ഫോര്‍ മെന്‍ ഒണ്‍ലി...!

on Monday, August 20, 2007


സത്യം പറയാമല്ലോ, ഞാന്‍ ഒന്നു പുറത്തു പോകണം എന്ന് തീരുമാനിക്കുന്ന ദിവസം ഡ്രസ് ചെയ്യുന്നതിന്റെ മുന്‍പും പിന്‍പും ഒന്നു മൂത്രമൊഴിക്കാന്‍ പോകന്നത് ഒരു (ദു)സ്വഭാവമായി തീര്‍‌ന്നിരിക്കുകയാണ്. കാരണം വഴിയില്‍ വച്ച് വല്ലതും മുത്രശങ്ക ഉണ്ടായിപ്പോയാല്‍ പൊതു കക്കൂസ് ഉപയോഗിക്കുന്ന കാര്യം ഓര്‍ക്കുമ്പോഴാ...ഹോ..
വെള്ളിയാഴ്ചയോ വല്ല അവധി ദിവസമോ ആയാല്‍ പറയുകയേ വേണ്ട.

അതിനു മുന്നിലെ ആളുകളുടെ നീണ്ട ക്യൂ കണ്ടാല്‍ തോന്നും ഇവമ്മാരുടെ വീട്ടില്‍ ഇതിനൊന്നുമുള്ള സൗകര്യങ്ങളില്ലേന്ന്.

എന്നാല്‍ കഷ്‌ടപെട്ട് ക്യൂ നിന്ന് അകത്തേക്കു കയറിയാലോ, പുറകില്‍ അതെപോലെ പ്രകൃതിയുടെ വിളിയെ അടക്കിയൊതുക്കി കാല് കത്രിക പൂട്ടുപോലെ വച്ച് കാത്തു നില്‍ക്കുന്നവരുടെ കാര്യം ഒക്കെ മറന്ന് ശ്വാസം മുട്ടുന്ന ഗന്ധം സഹിച്ചാണെങ്കിലും ഒരു സിഗററ്റും കൊളുത്തി മൂളിപ്പാട്ടും പാടി ഒറ്റ ഒരിരുപ്പാ..ഒന്നും, രണ്ടും, മൂന്നും ഒക്കെ കഴിഞ്ഞു ഇറങ്ങി വരുമ്പോഴെക്കും അടുത്ത ഊഴക്കാരന്റെ പ്രശ്നമൊക്കെ 'അടങ്ങിയിട്ടുണ്ടാകും'.


പക്ഷേ ചില വിരുതരുണ്ട് നമ്മള്‍ അകത്തു കയറിയ ഉടനേ തുടങ്ങും കതകില്‍ കൊട്ടാന്‍ !.


ഒരു മിനിറ്റ് ഒന്നു വെയിറ്റ് ചെയ്തൂടെ ഈ പഹയന്മാര്‍ക്ക് എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.


ഒരിക്കന്‍ ഞാന്‍ ഇതേപോലെ കയറിയതേയുള്ളു പുറകില്‍ നിന്നും കൊട്ട്.


ഞാന്‍ ഓഫീസ് ഗമയില്‍ തന്നെ പറഞ്ഞു..


Yesss, come in.....!


ഇംഗ്ലീഷ് അറിയാന്‍ പാടില്ലാഞ്ഞിട്ടോ എന്തോ അതോടെ അയാളുടെ ശല്യം നിന്നു കിട്ടി.


ലോകത്തുള്ള 210 രാജ്യംങ്ങളിലെ ആളുകള്‍ ഇവിടെ വന്നു ജോലി ചെയ്യുന്നതെങ്കിലും ഈ ടോയ്‌ലറ്റിന്റെ നാലു ചുമരുകളും കണ്ടാല്‍ നമ്മുടെ ചില മലയാളികള്‍ക്ക് ഭാവന ഉണരും.

ചില നുറുങ്ങു കഥകളും കവിതകളും ഒക്കെ കാണുമ്പോള്‍ എനിക്ക് തോന്നിയിട്ടുണ്ട് ഈ സഹോദരന്‍ ഒരു ബ്ലോഗ് തുടങ്ങിയാല്‍ മിനിമം പത്തു കമന്റ്സെങ്കിലും ഉറപ്പാണെന്ന്.


പക്ഷേ എന്നു കരുതി എഴുതിയിരിക്കുന്നതൊന്നും പെട്ടെന്ന് കേറി വായിച്ചേക്കരുത് കാരണം അവിടുത്തെ ചില പോസ്റ്റിംഗ് വായിച്ചു പോയാല്‍ നമ്മള്‍ അറിയാതെ നമ്മുടെ പാവം അചഛനെയും അമ്മയേയും മുതല്‍ അപ്പൂപ്പന്‍മാരെ വരെ നമ്മള്‍ സ്വയം തെറി വിളിച്ചു പോകും.

