അവസ്ഥാന്തരങ്ങള്‍ ( കഥ )

on Monday, August 6, 2007

ദീര്‍ഘദൂര ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ ഒരു കായിക താരത്തെപോലെ ട്രെയില്‍ ഓടിയെത്തി പ്ലാറ്റ്ഫോമില്‍ കിതച്ചു നിന്നു. അവസാന സ്‌റ്റേഷന്‍ ആയതിനാലാവണം യാത്രക്കാര്‍ വളരെ കുറവായിരുന്നു. ട്രെയിനില്‍ നിന്നും പുറത്തിറങ്ങിയ അയാള്‍ ഒരു ദീര്‍‌ഘനിശ്വാസത്തോടെ കൈകള്‍ ശക്തിയായി ഒന്നു കുടഞ്ഞ് തുണിസഞ്ചിയുടെ നീളമുള്ള വള്ളി തോളിലേക്ക് കയറ്റിയിട്ട് മുന്നോട്ടു നടക്കുന്നതിനിടെ സ്‌റ്റേഷനിലെ വലിയ ക്ലോക്കിലേക്ക് ഒന്നു പാളിനോക്കി. സമയം ഒമ്പതു കഴിഞ്ഞിരിക്കുന്നു.

സ്‌റ്റേഷനുമുന്നിലൂടെ അനന്തതയിലേക്ക് നീണ്ടു കിടക്കുന്ന റെയില്‍പാളങ്ങളില്‍ പാകിയിരിക്കുന്ന കരിങ്കല്‍ ചീളുകളില്‍ ചവിട്ടി അയാള്‍ മുന്നോട്ടു നടന്നു.കുറെ ദൂരെയാണെങ്കിലും പപ്പേട്ടന്റെ ആനന്ദവിലാസം ലോഡ്‌ജും അതിന്റെ നരച്ച ബോര്‍ഡും ബോര്‍ഡിലേക്ക് വെളിച്ചം വീശിനില്‍ക്കുന്ന ബള്‍ബും ഒക്കെ വ്യക്തമായി കാണാവുന്നുണ്ടായിരുന്നു.നടക്കുന്നതിനിടെ അയാള്‍ മനസിലോര്‍ത്തു. തന്റെ കിടക്കയും പുസ്‌തകങ്ങളും ഒക്കെ എടുത്തു പുറത്തേക്കെറിഞ്ഞ് പപ്പേട്ടന്‍ ആ മുറി മറ്റാര്‍‌ക്കെങ്കിലും കൊടുത്തിട്ടുണ്ടാകുമോ?. അല്ല, അയാളെ കുറ്റം പറയാനുമവില്ലല്ലോ. നാലുമാസമായി വാടക കൊടുത്തിട്ടെന്നതോ പോട്ടെ, രണ്ടു മാസമാകുന്നു അങ്ങോട്ടു ചെന്നിട്ടു തന്നെ പിന്നെങ്ങിനാ..?പക്ഷേ, പപ്പേട്ടന്‍ അങ്ങിനെ ചെയ്യുമോ.? അയാള്‍ തന്നെ ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു."സാറെ സാറെഴുതുന്ന കഥകളും നോവലുകളുമൊക്കെ പത്രങ്ങളില്‍ അച്ചടിച്ചു വരുമ്പോള്‍, വലിയ വലിയ ആളുകള്‍ അതു ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഞാന്‍ മനസു കൊണ്ട് അഹങ്കരിക്കറുണ്ട് ഇതൊക്കെ പിറക്കുന്നത് എന്റെ ലോഡ്ജിന്റെ ഈ പത്താം നമ്പര്‍ മുറിയില്‍ വച്ചല്ലേന്ന്, സരസ്വതീദേവിയുടെ കടാക്ഷം ആവോളമുള്ള സാറ് ഈ മുറിയില്‍ താമസിക്കുമ്പോള്‍ മുറിയിലും, പിന്നിവിടം മുഴുവനും ആ ദേവീ ചൈതന്യം ഉണ്ടാവൂല്ലോ.അതു കൊണ്ട് സാറു വന്നാലും വന്നില്ലെങ്കിലും ഈ മുറി പപ്പേട്ടന്‍ സാറിനു വേണ്ടി ഒളിച്ചിട്ടിരിക്കും അതു കൊഴിഞ്ഞുള്ളതിന്റെ വരുമാനമേ ഞാന്‍ കണക്കു കൂട്ടിയിട്ടുള്ളൂ..
"പപ്പേട്ടനു തോന്നിയ ആ സ്‌നേഹം പോലും ഇവിടുള്ള തന്റെ സാം‌സ്‌കാരിക സുഹൃത്തുക്കള്‍ക്കോ, പത്രപ്രവര്‍ത്തകര്‍‌ക്കോ തോന്നുന്നില്ലല്ലോ..? പണ്ട് ഈ മോഹനചന്ദ്രന്റെ ഒരു നോവലിനോ കഥക്കോ വേണ്ടി ഇവരൊക്കെ ഈ ലോഡ്‌ജു മുറിയില്‍ കയറി ഇറങ്ങുകയായിരുന്നല്ലോ. തന്റെ പേരില്‍ മറ്റാരെങ്കിലും എഴുതുന്ന ചവറില്‍ തന്റെ പേരുചേര്‍ക്കാന്‍ വരെ തുക വാഗ്ദാനം ചെയ്തവര്‍ വരെ ഉണ്ടായിരുന്നു. മോഹനചന്ദ്രന്‍ എന്ന പേരുപോലും സര്‍‌ക്കുലേഷന്‍ കൂട്ടാന്‍ ഉപകരിക്കുന്ന ഒരു കാലമായിരുന്നല്ലോ അത്. ഇപ്പോള്‍ ഒരു ചെറിയ തുക അഡ്വാന്‍സായി ചോദിച്ചാല്‍ എല്ലാവര്‍ക്കും മടി. പൂര്‍ത്തിയാക്കിയ മാറ്റര്‍ കൊണ്ടു ചെന്നാല്‍ തരാമെന്ന്. സാഹിത്യചര്‍‌ച്ചകളില്‍ സജ്ജീവ സാന്നിദ്ധ്യമായിരുന്ന ഈ മോഹന ചന്ദ്രനെ കാണുന്നതു പോലും ഇന്നവര്‍ക്കു ദുശ്ശകുനമാണത്രേ..!


