ഒരു പാര്‍ട്ടി കഴിഞ്ഞു പോകുമ്പോഴായിരുന്നു അവസാനമായി കൃഷ്ണമാമയെ കണ്ടത്. മിണ്ടാതെ കിടക്കുന്നതു കണ്ടപ്പോള്‍ ഉറക്കമാണെന്നാണു വിചാരിച്ചത് , പക്ഷെ പിറ്റേന്ന് രാവിലെയാണ് അറിയുന്നത് കൃഷ്ണമാമ മരിച്ചു കിടക്കുകയായിരുന്നു. നമ്മുടെ ക്ലബ്ബു വകയായിരുന്നു ശവസംസ്ക്കാര ചെലവുകള്‍. അയാളുടെ ആഗ്രഹ പ്രകാരം കൃഷ്ണമാമയുടെ ഊന്നുവടിയും ചിതയില്‍ കൂടെ വച്ചു കത്തിച്ചു.

"മനസ്സിനൊരാന്തല്‍..!!!

കൃഷ്ണമാമ മരിച്ചോ...?

അപ്പോള്‍ ഇന്നലെ ഞാന്‍ കണ്ടത് കൃഷ്ണമാമയല്ലെന്നോ....?

ഭയം മനസ്സില്‍ വിങ്ങി നിന്നു....!!!


തന്റെ നിര്‍ബദ്ധപ്രകാരം പെട്ടെന്നു തന്നെ ഷാപ്പില്‍ നിന്നും പിരിഞ്ഞ് വീട്ടിലേക്കു നടന്നു.

അവസാനം കൂടെയുണ്ടായിരുന്ന സുഹൃത്തും ശുഭരാത്രി പറഞ്ഞു പിരിഞ്ഞതോടെ മനസു പതറി.

ഭയം ശരീരത്തെ ഉലക്കുന്നത് പോലെ.

മുന്നോട്ടു നടക്കുന്നതിനിടെ ഒളി കണ്ണൂകളോടെ നിരപ്പാളികളില്ലാത്ത ആ മടത്തിലേക്കു നോക്കി.

കൃഷ്ണമാമയെ കാണുന്നുണ്ടോ...?

കത്തി നില്‍ക്കുന്ന കുറ്റിബീഡിയുടെ ചുവന്ന വെട്ടം കാണുന്നവോ....?


കാലുകള്‍ നീട്ടി വലിച്ചു വച്ചു വേഗത്തില്‍ നടന്നു വീട്ടിലെത്തി.

കൈകാലുകള്‍ കഴുകി മുറിയില്‍ ഒറ്റക്ക് ഉറങ്ങാന്‍ കിടന്നതോടെ ചിന്തകള്‍ വീണ്ടും തലപോക്കാന്‍ തുടങ്ങി.


ഇന്നലെ കണ്ട കൃഷ്ണമാമ..!


തീപ്പന്തം പോലെ കത്തുന്ന ബീഡികുറ്റി...!


ചാരി വച്ചിരുന്ന ഊന്നുവടികള്‍...!


എന്തിന്, "ആരാണ് എന്ന ചോദ്യം പോലും തനിക്കു വ്യക്തമായിരുന്നില്ലേ...?


അതെങ്ങിനെ അവിശ്വസിക്കും...!

അതോ അതും ആന മറുതയുടെ മറ്റൊരു അവതാരമായിരുന്നുവോ ?.തന്നെ പുഴയില്‍ കൊണ്ടുപോയി മുക്കി കൊല്ലാന്‍ !


ഇല്ല, അതു കൃഷ്ണമാമ തന്നെയായിരുന്നു.

മരിച്ചാലും ഈ ഗ്രാമവും നാട്ടുകാരേയും വിട്ട് പോകാന്‍ അയാള്‍ക്ക് കഴിയില്ല.

ഈ ഗ്രാമത്തില്‍ ഇപ്പോഴും കൃഷ്ണമാമ അലഞ്ഞു തിരിയുന്നുണ്ടാവും.!

ഗ്രാമത്തിന്റെ സംരക്ഷകനായി. എല്ലാരാത്രികളിലും ഈ തെരുവിലുണ്ടാവും.

കണ്ണുകള്‍ ഇറുകെ ഇറുകെ അടച്ചു കിടന്നു..


പാതി മയക്കത്തില്‍ തവളകളുടയും ചീവീടുകളുടെയും കരച്ചിലിനോപ്പം, അവ്യക്തമായി ഞാന്‍ കേട്ടു

ആ ചുമ....!

കൃഷ്ണമാമയുടെ നീട്ടി നീട്ടീയൂള്ള ചുമയും കഫം തുപ്പലും....!


എവിടേയോ ഒരു പൂവന്‍ രാവറിയാതെ നീട്ടി കൂവുന്നു....

14 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

പാതി മയക്കത്തില്‍ തവളകളുടയും ചീവീടുകളുടെയും കരച്ചിലിനോപ്പം, അവ്യക്തമായി ഞാന്‍ കേട്ടു

ആ ചുമ....!

കൃഷ്ണമാമയുടെ നീട്ടി നീട്ടീയൂള്ള ചുമയും കഫം തുപ്പലും....!