" ഇതു വായിക്കുന്നവന്റെ ...."എന്നു കണ്ടാല്‍ അപ്പോ നിര്‍ത്തിക്കോളണം അത് ഈ മേല്‍ പറഞ്ഞ വൈറസായിരിക്കും !


പിന്നെ ചില കലാകാരന്മാര്‍..! ലോകത്ത് എത്രയോ ഗ്ലാമര്‍ നടികളുണ്ട് അവര്‍ക്കില്ലാത്ത ഒരു ഭാഗ്യം നമ്മുടെ ഷക്കീലക്കും മറിയക്കും ഒക്കെ കിട്ടിയത് ഇവിടെ സ്ഥാനം പിടിക്കാന്‍ ഭാഗ്യം ഉണ്ടായി എന്നെതാണ്.
ചില പടങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ മനസില്‍ ഓര്‍ക്കാറുണ്ട് ഇവര്‍ക്ക് സിനിമയില്‍ ഇത്ര 'ബോഡീ സ്‌ട്രക്‌ച്ചര്‍' ഒന്നും തോന്നുന്നില്ലല്ലോ എന്ന്‍.


എന്നു കരുതി അമ്മച്ചിയാണേ ഞാന്‍ ഈ സഹോദരിമാരുടെ പടങ്ങള്‍ കാണാറില്ല കേട്ടോ. ഒരിക്കല്‍ ഒരു തീയറ്ററില്‍ ഒരു മമ്മൂട്ടി ചിത്രം കളിക്കുന്നുണ്ടായിരുന്നു മോര്‍‌ണിങ്ങ് ഷോ തുടങ്ങാനുള്ള കൃത്യ സമയമായപ്പോള്‍ ഓടിച്ചെന്ന് ടിക്കറ്റെടുത്ത് അകത്തു കയറി ഇരുന്നപ്പോഴല്ലേ അറിയുന്നത് മോര്‍‌ണിങ്ങ് ഷോക്ക് മമ്മുക്കക്കും സഹപ്രവര്‍ത്തകര്‍ക്കും റെസ്റ്റാണെന്നും പകരം ഷക്കീല സഹോദരങ്ങളാണ് ആടുന്നതെന്നും പൈസ മുടക്കി പോയില്ലേന്നു വച്ച് കണ്ണും അടച്ചിരുന്നു കണ്ടു. ആ ഒരു പരിചയം മാത്രമേ എനിക്ക് ഇവരുമായി ഉള്ളു ..!


അതൊക്കെ പോട്ടേ, പറഞ്ഞു വന്നതെന്താന്നുവച്ചാ, കഴിഞ്ഞ വെള്ളിയാഴ്ചയും നിര്‍ഭാഗ്യവശാല്‍ പബ്ലിക് ടോയ്‌ലെറ്റില്‍ കയറേണ്ടി വന്നു ഞാന്‍ അടുത്ത ഊഴം കാത്തു നില്‍ക്കുമ്പോള്‍ അകത്തിരിക്കുന്ന അടുത്തടുത്ത രണ്ടു ടോയ്‌ലെറ്റില്‍ ഇരുന്നു രണ്ട് മല്ലൂസ് ഭയങ്കയ ചര്‍ച്ച..


ഒന്നാമന്‍ : ഹലോ എന്തൊക്കെയുണ്ടെടാ വിശേഷം ...?


അടുത്തയാള്‍ : ഓ ..എന്തു പറയാന്‍ ഇങ്ങനെ ഒക്കെ പോകുന്നു


ഒന്നാമന്‍ :ബിസിനസ് ഒക്കെ ഇപ്പോ എങ്ങിനെ പോകുന്നു ..?


രണ്ടാമന്‍:ഈയിടെയായി അല്പം കുറവാ..


വീണ്ടും ഒന്നമന്‍ :നീ അതൊക്കെ നിര്‍ത്തി ഇങ്ങോട്ടു വാ.. നമ്മുക്ക് ഇവിടെ ഒരുമിച്ചങ്ങ് കൂടാം.


"ഛേ..വൃത്തികെട്ടവമ്മാര്‍.!" എന്നു ഞാന്‍ മനസില്‍ പറഞ്ഞതിനിടയി രണ്ടാമന്റെ മറുപടി കേള്‍ക്കാന്‍ പറ്റിയില്ല.
പക്ഷേ ആദ്യത്തയാളുടെ അടുത്ത വാക്കു കേട്ടപ്പോഴല്ലേ സത്യം മനസിലായത്...