തന്റെ സഹപാഠിയായിരുന്നു ഇന്ദ്രന്‍ ഇപ്പോളവന്‍ വലിയ പോലീസ് സര്‍ക്കിള്‍ അല്ലേ, സര്‍ക്കിള്, അത്യാവശ്യത്തിനു ഇത്തിരി പണം കടം ചോദിച്ചപ്പോള്‍ അവന്റെ വക ഒരു തമാശ "സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മാരുടെ കഷ്‌ടപാടുകളെ കുറിച്ച് ഒരു നോവലെഴുതാന്‍!". പക്ഷേ ഇപ്പോ വലിയ തുണിക്കടയൊക്കെ നടത്തുന്ന ബെന്നിച്ചനെക്കാളും സര്‍ക്കിള്‍ തന്ന ഭേദം. ബെന്നിച്ച്ന്റെ ആവശ്യമെന്താ പണം തന്നു സഹായിക്കാം പക്ഷേ അടുത്തു ഞാന്‍ എഴുതുന്ന നോവലില്‍ പലയിടത്തായി ഇരുപത് തവണ അയാളുടെ കടയുടെ പേര് എഴുതി വക്കണമെന്ന് !!. എന്തൊരു കച്ചവട തന്ത്രം.!!ഇപ്പോ എല്ലാവരുടെയും പറച്ചിലെന്താ മോഹന ചന്ദ്രന്‍ മദ്യവും മയക്കുമരുന്നും ഒക്കെയായി കൂത്താടി നടക്കുകയാണെന്നും, തന്നിലെ സര്‍ഗ പ്രതിഭയെ താന്‍ തന്നെ കൊന്നുവെന്നും ..

ത്‌ഭൂ..വിഢ്‌ഢികള്‍!! ഞാന്‍ കുടിക്കും നശിക്കും അതിനവര്‍ക്കെന്താ ?.

ഇവനൊക്കെ എന്നിലെ എഴുത്തുകാരനെ മാത്രം ശ്രദ്ധിച്ചാല്‍ പോരെ ? മോഹന ചന്ദ്രന്‍ എന്ന വ്യക്തിയെ കുറിച്ച് സംസാരിക്കാന്‍ ഇവര്‍ക്കെന്തധികാരം ?

എല്ലാവര്‍ക്കുമുള്ള ഒരു മറുപടി, ഒരു ഉത്തമ സൃഷ്‌ടി, ഈ മോഹന ചന്ദ്രന്റെ മാസ്‌റ്റര്‍പീസ് എഴുതി തീര്‍ക്കണം. തന്നിലെ എഴുത്തുകാരനെ നശിപ്പിക്കാന്‍ ഈ ലഹരികള്‍ക്കൊന്നും ആവില്ലെന്നും എനിക്ക് ബോധ്യപെടുത്തേണ്ടിയിരിക്കുന്നു.