എവിടേയോ ഒരു പൂവന്‍ രാവറിയാതെ നീട്ടി കൂവുന്നു....

simy nazareth said...

അമ്മാ ഭയം അരിക്കുന്നു! എന്റെ കയ്യിലെ രോമം ഒക്കെ എണീറ്റുനില്‍ക്കുന്നു. നല്ല കഥ നജീം. പേടിപ്പിച്ചുകളഞ്ഞു.

കുഞ്ഞന്‍ said...

സുനില്‍‌നോടു പറയൂ ഒരു ഏലസ്സ് ജപിച്ചു കൈത്തണ്ടയില്‍ കെട്ടാന്‍.. അല്ല പിന്നെ..

ചന്ദ്രകാന്തം said...

നജീം,

നന്നായിരിക്കുന്നു. ആനവാല്‍ നല്‍കുന്ന ധൈര്യത്തോട് ഉപമിച്ചത് വളരെ ഭംഗിയായിത്തോന്നി.
- ആശംസകള്‍.

തറവാടി said...

നല്ല കഥ ,
തുടക്കത്തിലെ ഒഴുക്ക്‌ ഇടക്ക്‌ നഷ്ടമായതു പോലെ തോന്നി, നന്നായി,
അഭിനന്ദനങ്ങള്‍

Mr. K# said...

നല്ല കഥ

മുസ്തഫ|musthapha said...

നല്ല കഥ നജീബ്... നല്ലോണം ഇഷ്ടമായി!

ഒരാനവാല്‍ മോതിരം പോലെ!... കൃഷണമാമയെ ഉപമിച്ചതും വളരെ ഇഷ്ടമായി...

ഇങ്ങോട്ട് പറഞ്ഞ് വിട്ടതിന് തറവാടിക്ക് നന്ദി...

Rasheed Chalil said...

നല്ല കഥ... നല്ല അവതരണവും. നജീം ഇഷ്ടമായി.

ഗുപ്തന്‍ said...

കൊള്ളാം നന്നായി ലളിതമായി പറഞ്ഞിരിക്കുന്നു.

Areekkodan | അരീക്കോടന്‍ said...

നജീം, നല്ല കഥ.

മനോജ് കുമാർ വട്ടക്കാട്ട് said...

ക്രിഷ്ണമാമ ഗ്രാമത്തിന്ന് കാവലായി അവിടെതന്നെ ഇരിക്കട്ടെ :)

ശ്രീ said...

നജീമിക്ക...

ഇതു തകര്‍‌പ്പനായി ,കേട്ടോ... നല്ല ത്രില്ലിങ്ങ്!!!

കൃഷ്ണമാമ ശരിക്കും ഉഷാറായി
:)

ഏ.ആര്‍. നജീം said...

സിമി,
ഭയത്തേക്കാലുപരി സ്‌നേഹമാണ് കൃഷ്ണമാമയെ എന്നോട് അടുപ്പിച്ചത് നന്ദി.
കുഞ്ഞന്‍,
ഏലസ്സിനെക്കാള്‍ ആനവാല്‍ മോതിരമാണ് നല്ലത്. :)
ചന്ദ്രകാന്തം, കുതിരവട്ടം, അഗ്രജന്‍, ഇത്തിരിവെട്ടം, മനു, അരീക്കോടന്‍,
വളരെ നന്ദിയുണ്ട്. തുടര്‍ന്നും അഭിപ്രായം അറിയിക്കണേ..
തറവാടി,
താങ്കള്‍ക്ക് ഡബിള്‍ താങ്ക്സ്. ഇവിടെ എത്തിയതിനും, നമ്മുട അഗ്രുവിനു വഴികാണിച്ചു കൊടുത്തതിനും.
പടിപ്പുര,
അതേ, അവിടെ എല്ലാവരുടെയും മനസില്‍ കൃഷ്ണമാമ എന്നും ഊണ്ടാകും.
ശ്രീ,
തള്ളേ, ഈ കൃഷ്ണമാമ പുലിയാണ് കെട്ടാ ..എന്നു പറയാം അല്ലെ..
എല്ലാവര്‍ക്കും നന്ദി.

സഹയാത്രികന്‍ said...

എഴുന്നേറ്റ് കുളികഴിഞ്ഞ് അവരോടൊപ്പം പുറത്തേക്ക് നടക്കുമ്പോള്‍ അമ്മയുടെ ശബ്ദം പുറകില്‍ കേള്‍ക്കാം.

"പോകുന്നത് ഒക്കെ കൊള്ളാം ഉച്ചക്കു നേരത്തെ ഇങ്ങെത്തിയേക്കണം."

പകല്‍ മുഴുവന്‍ ക്ലബ്ബിലും വായനശാലയിലുമക്കെയായി അടിച്ചു പൊളിച്ച് സന്ധ്യയോടെ ഷാപ്പില്‍ ഒത്തുകൂടി.

ജോലിയൊക്കെ കിട്ടി വല്യാളായി... ബോംബെക്കാരനായില്ല്യേ.... ഇനി അമ്മ പറഞ്ഞാല്‍ കേള്‍ക്കണ്ടാല്ലോലെ....?

നജീം ജീ... കഥ ഇഷ്ടായി...