"എടാ പ്രമോദേ ഞാന്‍ നിന്നെ പിന്നെ വിളിക്കാം നിന്നോട് ഞാന്‍ ചോദിക്കുന്നതിനൊക്കെ ദേ ഇവിടെ അടുത്തിരുന്ന് ഒരാള്‍ മറുപടി പറയുന്നു


ഗുണപാഠം : പബ്ലിക് ടൊയ്‌ലറ്റിനുള്ളില്‍ മൊബൈല്‍ ഉപയോഗിക്കാതിരിക്കുക!!.

14 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

ഗുണപാഠം : പബ്ലിക് ടൊയ്‌ലറ്റിനുള്ളില്‍ മൊബൈല്‍ ഉപയോഗിക്കാതിരിക്കുക!!.

ശ്രീ said...

"ഞാന്‍ ഓഫീസ് ഗമയില്‍ തന്നെ പറഞ്ഞു..


Yesss, come in.....!"

നജീമിക്കാ...
അയാള്‍ അകത്തു കയറി വരാതിരുന്നതു കാര്യം!

[നമ്മുടെ നാട്ടില്‍‌ പബ്ലിക് ടോയ്ലറ്റുകളില്‍‌ മിക്കവാറും കൊളുത്തു പോലും കാണാറില്ല എന്നതും സൂചിപ്പിക്കാമായിരുന്നു.]
:)

Pongummoodan said...

നജീം, ഓപ്പണ്‍ എയറില്‍ മൂത്രമൊഴിച്ച്‌ രസിക്കാന്‍ അവസരം ലഭിക്കുന്ന ഞാന്‍ എത്ര ഭാഗ്യവാന്‍! :)

Rasheed Chalil said...

ഹ ഹ ഹ...

Anonymous said...

അല്ല നജീം, ഇത് ഏത് നാട്ടിലെ കാര്യമാണ്? ചിലത് വായിക്കുമ്പോള്‍ കേരളമാണെന്ന് തോന്നുന്നു. ചിലപ്പോള്‍ വേറെവിടെയൊ ആണെന്നും.

നന്നായിട്ടുണ്ട്.

Anonymous said...

Sorry for my previous comment. I read it again.

You have written it very well.

പ്രിയ said...

:))

:D athu kalakki...

alle ee blog For men only allalo alle?

ഏ.ആര്‍. നജീം said...

ശ്രീ
അഭിപ്രായത്തിനു നന്ദി, നന്നായി കൊളുത്തിട്ടുണ്ട് എന്നുറപ്പിച്ചതിനു ശേഷമാണ് ഞാന്‍ ആകത്തേക്ക് വിളിച്ചത് കേട്ടോ.
പോങ്ങുംമൂടന്‍,
അതെ, എനിക്കും അതു തന്നെയാണ് തല്പര്യം. പക്ഷേ ഇവിടെ അങ്ങിനെ വല്ലതും ചെയ്തു പോയാല്‍ അഴിയെണ്ണണം അതാ, എനിക്കണങ്കില്‍ അറബിയില്‍ പത്തു വരെ തികച്ചെണ്ണാന്‍ പോലും അറിയില്ല.
ഗീത,
നന്ദി, അതേ ഇതു കുവൈറ്റിലെ കാര്യമാ ഞാന്‍ പറയാന്‍ ശ്രമിച്ചത്
പ്രിയ,
അഭിപ്രായത്തിനു നന്ദി. അയ്യോ ചദിക്കല്ലേ ഇപ്പോഴേ ആരും തിരിഞ്ഞു നോക്കുന്നില്ലല്ലോ എന്ന വിഷമത്തിലാ ഞാനിപ്പോ. എല്ലാവര്‍ക്കും വരാം..
എല്ലാവര്‍ക്കും നന്ദി, തുടര്‍ന്നും എഴുതുമല്ലോ

myexperimentsandme said...

ഹ...ഹ... യ്യോസ്, കമ്മിന്‍ തകര്‍ത്തു. അതുപോലെ മൊബൈല്‍ കോപ്പിയടിച്ചതും.

ടോയ്‌ലറ്റ് കഥകള്‍ അങ്ങിനെയിങ്ങിനെ കേട്ടിട്ടില്ലായിരുന്നു. ടോയ്‌ലറ്റിലെ ഗ്രാഫിറ്റി പരിപാടികളെപ്പറ്റി ബ്ലോഗില്‍ അവിടിവിടെ ചര്‍ച്ചകള്‍ നടന്നിരുന്നു.