"സാറെ..."ഒരു നേര്‍ത്ത സ്‌ത്രീ ശബ്ദം അയാളെ ചിന്തയില്‍ നിന്നുണര്‍ത്തി. റെയില്‍‌വേ ഗ്യാങ്ങ്മാന്റെ അടഞ്ഞു കിടക്കുന്ന മുറിയുടെ വശത്തുള്ള ഇരുട്ടില്‍ നിന്നും നിറം മങ്ങിയ സാരി ചുറ്റിയ, വാടിയ മുല്ലപ്പൂ ചൂടി, പൗഡര്‍ വാരിപ്പൂശി, ചുണ്ടില്‍ അലസമായി ചായം തേച്ച ഒരു മുപ്പത്തി അഞ്ചുകാരി..! വിലകുറഞ്ഞ ഏതോ സുഗന്ധ ദ്രവ്യത്തിന്റെ രൂക്ഷ ഗന്ധവും !.


നിശാസുന്ദരികള്‍.!!തന്റെ മറ്റൊരു ദൗര്‍ബല്യം!!.


പോക്കറ്റില്‍ അവശേഷിക്കുന്ന ഏതാനും നോട്ടുകള്‍ കൊണ്ട് ചില ദിവസങ്ങളെങ്കിലും ഭക്ഷണം കഴിക്കണം എന്ന ചിന്ത അയാളെ തടഞ്ഞു. ഒന്നു പാളി നോക്കു അവഗണിച്ചു മുന്നോട്ട് നടന്നു.

ലോഡ്‌ജില്‍ എത്തി. വാതുക്കലും വരാന്തയിലു ഓരോ വൈദ്യുത വിളക്കുകള്‍ മങ്ങി കത്തുന്നുണ്ടായിരുന്നു. താമസക്കരെല്ലം ഉറങ്ങി കഴിഞ്ഞിട്ടുണ്ട്. നാളെയും രാവിലെ എണീറ്റ് ജോലിക്ക് പോകേണ്ട പാവങ്ങള്‍. ജീവിതകാലം മുഴുവന്‍ കുടുമ്പത്തേയും ചുമലിലേറ്റി നടക്കുന്ന കഴുതകള്‍.!പലയിടങ്ങളില്‍ നിന്ന് ഇവിടെ എത്തി, ഈ നഗരത്തില്‍ അലിഞ്ഞു ചേര്‍ന്ന് ചെറു ജോലികള്‍ ചെയ്ത് കുടുമ്പം പോറ്റുന്നു.

ലോഡ്‌ജിനു പുറകിലുള്ള പപ്പേട്ടന്റെ വീടമ്മ് ഉറങ്ങി കഴിഞ്ഞിരിക്കുന്നു.

ലോഡ്‌ജിന്റെ ഒന്നാം നിലയിലേക്ക് നടക്കുന്നതിനിടെ മരപ്പലകയില്‍ തീര്‍ത്ത ചവിട്ടുപടിയുടെ ചെറിയ ഞരക്കം പോലും അസഹ്യമായി തോന്നുന്ന നിശബ്ദത..! സാവധാനം നടന്നു മുറിയുടെ മുന്നില്‍ എത്തി. സഞ്ചിയില്‍ നിന്നും താക്കോലെടുത്ത് മുറിയുടെ വാതില്‍ തുറന്നു.


തന്റെ കിടക്കയും പുസ്‌തകങ്ങളും ഒക്കെ കൃത്യമായും ഭംഗിയായും അടുക്കിവച്ചിരിക്കുന്നു. അതിശയമെന്നോണം കൂജയിലെ വെള്ളം പോലും നിറച്ചു വച്ചിരിക്കുന്നു !.പപ്പേട്ടന്‍ ആ തമിഴന്‍ റൂംബോയിയെ കൊണ്ടു ചെയ്യിച്ചതാവാം.

വസ്ത്രം മാറി, മുറിയോട് ചേര്‍ന്നുള്ള കുളിമുറിയിലെ നേര്‍ത്തുവീഴുന്ന പൈപ്പ് വെള്ളത്തിനു താഴെനിന്നു ഒന്നു ശരീരം തണുത്തപ്പോള്‍ കുറെ ദിവസത്തെ അലച്ചിലിന്റെ ക്ഷീണം ഒന്നടങ്ങിയതു പോലെ. പുറത്ത് വന്ന് കൂജയില്‍ നിന്നും രണ്ടിറക്കു വെള്ളം കുടിച്ചു കസേര വരാന്തയിലേക്കിട്ട് ക്ലിപ്പ്ബോര്‍ഡും പേപ്പറും പേനയുമായി അയാള്‍ എഴുതാനിരുന്നു.


എന്താണെഴുതേണ്ടത്..? എവിടെയാണ് തുടങ്ങേണ്ടത്..?

അല്പം ദൂരെയായി റെയില്‍‌വേസ്‌റ്റേഷന്‍ നിയോണ്‍ വിളക്കിന്റെ മഞ്ഞ വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്നു. ഈ രാത്രിയിലും യാത്രക്കാരുടെ തിരക്ക് ഒട്ടും കുറഞ്ഞിട്ടില്ല. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപാടു പെടുന്നവര്‍ !.


തന്റെ ഒരുപാടു കഥകള്‍ക്കും നോവലുകള്‍ക്കും ഈ റെയില്‍‌വേ പശ്ചാത്തലമായിരുന്നല്ലോ എന്ന് ഒരു നിമിഷം അയാള്‍ ഓര്‍ത്തു.

തൊട്ടടുത്ത പാളത്തിലൂടെ ഒരു ട്രെയിന്‍ അലറിവിളിച്ചു പാഞ്ഞുപോയി. ഇരിപ്പിടത്തില്‍ നിന്നും ഒന്നു കുലുങ്ങി വിറച്ചതുപോലെ അയാള്‍ക്ക് തോന്നി. ഇരുമ്പ് ഇരുമ്പിലുരയുന്ന രൂക്ഷഗന്ധം!. ഈ ഭീകരശബ്ദത്തിനിടയിലും ഇവിടെയുള്ളവര്‍ക്ക് എങ്ങിനെ സ്വസ്ഥമായി ഉറങ്ങാനാവുന്നു.? പകലത്തെ അദ്ധ്വാനത്തിന്റെ ക്ഷീണമാകാം.

എന്തെഴുതണം ?. തലക്കുള്ളില്‍ ഒരുതരം ശൂന്യത, തന്റെ സാഹിത്യ ജീവിതത്തിലെ ആശയദാരിദ്ര്യത്തിന്റെ ആദ്യാനുഭവം എന്ന് ഒരാന്തലോടെ അയാളോര്‍ത്തു. തന്നിലെ സര്‍ഗവാസന നഷ്‌ടപെട്ടു കഴിഞ്ഞിരിക്കുന്നുവോ..

അകത്ത് സഞ്ചിയില്‍ നിന്നും അയാള്‍ പ്രത്യേകമായി തയ്യാര്‍ ചെയ്ത ലഹരിയുടെ ഒരു പന്തമെടുത്തു കത്തിച്ച് ആഞ്ഞുവലിച്ചു. വായിക്കുള്ളിലൂടെ ഒരു വൈദ്യുത്‌തരംഗം തലച്ചോറിലും പിന്നെ സര്‍‌വ്വ നാഡീനരമ്പുകളിലും പ്രവഹിക്കുന്നതിന്റെ ഒരു സ്വര്‍ഗീയാനുഭൂതി ! മനസ്സില്‍ ഒരായിരം വര്‍‌ണ്ണങ്ങളിലെ പൂക്കള്‍ പൊട്ടിമുളച്ച് പൂത്തുലയും പോലെ !.

അയാള്‍ വെറുതെ പുറത്തേക്ക് നോക്കി ഇരുന്നു.ശൂന്യമായ വീഥി. താഴെ വഴിയില്‍ ഇരുട്ടിലെ ഒരടഞ്ഞ കടത്തിണ്ണയില്‍ താന്‍ മുന്‍പ് കണ്ട സ്‌ത്രീയും അവരുടെ മടിയില്‍ രണ്ടര വയസോളം പ്രായമുള്ള ഒരു കുട്ടിയും. കുട്ടിയെ മടിയിലിരുത്തി ഒരു പൊതിയില്‍ നിന്നും ചോറ് എടുത്തു ഊട്ടുകയായിരുന്നു.കൗതുകത്തോടെ അതു നോക്കി അയാള്‍ ഇരുന്നു. തെരുവില്‍ നിന്നും കിട്ടിയതാവാം ആ കുഞ്ഞിനെ അവര്‍ക്ക്. അതല്ലെങ്കില്‍ ഏതെങ്കിലും പകല്‍മാന്യന്‍ അവര്‍ക്ക് സമ്മാനിച്ചിട്ടു പോയതാവാം.