നല്ല പോസ്റ്റ് :)

വിന്‍സ് said...

നല്ല രസമുള്ള അടിപൊളി പോസ്റ്റ്.

ഏ.ആര്‍. നജീം said...

വിന്‍സ്, വക്കാരി,
അഭിപ്രായത്തിനു വളരെ നന്ദി,
തുടര്‍ന്നും അഭിപ്രായങ്ങള്‍ പറയണേ..

മന്‍സുര്‍ said...

പ്രിയ സ്നേഹിത നജീം

അടിപൊളി തന്നെ.....ഹ ഹാ ഹ ഹാ
എന്നാലും ആ പബ്ലിക്ക് കക്കൂസില്‍ ഇരുന്നു മൊബൈല്‍ വിളിച്ചവനെ സമ്മതിക്കണം ..എന്‍റെ അമ്മോ...പുലിയാണ്‌ അവന്‍ ...
പലരും സിഗരറ്റില്ലാതെ അങ്ങോട്ട് കയറുക പോലുമില്ല.

പിന്നെ ചിത്രങ്ങളുടെ കാര്യം
ഈയിടെ അമേരിക്കയില്‍ നടത്തിയ സര്‍വ്വേയില്‍ ഇന്ത്യയില്‍ ആണത്രെ കകൂസോആര്‍ട്ട് മാനിയ എന്ന അസുഖം അധികമായ് കണ്ടു വരുന്നത്.... മരുന്ന് കൊണ്ടു ഫലമില്ലത്രെ.....പിന്നെ ഉള്ളത് പുബ്ലിക്കില്‍ ഇരുത്തി കാര്യം സാധിപ്പിക്കാന്‍ പറയുക...നോക്കാലോ എങ്ങിനെയാ വരക്കുന്നത് എന്നു.

അഭിനന്ദനങ്ങള്‍ ഇനിയും പോരട്ടെ..മനസിന്നെ ചിരിപ്പികും ഇത്തരം പബ്ലിക്ക് കഥകള്‍

നന്‍മകള്‍ നേരുന്നു നജീം

മന്‍സൂര്‍

മഴത്തുള്ളി said...

കൊള്ളാം. വളരെ ശരിയാണ്. ;)

Visala Manaskan said...

ഹഹ.. റ്റോയ്ലെറ്റ് സംഭവം, ‘യെസ് കമിന്‍ ‘തകര്‍ത്തു.

‘ഹലോ‘ കാണാന്‍ പോയപ്പോള്‍ പൊട്ടിന്റെ വക്കിലെത്തിയ പാവം മൂത്രസഞ്ചി എന്നില്‍ മുട്ടിന്റെ കലശല്‍ പോയിന്റ് തീര്‍ത്തപ്പോഴാ‍ എന്നാ പോയി ക്യൂവില്‍ നിന്നേക്കാം എന്ന് കരുതിയത്.

അവിടെ, നാട്ടില്‍ രണ്ടാന്തി ബിവറേജസ് കോര്‍പ്പറേഷന്റെ മുന്നിലെ ക്യൂ പോലെ ഭയങ്കര ക്യൂ.

എന്റെ ഊഴമെത്തി. നിമിഷങ്ങള്‍ കൂടിച്ചേര്‍ന്ന് മിനിറ്റുകളായി‍ കൊഴിഞ്ഞു വീഴുന്നു. അന്തപ്പനാ ചിന്തയില്ല!

‘ഒന്ന് വേഗം ഒഴിക്കരാ ഇവനേ‘ എന്ന് പിറകില്‍ നില്‍ക്കുന്നവര്‍ ആരെങ്കിലും പറയുന്നോ എന്ന് നോക്കാന്‍ ഞാന്‍ ഒന്ന് തല വെട്ടിച്ച് നോക്കി.

അപ്പോള്‍ ഒരു പാക്കിസ്ഥാനി പുരികമുയര്‍ത്തി
‘എന്താ റോള് ഗഡീ?’ എന്ന് ചോദിച്ചു.

ഞാന്‍ പറഞ്ഞു.

അത് തന്നെയാ ഞാനും അഞ്ചുമിനിറ്റായി ചോദിച്ച് കൊണ്ടിരിക്കുന്നേ എന്ന്!

ഹവ്വെവര്‍, സംഗതി ശുഭപര്യവസായി ആയിരുന്നു.

---
ഓടോ: ബാത്ത് റൂമിലെ മൊബൈല്‍ വിളി.. ങും ങും!