തലയില്‍ ഒരു വെള്ള തോര്‍ത്തുകെട്ടി കൈയ്യില്‍ ചൂരലുമായി ഒരു പോലീസുകാരന്‍ അവിടേക്ക് വരുന്നതും എന്തോ പറയുന്നതും അയാള്‍ കൗതുകപൂര്‍‌വ്വം നോക്കി ഇരുന്നു. ജുട്ടിയെ അവിടെയിരുന്നു അവര്‍ എഴുനേല്‍ക്കാനാഞ്ഞപ്പോള്‍ വയര്‍ നിറയാത്തതിനാലോ മാതൃസാമീപ്യം നഷ്‌ടപ്പെട്ടതു കൊണ്ടോ കരഞ്ഞ ആ കുട്ടിയെ അവര്‍ തിരികെ വന്നു പൊതിരെ തല്ലി.ആരോടോ ഉള്ള പകപോലെ.ചില നിമിഷങ്ങള്‍..അഴിഞ്ഞ തലമുടി അലസമായി വാരിക്കെട്ടി, കടയുടെ പുറകിലെ ഇരുളില്‍ നിന്നും പുറത്തുവന്ന അവര്‍ ആ കുഞ്ഞിനെ അടുത്തു മടിയില്‍ ഇരുത്തി മാറോടു ചേര്‍ത്തു രണ്ടു കവിളുകളിലും തെരുതെരെ ചുമ്പിച്ചു. യാതൊരു പരിഭവവും കാണിക്കാതെ ആ കുഞ്ഞു കരച്ചില്‍ നിര്‍ത്തി അവരുടെ മാറോടൊട്ടി കിടന്നു.''മാതൃസ്‌നേഹത്തിന്റെ സാന്ത്വനസ്‌പര്‍‌ശം.." അയാള്‍ ഓര്‍‌ത്തു.ഇതല്ലെ പച്ചയായ മനുഷ്യജീവിതം..?ഒരു നല്ല തീം വീണുകിട്ടിയ സന്തോഷത്തോടെ, ഭ്രാന്തമായ ആവേശത്തോടെ അയാള്‍ തഴേക്ക് നോക്കി ഇരുന്നു.ഒരു നിമിഷം!മനസില്‍ ഒരു വിസ്‌ഫോടനം പോലെ.., അതു ക്ലാരയല്ലേ..? തന്റെ യവനികയെന്ന നോവലിലെ നായിക..?അതെ, അത് അവള്‍ തന്നെ...ലഹരി കനം തൂങ്ങുന്ന കണ്ണുകള്‍ ഒന്നു ഇറുക്കി അടച്ചു തുറന്ന് അയാള്‍ വീണ്ടും ശ്രദ്ധിച്ചു.

ക്ലര..! തനിക്ക് അക്കാഡമി അവാര്‍ഡ് സമ്മാനിച്ച തന്റെ കഥാപാത്രം. സമൂഹം പിച്ചി ചീന്തിയെറിഞ്ഞ ഒരു കലാകാരി. ഈ ദുരവസ്ഥ അറിയാമായിരുന്നതിനാല്‍ അന്നേ അവളെ താന്‍ കൊന്നതായിരുന്നു. ഒരു മുഴം കയറില്‍ അവളെ ഞാന്‍ ആത്മഹത്യ ചെയ്യിച്ചു. എന്നാല്‍ തന്റെ എല്ലാം എല്ലമായ ശരണ്യയാണ് എതിര്‍ത്തത്. കൊല്ലരുത് അവള്‍ക്കും ഈ സമൂഹത്തില്‍ ജീവിക്കുവാന്‍ അവകാശമുണ്ട്. നമ്മുക്കു ചുറ്റും ഒരുപാട് ക്ലാരമാര്‍ക്ക് വേണ്ടി അവള്‍ ജീവിക്കണം പോലും!. ഒരുപക്ഷേ ആ തീരുമാനമല്ലേ തനിക്ക് അവാര്‍ഡ് ലഭിക്കാന്‍ കാരണം ?. തന്റെ ശരണ്യയും മറ്റൊരു ക്ലാരയായിരുന്നോ..?താന്‍ താലികെട്ടി ജീവിതം പിച്ചിചീന്തിയെറിഞ്ഞ കഥാപാത്രം.സമ്പന്നതയുടെ മടിത്തട്ടില്‍ വളര്‍ന്ന ശരണ്യ. തന്നേക്കാലുപരി തന്റെ കഥകളേയും കവിതകളേയും സ്‌നേഹിച്ച് എല്ലാം ഇട്ടെറിഞ്ഞ് തന്നോടോപ്പം ഇറങ്ങിതിരിച്ച തന്റെ ശരണ്യ. അരൂണ്‍ എന്ന ഒരു മകനല്ലാതെ താന്‍ ശരണ്യക്ക് മറ്റൊന്നും കൊടുത്തിട്ടില്ലല്ലോ.ജീവിതത്തിന്റെയും കുടുമ്പപ്രാരബ്ദങ്ങളുടേയും കെട്ടുപാടില്‍ തളച്ചിടപ്പെടാതെ കാല്‍‌പ്പനികതയുടെ അനന്തവിഹായസ്സില്‍ പറന്നു നടക്കുവാനാണല്ലോ തനിക്കിഷ്‌ടം ഏകയാണെന്നു തോന്നിയപ്പോള്‍ വിവേകപൂര്‍‌വ്വം അവള്‍ അചഛനോടൊപ്പം തിരികെ പോയില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഇതേപോലുരു ഇരുട്ടില്‍ തന്റെ ശരണ്യയും..?സൃഷ്‌ടികളുടെ പുതുമയ്‌ക്കായ് നാടു മുഴുവന്‍ കണ്ണും കാതും കൂര്‍മ്മിപ്പിച്ചു നടന്നപ്പോഴും തന്നിലേക്ക് ഒരു നിമിഷം ശ്രദ്ധിക്കാന്‍ മറന്നു.അയാള്‍ മറ്റൊരു ലഹരി പന്തം കത്തിച്ചു ചുണ്ടോട് ചേര്‍ത്തു..വീണ്ടും വീണ്ടും ആഞ്ഞു വലിച്ചു.കുറേ കാല്പെരുമാറ്റങ്ങള്‍ അയാള്‍ക്കരികിലേക്കെത്തി. തൊട്ടടുത്തെത്തിയപ്പോഴാണ് വ്യക്തമായി കാണാനായത്..സൈറ, ജാസ്‌മിന്‍, ലേഖ, വിജയന്‍, ഉമ്മര്‍..മറ്റു പലരും..!എല്ലാം താന്‍ സൃഷ്‌ടിച്ച കഥാപാത്രങ്ങള്‍.!"ഹേ, കഥാകാരാ, സ്‌നേഹത്തിന്റെ ബന്ധനം ബന്ധങ്ങലിലെ സ്‌നേഹം ഇതൊന്നുമറിയാത്ത, ജീവിതമെന്തെന്നറിയാത്ത താന്‍ എങ്ങിനെ ഇവയൊക്കെ എഴുതിക്കൂട്ടി ?.സമൂഹത്തിന്റെ അവഗണന ഏറ്റവാങ്ങുവാനായി എന്തിനു ഞങ്ങളെ ഒക്കെ സൃഷ്‌ടിച്ചു? ഭ്രാന്തമായി ലഹരിക്കടിമപ്പെട്ട് തൂലികയാല്‍ ഞങ്ങളെ കോറിയിടുമ്പോള്‍ ഞങ്ങളുടെ നിരപരാധിത്തം, വേദന ഇവയൊന്നും നീചിന്തിക്കറില്ലായിരുന്നല്ലോ? തങ്ങളോടൊപ്പം നില്‍ക്കുന്ന അക്ഷരത്തെ സ്‌നേഹിക്കുന്ന ഒരു വലിയ വിഭാഗം ഭാഷാസ്‌നേഹികളെ നീ മറന്നു.അതാ താങ്കള്‍ക്ക് പറ്റിയ തെറ്റ്. വേണ്ട, ഇവിടെ ഇനിയും ഒരു പുതിയ ജന്മം താങ്കളുടെ തൂലികയില്‍ പിറക്കാതിരിക്കട്ടേ...കണ്ണിലും തലച്ചോറിനുള്ളിലും പിന്നെ മനോമുകുരത്തിലാകമാനവും എഴുതാന്‍ വച്ചിരുന്ന പേപ്പറിലും, അയാള്‍ക്കു ചുറ്റും അവര്‍ നൃത്തം ചെയ്‌തു ആടിപ്പാടി നടന്നു."സ്‌റ്റോപ്പിറ്റ്...!!!" മോഹനചന്ദ്രന്‍ ഒന്നട്ടഹസിച്ചു."ഹ..ഹാ ഇവിടെ പലരും പലവട്ടം ശ്രമിച്ചിട്ടും മോഹനചന്ദ്രന്‍ തോറ്റിട്ടില്ല, പിന്നല്ലെ എന്റ തൂലികയില്‍ മാത്രം പിറന്ന നിങ്ങള്‍? സാഹിത്യരചനക്കു മാത്രമേ തനിക്കീ ലഹരികള്‍ ആവശ്യമുള്ളൂ..വേണ്ട സാഹിത്യകാരനായ മോഹനചന്ദ്രന്റെ കഥ ഇവിടെ തീരട്ടെ, എന്നിലെ അറിവുകള്‍ കുറെ കുരുന്നുകള്‍ക്ക് പകര്‍ന്നു കൊടുത്താല്‍ എനിക്കും ശരണ്യക്കും അരൂണിനും സസുഖം കഴിയാം..ക്ലിപ് ബോര്‍ഡിലെ പേപ്പറില്‍ വിറക്കുന്ന കൈകളോടെ അയാള്‍ എഴുതി..."പ്രിയ പപ്പേട്ടന്, മുറി ഒഴിയുകയാണ്. വാടക കുടിശിഖ തീര്‍ക്കാന്‍ എനിക്ക് ഒരു മാര്‍ഗവും ഇല്ല.പകരം മുറിയിലുള്ള തന്റെ പുസ്‌തകങ്ങള്‍ മുഴുവന്‍ ഞാന്‍ ഏട്ടനു തരുന്നു. അക്ഷരങ്ങളുടെ പവിത്രതയറിയാവുന്ന താങ്കള്‍ എങ്ങിനെ കൂട്ടികിഴിച്ചു നോക്കിയാലും ലാമേ കാണൂ.ഒരു നല്ല ഭര്‍ത്താവായി അചഛനായി കുടുമ്പസമേതം ഒരുനാള്‍ ഞാന്‍ ഇവിടെ തിരിച്ചെത്തും അന്ന് ഐ മുറി ഒഴിവാണെങ്കില്‍ ഒരു ദിവസം കൂടി എനിക്ക് തരണം. പഴയ ഓര്‍മ്മകളുമായ് ഒരുനാള്‍ കൂടി അന്തിയുറങ്ങാന്‍ മാത്രം.സ‌നേഹം.മോഹനചന്ദ്രന്‍.
മുറിപൂട്ടി സാവധാനം താഴേക്കിറങ്ങി, താക്കോലും കത്തും പപ്പേട്ടന്റെ വാതില്‍ പടിയില്‍ വച്ചു തിരികെ നടന്നു കാലുകള്‍ കൊഴയുന്നു, കാലുകള്‍ക്ക് വല്ലാത്ത ഭാരവും. കാലുകള്‍ വലിച്ചു വച്ച് അയാള്‍ മുന്നോട്ടു നടന്നു.ലഹരി തലച്ചോറിനെ കീഴ്പ്പെടുത്തി കഴിഞ്ഞിരിക്കുന്നു.ലഹരി കുത്തിനിറച്ച മറ്റൊരു ബീഡികൂടി അയാള്‍ സഞ്ചിയില്‍ നിന്നും എടുത്ത് കത്തിച്ച് ആഞ്ഞു വലിച്ചു. തുടരെ, ഒരുതരം ഭ്രാന്തമായ ആവേശത്തോടെ.നടന്ന് പുറത്തിറങ്ങി കടത്തിണ്ണയിലെ ആ സ്ത്രീക്കരികിലേക്കു നടന്നു"എന്താ എന്തു വേണം..? ഇപ്പോള്‍ എനിക്കു വയ്യ, പൊയ്‌ക്കോ അവിടുന്നു..പാതിരാത്രിയാവുമ്പോള്‍ കുടിച്ചോണ്ടിറങ്ങിക്കോളും മനുഷ്യനെ ശല്ല്യം ചെയ്യാന്‍." അവര്‍ ശബ്ദന്‍ ഉയര്‍ത്തി തുടര്‍ന്നും എന്തൊക്കെയോ പറഞ്ഞു കൊണ്ടേയിരുന്നു. മറ്റാരും സഹായത്തിനില്ലാത്ത ഒരിടത്ത് ശത്രുവിന്റെ മുന്നില്‍ ഒറ്റപ്പെട്ടുപോയ ഒരാളുടെ സ്വദൈര്യം സംഭരിക്കലാകാം ആ ശബ്ദം.എന്നാലും അവരുടെ മുഖത്തും വന്യമായ ഒരു ഭീതി നിലനിന്നിരുന്നു.അവരുടെ വാക്കുകള്‍ വകവെക്കാതെ അയാള്‍ കുട്ടിയുടെ അടുത്തുചെന്ന് കുനിഞ്ഞ് തന്റെ എല്ലാമെല്ലാമായ തൂലികയും ബാക്കി ഉണ്ടായിരുന്ന നോട്ടുകളും ആ കുഞ്ഞു കൈകളിലേക്കു വച്ചു കൊടുത്ത ശേഷം ആ കുരുന്നു തലയില്‍ കൈവച്ച് അയാള്‍ പതുക്കെ പറഞ്ഞു.'പഠിച്ചു വലുതായി മിടുക്കനാവുമ്പോഴേക്കും നീയും എഴുതണം. ഭാഷക്ക് വേണ്ടി, ഭാഷയെ സ്‌നേഹിക്കുന്നവര്‍ക്കു വേണ്ടി. ജീവിതത്തിന്റെ ഇരുളും വെളിച്ചവും ശരിക്കും അനുഭവിച്ചു വളരുന്ന നിനക്കേ ജീവിതഗന്ധിയായി എഴുതാനാവൂ..അയാള്‍ തിരികെ നടക്കുന്നതിനിടെ അവര്‍ ആശ്ചര്യത്തോടെ അയാളെ നോക്കി എന്തെക്കെയോ പറയുന്നുണ്ടായിരുന്നു. സൊഡിയം വേപ്പര്‍ലാമ്പിന്റെ വെളിച്ചത്തില്‍ രണ്ടു വെള്ളി രേഖകള്‍ പോലെ പാളം അനന്തതയിലേക്കു നീണ്ടുകിടക്കുന്നു. ഈ രേഖകള്‍ ഒരിക്കലും കൂടിചേരില്ലേ..?തന്നേയും ശരണ്യയേയും പോലെ..?ഉണ്ട് ഇതിനും ഒരു സംഗമസ്ഥാനമുണ്ട്. തമ്മില്‍ ഒന്നാവുന്ന ഒരു ശുഭമുഹൂര്‍‌ത്തം..!തനിക്ക് അവിടെയെത്തണം , അതു മാത്രമാണ് ഇനി തന്റെ ലക്ഷ്യം.അടഞ്ഞപോകുന്ന കണ്ണുകളും, ഭാരമുള്ള കാലുകളും വലിച്ച് ആ പാളത്തിലൂടെ അയാള്‍ മുന്നോട്ടു നടന്നു.ഇങ്ങനെ നടന്നാല്‍ തന്റെ ശിഷ്‌ടകാലും മുഴുവനെടുത്താലും എങ്ങുമെത്തില്ലെന്നുറച്ച അയാള്‍ വേഗതയില്‍ നടന്നു പിന്നെ ഓടി..എവിടെയൊക്കെയോ തട്ടിവീണെങ്കിലും വീണ്ടും എഴുന്നേറ്റ് അയാള്‍ ഓടിക്കോണ്ടേയിരുന്നു. ഇരുളിലൂടെ എതിരേ വരുന്ന തീഗോളം അയാള്‍ കണ്ടു.അയാളുടെ ഭ്രാന്തമായ മനസു വിലക്കി, ഇല്ല ഒരു തടസ്സവും തന്നെ പിന്തിരിപ്പിച്ചുകൂടാ. എത്രയും പെട്ടെന്നു തനിക്കവിടെയെത്തണം.മനസില്‍ ശരണ്യയും മകന്‍ അരൂണും മാത്രം..അയാളുടെ ബലക്ഷയം സംഭവിച്ച കാലുകള്‍ മുന്നോട്ടു നീങ്ങികോണ്ടേയിരുന്നു..

5 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

അവസ്ഥാന്തരങ്ങള്‍ ( കഥ )

ശ്രീ said...

നല്ല കഥ... ഇഷ്ടമായി...
:)

Rasheed Chalil said...

നജീം നല്ല കഥ... ഇഷ്ടമായി... പാരഗ്രാഫ് തിരിക്കുന്നതില്‍ ഒന്നുകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ വായന കുറച്ച് കൂടി എളുപ്പമാകും എന്ന് തോന്നുന്നു.

ഏ.ആര്‍. നജീം said...

ശ്രീ, ഇത്തിരിവട്ടം ...
അഭിപ്രായത്തിനു വളരെ നന്ദി..
ഇത്തിരിവെട്ടം, ഇക്കാര്യം ഞാന്‍ തീര്‍ച്ചയായും ശ്രദ്ധിക്കാം എഴുതി വന്നപ്പോള്‍ വലുതായിപ്പോയോ എന്നൊരു ചിന്ത ഉണ്ടായതു കൊണ്ടു പറ്റിയതാണത്

ഉറുമ്പ്‌ /ANT said...

:)